മധ്യകേരളത്തിൽ നിന്നും മലബാറിലേക്ക്

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 നവംബർ 30, 1446 ജു. ഊലാ 28

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 35)

സുന്നി സംഘടനയിൽ അംഗമായിരിക്കെത്തന്നെ ആ പ്രസ്ഥാനത്തിന്റെ പണ്ഡിതന്മാർ ശിർക്കിനെ പ്രോത്സാഹിപ്പിക്കുന്നതിൽ ബാഫഖി തങ്ങൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു എന്നതും അദ്ദേഹം കറ കളഞ്ഞ മുവഹ്ഹിദായിരുന്നു എന്ന് വ്യക്തമാക്കുന്നു. മർഹും സി. എൻ. അഹ്‌മദ് മൗലവി ബാഫഖി തങ്ങളെക്കുറിച്ച് എഴുതുന്നത് കാണുക:

“മറ്റു വിഷയങ്ങൾ എന്തൊക്കെയാണെങ്കിലും അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കാമെന്ന് നമ്മുടെ സുന്നി പണ്ഡിതന്മാർ പറയുന്നത് വളരെ കടുത്ത കയ്യായിപ്പോയി. ഖുർആനിൽ എത്രയോ സ്ഥലങ്ങളിൽ വ്യക്തമായ ഭാഷയിൽതന്നെ അതാവർത്തിച്ച് നിരോധിച്ചിട്ടുണ്ടല്ലോ എന്ന് പരേതനായ ബാഫഖി തങ്ങൾ അവർകൾ 1966-ൽ മക്കയിൽവെച്ച് എന്നോട് തുറന്ന് പറഞ്ഞു.’’ (89)

കെ.എം.മൗലവി സാഹിബ്, ഇ.കെ.മൗലവി സാഹിബ്, എം.കെ. ഹാജി സാഹിബ് തുടങ്ങിയ, തിരൂരങ്ങാടി യതീംഖാനയുടെ സ്ഥാപകനേതാക്കളുമായുള്ള ദൃഢമായ വ്യക്തിബന്ധവും അവരുൾക്കൊണ്ടിരുന്ന തൗഹീദീ ആശയങ്ങളോടുള്ള പ്രതിബദ്ധതയുമാണ് തിരൂരങ്ങാടി യതീംഖാനയുടെ ഉദ്ഘാടനത്തിനും അതിന്റെ കോമ്പൗണ്ടിൽ ഒരു മസ്ജിദ് പണിതപ്പോൾ അതിന്റെ ശിലാസ്ഥാപനത്തിനും ബാഫഖി തങ്ങൾ ക്ഷണിക്കപ്പെടാനുള്ള കാരണമായി വർത്തിച്ചത്.

1945ൽ യതീംഖാന ജെ.ഡി.റ്റിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും യതീംഖാനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റി എന്ന പേരിൽ ഒരു സ്വതന്ത്രസമിതി രൂപീകരിക്കുകയും ചെയ്തു. ഐക്യസംഘത്തിന്റെ സ്ഥാപകനേതാക്കളായിരുന്ന കെ.എം. മൗലവി, കെ.എം സീതിസാഹിബ്, ഇ.കെ. മൗലവി, എം.സി.സി അബ്ദുറഹ്‌മാൻ മൗലവി, പി.വി മുഹമ്മദ് മൗലവി തുടങ്ങിയവരും; ഐക്യസംഘത്തിന്റെ അസ്തമയത്തിനുശേഷം ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ മുന്നോട്ടുനയിച്ച എം.കെ.ഹാജി, പി.എൻ.മുഹമ്മദ് മൗലവി പുളിക്കൽ, പി.പി.ഉണ്ണി മൊയ്തീൻകുട്ടി മൗലവി പുളിക്കൽ, സി.എ.മുഹമ്മദ് മൗലവി തിരൂരങ്ങാടി, എൻ.വി.അബ്ദുസ്സലാം മൗലവി അരീക്കോട് തുടങ്ങിയവരും തിരൂരങ്ങാടി പ്രദേശത്തെ ഇസ്വ്‌ലാഹീ ആശയക്കാരായിരുന്ന മറ്റു 22 പേരും ഉൾപ്പെടെ 32 പേരടങ്ങുന്നതായിരുന്നു തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റി. കെ.എം.മൗലവി പ്രസിഡന്റായും എം.കെ.ഹാജി സെക്രട്ടറിയായും രൂപീകരിക്കപ്പെട്ട ആ കമ്മിറ്റി 1946ൽ തന്നെ സൊസൈറ്റീസ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്യപ്പെട്ടു. തെക്കൻ കേരളത്തിൽ നവോത്ഥാനസംരംഭങ്ങൾക്ക് നേതൃത്വം നൽകിയും എറണാംകുളം മഹാരാജാസ് കോളേജിൽ ലക്ചററായി സേവനമനുഷ്ഠിച്ചും ഇ.കെ.മൗലവി സാഹിബ് കൊച്ചിയിലാണ് കഴിഞ്ഞിരുന്നതെങ്കിലും രൂപീകരണകാലം മുതൽക്കുതന്നെ അദ്ദേഹം തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റിയിൽ അംഗമായിരുന്നു എന്നത് യതീംഖാനയുമായി അദ്ദേഹത്തിനുണ്ടായിരുന്ന അഭേദ്യമായ ബന്ധം വിളിച്ചോതുന്നു.

1947ൽ എറണാകുളം മഹാരാജാസ് കോളേജിൽനിന്നും വിരമിച്ചതിനുശേഷം 29 വർഷത്തെ മധ്യകേരളത്തിലെ നവോത്ഥാന സംരംഭങ്ങളിൽനിന്നും ഇ.കെ.മൗലവി പൂർണമായും വിടവാങ്ങുകയും മലബാറിലേക്ക് തിരിച്ച് പോരികയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ കർമമണ്ഡലം പൂർണമായും തിരൂരങ്ങാടിയായിരുന്നു. കേരളത്തിലെ മദ്‌റസ പ്രസ്ഥാനത്തിന്റെ അമരത്ത് നിലകൊണ്ട് നൂറുൽ ഇസ്‌ലാം മദ്‌റസക്കും തിരൂരങ്ങാടി യതീംഖാനക്കും മൗലവിയുടെ മേൽനോട്ടവും നേതൃത്വവും ഇക്കാലത്ത് ലഭിക്കുകയുണ്ടായി. അനാഥ മക്കൾക്ക് നൂറുൽ ഇസ്‌ലാം മദ്‌റസയിൽനിന്നും മതവിജ്ഞാനം പകർന്നുനൽകിയും അല്ലലുകളില്ലാതെ ദീനീനിഷ്ഠയോടുകൂടി അവരുടെ ജീവിതം മുന്നോട്ടുനയിച്ചും സേവനനിരതമായ സംവത്സരങ്ങളാണ് ഇ.കെ.മൗലവിയുടെ തിരൂരങ്ങാടിയിലെ ജീവിതകാലം.

ഇതിനകം നൂറുകണക്കിന് കുട്ടികൾ താമസിച്ചു പഠിക്കുന്ന ഒരു മഹാപ്രസ്ഥാനമായി തിരൂരങ്ങാടി യതീംഖാന മാറിക്കഴിഞ്ഞിരുന്നു. ഇത്രയുമധികം കുട്ടികളുടെ ഭൗതികവിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുക എന്നത് യതീംഖാന സാരഥികളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി മാറി. എട്ടാം ക്ലാസുവരെ അടുത്തുള്ള മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് മാപ്പിള ഹയർ എലമെന്ററി സ്‌കൂളിലേക്ക് (ഇപ്പോഴത്തെ ഗവൺമെന്റ് ഹൈസ്‌കൂൾ) കുട്ടികളെ അയച്ചിരുന്നു. തൊട്ടടുത്ത ഹൈസ്‌കൂൾ സ്ഥിതിചെയ്തിരുന്നത് എട്ട് കിലോമീറ്റർ അകലെ പരപ്പനങ്ങാടിയിലായിരുന്നു. ഇത്രയും കുട്ടികളെ ഹൈസ്‌കൂൾ പഠനത്തിന് അങ്ങോട്ടയക്കുക എന്നത് ഏറെ പ്രയാസകരമായിരുന്നു. അതുകൊണ്ടുതന്നെ എട്ടാം ക്ലാസു കഴിഞ്ഞാൽ കുട്ടികളെ യതീംഖാനയിൽനിന്നും പറഞ്ഞുവിടുകയായിരുന്നു പതിവ്. യതീംഖാനക്കു കീഴിൽ ഒരു ഹൈസ്‌കൂൾ സ്ഥാപിച്ചാൽ കുട്ടികളെ യതീംഖാനയിൽതന്നെ നിലനിർത്തി ഹൈസ്‌കൂൾ വിദ്യാഭ്യാസം കൂടി നൽകി ഉയർന്ന നിലയിലെത്തിക്കാൻ സാധിക്കും എന്നതായിരുന്നു യതീംഖാന നടത്തിപ്പുകാരുടെ അഭിലാഷം. നൂറുൽ ഇസ്‌ലാം മദ്‌റസയുടെ കെട്ടിടം ഹൈസ്‌കൂൾ ആവശ്യത്തിന് ഉപയോഗിക്കാനായിരുന്നു പദ്ധതി.

ഒരു ഹൈസ്‌കുൾ (ഓറിയന്റൽ) ആരംഭിക്കുന്നതിന് അനുമതി ലഭിക്കാനായി യതീംഖാന ഭാരവാഹികൾ ഗവൺമെന്റിന് അപേക്ഷ നൽകി. 1955ൽ ഹൈസ്‌കൂളിന്റെ ഭാഗമെന്നനിലയിൽ ആറും ഏഴും ക്ലാസുകൾ തുടങ്ങിയെങ്കിലും ഹൈസ്‌കൂൾ ക്ലാസുകൾ തുടങ്ങുന്നതിനുള്ള അനുവാദം ഗവൺമെന്റിൽ നിന്ന് കിട്ടാത്തതിനാൽ മാനേജ്‌മെന്റിന് ഏറെക്കാലം കാത്തിരിക്കേണ്ടിവന്നു. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് കൊടുങ്ങല്ലൂർ പ്രദേശത്തുകാരനായ പി.കെ. അബ്ദുല്ല സാഹിബ്, IAS കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാവുന്നത്. ഇ.കെ. മൗലവിയുടെ കാൽ നൂറ്റാണ്ടുകാലത്തെ നവോത്ഥാന പ്രവർത്തനങ്ങളുടെ പോരാട്ട ഭൂമിയായിരുന്നല്ലോ കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂരിൽ ഐക്യസംഘം നടത്തിയ വിദ്യാഭ്യാസ പ്രചാരണ പ്രവർത്തനങ്ങളുടെ ഒരു ഗുണഭോക്താവും ഇ.കെ.മൗലവിയുടെ ശിഷ്യനുമായിരുന്നു അബ്ദുല്ല സാഹിബ്. ഇ.കെ. മൗലവി അദ്ദേഹത്തിന് ഒരു കത്തെഴുതി. കത്ത് ഇപ്രകാരമായിരുന്നു: ‘നിങ്ങളുൾപ്പെടെയുള്ള പുതുതലമുറയെ വിദ്യാഭ്യാസപരമായി ഉയർത്തിക്കൊണ്ടുവരാൻ ഞങ്ങളെപ്പോലുള്ള ഐക്യസംഘം പ്രവർത്തകന്മാർ ഒരുപാടു പ്രയാസങ്ങളനുഭവിച്ചവരാണെന്നും അതിനാൽ സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി നിങ്ങളുടെ സഹായം സമുദായം തിരിച്ചും പ്രതീക്ഷിക്കുന്നുണ്ടെന്നുമായിരു

ന്നു’ ആ കത്തിലെ ഉള്ളടക്കം. സമുദായത്തിനകത്തെ അനാഥകളായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി തിരൂരങ്ങാടി യതീംഖാനയോടനുബന്ധിച്ച് ഒരു ഹൈസ്‌കൂൾ സ്ഥാപിക്കുന്നുണ്ടെന്നും അതിനു പെട്ടെന്നുതന്നെ ഗവൺമെന്റ് അംഗീകാരം വാങ്ങിത്തരണമെന്നും ആ കത്തിലൂടെ ഇ.കെ. മൗലവി വിദ്യാഭ്യാസ സെക്രട്ടറിയോടാവശ്യപ്പെട്ടു. മൗലവിയുടെ ഈ കത്ത് ഫലം കണ്ടു. തിരൂരങ്ങാടിയിൽ ഒരു ഹൈസ്‌കുളിന്റെ ആവശ്യകത ബോധ്യപ്പെട്ട അദ്ദേഹം ആഴ്ചകൾക്കകം ഹൈസ്‌കൂളിന് അംഗീകാരം നൽകിക്കൊണ്ടുള്ള ഗവൺമെന്റ് ഉത്തരവ് നേടിയെടുക്കുകയും അത് മാനേജ്‌മെന്റിന് എത്തിച്ച് കൊടുക്കുകയും ചെയ്തു. യതീംഖാനയിലെ അന്തേ

വാസികൾക്കും നാട്ടുകാർക്കും സൗകര്യപ്രദമാകും വിധം ഇസ്സത്തുൽ ഇസ്‌ലാം സംഘത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന നൂറുൽ ഇസ്‌ലാം മദ്‌റസ കെട്ടിടത്തിൽ ഓറിയന്റൽ ഹൈസ്‌കൂൾ പ്രവർത്തനമാരംഭിച്ചു. 1959-60ൽ ഹൈസ്‌കൂൾ ക്ലാസുകൾ പൂർത്തിയാവുകയും സ്‌കൂളിലെ ആദ്യബാച്ചിലെ കുട്ടികൾ 1960 മാർച്ചിലെ SSLCപരീക്ഷക്കിരിക്കുകയും ചെയ്തു.(90)

ഓറിയന്റൽ ഹൈസ്‌കൂളിന്റെ സ്ഥാപനത്തിനും അതിന്റെ സർക്കാർ അംഗീകാരത്തിനും വേണ്ടി ശക്തമായി പ്രവർത്തിച്ച വ്യക്തി എന്ന നിലയിൽ ഇ.കെ.മൗലവി എന്നെന്നും ഓർമിക്കപ്പെടുമെന്നതിൽ സംശയമില്ല. യതീംഖാനക്കു കീഴിൽ സ്‌കൂൾ പ്രവർത്തനമാരംഭിച്ചതോടുകൂടി ധാർമിക വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ ഹൈസ്‌കൂൾതല വിദ്യാഭ്യാസത്തിനുകൂടിയുള്ള അവസരം കൈവന്നു. അതോടുകൂടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അനാഥമക്കളുടെ ഒഴുക്കായിരുന്നു തിരൂരങ്ങാടിയിലേക്ക്.

യതീംഖാനയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ തന്നെ ‘അൽഇത്തിഹാദ്’ എന്ന പേരിലുള്ള ഇസ്വ്‌ലാഹീ മാസികയും ഇ.കെ.മൗലവിയുടെ പത്രാധിപത്യത്തിൽ തിരൂരങ്ങാടിയിൽനിന്നും പുറത്തിറങ്ങിയിരുന്നു. യതീംഖാനയുടെ സേവനങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടും ആ സ്ഥാപനവുമായി സഹകരിക്കാൻ ജനങ്ങളോടാവശ്യപ്പെട്ടുകൊണ്ടും ഇ.കെ.മൗലവി സാഹിബ് അൽഇത്തിഹാദ് മാസികയിൽ എഴുതിയ ലേഖനങ്ങൾ ആ സ്ഥാപനത്തെ സമുദായമൊന്നടങ്കം ഏറ്റെടുക്കുന്നതിന് സഹായകമായതായി കാണാൻ കഴിയും.

തൗഹീദിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെത്തന്നെ സാമുദായിക ഐക്യത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞുകൊണ്ടാണ് അൽഇത്തിഹാദിന്റെ ഓരോ ലക്കവും പുറത്തിറങ്ങിയത്. തിരൂരങ്ങാടി യതീംഖാനയെ പരിചയപ്പെടുത്തുന്ന മുഖലേഖനം പ്രസിദ്ധീകരിച്ചുകൊണ്ട് 1955ൽ പുറത്തിറങ്ങിയ അൽ ഇത്തിഹാദ് മാസിക യതീംഖാനയെ സമുദായം ഏറ്റെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്ന് വേണം കരുതാൻ. (തുടരും)

അവലംബം:

89. പ്രബോധനം വാരിക, 1974 ഒക്‌ടോബർ 6.

90. ഇ.കെ. മൗലവിയുടെ തിരൂരങ്ങാടിയിലെ ആദ്യകാല ശിഷ്യനും പൗത്രിയുടെ ഭർത്താവും ഓറിയൻ്റൽ ഹൈസ്കൂളിലെ ആദ്യകാല അധ്യാപകനുമായ തിരൂരങ്ങാടിയിലെ പി.ഒ. ഹംസയുടെ ഓർമ്മയിൽ നിന്ന് (ഇ.കെ. മൗലവി ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞതാണ്)