ഇ.കെ.മൗലവിയും ഐക്യസംഘത്തിന്റെ വാർഷിക സമ്മേളനങ്ങളും

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 മെയ് 11, 1445 ദുൽഖഅദ് 03

ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 8

കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ആദർശപ്രചാരണ പരിപാടികളിൽ അതിപ്രധാനമായത് ഒരു ദശാബ്ദക്കാലത്തിനിടയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട അതിന്റെ പന്ത്രണ്ട് വാർഷിക മഹാസമ്മേളനങ്ങളായിരുന്നു. തൗഹീദി പ്രചാരണത്തിന്റെയും കേരളീയ മുസ്‌ലിം നവോത്ഥാന-വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെടേണ്ടവയാണ് ഈ വാർഷിക മഹാസമ്മേളനങ്ങളോരോന്നും. അജ്ഞതയിലും അന്ധകാരത്തിലും മുഴുകിക്കഴിഞ്ഞിരുന്ന കേരളത്തിലെ മുസ്‌ലിം സമൂഹത്തെ നവോത്ഥാന പാതയിലേക്കു നയിക്കുന്നതിൽ ഈ സമ്മേളനങ്ങൾ വഹിച്ച പങ്ക് നിഷേധിക്കാനാവാത്തതാണ്.

തന്റെ കൊടുങ്ങല്ലൂർ ജീവിതം മുഴുവൻ ഐക്യസംഘത്തിനുവേണ്ടി ഉഴിഞ്ഞുവച്ച ഇ.കെ.മൗലവി ഈ സമ്മേളനങ്ങളോരോന്നിന്റെയും മുഖ്യ ആസൂത്രകൻ കൂടിയായിരുന്നു. ഒരോ സമ്മേളനവും വിജയകരമാക്കുന്നതിലും അവിസ്മരണീയമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് എടുത്ത് പറയേണ്ടതുതന്നെയാണ്. ഐക്യസംഘത്തിന്റെ വർക്കിംഗ് സെക്രട്ടറി എന്ന നിലയിൽ ഈ സമ്മേളനങ്ങളിലെല്ലാം സജീവമായി പങ്കെടുക്കുകയും സമ്മേളനവിജയത്തിനായി ദിവസങ്ങൾക്കു മുമ്പേ സമ്മേളനസ്ഥലത്ത് തമ്പടിക്കുകയും ചെയ്തുകൊണ്ടാണ് ഇ.കെ.മൗലവി വാർഷിക സമ്മേളനങ്ങളെ മഹാസംഭവങ്ങളാക്കി മാറ്റിയത്.

ഐക്യസംഘത്തിനുവേണ്ടി അഹോരാത്രം പണിപ്പെടുകയും ആ സംഘത്തെ വിജയത്തിലേക്കു നയിച്ച ബുദ്ധികേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്ത ഇ.കെ.മൗലവിയുടെ ചരിത്രം രചിക്കുമ്പോൾ അതിനെ ഐക്യസംഘത്തിന്റെ ചരിത്രത്തിൽനിന്നും വേർപെടുത്താനാവില്ല എന്നത് സ്വാഭാവികം. അതു കൊണ്ടുതന്നെ ഇ.കെ.മൗലവിയുടെ ചരിത്രം ഐക്യസംഘത്തിന്റെതന്നെ ചരിത്രമായി മാറുന്നു. ഐക്യസംഘത്തിന്റെ വാർഷിക മഹാസമ്മേളനങ്ങളെക്കുറിച്ചും ഐക്യസംഘം പ്രസിദ്ധീകരിച്ചിരുന്ന ആനുകാലികങ്ങളെക്കുറിച്ചും മനസ്സിലാക്കിയാൽ ഐക്യസംഘത്തിന്റ വളർച്ചയിൽ ഇ.കെ.മൗലവി വഹിച്ച പങ്ക് എത്രമാത്രമായിരുന്നു എന്ന് ബോധ്യപ്പെടും.

പ്രഥമ വാർഷികസമ്മേളനം

1922ൽ രൂപീകരിക്കപ്പെട്ട കേരള മുസ്‌ലിം ഐക്യസംഘം അതിന്റെ ഒന്നാം വാർഷിക സമ്മേളനം 1923ൽ കൊടുങ്ങല്ലൂരിലെ എറിയാടുവച്ചു സംഘടിപ്പിച്ചു. തന്റെ പ്രവർത്തനകേന്ദ്രം എന്ന നിലയിൽ ആ സമ്മേളനത്തിലെ സജീവസാന്നിധ്യമായിരുന്നു ഇ.കെ.മൗലവി. വിജ്ഞാനത്തിന്റെ നിറകുടവും പ്രഗത്ഭനായ ഉൽപതിഷ്ണു നേതാവുമായ വക്കം അബ്ദുൽ ക്വാദിർ മൗലവിയായിരുന്നു ഈ സമ്മേളനത്തിന്റെ അധ്യക്ഷൻ. കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നും പ്രശസ്തരായ പല മഹാന്മാരും സമ്മേളനത്തിൽ പങ്കെടുക്കുകയും സമ്മേളനം വൻ വിജയമായിത്തീരുകയും ചെയ്തു. ഈ സമ്മേളനത്തിൽവച്ച് തൗഹീദിനെക്കുറിച്ച് ഇ.കെ.മൗലവി സാഹിബ് നടത്തിയ പ്രസംഗം ഇസ്വ്‌ലാഹീ സംഘടനാ ചരിത്രത്തിലെ ശിർക്കിനെതിരെയുള്ള ആദ്യത്തെ പ്രസംഗമായിരുന്നു. ഇ.കെ.മൗലവിയുടെ പ്രസംഗ വൈഭവത്തിന്റെ അവിസ്മരണീയമായ ഒരേടു കൂടിയായിരുന്നു അത്.

വക്കം മൗലവി പിഴച്ച ആളാണെന്ന് യാഥാസ്ഥിതിക വിഭാഗം വളരെ മുമ്പുതന്നെ ഫത്‌വ നൽകിയിരുന്നു. അങ്ങനെയുള്ള ഒരു വ്യക്തി അധ്യക്ഷനായതിലൂടെ ഐക്യസംഘത്തിന്റെ ശത്രുക്കൾക്ക് എതിർക്കാനുള്ള ഒന്നാംതരം ഒരായുധമാണ് ലഭിച്ചത്. ‘കണ്ടില്ലേ, ഒരു പിഴച്ച ആളെയല്ലേ ഇവർ അധ്യക്ഷനായി ക്ഷണിച്ചത്? അതുകൊണ്ട് ഐക്യസംഘക്കാരും പിഴച്ചവർ തന്നെയാണ്’ എന്ന് അവർ നാടുനീളെ പറഞ്ഞുനടന്ന് ഐക്യസംഘത്തിന്നെതിരിൽ ആളുകളെ ഇളക്കിവിടാൻശ്രമിക്കുകയുമുണ്ടായി. എന്നാൽ ഈ എതിർപ്പുകളെയെല്ലാം അതിജീവിച്ചുകൊണ്ട് ഐക്യസംഘം അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകതന്നെ ചെയ്തു.

തിരുവിതാംകൂർ ദിവാൻ രാജഗോപാലാചാരി ആലുവയിൽ അനുവദിച്ച എട്ടേക്കർ സ്ഥലത്ത് ശൈഖ് ഹമദാനി തങ്ങൾ നേരത്തെ ഒരു കോളേജ് സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിരുന്ന കാര്യം നാം മുമ്പ് പരാമർശിക്കുകയുണ്ടായി. ശൈഖ് ഹമദാനി തുടങ്ങിവച്ച ആ പദ്ധതി നടപ്പിലാക്കുന്നതിന്നായി ഐക്യസംഘത്തിന്റെ പ്രഥമ വാർഷികസമ്മേളനത്തിൽവച്ചുതന്നെ ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. കോട്ടപ്പുറത്ത് സീതി മുഹമ്മദ് ഹാജി, മണപ്പാട്ട് പി. കുഞ്ഞുമുഹമ്മദ് ഹാജി, വലപ്പാട്ട് പി. കുഞ്ഞുമുഹമ്മദ് ഹാജി, എ.കെ. കുഞ്ഞിമായൻ ഹാജി, എടവാ മുഹമ്മദ്കുഞ്ഞി സ്രാങ്ക് തുടങ്ങിയവർ കോളേജ് സ്ഥാപിക്കുന്നതിലേക്കായി ഗണ്യമായ സംഖ്യ സംഭാവന നൽകുകയും ചെയ്തു. ഭൂമിക്കാവശ്യമായ പതിനായിരം രൂപ സ്വരൂപിക്കാൻ പ്രഥമ സമ്മേളനത്തിൽവച്ചുതന്നെ ഐക്യസംഘത്തിനു കഴിഞ്ഞു.

ഐക്യസംഘത്തിന്റെ പ്രവർത്തനമണ്ഡലങ്ങളെ കേരളീയാടിസ്ഥാനത്തിൽ വ്യാപിപ്പിക്കുകയെന്ന തീരുമാനമെടുത്തത് ഈ സമ്മേളനത്തിൽവച്ചാണ്. ഒന്നാം വാർഷിക സമ്മേളനം സമൂഹത്തിൽ പുതിയ പല മാറ്റങ്ങൾക്കും കാരണമായി. യാഥാസ്ഥിതിക വിഭാഗത്തിൽനിന്നുള്ള ചില പണ്ഡിതന്മാരിലും ആ മാറ്റങ്ങൾ ദൃശ്യമായി. ഐക്യസംഘത്തിന്റെ വളർച്ചയിൽ പലരും അരിശം പൂണ്ടു. ഈ ഘട്ടത്തിൽ ഐക്യസംഘത്തെ പരാജയപ്പെടുത്താൻ യാഥാസ്ഥിതികർ ഒരു പൊടിക്കൈ കൂടി പ്രയോഗിച്ചുനോക്കി. പ്രസിദ്ധ വാഗ്മിയായിരുന്ന ഞമണ്ടേക്കാട്ടുകാരൻ ഏനുക്കുട്ടി മുസ്‌ല്യാരെ അവർ ക്ഷണിച്ചുവരുത്തി, സംഘം വകയുള്ള പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തെ കാണിച്ചു. ഐക്യസംഘത്തിനെതിരിൽ അദ്ദേഹം സംസാരിക്കുമെന്നാണ് യാഥാസ്ഥിതികർ പ്രതീക്ഷിച്ചത്. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഐക്യസംഘത്തിന്റെ നേതാവും മാർഗദർശിയുമായ കെ.എം.മൗലവിയുമായി അദ്ദേഹം ചർച്ച നടത്തി. അനന്തരം, സംഘത്തിന്റെ ഒരു പൊതുയോഗം വിളിച്ചുകൂട്ടണമെന്നും തന്റെ തീരുമാനം അതിൽ പ്രഖ്യാപിക്കാമെന്നും അതാണ് ഗുണകരമെന്നും ഏനുക്കുട്ടി മുസ്‌ല്യാർ നിർദേശിച്ചു. ഇരുവിഭാഗവും അത് സമ്മതിച്ചു പൊതുയോഗത്തിൽ അധ്യക്ഷനായിരുന്ന ഏനുക്കുട്ടി മുസ്‌ല്യാർ ഏതാണ്ടിങ്ങനെ പറഞ്ഞു: “കേരളമുസ്‌ലിംകളുടെ ഇന്നത്തെ ശോച്യാവസ്ഥ കാണുമ്പോൾ ഇമ്മാതിരി ഒരു സംഘടന അനിവാര്യമാണെന്ന് എനിക്കു തോന്നുന്നു. അതുകൊണ്ട് ഈ യോഗത്തിൽവച്ചുതന്നെ എന്നെയും ഇതിൽ ഒരംഗമാക്കണമെന്നു ഞാനപേക്ഷിക്കുന്നു.’’(25)

ഇതോടെ ഐക്യസംഘം പ്രവർത്തകരെ അപഹസിക്കാനുള്ള എതിരാളികളുടെ പദ്ധതി തകർന്നു തരിപ്പണമായി. എന്നിട്ടും അവർ പിന്മാറിയില്ല. ഏനുക്കുട്ടി മുസ്‌ല്യാർ മുമ്പുതന്നെ പിഴച്ച ആളാണെന്നു മുദ്രയടിച്ച് ജാള്യത മറക്കാനാണ് അവർ ശ്രമിച്ചത്. എങ്കിൽ പിന്നെ അവർ എന്തിനദ്ദേഹത്തെ ക്ഷണിച്ചുവരുത്തി എന്ന ചോദ്യം അവരുടെ ജൽപനങ്ങളുടെ മുനയൊടിക്കുന്നു

കേരളത്തിലെ ആദ്യ പണ്ഡിതസഭ പിറക്കുന്നു

മുസ്‌ലിം പണ്ഡിതന്മാർക്കുവേണ്ടി ഒരു സംഘടന രൂപീകരിക്കുക എന്നത് ഐക്യസംഘത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഐക്യസംഘത്തിന്റെ ഒന്നാം വാർഷിക സമ്മേളനത്തിൽവച്ചുതന്നെ പണ്ഡിതരെ ഉൾപ്പെടുത്തി ‘ഉലമാ ഐക്യസംഘം’ എന്ന പേരിൽ ഒരു സമിതി രൂപീകരിക്കാൻ സാധിച്ചത് ഐക്യസംഘത്തിന് ധിഷണാപരമായ അടിത്തറ നൽകാൻ സഹായകമായി. ചെറുശ്ശേരി അഹ്‌മദ് കുട്ടിബ്‌നു അർമിയാ പ്രസിഡന്റായും ഇ.കെ. കുഞ്ഞമ്മദ് കുട്ടി (ഇ.കെ.മൗലവി) സെക്രട്ടറിയായും രൂപംകൊണ്ട ഉലമാ ഐക്യസംഘമായിരുന്നു കേരളത്തിലെ ആദ്യത്തെ പണ്ഡിതസഭ. 1923ൽ നടന്ന ഒന്നാം വാർഷിക സമ്മേളനത്തിൽവച്ചുതന്നെ പണ്ഡിതർക്കുവേണ്ടി സംഘടന രൂപീകരിക്കപ്പെട്ടത് ഐക്യസംഘത്തിന്റെ പ്രവർത്തനവഴിയിൽ ഒരു നാഴികക്കല്ലായിരുന്നു.

ഈ സംഘത്തിൽ ചേരുന്നതിന് പണ്ഡിതരെ ക്ഷണിച്ചുകൊണ്ടും ഏറെ താമസിയാതെ കേരളാടിസ്ഥാനത്തിൽ ചേരുന്ന ഉലമാ കോൺഫറൻസിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള പണ്ഡിതന്മാർക്ക് എഴുത്തയച്ചുകൊണ്ടാണ് ഉലമാ ഐക്യസംഘം അതിന്റെ പ്രവർത്തനം ആരംഭിച്ചത്. ഇ.കെ.മൗലവിയും ചെറുശ്ശേരി അഹ്‌മദ്കുട്ടി മൗലവിയും സംയുക്തമായി ഒപ്പുവച്ചാണ് ഈ ക്ഷണക്കത്ത് വിതരണംചെയ്തത്.

സമുദായത്തെ ശരിയായ പാന്ഥാവിലൂടെ നടത്താനുള്ള ഐക്യസംഘത്തിന്റെ ഗുണകാംക്ഷ ഇ.കെ.മൗലവിയുടെ ഈ എഴുത്തിലൂടെ ആർക്കും ബോധ്യപ്പെടും. സമുദായത്തിനകത്തെ ജീർണത പരിഹരിക്കുന്നതിൽ യോജിച്ച ഒരു മുന്നേറ്റം നടത്തുന്നതിനുവേണ്ടിയുള്ള ആത്മാർഥ ശ്രമമായി ഈ എഴുത്തിനെ കാണാവുന്നതാണ്. സമുദായത്തെ സമുദ്ധരിക്കുന്നത് സമുദായത്തെ നയിക്കുന്ന പണ്ഡിതന്മാരുടെ ബാധ്യതയാണെന്നും എല്ലാവരും ഒറ്റക്കെട്ടായി അതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. ഇ.കെ.മൗലവി ഉപയോഗിച്ചുവന്നിരുന്ന ശുദ്ധമായ മലയാള ഭാഷയല്ല ഈ എഴുത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നു കാണാം. അന്ന് നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന പഴഞ്ചൻ മലയാള ഭാഷയിൽ പണ്ഡിതന്മാർ ഉപയോഗിച്ചുവന്നിരുന്ന അറബിപദങ്ങൾ കലർത്തിയാണ് ഈ എഴുത്ത് തയ്യാറാക്കിയിരുന്നത്. എഴുത്ത് ഗ്രാഹ്യമായ രൂപത്തിൽ വായിക്കപ്പെടണമെന്നും ഉന്നയിച്ച വസ്തുതകൾ സ്വീകരിക്കപ്പെടണമെന്നുമുള്ള ഉൽക്കടമായ ആഗ്രഹമാണ് അത്തരമൊരു എഴുത്തിനു പിന്നിൽ നമുക്ക് കാണാനാവുക. വിതരണം ചെയ്ത എഴുത്തിന്റെ ചുവടെ നൽകിയ പകർപ്പ് വായിച്ചാൽ അക്കാര്യം ബോധ്യമാകും:(26)

അറിയിപ്പ്

അൽഹംദുലില്ലാഹില്ലദീ ഹദാനാ ലിഹാദാ വമാ കുന്നാ ലിനഹ്ത്തദിയ ലൗലാ അൻ ഹദാനള്ളാഹ്, വജഅലനാ മിൻ ഉമ്മത്തി ഖയ്‌രി ഖൽഖിഹി സയ്യിദിനാ മുഹമ്മദിൻ അഫ്‌ളലി മൻ അർസലഹുള്ളാഹ്. വസ്സ്വലാത്തു വസ്സലാമു അലൈഹി വഅലാ ആലിഹി വഅസ്വ‌്ഹാബിഹില്ലദീന ഹും ഖൈറു ഉമ്മത്തിൻ ഉഖ്‌രിജത്ത് ലിന്നാസി വമൻ യത്തബിഉഹും ഫിൽ അംറി ബിൽമഅ്‌റൂഫി വന്നഹ്‌യി അനിൽ മുൻകരി വൽ ഈമാനി ബില്ലാഹി വഅലാ സാഇരിൽ മുർസലീന അജ്മഈൻ, ആമീൻ ബിറഹ്‌മത്തിക അർഹമർറാഹിമീൻ.

അമ്മാ ബഅ്ദു, ഫഹാദിഹി ദഅ്‌വഃ മിൻ മജ്‌ലിസിൽ ഇത്തിഹാദിൽ ഇസ്‌ലാമിയ്യി ഇലാ ഹളറാത്തിൽ ഉലമാഇൽ അഫാളിലി ഫീ കേരളം, അസ്സലാമു അലൈക്കും വറഹ്‌മത്തുള്ളാഹി വബറക്കാത്തുഹു വമഗ്ഫിറത്തുഹു.

ബഹുമാനപ്പെട്ട ഉലമാക്കമ്മാരെ,

നമ്മുടെ ഇന്നത്തെ കഷ്ടസ്ഥിതി നിങ്ങൾ കാണുന്നുണ്ടായിരിക്കുമല്ലോ. ദീനിൽ ഫർളായ ഒന്നിനെയെങ്കിലും ശരിയായ വിധത്തിൽ നിലനിറുത്തിപ്പോരുന്ന ഒരു ദേശമെങ്കിലും നമ്മുടെ കേരളത്തിൽ ഉണ്ടെന്നു പറയുവാൻ നിങ്ങൾക്ക് സാധിക്കുമോ? ഏതു ദേശത്തു പോയി നോക്കിയാലും ഓരോ വിധത്തിലുള്ള അനേക മുൻകറത്തായ ബിദ്അത്തുകളും കബീറത്തായ മഅ്‌സ്വിയത്തുകളും ഫർളുകളോ സുന്നത്തുകളോ ഹലാലോ എന്ന പോലെ യാതൊരു ഇൻകാറും കൂടാതെ ജനങ്ങളിൽ ളാഹിറായിട്ട് നടന്നുവരുന്നത് നിങ്ങൾ കാണുന്നില്ലയോ? റസൂൽ സ്വല്ലള്ളാഹു അലൈഹിവസല്ലമാ തങ്ങളെ നബിയായിട്ട് അള്ളാഹു തആലാ എഴുന്നേൽപിച്ചപ്പോൾ ലോകത്തു മുഴുവനും അറേബ്യയിൽ പ്രത്യേകവും ഉണ്ടായിരുന്ന അനാചാരങ്ങളിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും പലതും ഇപ്പോൾ നമ്മുടെ ദേശങ്ങളിലെ സഹോദര സഹോദരിമാരിൽ മൂടുറച്ചുകിടക്കുന്നതായി നിങ്ങൾ അറിയുന്നില്ലയോ? ഇങ്ങിനെയെല്ലാം ആയിരുന്നിട്ടും ദീനിനെ ബയാൻ ചെയ്യാൻ കടപ്പെട്ടവരായ നിങ്ങൾ ആ ചുമതലയെ വേണ്ടപ്രകാരം നിർവ്വഹിക്കാതിരുന്നതുകൊണ്ടല്ലയോ നാം ഇന്ന് നമ്മുടെ രാജ്യത്തിലുള്ള മറ്റെല്ലാ മതസ്ഥരേക്കാളും താഴ്ന്ന നിലയിൽ എത്തിപ്പോയത്. ഇന്ന് നമ്മുടെ ദുൻയവിയ്യായ വല്ല പ്രധാന കാര്യവും അന്യമതസ്ഥന്റെ സഹായം കൂടാതെ നടത്തുവാൻ നമുക്കു സാധിക്കുന്നുണ്ടോ? നമ്മിൽ ഹഖ്ഖായ ഈമാൻ ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങിനെ സംഭവിക്കുമായിരുന്നോ? നിങ്ങൾ അൽപം ഓർമ്മയോടും ആലോചനയോടും കൂടി ഒന്നു ചിന്തിച്ചു നോക്കുവിൻ. ഇത് എന്തൊരു വ്യസനകരമായ നിലയാണ്. ഈ നിലയിൽ നിന്ന് യാതൊരു ഉയർച്ചയും മുസ്‌ലിമീങ്ങളായ നമുക്ക് ഇനിയുള്ള കാലത്ത് സിദ്ധിക്കയില്ല എന്ന് വിചാരിക്കുന്നത് അല്ലാഹു തആലായുടെ റഹ്‌മത്തിനെ വിട്ട് നിരാശപ്പെടലായിപ്പോകയില്ലയോ, അങ്ങനെയുള്ള നിരാശ വല്ല മുഅ്മിനിന്റെയും ഖൽബിൽ വരാമോ? ഒരിക്കലും ഇല്ല. ഒരു മുഅ്മിനിന്റെ ഖൽബിലും ആ യഅ്‌സ് (നിരാശ) ഉണ്ടാവാനും വരാനും പാടില്ല. ‘അതിനാൽ സ്പഷ്ടമായ ആയത്തുകളും മാർഗ്ഗദർശനവുമായി നാം ഇറക്കിയിട്ടുള്ളതിനെ നാം ജനങ്ങൾക്ക് വേണ്ടി കിത്താബിൽ വെളിപ്പെടുത്തിയതിന്റെ പുറകെ മറച്ചുവെക്കുന്നത് ആരാകുന്നുവോ അവരെ അള്ളാഹു ലഅ്‌നത്ത് ചെയ്യുന്നതാകുന്നു. ലഅ്‌നത്ത് ചെയ്യുന്നവർ എല്ലാവരും അവരെ ലഅ്‌നത്ത് ചെയ്യുന്നതുമാകുന്നു. ആര് പശ്ചാത്തപിക്കുകയും (തങ്ങളുടെ പ്രവൃത്തികൾ) നന്നാക്കുകയും (അള്ളാഹുവിന്റെ മാർഗ്ഗത്തെ) വെളിപ്പെടുത്തുകയും ചെയ്തുവോ അവർ ഒഴികെ. എന്നാൽ അവരുടെ പശ്ചാത്താപത്തെ ഞാൻ സ്വീകരിക്കുന്നതാകുന്നു. ഞാൻ പശ്ചാത്താപത്തെ സ്വീകരിക്കുന്നവനും ദയാലുവുമാണ്’ എന്നുള്ള ഖുർആൻ വാക്യത്തിൽ പറഞ്ഞിരിക്കുന്നതായ ആ ലഅ്‌നത്ത് നമ്മളെ ബാധിക്കുന്നതിനെ നാം എല്ലാവരും വളരെ ഭയപ്പെട്ട് കൊണ്ട് അല്ലദീന താബൂ വ അസ്വ്‌ലഹൂ വബയ്യനൂ എന്ന് അള്ളാഹു തആലാ ഇസ്തിസ്‌നാഅ് ചെയ്ത് പറഞ്ഞിരിക്കുന്നതായ ആ സംഘത്തിൽ ചേർന്ന് അള്ളാഹു തആലായുടെ തൗബക്കും റഹ്‌മത്തിനും പാത്രമായിത്തീരുവാനാകുന്നു ഞങ്ങളുടെ നഫ്‌സുകളോടും നിങ്ങളോടും അപേക്ഷിക്കുന്നത്.

പ്രിയ ഉലമാക്കന്മാരേ! മൂന്ന് മാസത്തിനു മുമ്പ് കൊടുങ്ങല്ലൂർ മുസ്‌ലിം ഐക്യസംഘം പരസ്യങ്ങൾ മുഖേനയും കത്തുകളെകൊണ്ട് നേരിട്ടും നിങ്ങളെ ഈ വിഷയത്തിലേക്ക് ക്ഷണിച്ചിരുന്നതായ വിവരം നിങ്ങളിൽ പലർക്കും ഓർമ്മയുണ്ടായിരിക്കുമല്ലോ. എന്നാൽ അപ്പോൾ സംഘത്തിന്നുണ്ടായിരുന്ന മുറാദുകൾ താഴെ വിവരിക്കുന്നവയായിരുന്നു:

1) നിങ്ങൾ എല്ലാവരുമോ ഭൂരിഭാഗമോ ഒരു സ്ഥലത്ത് ഒരുമിച്ചുകൂടിക്കിട്ടിയാൽ ആദ്യമായി നിങ്ങളെ ഒന്ന് അന്യോന്യം പരിചയപ്പെടുത്തുക.

2) ഇന്ന് ഭയങ്കരമായ രോഗം-മരണപ്പെടുവാനടുത്തുപോയി എന്ന് സംശയം തോന്നത്തക്ക മഹാരോഗം പിടിപെട്ടിട്ടും അത് അറിയാത്ത ഭാവത്തിൽ കിടക്കുന്ന കേരള മുസ്‌ലിം സമുദായ ദേഹത്തെ നിങ്ങളെ ഒന്ന് കാണിക്കുക. പക്ഷേ, നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കാം. എന്നാലും ഞങ്ങൾക്കത് മനസ്സിലായിട്ടില്ല.

3) സാമുദായികമായ സർവ്വരോഗങ്ങളുടെയും ഉത്തമ ചികിത്സകാരികളായ അമ്പിയാക്കന്മാരുടെ അനന്തിരവന്മാരായ നിങ്ങളോട്-സർവ്വ നബികളുടെയും ഖാത്തിമായ റസൂലുള്ളാഹി സ്വല്ലള്ളാഹു അലൈഹി വസല്ലമ തങ്ങൾ മുഖേന അള്ളാഹു തആലാ നമുക്ക് ഇറക്കിത്തന്നിരിക്കുന്നതുമായ ഖുർആൻ ശരീഫിന്റെയും നബി സ്വല്ലള്ളാഹു അലൈഹിവസല്ലമ തങ്ങളുടെയും സ്വഹാബികളുടെയും സുന്നത്തുകൾ നമ്മുടെ സലഫുസ്സ്വാലിഹിന്റെ (നമ്മുടെഇമാമുകളുടെ) അഖ്‌വാൽ മുതഖദ്ദിമീങ്ങളുടെയും മുതഅഖ്ഖിരീങ്ങളുടെയും തർജ്ജീഹാത്ത് എന്നിവയുടെയും ഹാഫിളീങ്ങളും ആലിമീങ്ങളുമായ നിങ്ങളോട് - സമുദായ ദേഹത്തിന്ന് പിടിപെട്ടിരിക്കുന്നതായ രോഗങ്ങൾക്ക് ചികിത്സ ചെയ്ത് സുഖപ്പെടുത്തുവാനുള്ള മാർഗ്ഗത്തെ നിങ്ങളെല്ലാവരും കൂടി അന്യോന്യം മഹബ്ബത്തോടെയും തആവുനോടെയും മുശാവറത്ത് ചെയ്ത് കണ്ട് പിടിച്ച് സമുദായത്തെ ഉണർത്തി അതിന് മാർഗ്ഗദർശനം ചെയ്യുവാൻ അപേക്ഷിക്കുക.

(തുടരും)


അവലംബം:

25. കേരള മുസ്‌ലിം ഐക്യസംഘം-ഇ.കെ. മൗലവിയുടെ ലേഖനങ്ങളുടെ സമാഹാരം, സമാഹരണം അബ്ദുറഹ്‌മാൻ മങ്ങാട്, യുവത ബുക്ക് ഹൗസ്, പേജ് 22

26. ഉലമാ ഐക്യസംഘം പ്രസിഡന്റ് ചെറുശ്ശേരി അഹമ്മദ്കുട്ടി മൗലവിയും സെക്രട്ടരി ഇ.കെ. മൗലവിയും സംയുക്തമായി ഒപ്പുവെച്ച് 1923 ആഗസ്റ്റ് 23-ാം തിയ്യതി അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസ്. ഉദ്ധരണം: ഐക്യസംഘം രേഖകൾ, അബ്ദുറഹ്‌മാൻ മങ്ങാട്, ഗ്രേസ് ബുക്‌സ്, പേജ് 39-44