ഭാഷാസ്‌നേഹിയായ പണ്ഡിതൻ
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 ഏപ്രിൽ 06, 1445 റമദാൻ 27

ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 3
ഒരു യാഥാസ്ഥിതികനായി ജീവിതം ആരംഭിച്ച ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് പിന്നീടുണ്ടായ നവോത്ഥാന ചിന്തകൾ തന്റെശിഷ്യരിലേക്ക് പകർന്നുനൽകാൻ കഴിഞ്ഞു എന്നതാണ് കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ വിജയത്തിലേക്ക് നയിച്ച സുപ്രധാന വസ്തുത. കേരളത്തിൽ സലഫി പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളായി മാറിയ പണ്ഡിതരിൽ മിക്കവരും ചാലിലകത്തിന്റെ ശിഷ്യന്മാരായിരുന്നു എന്നത് അദ്ദേഹം അതിൽ എത്രമാത്രം വിജയം വരിച്ചു എന്ന് തെളിയിക്കുന്നതാണ്. എന്നാൽ ചാലിലകത്തിന്റെ ശിഷ്യനും ഇ.കെ.മൗലവിയുടെ ഉസ്താദുമായിരുന്ന ഖുതുബി മുഹമ്മദ് മുസ്‌ലിയാർ അദ്ദേഹം ചരിച്ചുകൊണ്ടിരുന്ന നവോത്ഥാന പാതയിൽനിന്നും ദിശ മാറിപ്പോയി യാഥാസ്ഥിതികരോടൊപ്പം ചേർന്നത് ഇ.കെ. മൗലവിയെ അങ്ങേയറ്റം ദുഃഖിതനാക്കിയിരുന്നു.(12) പരിഷ്‌കൃത രീതിയിലുള്ള മദ്‌റസാപഠനത്തിനും അദ്ദേഹം എതിരായി മാറിയതിനാൽ ചാലിലകത്ത് ഉദ്ദേശിച്ചതുപോലുള്ള ഒരു മദ്‌റസ പാനൂരിൽ സ്ഥാപിക്കപ്പെടാതെ പോയി.
ശിഷ്യൻമാരിൽ മതപരവും ഭാഷാപരവുമായ പഠനം പരിപോഷിപ്പിക്കുന്നതിനായി ചാലിലകത്ത് സ്വീകരിച്ച പഠന ബോധന തന്ത്രങ്ങളെക്കുറിച്ച് ഇ.കെ.മൗലവി എഴുതുന്നത് കാണുക:
“മൗലാനയുടെ വാഴക്കാട്ടെ ആറു കൊല്ലത്തെ താമസത്തിനിടയിൽ യോഗ്യന്മാരായ പല വിദ്യാർഥികളെയും അദ്ദേഹത്തിനു ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ സാമുദായികവും മതപരവും രാഷ്ട്രീയവുമായ പ്രവർത്തനരംഗങ്ങളിൽ കണ്ടുവരുന്ന മൗലവിമാരിൽ ഭൂരിപക്ഷവും മൗലാനയുടെ ശിഷ്യന്മാരോ അവരുടെ ശിഷ്യൻമാരോ ആയിരിക്കും. കാരണം, തന്റെ ശിഷ്യൻമാരെ കിതാബുകൾ ഓതിച്ച് വഅളന്മാരാക്കിത്തീർക്കുവാനല്ല അദ്ദേഹം ശ്രമിച്ചിരുന്നത്. അറബി സാഹിത്യത്തിലെന്ന പോലെ മലയാള സാഹിത്യത്തിലും അദ്ദേഹം തന്റെ ശിഷ്യന്മാർക്ക് പരിശീലനം നൽകുകയുണ്ടായി. മുമ്പ് മലയാളം എഴുതാനും വായിക്കാനും അറിഞ്ഞുകൂടാതിരുന്ന പലരെയും എഴുത്തും വായനയും പരിശീലിപ്പിക്കുന്നതിൽ മൗലാന പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചില മർക്കടമുഷ്ടിക്കാർ മാത്രമെ അതിനു കൂട്ടാക്കാതിരുന്നുള്ളൂ. ഇതെഴുതുന്ന ആൾക്ക് വല്ലതും എഴുതാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് മൗലാനയുടെ പ്രേരണ മൂലമാണെന്ന വസ്തുത ഞാൻ കൃതജ്ഞതാപൂർവം സ്മരിക്കുന്നു.’’(13)
“വൃത്താന്ത പത്രങ്ങൾ വായിക്കൽ ഹറാമാണെന്ന് വിശ്വസിച്ചുവന്ന അക്കാലത്ത് മൗലാന തന്റെ ശിഷ്യന്മാരെപത്രംവായിക്കാൻ നിർബന്ധിച്ചിരുന്നു. മലയാളത്തിലും തമിഴിലുമുള്ള പത്രങ്ങൾ വരുത്തി വായിക്കുകയും മറ്റുള്ളവരെക്കൊണ്ട് വായിപ്പിക്കുകയും ചെയ്തിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. എ.ആർ.രാജരാജ വർമയുടെ വ്യാകരണ പുസ്തകങ്ങളും ‘സാഹിത്യസാഹ്യം’ മുതലായ മറ്റു ഗ്രന്ഥങ്ങളും വായിക്കാനും പഠിക്കാനും അദ്ദേഹം ശിഷ്യൻമാരെ ഉപദേശിച്ചിരുന്നു. അറബി വ്യാകരണവും മലയാള വ്യാകരണവും സംയോജിപ്പിച്ചുകൊണ്ട് അദ്ദേഹം അറബിമലയാളത്തിൽ ഒരു വലിയ ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. എന്നാൽ അത് ഇനിയും പ്രസ്സിലേക്ക് പോയിട്ടില്ലെന്നു മാത്രം. അറബിമലയാള ലിപി പരിഷ്‌കരിക്കുന്നതിൽ മൗലാന പൂർണമായും വിജയിച്ചിരിക്കുന്നു. ചരിത്രപുരുഷൻ 1914ൽ വാഴക്കാടുമായി യാത്രപറഞ്ഞു പിരിഞ്ഞുവെങ്കിലും അദ്ദേഹം തുടങ്ങിവെച്ച പ്രസ്ഥാനം കൂമ്പടഞ്ഞുപോയില്ല. ഈ ചുരുങ്ങിയ കാലത്തിനിടയിൽ പ്രാപ്തരായ പല ശിഷ്യന്മാരെയും അദ്ദേഹം സമ്പാദിച്ചിരുന്നു. അവർ മുഖേന പല സ്ഥലങ്ങളിലും പരിഷ്‌കൃത രീതിയിലുള്ള മദ്‌റസകൾ ഉയിരെടുത്തു’’(14)
ദാറുൽ ഉലൂമിൽ കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യത്വവും പഠനവും അനുഭവങ്ങളും ഇ.കെ. മൗലവിയിൽ കാര്യമായ സ്വാധീനമാണുണ്ടാക്കിയത്. തനിക്ക് വല്ലതും എഴുതാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് മൗലാനയുടെ പ്രേരണ മൂലമാണെന്ന് മൗലവി സാഹിബ് കൃതജ്ഞതാപൂർവം ഇവിടെ സ്മരിക്കുന്നു. വിജ്ഞാന കുതുകിയായ ഇല്ലത്തുകണ്ടി കുഞ്ഞഹമ്മദ് കുട്ടിയിൽനിന്നും ഇ.കെ.മൗലവി എന്ന നവോത്ഥാന നായകനിലേക്കുള്ള വഴിത്തിരിവായിരുന്നു അത്. മലയാള ഭാഷ നന്നായി വായിക്കാനും എഴുതാനും കഴിയുന്ന ശിഷ്യൻമാരെ മൗലാന ചാലിലകത്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
വാഴക്കാട്ടെ പഠനകാലത്ത് മലയാള ഭാഷയിലുള്ള ഇ.കെ.മൗലവിയുടെ പ്രാവീണ്യത്തെക്കുറിച്ച് മനസ്സിലാക്കിയ ചാലിലകത്ത് ആ കഴിവ് പരിപോഷിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നൽകിയിരുന്നു. ഒ. ചന്തുമേനോൻ എഴുതിയ ‘ഇന്ദുലേഖ’ എന്ന പ്രസിദ്ധമായ നോവലിന്റെ പതിപ്പ് ചാലിലകത്ത് തന്റെ ശിഷ്യന് വായിക്കാൻ നൽകിയത് ഇതിനുദാഹരണമാണ്. വായനക്കുശേഷം അദ്ദേഹം യുവാവായ ഇ.കെ. മൗലവിയോട് നിരവധി ചോദ്യങ്ങൾ ചോദിച്ചു. ചില ചോദ്യങ്ങൾക്കു മറുപടി പറയാൻ സാധിക്കാതെ വന്നപ്പോൾ ആ പുസ്തകം വീണ്ടും വായിക്കാനാണ് ചാലിലകത്ത്നിർദേശിച്ചത്. അദ്ദേഹം പ്രതീക്ഷിച്ച ഉത്തരങ്ങൾ ലഭിക്കുന്നതുവരെ ശിഷ്യൻ ആ ഗ്രന്ഥം വായിക്കാൻ നിർബന്ധിതനായി. ‘ഇന്ദുലേഖ’യിലെ മുഖ്യകഥാപാത്രമായ മാധവന്റെ യുക്തിബോധം മതനിരാസമായി മാറുന്നുണ്ടോ എന്നതായിരുന്നു ഇരുവരുടെയും ചർച്ചയിലെ മുഖ്യവിഷയം.(15)
ഭാഷാ പരിപോഷണത്തിനായി ചാലിലകത്ത് നൽകിയ പ്രാഥമിക പരിശീലനങ്ങളാണ് അസാധാരണ തൂലികയുടെ ഉടമയായ ഇ.കെ.മൗലവി എന്ന എഴുത്തുകാരനെ നവോത്ഥാന കേരളത്തിന് സമ്മാനിച്ചത് എന്നതിൽ സംശയമില്ല. വാഴക്കാട്ടെ ജീവിതവും പഠനവും മൗലവിയിൽ ആഴത്തിൽ സ്വാധീനമുണ്ടാക്കി. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന മഹാനായ പരിഷ്‌കർത്താവിന്റെ ശിക്ഷണം മൗലവിയിൽ പുരോഗമനാശയങ്ങളുടെ വേലിയേറ്റം തന്നെയുണ്ടാക്കിയിരുന്നു. തന്റെ വാഴക്കാട്ടെ പഠനത്തിന്റെ ആരംഭകാലത്തുതന്നെ മിടുക്കനായ ഇ.കെ.മൗലവി ചാലിലകത്തിന്റെ പ്രിയപ്പെട്ട ശിഷ്യരിലൊരാളായി.
വാഴക്കാട്ടെ പഠനകാലത്ത്, ദർസ് പാഠ്യപദ്ധതിക്കു പുറമെ, മലയാളം, അറബി ഭാഷകളിൽ അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന പരിഷ്‌കരണോന്മുഖ രചനകളും മറ്റു ഭാഷകളിൽ വിരചിതമായ മതനിരാസ രചനകളും കമ്യൂണിസ്റ്റ് സാഹിത്യങ്ങളും ചരിത്രപഠന ഗ്രന്ഥങ്ങളുമെല്ലാം വായിക്കുന്നതിൽ ഇ.കെ.മൗലവി തൽപരനായിരുന്നു. സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് ദർശനങ്ങൾ, നിരീശ്വര-നിർമത പ്രസ്ഥാനങ്ങൾ, കോളണിവിരുദ്ധ സമരങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റ കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിൽ ഈ പരന്ന വായനയാണ് അദ്ദേഹത്തെ സഹായിച്ചത്. പിൽക്കാലത്ത് അദ്ദേഹം എഴുതിയ പല രചനകളും ഈ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അവഗാഹം ബോധ്യപ്പെടുത്തുന്നവയാണ്. നവീനമായ കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതോടൊപ്പം അദ്ദേഹം സ്വായത്തമാക്കിയ അക്കാലത്തെ മലയാള ഭാഷാശൈലിയും പ്രയോഗങ്ങളുമെല്ലാം അദ്ദേഹത്തെ സമാനതകളില്ലാത്ത തൂലികക്കുടമയാക്കി. പത്രപ്രവർത്തന മേഖലയിൽ അദ്ദേഹത്തെ തൽപരനാക്കിയത് വൈജ്ഞാനികമായും ഭാഷാപരമായും അദ്ദേഹം കൈവരിച്ച ഈ നേട്ടങ്ങളാണ്.
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വാഴക്കാട്ടുനിന്നും മാറിയതിനുശേഷം തിരൂരങ്ങാടിയിലാണ് താമസമാക്കിയത്. ഇ.കെ.മൗലവിയാകട്ടെ പാനൂരിലും. അകലെയായിരുന്നുവെങ്കിലും മൗലാനയുമായുള്ള ബന്ധം നിലനിർത്താൻ ഇ.കെ.മൗലവി ശ്രമിച്ചിരുന്നു.മാസത്തിൽഒന്നോ രണ്ടോ തവണ അദ്ദേഹം മൗലാനയുടെ അടുക്കൽ പോവുകയും വേണ്ട ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം വാഴക്കാട്ടെ തന്റെ സഹപാഠികളും ചാലിലകത്തിന്റെ മക്കളുമായിരുന്ന എം.സി.സി. സഹോദരന്മാരെ പരപ്പനങ്ങാടിയിൽ പോയി കാണാറുള്ള കാര്യം ഇ.കെ.മൗലവി ‘എം.സി.സി. സ്മരണിക’യിൽ എഴുതിയിട്ടുണ്ട്. പിതാവിന്റെ കാലടിപ്പാടിൽനിന്നും വരവണ്ണം തെറ്റാതെ ജീവിക്കുവരായിരുന്നു ആ മക്കൾ എന്നതിനാൽ അവരോട് മൗലവിക്ക് എന്തെന്നില്ലാത്ത സ്‌നേഹമായിരുന്നു. പരപ്പനങ്ങാടിയിലെ ആദ്യകാല നവോത്ഥാന നായകനും പ്രവാചകതിരുമേനി ﷺയുടെ ചര്യയനുസരിച്ച് പ്രവർത്തിക്കുന്ന പള്ളി എന്ന നിലയിൽ എ.ഡി. 1890ൽ തന്റെ പുരയിടത്തിൽ ഒരു പള്ളി (പരപ്പനങ്ങാടിയിലെ ഇപ്പോഴത്തെ മസ്ജിദുൽ മുജാഹിദീൻ) സ്ഥാപിച്ചയാളുമായ പുതിയ ഒറ്റയിൽ കോമുക്കുട്ടിയുമായും നിരന്തരം ബന്ധം സ്ഥാപിക്കാൻ ഈ സന്ദർശനങ്ങൾ അദ്ദേഹം പ്രയോജനപ്പെടുത്തിയിരുന്നു.
(തുടരും)
അവലംബം:
12. ഇസ്ഹാഖലി കല്ലിക്കണ്ടി, മുജാഹിദ് പ്രസ്ഥാനം കേരളത്തിൽ (കെ.എൻ.എം പബ്ലിഷിംഗ് വിംഗ്), പേജ്:269
13. ചന്ദ്രിക ആഴ്ചപ്പതിപ്പ്, 1956 ഫെബ്രുവരി 4, ഉദ്ധരണം: അൽഇത്തിഹാദ്, 1955 ഏപ്രിൽ 1.
14. ചന്ദ്രിക ആഴ്ചപ്പതിപ്പ്, 1956 ഫെബ്രുവരി 4, ഉദ്ധരണം: അൽഇത്തിഹാദ്, 1955 ഏപ്രിൽ 1.
15. കെ.പി കുഞ്ഞിമൂസ, ‘ഇ.കെ.മൗലവി; തുടക്കംഇന്ദുലേഖയിൽനിന്ന്,’ വർത്തമാനം ദിനപത്രം, 2008 ഒക്‌ടോബർ 2.

