മലബാർ സമരം: വർഗീയ വ്യാഖ്യാനത്തിനെതിരെ ഇ.കെ. മൗലവി

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 സെപ്തംബർ 14, 1446 റ. അവ്വൽ 11

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 25)

മലബാർ സമരത്തെ സത്യസന്ധമായി വിലയിരുത്തിയവർ ആ സമരത്തെ ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ ഫലമായി രൂപംകൊണ്ട സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് വിശേഷിപ്പിച്ചത്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ മാപ്പിള കുടിയാന്മാരും തൊഴിലാളികളും ഒരു നൂറ്റാണ്ടുകാലം നടത്തിവന്ന ഐതിഹാസിക പോരാട്ടങ്ങളുടെ തുടർച്ചയാണ് ആ സമരമെന്ന് വിശേഷിപ്പിച്ചവരുമുണ്ട്. മലബാർ സമരത്തിന് ഔദ്യോഗിക ചരിത്രം രചിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് ചുമതലപ്പെടുത്തിയ ഹിച്ച്‌കോക്ക് 1925ൽ ഓദ്യോഗിക ചരിത്രം രചിച്ചപ്പോൾ മലബാർ സമരത്തിന് നൽകിയ പേരുതന്നെ Peasant Revolt in Malabar (മലബാറിലെ കർഷക കലാപം) എന്നായിരുന്നു. ‘വാഗൺ ട്രാജഡി’ക്ക് കാരണക്കാരനായ ഹിച്ച്‌കോക്ക് ആ പുസ്തകത്തിൽ വിശദീകരിച്ച് തുടങ്ങുന്നത് ഇങ്ങനെയാണ്:

“ലഹളയുണ്ടാകാൻ ഹിന്ദുക്കൾ വഹിച്ച പങ്കും അതിൽ പങ്കാളികളാകാത്ത അനേകം മാപ്പിളമാരെയും കണക്കിലെടുക്കുമ്പോൾ അതിനെ മാപ്പിളലഹളയെന്നു പറയുന്നത് ശരിയല്ല.’’(69)

ഹിന്ദുക്കളും മാപ്പിളമാരും തോളോടു തോൾ ചേർന്ന് നടത്തിയ സമരമായിരുന്നു മലബാർ സമരം എന്ന് ഹിച്ച്‌കോക്ക് ഇവിടെ സമർഥിക്കുന്നു. സമരകാലത്തെ ഹിന്ദു-മുസ്‌ലിം ഐക്യവും ഹിച്ച്‌കോക്ക് ഈ രചനയിൽ എടുത്ത് പറയുന്നുണ്ട്. അതേക്കുറിച്ച് ഹിച്ച്‌കോക്ക് നടത്തിയ നിരീക്ഷണം ഇങ്ങനെ വായിക്കാം:

“ഹിന്ദു കുടുംബങ്ങളിലെ സ്വത്തുക്കൾ സംരക്ഷിക്കാൻ ഒരംഗത്തെ നിലനിർത്തിയിട്ട് ബാക്കിയുള്ളവർ സ്ഥലം വിടുന്നത് സാധാരണയായിരുന്നു. ആ സ്ഥലത്തുള്ള കലാപകാരികളിൽനിന്നും അയാൾക്ക് ഉപദ്രവം ഉണ്ടാകുമെന്ന ആശങ്ക അയാൾക്കില്ലായിരുന്നു. മറ്റു സ്ഥലങ്ങളിലെ സംഘങ്ങൾ വരുമ്പോഴായിരുന്നു പ്രശ്‌നങ്ങളുണ്ടായത്. കലാപങ്ങൾക്കിടയിൽ ഏറനാട്ടിൽ കുറ്റകൃത്യങ്ങൾ ഇല്ലായിരുന്നു...(ഗവൺമെന്റ്) ആഞ്ഞടിക്കാൻ ശ്രമിച്ചതാണ് കലാപത്തിന് കാരണം. വാഴക്കാടും കോഴിക്കോട് താലൂക്കിലും സ്ഥലത്തെ ഹിന്ദുക്കൾ പട്ടാളത്തിന്റെ പിറകേ കൂടി. (1921 ഒക്ടോബർ 18 ഓടു കൂടിയാണ് ഈ സംഭവങ്ങൾ ആരംഭിച്ചത്). വളരെയധികം കൊള്ളകൾ നടത്തി. ആ സംഭവം ലഹളക്കാരുമായി ചേരാത്ത മുസ്‌ലിംകളെ വല്ലാതെ ബുദ്ധിമുട്ടിച്ചു. പ്രദേശത്തെ മുഴുവൻ ഇളക്കിമറിക്കാൻ അത് കാരണമായെന്ന് മാത്രമല്ല, പ്രശ്‌നങ്ങൾ പ്രതീക്ഷിച്ചതിൽ കൂടുതൽ സങ്കീർണമാക്കുകയും ചെയ്തു.’’(70)

ആലി മുസ്‌ല്യാരെ വിചാരണ ചെയ്ത പ്രത്യേക കോടതിയിലെ ജഡ്ജി അഭിപ്രായപ്പെട്ടത്: “മതഭ്രാന്തോ കുടിയാൻ പ്രശ്‌നമോ ദാരിദ്ര്യമോ അല്ല ആലിമുസ്‌ല്യാരുടെയും അനുയായികളുടെയും മനസ്സിൽ പ്രവർത്തിച്ചത്. ഖിലാഫത്തും നിസ്സഹകരണ പ്രസ്ഥാനവുമാണ് അവരെ കുറ്റകൃത്യങ്ങൾക്കു പ്രേരിപ്പിച്ചതെന്ന് തെളിവുകൾ സംശയലേശമന്യെ വ്യക്തമാക്കുന്നു.’’(71)

ഹിന്ദു-മുസ്‌ലിം മൈത്രി അതിന്റെ പാരമ്യത്തിലായിരുന്ന കാലത്താണ് തിരൂരങ്ങാടിയിൽ ആഗസ്റ്റ് 20നു ലഹള ഉണ്ടായതെന്നും ബ്രഹ്‌മദത്തൻ നമ്പൂതിരി അനുഭവത്തിൽനിന്നും പറയുന്നു. അത് പഞ്ചാബിലും ചൗരിചൗരയിലും ഉണ്ടായതിനു തുല്യവും.(72)

ഖിലാഫത്ത്, നിസ്സഹകരണ സമരങ്ങളെ മതവും ജാതിയും നോക്കാതെ ജനം എങ്ങനെ സ്വാഗതം ചെയ്തുവെന്നും അതിനെ തകർക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളും വ്യക്തമായി ജില്ലാ മജിസ്‌ട്രേറ്റു കൂടിയായ കലക്ടർ തോമസ് മദ്രാസ് സർക്കാറിന് അയച്ച ദ്വൈവാര റിപ്പോർട്ടുകളിൽനിന്നും മനസ്സിലാക്കാം.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആവേശോജ്വലമായ ഒരു ഏടായിരുന്ന മലബാർ കലാപത്തെ വെറും ‘മാപ്പിള ലഹള’യായി തരംതാഴ്ത്തിയും നിറംമാറ്റിയും അവതരിപ്പിക്കാൻ പലരും ഹീനശ്രമം നടത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഐതിഹാസികമായ ആ സമരത്തിന് നേതൃത്വം നൽകുകയും പിന്നീട് ആ സമരത്തെ തള്ളിപ്പറയുകയും ചെയ്തവരിൽ പ്രമുഖൻ അന്നത്തെ കോൺഗ്രസ് പ്രസിഡന്റായിരുന്ന കെ. മാധവൻ നായരായിരുന്നു. കലാപത്തിന്റെ ഭാഗമായി ഉണ്ടായ ഒറ്റപ്പെട്ട ചില സംഭവങ്ങൾ എടുത്തുകാട്ടി സ്വാതന്ത്ര്യസമരത്തിന്റെ

പ്രോജ്വലമായ ഏടുകളെ പിച്ചിച്ചീന്താനാണ് അദ്ദേഹം ശ്രമിച്ചത്. മലബാർ കലാപത്തിൽ പങ്കെടുക്കുകയും ജന്മിമാരോട് സഹകരിക്കുകയും ചെയ്തവരിൽ പലരും തന്നെ ഇതേ രീതിയിൽ മലബാർ കലാപത്തെ ഇകഴ്ത്താൻ ശ്രമിച്ചതായി കാണാൻ കഴിയും.

കോൺഗ്രസ്സ് പ്രവർത്തനം ഊർജിതമായതോടെ ജന്മി കുടുംബങ്ങളിലെയും നായർ ആഢ്യന്മാരുടെയും മക്കളിൽ പലരും കോൺഗ്രസ്സിലും അതിന്റെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിലും സജീവമായിരുന്നു. അതിന്റെ ഭാഗമായിരുന്നു എം.പി. നാരായണ മേനോൻ, പറമ്പോട്ട് അച്യുതമേനോൻ, വള്ളുവനാട് രാജകുടുംബത്തിലെ ഉണ്ണിക്കുഞ്ചൻ രാജ, മണ്ണാർക്കാട് ഇളയ നായർ, യു. ഗോപാലമേനോൻ, കെ.പി. കേശവമേനോൻ, കെ. മാധവൻ നായർ തുടങ്ങി ജന്മി കുടുംബങ്ങളിൽനിന്നുള്ള ആദ്യകാല കോൺഗ്രസ്സുകാർ. കെ. കേളപ്പൻ, ഇ.എം.എസ്. തുടങ്ങിയവരുടെ രണ്ടാം നിരയും കേൺഗ്രസ്സിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു.

എന്നാൽ, ജന്മിമാർക്കെതിരെ കുടിയാന്മാരെ സംഘടിപ്പിക്കുന്നതും ജന്മിത്തത്തിനെതിരെയുള്ള പോരാട്ടവും കോൺഗ്രസ്സിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ പലർക്കും ഇഷ്ടമായിരുന്നില്ല. കേശവമേനോൻ, മാധവൻ നായർ, ഗോപാലമേനോൻ തുടങ്ങിയവർ ജന്മി തറവാടുകളിൽ ജനിച്ചവരും ജന്മിമാർക്കു വേണ്ടി കുടിയാന്മാർക്കെതിരെ കേസ് നടത്തുന്ന വക്കീൽമാരുമായിരുന്നു. എന്നാൽ ജന്മി തറവാടുകളിൽ പിറക്കുകുയും കുടിയാന്മാർക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്ത മോഴിക്കുന്നത്ത് ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട്, എം.പി. നാരായണ മേനോൻ തുടങ്ങിയ കോൺഗ്രസ് നേതാക്കന്മാരെ മാപ്പിളമാർ അംഗീകരിക്കുകയും അവരുടെ സ്വാധീനഫലമായി മലബാറിലെ മാപ്പിളമാരെല്ലാം തന്നെ കോൺഗ്രസ് അനുകൂലികളാകുകയും ചെയ്തു. ഇവരാകട്ടെ, ജന്മിമാർക്കെതിരെ കുടിയാന്മാരുടെ കേസ് നടത്തുന്നവരുമായിരുന്നു. ജന്മിമാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചവരെല്ലാം തന്നെ മലബാർ കലാപത്തിന്റെ നിറം കെടുത്താൻ ശ്രമിച്ചതായി കാണാൻ കഴിയും. അതുകൊണ്ടുതന്നെ 1921ലെ സ്വാതന്ത്ര്യസമരത്തിനെതിരെ പാറപോലെ ഉറച്ചുനിന്ന ജന്മി-നാടുവാഴിത്തത്തെയും അവരെ സഹായിച്ച കോൺഗ്രസ്സുകാരെയും അംഗീകരിക്കാൻ മാപ്പിളമാർക്കു കഴിഞ്ഞിരുന്നില്ല. കേശവമേനോൻ, മാധവൻ നായർ, ഗോപാലമേനോൻ തുടങ്ങിയവർ അക്കൂട്ടത്തിൽ പെട്ടവരായിരുന്നു. എന്നാൽ മലബാർ സമരരംഗത്ത് ഉറച്ചുനിന്ന നാരായണ മേനോനും മോഴിക്കുന്നനും ‘കലാപ’ത്തിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.

മാധവൻനായർ നായർ മലബാർ സമരക്കാരോട് ചെയ്ത വഞ്ചന ദേശസ്‌നേഹികളിലൊരാൾക്കും മറക്കാനാവില്ല. പൂക്കോട്ടൂർ സമരത്തോടനുബന്ധിച്ച് ക്ഷുഭിതരായ ജനക്കൂട്ടത്തെ ശാന്തരാക്കാൻ അബ്ദുറഹ്‌മാൻ സാഹിബ് നടത്തിയ പ്രസംഗവും മറ്റു ഇടപെടലുകളും ഫലവത്താകാതെ വന്നപ്പോൾ അവിടുത്തെ ജനങ്ങളെ ശാന്തമാക്കാൻ അബ്ദുറഹ്‌മാൻ സാഹിബ്, മാധവൻ നായരെയാണ് ആഗസ്റ്റ് 21 നു തിരൂരങ്ങാടി സംഭവത്തിനു ശേഷം വിശ്വസിച്ച് കൂട്ടിക്കൊണ്ടുപോയത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സമുന്നതനായ ആ നേതാവ് ചെയ്തത് പട്ടാളം മഞ്ചേരിയിലെത്തിയതിന്റെ അടുത്ത ദിവസം സെപ്റ്റംബർ 3ന് അദ്ദേഹത്തിന്റെ അനുയായികളെ ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് കാൽനടയായി പുറപ്പെടുകയായിരുന്നു. അദ്ദേഹത്തെ തിരിച്ചറിഞ്ഞ മാപ്പിളമാർ യാത്ര ചെയ്യാൻ കാളവണ്ടി ഏർപ്പാട് ചെയ്തു കൊടുത്തു. 4ാം തീയതി കോഴിക്കോട്ടെത്തിയ അദ്ദേഹം 5ാം തീയതി കലക്ടറെ കണ്ടു. “കലക്ടറുടെ ആജ്ഞകൾ അനുസരിക്കാമെന്നും ആറു മാസത്തേക്ക് ഏറനാട്ടിൽ യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയില്ലായെന്നും ഉറപ്പെഴുതി കൊടുക്കുക മാത്രമല്ല, മാപ്പിളമാർ ഹിന്ദുക്കളെ ഉപദ്രവിക്കുന്നെന്നും മതം മാറ്റാൻ ശ്രമിക്കുന്നെന്നും പട്ടാളത്തെ അയച്ച് അവരെ അടിച്ചമർത്തണമെന്നും കൂടി എഴുതിക്കൊടുത്തു.’’(73)

മലബാർ സമരത്തെ അടിച്ചമർത്തണമെന്ന ജന്മിമാരുടെ ആഗ്രഹമാണ് മാധവൻ നായർ ഇവിടെ സാധിച്ചുകൊടുത്തത്. മാധവൻ നായർ ഇങ്ങനെ എഴുതിക്കൊടുക്കുന്നതിനു മുമ്പ് ഏതെങ്കിലും വർഗീയ സംഭവങ്ങളുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയെ മോഴിക്കുന്നത്ത് ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട് ഖണ്ഡിക്കുന്നത് ഇങ്ങനെയാണ്:

“ഹിച്ച്‌കോക്ക് മുതൽ മലബാർ കലാപത്തെ പറ്റി എഴുതിയ എല്ലാവരും തന്നെ ഒക്ടോബർ അവസാനം പട്ടാളം വന്ന ശേഷമാണ് ചില വർഗീയ സംഭവങ്ങളുണ്ടായതെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അവാസ്തവമായ കാരണങ്ങളുയർത്തി താനുൾപ്പെടെയുള്ള നേതാക്കൾ വളർത്തിയ പ്രക്ഷോഭം പട്ടാളത്തെ അയച്ച് അടിച്ചമർത്താൻ ഒരു നേതാവുതന്നെ ആവശ്യപ്പെടുന്നതാണ് നാമിവിടെ കാണുന്നത്.’’(74)

മലബാർ സമരത്തിനെതിരെ പാറപോലെ ഉറച്ചുനിന്ന ജന്മി നാടുവാഴിത്തവും അവരെ സഹായിച്ച കോൺഗ്രസുകാരും മാപ്പിളമാരോടു കാണിച്ച ഈ വഞ്ചന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു തന്നെ കാലതാമസമുണ്ടാക്കിയതായി പതിനാലു വർഷത്തെ ജയിൽ വാസത്തിനു ശേഷം 1937ൽ പുറത്തുവന്ന എം.പി. നാരായണ മേനോൻ ‘സ്വരാജ്യം’ വാരികയ്ക്കു നൽകിയ ഒരഭിമുഖത്തിൽ എടുത്തുപറഞ്ഞത് ശ്രദ്ധേയമാണ്.

മലബാർ സമരത്തെ പട്ടാളത്തെ അയച്ച് അടിച്ചമർത്താൻ ആവശ്യപ്പെട്ട മാധവൻ നായർ തന്നെയായിരുന്നു കലാപാനന്തരം മലബാർ കലാപത്തെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ ചരിത്ര വിവരണത്തിന്റെ കർത്താവ്. കലാപം അവസാനിച്ച ഉടൻതന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി ഈ ചരിത്രവിവരണം പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. ഇത് പ്രസിദ്ധപ്പെടുത്തി തുടങ്ങിയത് 1923 ഏപ്രിൽ 28 മുതലായിരുന്നു. സ്വാതന്ത്ര്യ സമര രംഗത്ത് നിസ്സഹകരണ, ഖിലാഫത്ത് പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹം അതിനു നൽകിയ ശീർഷകം ആദ്യത്തിൽ ‘മലയാളത്തിലെ മാപ്പിള ലഹള’ എന്നായിരുന്നു. സമരത്തിന്റെ ഭാഗമായി അദ്ദേഹം സ്വീകരിച്ച നിലപാടുകളിൽനിന്നും ആ വിവരണത്തിന്റെ സ്വീകാര്യത എത്രയായിരിക്കും എന്ന് നമുക്കൂഹിക്കാമല്ലോ. പല കാര്യങ്ങളും സത്യസന്ധമായി അവതരിപ്പിക്കുമ്പോൾതന്നെ മാപ്പിളമാർ ഹിന്ദുവിരുദ്ധരായിരുന്നുവെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത മാധവൻ നായരുടെ ലേഖനത്തിൽ പലയിടത്തും മറനീക്കി പുറത്തുവന്നിരുന്നു.

അദ്ദേഹം എഴുതിയ ലേഖനങ്ങളും അതിനെതിരെ അതേ പത്രത്തിൽ വന്ന പ്രതികരണങ്ങളും അദ്ദേഹം നടത്തിയ കുറ്റസമ്മതങ്ങളും ഒരുമിച്ചു വായിക്കുമ്പോൾ മാത്രമെ ആ ലേഖനത്തിലെ ശരിതെറ്റുകൾ വിലയിരുത്താനാവൂ. ആദ്യ ലേഖനത്തിലെ ആദ്യ ഖണ്ഡികയിൽ തന്നെ മാധവൻ നായർ പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്:

“ഇക്കഴിഞ്ഞ വമ്പിച്ച ലഹളയെപ്പറ്റി ചരിത്രം എഴുതുവാൻ കാലം ആയിട്ടില്ല. ലഹളയുമായി സംബന്ധിച്ചുള്ള പലരുടെയും അദൃഷ്ടം തന്നെ തീർച്ചപ്പെട്ടിട്ടില്ല. വലുതായ ഈ കലാപത്തിന്റെ ഫലമായി ജനസാമാന്യത്തെ അലട്ടുന്ന സ്പർധകൾ ശമിച്ചിട്ടില്ല. നിഷ്പക്ഷമല്ലാത്ത അഭിപ്രായങ്ങളുടെ ശക്തിക്ക് കുറവ് വന്നിട്ടില്ല എന്നു മാത്രമല്ല, ലഹളക്കാലത്ത് നടന്ന സംഭവങ്ങളുടെ സൂക്ഷ്മമായ വിവരം ഇതുവരെ വെളിപ്പെട്ടിട്ടുമില്ല.’’

ഈ മുഖവുരയിൽനിന്നുതന്നെ അദ്ദേഹം എഴുതിയത് സൂക്ഷ്മമായ ഒരു ചരിത്രനിരീക്ഷണമല്ലെന്ന് മനസ്സിലാക്കേണ്ടിവരും. തുടർന്ന് അദ്ദേഹം എഴുതുന്നത് സർക്കാർ ആ കലാപ ചരിത്രമെഴുതാൻ നിയോഗിച്ച ഹിച്ച്‌ഹോക്കിൽ പ്രതീക്ഷ വെച്ചുവെന്നും എന്നാൽ, അയാളത് ചെയ്യാത്തതിനാൽ ആ പ്രതീക്ഷ ഉപേക്ഷിച്ചുവെന്നുമാണ്. എന്നാൽ അദ്ദേഹം ഈ ചരിത്രം എഴുതിയതിനു ശേഷം ഹിച്ച്‌കോക്ക് തന്നെ 1925ൽ Peasant Revolt in Malabar (മലബാറിലെ കർഷക കലാപം) എന്ന പേരിൽ ഔദ്യോഗിക ചരിത്രം രചിച്ചത് മാധവൻ നായർ വിലയിരുത്തിയതായോ അതിനനുസൃതമായി തന്റെ ലേഖനങ്ങളിൽ വന്ന അബന്ധങ്ങൾ തിരുത്തിയതായോ കാണാനാവില്ല. ഒരു പക്ഷേ, അദ്ദേഹത്തിന്റെ അകാലത്തിലുള്ള മരണം അതിനു തടസ്സമായി മാറിക്കാണണം.

പിന്നീട് കോൺഗ്രസ് പ്രസിഡന്റും മദ്രാസ് ഹൈകോടതിയിലെ മുൻ ജഡ്ജിയുമായിരുന്ന തയ്യബ്ജിയെ പാർട്ടി ചുമതലപ്പെടുത്തിയതും അത് നടക്കാതെപോയതും ഒന്നരക്കൊല്ലമായി ഒരന്വേഷണവും നടക്കാത്തതിനാൽ തന്റെ അറിവിലുള്ള കാര്യങ്ങൾ ‘മാതൃഭൂമി’യിൽ എഴുതുന്നത് അനൗചിത്യമായി വരില്ലെന്നും മാധവൻ നായർ പറഞ്ഞുവയ്ക്കുന്നു. തന്റെതായ ചില കേട്ടറിവുകളും ധാരണകളും മാത്രമാണ് തന്റെ ലേഖനത്തിൽ അദ്ദേഹം ഉൾക്കൊള്ളിച്ചത് എന്ന് ഈ വാക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല, ‘ജന്മികളും മാപ്പിളലഹളയും’ എന്ന തന്റെ ലേഖനം തെറ്റിദ്ധാരണകൾ ഉണ്ടാക്കിയെന്നു മാധവൻനായർ സമ്മതിക്കുകയും ചെയ്യുന്നു.

മാധവൻ നായർ ഈ ലേഖനം എഴുതുവാൻ തുനിയുന്നത്, ‘മലബാർ ഇസ്‌ലാമി’ന്റെ പോർവിളിയും ചിലരുടെ അപേക്ഷയും പരിഗണിച്ചാണ് എന്നുകൂടി മുഖവുരയിൽ പറയുന്നു. ഇത് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പലയിടത്തും നിഷ്പക്ഷമാകാൻ സാധ്യതയില്ലെന്ന നിഗമനത്തിലെത്താൻ ഉപകരിക്കുന്നതാണ്. കൂടുതൽ കാലം അദ്ദേഹത്തിനു ജീവിക്കാൻ സാധിച്ചിരുന്നുവെങ്കിൽ ‘ജന്മികളും മാപ്പിളലഹളയും’ എന്ന ലേഖനത്തിൽ വന്ന അബദ്ധങ്ങൾ തിരുത്തിയതുപോലെ മലബാർ കലാപത്തെക്കുറിച്ചുള്ള നിഷ്പക്ഷമല്ലാത്ത പല നിരീക്ഷണങ്ങളും തിരുത്തുവാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നു.

മാതൃഭൂമി പത്രം കെ. മാധവൻ നായരുടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾതന്നെ ഈ ലേഖനപരമ്പരയിലെ ഗുരുതരമായ ചരിത്രാബദ്ധങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ട് ഇ.കെ മൗലവി സാഹിബ് ചില വിയോജനക്കുറിപ്പുകൾ അൽ അമീൻ, മാതൃഭൂമി എന്നീ പത്രങ്ങളിൽ എഴുതിയിരുന്നു. മാതൃഭൂമിയിലെ മൗലവിയുടെ ലേഖനങ്ങളെക്കുറിച്ചുള്ള മാധവൻ നായരുടെ വിശദീകരണം അതേ പത്രത്തിൽ തുടർന്നു കൊടുക്കുകയും ചെയ്തിരുന്നു.


അവലംബം:

69. ഹിച്ച്‌കോക്ക്, Peasant Revolt in Malabar, പേജ് 3.

70. ഹിച്ച്‌കോക്ക്, Peasant Revolt in Malabar, പേജ് 152-178.

71. ടോട്ടൻഹാം, Mappila Rebellion, പേജ് 42.

72. മോഴിക്കുന്നത്ത് ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട്, ഖിലാഫത്ത് സ്മരണകൾ പേജ് 61.

73. Exhibit No.3 Case 1280/1922, Madras High Court records, ഉദ്ധരിച്ചത്, എം.പി.എസ്.മേനോൻ, മലബാർ കലാപം, പേജ് 168.

74. മോഴിക്കുന്നത്ത് ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട്, ഖിലാഫത്ത് സ്മരണകൾ, പേജ് 58.

(തുടരും)