ഇ.കെ.മൗലവിയും മുസ്‌ലിം ലീഗും 3

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 ഒക്ടോബർ 05, 1446 റ. ആഖിർ 02

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 28)

മുസ്‌ലിം ലീഗ് നിലനിൽക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ടും ലീഗിനെ വിമർശിക്കുന്നവർക്ക് മറുപടി നൽകിക്കൊണ്ടും 1954 ഏപ്രിൽ 10ന് ഇ.കെ.മൗലവി ചന്ദ്രികയിൽ എഴുതിയ ലേഖനം:

മുസ്‌ലിം ലീഗ് നിലനിൽക്കണമോ?

“ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് നിലനിൽക്കണമോ വേണ്ടയോ എന്നത് ഇന്നത്തെ പ്രധാന പ്രശ്‌നമാണ്. ഒരു രാഷ്ട്രീയ സംഘടനയെന്ന നിലയിൽ മുസ്‌ലിം ലീഗ് ആവശ്യമില്ലെന്നാണ് മുസ്‌ലിംകളിൽ തന്നെ ഒരു പക്ഷത്തിന്റെ വാദം. സാമുദായികവും സാംസ്‌കാരികവുമായ വിഷയങ്ങളിൽ മാത്രം പ്രവർത്തിക്കുന്നതിനായി മുസ്‌ലിം ലീഗ് നിലനിർത്തിപ്പോരുകയാണെങ്കിൽ അതിനു നമുക്ക് വിരോധമില്ല. മുസ്‌ലിംകൾക്ക് ഇന്നത്തെ ഇതര രാഷ്ട്രീയസംഘടനകളിൽ ഏതെങ്കിലും ഒന്നിൽ ചേർന്ന് ഇതുപോലെ പ്രവർത്തിക്കാമെന്നാണ് ഇവർ പറയുന്നത്. ഒരു രാഷ്ട്രീയ സംഘടനയെന്ന നിലയ്ക്ക് മുസ്‌ലിം ലീഗിന് നിലനിൽക്കാൻ തന്നെ പാടില്ലെന്നാണ് ഇന്ത്യൻ യൂനിയനിലെ മുസ്‌ലിം സംഘടനകളുടെയും നേതാക്കളുടെയും ഉറച്ച വാദം. കാരണം, ഒരു മതത്തിൽ വിശ്വസിക്കുന്ന സമുദായം ഒരു രാഷ്ട്രീയ സംഘടനയെന്ന നിലയിൽ നിലകൊള്ളുന്നത് വർഗീയതയാണ്. വർഗീയത ദേശീയതയ്ക്ക് എതിരാണ്. മതേതരത്വത്തിന് എതിരാണ്. മതേതര രാഷ്ട്രത്തിൽ അത് അനുവദനീയമല്ല. മറ്റൊരു കാരണം; മുസ്‌ലിം ലീഗ് പാകിസ്താനു വേണ്ടി വാദിച്ചിരുന്ന ഒരു സംഘടനയാണ്. അതും കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി അതിന് നിലനിൽക്കാൻ അർഹതയില്ല. ഇതൊക്കെയാണ് മുസ്‌ലിം ലീഗ് വിരോധികളുടെ വാദങ്ങൾ.

ഇനി നമുക്ക് ഇവയിൽ ഓരോന്നിനെപ്പറ്റിയും ചർച്ച ചെയ്യാം. ഇന്ത്യൻ യൂനിയനിലെ ന്യൂനപക്ഷങ്ങളുടെ മതവും സംസ്‌കാരവും ഭാഷയും സുരക്ഷിതമാണെന്നും ഇന്ത്യൻ യൂനിയനിൽ ഏതൊരു കക്ഷിക്കും സംഘടനാ സ്വാതന്ത്ര്യമുണ്ടെന്നും ഇന്നു നിലവിലുള്ള ഭരണഘടനയിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്. ഈ വസ്തുത ആരും നിഷേധിക്കുന്നുമില്ല. ഇന്ത്യൻ യൂനിയനിലെ മുസ്‌ലിംകളാകട്ടെ, പ്രബലമായ ഒരു മതന്യൂനപക്ഷമാണുതാനും. അവർക്കൊരു മതമുണ്ട്, സംസ്‌കാരമുണ്ട്, ഭാഷയുണ്ട്. അവയെ സംരക്ഷിക്കാൻ കടപ്പെട്ടവരാണവർ. അതൊക്കെ മറ്റുള്ളവർ താനേ അറിഞ്ഞും മനസ്സിലാക്കിയും സൗജന്യമായി സംരക്ഷിക്കേണ്ട സംഗതികളല്ല. അവയെപ്പറ്റി ചിന്തിക്കുകയും ആലോചിക്കുകയും അവ അപ്പപ്പോൾ ഗവൺമെന്റിന്റെ ദൃഷ്ടിയിൽ കൊണ്ടുവരുകയും പരിഹാരം തേടുകയും ചെയ്യാൻ കടപ്പെട്ടവർ മുസ്‌ലിംകൾ തന്നെയാണ്. ഈ വക സംഗതികൾ മുസ്‌ലിംകളിൽ ആരെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അത് സമുദായത്തിന് ബാധകമല്ല എന്നല്ല, സമുദായത്തിന്റെ പേരിൽ വ്യക്തികൾ സ്വന്തം നിലയിൽ സംസാരിക്കുന്നതായാൽ അത് വിലപ്പോവുകയില്ല.

അതുകൊണ്ട് മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നവർ തന്നെ അവയെപ്പറ്റി സംസാരിക്കുകയും പ്രവർത്തിക്കുകയും വേണം. ഇത് സംഘടന കൂടാതെ സാധ്യമല്ല. അത് രാഷ്ട്രീയ സ്വഭാവത്തോടുകൂടിയ സംഘടനയായിരിക്കുകയും വേണം. അങ്ങനെയുള്ള ഒരു സംഘടനയ്ക്ക് മാത്രമേ തങ്ങളുടെ അവശതകളെയും അവകാശങ്ങളെയും ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരം കാണാനും സാധിക്കുകയുള്ളൂ. മാത്രമല്ല, അസംബ്ലികളിലും കൗൺസിലുകളിലും അവരുടെ പ്രതിനിധികൾ ഉണ്ടായിരിക്കുകയും വേണം. കാരണം, മുസ്‌ലിംകളുടെ മതത്തെയോ സംസ്‌കാരത്തെയോ ഭാഷയെയോ ബാധിക്കുന്ന സംഗതികൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്താൻ അവരുടെ പ്രതിനിധി ഉണ്ടെങ്കിലേ സാധിക്കുകയുള്ളൂ. ഒരു കോൺഗ്രസ് മുസ്‌ലിമോ സോഷ്യലിസ്റ്റ് മുസ്‌ലിമോ അസംബ്ലിയിലോ കൗൺസിലിലോ ഉണ്ടായാൽതന്നെ അദ്ദേഹം സമുദായത്തിന്റെ വക്താവല്ല, കോൺഗ്രസിന്റെയോ സോഷ്യലിസ്റ്റ് പാർട്ടിയുടെയോ വക്താവാണ്. അയാൾ സമുദായത്തെപ്പറ്റി സംസാരിച്ചാൽ തന്നെ അതിനൊരു പരിമിതിയുണ്ട്. അതിനപ്പുറം കടന്നു സംസാരിക്കാൻ അവകാശമില്ല. സമുദായത്തിന്റെ പ്രാതിനിധ്യവും അയാൾക്കില്ല. അതുകൊണ്ട് മുസ്‌ലിംകൾക്ക് ഒരു പ്രത്യേക സംഘടന ഉണ്ടായിരിക്കേണ്ടതാണെന്നും അത് രാഷ്ട്രീയ സ്വഭാവത്തോടുകൂടിയായിരിക്കേണ്ടതാണെന്നും വ്യക്തമാണ്. അത്തരം ഒരു സംഘടന ഉണ്ടാവുന്നതിന് ഇന്നത്തെ ഭരണഘടന എതിരല്ലതാനും.

എന്നാൽ അത് മുസ്‌ലിം ലീഗ് തന്നെയായിരിക്കണം എന്നെന്താണ്, മറ്റേതെങ്കിലും പേരിൽ ആയിക്കൂടേ എന്ന് പലർക്കും അഭിപ്രായമുണ്ട്. അതിനവർ പറയുന്ന കാരണം ഞാൻ മുമ്പ് പ്രസ്താവിച്ച പ്രകാരം അത് പാകിസ്താനിനുവേണ്ടിയുള്ള ഒരു സംഘടനയായിരുന്നുവെന്നതാണ്. പാകിസ്താൻ സ്ഥാപിച്ച ശേഷവും അതിനു നിലനിൽക്കാൻ അവകാശമില്ലെന്നുമാണ്. അതിനു പുറമെ ഇന്ത്യ വിഭജിക്കാൻ തന്നെ ഇടയാക്കിയത് മുസ്‌ലിം ലീഗാണ്. അതുകൊണ്ടും അതിന് നിലനിൽക്കാൻ അനുവദിച്ചുകൂടെന്നാണ്. വാസ്തവത്തിൽ ഈ വാദം അടിസ്ഥാനരഹിതമാണ്. 1906ലാണ് മുസ്‌ലിം ലീഗ് സ്ഥാപിതമായത്. അന്നുമുതൽ ഇന്നേവരെ മുസ്‌ലിം ലീഗിന്റെ ഉദ്ദേശ്യവും ലക്ഷ്യവും മുസ്‌ലിംകളുടെ രാഷ്ട്രീയവും സാമുദായികവും സാംസ്‌കാരികവുമായ നില സംരക്ഷിക്കുകയെന്നതാണ്. അതേ അവസരത്തിൽതന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഇതര സാമുദായിക സംഘടനകളേക്കാൾ കൂടുതലായി പോരാടിയിട്ടുണ്ട്. അവസാനം സ്വാതന്ത്ര്യലബ്ധിക്ക് കീറാമുട്ടിയായി വിലങ്ങടിച്ചു നിന്നത് കോൺഗ്രസിനും മുസ്‌ലിംലീഗിനും യോജിച്ചുകൊണ്ടുള്ള ഒരു ഭരണപദ്ധതി തയ്യാറാക്കാൻ സാധിച്ചില്ലെന്നതാണ്.

1940ൽ ഈ വിഷമപ്രശ്‌നത്തിന് ഒരു പരിഹാരമെന്ന നിലയിൽ മുസ്‌ലിം ലീഗ് കണ്ടുപിടിച്ച ഒരു പദ്ധതിയാണ് വിഭജനം. ആദ്യത്തിൽ കോൺഗ്രസ് അതിനു വിസമ്മതിച്ചെങ്കിലും മറ്റു പോംവഴിയൊന്നും കാണാതെ വന്നതുകൊണ്ട് കോൺഗ്രസ് അത് സമ്മതിക്കുകയും ചെയ്തു. മറ്റൊരു ഭാഷയിൽ പറയുകയാണെങ്കിൽ വിഭജന പദ്ധതി ഉന്നയിച്ചത് ലീഗും അത് നടപ്പിൽ വരുത്തിയത് മുസ്‌ലിംലീഗും കോൺഗ്രസും യോജിച്ചുകൊണ്ടുമാണ്. ഇതിൽനിന്ന് നമുക്ക് മനസ്സിലാക്കാം മുസ്‌ലിം ലീഗ് പാകിസ്താനു വേണ്ടി സ്ഥാപിതമായ ഒരു സംഘടനയല്ലെന്ന്.  മുസ്‌ലിം ലീഗ് എന്തിന് ഉയിരെടുത്തുവോ ആ കാരണം അന്നത്തേതിലധികം ഇന്ന് നിലവിലുണ്ട്. വേണമെങ്കിൽ ഈ അഭിപ്രായം കോൺഗ്രസിനെപ്പറ്റിയും പറയാം. അതായത് ഇന്ത്യയുടെ സ്വാതന്ത്ര്യ സമ്പാദനത്തിനായി പോരാടിക്കൊണ്ടിരുന്ന ഒരു സംഘടനയാണ് കോൺഗ്രസ്. അത് കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി കോൺഗ്രസിനെ വെച്ചു വളർത്തേണ്ടതില്ല. ഈ അഭിപ്രായം ഒരവസരത്തിൽ ഗാന്ധിജിതന്നെ സൂചിപ്പിച്ചിട്ടുണ്ട്. പ്രസംഗവശാൽ ഇത്രയും പറഞ്ഞുവെന്നേയുള്ളൂ. കോൺഗ്രസ് പിരിച്ചുവിട്ടു തൽസ്ഥാനത്ത് മറ്റൊരു രാഷ്ട്രീയ സംഘടന ഉണ്ടാക്കണമെന്ന അഭിപ്രായം എനിക്കില്ല.

മുസ്‌ലിം ലീഗ് ഒരു ആപൽക്കാരിയായ സംഘടനയാണോ എന്ന് വിഭജനാനന്തരം ഇതഃപര്യന്തമുള്ള പ്രവർത്തനങ്ങളിൽനിന്നു മനസ്സിലാക്കാവുന്നതാണ്. മുസ്‌ലിം ലീഗിനു യൂനിയൻ ഗവൺമെന്റിനോടല്ല, പാകിസ്താൻ ഗവൺമെന്റിനോടാണ് കൂറെന്ന് തെളിയിക്കുന്ന ഒരൊറ്റ സംഭവം പോലും എടുത്തുകാണിക്കാൻ സാധിക്കില്ല. ഹൈദരാബാദ് സംഭവകാലത്ത് പലരെയും അറസ്റ്റ് ചെയ്തു തടവിൽ താമസിപ്പിച്ചു. പക്ഷേ, ആരുടെ പേരിലും കുറ്റമൊന്നും ചുമത്താനുണ്ടായില്ല. കാരണം, അവർ കുറ്റമൊന്നും ചെയ്തില്ല. ഉള്ളിലുള്ളത് പറയും, പറയുന്നതനുസരിച്ച് പ്രവർത്തിക്കും. ഇതാണ് മുസ്‌ലിംലീഗിന്റെ നില. മുസ്‌ലിം ലീഗ് ഇന്ത്യൻ യൂനിയന്റെ ശത്രുവല്ല. ഈ വസ്തുത ഇന്ത്യയുടെ രാജാജി ഗവൺമെന്റുമായുള്ള സഹകരണം കൊണ്ട് മുസ്‌ലിം ലീഗ് തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണെങ്കിൽ മുസ്‌ലിംകൾ എന്തുകൊണ്ട് കോൺഗ്രസിൽ നിന്നുകൊണ്ട് യോജിച്ചു പ്രവർത്തിക്കുന്നില്ല എന്നൊരു ചോദ്യം ഇവിടെ ഉദ്ഭവിക്കുന്നുണ്ട്. ഇതിനുള്ള മറുപടി ഞാൻ മുമ്പു പറഞ്ഞുകഴിഞ്ഞതാണ്. അതായത്, സമുദായത്തിന്റെ വക്താവായിരിക്കുന്നതുകൊണ്ടല്ലാതെ കോൺഗ്രസിന്റെ വക്താവായിരിക്കുന്നതുകൊണ്ട് ഗുണമൊന്നുമില്ല. മുസ്‌ലിം ലീഗിനോടുള്ള ചില നേതാക്കളുടെ അറപ്പും വെറുപ്പും നിർത്തിവെച്ച് ഇനിയുണ്ടാകാനിടയുള്ള തിരഞ്ഞെടുപ്പുകളിലും പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ വേണമെങ്കിൽ ഒരുമിച്ച് പ്രവർത്തിക്കാം.

ഏതായാലും മുസ്‌ലിം ലീഗിന്റെ നിലനിൽപ് രാഷ്ട്രീയത്തിനും ഇന്ത്യാരാജ്യം ഭരിക്കുന്ന കോൺഗ്രസിനുതന്നെയും രക്ഷയാണെന്ന് അവധാനപൂർവം ചിന്തിക്കുന്ന ഏതൊരാൾക്കും നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്. ഇന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തടയാൻ കെൽപുള്ള ഒരു ശക്തിയാണ് മുസ്‌ലിംലീഗ്. അടുത്ത കാലത്തെ തിരു-കൊച്ചി തിരഞ്ഞെടുപ്പ് തന്നെ ഇതിനു മതിയായ തെളിവാണ്. തിരു-കൊച്ചിയിലെ മുസ്‌ലിംലീഗ് രാഷ്ട്രീയ സ്വഭാവം ഉപേക്ഷിച്ചു മുസ്‌ലിം യുവാക്കളെ അനാഥകളാക്കി അലയാൻ വിട്ടതിന്റെ ഫലമായിട്ടാണ് കോൺഗ്രസിന് ഇന്ന് ഒരു മന്ത്രിസഭ രൂപീകരിക്കാൻ സാധിക്കാത്ത നില വന്നത്. ഇന്ന് രാജാജി മന്ത്രിസഭയ്ക്ക് മുസ്‌ലിം ലീഗ് എംഎൽ എമാർ എത്രകണ്ട് സഹായകമായിത്തീർന്നിട്ടുണ്ടെന്നുള്ള വസ്തുത ആരുതന്നെ നിഷേധിച്ചാലും ദൈവവിശ്വാസമുള്ള രാജാജി അതു നിഷേധിക്കുമെന്ന് തോന്നുന്നില്ല. മലബാറിൽ തെരഞ്ഞെടുപ്പിലുണ്ടായ കോൺഗ്രസിന്റെ പരാജയത്തിനു കാരണം തന്നെ മുസ്‌ലിം ലീഗിനെ ഒരു അസ്പൃശ്യ വസ്തുവായി ഗണിച്ചതിന്റെ ഫലമാണെന്ന് പിന്നീടെങ്കിലും ചില കോൺഗ്രസ്സുകാർ മനസ്സിലാക്കിയുണ്ടെന്നത് ഒരു പരമാർത്ഥം തന്നെയാണ്.

മുസ്‌ലിം ലീഗിന്റെ പേരു കേൾക്കുമ്പോൾ ചിലർക്ക് ഹാലിളകുന്നു. ചിലർ അമ്പരക്കുന്നു. എന്താണ്? ഇന്ത്യൻ യൂനിയനിൽ നാലര കോടി മാത്രം ജനസംഖ്യയുള്ള മുസ്‌ലിംകൾ ഭരണം കൈക്കലാക്കിക്കളയുമെന്നാണോ ഇക്കൂട്ടർ ഭയപ്പെടുന്നത്? അത് സംഭവ്യമല്ല തന്നെ. ഏതായാലും മുസ്‌ലിംകളുടെ കാര്യം പറയാൻ മുസ്‌ലിം ലീഗ് കൂടിയേ മതിയാവൂ. അതിനുവേണ്ടി മുസ്‌ലിം ലീഗ് നിലനിൽക്കണം, നിലനിർത്തണം. ആർക്കും അതിൽ കണ്ണുകടി വേണ്ട’’ (ചന്ദ്രിക ആഴ്ചപ്പതിപ്പ്, പുസ്തകം 4, ലക്കം 34, 1954 ഏപ്രിൽ 10).

വിഭജനാനന്തരം ശൂന്യതയിലകപ്പെട്ടിരുന്ന മുസ്‌ലിം സമുദായത്തിന് മുസ്‌ലിം ലീഗ് ഒരു അത്താണിയായി മാറി. കെ.എം. മൗലവിയുടെയും ഇ.കെ മൗലവിയുടെയും ചിന്തകൾ ലീഗിനെ നിലനിർത്തുന്നതിൽ മുഖ്യ

പങ്കു വഹിച്ചതായി കാണാവുന്നതാണ്. കോൺഗ്രസിൽ അടിയുറച്ചു നിന്നിരുന്ന സീതിസാഹിബ് ലീഗിലെത്തിയത് ലീഗിന് കൂടുതൽ കരുത്ത് പകർന്നു. കെ.എം.മൗലവിയും ഇ.കെ.മൗലവിയും ചേർന്നാണ് സീതി സാഹിബിനെ ലീഗിലേക്ക് കൊണ്ടുവന്നത് എന്നു നാം നേരത്തെ പരാമർശിച്ചല്ലോ. എന്തു കാര്യങ്ങളും പരസ്പരം കൂടിയാലോചിച്ചുമാത്രം തീരുമാനിച്ചിരുന്ന ത്രിമൂർത്തികളായാണ് മൂവരെയും കാലം അടയാളപ്പെടുത്തിയത്. പ്രശസ്ത ചരിത്രകാരനായ കെ.കെ. മുഹമ്മദ് അബ്ദുൽ കരീം തന്റെ കെ.എം.മൗലവി സാഹിബ് എന്ന ഗ്രന്ഥത്തിൽ എഴുതിയത് കാണുക:

“കെ. എം. മൗലവി സാഹിബിന്റെ രാഷ്ട്രീയ-സാമൂഹിക പ്രവത്തനങ്ങളിലാകമാനം കെ. എം. സീതി സാഹിബും ജ: ഇ.കെ.മൗലവി സാഹിബും വലിയ പങ്ക് വഹിച്ചിരുന്നു. നീണ്ട അമ്പത് വർഷകാലങ്ങളോളം അവർ കേരള മുസ്‌ലിം നവോദ്ധാരണ ഭാഗധേയരംഗത്ത് ശ്രദ്ധേയങ്ങളായ സംഭാവനകളർപ്പിച്ചിട്ടുണ്ട്. അവർ മൂന്നു പേരും മത-രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ കൂട്ടായി പ്രവത്തിച്ചു. അവർക്കിടയിൽ യാതൊരു ഭിന്നിപ്പും പ്രകടമായി കണ്ടിട്ടില്ല ഒരവസരത്തിലും. സീതിസാഹിബ് ഏതൊരു പ്രശ്‌നം അഭിമുഖീകരിക്കുമ്പോഴും ജ:കെ.എം.മൗലവി, ജ:ഇ.കെ.മൗലവി മുതലായവരുമായി കൂടിയാലോചന നടത്തിയിരുന്നു. പുതിയ ഏതൊരു പ്രവർത്തനത്തിന്നു സന്നദ്ധരാകുമ്പോഴും ഈ മൗലവിമാർ ഇരുവരും ജ: സീതി സാഹിബിന്റെ അഭിപ്രായം ആരായുക പതിവായിരുന്നു.’’

മുസ്‌ലിം ലീഗിലെത്തിയതോടെ സീതിസാഹിബ് സംഘടനയുടെ അമരത്തെത്തുകയും പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയും ചെയ്തു. എന്നാൽ ഇ.കെ.മൗലവിയാകട്ടെ, രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചപ്പോഴും തനതായ കർമവിശുദ്ധിയോടെ മതരംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചടുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

(തുടരും)