കൊടുങ്ങല്ലൂരിൽ ഇ.കെ. മൗലവി സൃഷ്ടിച്ച വിദ്യാഭ്യാസ വിപ്ലവം

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 ഏപ്രിൽ 20, 1445 ശവ്വാൽ 11

ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 5

കൊച്ചി സംസ്ഥാനത്തിലെ കൊടുങ്ങല്ലൂരിൽ ആധുനിക രീതിയിലുള്ള ഒരു മദ്‌റസ സ്ഥാപിച്ച് മതവിദ്യാഭ്യാസരംഗം പരിപോഷിപ്പിക്കുക എന്നതായായിരുന്നല്ലോ ചാലിലകത്ത് ഇ.കെ.മൗലവിയെ ഏൽപിച്ച ദൗത്യം. ചാലിലകത്തിന്റെ കൂടെ താമസിച്ച് പഠനം തുടരാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെങ്കിലും ചാലിലകത്ത് ആജ്ഞാപിച്ചതനുസരിച്ച് കൊടുങ്ങല്ലൂരിൽ തന്നെ താമസമാക്കാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു. ഇക്കാലയളവിൽ ചാലിലകത്ത് എൽപിച്ച ആ ദൗത്യം നിറവേറ്റുന്നതിൽ ഇ.കെ.മൗലവി അഹോരാത്രം അധ്വാനിച്ചു.

1919ൽ കൊടുങ്ങല്ലൂരിലെത്തിയ ഇ.കെ.മൗലവി 1947 വരെ കൊച്ചി സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിൽ മത, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിൽ വിപ്ലവകരമായ പ്രവർത്തനങ്ങൾ നടത്തി. ഇക്കാലത്തെ അദ്ദേഹത്തിന്റെ ജീവിതവും

പ്രവർത്തനങ്ങളും കൊടുങ്ങല്ലൂരിന്റെയും പരിസര പ്രദേശങ്ങളുടെയും സാമൂഹിക-വിദ്യാഭ്യാസ ചരിത്രത്തിലെ അവിസ്മരണീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ഉണ്ടെങ്കിലേ സമൂഹം അഭിവൃദ്ധിപ്പെടൂ എന്നും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്യാനാവൂ എന്നും ഇ.കെ.മൗലവി ഉറച്ചുവിശ്വസിച്ചു. ഭൗതിക വിദ്യാഭ്യാസത്തിനായി ശൈഖ് മാഹിൻ ഹമദാനി തങ്ങളുടെ പ്രേരണയാൽ 1909ൽ സീതി മുഹമ്മദ് സാഹിബ് സ്ഥാപിച്ച ഒരു വിദ്യാലയം കൊടുങ്ങല്ലൂരിലുണ്ടായിരുന്നു. സമുദായത്തിലെ ചുരുക്കം പേരെങ്കിലും ആ സ്ഥാപനത്തിൽനിന്നും ഭൗതിക വിദ്യാഭ്യാസം നേടിയിരുന്നു. എന്നാൽ മതവിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനു വേറെ സംവിധാനങ്ങളൊന്നുംതന്നെ അക്കാലത്ത് കൊടുങ്ങല്ലുരിലുണ്ടായിരുന്നില്ല. കൊടുങ്ങല്ലൂരിലെ കുടുംബങ്ങളെല്ലാംതന്നെ മതചിട്ടകൾ പുലർത്തുന്നവരായിരുന്നെങ്കിലും മതപരമായ ജ്ഞാനം നേടിയവർ വളരെ കുറവായിരുന്നു.

ഇ.കെ.മൗലവിയുടെ വരവോടെ രംഗം മാറി. അദ്ദേഹത്തിന്റെ മഹനീയ നേതൃത്വവും മാർഗനിർദേശവും അവരെ ഫലപ്രദമായ മതപഠനത്തിനുള്ള നൂതന മാർഗങ്ങൾ ആവിഷ്‌കരിക്കാൻ പ്രേരിപ്പിച്ചു. ശാസ്ത്രീയ രീതിയിലുള്ള മതപഠനത്തിനായി അഴീക്കോട്ട് മുസ്‌ലിം വിദ്യാർഥികൾക്കായി അദ്ദേഹം ഒരു മദ്‌റസയും മുതിർന്നവർക്കായി ജുമുഅത്ത് പള്ളിയിൽ ഒരു ദർസും ആരംഭിച്ചു. കേരള മുസ്‌ലിം സമൂഹത്തെ നവോത്ഥാനത്തിലേക്കു നയിക്കുന്നതിന്റെ ആദ്യചുവടുകളായിരുന്നു അത്. സമുദായോദ്ധാരണത്തിനു വേണ്ടിയുള്ള ഇ.കെ.മൗലവിയുടെ ഈ ഉദ്യമങ്ങളെ അനുകരിച്ച് ഏറിയാടിനടുത്ത പല പ്രദേശങ്ങളിലും ഇത്തരം സംരംഭങ്ങൾ ഉടലെടുത്തു. മതപഠനത്തിന്റെ അപരിഷ്‌കൃതവും പരമ്പരാഗതവുമായ രീതികൾക്കു പകരം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി നിർദേശിച്ചതു പ്രകാരമുള്ള മദ്‌റസകൾ കൊടുങ്ങല്ലൂർ പ്രദേശത്ത് ഉയർന്നുവരാൻ ഇ.കെ.മൗലവിയുടെ പ്രവർത്തനങ്ങൾ സഹായകമായി. അതിനെക്കുറിച്ച് പ്രൊഫ.യു.മുഹമ്മദ് എഴുതിയത് ഇപ്രകാരമാണ്:

“അശാസ്ത്രീയവും അപാകത നിറഞ്ഞതുമായ ദർസ് വിദ്യാഭ്യാസ സമ്പ്രദായമാണ് ദശകങ്ങളായി കേരളത്തിൽ തുടർന്നുവന്നത്. ദർസ് സമ്പ്രദായത്തിൽ മാറ്റങ്ങൾ ആവശ്യമാണെന്ന് പുരോഗമനാശയക്കാരായ പണ്ഡിതൻമാർ മനസ്സിലാക്കുകയും ഈ നേതാക്കളുടെ ശ്രമഫലമായി ആധുനിക പാഠ്യക്രമത്തോടും നൂതനമായ ബോധനരീതികളോടും കൂടി മദ്‌റസകൾ സ്ഥാപിക്കപ്പെടുകയും ചെയ്തു. മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (ഹിജ്‌റ 1283-1338), കെ.എം.മൗലവി, ഇ.കെ.മൗലവി തുടങ്ങിയവരാണ് മദ്‌റസാവിദ്യാഭ്യാസത്തിന്റെ പ്രയോക്താക്കൾ.’’(19)

മദ്‌റസ-ദർസ് പഠനങ്ങൾ ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായി പാഠഭാഗങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും പാഠ്യക്രമത്തിന്റെ ഭാഗമാക്കാൻ ഇ.കെ.മൗലവി ശ്രമിച്ചു. ഇതിനായി ആരോഗ്യ-കായിക പരിശീലനങ്ങളും അദ്ദേഹം മദ്‌റസ പഠനത്തിന്റെയും ദർസ് പഠനത്തിന്റെയും ഭാഗമാക്കി. ദർസുകളിൽ ഓതിപ്പഠിച്ചിരുന്ന മുസ്‌ല്യാക്കന്മാർ ചൊറിപിടിച്ചു ആരോഗ്യം നശിച്ചവരാകുന്നത് ദേഹാധ്വാനമില്ലാത്തതുകൊണ്ടാണെന്നായിരുന്നു ഇ.കെ.മൗലവിയുടെ കണ്ടുപിടുത്തം. ഇതിൽനിന്നും മോചനം ലഭിക്കാൻ ചില പൊടിക്കൈകൾ അദ്ദേഹം പ്രയോഗിച്ചിരുന്നു. കൊടുങ്ങല്ലൂരിൽ മദ്‌റസയും ദർസും തുടങ്ങിയപ്പോൾ കുട്ടികൾക്ക് ഏർപ്പെടുത്തിയിരുന്ന ബാറ്റ്മിന്റൺ കളി ദർസിലെ വിദ്യാർഥികൾക്ക് കൂടി അദ്ദേഹം നിർബന്ധമാക്കി. ശാരീരികാധ്വാനംകൊണ്ടേ ആരോഗ്യം നന്നാകൂ എന്ന സന്ദേശം പ്രചരിപ്പിക്കുക കൂടിയായിരുന്നു അദ്ദേഹം. ചിരങ്ങും ചൊറിയുമില്ലാത്ത, ആരോഗ്യമുള്ള ഒരു ദർസ്ജീവിതം പഠിതാക്കൾക്ക് സമ്മാനിക്കാനുള്ള അദ്ദേഹത്തിന്റെ യജ്ഞം വിജയിക്കുകയും ചെയ്തു.

ദർസ് പഠനം ശാസ്ത്രീയമായതും കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും പുതിയ മദ്‌റസകൾ ഉയർന്നുവന്നതും ആ പ്രദേശത്തുകാരിൽ മതപരമായ ഉണർവുണ്ടാക്കി. എന്നാൽ സമൂഹം ഉയരണമെങ്കിൽ ഭൗതികവിദ്യാഭ്യാസം കൂടിയേതീരൂ എന്നതായിരുന്നു മൗലവിയുടെ നിലപാട്. 1909ൽ സീതി മുഹമ്മദ് സാഹിബ് സ്ഥാപിച്ച വിദ്യാലയത്തിൽ പഠനം നടത്തിയിരുന്നവർ വളരെ കുറവായിരുന്നു. കെ.എം.സീതിസാഹിബ്, മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് തുടങ്ങിയ നവോത്ഥാന നായകർ ഈ സ്ഥാപനത്തിന്റെ സന്തതികളായിരുന്നുവെങ്കിലും പൊതുവിൽ ആ പ്രദേശത്ത് ഭൗതികവിദ്യാഭ്യാസ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധപതിപ്പിച്ചവർ അംഗുലീപരിമിതമായിരുന്നു.

ഭൗതികവിദ്യാഭ്യാസത്തെ നിരുൽസാഹപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് അക്കാലത്ത് യാഥാസ്ഥിതിക പൗരോഹിത്യം നടത്തിക്കൊണ്ടിരുന്നത്. ഇതു മറികടക്കാൻ മദ്‌റസകളിൽ പഠിക്കുന്ന കുട്ടികളെയെല്ലാം സ്‌കൂളുകളിലയക്കുക എന്ന ശ്രമകരമായ ദൗത്യവും ഇ.കെ.മൗലവി ഏറ്റെടുത്തു. ഇതിനിടയിൽ മൗലവി സാഹിബിന്റെ ശ്രമഫലമായി കൂടുതൽ മദ്‌റസകൾ പല ദിക്കുകളിലും ആരംഭിച്ചുകഴിഞ്ഞിരുന്നു. പരിശ്രമശാലിയും ബുദ്ധിശാലിയുമായിരുന്ന ഇ.കെ. മൗലവി ഈ സ്ഥാപനങ്ങളിലൂടെ മത-ഭൗതിക വിദ്യാഭ്യാസത്തിന് കൂടുതൽ പരിപോഷണം നൽകാൻ തന്റെ മുഴുവൻ സമയവും നീക്കിവെച്ചു. ഈ ശ്രമങ്ങളുടെ ഫലമായി പൊതുവെ വിലക്കപ്പെട്ടിരുന്ന ‘ഭൗതിക വിദ്യാഭ്യാസ’ത്തിന്റെ വാതിലുകൾ സമുദായത്തിന് മുമ്പിൽ മലർക്കെതുറക്കപ്പെട്ടു.

അധ്യാപനരംഗത്തുള്ള മൗലവിയുടെ പ്രാഗത്ഭ്യം ശ്രദ്ധേയമായിരുന്നു. സമർഥനായ ഒരു അധ്യാപകനായിരുന്നു എന്നതുപോലെ, മൗലവി വിദഗ്ധനായ വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു. മൗലവിയുടെ നേതൃത്വം അവരിൽ വിപ്ലവകരമായ പരിവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു. മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതികവിദ്യാഭ്യാസം നേടുന്നതിന്റെ പ്രാധാന്യവും അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. കൊടുങ്ങല്ലൂരിൽ നല്ല സ്വാധീനവും അവിടുത്തെ എല്ലാ കുടുംബങ്ങളുമായും അടുത്ത ബന്ധവും ഉണ്ടായിരുന്ന മൗലവി ആൺകുട്ടികളെയും പെൺകുട്ടികളെയും സ്‌കൂളുകളിലും കോളേജുകളിലും അയക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവരെ ബോധവൽകരിച്ചു. തളച്ചിടപ്പെട്ടിരുന്ന അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മുസ്‌ലിം സമൂഹത്തെ മോചിപ്പിക്കാൻ ഭൗതിക വിദ്യാഭ്യാസം കൂടിയേ തീരൂ എന്നതായിരുന്നു അദ്ദേഹത്തിെൻറ കാഴ്ചപ്പാട്. അദ്ദേഹത്തിെൻറ നേതൃത്വത്തിൽ മദ്രസകളും ദർസുകളുമെല്ലാം മത വിദ്യാഭ്യാസം നൽകുന്നതോടൊപ്പം ഭൗതിക വിദ്യാഭ്യാസം പ്രൊമോട്ട് ചെയ്യുന്ന സ്ഥാപനങ്ങളായി മാറി.

മൗലവി സാഹിബിന്റെ പ്രേരണയുടെയും പ്രോത്സാഹനത്തിന്റെയും ഫലമായി പഠിച്ചുയർന്ന് ഉന്നതസ്ഥാനങ്ങൾ കരസ്ഥമാക്കിയ സ്ത്രീകളടക്കം ധാരാളംപേർ കൊടുങ്ങല്ലുരിലും പരിസരത്തും ഉണ്ടായിത്തീർന്നു. പെൺകുട്ടികൾ വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. പത്താം ക്ലാസ്സുവരെ പോലും പഠിക്കുന്ന പതിവ് പെൺകുട്ടികൾക്ക് പൊതുവെ ഇല്ലായിരുന്നു. സമുദായ നേതാക്കൾ അത് അനുവദിച്ചിരുന്നുമില്ല. ഇ.കെ.മൗലവിയുടെ ശ്രമഫലമായി ഏറിയാട് ഗവൺമെന്റ് ഹൈസ്‌കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പെൺകുട്ടികൾ വിദ്യാഭ്യാസം ചെയ്യാനെത്തി. മലബാറിനെ അപേക്ഷിച്ച് കൊച്ചി രാജ്യത്താണ് മുസലിം സ്ത്രീവിദ്യാഭ്യാസം ആദ്യം ശക്തിപ്പെട്ടത്. ഇ.കെ.മൗലവി എന്ന മഹാനുഭവന്റെ കഠിനാധ്വാനം ഈ നേട്ടത്തിനു പിന്നിലുള്ളതായി കാണാൻ കഴിയും.

ഇ.കെ. മൗലവിയുടെ പരിശ്രമങ്ങളും പിന്നീട് ഐക്യസംഘത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളും ഒട്ടേറെ പുതിയ വിദ്യാലയങ്ങളുടെ സ്ഥാപനത്തിന് കാരണമായി. കൊടുങ്ങല്ലൂരിൽ ഇ.കെ.മൗലവി നടത്തിയ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹായവും നൽകിയിരുന്നത് മണപ്പാട് കുഞ്ഞഹമ്മദ് ഹാജി, കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബ്, അദ്ദേഹത്തിന്റെ പുത്രൻ സീതിസാഹിബ് തുടങ്ങിയവരായിരുന്നു.

വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇ.കെ.മൗലവി ശ്രമിച്ചപ്പോൾ അതിനാവശ്യമായ പണം ചെലവാക്കുന്നതിലും സ്ഥാപനങ്ങൾ നിർമിക്കുന്നതിലും മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ള ഐക്യസംഘം നേതാക്കളാണ് മുന്നിൽ നിന്നിരുന്നത്. കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ 1925ൽ സ്ഥാപിച്ച കേരളവർമ ഹൈസ്‌കൂൾ ഏറിയാട് പ്രദേശത്ത് അറിവിന്റെ പ്രഭവിതറി ഇന്നും തലയുയർത്തി നിൽക്കുന്നു.

‘കൊച്ചി മുസ്‌ലിം വിദ്യാഭ്യാസ സംഘം’ എന്ന വേദിയുടെ പ്രധാന പ്രവർത്തകനായിരുന്നു മൗലവി സാഹിബ്. മണപ്പാട് കുഞ്ഞുമുഹമ്മദ് സാഹിബ്, സീതി മുഹമ്മദ് സാഹിബ് എന്നിവരായിരുന്നു ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ കൂട്ടാളികൾ. പഴയ കൊച്ചി സ്റ്റേറ്റിലെ ദിവാൻജിയായിരുന്ന ശ്രീ.വിജയരാഘവ ആചാരിക്ക് ‘കൊച്ചി മുസ്‌ലിം വിദ്യാഭ്യാസ സംഘം’ അഴീക്കോട്ടുവെച്ച് ഒരു സ്വീകരണം നൽകുകയുണ്ടായി. ദിവാൻജിക്ക് അഭിവാദനങ്ങളർപ്പിച്ചുകൊണ്ടും ഔദ്യോഗിക മണ്ഡലങ്ങളിൽ മുസ്‌ലിംകൾ അവഗണിക്കപ്പെടുന്ന വസ്തുത ചൂണ്ടിക്കാണിച്ചുകൊണ്ടും ഈ സ്വീകരണയോഗത്തിൽ ഇ.കെ.മൗലവി അറബി ഭാഷയിൽ ഒരു ഉജ്ജ്വല പ്രസംഗം നടത്തുകയുണ്ടായി. മർഹും കെ.എം.സീതി സാഹിബാണ് ആ പ്രസംഗം ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയതത്. ഈ പ്രസംഗം കേട്ട ദിവാൻജി മുസ്‌ലിംകളുടെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുമെന്ന് യോഗത്തിനു മുമ്പാകെ ഉറപ്പ് നൽകി. മുസ്‌ലിം വിദ്യാർഥികൾക്ക് സ്‌റ്റൈപ്പന്റ്, ഫീസ് ഇളവ്, അറബി അധ്യാപക നിയമനം തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങൾ കൊച്ചി ഗവൺമെന്റിൽനിന്ന് നേടിയെടുക്കാൻ ഈ സ്വീകരണയോഗം സഹായകമായി. കൊച്ചിരാജാവ് പെൺകുട്ടികൾക്ക് സ്‌കോളർഷിപ്പ് ഏർപ്പെടുത്തി സ്ത്രീവിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകിയതും കൊച്ചി മുസ്‌ലിം വിദ്യാഭ്യാസ സംഘത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു. കൊച്ചി സ്റ്റേറ്റിലെ മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി ഇ.കെ.മൗലവി നടത്തിയ ശ്രമങ്ങൾ എടുത്തു പറയേണ്ടതുതന്നെയാണ്.

വിശ്രമമില്ലാതെ തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമ്പോൾതന്നെ കൊച്ചി ഗവൺമെന്റ് സർവീസിൽ അറബിക് പണ്ഡിറ്റായി അദ്ദേഹം നിയമിതനായി. പഴയ കൊച്ചി സ്റ്റേറ്റിൽ സർക്കാർ സർവീസിൽ പ്രവേശിച്ച പ്രഥമ അധ്യാപകൻ എന്ന ബഹുമതി മൗലവിക്കുള്ളതാണ്.

അഴീക്കോട് പ്രൈമറി സ്‌കൂൾ, എറിയാട് കേരളവർമ സ്‌കൂൾ, കൊടുങ്ങല്ലൂർ ഹൈസ്‌കൂൾ, എറണാംകുളം ശ്രീരാമവർമ സ്‌കൂൾ എന്നീ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ച മൗലവി അതോടൊപ്പംതന്നെ നിരക്ഷരതയിൽ തളച്ചിടപ്പെട്ടിരുന്ന മുസ്‌ലിം സമൂഹത്തെ വിദ്യാഭ്യാസപരമായി ഉയർത്തുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളിൽ വ്യാപൃതനായി. അറബി ഭാഷയുടെ പ്രചാരണത്തിനും അദ്ദേഹം കഠിനാധ്വാനം ചെയ്തു. ഇസ്‌ലാമികമായ അറിവുകൾ നേടുന്നതിന് അറബി ഭാഷയിൽ മികവു പുലർത്താൻ കഴിയേണ്ടതുണ്ട് എന്നതായിരുന്നു മൗലവിയുടെ വീക്ഷണം. സാധാരണക്കാർക്ക് അനൗപചാരികമായി അറബിഭാഷയിൽ പരിശീലനം നൽകിയതോടൊപ്പം സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും പോകുന്ന കുട്ടികളെ അറബി ഭാഷ ഉപവിഷയമായി തെരഞ്ഞെടുക്കാൻ മൗലവി പ്രേരിപ്പിച്ചു. ഭൗതികജ്ഞാനങ്ങൾ ആർജിക്കുന്നവരിൽ മതപരമായ ധാരണയും വർധിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. മതപരമായ അറിവുകൾ നേടുന്നതോടൊപ്പം ലൗകിക വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ജനങ്ങൾക്കിടയിൽ ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നു.

മൗലവിയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി കൊച്ചി രാജാവ് 1944ൽ അദ്ദേഹത്തെ എറണാകുളം മഹാരാജാസ് കോളജിൽ ലക്ചററായി നിയമിച്ചു. മുസ്‌ലിം സമൂഹത്തെ അജ്ഞതയിലും അന്ധകാരത്തിലും തളച്ചിടാൻ ശ്രമിക്കുകയും വിദ്യനേടുന്നതിൽനിന്നും സമൂഹത്തെ വിലക്കുകയും ചെയ്ത മതപൗരോഹിത്യത്തിനെതിരെ അദ്ദേഹം നടത്തിയ വിദ്യാഭ്യാസ വിപ്ലവത്തിനുള്ള അംഗീകാരമായിരുന്നു ഈ നിയമനം. ആര്യനെഴുത്ത് ഹിന്ദുക്കളുടെ ഭാഷയാണെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും കൊട്ടിഘോഷിച്ച് അക്ഷരജ്ഞാനം നേടുന്നതിനെതിരെ മതവിധി പുറപ്പെടുവിച്ച പുരോഹിതൻമാർക്ക് നൽകിയ ശക്തമായ പ്രഹരം കൂടിയായിരുന്നു ഇ.കെ.മൗലവിക്കു നൽകിയ ഈ അംഗീകാരം.

ഇ.കെ.മൗലവിയെ മഹാരാജാസ് കോളേജിൽ ലക്ചററായി നിയമിച്ച കൊച്ചി ഗവർമെന്റിനെ പ്രശംസിച്ചുകൊണ്ടും ഇ.കെ.മൗലവിയെ അനുമോദിച്ചുകൊണ്ടും അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രകീർത്തിച്ചു കൊണ്ടുമുള്ള വാർത്ത അക്കാലത്ത് പുറത്തിറങ്ങിയിരുന്ന ‘ഭാരത ചന്ദ്രിക’യിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രമുഖ നവോത്ഥാന നായികയും പത്രപ്രവർത്തകയുമായിരുന്ന ഹലീമാബീവിയായിരുന്നു പത്രാധിപ.

വായിക്കാൻ സൗകര്യത്തിനായി ‘ഭാരത ചന്ദ്രിക’യിൽ വന്ന വാർത്തയുടെ ടെക്സ്റ്റ് ചുവടെ നൽകിയത് കാണുക:

“ഈ.കെ. മൗലവി

എറണാകുളം മഹാരാജാസ് കാളേജ് അറബിക ലക്ചററായി ജനാബ് ഈ.കെ. മൗലവി സാഹിബിനെ പ്രമോട്ടു ചെയ്തതിൽ കൊച്ചീ ഗവർമെന്റിനെ ഞങ്ങൾ അഭിനന്ദിക്കുകയും മൗലവി സാഹിബിനെ അനുമോദിക്കുകയും ചെയ്തുകൊള്ളുന്നു. കേരള മുസ്‌ലീം വിദ്യാഭ്യാസത്തിനു പൊതുവേയും, കൊച്ചി മുസ്‌ലീം വിദ്യാഭ്യാസത്തിനു പ്രത്യേകിച്ചും മൗലവി സാഹിബ് ചെയ്തിട്ടുള്ള പരിശ്രമവും ത്യാഗവും വിസ്മരിക്കത്തക്കതല്ല. മഹാരാജസ് കാളേജിലെ മുസ്‌ലീം വിദ്യാർത്ഥികൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി അറബി ഉപഭാഷയായി സ്വീകരിച്ചിട്ടുള്ളത് മൗലവി സാഹിബിന്റെ നിസ്വാർത്ഥ സേവനത്തിന്റെ ഫലമായിട്ടാണ്. ഈ സ്ഥാനത്തേക്ക് മൗലവിയെക്കാൾ യോഗ്യൻ മറ്റാരുമില്ലെന്നുള്ള പരമാർത്ഥം ഗവർമെന്റിന്റെ ദൃഷ്ടിയിൽപ്പെട്ടതിൽ ഞങ്ങൾ സന്തോഷിക്കുകയും അദ്ദേഹത്തെ ഒന്നുകൂടി അനുമോദിക്കുകയും ചെയ്യുന്നു’’ (1120 ചിങ്ങം 27, 1945).

1947ൽ റിട്ടയർ ചെയ്യുന്നതുവരെ മൗലവി ഈ സ്ഥാനത്ത് തുടർന്നു. പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം പോലും ലഭിക്കാത്ത വ്യക്തി കോളേജ് ലക്ചററായി വിരമിച്ചതിന്റെ പിന്നിൽ വർത്തിച്ചത് അദ്ദേഹത്തിന്റെ സേവനസന്നദ്ധതയും സമൂഹത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ നിതാന്ത പരിശ്രമവുമായിരുന്നു. തന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന വിജ്ഞാനതൃഷ്ണയും അഗാധമായ ബുദ്ധിവൈഭവവും സ്ഥിരോത്സാഹവും കൊണ്ടുമാത്രം നേടിയെടുത്ത ഒരു മഹാവിജയമായിരുന്നുഅത്.


അവലംബം:

19. The unscientific and faulty system of Dars education continued in Kerala for decades. Some progressive scholars found that a change in Dars system was required and Madrasas were established by the community with modern syllabi and novel methods of instruction. Moulana Chalilakath Kunhahammed Hajee (1283-1338 A.H.), KM Moulavi, E.K. Moulavi and others were exponents of Madrassa education. (Prof. U.Mohammed, Educational Empowerment of Kerala Muslims, ASocio Historical Perspective, Page:76 )