ഐക്യസംഘത്തിന്റെ നാലാം വാർഷിക സമ്മേളനം

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 ജൂൺ 15, 1445 ദുൽഹിജ്ജ 08

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 13)

ഐക്യസംഘത്തിന്റെ നാലാം വാർഷിക സമ്മേളനം 1926ൽ തലശ്ശേരിയിൽ വച്ചാണ് നടന്നത്. സ്വന്തം നാട്ടിൽ സംഘടിപ്പിക്കപ്പെടുന്ന ആദ്യ ഇസ്വ്‌ലാഹീ സമ്മേളനം എന്ന നിലയിൽ സമ്മേളനപ്രചാരണത്തിനായി ഇ.കെ.മൗലവി അരയും തലയും മുറുക്കി രംഗത്തിറങ്ങി. നാട്ടുകാരും സഹപാഠികളുമായിരുന്ന ഒട്ടുവളരെ പണ്ഡിതൻമാരെ തലശ്ശേരിയിലെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ മൗലവിസാഹിബിനു കഴിഞ്ഞു.

ഐക്യസംഘത്തിന്റെ മുൻകഴിഞ്ഞ സമ്മേളനങ്ങളിൽ വേദി കൈകാര്യം ചെയ്തതുപോലെ, ഈ സമ്മേളനത്തിൽ ഏതെങ്കിലും പരിപാടിയിൽ ഇ.കെ.മൗലവി പ്രസംഗിച്ചതായി കാണിക്കുന്ന രേഖകളൊന്നും ലഭ്യമല്ല. എന്നാൽ അദ്ദേഹം മറ്റെല്ലാ വാർഷിക സമ്മേളനങ്ങളുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചതു പോലെത്തന്നെ ഈ സമ്മേളനത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും സജീവമായി ഇടപെട്ടിരുന്നുവെന്നും സമ്മേളനപരിപാടികളിൽ സംബന്ധിച്ചിരുന്നുവെന്നും പിന്നീട് അദ്ദേഹം അൽഇർശാദ്, അൽ ഇത്തിഹാദ്, അൽമുർശിദ് തുടങ്ങിയ മാസികകളിൽ എഴുതിയ ലേഖനങ്ങളിൽനിന്നും വ്യക്തമാണ്. അൽ ഇത്തിഹാദിൽ ഖാദിമുൽ ഇസ്‌ലാം എന്ന തൂലികാനാമത്തിലാണ് ഐക്യസംഘത്തെക്കുറിച്ചും അതിന്റെ വാർഷിക സമ്മേളനങ്ങളെക്കുറിച്ചും അദ്ദേഹം എഴുതിയത്. നാലാം വാർഷിക സമ്മേളനത്തെക്കുറിച്ച് ഈ പ്രസിദ്ധീകരണങ്ങളിൽ ഇ.കെ.മൗലവി എഴുതിയത് ഇപ്രകാരം ക്രോഡീകരിക്കാം:

ഐക്യസംഘത്തിന്റെ നാലാം വാർഷിക യോഗം തലശ്ശേരിയിൽ വെച്ചു നടത്താനാണ് തീരുമാനിച്ചത്. ആ യോഗത്തിൽ ആധ്യക്ഷത വഹിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഭാരവാഹികൾ മൗലാനാ മുഹമ്മദ് മാർമഡ്യൂക് പിക്താൾ സാഹിബിന് കത്തെഴുതുകയും ഹൈദരാബാദ് നവാബിന്റെ അനുമതിയോടുകൂടി അദ്ദേഹം ആ അപേക്ഷ സസന്തോഷം സ്വീകരിക്കുകയും ചെയ്തു. ഈ വസ്തുത തലശ്ശേരിയിലെ കാര്യവിവരമുള്ള പല മാന്യന്മാരെയും സന്തുഷ്ടരും ഉൽസാഹഭരിതരുമാക്കിത്തീർത്തു. അതോടെ സംഘം ഭാരവാഹികൾ തലശ്ശേരിയിൽ എത്തി. അവിടെ സുശക്തമായ ഒരു സ്വാഗതസംഘം രൂപീകരിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ചു. ചുണയും ചുറുചുറുക്കുമുള്ള യുവാക്കൾ അടങ്ങിയ ഒരു വോളന്റിയർ സംഘവും രൂപീകരിച്ചു.

പ്രസ്തുത സംഘത്തിന്റെ ക്യാപ്റ്റൻ പരേതനായ കെ.കെ. പോക്കു സാഹിബായിരുന്നു. ഈ വിവരങ്ങളെല്ലാം കേട്ടറിഞ്ഞ മുസ്‌ല്യാക്കൻമാരും പ്രഭൃതികളും ഇളകിവശായി; പക്ഷേ, അതൊന്നും ഫലത്തിൽ വന്നില്ല. കാരണം ബങ്കളയിൽ കുട്ടിയാത്ത മുസ്‌ല്യാർ മർഹൂം, ടി.യു.കെ അഹ്‌മദ് മൗലവി മുതലായ പണ്ഡിതവര്യൻമാർ കേരള മുസ്‌ലിം ഐക്യസംഘത്തിൽ യാതൊരു തെറ്റുമില്ലെന്നു പ്രഖ്യാപിച്ചിരുന്നു. അവർ വാർഷികയോഗത്തിന്റെ വിജയത്തിനായി പരിശ്രമിക്കുകയും ചെയ്തു. സംഘത്തിന്റെ വിരോധികൾ യോഗം മുടക്കാൻ പല അടവുകളും എടുത്തുനോക്കിയെങ്കിലും അതൊന്നും ഫലിച്ചില്ല. ബങ്കളയിൽ കുഞ്ഞിമാഹിൻ സാഹിബ്, എ.പി മൂസ സാഹിബ് എന്നീ മാന്യൻമാർ പ്രവർത്തനരംഗത്തു സജീവമായി.

ഹാജി അബ്ദുസ്സത്താർ ഇസ്ഹാഖ് സേട്ട് അന്നു സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ വകയായുള്ള മാഹിയിലെയും തലശ്ശേരിയിലെയും കെട്ടിടങ്ങൾ സംഘത്തിന്റെ ആവശ്യത്തിലേക്ക് വിട്ടുകൊടുക്കുകയുണ്ടായി. അതോടെ ശത്രുക്കളുടെ എതിർപ്രചാരവേലയ്ക്ക് വിലയില്ലാതെപോയി. പക്ഷേ, അവർ വെറുതെയിരുന്നില്ല. പാറക്കടവത്ത് ഖാസിയായിരുന്ന പുതിയോട്ടിൽ അബ്ദുല്ല മുസ്‌ല്യാർ ചിറക്കരയിലുള്ള കണ്ണേത്ത് പള്ളിയിൽവെച്ച് സംഘത്തെ എതിർത്തുകൊണ്ട് ഒരു വഅള് പരമ്പര തന്നെ നടത്തുകയുണ്ടായി. ഐക്യസംഘത്തിന്റെ മേൽ അദ്ദേഹം കൊണ്ടുവന്ന പ്രധാന ചാർജ് അവർ ഹിന്ദുക്കളെപ്പോലെ നല്ല മലയാളം പറഞ്ഞുകളയുന്നു. അത് ഹിന്ദുക്കളോട് ഒൽചാർത്തമാവലാണ്. അപ്പോൾ അവരും ഹിന്ദുക്കളെപ്പോലെയായി. ‘മൻ തശബ്ബഹ ബി ഖൗമിൻ ഫഹുവ മിൻഹും’ (ആരെങ്കിലും ഒരു കൂട്ടരോട് ഒൽചാർത്തമായാൽ അവരും മറ്റവരുടെ കൂട്ടത്തിൽ പെട്ടുപോകും) എന്ന് നബി(സ) തങ്ങൾ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞാണ് അവർ ഇങ്ങനെപ്രചരിപ്പിച്ചത്.(35)

(1926ലാണ് ഈ യോഗം നടന്നത്. ഇപ്പോൾ 29 കൊല്ലമായി.(36) അക്കാലത്തൊന്നും നമ്മുടെ മുസ്‌ല്യാക്കന്മാർ ഇന്നത്തെപ്പോലെ ഗീർവാണഭാഷയിൽ എഴുതുകയും സംസാരിക്കുകയും ചെയ്തിരുന്നില്ല. തലശ്ശേരിയിലെ പേരെടുത്ത കുടുംബങ്ങളിലെ യുവാക്കളായിരുന്നു വാർഷിക യോഗത്തിന്റെ പ്രവർത്തകരായി മുമ്പോട്ടുവന്നത്. അവരുടെ കാരണവൻമാർ അവരെ അനുകൂലിക്കുകയും ചെയ്തിരുന്നു. കുഞ്ഞിമായിൻ ഹാജി സാഹിബിനെപ്പോലുള്ള പൗരപ്രധാനികൾ ചോരത്തിളപ്പുള്ള യുവാക്കൾക്ക് വേണ്ടത്ര പ്രചോദനം നൽകുകയും ചെയ്തു. ആ യുവസഹോദരന്മാർ മുസ്‌ല്യാർ അവർകളെ സമീപിച്ച് ഐക്യസംഘത്തിന്റെ കുറ്റമെന്താണെന്നു തെളിയിച്ചുതരണമെന്നും സംഘം പ്രവർത്തകരെ തങ്ങൾ കൊണ്ടുവരാമെന്നും ആവശ്യപ്പെട്ടു. ആദ്യത്തിൽ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും യുവാക്കൾ വിട്ടില്ല. അങ്ങനെ ഒരു വാദപ്രതിവാദത്തിനു തീരുമാനിക്കുകയും യുവാക്കൾ കൊടുങ്ങല്ലൂരിലെ സംഘം പ്രവർത്തകർക്ക് കമ്പിയടിക്കുകയും ചെയ്തു. എന്നാൽ വാദപ്രതിവാദത്തിനു നിശ്ചയിച്ച ദിവസം നേരത്തെത്തന്നെ മുസ്‌ല്യാർ ഒരു ടാക്‌സി കാറിൽ പാറക്കടവത്തേക്ക് പുറപ്പെടാൻ ഒരുങ്ങിയിരിക്കയാണെന്ന വിവരം യുവാക്കൾ അറിഞ്ഞു. അദ്ദേഹത്തെ സമീപിച്ചു യാത്ര മുടക്കാൻ പല ശ്രമങ്ങളും ചെയ്തുവെങ്കിലും ഫലപ്പെട്ടില്ല. അദ്ദേഹം സ്ഥലം വിടുക തന്നെ ചെയ്തു. കൊടുങ്ങല്ലൂരിൽനിന്നു പ്രവർത്തകൻമാർ എത്തിയപ്പോൾ പഞ്ജരം മാത്രം ബാക്കി, കിളി പറന്നുപോയിരിക്കുന്നു. പിന്നെ അപശബ്ദങ്ങളൊന്നും കൂടാതെ വാർഷികം വളരെ നല്ലനിലയിൽ കൊണ്ടാടുകയും ചെയ്തു. അന്നത്തെയും ഇന്നത്തെയും നിലയ്ക്ക് വളരെ അന്തരമുണ്ട്. അന്നത്തെ മുസ്‌ല്യാക്കൾക്ക് ഇസ്‌ലാഹീ പ്രസ്ഥാനത്തെ എതിർക്കാനായി സംഘടനയോടു കൂടിയ ഒരു പരിപാടി ഉണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ ഇസ്‌ലാഹി പ്രസ്ഥാനത്തെയും അതിന്റെ പ്രവർത്തകരെയും കണ്ടമാത്രയിൽ ചീത്ത പറയാനും പേരു പറഞ്ഞു കാഫിറാക്കാനും അവർ ധൈര്യപ്പെട്ടിരുന്നില്ല. അല്ലാഹുവിലും ഖിയാമത്ത് നാളിലും അവർ വിശ്വസിച്ചിരുന്നു. ഇന്നത്തെ സമസ്തയിലെ ചില മുസ്‌ല്യാക്കൾക്ക് ‘തൊള്ളയിൽ തോന്നിയത് കോതക്ക് പാട്ട്’ എന്നതിൽ കവിഞ്ഞ് ഒന്നുമില്ല. ഒരു ഉദാഹരണം പറയാം: ഇ കെ അൂബക്കർ മുസ്‌ല്യാർ, പതി അബ്ദുൽ ഖാദിർ മുസ്‌ല്യാർ ആദിയായവർ യാതൊരു സങ്കോചവും കൂടാതെ പേരെടുത്തു പറഞ്ഞുകൊണ്ട് മുസ്‌ലിഹുകളെ കാഫിറാക്കാൻ തുടങ്ങിയിരിക്കയാണ്. ഇവ്വിഷയകമായി സമസ്തയിലെ തലയെടുപ്പുള്ളമുസ്‌ല്യാക്കളുടെ അഭിപ്രായം പേരെടുത്തുപറഞ്ഞുകൊണ്ട് കാഫിറെന്നു വിളിക്കരുതെന്നാണ്. അക്കൂട്ടരൊക്കെ കാഫിറാണെന്ന് മൊത്തത്തിലങ്ങ് പറഞ്ഞേക്കാമെന്ന് ഇവർക്കും അഭിപ്രായമുണ്ട്).(37)

ഐക്യസംഘത്തിന്റെ പണ്ഡിതൻമാരുമായി സംസാരിക്കാൻ നിൽക്കാതെയുള്ള പാറക്കടവ് ഖാദിയുടെ ഒളിച്ചോട്ടം ഐക്യസംഘത്തിന്റെ അനുകൂലികളുടെ എണ്ണം വർധിപ്പിക്കുകയാണ് ചെയ്തത്. അനന്തരം ശത്രുക്കളുടെ പ്രവർത്തനം ആളുകൾ അധികം വന്നുചേരാതിരിക്കാനുള്ള പ്രചാരവേലയിലേക്കാണ് തിരിച്ചുവിട്ടത്. ‘അധ്യക്ഷനായി വരുന്ന ആൾ ഒരു സായിപ്പാണ്. അയാളെ ഇസ്‌ലാമാക്കിയതു തന്നെ വഹാബികളാണ്. അതുകൊണ്ട് അയാളും വഹാബിയാണ്. ആരും അയാളുടെ പ്രസംഗം കേൾക്കാൻ പോകരുത്. സായിപ്പന്മാർക്ക് ആളുകളെ വശീകരിക്കാനുള്ള തന്ത്രം കൂടുമെന്ന് നിങ്ങൾക്കൊക്കെ അറിയാമല്ലോ...’ ഇങ്ങനെയുള്ള പ്രചാരണങ്ങൾ വഴി ആളുകളെ തടയാനാണ് വിരോധികൾ ശ്രമിച്ചത്. എന്നാൽ ഈ പ്രചാരവേലകളെല്ലാം ഫലത്തിൽ സംഘത്തിന് അനുകൂലമായി തീരുകയേ ചെയ്തുള്ളൂ. ഏതായാലും ഒരു മുസ്‌ലിമായ സായിപ്പല്ലേ വരുന്നത്, അദ്ദേഹത്തെ ഒന്നു കാണണം, അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കണം എന്നായി സാധാരണക്കാരുടെ ചിന്താഗതി.

ഒരു ശനിയും ഞായറുമായിരുന്നു യോഗം. വെള്ളിയാഴ്ച രാവിലെത്തന്നെ അധ്യക്ഷൻ എത്തി. കുളിയും ചായകുടിയുമെല്ലാം കഴിഞ്ഞു. ജുമുഅ നമസ്‌കാരത്തിന് ഓടത്തിലെ പള്ളിയിലേക്കാണ് പോയത്. അറബികളുടെ രീതിയിലുള്ള വസ്ത്രങ്ങളായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. വ്യാഴാഴ്ചതന്നെ കൊടുങ്ങല്ലൂരിൽനിന്ന് ഐക്യസംഘക്കാരും സംഘംവക വോളന്റിയർമാരും വന്നുചേർന്നിരുന്നു. ഞായറാഴ്ച മുതൽ ടൗണിൽ എവിടെ നോക്കിയാലും ഐക്യസംഘക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. നാരങ്ങാപുറം വയലിലാണ് സമ്മേളനപ്പന്തൽ. പന്തലിന്റെ എല്ലാ ഉത്തരവാദിത്തവും കടപ്പുറത്തുകാരാണ് ഏറ്റെടുത്തത്. ശനിയാഴ്ച 10 മണിക്കു മുമ്പുതന്നെ പന്തലും പരിസരങ്ങളും ജനനിബിഡമായി. കൃത്യം 10 മണിക്ക് പ്രസിദ്ധ ഖാരിഅ് ആയ മൂസ സാഹിബിന്റെ ഖിറാഅത്തോടു കൂടി യോഗം ആരംഭിച്ചു. അധ്യക്ഷന്റെ പ്രാരംഭപ്രസംഗത്തോടുകൂടി ജനങ്ങൾക്ക് ഉണ്ടായിരുന്ന തെറ്റിദ്ധാരണകളെല്ലാം നീങ്ങി. ഈ മഹാൻ വെറുമൊരു സായിപ്പല്ല, ഒരു നല്ല പണ്ഡിതനാണെന്ന് ജനങ്ങൾക്കു ബോധ്യം വന്നു. ഒന്നാം ദിവസത്തെ യോഗം കഴിഞ്ഞതോടെ മുമ്പ് എതിർ പ്രചാരവേല ചെയ്തവർതന്നെഅടുത്ത ദിവസത്തെ യോഗത്തിന്റെ വിജയത്തിനുവേണ്ടി അരയും തലയും മുറുക്കി പ്രവർത്തിക്കുന്നവരായി മാറി. കള്ളപ്രചാരവേല ചെയ്തു നടന്നവർ അവരുടെ തെറ്റ് തുറന്നു സമ്മതിക്കുകതന്നെ ചെയ്തു. അന്നു രാത്രിതന്നെ ഒരു വിദ്യാഭ്യാസ സമ്മേളനവും നടക്കുകയുണ്ടായി. ഇതെല്ലാം കണ്ടും കേട്ടും സംതൃപ്തരായ കണ്ണൂർക്കാർ അടുത്ത വാർഷിക യോഗം കണ്ണൂരിൽ ചേരണമെന്ന് ആവശ്യപ്പെടുകയും സംഘം പ്രവർത്തകർ ആ അപേക്ഷ നന്ദിപൂർവം സ്വീകരിക്കുകയും ചെയ്തു.

തലശ്ശേരിയിൽ നടന്ന ഐക്യസംഘത്തിന്റെ നാലാം വാർഷികസമ്മേളനം കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുത്ത മഹാസമ്മേളനമായിരുന്നു. സമ്മേളന അധ്യക്ഷൻ മൗലാനാ മർഡ്യൂക് പിക്താൾ ചെയ്ത അധ്യക്ഷ പ്രസംഗം പ്രൗഢമായിരുന്നു. വിദ്യാഭ്യാസത്തെ ലൗകികമെന്നും ദൈവികമെന്നും രണ്ടായി തരംതിരിക്കുന്നത് ഉചിതമല്ലെന്നും മുസ്‌ലിംകളുടെ വിദ്യാഭ്യാസം എപ്പോഴും ഇസ്‌ലാമികമായിരിക്കണമെന്നും ഭൗതികവും ആത്മീയവുമായ അഭിവൃദ്ധിക്കുള്ള മാർഗത്തെ കാണിക്കുവാനായിട്ടാണ് ഇസ്‌ലാം മതം വന്നിട്ടുള്ളത് എന്നും അദ്ദേഹം സമർഥിച്ചു. ഈ രണ്ട് സംഗതികളും നിർവഹിക്കുവാൻ ആവശ്യമായി വരുന്ന എല്ലാ വിദ്യാഭ്യാസവും ഇസ്‌ലാമികമാണ് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ത്രീകൾക്ക് പ്രത്യേക പാഠശാലകളും പള്ളികളും ഉണ്ടായിരിക്കണമെന്ന അധ്യക്ഷന്റെ അഭിപ്രായം സമകാലിക സാഹചര്യത്തിൽ ഏറെ പ്രസക്തമായിരുന്നു. മുസ്‌ലിംകളുടെ ഭാഷ അറബി ആയിരിക്കേണ്ടതിന്റെ ആവശ്യകതയും അധ്യക്ഷൻ ഊന്നിപ്പറഞ്ഞു.

മുസ്‌ലിം ഐക്യസമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, യുവജന സമ്മേളനം എന്നിങ്ങനെയുള്ള വ്യത്യസ്ത സെഷനുകൾ സമ്മേളനത്തെ പ്രൗഢമാക്കി. കാലികപ്രസക്തമായ പ്രമേയങ്ങൾകൊണ്ടും ഈ സമ്മേളനം ധന്യമായിരുന്നു. വിദ്യാഭ്യാസ കോൺഫറൻസിൽ ചുവടെ കൊടുത്ത മൂന്ന് പ്രമേയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്:

1. മുസ്‌ലിം പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുക.
2. പള്ളിദർസുകളിലെ സിലബസ് പരിഷ്‌കരിക്കുക. പള്ളിദർസുകളിൽ ചേർക്കുന്നതിനും വിട്ടയക്കുന്നതിനും ചില നിബന്ധനകൾ ഉണ്ടാക്കുക.
3. സമുദായ ഫണ്ട് രൂപീകരിക്കുക.

അതോടൊപ്പം ആലുവയിൽ ഒരു മുസ്‌ലിം കോളേജ്സ്ഥാപിക്കുക എന്ന പ്രഥമ വാർഷികസമ്മേളനത്തിലെടുത്ത തീരുമാനം ഫലപ്രദമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിൽ അത് നടപ്പിലാക്കുന്നതിന് ചില തീരുമാനങ്ങൾ കൂടി ഈ സമ്മേളനം കൈക്കൊണ്ടു. സമ്മേളനം കഴിഞ്ഞ് അടുത്തയാഴ്ച പ്രസിദ്ധീകരിച്ച അൽഇസ്വ‌്‌ലാഹ് മാസിക (ദുൽഖഅദ് 14, വ്യാഴം) അതുമായി ബന്ധപ്പെട്ട സമ്മേളന പ്രമേയം പ്രസിദ്ധീകരിച്ചത് ചുവടെ കൊടുക്കുന്നു:

“ആലുവ മുസ്‌ലിം കോളേജ് കാര്യത്തിൽ കേരള മുസ്‌ലിം കോളേജ് കമ്മിറ്റി ചെയ്തുവരുന്ന പരിശ്രമങ്ങളിൽ കേരളത്തിലെ എല്ലാ മുസ്‌ലിമീങ്ങളും വേണ്ട സഹായ സഹകരണങ്ങൾ ചെയ്തുകൊടുക്കേണമെന്ന് ഈ യോഗം അപേക്ഷിക്കുകയും താഴെ പേരെഴുതുന്നതും കൂടുതൽ അംഗങ്ങളെ ചേർക്കുവാൻ അധികാരമുള്ളതുമായ ഒരു പ്രതിനിധിസംഘം പണപ്പിരിവിന്നായി കേരളത്തിന്റെ നാനാഭാഗങ്ങളിലും ഇതര രാജ്യങ്ങളിലും ചുറ്റിസഞ്ചരിക്കേണമെന്ന് ഈ യോഗം തീർച്ചപ്പെടുത്തുകയും ചെയ്യുന്നു.

അംഗങ്ങൾ:

1. ജ: ടി.എം. മൊയ്തു സാഹിബ് (M.L.C)
2. ജ: ഖാൻ ബഹദൂർ പി.എ. അമ്മു സാഹിബ്.
3. ജനാബ് എ.കെ. മാഹിൻ ഹാജി സാഹിബ്.
4. ജനാബ് മണപ്പാട്ട് പി. കുഞ്ഞുമുഹമ്മദ് സാഹിബ് (M.L.C)
5. ജനാബ് കെ. ഉപ്പി സാഹിബ് (M.L.C)
6. ജനാബ് കെ.എം സീതി സാഹിബ് (B.A.B.L)
7. ജനാബ് പി. ഹബീബ് മുഹമ്മദ് സാഹിബ് (M.A.B.L)
8. ജനാബ് പി.എസ്. മുഹമ്മദ് സാഹിബ്.
9. ജനാബ് എം.കെ. മക്കാര് പിള്ള സാഹിബ്.
10. ജനാബ് ടി. മുസ്തഫാ സാഹിബ്.
11. ജനാബ് മുഹമ്മദ് ശംനാട് സാഹിബ് (MLA)
12. ജനാബ് മുഹമ്മദ് ശേറൂൽ സാഹിബ്. (38)

ദേശീയ പ്രസ്ഥാനത്തെയും ദേശീയ സമരങ്ങളെയും ഐക്യസംഘത്തിന്റെ പ്രവർത്തനപരിധിയിൽ കൊണ്ടുവരണമെന്ന പ്രമേയം ആലുവാസമ്മേളനത്തിൽ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് അവതിരിപ്പിച്ച കാര്യം നാം മുകളിൽ ചർച്ച ചെയ്തിരുന്നല്ലോ. എന്നാൽ ആ പ്രമേയം സംഘം തള്ളിക്കളയുകയാണുണ്ടായത്.ഐക്യസംഘത്തിന്റെ രൂപീകരണോദ്ദേശ്യത്തിന് അത് മങ്ങലേല്പിക്കും എന്നതുകൊണ്ടാണ് ആ പ്രമേയം അംഗീകരിക്കപ്പെടാതെ പോയത്്. സമാനമായ ചില പുതിയ ചർച്ചകൾ തലശ്ശേരി സമ്മേളനത്തിലുമുണ്ടായി. ഐക്യസംഘം ശിർക്ക്, ബിദ്അത്തുകൾ തുടങ്ങിയവക്കെതിരെ ഇടപെടുന്നത് മുസ്‌ലിം ഐക്യത്തിന് വിഘാതമാകുന്നുവെന്നും പൊതുവിൽ സമൂഹം നേരിടുന്ന വിദ്യാഭ്യാസ-രാഷ്ട്രീയ വിഷയങ്ങളിൽ മാത്രം ഇടപെട്ടാൽ മതിയെന്നുമായിരുന്നു ആ ചർച്ചകളുടെ കാതൽ. ഈ വാദഗതികൾ യഥാർഥത്തിൽ ഐക്യസംഘത്തിന്റെ രൂപീകരണ ലക്ഷ്യങ്ങളെ തകിടംമറിക്കുന്നവയായിരുന്നു. ശിർക്ക്-ബിദ്അത്തുകളെ എതിർക്കുന്നത് തന്നെയാണ് ഇസ്‌ലാമിക പ്രവർത്തനമെന്നും അത്തരം പ്രവർത്തനങ്ങളിലൂടെ മാത്രമെ ഭൗതികപുരോഗതി ലഭ്യമാകൂ എന്നും ഇ.കെ.മൗലവി വാദിച്ചു. ഭൗതികവിദ്യാഭ്യാസത്തിൽ മാത്രം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നത് മതപരമായ ഉണർവിന് സഹായകമാവില്ല എന്നും അവ രണ്ടിനെയും സമന്വയിപ്പിച്ച് കൊണ്ടുപോകുമ്പോൾ മാത്രമാണ് നാം വിജയിക്കുക എന്നും ഇ.കെ.മൗലവി സമർഥിച്ചു. ഇത്തരം പുതിയ വാദഗതികളുടെ മുനയൊടിച്ചുകൊണ്ടും സമ്മേളനത്തിലെ വിവിധ സെഷനുകളെയും അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളെയും വിശകലനം ചെയ്തുകൊണ്ടും ഇ.കെ.മൗലവിയുടെ പത്രാധിപത്യത്തിലുള്ള അൽഇർഷാദ് മാസിക പ്രസിദ്ധീകരിച്ച സമ്മേളനാവലോകന റിപ്പോർട്ട് ചുവടെ കൊടുക്കുന്നു: (തുടരും)


അവലംബം:

35. അൽഇത്തിഹാദ് അറബി മലയാളം മാസിക, 1954 ഫെബ്രുവരി.
36. ഇ.കെ.മൗലവി ഈ ലേഖനമെഴുതിയ കാലമാണ് സൂചന. ഇത് 1954ൽ ആയിരുന്നു.
37. കേരള മുസ്‌ലിം ഐക്യസംഘം-ഇ.കെ.മൗലവിയുടെ ലേഖനങ്ങളുടെ സമാഹാരം, സമാഹരണം: അബ്ദുറഹ്‌മാൻ മങ്ങാട്, യുവത ബുക്ക് ഹൗസ്,പേജ്35,36,37.
38. ഐക്യസംഘം രേഖകൾ, അബ്ദുറഹ്‌മാൻ മങ്ങാട്, ഗ്രേസ് ബുക്‌സ്,പേജ് 107.