കേരള നദ്‌വത്തുൽ മുജാഹിദീന്റെ രൂപീകരണം
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 ഡിസംബർ 14, 1446 ജു. ഉഖ്റാ 13

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 37)
കേരള നദ്‌വത്തുൽ മുജാഹിദീന്റെ രൂപീകരണശേഷം 1952ൽ തിരൂരങ്ങാടിയിൽ അതിന്റെ ശാഖാ കമ്മിറ്റി നിലവിൽ വന്നപ്പോൾ ഇ.കെ.മൗലവി സാഹിബായിരുന്നു അതിന്റെ പ്രസിഡന്റ്. യതീംഖാനയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുമ്പോഴും പരിസര പ്രദേശങ്ങളിലെല്ലാം ഇസ്വ‌്‌ലാഹീ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ കെ.എം.മൗലവിയോടൊപ്പം ഇ.കെ.മൗലവിയും ശക്തനായി പ്രവർത്തിച്ചു. പണ്ഡിതപ്രതിഭകളായ ഈ രണ്ടുപേരും തിരൂരങ്ങാടിക്കു വെളിച്ചം പകരുന്നതിൽ രണ്ടു ദീപശിഖകളായി നിലകൊണ്ടു. എന്നാൽ 1964ൽ കെ.എം.മൗലവിയുടെ നിര്യാണം ആ പണ്ഡിതവര്യന്മാരുടെ ഒരുമിച്ചുളള പ്രയാണത്തിന് ഭംഗം വരുത്തി. കെ.എം.മൗലവിയില്ലാത്ത തിരൂരങ്ങാടിക്ക് പിന്നീട് മതപരമായ നേതൃത്വം നൽകിയത് ഇ.കെ.മൗലവിയായിരുന്നു. അക്കാര്യം പ്രൊഫ. അബൂബക്കർ അനുസ്മരിക്കുന്നത് കാണുക:’’മഹാനായ കെ.എം. മൗലവി സാഹിബിന്റെ വിയോഗത്തിന് ശേഷവും തിരൂരങ്ങാടിയുടെ ആത്മചൈതന്യത്തെ കെടാതെ നിർത്തിയത് വിശേഷിച്ചും ഇ.കെ. മൗലവിയുടെ സാന്നിദ്ധ്യമായിരുന്നു. കേരള നദ്‌വത്തുൽ മുജാഹിദീന്റെ രൂപീകരണത്തിൽ മൗലവിയുടെ പങ്കാളിത്തമുണ്ടായതും അദ്ദേഹത്തിന്റെ തിരൂരങ്ങാടിയിലെ ജീവിത കാലത്ത് തന്നെയാണ്.’’(94)
ഇ.കെ.മൗലവിയും എം.കെ.ഹാജിയും തമ്മിലുള്ള പരസ്പരബഹുമാനവും സ്‌നേഹവും നിസ്സീമമായിരുന്നു. തിരൂരങ്ങാടിയിൽ ഇ.കെ.മൗലവിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായവും ചെയ്യാൻ എം.കെ.ഹാജി സദാ സന്നദ്ധമായിരുന്നു. പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും അവർ തിരൂരങ്ങാടി പ്രദേശത്തെ ഇസ്വ‌്‌ലാഹീ സംരംഭങ്ങൾക്ക് കൂട്ടായ നേതൃത്വം നൽകി. അതോടൊപ്പം അനാഥസംരക്ഷണ മേഖലയിലും തിരൂരങ്ങാടിയുടെ വിദ്യാഭ്യാസ-രാഷ്ട്രീയ മേഖലകളിലും അവർ പരസ്പരം സഹകരിച്ചു പ്രവർത്തിച്ചു. അനാഥസംരക്ഷണ രംഗത്തും ആദർശ പ്രബോധനരംഗത്തും ഇരുവരും തമ്മിലുള്ള ദൃഢമായ ബന്ധമാണ് എം.കെ.ഹാജി തന്റെ മൂത്ത മകൾ സഫിയയെ ഇ.കെ.മൗലവിയുടെ പൗത്രൻ ഡോ. ഇ.കെ.അഹ്‌മദ് കുട്ടിക്ക് വിവാഹം ചെയ്തു കൊടുക്കാൻ കാരണമായത്.
ഇ.കെ.മൗലവിയുടെ തിരൂരങ്ങാടിയിലെ ജീവിതകാലത്താണ് മലയാളത്തിൽ ഇസ്വ‌്‌ലാഹീ പണ്ഡിതരാൽ വിരചിതമാകുന്ന ആദ്യത്തെ വ്യാഖ്യാന സഹിതമുള്ള സമ്പൂർണ ക്വുർആൻ പരിഭാഷ പുറത്തിറങ്ങുന്നത്. കെ.ഉമർമൗലവി തയ്യാറാക്കിയ ഈ പരിഭാഷ അറബി മലയാളം ലിപിയിലായിരുന്നു. 1953ൽ തിരൂരങ്ങാടിയിലെ സി.എച്ച്. മുഹമ്മദ് ആന്റ് സൺസ് ആറു വാല്യങ്ങളായാണ് ഈ പരിഭാഷ പ്രസാധനം ചെയ്തത്. ബഹുമാന്യ പണ്ഡിതന്മാരായ കെ.എം.മൗലവി, സി.എ.മുഹമ്മദ് മൗലവി എന്നിവരോടൊപ്പം ഇ.കെ.മൗലവിയും ഈ പരിഭാഷാഗ്രന്ഥം പരിശോധിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

1934ൽ ‘മുസ്‌ലിം മജ്‌ലിസി’ൽ വിലയം പ്രാപിച്ചതോടെ കേരള മുസ്‌ലിം ഐക്യസംഘം രംഗത്തുനിന്നും അപ്രത്യക്ഷമായ കാര്യം നാം മുമ്പ് ചർച്ച ചെയ്തല്ലോ. പിന്നീടങ്ങോട്ട് കേരള ജംഇയ്യത്തുൽ ഉലമക്ക് നവോത്ഥാന സംരംഭം നേരിട്ട് ഏറ്റെടുക്കേണ്ടിവന്നു. ഈ ഘട്ടത്തിൽ കേരള ജംഇയ്യത്തുൽ ഉലമക്ക് തന്റെ കരുത്തുറ്റ തൂലികയിലൂടെ ഇ.കെ മൗലവി ശക്തമായ പിന്തുണ നൽകി. കേരള ജംഇയ്യത്തുൽ ഉലമ ഇസ്വ‌്‌ലാഹീ പ്രബോധനരംഗം ഏറ്റെടുത്ത 1934നും 1950നും ഇടക്കുള്ള കാലയളവിൽ അൽമുർശിദ് അറബി മലയാളം മാസികയിലും ഒട്ടനേകം മലയാള പ്രസിദ്ധീകരണങ്ങളിലും ചന്ദ്രിക, മാതൃഭൂമി തൂടങ്ങിയ ആനുകാലികങ്ങളിലും തൂലിക ചലിപ്പിച്ചുകൊണ്ടാണ് മൗലവി സാഹിബ് ഇതു സാധിച്ചത്.
ഐക്യസംഘത്തിന്റെ പ്രവർത്തനം വിവിധ പ്രദേശങ്ങളിലെ പൗരപ്രമുഖരെയും പണ്ഡിതന്മാരെയും ഏകോപിപ്പിച്ചുകൊണ്ടാണ് മുന്നേറിയതെങ്കിൽ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനം പണ്ഡിതന്മാരിൽ ഒതുങ്ങിനിൽക്കുന്നതായി മാറി. കേരള ജംഇയ്യത്തുൽ ഉലമയിൽ മെമ്പർഷിപ്പെടുക്കാനുള്ള അർഹത മതപണ്ഡിതൻമാരിൽ മാത്രം പരിമിതമായിരുന്നതുമൂലം മതപണ്ഡിതന്മാരല്ലാത്ത, ഇസ്വ‌്‌ലാഹീ ആദർശക്കാരായ പതിനായിരിക്കണക്കിലുള്ള കേരള മുസ്‌ലിംകൾക്ക് സംഘടിത രൂപത്തിലുള്ള ഇസ്വ‌്‌ലാഹീ പ്രവർത്തനങ്ങൾക്കുള്ള വേദിയില്ലാതായി. ഇതൊരു വലിയ പ്രശ്‌നമായിത്തീർന്നു. ഈ ഘട്ടത്തിൽ സാധാരണക്കാരിലേക്കുകൂടി വ്യാപിക്കുന്ന തരത്തിൽ ഒരു സംഘടന അനിവാര്യമാണെന്ന തിരിച്ചറിവ് പണ്ഡിത സംഘടനക്കുണ്ടായി. 1947 ഏപ്രിൽ 12ന് ചേർന്ന ജംഇയ്യത്തുൽ ഉലമ വർക്കിംഗ് കമ്മിറ്റി അത്തരമൊരു സംഘടനയുടെ രൂപീകരണത്തിനായി തീരുമാനമെടുത്തു. അന്നത്തെ മിനുട്‌സിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:
“ക്വുർആനും ഹദീസും അനുസരിച്ച് ജീവിക്കുക എന്ന, കേരള ജംഇയ്യത്തുൽ ഉലമയുടെ ആദർശം സ്വീകരിക്കുകയും അത് പ്രചരിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന ഉലമാക്കളും അല്ലാത്തവരുമായ എല്ലാവർക്കും സംഘടിക്കാവുന്ന ഒരു അഖിലകേരള സംഘടന ഉണ്ടായിരിക്കേണ്ടതാണെന്ന് ഈ യോഗം അഭിപ്രായപ്പെടുകയും അതിന് വ്യക്തമായ മാർഗങ്ങളിൽ കൂടി പരിശ്രമിച്ച്, കഴിയുന്ന വേഗത്തിൽ അങ്ങനെയുള്ള ഒരു സംഘടന രൂപീകരിക്കാൻ ഒരു കമ്മിറ്റിയെ അധികാരപ്പെടുത്തുകയും ചെയ്യുന്നു.’’
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മൂന്നുവർഷത്തിനുശേഷം അത്തരമൊരു സംഘടനയെക്കുറിച്ച് ചിന്തിക്കുവാനും പ്രായോഗികമായ പരിഹാരം കണ്ടെത്തുവാനുമായി കേരളത്തിലെ പണ്ഡിതരും അല്ലാത്തവരുമായ ഏതാനും ഇസ്വ‌്‌ലാഹീ ആദർശക്കാർ 1950 ഏപ്രിൽ 20ന് കോഴിക്കോട് അൽമനാർ ഓഫീസിൽ യോഗം ചേരുകയും കേരളത്തിലെ ഇസ്വ‌്‌ലാഹീ ആദർശക്കാരായ സ്ത്രീ-പുരുഷ, പണ്ഡിത-പാമര ഭേദമന്യെ ആബാലവൃദ്ധം ജനങ്ങൾക്കും മെമ്പർഷിപ്പെടുക്കാനും പ്രവർത്തനങ്ങളിൽ ഔദ്യോഗികമായിത്തന്നെ പങ്കാളികളാകാനും പറ്റിയ ‘കേരള നദ്‌വത്തുൽ മുജാഹിദീൻ’ എന്ന സംഘടനക്കു രൂപം നൽകുകയും ചെയ്തു. ആദ്യ യോഗത്തിൽ വെച്ച് 24 പേർ അംഗത്വം സ്വീകരിച്ചു. ഇവരിൽനിന്നും തെരഞ്ഞെടുത്ത ആദ്യ പ്രവർത്തകസമിതിയിൽ ഇ.കെ മൗലവിയുൾപ്പെടെ 13 അംഗങ്ങളാണുണ്ടായിരുന്നത്. ഇ.കെ മൗലവിക്കു പുറമെ കെ.എം മൗലവി, പി.കെ മൂസാ മൗലവി, വി. സെയ്ദു ഹാജി, എൻ.വി അബ്ദുസ്സലാം മൗലവി, എ.കെ അബ്ദുല്ലത്വീഫ് മൗലവി, എം. കുഞ്ഞോയി വൈദ്യർ, നെട്ടുൽ വീട്ടിൽ അബ്ദുല്ല, എം.കെ ഹാജി, കുന്നത്ത് മുഹമ്മദ്, എൻ. കുഞ്ഞിത്തറുവായി ഹാജി, എം. അഹ്‌മദ്കുഞ്ഞി ഹാജി എന്നിവരായിരുന്നു മറ്റംഗങ്ങൾ. പ്രസിഡന്റായി കെ.എം മൗലവിയെയും സെക്രട്ടറിയായി എൻ. വി അബ്ദുസ്സലാം മൗലവിയെയും യോഗം തെരഞ്ഞെടുത്തു.
കേരള നദ്‌വത്തുൽ മുജാഹിദീന്റെ രൂപീകരണത്തോടെ ‘ഐക്യസംഘക്കാർ,’ ‘സംഘക്കാർ,’ ‘വഹ്ഹാബികൾ’ എന്നൊക്കെയുള്ള വിളിപ്പേരിനു പകരം ‘മുജാഹിദുകൾ’ എന്ന പുതിയ പേര് വന്നുചേർന്നു. പ്രസ്ഥാനം സ്വയംതന്നെ ആ വിളിപ്പേര് സ്വീകരിച്ചതോടെ ‘മുജാഹിദ് പ്രസ്ഥാനം’ എന്നാണ് പിന്നീട് ഇസ്വ‌്‌ലാഹീ പ്രസ്ഥാനം അറിയപ്പെട്ടത്.
കേരള നദ്‌വത്തുൽ മുജാഹിദീന്റെ രൂപീകരണത്തിനു ശേഷവും ഇ.കെ മൗലവി തന്റെ ഇസ്വ‌്‌ലാഹീരംഗത്തെ സേവനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. 1953ൽ കെഎൻഎം ഭരണഘടനാ നിർമാണ സമിതി രൂപീകരിക്കപ്പെട്ടപ്പോൾ ഇ.കെ.മൗലവി അതിൽ അംഗമായി നിയമിക്കപ്പെട്ടു. എ.കെ അബ്ദുല്ലത്വീഫ് മൗലവിയായിരുന്നു സമിതിയുടെ കൺവീനർ. ഭരണഘടന അംഗീകരിക്കപ്പെട്ടതിനുശേഷം അതനുസരിച്ച് സംസ്ഥാന തലത്തിൽ തെരഞ്ഞെടുപ്പ് നടത്താനായി രൂപീകരിക്കപ്പെട്ട കമ്മിറ്റിയിലും ഇ.കെ മൗലവി അംഗമായിരുന്നു. പുതിയ ഭരണഘടന പ്രകാരം 1954ൽ തെരഞ്ഞെടുക്കപ്പെട്ട ആലോചനാ സമിതിയിൽ അദ്ദേഹം അംഗമായി സേവനം തുടർന്നു. സംഘടനാ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1956ൽ സംഘടന ഒരു പര്യടന പരിപാടി സംഘടിപ്പിച്ചിരുന്നു. എ.അലവി മൗലവിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ഈ പര്യടന സംഘത്തിൽ ഇ.കെ മൗലവിയും അംഗമായിരുന്നു.
ഐക്യസംഘം പ്രവർത്തിച്ച മാതൃകയിൽ സംസ്ഥാനാടിസ്ഥാനത്തിൽ കേരള നദ്‌വത്തുൽ മൂജാഹിദീന്റെ വാർഷിക സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിന് ഇ.കെ മൗലവി മുന്നിട്ടിറങ്ങി. ഒറ്റപ്പാലം, കൽപ്പകഞ്ചേരി, കുറ്റിച്ചിറ, ബേപ്പൂർ, കൊച്ചി, കോഴിക്കോട് മുതലക്കുളം, മുഹമ്മദലി കടപ്പുറം, കിണാശ്ശേരി, എടവണ്ണ, തിരുനാവായ എന്നിവിടങ്ങളിലായിരുന്നു വാർഷിക സമ്മേളനങ്ങൾ. 1958ലും 1968ലും വാർഷിക സമ്മേളനങ്ങൾ നടന്നത് കൊച്ചിയിലായിരുന്നു. 1968ൽ കൊച്ചി ഖദീജാഭായി നഗറിൽ നടന്ന സമ്മേളനത്തോടെ വാർഷിക സമ്മേളനങ്ങൾക്ക് തിരശ്ശീലവീണു.
ഈ സമ്മേളനങ്ങളിലെല്ലാം ഇ.കെ മൗലവി സജീവമായി പങ്കെടുക്കുകയും സമ്മേളന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. വാർധക്യസഹജമായ കാരണങ്ങളാൽ പിന്നീടങ്ങോട്ട് അദ്ദേഹത്തിന് സംഘടനാപ്രവർത്തനങ്ങളിൽ സജീവമാകാൻ കഴിഞ്ഞിരുന്നില്ല. 1953 മെയ് 3ന് കോഴിക്കോട് കുറ്റിച്ചിറ മൈതാനിയിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിന്റെ നോട്ടീസ് ഈ ലേഖനത്തോടൊപ്പം ചേർത്തത് ചരിത്രകുതുകികൾക്ക് ആനന്ദം നൽകുമെന്ന് കരുതുന്നു.
ഈ രൂപത്തിൽ ഐക്യസംഘത്തിനു ശേഷവും ഇ.കെ.മൗലവി സാഹിബ് സംഘടിത ഇസ്വ‌്‌ലാഹീപ്രവർത്തനങ്ങൾക്ക് അനൽപമായ സംഭാവനകളാണ് നൽകിയത്. (തുടരും)
അവലംബം:
94. പ്രൊഫ.അബൂബക്കർ, നൂറുൽ ഇസ്‌ലാം മദ്‌റസ അറുപതാം വാർഷിക സമ്മേളന സോവനീർ, പേജ് 106.

