രണ്ടാം വാർഷിക സമ്മേളനം

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 മെയ് 18, 1445 ദുൽഖഅദ് 10

ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 9

“...പക്ഷേ, എന്ത് കാരണത്താലോ, നിങ്ങളിൽ ജുംഹൂറും ആ ക്ഷണത്തെ (ദഅ്‌വത്തിനെ) അത്ര ഇഅ്ത്തിബാറ് ചെയ്തതായി കണ്ടില്ല. എന്നാലും ഞങ്ങൾ നിരാശപ്പെടുന്നതല്ല. എന്ത്‌കൊണ്ട്? ഞങ്ങളെ ഓരോരുത്തരെയും നിങ്ങളെയും മുഅ്മിനീങ്ങളായിട്ട് അല്ലാഹു തആലാ മൌത്താക്കേണം എന്നാകുന്നു ഞങ്ങളുടെ ആശ. ഇത് നിങ്ങളുടെയും ആശ തന്നെയായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു. അതിനാൽ നിരാശ എന്നുള്ളത് നമ്മുടെ ഖൽബുകളിൽ ഒരിക്കലും വരാതിരിക്കട്ടെ എന്നാണ് ഞങ്ങൾ ദുആ ഇരക്കുന്നത്. എത്ര തദ്കീറ് ചെയ്താലും അപേക്ഷിച്ചാലും ‘ഞങ്ങൾക്ക് സ്വന്തം ശുഗ്‌ല് ഉണ്ട്’ എന്നു തുടങ്ങിയുള്ള ഓരോ ബാത്തിലായ ഉദ്‌റും പറഞ്ഞ് ഇനിയും നിങ്ങൾ കാലം കഴിക്കുന്ന പക്ഷം (ജനങ്ങൾ അശ്രദ്ധയിലായിട്ട് പിന്തിരിഞ്ഞ് പോകുന്നവരായിരിക്കവേ അവർക്ക് തങ്ങളുടെ ഹിസാബ് -വിസ്താരം- അടുത്തിരിക്കുന്നു) എന്ന് തുടങ്ങി അല്ലാഹു തആലാ പറഞ്ഞിട്ടുള്ള ആയത്തുകളെ നിങ്ങൾ നല്ലവണ്ണം തദബ്ബുർ ചെയ്യണം എന്നാകുന്നു പ്രിയ ഉലമാക്കളേ! ഞങ്ങൾക്ക് നിങ്ങളോട് അപേക്ഷിക്കുവാനുള്ളത്. ഇനി, ഇപ്പോൾ നിങ്ങളെ ക്ഷണിക്കുന്നത് എന്തിനാകുന്നു എന്ന് വിവരിക്കാം.

(സന്മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും നല്ലതിനെ ആജ്ഞാപിക്കുകയും ചീത്തയെ വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹം (സംഘം) നിങ്ങളിൽനിന്ന് ഉണ്ടായിരിക്കണം. അവർ തന്നെയാണ് വിജയികൾ. വെളിവായ ലക്ഷ്യങ്ങൾ തങ്ങൾക്ക് കിട്ടിയതിന്റെ പുറകെ ആര് ഭിന്നിക്കുകയും അന്യോന്യം വിരോധികളാവുകയും ചെയ്തിരിക്കുന്നുവോ നിങ്ങൾ അവരെപ്പോലെയായിപ്പോകരുത്. അവർ വലുതായ ശിക്ഷ ഉള്ളവരാകുന്നു) എന്ന് അല്ലാഹു തആലാ പറഞ്ഞിരിക്കുന്നതായ ആയത്തുകളുടെയും ഇത് പോലെയുള്ള മറ്റ് ആയത്തുകളുടെയും തഫ്‌സീറുകളെ നല്ലവണ്ണം തദബ്ബുർചെയ്യണം. എന്നാൽ കേരളീയരായ സർവ്വ ജനങ്ങളെയും ഇസ്‌ലാം ദീനാകുന്ന സന്മാർഗ്ഗത്തിലേക്ക് ക്ഷണിക്കുവാനും മലയാളികളായ മുസ്‌ലിമീങ്ങളോട് മഅ്‌റൂഫ് കൊണ്ട് ഏകുവാനും മുൻകറിനെ വിട്ട് അവരെ തടുക്കുവാനും കടപ്പെട്ടവർ നിങ്ങൾ (മലയാള ഭാഷ സംസാരിക്കുന്ന ഉലമാക്കന്മാരായ നിങ്ങൾ) തന്നെയാണ്. വേറെ ആരും ഇല്ല. ആ മൂന്ന് ഫർളുകളെയും അതാതിന്റെ ഹഖ്ഖ് പ്രകാരം നിങ്ങൾ നിലനിറുത്തിയാൽ മാത്രമേ ദുൻയാവിലാകട്ടെ ആഖിറത്തിലാകട്ടെ നിങ്ങൾക്കു വിജയം കിട്ടുകയുള്ളൂ. ആ വിഷയങ്ങളിൽ നിങ്ങളെ ആര് സഹായിക്കുന്നുവോ അവർക്കും നിങ്ങളോട് കൂടി വിജയം സിദ്ധിക്കും - ഇൻ കുൻത്തും വഹും മുഖ്‌ലസീൻ- ആ മൂന്ന് പ്രവൃത്തികളെ ലക്ഷ്യ

മാക്കി നിങ്ങളെ ആര് ദ്രോഹിക്കുന്നുവോ അവരാകുന്നു അല്ലാഹു തആലായുടെ ശത്രുക്കൾ. ഈ ഭാരമേറിയ കടമകളെ നിർവ്വഹിക്കേണമെങ്കിൽ നിങ്ങൾ എല്ലാവരുമോ അല്ലെങ്കിൽ നിങ്ങളിൽ നിന്ന് അക്‌സറോ കൂടി അന്യോന്യം മഹബ്ബത്തോടെയും തആവുനോടെയും മുശാവറത്ത് ചെയ്ത് അല്ലാഹു തആലായുടെ രിളാഇനെ മാത്രം ലക്ഷ്യമാക്കി ഒരേ സമൂഹമായി നിന്ന് പ്രവർത്തിച്ചാലല്ലാതെ അത് സാധിക്കയില്ല. അങ്ങിനെ പ്രവർത്തിച്ചാൽ മാത്രമേ നിങ്ങളുടെ മേൽ അല്ലാഹു ഭരമേല്പിക്കുന്നതായ ആ ഫർളുകളെ നിങ്ങൾ വീട്ടിയവരാകയുള്ളു. അല്ലാഹു തആലായുടെ പ്രകാരമുള്ള കൽപനകളെ ഒന്നും വിലവെക്കാതെ ഭിന്നിപ്പോടും അന്യോന്യ വിരോധത്തോടും കൂടിത്തന്നെ നിങ്ങൾ ഇനിയും ഇരിക്കുകയാണെങ്കിൽ - ഉലാഇക്ക ലഹും അദാബുൻ അളീം - എന്നുള്ള വഈദിൽ നിങ്ങളും ഉൾപ്പെട്ടു പോകുവാൻ ഇടവന്നേക്കും. ലാ ജഅലനള്ളാഹു വ ഇയ്യാക്കും മിൻഹും, എന്നീ വിവരങ്ങളെല്ലാം നിങ്ങൾക്ക് തന്നെ മനസ്സിലാകും. അതിനാൽ ഇനിയെങ്കിലും നിങ്ങൾ നല്ലവണ്ണം ഉണർന്ന് നിങ്ങളുടെ കടമകൾ വീട്ടുവാനായി ക്ഷണിക്കുന്ന ഈ ദഅ്‌വത്തിനെ നിങ്ങളുടെ ഇഖ്‌വാനിന്റെ ഖൽബുൽ ഉഖുവ്വത്തോടു കൂടിയുള്ള ദഅ്‌വത്താണെന്ന് വിചാരിച്ച് അനുകൂലമായ ഓരോ ജവാബ് തന്ന് കഴിഞ്ഞ മഹായോഗത്തിൽ വെച്ച് രൂപീകരിച്ചിട്ടുള്ള ഉലമാ കമ്മിറ്റിയിൽ നിങ്ങളെല്ലാവരും ഓരോ റുക്‌നായി ചേർന്ന് - ഞങ്ങൾക്കും മറ്റു മുസ്‌ലിം സഹോദരന്മാർക്കും പൊതുജനങ്ങൾക്കും സന്മാർഗ്ഗം തെളിയിച്ചു കാട്ടിത്തന്ന് നേർവഴിക്ക് നടത്തണം. കഴിയുന്ന എല്ലാ ഒത്താശകളും നിങ്ങൾക്ക് ചെയ്തു തരുവാൻ മുസ്‌ലിം ഐക്യസംഘം തയ്യാറാകുന്നു. അടുത്തുതന്നെ ഒരു ഉലമായോഗം വിളിച്ചുകൂട്ടുന്നതായിരിക്കും. അപ്പോൾ പ്രത്യേകം ക്ഷണക്കത്തും ഉണ്ടായിരിക്കുന്നതാണ്.

വല്ലാഹു അലാ മാ നഖൂലു വകീൽ.

വസ്വല്ലല്ലാഹു അലാ ഖൈരി ഖൽഖിഹി സയ്യിദിനാ മുഹമ്മദിൻ വഅലാ ആലിഹി വസ്വഹ്ബിഹി വസല്ലം, വൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ.

1) അഹ്‌മദ് കുട്ടിബ്‌നു അർമിയാ ചെറുശ്ശേരി (ഒപ്പ്)

ഉലമാ ഐക്യസംഘം പ്രസിഡണ്ട്.

2). ഇ.കെ. കുഞ്ഞമ്മദ് കുട്ടി

ഉലമാ സംഘം സെക്രട്ടറി.

മേൽവിലാസം: ഇ.കെ.കുഞ്ഞമ്മദ് കുട്ടി മൗലവി, അഴീക്കോട്,

പോസ്റ്റ്: കൊടുങ്ങല്ലൂർ

ഹിജ്‌റ 1342 മുഹർറം 9, ഈസവിയ്യ: 1923 ആഗസ്റ്റ് 23-ാം തിയ്യതി കുഴമണ്ണിൽ വെച്ച് മുഈനുൽ ഇസ്‌ലാം പ്രസ്സിൽ അടിക്കപ്പെട്ടത്. മാനേജർ, സി.കെ. മുഹമ്മദ് തിരൂരങ്ങാടി.

റാഖിം: സഅ്ദ് അലി

23-8-23.’’

പരലോകത്ത് എല്ലാവരും രക്ഷപ്പെടണമെന്ന ഉൽക്കടമായ ആഗ്രഹം തുറന്നു പറഞ്ഞുകൊണ്ടും സമുദായത്തെ ബാധിച്ച രോഗം സുഖപ്പെടുത്തുവാൻ പരസ്പര സ്‌നേഹത്തോടെയും സഹകരണത്തോടെയും ഗുണകാംക്ഷയോടെയും കൂടിയാലോചന ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടും നൽകിയ കത്ത് വേണ്ടരൂപത്തിൽ സ്വീകരിക്കപ്പെട്ടിട്ടില്ല എന്നത് കേരള മുസ്‌ലിംകളെ അവരുടെ ദുരവസ്ഥയിൽതന്നെ തുടരുവാനുള്ള നിമിത്തമായി മാറി എന്നത് ഒരു ദുഃഖസത്യമായി ഇന്നും നിലനിൽക്കുന്നു.

ഐക്യസംഘത്തിന് ഒരു പണ്ഡിതസഭ രൂപീകരിക്കപ്പെടുകയും സംഘത്തിന്റെ പ്രവർത്തനം കൂടുതൽ ശക്തമാകുകയും ഒന്നാം വാർഷിക സമ്മേളനം വമ്പിച്ച വിജയമാകുകയും ചെയ്തതോടുകൂടി അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൂവിട്ടു പൂജിക്കുന്ന യാഥാസ്ഥിതിക വിഭാഗത്തിന്റെ എതിർപ്പുകൾ ശക്തിപ്പെട്ടുവന്നു. ഏതുവിധേനയും ഐക്യസംഘത്തെ തകർക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. ഗവൺമെന്റിലേക്ക് പരാതികൾ അയച്ചുകൊണ്ടാണ് ഐക്യസംഘത്തെ തകർക്കാൻ എതിരാളികൾ ശ്രമിച്ചത്. ഐക്യസംഘം ഗവൺമെന്റിനെതിരിൽ ഗൂഢാലോചന നടത്തുന്ന സംഘമാണെന്നും രഹസ്യമായി ആയുധങ്ങൾ ശേഖരിക്കുന്നുണ്ടെന്നും മറ്റും ആരോപിച്ചുകൊണ്ടുള്ള വാറോലകൾ ഏതിരാളികൾ ഗവൺമെന്റിലേക്ക് തുരുതുരെ അയച്ചുകൊണ്ടിരുന്നു. പക്ഷേ, അതെല്ലാം പരാജയത്തിൽ കലാശിക്കുകയാണുണ്ടായത്. ഐക്യസംഘത്തിന്റെ പ്രവർത്തനം സ്തംഭിപ്പിക്കാൻ അത്തരം വാറോലകൾക്ക് സാധിച്ചില്ല. ഐക്യസംഘത്തിന്റെ പ്രവർത്തനത്തിന് ഒരുവിധത്തിലുള്ള വിഘാതവും അത് സൃഷ്ടിച്ചതുമില്ല. നിശ്ചയദാർഢ്യത്തോടും ആദർശനിഷ്ഠയോടുംകൂടി ആ സംഘം പ്രയാണം തുടരുക തന്നെചെയ്തു.

രണ്ടാം വാർഷിക സമ്മേളനം

മുസ്‌ലിം ഐക്യസംഘം രൂപീകരിക്കപ്പെട്ടതോടെ കേരള മുസ്‌ലിംകളുടെ മതപരവും ഭൗതികവുമായ പിന്നാക്കാവസ്ഥയുടെ കാരണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. ശിർക്കിലേക്കു നയിക്കുന്ന വിശ്വാസങ്ങളെക്കുറിച്ചും ശിർക്കുകലർന്ന ആചാരങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് സംഘടന വേദിയായി. മുസ്‌ലിം സമൂഹത്തെ പിന്നോട്ടുനയിക്കുന്നത് ശിർക്കുകലർന്ന ആചാരാനുഷ്ഠാനങ്ങളാണെന്നും അത്തരം ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തുന്നതിനുവേണ്ടി പൗരോഹിത്യം സമൂഹത്തെ അജ്ഞതയിൽ തളിച്ചിടാൻ ശ്രമിക്കുകയാണെന്നും ഐക്യസംഘം സമൂഹത്തിനു മുമ്പിൽ തുറന്നുപറയാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ് ഐക്യസംഘത്തിന്റെ രണ്ടാം വാർഷികസമ്മേളനം 1924 മെയ് 10ന് ആലുവയിൽ ചേരുന്നത്. ഈ സമ്മേളനത്തിൽ സ്വാഗതഭാഷണം നിർവഹിച്ചത് ഇ.കെ.മൗലവിയായിരുന്നു. ഈ സമ്മേളനത്തെക്കുറിച്ച് തന്റെ പത്രാധിപത്യത്തിൽ തിരൂരങ്ങാടിയിൽനിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘അൽഇത്തിഹാദ്’ പത്രത്തിൽ ‘ക്വാദിമുൽ ഇസ്‌ലാം’ എന്ന തൂലികാനാമത്തിൽ ഇ.കെ.മൗലവി രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:

“ഐക്യസംഘത്തിന്റെ ഒന്നാം വാർഷിക യോഗം കഴിഞ്ഞതോടെ അതിന്റെ വിരോധികളുടെ ശത്രുത വർധിച്ചുവന്നുവെന്ന് മുമ്പ് പ്രസ്താവിച്ചല്ലോ. മതപരമായിട്ടാണ് അധികവും എതിരുണ്ടായത്. അതുകൊണ്ട് അടുത്ത വാർഷികയോഗം ഇതരദേശക്കാരനായ ഒരു ആലിമിന്റെ അധ്യക്ഷതയിൽ കൊണ്ടാടാനും കേരളത്തിലെ പേരെടുത്ത ആലിമുകളെയെല്ലാം ആ യോഗത്തിൽ ക്ഷണിച്ചുവരുത്തി. അവിടെ വെച്ചുതന്നെ ഒരു കേരള ഉലമാ സംഘം രൂപീകരിക്കാനും ആ ഉലമാ സംഘത്തിന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട് കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രവർത്തനം മുമ്പോട്ടുകൊണ്ടുപോകാനും ഭാരവാഹികൾ തീരുമാനിച്ചു.

ആദ്യമായി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ ശ്രമിച്ചു. ഭാഗ്യവശാൽ വെല്ലൂർ അൽബാഖിയാത്തുസ്സാലിഹാത്ത് അറബിക് കോളജിലെ പ്രിൻസിപ്പലും ഒരു മഹാപണ്ഡിതനും കേരളത്തിലെ പേരെടുത്ത പല ആലിമുകളുടെയും ഗുരുവര്യനുമായ സ്വദ്‌റുൽ മുദർരിസീൻ മൗലാനാ അൽമൗലവി അബ്ദുൽ ജബ്ബാർ സാഹിബ് ഐക്യസംഘം വാർഷികത്തിലും അതേ പന്തലിൽ വെച്ച് കൂടുന്ന ഉലമാ കോൺഫറൻസിലും അധ്യക്ഷത വഹിച്ചുകൊള്ളാമെന്ന് സദയം സമ്മതിച്ചു. വാർഷികയോഗം ആലുവയിൽ കൂടാൻ തീരുമാനിച്ചശേഷം മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി, ഇ.കെ മൗലവി, ടി.കെ മുഹമ്മദ് മൗലവി എന്നിവരെ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ചുറ്റിസഞ്ചരിച്ച് പ്രാമാണികരായ ആലിമുകളെയെല്ലാം ക്ഷണിക്കുകയും യാത്രാച്ചെലവ് കൊടുക്കുന്നതാണെന്ന് അവരെ അറിയിക്കുകയും ചെയ്തു. യോഗവും സംഘവുമൊക്കെ എന്തിനാണെന്നും, പ്രത്യേകിച്ച് ഉലമാക്കൾക്ക് ഒരു സംഘം ആവശ്യമില്ലെന്നുമായിരുന്നു അധികം ആലിമുകളുടെയും വാദം. അതിനെല്ലാം കുഞ്ഞുമുഹമ്മദ് ഹാജി തൃപ്തികരമായ മറുപടി കൊടുത്ത് അവരെ സമ്മതിപ്പിക്കുകയുണ്ടായി. വരാമെന്നു സമ്മതിച്ച എല്ലാവരും യോഗത്തിനു വന്നില്ലെങ്കിലും അധികപേരും വന്നുചേർന്നു. അധ്യക്ഷൻ അബ്ദുൽ ജബ്ബാർ ഹസ്രത്ത് ആയതു കൊണ്ട് ബാഖവിമാരെല്ലാംതന്നെ വന്നുവെന്നു പറയാം.

മൗലാനയുടെ അധ്യക്ഷതയിൽ യോഗം ഭംഗിയായി നടന്നു. അവിടെ വെച്ചുതന്നെ കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ ഒരു സംഘം സ്ഥാപിക്കുകയും ചെയ്തു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും പല മഹാന്മാരും ആ യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ അന്ന് മലബാറിൽ ഖിലാഫത്ത് സംഘം വകയായി റിലീഫ് ജോലി ചെയ്തുകൊണ്ടിരുന്ന ഒരു

മാന്യനും സംബന്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ പേർ മുഹമ്മദ് ചൗധരി എന്നാണെന്നു തോന്നുന്നു. നല്ല ഓർമയില്ല.

അദ്ദേഹവും മൗലാനാ അബ്ദുൽ ജബ്ബാർ ഹസ്രത്തും തമ്മിൽ മൗലാന ക്യാമ്പ് ചെയ്തിരുന്ന ടി.ബിയിൽ വെച്ച് നടന്ന ഒരു സംഭവം ഇവിടെ ഉദ്ധരിക്കാൻ ആഗ്രഹിക്കുന്നു. കാരണം അത് പിന്നീട്പറയാനിരിക്കുന്ന ചില സംഗതികളുമായി ബന്ധപ്പെട്ടേക്കാനിടയുണ്ട്. അവർ തമ്മിൽ നടന്ന സംഭാഷണം ഇപ്രകാരമായിരുന്നു:

ചൗധരി സാഹിബ്: ‘ഞാൻ അങ്ങയെ വളരെയധികം തെറ്റിദ്ധരിച്ചുപോയി. കാരണം മലബാറിലെ മൗലവിമാരിൽ പലരും അങ്ങയുടെ അറബിക് കോളേജിൽ നിന്ന് പാസായവരാണ്. അവരിൽ അധിക പേരും പണ്ഡിതന്മാരും കുടുസ്സുമനഃസ്ഥിതിക്കാരുമാണ്. ഇത്തരക്കാരെ വാർത്തുവിടുന്ന ഒരു കോളജിലെ പ്രിൻസിപ്പലാണല്ലോ അങ്ങ്. അതുകൊണ്ട് അങ്ങും ഒരു യാഥാസ്ഥിതികനാണെന്നാണ് ഞാൻ ധരിച്ചത്. എന്നാൽ ഇന്ന് അങ്ങയുടെ പ്രസംഗം കേട്ടപ്പോൾ അങ്ങ് ഒരു ഉൽപതിഷ്ണുവാണെന്ന് എനിക്ക് ബോധ്യം വന്നു. എന്നാൽ ഞാനൊന്നു ചോദിച്ചുകൊള്ളട്ടെ. അങ്ങയുടെ കീഴിൽ പാസായി വരുന്ന ഇവർ ഇങ്ങനെ യാഥാസ്ഥിതികരായിത്തീരാനുള്ള കാരണമെന്താണ്?’

ഇതിന് അബ്ദുൽ ജബ്ബാർ ഹസ്രത്ത് പറഞ്ഞ മറുപടിയുടെ ചുരുക്കം ഇതായിരുന്നു: ‘മലബാറിൽ നിന്നു ബാഖിയാത്തിലേക്ക് വരുന്നവരിൽ ഭൂരിഭാഗവും സാധാരണ ഇവിടെ നടപ്പിലുള്ള കിതാബുകൾ ഓതി ഒരു മുസ്‌ല്യാരായിട്ടാണ് വരുന്നത്. അവർ ഒരു വിശ്വാസവും നടപടിയുമെല്ലാം സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ടായിരിക്കും. അവിടെ വന്നശേഷം തഹ്‌സീലിനുള്ള കിതാബുകൾ വായിക്കുന്നതല്ലാതെ പുതുതായി യാതൊന്നുംതന്നെ അവർ ശ്രദ്ധിക്കില്ല. അതൊന്നും സ്വീകരിക്കരുതെന്നാണ് അവരുടെ നില. എന്നല്ല, സ്വീകരിച്ചാൽ പിഴച്ചുപോകുമെന്നുതന്നെ അവർ വിശ്വസിക്കുന്നു.’ ഇതായിരുന്നു അബ്ദുൽ ജബ്ബാർ ഹസ്രത്തിന്റെ മറുപടി. ഈ സംഭവം ഇവിടെ ഉദ്ധരിച്ചതിന്റെ ആവശ്യം പിന്നീട് വായനക്കാർക്ക് മനസ്സിലാവുന്നതാണ്.’’ (27)

“ആലുവയിലെ വാർഷികയോഗം അങ്ങനെ ഭംഗിയായി കഴിഞ്ഞു. എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞുപോയി. അധിക ദിവസം കഴിയേണ്ടിവന്നില്ല, മുസ്‌ല്യാക്കളിൽ പലരും ഉലമാസംഘത്തിൽനിന്ന് ഒഴിഞ്ഞുമാറി ഐക്യസംഘത്തിന്നെതിരായി പ്രചാരവേല തുടങ്ങി. അല്ലാതെ അവർക്ക് വേറെ പോംവഴി ഉണ്ടായിരുന്നില്ല. അവരുടെ സാന്നിധ്യത്തിൽ തന്നെയാണ് മുഹർറമാഘോഷം, കൊടികുത്ത്, ചന്ദനക്കുടം, കൊടിയേറ്റം ആദിയായ അനാചാരങ്ങൾ നിർത്തൽ ചെയ്യണമെന്ന് മുസ്‌ലിംകളോട് അപേക്ഷിച്ചുകൊണ്ട് ഐക്യസംഘം പ്രമേയം പാസ്സാക്കിയത്. അബ്ദുൽ ജബ്ബാർഹസ്രത്തിന്റെയും അബ്ദുർറഹീം ഹസ്രത്തിന്റെയും മുമ്പിൽവെച്ച് ആ പ്രമേയത്തെ എതിർക്കാനുള്ള ധൈര്യം അവർക്കുണ്ടായിരുന്നില്ല. അങ്ങനെ അവർ പിരിഞ്ഞുപോയെങ്കിലും അല്ലാഹുവിന്റെ അനുഗ്രഹത്താൽ മൗലാനാ അബ്ദുൽ ജബ്ബാർ ഹസ്രത്തിന്റെ ആശീർവാദത്തോടുകൂടി സ്ഥാപിതമായ ആ കേരള ജംഇയ്യത്തുൽ ഉലമ ഇന്നും ജീവിച്ചിരിപ്പുണ്ട്. പിരിഞ്ഞുപോയ മുസ്‌ല്യാക്കന്മാർ പിന്നീട് സമസത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ മറ്റൊരു ഉലമാ സംഘവും സ്ഥാപിച്ചു. ഇതാണ് ഇന്നത്തെ സമസത കേരള ഉലമാ സംഘം. മുസ്‌ല്യാക്കന്മാരുടെ പിരിഞ്ഞുപോക്കുകൊണ്ടും എതിർപ്രചാരവേലകൊണ്ടും ഐക്യസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് മാന്ദ്യമൊന്നും സംഭവിച്ചില്ല.

ആലുവയിൽ വെച്ച് നടന്ന കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ രണ്ടാം വാർഷിക യോഗത്തിൽ എല്ലാ കക്ഷികളും പങ്കെടുത്തെങ്കിലും സ്ഥാപിതതാൽപര്യക്കാരായ ഏതാനും ആലിമുകളെന്നു പറയപ്പെടുന്നവർ സംഘത്തിനെതിരിൽ പ്രവർത്തിക്കാൻ തുടങ്ങി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതായിരുന്നു അവരുടെ ജോലി. ‘പണ്ടുപണ്ടേ നടന്നുവന്ന മൗലീദും റാത്തീബും മാലപ്പാട്ടുകളുമെല്ലാം ബിദ്അത്തുകളാണെന്നാണ് ഐക്യസംഘക്കാർ പറയുന്നത്. കൊടികുത്തും ചന്ദനക്കുടവും ഇവർ വിരോധിക്കുന്നു. എത്ര വലിയ കശ്ഫും കറാമത്തുമുള്ള ഔലിയാക്കൾ നമ്മുടെ കേരളത്തിൽ കഴിഞ്ഞുപോയിട്ടുണ്ട്. ദുആക്ക് ഉത്തരം കിട്ടുന്ന ആലിമീങ്ങളും ഉണ്ടായിട്ടുണ്ട്. അവരാരെങ്കിലും ഇങ്ങനെ പറഞ്ഞിരുന്നുവോ? അതുകൊണ്ട് ഐക്യസംഘത്തിൽ ആരും ചേർന്നുപോകരുത്.’ ഇതായിരുന്നു അവരുടെ പ്രചാരവേലയുടെ രീതി.’’ (28)

(തുടരും)


അവലംബം:

27. ഇ. കെ. മൗലവി, (ഖാദിമുൽ ഇസ്‌ലാം എന്ന തൂലികാനാമത്തിൽ), അൽഇത്തിഹാദ് മാസിക, 1954 ജൂലായ്-സെപ്റ്റംബർ).

28. ഇ. കെ. മൗലവി, (ഖാദിമുൽ ഇസ്‌ലാം എന്ന തൂലികാനാമത്തിൽ), അൽഇത്തിഹാദ് മാസിക, 1954 ജൂലായ്-സെപ്റ്റംബർ).