മലബാർ സമരം: വർഗീയ വ്യാഖ്യാനത്തിനെതിരെ ഇ.കെ. മൗലവി
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 സെപ്തംബർ 21, 1446 റ. അവ്വൽ 18

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 26)
1924 ജൂലൈ 12ന് ഇ.കെ. മൗലവിയുടെ ഒരു വിയോജനക്കുറിപ്പ് പൂർണരൂപത്തിൽ പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. ആ കുറിപ്പിൽ ഹിന്ദു-മുസ്‌ലിം മൈത്രിക്കുതന്നെ പ്രസ്തുത ലേഖനങ്ങൾ ഭംഗം വരുത്തുമോ എന്ന ഭയത്താൽ 1923 മെയ് മാസത്തിൽ കെ.മാധവൻ നായരെ ഓഫീസിൽ ചെന്നു കണ്ട് സംസാരിച്ചിരുന്നുവെന്ന് ഇ.കെ. മൗലവി പറയുന്നുണ്ട്. ‘ഈ ക്ഷോഭം അക്ഷരജ്ഞാനം സിദ്ധിച്ചിട്ടില്ലാത്ത പാമരജനങ്ങളുടെ ഇടയിലായതുകൊണ്ട് നിങ്ങളെപ്പോലുള്ള നേതാക്കൾ, അത്തരക്കാരുടെ വാദങ്ങൾ അനാവശ്യമായിരുന്നാലും ചില മഹത്തായ കാര്യസാധ്യത്തിനായി വകവെച്ചു കൊടുക്കേണ്ടതാണെന്നും ക്ഷോഭത്തിനിടവരാത്ത നിലയിൽ നിങ്ങളുടെ ലേഖന പരമ്പരയെ തുടർന്ന് പോകാനുള്ള അവസരത്തെ ഉണ്ടാക്കുവാനാണ് ഇപ്പോൾ ശ്രമിക്കേണ്ടതെന്നും’ ഇ.കെ.മൗലവി മാധവൻനായരോട് ആവശ്യപ്പെട്ടതായി ആ ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്. എന്നാൽ മാധവൻനായർ നൽകിയ മറുപടി നിരാശയുളവാക്കുന്നതായിരുന്നു. ‘മി. കെ.പി.കേശവമേനോൻ ഇവിടെ ഇല്ല. അദ്ദേഹം വന്ന ഉടനെ ഞങ്ങൾ ഗാഢമായി ആലോചിച്ചു വേണ്ടതുപോലെ ചെയ്യുന്നതാണ്’ എന്ന മറുപടിയാണ് മാധവൻ നായരിൽനിന്നും ലഭിച്ചത് എന്ന കാര്യം ഇ.കെ.മൗലവി ആ ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്.
വസ്തുതകൾക്കു നിരക്കാത്ത പരാമർശങ്ങൾ മാധവൻനായരുടെ ലേഖനങ്ങളിൽ കടന്നുവന്നിട്ടുണ്ടെന്ന രൂക്ഷമായ ആരോപണത്തിന്റെ ഫലമായി മാതൃഭൂമി ആ വിവരണം പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ചുവെങ്കിലും പിന്നീട് 1923 ഡിസംബർ 1 മുതൽ ‘മലബാറിലെ മാപ്പിള ലഹള’ എന്ന പേരിൽ ആ ലേഖനം തുടർന്നു പ്രസിദ്ധീകരിക്കുകയുണ്ടായി. ലേഖന പരമ്പര തുടർന്നത് അദ്ദേഹത്തിന്റെ നിഷ്‌കളങ്കതകൊണ്ടായിരിക്കാം എന്ന് അഭിപ്രായപ്പെടുന്ന ഇ.കെ.മൗലവി ആ ലേഖനത്തിൽ വന്ന ചില തെറ്റുകളും കുറവുകളും വിനീതനായി ചൂണ്ടിക്കാട്ടിയാണ് മാതൃഭൂമിയിൽ എഴുതിയത്.(75)
കോൺഗ്രസ്, ഖിലാഫത്ത് സമരങ്ങളിൽ സജീവമായി പങ്കെടുക്കുകയും ത്യാഗങ്ങളനുഭവിക്കുകയും ചെയ്ത മാപ്പിള നേതാക്കളുടെ പേരുകൾ തന്റെ ലേഖനത്തിൽ പരാമർശിക്കാൻ മാധവൻ നായർ വിമുഖത കാണിച്ചിരുന്നു. ഈ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ മാപ്പിളമാരുടെ പങ്കിനെ മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന സമീപനത്തെ ഇ.കെ മൗലവി വിമർശിക്കുന്നതായി കാണാം. തന്റെ ലേഖനത്തിൽ സ്‌കൂളും കോളേജും ഉപേക്ഷിച്ച് ഖിലാഫത്ത്, കോൺഗ്രസ് പ്രവർത്തനങ്ങൾക്കായി കേരളത്തിൽ എത്തിച്ചേർന്നവരുടെ പേരുകളിൽ അന്ന് ബി.എ (ഓണേഴ്‌സ്) ക്ലാസ് ഉപേക്ഷിച്ച് വന്ന മുഹമ്മദ് അബ്ദുറഹ്‌മാൻ, മെസ്സേർസ് എൻ.എ. അബ്ദുറഹ്‌മാൻ, എ.മുഹമ്മദ്, എ.കെ. മുഹമ്മദ്, കുഞ്ഞാമു തുടങ്ങിയവരെ ഒഴിവാക്കിയതിൽ തെറ്റിദ്ധാരണ വന്നിട്ടുണ്ട് എന്ന് ഇ.കെ മൗലവി തന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.(76)
കോൺഗ്രസ്, ഖിലാഫത്ത് പ്രവർത്തനങ്ങളിൽ ത്യാഗങ്ങൾ അനുഭവിച്ച മാപ്പിള നേതാക്കളായ മുഹമ്മദ് അബ്ദുറഹ്‌മാനെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ജനാബ് മൊയ്തീൻ കോയ, ഇ. മൊയ്തു മൗലവി, ജനാബ് ഹസ്സൻ കോയ മുല്ല, മുഹമ്മദ് കുട്ടി മുസ്‌ലിയാർ, മുഹമ്മദ് ഹാജി, എ.കെ.മാഹിൻ ഹാജി, കെ. കാതൃകുട്ടി, എം. ഹുസൈൻ കുട്ടി എന്നിവരെ എടുത്ത് കാണിക്കാതിരുന്നതും മാധവൻ നായരുടെ ഭാഗത്തുനിന്നും സംഭവിച്ച വീഴ്ചയായും ഇ.കെ മൗലവി പരാമർശിക്കുന്നുണ്ട്.(77)
പൊന്നാനിയിൽ നടന്ന ഖിലാഫത്ത് സമ്മേളനത്തെക്കുറിച്ചും തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ് മാധവൻ നായർ തന്റെ ലേഖനത്തിൽ എഴുതിയത്. അദ്ദേഹം എഴുതിയത് ഇപ്രകാരമായിരുന്നു:
“ഇതിനിടയിൽ കല്പകഞ്ചേരി വെച്ച് അതിഗംഭീരമായ ഒരു ഖിലാഫത്ത് യോഗം കൂടുകയുണ്ടായി. ഇരുപതിനായിരത്തിൽപരം ജനങ്ങൾ ഈ യോഗത്തിൽ സന്നിഹിതരായിരുന്നു. കെ.പി. കേശവമേനോൻ മുതലായവർ ഈ യോഗത്തിൽ സഹകരണത്യാഗത്തെപ്പറ്റിയും അക്രമരാഹിത്യത്തെപ്പറ്റിയും സാരവത്തായ പ്രസംഗങ്ങൾ ചെയ്തു. അതിനുശേഷമാണ് പൊന്നാനിയിൽ വെച്ചു മറ്റൊരു യോഗം കൂടിയത്. ഈ യോഗം ഖിലാഫത്ത് പ്രസ്ഥാനം ദുഷിച്ചുപോയതിന്റെ പല ലക്ഷണങ്ങളും വെളിവാക്കി. ദൂര ദിക്കിൽനിന്നു ഘോഷയാത്രയായി വളരെ മാപ്പിളമാർ ഈ യോഗത്തിൽ ഹാജരായിരുന്നു. അതിൽ വളണ്ടിയർമാർ എന്നു പേർ പറഞ്ഞിരുന്ന ചിലർ ആയുധപാണികളായി വന്നിരുന്നുവെന്നാണ് സൂക്ഷ്മമായി അറിയുന്നത്. ഇവർ പൊലീസുകാരുടെ നേരെ ചില അക്രമങ്ങളും പ്രവർത്തിച്ചു. പക്ഷേ, ആ സന്ദർഭത്തിൽ പൊലീസുകാർ ഇവരുടെ അക്രമപ്രവൃത്തിയെ ക്ഷമിക്കുകയാണുണ്ടായത്. പൊലീസുകാർ ഒറ്റപ്പാലത്തു പ്രകടിപ്പിച്ച മനോഭാവം പൊന്നാനിയിൽ പ്രദർശിപ്പിച്ചിരുന്നുവെങ്കിൽ പൊന്നാനി ഒരു വമ്പിച്ച ലഹളയുടെ രംഗമായിത്തീരുവാൻ സംഗതി വരുമായിരുന്നു. ഈ വർത്തമാനം പിന്നീടറിവാൻ ഇടവന്ന ചില കോൺഗ്രസ്സ് പ്രവർത്തകന്മാർ പൊന്നാനിയിൽ പ്രത്യക്ഷപ്പെട്ട ദോഷചിഹ്നങ്ങളെ ശരിയായി മനസ്സിലാക്കി, അവയെ ഉന്മൂല ഛേദം ചെയ്യാൻ വേണ്ടുംവണ്ണം പരിശ്രമിച്ചില്ലെന്നു പശ്ചാത്തപിച്ചതായി ഞാൻ അറിഞ്ഞിട്ടുണ്ട്.’’(78)
പൊന്നാനിയിലെ ഖിലാഫത്ത് സമ്മേളനത്തെ അപഹസിക്കുന്ന തരത്തിലാണ് മാധവൻ നായരുടെ വാക്കുകൾ പത്രത്തിൽ അച്ചടിച്ചു വന്നത്. മാധവൻനായരുടെ ഈ പരാമർശങ്ങൾക്കെതിരെ ഇ.കെ.മൗലവി മാതൃഭൂമി പത്രത്തിൽ തന്നെ ശക്തമായി പ്രതികരിക്കുകയുണ്ടായി. മൗലവിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു:
“അദ്ദേഹം ഉദ്ദേശിക്കുന്ന യോഗം ഉലമാസംഘത്തിന്റെ ഒരു വിശേഷാൽ യോഗമാണെങ്കിൽ അതിൽ 20,000ൽപരം ആളുകൾ പങ്കെടുത്തിട്ടും ഒരു കുഴപ്പവും ഉണ്ടായില്ലെന്ന് മാത്രമല്ല, വളരെ ഭംഗിയായി കലാശിച്ചു. ദൂരപ്രദേശങ്ങളിൽനിന്നും വളരെ മാപ്പിളമാർ അവിടെ വന്നത് ശരിതന്നെ. പക്ഷേ, അന്ന് രാവിലെ 10 മണിക്ക് തന്നെ ഘോഷയാത്രക്ക് നിരോധന കല്പന വന്നുകഴിഞ്ഞതിനാൽ പറഞ്ഞമാതിരി ആയുധപാണികളായ വളന്റിയർമാർ അങ്ങനെ നടത്തിയെങ്കിൽ അവിടെ അറസ്റ്റ് ഉണ്ടാകേണ്ടതാണ്. അങ്ങനെയൊന്നും നടന്നിട്ടില്ല. അതുപോലെ പൊലീസുകാരെ ആക്രമിച്ചുവെന്നു പറയുന്നത് തെറ്റാണ്. ആലി മുസ്‌ലിയാരും കൂട്ടരും അങ്ങാടിപ്പാലത്തിനു അടുത്തെത്തിയപ്പോൾ പൊലീസാണ് അവരെ തടഞ്ഞതും ദേഹോപദ്രവം ഏൽപിച്ചതും. അതിനു പകരക്രിയക്കൊരുങ്ങിയത് സഹകരണ ത്യാഗ സിദ്ധാന്തത്തിനു എതിരാണ്. ഈ വസ്തുത മറ്റു ഉദ്യോഗസ്ഥരും ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന മി.പി.ആമു സാഹിബും പൊന്നാനി സബ് ഇൻസ്‌പെക്ടറും അന്വേഷിച്ചറിയുകയും സമ്മതിക്കുകയും ചെയ്തതാണ്. ആ സമയം മൊയ്തു മൗലവിയും മുഹമ്മദ് അബ്ദുറഹ്‌മാനും സ്ഥലത്തെത്തി അക്രമം പ്രവർത്തിച്ചവരെ പിരിച്ചയക്കുകയും ചെയ്തത് എത്ര സ്തുതിച്ചാലും അധികമായി പോയെന്നു വരില്ല. കൂടാതെ, മുൻ ലേഖനങ്ങളിലും ഇതുപോലെ പല പിശകുകളും വന്നുപോയതിൽ വേണ്ടിവന്നാൽ ഒരു വിമർശനം ചെയ്യുവാൻ തയ്യാറാണ്.’’(79)
മാതൃഭൂമിയിൽ ഇ.കെ. മൗലവി എഴുതിയ ഈ ലേഖനം അവസാനിപ്പിക്കുന്നത്, ഇനി മേലാൽ അത്തരം ആക്ഷേപങ്ങൾക്ക് ഇടവരാതിരിക്കാൻ ശ്രമിക്കണമെന്ന് മി. മാധവൻ നായരോടും എന്തെങ്കിലും കാണുമ്പോൾ ക്ഷോഭിച്ചു വശാകുന്ന സ്വഭാവം വെടിയണമെന്ന് പൊതുജനങ്ങളോടും അപേക്ഷിച്ചു കൊണ്ടായിരുന്നു.(80)
ഇ.കെ.മൗലവിയുടെ പരാമർശങ്ങൾക്ക് മാധവൻ നായർ നൽകിയ മറുപടി ഇതേ പത്രത്തിൽ തന്നെ താഴെയായി പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനത്തിൽ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെ പേര് വിട്ടുപോയതിൽ ഖേദം പ്രകടിപ്പിക്കുകയും അദ്ദേഹത്തെ വാഴ്ത്തുന്നതോടൊപ്പം കോൺഗ്രസ് ഖിലാഫത്ത് പ്രവർത്തനങ്ങൾക്കു മുന്നിൽ നിന്ന തയ്യിൽ മുഹമ്മദ് കുട്ടി മുസ്‌ലിയാർ (കെ.എം. മൗലവി), ഹസ്സൻ കോയ മുല്ല മുതലായവരെ ഒരിക്കലും മറക്കാൻ പാടില്ലെന്ന് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
സമരങ്ങളെ തന്നെ കലുഷിതമാക്കി പൊലീസ്-പട്ടാള തേർവാഴ്ചക്ക് അവസരമൊരുക്കിയ കെ.മാധവൻ നായരുടെ മുൻധാരണയോടുകൂടിയുള്ള നിർദേശങ്ങളും ഒത്തുതീർപ്പ് വ്യവസ്ഥകളും ഹിന്ദു-മുസ്‌ലിം ഐക്യത്തിന് താൽക്കാലികമായെങ്കിലും വിള്ളലേൽപിച്ചു എന്നു പറഞ്ഞാൽ അത് തെറ്റാവുകയില്ല. മാതൃഭൂമിയിൽ മാധവൻ നായർ എഴുതിയ ലേഖനങ്ങൾക്കെതിരെ അക്കാലത്ത് വിവിധ കോണുകളിൽനിന്നും വിമർശനങ്ങളുയർന്നിരുന്നുവെങ്കിലും പിൽക്കാലത്ത് അത് കെട്ടടങ്ങി. 1933 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതകാലത്ത് അത് പുസ്തകരൂപത്തിൽ പ്രസിദ്ധികരിച്ചിരുന്നില്ല. എന്നാൽ മുപ്പത്തിയെട്ടു വർഷങ്ങൾക്കു ശേഷം 1971ലാണ് മാധവൻനായരുടെ പത്‌നി അദ്ദേഹത്തിന്റെ ലേഖനങ്ങൾ ‘മലബാർ കലാപം’ എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയത്. അതിനുശേഷം ആ പുസ്തകത്തിലെ പല പരാമർശങ്ങളെക്കുറിച്ചും വീണ്ടും ചർച്ചകളുയർന്നു. മാധവൻ നായരുടെ ലേഖനങ്ങളിലെ അബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, മലബാർ സമരത്തിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത ഇ. മൊയ്തുമൗലവി ‘ചരിത്രചിന്തകൾ’ എന്ന ലഘുഗ്രന്ഥം പ്രസിദ്ധീകരിച്ചു. പ്രൊഫ. എം.പി.എസ് മേനോനും മാധവൻനായർക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. ‘നേരിട്ട് അറിയാത്ത കാര്യങ്ങളെക്കുറിച്ച് അബദ്ധങ്ങൾ പറയുന്നതിൽ മാധവൻ നായർ വിദഗ്ധനായിരുന്നു’വെന്ന് അദ്ദേഹത്തിന്റെ ചില അസത്യ പ്രസ്താവങ്ങളിൽനിന്ന് തന്നെ മനസ്സിലാക്കാവുന്നതാണ് എന്നാണ് അദ്ദേഹം എഴുതിയത്. പ്രൊഫ. എം.പി. എസ് മേനോൻ ഇതിന് ഉദാഹരണമായി ചില കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. 1921 ആഗസ്ത് 20, 21 തീയതികളിൽ തിരൂരങ്ങാടിയിൽ നടന്ന അക്രമസംഭവങ്ങളെ പരാമർശിക്കുന്ന കൂട്ടത്തിൽ ‘എം.പി. നാരായണ മേനോന്റെ ഭാര്യവീട്ടുകാരെപ്പോലും വെറുതെ വിട്ടില്ല’ എന്ന് മാധവൻ നായർ പറഞ്ഞത് അസംബന്ധമാണെന്നദ്ദേഹം കൃത്യമായി വിവരിക്കുന്നുണ്ട്. ഹിന്ദു-മുസ്‌ലിം മൈത്രിക്ക് ഭംഗം വരുത്തുന്ന ഇത്തരത്തിലുള്ള ഒട്ടേറെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ കടന്നുവന്നത് സ്വാതന്ത്ര്യസമര ചരിത്രത്തിൽ ജാലിയൻ വാലാബാഗ്, ചൗരിചൗരാ സംഭവങ്ങളെക്കാൾ ഉജ്വലമായി മാറേണ്ടിയിരുന്ന മലബാർ കലാപത്തെ നിഷ്പ്രഭമാക്കുന്നതിൽ അനല്പമായ പങ്കുവഹിച്ചിട്ടുണ്ട്.
മലബാർ കലാപകാലത്ത് ജീവിച്ചിരിക്കുകയും ഖിലാഫത്ത്-നിസ്സഹകരണ സമരത്തിന് നേതൃത്വം നൽകിയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായി അതിന്റെ ഭാഗമാവുകയും ചെയ്ത ഒരു വ്യക്തിയുടെ വിവരണങ്ങൾ എന്ന നിലയിൽ, അദ്ദഹത്തിന്റെ ലേഖനങ്ങളിൽ എത്രതന്നെ അസത്യങ്ങൾ ഉണ്ടായിരുന്നാലും, ഏതൊരാളും അത് വിശ്വസിച്ചുപോകുമെന്നത് യാഥാർഥ്യം. മാധവൻനായരുടെ ലേഖനങ്ങളെ വിമർശിച്ചുകൊണ്ട് അക്കാലത്തുതന്നെ ഇ.കെ.മൗലവി അൽഅമീനിലും മാതൃഭൂമിയിലും എഴുതിയിരുന്ന ലേഖനങ്ങൾ കൂടി ചേർത്തുവച്ചുകൊണ്ടുള്ള ചരിത്രവായനയിലൂടെ മാത്രമെ മാധവൻ നായർ വികലമാക്കിയ മലബാർ കലാപത്തിന്റെ യഥാർഥ ചിത്രം മനസ്സിലാക്കാനാവൂ എന്നതിൽ സംശയമില്ല.
എത്രതന്നെ അസത്യങ്ങൾ മാധവൻ നായരുടെ കൃതിയിലുണ്ടായാലും ആ പുസ്തകം അപ്പാടെ വർഗീയമാണെന്നു പറഞ്ഞു തള്ളൂന്നത് നീതികേടാവും. മലബാർ കലാപത്തിൽ ഇന്ന് സംഘ്പരിവാർ പ്രചരിപ്പിക്കുന്നതുപോലുള്ള ഹിന്ദുവിരുദ്ധതയൊന്നും മാധവൻ നായരുടെ പുസ്തകത്തിൽ കാണാനാവില്ലെന്നതാണ് വാസ്തവം. മാപ്പിളമാരിൽനിന്ന് ഹിന്ദുക്കൾക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ വിവരിക്കുമ്പോഴും കലാപത്തെ അദ്ദേഹം വർഗീയമായി ചിത്രീകരിക്കുന്നില്ല. അക്രമണങ്ങൾ നടത്തിയ മാപ്പിളമാരുടെ പ്രചോദനം വിശുദ്ധ ക്വുർആനോ പ്രവാചകനോ ആയിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. “നിർബന്ധമായി മതത്തിൽ ചേർക്കുന്നത് തെറ്റാണെന്നു ഇസ്‌ലാം ഘോഷിക്കുന്നുണ്ടെങ്കിലും അക്കാര്യത്തിൽ അവർ മാതൃകയാക്കിയത് മുഹമ്മദ് നബിയെയല്ല’’ (പേജ് 20).
“വിദ്യാഭ്യാസം നൽകുകയും മതത്തെ ഉത്തമമായ രൂപത്തിൽ പഠിപ്പിക്കുകയും ചെയ്താൽ ഇവർ ഇന്ത്യാ രാജ്യത്തിലുള്ള ഏതു സമുദായത്തോടും കിടപിടിക്കുവാൻ പ്രാപ്തന്മാരായിത്തീരുന്നതാണ്. പക്ഷേ, നാട്ടുകാരാവട്ടെ ഇവരെ പരിഷ്‌കരിക്കുന്ന കാര്യത്തിൽ യാതൊരു ശ്രമവും ഇതുവരെ ചെയ്തിട്ടില്ല’’ (പേജ്.12)
വിശുദ്ധ ക്വുർആൻ ഉദ്ധരിച്ചുകൊണ്ട് ഹിന്ദു-മുസ്‌ലിം മൈത്രി ഊട്ടിയുറപ്പിക്കാൻ ശ്രമിച്ച മുസ്‌ലിം പണ്ഡിതന്മാരെ പ്രശംസിക്കാനാണ് മാധവൻ നായർ ശ്രമിച്ചത്: “മാപ്പിളമാർക്ക് ഏറ്റവും ബഹുമാനമുണ്ടായിരുന്ന മൗലവികളായിരുന്നു പ്രസംഗപീഠങ്ങളിൽനിന്ന് ഖുർആനെ ആസ്പദമാക്കി ഹിന്ദുക്കളെ മുസൽമാൻമാർ സ്‌നേഹിക്കേണ്ടതാണെന്നു ശക്തിമത്തായി പ്രസംഗം ചെയ്തിരുന്നത്. അക്രമരാഹിത്യത്തെപ്പറ്റിയായിരുന്നു അവർ സകലരേയും ഉപദേശിച്ചിരുന്നത്. നേതാക്കന്മാർ ചെയ്യുന്ന സകല ഉപദേശത്തേയും അനുസരിപ്പാൻ മാപ്പിളമാർ തയ്യാറായിരുന്നു. അക്രമംകൊണ്ടു യാതൊരു ഫലവും സിദ്ധിക്കുന്നതല്ലെന്നു അവർക്ക് ക്രമേണ ബോദ്ധ്യപ്പെടുവാൻ തുടങ്ങിയിരുന്നു’’ (പേജ് 71).
മാപ്പിളമാരുടെ ആക്രമണങ്ങൾക്ക് ഹിന്ദുക്കൾ ഇരയായതിന്റെ പ്രധാന കാരണം അദ്ദേഹം വിശദീകരിക്കുന്നത് മാപ്പിളമാരെ പട്ടാളം അക്രമിക്കുമ്പോൾ ഹിന്ദുക്കൾ ഒപ്പം കൂടിയതിനാലും മാപ്പിളയുടെ ദൃഷ്ടിയിൽ തന്റെ അധ്വാനത്തിന്റെ ഫലം അനുഭവിക്കുന്ന വസ്തു ഉടമസ്ഥരായ ഹിന്ദുക്കളായിരുന്നതിനാലും ആയിരുന്നു. ജന്മികളിൽ അധികവും ഹിന്ദുക്കളായിരുന്നല്ലോ. അതോടൊപ്പം ബ്രിട്ടീഷുകാരോട് കൂറ് പുലർത്തിയ ഹിന്ദുക്കളും മാപ്പിളമാരായ ചേക്കുട്ടിയേയും അയ്തൃഹാജിയേയും പോലെയുള്ളവരും മാപ്പിളമാരുടെ ശത്രുക്കളായിരുന്നു എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
മാത്രമല്ല, മലബാർ കലാപത്തെ ഒരു ജനതയുടെ സ്വാതന്ത്ര്യ ദാഹമായി തന്നെയാണ് അദ്ദേഹം കാണുന്നത്. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് അഭിപ്രായ വ്യത്യാസം നിലനിൽക്കുമ്പോഴും അദ്ദേഹത്തിന്റെ ധീരതയേയും ഉദ്ദേശ്യ ശുദ്ധിയെയും പ്രശംസിക്കുകയാണ് മാധവൻ നായർ. “കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവൃത്തിപഥം പിഴച്ചിരുന്നെങ്കിലും അയാൾ സാധാരണക്കാരിൽ എത്രയോ ഉപരിയുള്ള ഒരു ദേശാഭിമാനിയും മതാഭിമാനിയും ആയിരുന്നെന്ന് പറയുന്നത് തൽക്കാലം പലർക്കും നിന്ദ്യമായി തോന്നിയാലും പരമാർത്ഥമാണെന്ന് കാലാന്തരേണ ജനങ്ങൾക്ക് ബോധ്യപ്പെടും’’ (പേജ് 270).
ഹിന്ദു-മുസ്‌ലിം തുല്യനീതിയിൽ അധിഷ്ഠിതമായ വാരിയൻകുന്നത്തിന്റെ ഭരണത്തെ കുറിച്ചും അകാരണമായി കൊള്ളയും അക്രമണങ്ങളും അഴിച്ചുവിട്ടവർക്ക് അദ്ദേഹം നൽകിയ ശിക്ഷയെ കുറിച്ചും മാധവൻ നായർ ഉദ്ധരണികൾ സഹിതം വിശദീകരിക്കുന്നതും അദ്ദേഹത്തിന്റെ കൃതി പൂർണമായും തള്ളിക്കളയാനാവില്ല എന്ന് വ്യക്തമാക്കുന്നു.
(തുടരും)
അവലംബം:
75. മാതൃഭൂമി, 1924 ജൂലായ് 12.
76. മാതൃഭൂമി, 1924 ജൂലായ് 12.
77. മാതൃഭൂമി, 1924 ജൂലായ് 12.
78. മാതൃഭൂമി, 1924 ജൂലായ് 12.
79. മാതൃഭൂമി, 1924 ജൂലായ് 12.
80. മാതൃഭൂമി, 1924 ജൂലായ് 12

