ഇ.കെ.മൗലവിയും മുസ്‌ലിം ലീഗും
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 സെപ്തംബർ 28, 1446 റ. അവ്വൽ 25

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 27)
ഖിലാഫത്ത് പ്രസ്ഥാനം അസ്തമിച്ചപ്പോൾ സന്ദിഗ്ധഘട്ടത്തിൽ കോൺഗ്രസ് തങ്ങളെ കൈവിട്ടു എന്ന ധാരണ ആ പാർട്ടിയിൽനിന്ന് അകലാൻ പല മുസ്‌ലിംകളെയും പ്രേരിപ്പിച്ചു. മലബാർ കലാപത്തിനുശേഷം സവർണ നേതാക്കൾ സ്വീകരിച്ച മുസ്‌ലിം വിരുദ്ധ നിലപാടുകൾമൂലം ബഹുഭൂരിപക്ഷം മുസ്‌ലിംകൾക്കും കോൺഗ്രസിൽ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ബ്രിട്ടീഷ് ശക്തികളോട് സദാ പോരാടി ഊർജം വ്യയം ചെയ്യുന്നത് ബുദ്ധിപൂർവമാണോ എന്ന് ചിലരെങ്കിലും പുനരാലോചിക്കാൻ തുടങ്ങി. കേരള മുസ്‌ലിം ഐക്യസംഘം കേരളീയ സമൂഹത്തിനിടയിൽ സൃഷ്ടിച്ച മതപരമായ ഉണർവും അതോടൊപ്പം വളർന്നുവന്ന വിദ്യാഭ്യാസ മുന്നേറ്റവും രാഷ്ട്രീയ പ്രബുദ്ധതയും മുസ്‌ലിംകളെ പ്രായോഗികമായി ചിന്തിക്കാൻ പ്രാപ്തരാക്കി. സാമുദായിക പരിഷ്‌കരണ പ്രവർത്തനങ്ങൾക്ക് ഒരു വ്യാഴവട്ടക്കാലം നേതൃത്വം കൊടുത്ത ഐക്യസംഘത്തിന്റെ അകാലത്തിലുള്ള വിടവാങ്ങൽ സൃഷ്ടിച്ച ശൂന്യത നികത്താൻ അതിന്റെ നേതാക്കൾ കേരള ജംഇയ്യത്തുൽ ഉലമയെ പകരം കണ്ടുവെങ്കിലും ഐക്യസംഘം ഇടപെട്ട സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ ഇടപെടാൻ ജംഇയ്യത്തുൽ ഉലമ അപര്യാപ്തമായിരുന്നു.
ഈ ഘട്ടത്തിൽ ഭാരതീയരുടെ പൊതുവായ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന കോൺഗ്രസ് പോലുള്ള സംഘടനക്കു പകരം മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രത്യേകമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തിയുള്ളതും ബഹുസ്വര സമൂഹത്തിൽ ജനാധിപത്യമൂല്യങ്ങളോടെ പ്രവർത്തിക്കാൻ സഹായകവുമായ ഒരു രാഷ്ട്രീയ സംഘടന അനിവാര്യമാണെന്ന ചിന്ത കെ.എം.മൗലവി, ഇ.കെ.മൗലവി പോലുള്ള പല ഇസ്വ്‌ലാഹീ നേതാക്കൾക്കിടയിലും ഉയർന്നുവന്നു. അക്കാര്യം പ്രൊഫ.യു.മുഹമ്മദ് എഴുതിയത് കാണുക:
“കെ.എം.മൗലവിയെയും ഇ.കെ.മൗലവിയെയും പോലുള്ള ഏതാനും നേതാക്കൾ മുസ്‌ലിം ലീഗ് രൂപീകരണത്തിന് നേതൃത്വം നൽകി. മുസ്‌ലിംകളുടെ നിയമാനുസൃതമായ അവകാശ സംരക്ഷണത്തിന് രാഷ്ട്രീയത്തിൽ മുസ്‌ലിം പങ്കാളിത്തം അനിവാര്യമാണെന്ന് ഈ നേതാക്കൾ കരുതി.’’(81)
ഈ സമുദായസ്‌നേഹമാണ് 1933ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിടാനും പിന്നീട് മുസ്‌ലിം ലീഗ് രൂപീകരണത്തിൽ പങ്കുവഹിക്കാനും ഇ.കെ.മൗലവിയെ പ്രേരിപ്പിച്ചത്. സമുദായത്തിന്റെ വികാസത്തിനും പരിഷ്‌കരണത്തിനും ഏറ്റവും ഉചിതമായ മാർഗം മുസ്‌ലിം ലീഗാണെന്ന തിരിച്ചറിവ് അന്ത്യംവരെ അദ്ദേഹം പുലർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. 1947 മാർച്ചിൽ നടന്ന കേരള ജംഇയ്യത്തുൽ ഉലമയുടെ വാർഷികയോഗത്തിൽ മുസ്‌ലിം ലീഗ് നേതൃത്വത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ഇ.കെ.മൗലവി അവതരിപ്പിച്ച പ്രമേയം കേരള മുസ്‌ലിം സമൂഹത്തെ ലീഗ് രാഷ്ട്രീയത്തോടൊപ്പം സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു. കേരളത്തിലെ പണ്ഡിതൻമാർ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിൽ വിശ്വാസമർപ്പിക്കുന്നതായും മുസ്‌ലിംകളെ ആത്യന്തികമായ ലക്ഷ്യത്തിലേക്കു നയിക്കാനുള്ള ആരോഗ്യവും ആർജ്ജവവും അദ്ദേഹത്തിന് ദൈവം കനിഞ്ഞരുളട്ടെ എന്ന് പ്രാർഥിക്കുന്നതായും പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു ആ പ്രമേയം.(82)
മുസ്‌ലിം സംഘടിതശക്തിയിലേക്ക് സമുദായത്തെ നയിക്കാനും സവിശേഷമായ രാഷ്ട്രീയാവബോധത്തിലേക്ക് കേരളീയ മുസ്‌ലിം സമൂഹത്തെ കൈപിടിച്ചുയർത്താനും ഇ.കെ.മൗലവി അവതരിപ്പിച്ച ഈ പ്രമേയം സഹായിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല.
വിഭജനാനന്തര ഇന്ത്യയിൽ അങ്ങേയറ്റത്തെ നിസ്സഹായതയിലും കടുത്ത ആശങ്കയിലുമായിരുന്നു മുസ്‌ലിം സമുദായം. ഏറ്റവും ഭയാനകമായ വർഗീയ കൂട്ടക്കുരുതികൾക്കാണ് രാജ്യം സാക്ഷിയായത്. ഇന്ത്യയിലങ്ങോളമിങ്ങോളം വിഭജനത്തിന്റെ നോവും നൊമ്പരവും അലയടിക്കുന്ന സമയം. എന്തു ചെയ്യണമെന്നറിയാതെ സമുദായം ഒരു കച്ചിത്തുരുമ്പിനു വേണ്ടി കേഴുന്ന നാളുകൾ. ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് നിലനിൽക്കണമോ വേണ്ടയോ എന്നത് മുസ്‌ലിംകളിൽ തന്നെ ഒരു ചർച്ചാ വിഷയമായി മാറി. ഒരു രാഷ്ട്രീയ സംഘടനയെന്ന നിലയിൽ മുസ്‌ലിം ലീഗ് ആവശ്യമില്ലെന്നായിരുന്നു മുസ്‌ലിംകളിൽ ബഹുഭൂരിഭാഗത്തിന്റെയും അഭിപ്രായം. പാകിസ്ഥാനിനു വേണ്ടി രൂപീകരിക്കപ്പെട്ട ഒരു സംഘടനയാണ് മുസ്‌ലിം ലീഗെന്നും പാകിസ്ഥാൻ സ്ഥാപിച്ചശേഷം ഇന്ത്യയിൽ നിലനിൽക്കാൻ മുസ്‌ലിം ലീഗിന് അവകാശമില്ലെന്നുമാണ് കോൺഗ്രസുകാർ ആരോപിച്ചത്. മാത്രമല്ല, ഇന്ത്യ വിഭജിക്കാൻ തന്നെ ഇടയാക്കിയത് മുസ്‌ലിം ലീഗാണെന്നും അതിനാൽ ആ സംഘടനയെ നിലനിൽക്കാൻ അനുവദിച്ചുകൂടെന്നും കോൺഗ്രസുകാർ പ്രചരിപ്പിച്ചു.
ഈ പ്രതികൂല സാഹചര്യത്തിന്റെ ഫലമായി മുസ്‌ലിം ലീഗിന്റെ പ്രവർത്തനം ക്ഷയിച്ചു തുടങ്ങിയിരുന്നു. ഇന്ത്യയിലെ മുസ്‌ലിംകളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും ഭരണഘടനാ അവകാശങ്ങൾ നേടിയെടുക്കുവാനും സംരക്ഷിക്കുവാനും സമൂഹത്തിൽ അന്തസ്സുള്ള അസ്തിത്വം ഉയർത്തിപ്പിടിക്കുന്നതിനും മുസ്‌ലിം ലീഗ് നിലനിന്നേ തീരൂ എന്നാഗ്രഹിച്ച ഇ.കെ.മൗലവി സാഹിബ്; ലീഗിനെ പുനരുജ്ജീവിപ്പിക്കാനായി രംഗത്തിറങ്ങിയ കെ.എം.സീതി സാഹിബ്, കെ.എം.മൗലവി, എം.കെ.ഹാജി, ബാഫഖി തങ്ങൾ എന്നിവരോടൊപ്പം പ്രവർത്തന ഗോഥയിലിറിങ്ങി. പ്രസംഗങ്ങളിലൂടെയും തൂലികയിലൂടെയും ലീഗിനെ ശക്തിപ്പെടുത്താനുളള ശ്രമങ്ങളിൽ അദ്ദേഹം മുഴുകി. കേരള മുസ്‌ലിം രാഷ്ട്രീയത്തിന്ന് ബൗദ്ധികാടിത്തറ പാകുന്നതിൽ ഇ.കെ.മൗലവി വഹിച്ച പങ്ക് നിഷേധിക്കാനാവാത്തതാണ്.
അക്കാലത്ത് തലശ്ശേരിയിലും കടവത്തൂരിലും മുസ്‌ലിം ലീഗിന്റെ വിപുലമായ സമ്മേളനങ്ങൾ സംഘടിപ്പിച്ചത് മൗലവിയുടെ നേതൃത്വത്തിലായിരുന്നു. 1949ൽ തലശ്ശേരിയിൽ ചേർന്ന ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് കോട്ടയം താലൂക്ക് (ഇന്നത്തെ തലശ്ശേരി) സമ്മേളനത്തിന്റെ സംഘാടകരിൽ ഒരാളായിരുന്നു മൗലവി. കേരള സംസ്ഥാന രൂപീകരണത്തിനു തൊട്ടുമുമ്പ് മലബാറിലെ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെട്ട മുസ്‌ലിം ലീഗ് സമ്മേളനങ്ങളിലെ ഒരു പ്രധാന പ്രസംഗകനായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലയിലെ മുസ്‌ലിം ലീഗ് നേതാവായ പുത്തൂർ മുസ്തഫ മാവിലാട്ട് മഹമൂദ് ‘ഒരു ഇതിഹാസത്തിന്റെ പുനർവായന’ എന്ന കൃതിയിൽ പാനൂരിലെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് പറയുന്നത് കാണുക:
“പാനൂർ മേഖലയിൽ മുസ്‌ലിം ലീഗിന് അടിത്തറ പാകുന്നതിൽ, അതോടൊപ്പം സമുദായ നവോത്ഥാനം കൂടി ലക്ഷ്യമാക്കി പ്രവർത്തിച്ച ഇ.കെ. മൗലവി എന്ന ഇല്ലത്ത് കണ്ടി കുഞ്ഞമ്മദ് കുട്ടി മൗലവി (1891-1974), ടി.കെ. മൗലവി എന്ന തോണിക്കടവൻ വീട്ടിൽ കുഞ്ഞമ്മദ് കുട്ടി മൗലവി (1892-1942) എന്നിവരുടെയൊക്കെ പ്രവർത്തനം വലിയ മാറ്റങ്ങളുണ്ടാക്കി. മൊയാരത്ത് ശങ്കരന്റെ (1889-1948) നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തനവും മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നു.’’
മുസ്‌ലിം ലീഗിന്റെ പ്രചാരകരായി പാനൂർ മേഖലയിൽ പ്രവർത്തിച്ച ഇ.കെ. മൗലവി, ടി.കെ. മൗലവി എന്നിവർ കേരള ജംഇയ്യത്തുൽ ഉലമ രൂപീകരണ യോഗത്തിലേക്ക് പണ്ഡിതന്മാരെ ക്ഷണിക്കുന്നതിന് മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം കേരളത്തിലുടനീളം സഞ്ചരിച്ചവരായിരുന്നുവെന്ന കാര്യം മുമ്പ് പരാമർശിച്ചിരുന്നല്ലോ. ഐക്യസംഘത്തിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും കേരള ജംഇയ്യത്തുൽ ഉലമയുടെ രൂപീകരണത്തിനുവേണ്ടി കേരളം മുഴുവൻ സഞ്ചരിച്ച് അക്ഷീണം പ്രവർത്തിക്കുകയും ചെയ്ത ഈ രണ്ടു പണ്ഡിത പ്രമുഖർ തന്നെയാണ് മുസ്‌ലിം ലീഗിന്റെ രൂപീകരണത്തിനും അതിന്റെ പ്രചാരണത്തിനും രംഗത്തിറങ്ങിയത്. മുസ്‌ലിം ലീഗിന്റെ വളർച്ചയിൽ ഇസ്വ്‌ലാഹീ പണ്ഡിതരായ ഇ.കെ. മൗലവിയും ടി.കെ. മുഹമ്മദ് മൗലവിയും വഹിച്ച പങ്ക് എന്നെന്നും ഓർമിക്കപ്പെടും എന്നതിൽ സംശയമില്ല. വിയോജിപ്പുകൾ മറന്നുകൊണ്ട് പൊതുവിഷയങ്ങളിൽ മുസ്‌ലിംകൾ ഐക്യപ്പെടണമെന്നും രാഷ്ട്രീയമായി സംഘടിക്കേണ്ടത് അനിവാര്യമാണെന്നുമുള്ള ഐക്യസംഘം നേതാക്കളുടെ കാഴ്ചപ്പാടും പരിശ്രമവുമാണ് നമുക്ക് കാണാൻ കഴിയുന്നത്. മുസ്‌ലിം ലീഗിന്റെ രൂപീകരണത്തിലും വളർച്ചയിലും മുഖ്യ പങ്കുവഹിച്ചത് ഐക്യസംഘം നേതാക്കൾതന്നെയായിരുന്നുവെന്നതിന് ഈ ചരിത്രവും സാക്ഷിയാണ്.
മുസ്‌ലിം ലീഗിന്റെ പ്രചാരണത്തിനു വേണ്ടി ചന്ദ്രിക പത്രത്തിലൂടെ തന്റെ തൂലിക ചലിപ്പിക്കാനും ഇ.കെ. മൗലവിക്കു സാധിച്ചിരുന്നു. മുസ്‌ലിം ലീഗ് നിലനിൽക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ടും ലീഗിന് പ്രവർത്തിക്കാനവകാശമില്ലെന്ന് പ്രചരിപ്പിക്കുന്നവർക്ക് വായടപ്പൻ മറുപടി നൽകിക്കൊണ്ടും അന്ന് വാരികയായി പുറത്തിറങ്ങിയിരുന്ന ചന്ദ്രിക പത്രത്തിൽ അദ്ദേഹം എഴുതിയ ലേഖനങ്ങൾ ലീഗ് പ്രവർത്തകരിലും നേതാക്കളിലും ആത്മവിശ്വാസം ഉളവാക്കുന്നതായിരുന്നു.
(തുടരും)
അവലംബം:
81. Some of the leaders like K.M.Moulavi and E.K. Moulavi, came into leadership of Muslim League. They thought Muslim participation in politics was necessary to protect the legitimate rights of Muslims.(Prof. U.Mohammed, Educational Empowerment of Kerala Muslims, A Socio Historical Perspective, Page:66).
82. In its Annual Conference held in March 1947, E.K. Moulavi moved a resolution stating that ‘the ulemas of Kerala affirm their confidence in the leadership of Muhammedali Jinna and pray to God to provide him health and strength to lead the Muslims to the ultimate goal’.(COLONIALISM AND COMMUNITY FORMATION IN MALABAR : A STUDY OF MUSLIMS OF MALABAR Thesis submitted to the University of Calicut by Dr. P.P. ABDUL RAZAK, Page:321).

