മുസ്‌ലിം മജ്‌ലിസ്; വളർച്ചയും തളർച്ചയും
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 ജൂലായ് 27, 1446 മുഹർറം 21

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 20)
മുസ്‌ലിം ജനസാമാന്യത്തെ വിശ്വാസപരമായും കർമപരമായും സംസ്‌കരിക്കുക എന്ന ചുമതലയും അവരുടെ ഭൗതികവും പാരത്രികവുമായ നേട്ടങ്ങൾക്കു തടസ്സം നിൽക്കുന്ന വികലവിശ്വാസങ്ങളെ അതി ശക്തമായി നേരിട്ട് വിജയത്തിനാവശ്യമായ പദ്ധതികളാവിഷ്‌കരിക്കുകയും ചെയ്യുക എന്ന ചുമതലയും ഒരേസമയം ഏറ്റെടുത്തുകൊണ്ടാണ് ഐക്യസംഘം മുന്നേറിയത്. അങ്ങനെ വിശ്വാസപരവും കർമപരവും സാമൂഹികവും ഭരണപരവുമായ എല്ലാ തലങ്ങളിലും ഇടപെടാൻ ഐക്യസംഘത്തിനു കഴിഞ്ഞു.
ഐക്യസംഘം നേതാക്കളിൽ പലരും നിയമനിർമാണ സഭയിൽ അംഗങ്ങളായിരുന്നുവെന്നത് സംഘം പ്രവർത്തകർ സമുദായോദ്ധാരണപ്രവർത്തനങ്ങളിൽ സജീവമായതോടൊപ്പം തന്നെ രാഷ്ട്രീയമായി മുസ്‌ലിംകളെ ഉയർത്തിക്കൊണ്ടുവരുന്നതിലും ശ്രദ്ധ ചെലുത്തി എന്ന് വ്യക്തമാക്കുന്നു. ഐക്യസംഘത്തിന്റെ മുന്നണിപ്പോരാളികളായിരുന്ന മണപ്പാട് കുഞ്ഞഹമ്മദ് ഹാജി സാഹിബ്, ഹാജി കെ സീതി മുഹമ്മദ് സാഹിബ്, കെ.എം.സീതിസാഹിബ് എന്നിവർ കൊച്ചി നിയമസഭയിലും ടി.എം.മൊയ്തു സാഹിബ്, കോട്ടാൽ ഉപ്പിസാഹിബ്, മുഹമ്മദ് ശംനാട് സാഹിബ് എന്നിവർ മദ്രാസ് നിയമനിർമാണസഭയിലും ജനപ്രതിനിധികളായിരുന്നു. സാമൂഹികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളും വിശ്വാസപരവും കർമപരവുമായ പ്രവർത്തനങ്ങളും ഒരേസമയം മുന്നോട്ടു കൊണ്ടുപോകാൻ ഈ നേതാക്കൾക്കു കഴിഞ്ഞു. മണപ്പാട് കുഞ്ഞഹമ്മദ് ഹാജി സാഹിബ് ഐക്യസംഘത്തിന്റെ സെക്രട്ടറിയായിരിക്കെത്തന്നെ കൊച്ചി നിയമസഭയിലെ കൊടുങ്ങല്ലൂരിൽനിന്നുള്ള ജനപ്രതിനിധിയായി സേവനം തുടർന്നു. അന്നത്തെ കൊച്ചി നിയമസഭയിൽ മുസ്‌ലിംകൾക്ക് ഒരു സീറ്റു മാത്രമാണ് സംവരണം ചെയ്തിരുന്നത്. അത് വർധിപ്പിക്കണമെന്ന ആവശ്യം മഹാരാജാവ് നിരസിച്ചപ്പോൾ കൊടുങ്ങല്ലൂർ ജനറൽ സീറ്റിലും സംവരണ സീറ്റിലും മുസ്‌ലിം ഐക്യസംഘത്തിന്റെ പിൻബലത്തിൽ സ്ഥാനാർഥികളെ നിർത്തി. ജനറൽ സീറ്റിൽ കോട്ടപ്പുറത്ത് സീതിമുഹമ്മദ് സാഹിബും സംവരണ സീറ്റിൽ മണപ്പാടനുമായിരുന്നു സ്ഥാനാർഥികൾ. ഭൂവുടമകൾക്കും എസ്.എസ്.എൽ.സി. പാസ്സായവർക്കും മാത്രം വോട്ടവകാശമുണ്ടായിരുന്ന അക്കാലത്ത് രണ്ടുസീറ്റും വിജയിച്ച് അവർ ചരിത്രം സൃഷ്ടിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുൾപ്പെടെ ഐക്യസംഘത്തിന്റെ മിക്ക നേതാക്കളും ദേശീയ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തിരുന്നവരും കോൺഗ്രസ് അനുഭാവികളുമായിരുന്നു. മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ്, ഇ. മൊയ്തു മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, കെ.സി. കോമുക്കുട്ടി മൗലവി, കെ.എം.സീതി സാഹിബ്, കെ.എം.മൗലവി, ഇ.കെ.മൗലവി, എം.സി.സി.അബ്ദുറഹ്‌മാൻ മൗലവി തുടങ്ങിയവരെല്ലാം കോൺഗ്രസിനു വേണ്ടി പ്രവർത്തിച്ചവരായിരുന്നു. ഇങ്ങനെ ഐക്യസംഘത്തിന്റെ നേതാക്കളെല്ലാം തന്നെ രാഷ്ട്രീയ നിലപാടുകളുള്ളവരായിരുന്നെങ്കിലും സംഘടന എന്ന നിലയിൽ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടേണ്ടതില്ല എന്നതായിരുന്നു ഐക്യസംഘത്തിന്റെ പൊതുവിലുള്ള തീരുമാനം.
ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായ നിലപാടുണ്ടായിരുന്ന മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ്, ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യസമരവും കൂടി ഐക്യസംഘത്തിന്റെ പ്രവർത്തന പരിധിയിൽ വരണമെന്ന പക്ഷക്കാരനായിരുന്നു. രാഷ്ട്രീയത്തിലും ഐക്യസംഘം ഇടപെടണമെന്ന പ്രമേയം ആലുവയിൽ ചേർന്ന വാർഷിക സമ്മേളനത്തിൽ അദ്ദേഹം അവതരിപ്പിച്ച കാര്യം നാം നേരത്തെ വിശദീകരിക്കുകയുണ്ടായി. മലബാർ സമരാനന്തരമുള്ള കോൺഗ്രസ് നിലപാടു മാറ്റം സ്വാഭാവികമായും മുസ്‌ലിംകളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർത്തിയിരുന്ന സാഹചര്യമായിരുന്നു അത്. അതുകൊണ്ടുതന്നെ ഐക്യസംഘത്തിന്റെ സ്ഥാപക നേതാക്കളായിരുന്ന സീതി മുഹമ്മദ് ഹാജിയെപ്പോലുള്ള പല നേതാക്കളും ഈ അഭിപ്രായത്തെ ശക്തിയുക്തം എതിർത്തു. മണപ്പാട് കുഞ്ഞഹമ്മദ് ഹാജി സാഹിബ്, ഇ.കെ.മൗലവി സാഹിബ് തുടങ്ങിയ സ്ഥാപകനേതാക്കളെല്ലാം ഈ പ്രസ്ഥാനത്തിനകത്ത് ഒരുതരം രാഷട്രീയവും കലർത്തരുതെന്നും അങ്ങനെ വന്നാൽ സംഘത്തിൽ ചേരിതിരിവ് സംഭവിക്കുമെന്നും അത് സംഘം മുന്നോട്ടുവെക്കുന്ന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും സമുദായത്തെ ഒന്നാകെ ഐക്യത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കേണ്ടതെന്നും അഭിപ്രായമുള്ളവരായിരുന്നു. ഈ എതിർപ്പുമൂലം അബ്ദുറഹ്‌മാൻ സാഹിബ് അവതരിപ്പിച്ച പ്രമേയം ചെറിയ വോട്ടുകൾക്ക് പരാജയപ്പെട്ടു. ഇത് സംഘം പ്രവർത്തകരിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെടുന്നതിന് കാരണമായി. ഈ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നെങ്കിലും ഐക്യസംഘം അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയും കേരള ജനതയെ മതപരമായും ധാർമികമായും വിദ്യാഭ്യാസപരമായും ഉയർത്തിക്കൊണ്ടു വരുന്നതിൽ ഒരു ദശാബ്ദക്കാലം ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും ചെയ്തു.

ഐക്യസംഘത്തിന്റെ നാലാം വാർഷികസമ്മേളനത്തിനു ശേഷം തലശ്ശേരിയിൽ രൂപംകൊണ്ട മുസ്‌ലിം ക്ലബ്ബ് 1931ൽ ‘കേരള മുസ്‌ലിം മജ്‌ലിസ്’ ആയി പരിണമിക്കുകയും ഐക്യസംഘം പ്രവർത്തകരുടെ സഹകരണത്തോടുകൂടി കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസപരവും ഭൗതികവുമായ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതമാകുകയും ചെയ്തിരുന്നു. മജ്‌ലിസിന്റെ കീഴിൽ ഉപ്പി സാഹിബിന്റെ നേതൃത്വത്തിൽ തലശ്ശേരി കേന്ദ്രീകരിച്ച് മുസ്‌ലിം വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുകയും അബ്ദുറഹ്‌മാൻ സാഹിബിനെ അതിന്റെ അധ്യക്ഷനാക്കുകയും ചെയ്തു. ഐക്യസംഘത്തിന്റെ ഇതപര്യന്തമുള്ള നിലപാട് മതപരവും വിശ്വാസപരവും സാമൂഹികവുമായ എല്ലാ തലങ്ങളിലും ഇടപെടലുകൾ നടത്തുക എന്നതായിരുന്നു. എന്നാൽ മുസ്‌ലിം മജ്‌ലിസ് മുസ്‌ലിം സമൂഹത്തിന്റെ ഭൗതികാഭിവൃദ്ധി മാത്രം ലക്ഷ്യംവെക്കുന്ന പ്രവർത്തനങ്ങൾ മാത്രം ഏറ്റെടുക്കുകയാണ് ചെയ്തത്. ഈ ഘട്ടത്തിൽ ഐക്യസംഘത്തിന് മതപരമായ ഉപദേശനിർദേശങ്ങൾ നൽകിക്കൊണ്ടിരുന്ന കേരള ജംഇയ്യത്തുൽ ഉലമാ മതപരവും വിശ്വാസപരവുമായ കാര്യങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുകയും ചെയ്തു. ഈ രണ്ടു സംഘങ്ങളും രണ്ടുവഴിക്കുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയപ്പോൾ ഐക്യസംഘത്തിന്റെ പ്രസക്തിയെന്ത് എന്ന ചോദ്യം വിശിഷ്യാ മുസ്‌ലിം മജ്‌ലിസിൽ അംഗങ്ങളായിരുന്നവരിൽ ഉയർന്നുവന്നു. മുസ്‌ലിം മജ്‌ലിസ് ഭൗതികപുരോഗതിക്കും കേരള ജംഇയ്യത്തുൽ ഉലമ മതപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുമായി പ്രവർത്തിക്കട്ടെ എന്ന നിലപാട് മജ്‌ലിസിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഐക്യസംഘത്തിലെ ഒരു വിഭാഗത്തിനുണ്ടായി.
1929ലെ നെഹ്‌റു റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഐക്യസംഘത്തിലും മുസ്‌ലിം മജ്‌ലിസിലും പ്രവർത്തിച്ചിരുന്ന പല നേതാക്കളും കോൺഗ്രസിൽ നിന്നകലുകയും മുസ്‌ലിംകൾ കോൺഗ്രസിൽനിന്നു മാറി പ്രവർത്തിക്കേണ്ടതുണ്ടെന്ന ആശയം ഉയർന്നുവരികയും ചെയ്തു. കെ.എം. മൗലവി, ഇ.കെ മൗലവി തുടങ്ങിയവർ കോൺഗ്രസ് വിരുദ്ധ നിലപാടു സ്വീകരിക്കുകയും കെ.എം. മൗലവി സാഹിബ് സജീവ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിലേക്കു കടക്കുകയും ചെയ്തു. കോൺഗ്രസ് വിരുദ്ധ നിലപാടുള്ള പലരും അകന്നുനിന്നത് മൂലം മുസ്‌ലിം മജ്‌ലിസ് പൂർണമായും മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിനു കീഴിൽ വരികയും ചെയ്തു.
1934ൽ കേന്ദ്ര അസംബ്ലിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന മുസ്‌ലിം മജ്‌ലിസ് അംഗവും ഐക്യസംഘം പ്രവർത്തകസമിതി അംഗവുമായിരുന്ന ഹാജി അബ്ദുസ്സത്താർ ഇസ്ഹാഖ് സേട്ട് സാഹിബ് (തലശ്ശേരി) കോൺഗ്രസിൽ തന്നെ നിലയുറപ്പിച്ചിരുന്ന മുഹമ്മദ് അബ്ദുർ റഹ്‌മാൻ സാഹിബിനെതിരെ മത്സരിച്ചു. കോൺഗ്രസിൽതന്നെ തുടർന്നിരുന്ന തികഞ്ഞ ഗാന്ധിയനും ഐക്യസംഘത്തിന്റെ അനിഷേധ്യ നേതാവുമായിരുന്ന സീതിസാഹിബ് കെ.എം മൗലവി, ഇ.കെ മൗലവി എന്നിവരുടെ പ്രേരണയാൽ ഈ ഘട്ടത്തിൽ കോൺഗ്രസിനോട് വിട പറഞ്ഞു.
അബ്ദുസ്സത്താർ സേട്ടുവും മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബും തമ്മിലുള്ള പോരാട്ടത്തിൽ സീതിസാഹിബ് സത്താർ സേട്ടിന് പിന്തുണ നൽകിയത് നേതാക്കൾക്കിടയിൽ ഭിന്നത വർധിപ്പിക്കുകയും ഐക്യസംഘത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന തലത്തിലേക്ക് ആ ഭിന്നത മൂർച്ഛിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സത്താർ സേട്ട് വിജയിക്കുകയും മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് പരാജയപ്പെടുകയും ചെയ്തു.
മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബാകട്ടെ, മുസ്‌ലിം മജ്‌ലിസിനെ പൂർണമായും കോൺഗ്രസിനു കീഴിൽ കൊണ്ടുവരികയും ചെയ്തു. ഈ സംഭവവികാസങ്ങൾ ഐക്യസംഘത്തെ അക്ഷരാർഥത്തിൽ ബലഹീനമാക്കിയിരുന്നു

