നിഷ്പക്ഷ സംഘം പിറവിയെടുക്കുന്നു

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 ഏപ്രിൽ 27, 1445 ശവ്വാൽ 18

ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 6

1919 മുതൽ കൊടുങ്ങല്ലൂർ പ്രദേശത്തെ മുസ്‌ലിം സമൂഹത്തെ മത-ഭൗതിക വിദ്യാഭ്യാസ രംഗങ്ങളിൽ ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള അശ്രാന്ത പരിശ്രമങ്ങളിൽ ഏറെക്കുറെ വിജയം കാണാൻ ഇ.കെ.മൗലവിക്കു കഴിഞ്ഞുവെങ്കിലും അവിടുത്തെ മറ്റു ചില സാമൂഹ്യ സാഹചര്യങ്ങളിൽ മൗലവി സാഹിബ് ഖിന്നനായിരുന്നു. ഇ.കെ.മൗലവിയുടെ ആഗമനത്തിനു മുമ്പുതന്നെ ശൈഖ് മാഹിൻ ഹമദാനി തങ്ങളുടെയും ഹാജി സീതി മുഹമ്മദിന്റെയും നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന അഴീക്കോട്ടെ ലജ്‌നത്തുൽ ഹമദാനി സമാജത്തിന്റെയും എറിയാട്ടെ ലജ്‌നത്തുൽ ഇസ്‌ലാം സംഘത്തിന്റെയും പ്രവർത്തന ഫലമായി കുടുംബങ്ങൾ തമ്മിലുള്ള വഴക്കും വക്കാണവും ശമിച്ചിരുന്നുവെന്ന് മുകളിൽ സൂചിപ്പിച്ചിരുന്നല്ലോ. എന്നാൽ ഇ.കെ.മൗലവി കൊടുങ്ങല്ലൂരിലെത്തി രണ്ടു വർഷം കഴിയുന്നതിനു മുമ്പായി ഇത്തരം വഴക്കുകൾ വീണ്ടും തലപൊക്കുകയും കുടുംബങ്ങൾ തമ്മിലുള്ള അനൈക്യം രൂക്ഷമാവുകയും ചെയ്തു. ഈ സ്ഥിതിവശേഷം സമുദായനേതാക്കളെ അക്ഷരാർഥത്തിൽ അലോസരപ്പെടുത്തി.

വഴക്കും വക്കാണവുമായി പരസ്പരം ഭിന്നിച്ചുകഴിയുന്ന കൊടുങ്ങല്ലൂരിലെ കുടുംബങ്ങൾ തമ്മിൽ ഐക്യം സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നു കണ്ട് പണ്ഡിതരും പ്രമാണിമാരും രംഗത്തിറങ്ങുന്ന സന്തോഷകരമായ നാളുകളാണ് 1922ൽ കണ്ടത്. അകന്നു നിൽക്കുന്ന കുടുംബങ്ങൾ തമ്മിലുള്ള വഴക്കുകൾ പരിഹരിക്കുകയും അതോടൊപ്പം കുടുംബാംഗങ്ങളിൽ ഇസ്‌ലാമികമായ ചിട്ടകൾ വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി അവർ ചർച്ചകൾ ആരംഭിച്ചു. ഇ.കെ.മൗലവിയും കെ.എം.മൗലവിയും മുൻകയ്യെടുത്തുകൊണ്ട് ഇതിനായി ഏറിയാട്ട് ഒരു യോഗം വിളിച്ചു ചേർത്തു. ആ യോഗത്തിന്റെ ആധ്യക്ഷ്യം വഹിച്ചത് ശൈഖ് ഹമദാനി തങ്ങളായിരുന്നു. ഹാജി കോട്ടപ്പുറത്ത് സീതി മുഹമ്മദിനും മകൻ സീതിസാഹിബിനും ഹമദാനി തങ്ങളുമായി നേരത്തെയുണ്ടായിരുന്ന ആത്മബന്ധവും ഇ.കെ.മൗലവിക്ക് അദ്ദേഹവുമായുള്ള പരിചയവുമാണ് ഈ യോഗത്തിന്റെ അധ്യക്ഷപദവി അദ്ദേഹത്തെ ഏല്പിക്കാൻ കാരണമായത്.

ഹമദാനി തങ്ങളുമായി നേരെത്തയുണ്ടായിരുന്ന പരിചയത്തെക്കുറിച്ച് ഇ.കെ.മൗലവി എഴുതിയത് ഇപ്രകാരമാണ്: “ഹമദാനി തങ്ങളുടെ പ്രവർത്തനകേന്ദ്രം തിരുവിതാംകൂറും കൊച്ചിയുമായിരുന്നു. അദ്ദേഹത്തെ നേരിട്ട്് കണ്ട് പരിചയപ്പെടാൻ ഈ ലേഖകന് സാധിച്ചിട്ടുണ്ട്. സീതി സാഹിബിന്റെ ചെറുപ്പകാലത്തിലുള്ള ഉപദേശകൻ ഹമദാനി തങ്ങളായിരുന്നു. മലബാറിൽ അദ്ദേഹം അധികമൊന്നും സഞ്ചരിച്ചതായി അറിയുന്നില്ല. 1920ൽ അദ്ദേഹം മലബാറിന്റെ ചില ഭാഗങ്ങളിൽ പര്യടനം നടത്തി പ്രസംഗങ്ങൾ ചെയ്തതായി കേട്ടിട്ടുണ്ട്.’’(20)

ക്ഷണിക്കപ്പെട്ട പരിപാടികളിൽ പങ്കെടുക്കാൻ ശൈഖിന് കഴിഞ്ഞില്ലെങ്കിൽ പോലും മുൻകൂട്ടി തയ്യാറാക്കി അയച്ചുകൊടുക്കുന്ന പ്രസംഗം അവിടെയെല്ലാം വായിച്ചുകേൾപിച്ചിരുന്നതിനാൽ അദ്ദേഹത്തിന് ജനങ്ങൾക്ക് നൽകാനുള്ള സന്ദേശം യഥാസമയത്ത് നൽകാൻ കഴിഞ്ഞിരുന്നു. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വടകരയിൽ പരിഷ്‌കൃത രീതിയിലുള്ള മദ്‌റസ സ്ഥാപിച്ചപ്പോൾ അതിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ഹമദാനി തങ്ങളെ ക്ഷണിച്ചിരുന്നതായി ഇ.കെ.മൗലവി തന്റെ അനുഭവം വിവരിച്ചുകൊണ്ട് പറയുന്നുണ്ട്. അത് ഇപ്രകാരമാണ്:

“അറബി, മലയാളം, ഉറുദു എന്നീ ഭാഷകളിൽ നന്നായി പ്രസംഗിച്ചിരുന്നു ഹമദാനി തങ്ങൾ. ശൈഖുനാ കുഞ്ഞഹമ്മദ് ഹാജി മർഹൂം വടകരയിൽ ഒരു മദ്‌റസാ ഉദ്ഘാടന സമ്മേളനം വിളിച്ചുകൂട്ടുകയുണ്ടായി. അതിലേക്ക് ഹമദാനി തങ്ങളെയും ക്ഷണിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന് എത്തിച്ചേരാൻ സാധിച്ചില്ല. അറബിയിൽ ഒരു പ്രസംഗം എഴുതി അയക്കുകയാണ് ചെയ്തത്. മർഹൂം കെ.എം.മൗലവി സാഹിബ് ഉദ്ഘാടന സമ്മേളനത്തിൽ അത് വായിച്ച് പരിഭാഷപ്പെടുത്തി.’’(21)

നിഷ്പക്ഷ സംഘത്തിന്റെ രൂപീകരണ യോഗത്തിൽ രോഗാവസ്ഥയിലാണ് ഹമദാനി തങ്ങൾ ആധ്യക്ഷ്യം വഹിച്ചത്. പരസ്പരം പോരടിച്ചു കഴിഞ്ഞിരുന്ന സമുദായ നേതാക്കളുടെ കണ്ണുതുറപ്പിക്കുവാൻ പര്യാപ്തമായ സുദീർഘവും അത്യുജ്ജ്വലവുമായ ഒരു പ്രസംഗം അദ്ദേഹം അവിടെ എഴുതി വായിച്ചു. അനൈക്യവും അന്തഃഛിദ്രതയുമാണ് മുസ്‌ലിംകളുടെ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം നേതാക്കളെ ഓർമിപ്പിച്ചു. അറബി ഭാഷ പഠിക്കുന്നതോടൊപ്പം ആധുനിക വിദ്യാഭ്യാസവും നേടാൻ തന്റെ പ്രസംഗത്തിൽ അദ്ദേഹം നിഷ്‌കർഷിച്ചു.

കെ.എം.മൗലവി, ഇ.കെ.മൗലവി എന്നിവരുടെ പിൻബലത്തോടുകൂടി ആ യോഗത്തിൽവെച്ച് ശൈഖ് ഹമദാനി പ്രസിഡന്റും മണപ്പാട്ട്് കുഞ്ഞുമുഹമ്മദ് ഹാജി സെക്രട്ടറിയുമായി നിഷ്പക്ഷസംഘം എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കപ്പെട്ടു. ഇ.കെ.മൗലവിയടക്കം 11 പേരാണ് അന്ന് കമ്മറ്റിയിലുണ്ടായിരുന്നത്. സീതിസാഹിബിന്റെ പിതാവ് കോട്ടപ്പുറത്ത് സീതി മുഹമ്മദ് ഹാജി, പുത്തൻവീട്ടിൽ കെ.എം.കുഞ്ഞുമുഹമ്മദ്, കെ.എം.മൗലവി എന്നിവരായിരുന്നു മറ്റു പ്രമുഖർ. ഈ സംഘടനയുടെ രൂപീകരണത്തിൽ കെ.എം. സീതിസാഹിബിന് സുപ്രധാന പങ്കുണ്ടായിരുന്നു എന്ന് ഇ.കെ.മൗലവി എഴുതിയിട്ടുണ്ട്.(22)

ഒരു കക്ഷിയിലും ചേരാതെ നിഷ്പക്ഷമായി നിന്ന് വഴക്ക് അവസാനിപ്പിക്കാൻ ശ്രമിക്കുക എന്നതായിരുന്നു നിഷ്പക്ഷസംഘത്തിന്റെ പ്രധാന ഉദ്ദേശ്യം. വഴക്കിൽ ചെന്നു ചാടിപ്പോയിട്ടില്ലാത്തവരെ അതിൽ അംഗങ്ങളായി ചേർത്ത് ഊർജസ്വലതയോടെ സംഘത്തിന്റെ പ്രവർത്തനം മുന്നോട്ടു നീങ്ങി. സംഘത്തിന് നേതൃത്വം നൽകിയ ഈ സമുദായ സ്‌നേഹികളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സംഘത്തിന്റെ ആദ്യ ചുവടുവയ്പുകൾ വിജയം കണ്ടു. വഴക്കുള്ളേടത്തെല്ലാം സംഘം പ്രവർത്തകർ പോയി യോജിപ്പുണ്ടാക്കുക എന്നതിനു പുറമെ മതപരമായ മറ്റു ചില ലക്ഷ്യങ്ങൾകൂടി സംഘം മുന്നോട്ടുവച്ചു.

നിർബന്ധമായ എല്ലാ അമലുകളും സംഘത്തിലെ അംഗങ്ങൾ കൃത്യമായി നിർവഹിക്കുക, ജുമുഅ, ജമാഅത്ത് മുതലായ സാമൂഹികമായി ചെയ്യേണ്ട അമലുകളിൽ എല്ലാവരും കൃത്യമായി പങ്കെടുക്കുക തുടങ്ങിയവയും സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളായിരുന്നു. അതോടൊപ്പം കഴിയുന്നത്ര മെമ്പർമാരെ ചേർത്ത് അംഗസംഖ്യ വർധിപ്പിക്കാനും സംഘം ശ്രമിച്ചു. ദിവസങ്ങൾ അധികം കഴിഞ്ഞില്ല. അതിന്റെ അംഗസംഖ്യ ഗണ്യമായി വർധിച്ചു. അതോടെ അയൽദേശങ്ങളിലേക്കു കൂടി സംഘത്തിന്റെ പ്രവർത്തനം വ്യാപിച്ചു. അവിടങ്ങളിലെ വഴക്കുകളിലും നിഷ്പക്ഷസംഘക്കാർ ഇടപെട്ട്് ഐക്യം സ്ഥാപിച്ചു തുടങ്ങി. പ്രമാണിമാരിലും സാധാരണക്കാരിലും ഇതുമൂലം മതപരമായ ഒരു ഉണർവുണ്ടാകുകയും മതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും മതത്തിന്റെ പേരിൽ നടക്കുന്ന ദുരാചാരങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനുമുള്ള താല്പര്യം ജനിക്കുകയും ചെയ്തു. ഇത്തരത്തിൽ ഉണർവുണ്ടായ പ്രദേശങ്ങളിലെല്ലാം സംഘത്തിന്റെ ശാഖകൾ രൂപീകൃതമാവുകയും ചെയ്തു.

സംഘത്തിന്റെ വളർച്ചയെക്കുറിച്ചും അതിന്റെ നായകൻമാരെക്കുറിച്ചും ഡോ.സി.കെ.കരീം എഴുതിയത് കാണുക:

“അംഗങ്ങളും ശാഖകളും പല സ്ഥലങ്ങളിലായുണ്ടായി. കൊടുങ്ങല്ലൂരിലെ പൗരമുഖ്യൻമാർക്ക് പുറമേ നിഷപ്ക്ഷ സംഘത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പണ്ഡിതന്മാരാണ് ഹമദാനി ശൈഖ്, ഈ.കെ.മൗലവി, എം.സി.സി. അബ്ദുൾറഹ്‌മാൻ മൗലവി, കെ.എം.മൗലവി എന്നിവർ. ഈ.കെ. മൗലവി നേരത്തെ കൊടുങ്ങല്ലൂരിലുണ്ടായിരുന്നു. മലബാർ ലഹളകാലത്താണ് എം.സി.സി. അവിടെ എത്തുന്നത്. 1922 ജനുവരിയിൽ കെ.എം മൗലവി സാഹിബും കൊടുങ്ങല്ലൂരെത്തിയിരുന്നു. ഈ പണ്ഡിതൻമാരുടെ സേവനം കൂടിയായപ്പോൾ നിഷ്പക്ഷസംഘം വേഗം പുഷ്ടിപ്പെട്ടു. ആത്മീയവും വിദ്യാഭ്യാസപരവുമായ രംഗങ്ങളിൽ സംഘം പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിൽ എറിയാട് എന്ന സ്ഥലത്ത് സംഘത്തിന്റെ വിപുലമായ ഒരുയോഗം വിളിച്ചു കൂട്ടുകയും ‘നിഷ്പക്ഷസംഘം’ എന്ന പേരിന് പകരം ‘ഐക്യസംഘം’ എന്നാക്കി പ്രവർത്തനം വിപുലീകരിക്കുകയുമുണ്ടായി.’’(23)


അവലംബം

20. കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം 3, ഹമദാനി തങ്ങൾ, ഇ.കെ.മൗലവി, അൽമുർശിദ് മലയാള മാസിക,1966 സെപ്റ്റംബർ, പേജ് 6.

21. കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം 3, ഹമദാനി തങ്ങൾ, ഇ.കെ.മൗലവി, അൽമുർശിദ് മലയാള മാസിക, 1966 സെപ്റ്റംബർ, പേജ് 6.

22. കേരള മുസ്‌ലിം ഐക്യസംഘം-ഇ.കെ.മൌലവിയുടെ ലേഖനങ്ങളുടെ സമാഹാരം, സമാഹരണം അബ്ദുറഹ്‌മാൻ മങ്ങാട്, യുവത ബുക്ക് ഹൗസ്, പേജ് 25,26.

23. ഡോ.സി.കെ.കെ കരീം, കേരളത്തിന്റെയും കേരള മുസ്‌ലിംകളുടെയും ചരിത്രം, പേജ് 621.