ഐക്യസംഘത്തിനുശേഷം

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 ആഗസ്റ്റ് 10, 1446 സ്വഫർ 06

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 22)

ഐക്യസംഘം സ്ഥാപിച്ചതു മുതൽ അതിന്റെ പ്രവർത്തനം നിർത്തിവെക്കുന്നതുവരെ ആ സംഘത്തിന്റെ സെക്രട്ടറിയായിചുമതല വഹിച്ചത് മണപ്പാട്ട് കുഞ്ഞഹമദ് ഹാജിയായിരുന്നു. എന്നാൽ വർക്കിംഗ് സെക്രട്ടറി എന്ന നിലയിൽ ഐക്യസംഘത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ചടുലമായ നേതൃത്വം നൽകിയത് ആദരണീയനായ ഇ.കെ.മൗലവി അവർകളായിരുന്നു എന്ന് ഐക്യസംഘത്തിന്റെ പ്രവർത്തന ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഐക്യസംഘത്തെക്കുറിച്ചും വിജയവീഥിയിലുള്ള അതിന്റെ പ്രയാണത്തെക്കുറിച്ചും വസ്തുനിഷ്ഠമായി അറിയുന്ന ഒരേയൊരു നേതാവ് ഇ.കെ.മൗലവിയായിരുന്നു. വിവിധ സമ്മേളനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടിക്കൊണ്ട് കെ.എം.സീതിസാഹിബ് എഴുതിയ കത്തും ഇ.കെ.മൗലവി അതിന് എഴുതിയ മറുപടിയും ഇക്കാര്യം തെളിയിക്കുന്നു.

28.5.58 ന് ഇ.കെ. മൗലവി സാഹിബ് തിരൂരങ്ങാടിയിൽ നിന്ന് എഴുതിയ മറുപടി ചുവടെ കൊടുക്കുന്നു. 57

തിരൂരങ്ങാടി 28-5-1958.

ജനാബ് കെ.എം. സീതിസാഹിബ് അവർകൾക്ക് സ്വന്തം ഇ.കെ. മൗലവി,

അസ്സലാമു അലൈക്കും

കത്ത് കൈപ്പറ്റി, ക്ഷേമമാണെന്നറിഞ്ഞു സന്തോഷിക്കുന്നു. എനിക്ക് കുറച്ചു ദിവസം ജലദോഷപ്പനിയുടെ ശല്യമുണ്ടായെങ്കിലും ഇപ്പോൾ ആശ്വാസമുണ്ട്. എം.കെ ഹാജി 25നു തിരിച്ചെത്തിയിരിക്കുന്നു. അദ്ദേഹത്തിന്നും ക്ഷേമം തന്നെ.

1930ലാണ് ക്യാപ്റ്റൻ അബ്ദുൽഹമീദ് സാഹിബിന്റെ അധ്യക്ഷതയിൽ ഐക്യസംഘം വാർഷിക യോഗം തിരുവനന്തപുരത്തു വെച്ച് നടന്നത്. വക്കം മൗലവി സാഹിബവർകൾ ആ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇയ്യിടെ കാലഹതിയടഞ്ഞ അദ്ദേഹത്തിന്റെ പുത്രൻ അബ്ദുൽ വഹാബ് ഒന്നിച്ചായിരുന്നു യോഗത്തിൽ സംന്ധിച്ചതെന്നാണ് എന്റെ ഓർമ്മ. 1924ൽ മൗലാനാ അബ്ദുൽ ജബ്ബാർ ഹസ്രത്തിന്റെ അധ്യക്ഷതയിൽ ആലുവയിൽ വെച്ച് കൂടിയ യോഗത്തിൽ വക്കം മൗലവി മർഹൂം പങ്കെടുത്തതായിട്ടാണ് എന്റെ ഓർമ്മ. \

1928ൽ തിരൂരിൽ വെച്ചു ഡോക്ടർ അബ്ദുൽ ഹഖ് മർഹൂമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലും വക്കം അബ്ദുൽ ഖാദിർമൗലവി മർഹും സംബന്ധിച്ചിരുന്നു. ആ യോഗാനന്തരം എടവണ്ണ മുതലായ സ്ഥലങ്ങളിലെ പല പൂർവ്വ സ്‌നേഹിതന്മാരെയും സന്ദർശിച്ച ശേഷമാണ് മൗലവി സാഹിബ് തിരിച്ചുപോയത്. എന്റെ അറിവിൽ പെട്ടേടത്തോളം ഐക്യസംഘത്തിന്റെ വാർഷിക യോഗങ്ങൾ കാല നിർണ്ണയത്തോടും അധ്യക്ഷന്മാരുടെ പേരുകളോടും കൂടി ചുവടെ കൊടുക്കുന്നു:

ഒന്നാം വാർഷികയോഗം ഏറിയാട് വെച്ച് 1923ൽ അബ്ദുൽഖാദിർ മൗലവി സാഹിബിന്റെ അധ്യക്ഷതയിൽ കൂടി.

രണ്ടാം വാർഷികയോഗം 1924ൽ മൗലാനാ അബ്ദുൽ ജബ്ബാർ ഹസ്രത്തിന്റെ അധ്യക്ഷതയിൽ ആലുവയിൽ വെച്ചു നടന്നു.

മൂന്നാം വാർഷികയോഗം 1925ൽ കോഴിക്കോട് വെച്ച് മഹ്‌മൂദ് ശംനാട് മർഹൂമിന്റെ അധ്യക്ഷതയിൽ ചേർന്നു.

നാലാം വാർഷിക യോഗം തലശ്ശേരിയിൽ വെച്ച് 1926ൽ മൗലാനാ മാർമ്മഡ്യൂക് പിക്താളിന്റെ അധ്യക്ഷതയിൽ ചേർന്നു.

അഞ്ചാം വാർഷിക യോഗം 1927ൽ മൗലവി മുഹമ്മദലി എം.എ. ഖുസൂരിയുടെ അധ്യക്ഷതയിൽ കണ്ണൂരിൽ വെച്ച് കൊണ്ടാടി.

ആറാം വാർഷിക യോഗം 1928ൽ തിരൂർ വെച്ചു പരേതനായ ഡോ. അബ്ദുൽ ഹഖ് സാഹിബിന്റെ അധ്യക്ഷതയിൽ നടന്നു.

ഏഴാം വാർഷിക യോഗം 1929ൽ എറണാകുളത്തു വെച്ചു ജനാബ് ടി.എം. മൊയ്തു സാഹിബിന്റെ അധ്യക്ഷതയിൽ കൊണ്ടാടപ്പെട്ടു.

എട്ടാം വാർഷിക യോഗം 1930ൽ തിരുവനന്തപുരത്ത് വെച്ച് ക്യാപ്റ്റൻ അബ്ദുൽ ഹമീദ് ഖാന്റെ അധ്യക്ഷതയിൽ ചേർന്നു. ഈ യോഗത്തിലെ സ്വാഗതസംഘാധ്യക്ഷൻ ആദം സേട്ടു അവർകളായിരുന്നു. പക്ഷെ, കാരണവശാൽ അദ്ദേഹത്തിന് യോഗത്തിൽ സംബന്ധിക്കുവാൻ സാധിച്ചിട്ടില്ല.

ഒമ്പതാം വാർഷിക യോഗം 1931ൽ മലപ്പുറം മുസ്‌ലിം ഹൈസ്‌കൂളിൽ വെച്ചു സെഷൻസ് ജഡ്ജി മീർ സൈനുദ്ദീൻ സാഹിബിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.

10-ാം വാർഷികം 1932ൽ കാസർക്കോട് വെച്ച്സയ്യിദ്അബ്ദുൽവഹാബ് ബുഖാരി സാഹിബിന്റെ അധ്യക്ഷതയിൽ കൂടി.

11-ാം വാർഷികം 1933ൽ ഏറിയാട് വെച്ച് ജനാബ് ബി. പോക്കർ സാഹിബിന്റെ അധ്യക്ഷതയിൽ കൊണ്ടാടപ്പെട്ടു.

12-ാം വാർഷികം 1934ലോ 35ലോ എന്ന് സംശയിക്കുന്നു. കണ്ണൂരിൽ വെച്ച് അബ്ദുൽ ഹമീദ് ഖാന്റെ അധ്യക്ഷതയിലാണ് നടത്തപ്പെട്ടിരുന്നത്. അതിനു ശേഷം വാർഷികയോഗം ഉണ്ടായിട്ടില്ല.

എന്ന്

വിനീതൻ(ഒപ്പ്)’’

ഐക്യസംഘത്തിനു ശേഷം

ഐക്യസംഘം മുസ്‌ലിം മജ്‌ലിസിൽ വിലയം പ്രാപിച്ചതിനുശേഷമുള്ള ഒന്നര ദശാബ്ദക്കാലം അതിന്റെ നേതാക്കൾ ആദർശപ്രബോധന രംഗത്ത് ഒരുമിച്ച് നിന്നപ്പോൾ തന്നെ രാഷ്ട്രീയ രംഗത്ത് രണ്ടു ചേരിയിലായി നിലയുറപ്പിച്ചു. ഐക്യസംഘം നേതാക്കളായ മുഹമ്മദ് അബ്ദുർറഹ്‌മാൻ സാഹിബ്, ഇ. മൊയ്തു മൗലവി, കെ. എം. സീതി സാഹിബ്, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, കെ.സി. കോമുക്കുട്ടി മൗലവി, തുടങ്ങിയവർ കോൺഗ്രസ് തന്നെയാണ് മുസ്‌ലിംകൾക്ക് അഭികാമ്യം എന്ന നിലപാട് സ്വീകരിച്ചപ്പോൾ കെ. എം. മൗലവി, ഇ. കെ. മൗലവി തുടങ്ങിയ നേതാക്കൾ മുസ്‌ലിംകളുടെ നിയമാനുസൃതമായ അവകാശ സംരക്ഷണത്തിന് രാഷ്ട്രീയത്തിൽ മുസ്‌ലിം പങ്കാളിത്തം അനിവാര്യമാണെന്ന് സമൂഹത്തെ ഉണർത്തുകയും അതിനായി മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു. പ്രൊഫ.യു.മുഹമ്മദ് തന്റെ Educational Empowerment of Kerala Muslims, A Socio Historical Perspective എന്ന കൃതിയിൽ അക്കാര്യം ഇപ്രകാരം വിശദീകരിക്കുന്നുണ്ട്:

“കെ.എം.മൗലവിയെയും ഇ.കെ.മൗലവിയെയും പോലുള്ള ഏതാനും നേതാക്കൾ മുസ്‌ലിം ലീഗ് രൂപീകരണത്തിന് നേതൃത്വം നൽകി. മുസ്‌ലിംകളുടെ നിയമാനുസൃതമായ അവകാശ സംരക്ഷണത്തിന് രാഷ്ട്രീയത്തിൽ മുസ്‌ലിം പങ്കാളിത്തം അനിവാര്യമാണെന്ന് ഈ നേതാക്കൾ കരുതി.’’ (58)

ഇ.കെ.മൗലവി, കെ.എം.മൗലവി എന്നിവരോടൊപ്പം ബി.പോക്കർ സാഹിബ്, എം. സി. സി അബ്ദുർറഹ്‌മാൻ മൗലവി തുടങ്ങിയവരും മുസ്‌ലിം ലീഗ് ആരംഭിക്കുന്നതിനെ അനുകൂലിച്ചു.

പിൽക്കാലത്ത് കെ. എം. മൗലവിയുടെയും ഇ. കെ. മൗലവിയുടെയും പ്രേരണയാൽ കെ. എം. സീതി സാഹിബ് കോൺഗ്രസ് വിട്ട് മുസ്‌ലിം ലീഗിൽ ചേർന്നു. ഈ രണ്ടു ധാരകളും മലബാറിലെ മുസ്‌ലിംകളുടെ രാഷ്ട്രീയ ശാക്തീകരണത്തിൽ വ്യത്യസ്ത രീതികളിൽ സഹായിച്ചതായി കാണാനാവും. കോൺഗ്രസിൽ ഉറച്ചുനിന്ന മുഹമ്മദ് അബ്ദുർറഹ്‌മാൻ സാഹിബിനെപ്പോലുള്ളവരുടെ ഉജ്ജ്വലമായ വ്യക്തിപ്രഭാവത്തിലും ജീവിതവിശുദ്ധിയിലും ദേശസ്‌നേഹത്തിലും ആകൃഷ്ടരായി അനേകം മുസ്‌ലിംകളും അമുസ്‌ലിംകളും ദേശീയപ്രസ്ഥാനത്തിലെത്തി. ന്യൂനപക്ഷങ്ങൾ സംഘടിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കെ.എം.മൗലവി, ഇ.കെ.മൗലവി, കെ.എം.സീതിസാഹിബ് തുടങ്ങിയവരെപ്പോലുള്ള സാത്വികർ മുസ്‌ലിംലീഗ് പ്രസ്ഥാനം വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇരു വിഭാഗവും ഇന്ത്യൻ സ്വാതന്ത്ര്യസമരരംഗത്ത് അതിശക്തമായി നിലകൊള്ളുകയും ബ്രിട്ടീഷ് മേൽക്കോയ്മയിൽനിന്നു ഇന്ത്യയെ മോചിപ്പിക്കുന്നതിലും മുസ്‌ലിം യുവാക്കളെ കേരളീയ മുഖ്യധാരയിലേക്ക് കണ്ണിചേർക്കുന്നതിലും നിസ്തുലമായ പങ്ക് വഹിക്കുകയും ചെയ്തു.

തലശ്ശേരിയിൽ ഐക്യസംഘം നേതാക്കളായ അബ്ദുസ്സത്താർസേട്ട് സാഹിബിന്റെയും സീതിസാഹിബിന്റെയും ഉപ്പി സാഹിബിന്റെയും നേതൃത്വത്തിൽ മലബാറിലെ ഒന്നാമത്തെ മുസ്‌ലിം ലീഗ് ശാഖ രൂപീകരിക്കപ്പെട്ടതിന് ശേഷം മലബാറിലെ രണ്ടാമത്തെ ലീഗ് ശാഖ നിലവിൽ വന്നത് തിരൂരങ്ങാടിയിലാണ്. കെ.എം. മൗലവി, ഇ. കെ. മൗലവി, കെ. ഉമർ മൗലവി തുടങ്ങിയ ഐക്യസംഘം നേതാക്കൾ ചേർന്നതായിരുന്നു തിരൂരങ്ങാടിയിലെ മുസ്‌ലിം ലീഗ് കമ്മിറ്റി.(59)

കോൺഗ്രസ്, ലീഗ് പക്ഷങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഇസ്‌ലാഹീ നേതാക്കൾ വിരുദ്ധ ചേരിയിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഈ കാലഘട്ടം രാഷ്ട്രീയ സംവാദങ്ങളുടെ കാലമായിരുന്നു. അതുകൊണ്ടുതന്നെ ഐക്യസംഘം നിലനിന്നിരുന്ന കാലത്തേതുപോലെ മതപ്രബോധനരംഗം വേണ്ടത്ര സജീവമാക്കി നിർത്തുന്നതിൽ ഈ നേതാക്കളിൽ പലർക്കും സാധിച്ചില്ല എന്നു മനസ്സിലാക്കാവുന്നതാണ്.

സംഘം നേതാക്കളായ സീതിസാഹിബ്, കെ.എം.മൗലവി തുടങ്ങിയവർ മുസ്‌ലിം ലീഗിൽ സജീവമായതും മുഹമ്മദ് അബ്ദുർറഹ്‌മാൻസാഹിബ്, ഇ. മൊയ്തു മൗലവി തുടങ്ങിയവർ കോൺഗ്രസിനോടൊപ്പം നിന്നതും പ്രബോധനരംഗത്തെ പഴയ ഊർജ്ജസ്വലത നിലനിർത്തുന്നതിൽ പ്രയാസങ്ങളുണ്ടാക്കി എന്നു പറയുന്നതിൽ തെറ്റില്ല. എങ്കിലും കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ സാധ്യമാകുന്ന തരത്തിൽ ഇസ്‌ലാഹീ പ്രവർത്തനം മുന്നോട്ടു ഗമിച്ചു.

ഐക്യസംഘം വിടവാങ്ങിയതിനുശേഷം പഴയതുപോലെ കേരളം മുഴുവൻ സഞ്ചരിച്ച് പ്രബോധനമേഖലയിൽ നിരതനാവാൻ മണപ്പാടന് കഴിഞ്ഞില്ല. കൊച്ചി രാജകൊട്ടാരത്തിൽ നടന്നിരുന്ന സ്വജനപക്ഷപാതം, അഴിമതി എന്നിവ തുറന്നെഴുതിയ മണപ്പാടന് രാജ്യദ്രോഹക്കുറ്റത്തിന് ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നതും ജയിൽ മുക്തനായതിനുശേഷം പ്രമേഹരോഗിയായി മാറിയതും പിന്നീട് രോഗം മൂർച്ഛിച്ചതിന്റെ ഫലമായി ഇടതുകാൽ മുറിക്കപ്പെട്ട് സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ടതും പ്രബോധനമേഖലയിൽ സജീവമാകുന്നതിന് തടസ്സമായി. പ്രാദേശികമായി കർഷകപ്രസ്ഥാനവുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനേ ശേഷിച്ചകാലം അദ്ദേഹത്തിനു കഴിഞ്ഞിരുന്നുള്ളൂ.

ഇസ്‌ലാഹീ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ കേരള ജംഇയ്യത്തുൽ ഉലമയെ ഏല്പിച്ചു കൊണ്ടാണല്ലോ ഐക്യസംഘത്തിന്റെ അവസാന വാർഷികയോഗം പിരിഞ്ഞത്. അതിനാൽ കേരള ജംഇയ്യത്തുൽ ഉലമയെ സജീവമാക്കുക എന്ന ലക്ഷ്യമായിരുന്നു പിന്നീട് ഇസ്‌ലാഹീ നേതാക്കൾക്കുണ്ടായിരുന്നത്. അതെക്കുറിച്ച് തുടക്കം മുതൽ അന്നുവരെ ജംഇയ്യത്തുൽ ഉലമായുടെ സെക്രട്ടറിയായിരുന്ന ഇ.കെ.മൗലവി തന്നെ പറയട്ടെ:

“ഉറങ്ങിക്കിടന്നിരുന്ന കേരള ജംഇയ്യത്തുൽ ഉലമായെ പുനരുദ്ധരിക്കുകയും അതിന്റെ സെക്രട്ടറിസ്ഥാനം എം.സി.സി. ഏറ്റെടുക്കുകയും ചെയ്തു. ഉടനെത്തന്നെ അത് രജിസ്റ്റർ ചെയ്തു. ഇതിന്നിടക്ക് പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ല്യാരുടെ നേതൃത്വത്തിൽ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നേരെ ഒരു കുരിശുയുദ്ധം തന്നെ പ്രഖ്യാപിതമായി. അവരും ഒരു കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപിച്ചു. രജിസ്‌ട്രേഷനു ചെന്നപ്പോഴാണ് ഒരു കേരള ജംഇയ്യത്തുൽ ഉലമാ രജിസ്റ്റർ ചെയ്തു പോയിട്ടുണ്ടെന്നുള്ള വിവരം അറിഞ്ഞത്. തന്മൂലം അതിന്റെ തലയിൽ സമസ്‌ത വെച്ചുചേർത്തു സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ എന്ന പേരിൽറജിസ്റ്റർചെയ്തു.’’(60)

കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ പുളിക്കൽ മദീനത്തുൽ ഉലും അറബിക് കോളേജ് സ്ഥാപിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. അതിന്റെ രൂപീകരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഇ.കെ.മൗലവി ഇങ്ങനെ വിശദീകരിക്കുന്നു:

“ഈ ഘട്ടത്തിലാണ് എം.സി. സി. വാഴക്കാട് ദാറുൽഉലൂം മദ്രസയിലേക്ക് ക്ഷണിക്കപ്പെട്ടത്. അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. പക്ഷെ അവസാനം പിതാവിന്നുണ്ടായ അനുഭവം തന്നെ പുത്രനുമുണ്ടായി. എം.സി.സി.യും ഏതാനും ശിഷ്യന്മാരും വാഴക്കാട് വിട്ടു തിരൂരങ്ങാടി തറമ്മൽപള്ളിയിൽ താമസമുറപ്പിച്ചു. ഭാവി എന്തായിരിക്കുമെന്നാലോചിക്കുവാനായി 1946ൽ കേരള ജംഇയ്യത്തുൽ ഉലമായുടെ ആഭിമുഖ്യത്തിൽ തറമ്മൽ പള്ളിയിൽ ഒരു യോഗം വിളിച്ചുകൂട്ടി. ആ യോഗത്തിൽ വീണ്ടും ഞാൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു അറബിക് കോളേജ് സ്ഥാപിക്കുന്നതിന്നുള്ള ആലോചന വന്നപ്പോൾ അത് കേരള ജംഇയ്യത്തുൽ ഉലമാ നേരിട്ടു നടത്തണമെന്നും, അതല്ല ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ ഒരു പ്രത്യേക കമ്മിറ്റി നടത്തണമെന്നും ഒരു തർക്കം ഉത്ഭവിച്ചു. അങ്ങിനെ ഒരു തീരുമാനത്തിലെത്താതെ പിരിയുകയും ചെയ്തു. ചില സാങ്കേതിക തടസ്സം മൂലം സെക്രട്ടറി സ്ഥാനം ഞാനേറ്റെടുത്തതുമില്ല.

അങ്ങിനെയാണ് അറബിക്കോളേജ് പുളിക്കൽ സ്ഥാപിക്കപ്പെട്ടത്. എന്റെയും പരേതനായ പി.വി. മുഹമ്മദ് മൗലവിയുടെയും അഭിപ്രായമനുസരിച്ചു തിരുരങ്ങാടിയായിരുന്നു അറബിക് കോളേജ് സ്ഥാപിച്ചിരുന്നതെങ്കിൽ എം.സി.സി. യുടെ അദ്ധ്വാനത്തിൽ ഒരു വലിയ ഭാഗം ചുരുങ്ങിക്കിട്ടുമായിരുന്നുവെന്നാണ് ഇപ്പോഴും എന്റെ അഭിപ്രായം.’’(61)

കേരള ജംഇയ്യത്തുൽ ഉലമായുടെ പ്രവർത്തനചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് മദീനത്തുൽ ഉലൂം അറബിക്കോളേജിന്റെ സ്ഥാപനം. തൗഹീദി സന്ദേശം ഉൾക്കൊള്ളുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതന്മാരുടെ ഒരു നിരതന്നെ പിൽക്കാലത്ത് ഈ സ്ഥാപനത്തിൽനിന്നും പുറത്തുവന്നു. കേരളക്കരയിലങ്ങോളമിങ്ങോളം തൗഹീദിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ ഈ സ്ഥാപനത്തിന്റെ സന്തതികൾ വഹിച്ച പങ്ക് നിഷേധിക്കാനാവില്ല.


അവലംബം:

57. അബൂ സിദ്ദീഖ് എഴുതിയ ‘സീതിസാഹിബ്’ എന്ന പുസ്തകം (1966), പേജ് 77-79, അബ്ദുറഹ്‌മാൻ മങ്ങാടിന്റെ ഐക്യസംഘം രേഖകൾ, പേജ് 172.

58. Some of the leaders like K.M.Moulavi and E.K. Moulavi, came into leadership of Muslim League.They thought Muslim participation in politics was necessary to protect the legitimate rights of Muslims.(Prof.U.Mohammed, Educational Empowerment of Kerala Muslims, A Socio Historical Perspective, Page:66)..

59. മുസ്തഫാ തൻവീർ, എൻ.വി.അബ്ദുസ്സലാം മൗലവിയുടെ രാഷ്ട്രീയ ദർശനം, (എൻ.വി.അബ്ദുസ്സലാം മൗലവി (ജീവചരിത്രം), ഗ്രേസ് ബുക്‌സ്, പേജ്: 111.

60. എം.സി.സി. അബ്ദുറഹ്‌മാൻ മൗലവി സ്മരണികയിൽ ഇ.കെ. മൗലവി എഴുതിയ ലേഖനം.

61. എം.സി.സി. അബ്ദുറഹ്‌മാൻ മൗലവി സ്മരണികയിൽ ഇ.കെ. മൗലവി എഴുതിയ ലേഖനം. (തുടരും)