ഇ.കെ.മൗലവിയും തിരൂരങ്ങാടി യതീംഖാനയും
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 നവംബർ 23, 1446 ജു. ഊലാ 21

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 34)
1919 മുതൽ ഇ.കെ.മൗലവിയുടെ കർമ മണ്ഡലം കൊടുങ്ങല്ലുർ ആയിരുന്നെങ്കിലും ആ കാലയളവിൽ തിരൂരങ്ങാടിയുമായി നിരന്തരബന്ധം സ്ഥാപിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 1943 മുതൽ എറണാംകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി കൊച്ചിയിൽ താമസമാക്കിയപ്പോഴും തിരൂരങ്ങാടിയുമായുള്ള ബന്ധം അദ്ദേഹം വിച്ഛേദിച്ചിരുന്നില്ല. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ വിജയകരമായ പ്രയാണത്തിൽനിന്നും ആവേശം ഉൾക്കൊണ്ട ഒട്ടേറെ പ്രവർത്തകർ തിരൂരങ്ങാടിയിലുണ്ടായിരുന്നു എന്നതായിരുന്നു അതിനു കാരണം. ഐക്യസംഘത്തിന്റെ ആശയങ്ങളുൾക്കൊണ്ട തിരൂരങ്ങാടിയിലെ അനുഭാവികളുടെ കാർമികത്വത്തിൽ ദീനീപ്രവർത്തനങ്ങൾക്കുവേണ്ടി പ്രാദേശികമായി സ്ഥാപിച്ച സംഘടനയായിരുന്നു ഇസ്സത്തുൽ ഇസ്‌ലാം സംഘം. തിരൂരങ്ങാടി ചിനക്കൽ പള്ളിയിൽ നടന്നുവന്നിരുന്ന ദർസ് നടത്തിപ്പിന് മേൽനോട്ടം വഹിക്കാനും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും 1937ലാണ് ഈ സംഘം സ്ഥാപിതമായത്. ഇസ്വ്‌ലാഹീ അനുഭാവമില്ലാത്ത പലരും ഈ സംഘത്തിൽ അംഗങ്ങളായിരു ന്നു. അക്കാലത്ത് മതപഠനത്തിനുവേണ്ടി ചാലിലകത്ത് കുഞ്ഞഹമദ് ഹാജി തുടങ്ങിവച്ച ഓത്തുപള്ളി, ദർസ് പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള വിവരം അന്ന് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത്തരത്തിൽ പരിഷ്‌കൃത രീതിയിലുള്ള ഒരു മദ്‌റസ തിരൂരങ്ങാടിയിലും സ്ഥാപിക്കണമെന്ന് പലരും ആഗ്രഹിച്ചു.
1938 സെപ്റ്റംബറിൽ കെ.പി മൊയ്തീൻ കുട്ടി മൗലവി(പറവണ്ണ)യുടെ അധ്യക്ഷതയിൽ ചേർന്ന ഇസ്സത്തുൽ ഇസ്‌ലാം സംഘത്തിന്റെ ഒരു പ്രധാനയോഗത്തിൽ പരിഷ്‌കൃതരീതിയിലുള്ള ഒരു മദ്‌റസ തിരൂരങ്ങാടിയിൽ സ്ഥാപിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ഒരു പ്രമേയം സംഘം സെക്രട്ടറി എം.എൻ അലവി ഹാജി യോഗത്തിൽ അവതരിപ്പിക്കുകയുണ്ടായി. തിരൂരങ്ങാടിയുടെ ആത്മീയ നവോത്ഥാനത്തെ ലക്ഷ്യംവച്ച് ഈ പ്രദേശത്തെ ജനങ്ങളോടുള്ള ഒരു അഭ്യർഥനയായിരുന്നു അത്. തൽക്കാലത്തേക്ക് മാത്രം ഏർപ്പെടുത്തിയിട്ടുള്ള ചിനക്കൽ പള്ളിയിലെ ദർസുകൊണ്ട് തങ്ങളുടെ ഉദ്ദേശ്യം സാധ്യമായിട്ടില്ലെന്നു വ്യക്തമാക്കുകയും കൂടുതൽ കുട്ടികളെ ചേർക്കാനും പെൺകുട്ടികൾക്ക് കൂടി മതവിദ്യഭ്യാസം നൽകാനും ഉപകരിക്കുന്ന പരിഷ്‌കൃത രീതിയിലുള്ള ഒരു മദ്‌റസ തങ്ങൾക്കില്ലാതെപോയല്ലോ എന്ന് സങ്കടപ്പെടുകയും ചെയ്യുന്നതായിരുന്നു ആ പ്രമേയം. മദ്‌റസാ നിർമാണത്തിന് എല്ലവരുടെയും സഹായസഹകരണങ്ങൾക്കായി പ്രമേയം അപേക്ഷിക്കുകയും ചെയ്തു.
1938 നവംബർ 26ന് ഖാൻ ബഹദൂർ പി.എം ആറ്റക്കോയ തങ്ങൾ അവർകളുടെ അധ്യക്ഷതയിൽ ചിനക്കൽ പള്ളി മൈതാനിയിൽ ചേർന്ന ഇസ്സത്തുൽ ഇസ്‌ലാം സംഘത്തിന്റെ പ്രഥമ വാർഷിക യോഗം മദ്‌റസാ നിർമാണത്തിന് തീരുമാനമെടുത്തു. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ശക്തനായ വക്താവും 1926ൽ കോഴിക്കോട് ചേർന്ന കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ മൂന്നാം വാർഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷനുമായിരുന്നു ഖാൻബഹാദൂർ പി.എം.ആറ്റക്കോയ തങ്ങൾ. ഇസ്സത്തുൽ ഇസ്‌ലാം സംഘത്തിന്റെ വാർഷികയോഗത്തിൽവച്ച് കെ.എം. മൗലവി, എം.സി.സി അബ്ദുറഹ്‌മാൻ മൗലവി, കെ. മുഹമ്മദ് മൗലവി (അബ്ദുൽബാരി) തുടങ്ങിയവർ മദ്‌റസയുടെ ആവശ്യകത വിശദീകരിച്ച് സംസാരിക്കുകയുണ്ടായി. ഈ യോഗത്തിൽവച്ചുതന്നെ ഖാൻ ബഹദൂർ പി.എം ആറ്റക്കോയ തങ്ങൾ രക്ഷാധികാരിയും അയ്യംമഠത്തിൽ സയ്യിദ് ഐദീദ് പൂക്കോയ തങ്ങൾ പ്രസിഡന്റും കെ.എം മൗലവി വൈസ് പ്രസിഡന്റും പി.കെ കുഞ്ഞഹമ്മദ് സാഹിബ് സെക്രട്ടറിയും കുഴിയൻതടത്തിൽ കുഞ്ഞഹമ്മദ് സാഹിബ് ഖജാൻജിയും എം.കെ ഹാജി മദ്‌റസയുടെ മാനേജറുമായി ഇസ്സത്തുൽ ഇസ്‌ലാം സംഘം പുന:ക്രമീകരിച്ചു.
1939 മെയ് 10ന് ഇസ്സത്തുൽ ഇസ്‌ലാം സംഘത്തിന്റെ കീഴിൽ നൂറുൽ ഇസ്‌ലാം മദ്‌റസ പ്രവർത്തന മാരംഭിക്കാൻ തീരുമാനിച്ചു. കെ.എം.മൗലവി, ഇ.കെ.മൗലവി, എം.സി.സി. അബ്ദുറഹ്‌മാൻ മൗലവി തുടങ്ങിയ ഇസ്വ്‌ലാഹീ നേതാക്കളുടെ ഉപദേശ-നിർദേശങ്ങൾക്കനുസൃതമായി എം.കെ ഹാജി സാഹിബിെൻറ നേതൃത്വത്തിൽ, ടി.കെ.കുഞ്ഞഹമദ് സാഹിബ്, എം.എൻ അലവി ഹാജി, കാരാടൻ മുഹമ്മദ് കുട്ടി സാഹിബ്, വലിയാട്ട് കുഞ്ഞഹമ്മദ് സാഹിബ്, താപ്പി മൊയ്തീൻകുട്ടി സാഹിബ്, കൊളക്കാടൻ കോയാമു ഹാജി, കാരാടൻ രായിൻകുട്ടി ഹാജി തുടങ്ങിയ പൗരപ്രമുഖർ മദ്‌റസ നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. 1939 ഫെബ്രുവരി 2ന് ഖാൻ ബഹദൂർ പി.എം.ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ അബ്ദുൽ വഹാബ് ബുഖാരി സാഹിബ് (മദ്രാസ്) നൂറുൽ ഇസ്‌ലാം മദ്‌റസയുടെ ഉദ്ഘാടന കർമം നിർവഹിച്ചു. 1934 മെയ് 5ന് കാസർഗോഡ് ചേർന്ന ഐക്യസംഘത്തിന്റെ പതിനൊന്നാം വാർഷിക സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു മദ്‌റസയുടെ ഉദ്ഘാടകനായ അബ്ദുൽവഹാബ് ബുഖാരി. ഐക്യസംഘത്തിന്റെയും അതിന്റെ നേതാക്കളുടെയും പൂർണ പിന്തുണയോടെയാണ് ഇസ്സത്തുൽ ഇസ്‌ലാം സംഘം പ്രവർത്തിച്ചത് എന്നും നൂറുൽ ഇസ്‌ലാം മദ്‌റസയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത് എന്നും ഇത് വ്യക്തമാക്കുന്നു.
ഇ.കെ.മൗലവി സാഹിബിന്റെ പ്രവർത്തനകേന്ദ്രം അക്കാലത്ത് കൊച്ചിയായിരുന്നുവെങ്കിലും ഇസ്സത്തുൽ ഇസ്‌ലാം സംഘത്തിനും നൂറുൽ ഇസ്‌ലാം മദ്‌റസക്കും അദ്ദേഹത്തിന്റെ മാർഗദർശനം അക്കാലത്തു ലഭിക്കുകയുണ്ടായി. ഇസ്സത്തുൽ ഇസ്‌ലാം സംഘത്തിന്റെ പ്രവർത്തകസമിതിയിൽ തുടക്കം മുതൽ തന്നെ ഇ.കെ.മൗലവി അംഗമായിരുന്നു. വിദ്യാഭ്യാസ ബോർഡുകളോ മതവിദ്യാഭ്യാസ പാഠ്യപദ്ധതിയോ ഇല്ലായിരുന്ന അക്കാലത്ത് മദ്‌റസാ പഠനത്തിനായി കേരളത്തിൽ ആദ്യമായി ഒരു ടെക്സ്റ്റ് ബുക്ക് തയ്യാറാക്കി പ്രിന്റ് ചെയ്തതും ഇ.കെ.മൗലവിയായിരുന്നു. തലയെടുപ്പുള്ള ഒട്ടേറെ പഴയകാല സലഫി പണ്ഡിതന്മാർ ഈ സ്ഥാപനത്തിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നൂറുൽ ഇസ്‌ലാമിലെ അധ്യാകരായിരുന്നില്ല എങ്കിലും കെ.എം മൗലവിയും ഇ.കെ മൗലവിയും ഇടക്കിടെ വന്നു മദ്‌റസയിൽ ക്ലാസെടുക്കുക പതിവായിരുന്നു. ഈ പണ്ഡിതവര്യന്മാരുടെ സേവനവും പഠന നിലവാരവും മദ്‌റസയുടെ പ്രശസ്തി വാനോളം ഉയർത്തി. ഇത് മനസ്സിലാക്കിയ പരിസര പ്രദേശങ്ങളിലെ പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ നൂറുൽ ഇസ്‌ലാം മദ്‌റസയിൽ ചേർത്തു പഠിപ്പിച്ചു. തിരൂരങ്ങാടിയുടെ സാമൂഹിക, സാംസ്‌കാരിക, ആതുര സേവന ചരിത്രം ആരംഭിക്കുന്നത് നൂറുൽ ഇസ്‌ലാം മദ്‌റസയിൽനിന്നാണ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ തൗഹീദീ മുന്നേറ്റത്തിന് നേതൃത്വം നൽകിയ ഒട്ടേറെ പ്രവർത്തകരെ വാർത്തെടുക്കാൻ നൂറുൽ ഇസ്‌ലാം മദ്‌റസക്കു സാധിച്ചിട്ടുണ്ട്.
തിരൂരങ്ങാടി യതീംഖാന
1943ൽ കേരളത്തിലുടനീളം വലിയതോതിൽ കോളറ പടർന്നുപിടിക്കുകയും ഒരുപാട് ജീവനുകൾ നഷ്ടപ്പെടുകയും ചെയ്ത ഭയാനകമായ സാഹചര്യമുണ്ടായി. അന്ധവിശ്വാസങ്ങളിൽ മുഴുകിയിരുന്ന ഉൾനാടുകളിൽ കോളറയുടെ വിപത്ത് അതിഭീകരമായിരുന്നു. ആയിരക്കണക്കിനാളുകൾ മരണപ്പെട്ടപ്പോൾ നിരവധി കുഞ്ഞുങ്ങൾ അനാഥരായി. അനാഥ മക്കളെ സംരക്ഷിക്കുക എന്നത് സമൂഹത്തിനു മുമ്പിൽ വമ്പിച്ച ബാധ്യതയായി മാറി. ഈ സന്ദർഭത്തിൽ അനാഥസംരക്ഷണത്തിനുവേണ്ടി ശക്തമായ ഇടപെടലുകൾ നടത്താൻ ഇ.കെ.മൗലവിക്കു കഴിഞ്ഞു. തിരൂരങ്ങാടിയിൽ ഒരു യതീംഖാന സ്ഥാപിക്കുന്നതിനായി അദ്ദേഹം കെ.എം.മൗലവി, എം.കെ.ഹാജി എന്നിവരോടൊപ്പം ചേർന്നു പ്രവർത്തിച്ചു. അനാഥമക്കളെ സംരക്ഷിക്കുക എന്നത് സമൂഹത്തിന്റെ ബാധ്യതയായിക്കണ്ട ഇ.കെ.മൗലവി തിരൂരങ്ങാടി യതീംഖാന സ്ഥാപിക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചത്. 1943 ഡിസംബർ 11ാം തീയതി 114 അനാഥകളുടെ സംരക്ഷണം ഏറ്റെടുത്തുകൊണ്ട് യതീംഖാന പ്രവർത്തനമാരംഭിച്ചു. ഐക്യസംഘത്തിന്റെ പ്രവർത്തകസമിതി അംഗവും സെൻട്രൽ അസംബ്ലി അംഗവുമായിരുന്ന ഹാജി അബ്ദുസ്സത്താർ ഇസ്ഹാഖ് സേട്ട് സാഹിബിന്റെ അധ്യക്ഷതയിൽ, ഐക്യസംഘം നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളാണ് യതീംഖാനയുടെ ഉദ്ഘാടനകർമം നിർവഹിച്ചത്.
തുടക്കത്തിൽ ജെ.ഡി.റ്റി യതീംഖാനയുടെ ഒരു ശാഖ എന്ന നിലയിലാണ് തിരൂരങ്ങാടി യതീംഖാനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. നൂറുൽ ഇസ്‌ലാം മദ്‌റസയുടെ കെട്ടിടത്തിലാണ് യതീംഖാന പ്രവർത്തനമാരംഭിച്ചത്. ഐക്യസംഘത്തിന്റെ ആദ്യകാല നേതാക്കളായിരുന്ന കെ.എം.മൗലവി, ഇ.കെ.മൗലവി, നൂറുൽ ഇസ്‌ലാം മദ്‌റസയുടെ മാനേജരായിരുന്ന എം.കെ.ഹാജി തുടങ്ങിയവരെല്ലാം തിരൂരങ്ങാടി യതീംഖാന സ്ഥാപിക്കുന്നതിൽ അവരുടെതായ പങ്കുവഹിച്ചവരാണ്. CE Bosworth. E.Van Donzel, B.Lewis, Pellat തുടങ്ങിയവർ ചേർന്നു തയ്യാറാക്കിയ Encyclopaedia of Islam എന്ന ഗ്രന്ഥം, തിരുരങ്ങാടി യതീംഖാന സ്ഥാപിക്കുന്നതിൽ ഈ മുന്നു മഹാന്മാരുടെയും പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നത് ഇപ്രകാരമാണ്:

Khatib Muhammad’s integrity and perosnality enabled him to transmit the southern reform to the more traditional north. To help express the spirit of the reform, “K.M.” also joined with his colleagues, E. K. Maulavi and M. K. Haji, in establishing the major Mappila orphanage at Tirurangadi. “ ( Encyclopaedia of Islam, P. 462).
കാതിബ് മുഹമ്മദ് മൗലവിയുടെ ആർജവവും വ്യക്തിത്വവും തെക്കൻ പ്രദേശങ്ങളിലുയർന്നുവന്ന നവോത്ഥാന ചിന്തകൾ യാഥാസ്ഥിതികതയിൽ അഭിരമിച്ചിരുന്ന വടക്കൻ മേഖലയിലേക്ക് സംപ്രേഷണം ചെയ്യുന്നതിന് സഹായകമായി. പരിവർത്തനത്തിനു വേണ്ടിയുള്ള ആവേശമുൾക്കൊണ്ട് മഹത്തായ തിരൂരങ്ങാടി യതീംഖാന സ്ഥാപിക്കുന്നതിൽ കെ.എം. അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ഇ.കെ.മൗലവി, എം.കെ.ഹാജി എന്നിവരോടൊപ്പം ചേർന്നു പ്രവർത്തിച്ചു.
ദക്ഷിണേന്ത്യൻ മുസ്‌ലിംകളെക്കുറിച്ച് പഠനം നടത്തിയ പ്രശസ്ത കനേഡിയൻ ചരിത്രകാരനായിരുന്ന റോളണ്ട് ഇ മില്ലറും തന്റെ Mappila Muslim Culture: How a Historic Muslim Community in India Has Blended Tradition and Modernity എന്ന ഗ്രന്ഥത്തിൽ യതീംഖാന സ്ഥാപിക്കുന്നതിൽ ഈ മൂവരുടെയും പങ്കിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്:
“A similar institution, the Yathim Khana, began in Tirurangadi in 1943 after a cholera epidemic took many lives. Its founders, K. M. Maulavi, E. K. Maulavi, and M. K. Haji were reform leaders. The institution also serves over a thousand orphans and conducts a large Oriental High School that feeds its graduates into the nearby B. Poker Memorial College” (Roland E. Miller : Mappila Muslim Culture: How a Historic Muslim Community in India Has Blended Tradition and Modernity, Page: 244)
“കോളറ പകർച്ചവ്യാധി ഒട്ടനേകം ജീവനുകൾ അപഹരിച്ചതിനു പിന്നാലെ 1943ൽ സമാനമായ മറ്റൊരു സ്ഥാപനമായ യതീംഖാന, തിരൂരങ്ങാടിയിൽ ആരംഭിച്ചു. അതിന്റെ സ്ഥാപകന്മാരായ കെ.എം.മൗലവിയും ഇ.കെ.മൗലവിയും എം.കെ.ഹാജിയും പരിഷ്‌കരണ (ഇസ്വലാഹീ) പ്രസ്ഥാനത്തിന്റെ നേതാക്കന്മാരായിരുന്നു. ഈ സ്ഥാപനം ആയിരത്തിലധികം അനാഥകളെ സംരക്ഷിക്കുകയും തൊട്ടടുത്ത ബി. പോക്കർ സാഹിബ് കോളേജിൽനിന്നും ബിരുദം നേടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്ന ഒരു വലിയ ഓറിയന്റൽ ഹൈസ്‌ക്കൂൾ നടത്തി വരികയും ചെയ്യുന്നു’’ (റോളണ്ട് ഇ.മില്ലർ, Mappila Muslim Culture: How a Historic Muslim Community in India Has Blended Tradition and Modernity, പുറം 244).
യതീംഖാന സ്ഥാപിക്കുന്നതിൽ ആദ്യകാല പരിശ്രമങ്ങൾ നടത്തിയ പ്രമുഖ ഇസ്വ്‌ലാഹീ പണ്ഡിതനും അക്കാലത്തെ, തിരൂരങ്ങാടിയിലെ മുസ്‌ലിം ലീഗ് സെക്രട്ടറിയുമായിരുന്ന കെ.ഉമർമൗലവിയുടെ പങ്കും വിസ്മരിക്കാവതല്ല. കെ.എം.മൗലവി, ഇ.കെ.മൗലവി, കെ.ഉമർമൗലവി തുടങ്ങിയവർ തിരൂരങ്ങാടിയിൽ മുസ്‌ലിം ലീഗിനെ നയിച്ച കാലമായിരുന്നു അത്.(87) എം.കെ.ഹാജിയുടെ നിശ്ചയദാർഢ്യവും ഉദാരമനസ്‌കതയും യതീംഖാനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതിൽ ഏറെ സഹായിച്ചു. മലബാറിൽ അനാഥശാലാ പ്രസ്ഥാനം സജീവമാക്കിയതിൽ തിരൂരങ്ങാടി യതീംഖാനക്കുള്ള പങ്ക് അവിതർക്കിതമാണ്. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെയും പിൽക്കാലത്ത് മുജാഹിദ് പ്രസ്ഥാനത്തിന്റെയും മുന്നണിപ്പോരാളികളായിരുന്ന ഈ നേതാക്കളുടെ സമുദായ സ്‌നേഹത്തിനുള്ള സാക്ഷ്യപത്രമായി ഇന്നും തിരൂരങ്ങാടി യതീംഖാന തലയുയർത്തി നിൽക്കുന്നു.
തൗഹീദിനുവേണ്ടി അഹോരാത്രം അധ്വാനിക്കുമ്പോഴും സമുദായം ഒന്നടങ്കം ഐക്യപ്പെടണമെന്നാഗ്രഹിക്കുകയും മുസ്‌ലിം സമൂഹത്തെ രാഷ്ട്രീയമായി സംഘടിപ്പിക്കുന്നതിൽ ശ്രദ്ധയൂന്നുകയും ചെയ്ത് പ്രവർത്തിച്ച ഈ നേതാക്കളെ പരിഹസിക്കാനാണ് അക്കാലത്ത് യാഥാസ്ഥിതിക മതപൗരോഹിത്യം ശ്രമിച്ചത്. യതീംഖാനയെ വിമർശിക്കാനും അതിന്റെ പ്രവർത്തനങ്ങൾക്ക് തടയിടാനും തിരൂരങ്ങാടിയിലെ യാഥാസ്ഥിതിക വിഭാഗം മുന്നിട്ടിറങ്ങി. യതീംഖാന എന്നാൽ യതീമുൻ ഖാനഹു (യതീമിനെ വഞ്ചിച്ചു) എന്നാണർഥമെന്നും അതിനാൽ യതീംഖാന സമുദായ വഞ്ചനയാണെന്നും ആരോപിച്ച് പതി അബ്ദുൽഖാദർ മുസ്‌ല്യാർ എന്ന പുരോഹിതനെ കൊണ്ടുവന്ന് യതീംഖാനക്കെതിരെ ശാപപ്രാർഥനയും മതപ്രസംഗവും നടത്തിക്കൊണ്ടാണ് തിരൂരങ്ങാടിയിലെ യാഥാസ്ഥിതികർ യതീംഖാനയെ തകർക്കാൻ ശ്രമിച്ചത്. എന്നാൽ ആ അപശബ്ദങ്ങളെയെല്ലാം അതിജീവിക്കാൻ തിരൂരങ്ങാടി യതീംഖാനക്കു സാധിച്ചതിനു പിന്നിൽ ആ സ്ഥാപനത്തെ പടുത്തുയർത്തിയ മഹാരഥന്മാരുടെ വിശ്വാസദാർഢ്യവും ഇച്ഛാശക്തിയുമായിരുന്നു. അവർ കാണിച്ചുതന്ന പാന്ഥാവിലൂടെ സമുദായം ചലിക്കുകയും എതിർത്തവർ തന്നെ പിന്നീട് യത്തീംഖാനകൾ സ്ഥാപിക്കുകയും ചെയ്ത കാഴ്ചയാണ് പിന്നീട് നാം കണ്ടത്. ഇന്ന് കേരളത്തിലെ എല്ലാ സംഘടനകൾക്കും തങ്ങളുടേതെന്ന് അഭിമാനിക്കാവുന്ന യതീംഖാനകളും മദ്‌റസകളും ഉണ്ട്.
യാഥാസ്ഥിതിക സുന്നീ പണ്ഡിതസമൂഹം തിരൂരങ്ങാടി യതീംഖാനയെ തകർക്കുന്നതിനായി ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്നുവെങ്കിലും സുന്നീ പ്രസ്ഥാനത്തോടൊപ്പം തന്നെ ചരിച്ചിരുന്ന സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളുടെ പിന്തുണ എല്ലാ കാലത്തും യതീംഖാനക്കുണ്ടായിരുന്നു. കെ.എം.മൗലവി, ഇ.കെ.മൗലവി, എം.കെ.ഹാജി തുടങ്ങിയ ഇസ്വ്‌ലാഹീ നേതാക്കളുമായി ബാഫഖി തങ്ങൾ പുലർത്തിപ്പോന്ന വ്യക്തിബന്ധത്തിന്റെയും അവർ സ്വീകരിച്ചിരുന്ന ആശയത്തോടുള്ള പ്രതിബന്ധതയുടെയും ഫലമായിരുന്നു അത്. സുന്നീ പ്രസ്ഥാനത്തിന്റെ അമരത്തു നിന്നു പ്രവർത്തിച്ചപ്പോഴും തികഞ്ഞ ഒരു മുവഹ്ഹിദായി ജീവിതം നയിക്കാൻ ബാഫഖി തങ്ങൾക്കു കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത് ഇടപഴകിയ പലരിൽനിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ബാഫഖി തങ്ങളുമായി വളരെ അടുപ്പമുണ്ടായിരുന്ന മർഹും പ്രൊഫ. ടി. അബ്ദുല്ല സാഹിബ് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു:
“മതപരമായ കാര്യങ്ങളിൽ അദ്ദേഹം ഒരു തികഞ്ഞ സുന്നിയായിരുന്നുവെന്ന് വരികിലും വിശ്വാസപരമായി താനുമായി അഭിപ്രായ ഭിന്നതയുള്ളവരോട് അദ്ദേഹം തികച്ചും വിശാല മനസ്‌കതയോടും സഹിഷ്ണുതയോടും കൂടിത്തന്നെ എപ്പോഴും പെരുമാറിയിരുന്നു. മുജാഹിദ് വിഭാഗത്തിലെ ഉന്നതപണ്ഡിതന്മാരായ മർഹും കെ.എം.മൗലവി സാഹിബ്, ഇ.കെ. മൗലവി സാഹിബ് തുടങ്ങിയവരെ അദ്ദേഹം അങ്ങേയറ്റം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നതായി എനിക്കറിയാൻ കഴിഞ്ഞിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്തൊരു മുജാഹിദായ എം.കെ. ഹാജി സാഹിബ് അദ്ദേഹത്തിന്റെ ഒരാത്മമിത്രമായിരുന്നു. ഖുതുബ പരിഭാഷ, മതത്തിൽ കടന്നുകൂടിയിട്ടുള്ള ശിർക്കുപരമായ കാര്യങ്ങൾ എന്നിവയിൽ അദ്ദേഹത്തിന്ന് മുജാഹിദുകളോട് യോജിപ്പുണ്ടായിരുന്നു. മുജാഹിദുകൾ നടത്തുന്ന ഒരു സ്ഥാപനമായിട്ട് കൂടി തിരൂരങ്ങാടി യതീംഖാനയുടെ കാര്യത്തിൽ അദ്ദേഹം പ്രത്യേകം താൽപര്യം പ്രകടിപ്പിച്ചിരുന്നു.’’(88)
അവലംബം:
87. എൻ.വി.അബ്ദുസ്സാം മൗലവി -ജീവചരിത്രം, പേജ് 111.
88. ബാഫഖി തങ്ങൾ സ്മാരക ഗ്രന്ഥം, ഗ്രീൻ ഹൗസ് പബ്ലിക്കേഷൻസ്.

