എതിർപ്പുകളെ അതിജയിച്ച വാർഷിക സമ്മേളനങ്ങൾ

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 ജൂൺ 29, 1445 ദുൽഹിജ്ജ 22

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 16)

അഞ്ചാം വാർഷികസമ്മേളനം

കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ അഞ്ചാം വാർഷിക സമ്മേളനം 1927 മെയ് 7,8 തീയതികളിൽ കണ്ണൂരിൽ ചേർന്നു. ആദം സേട്ട് ആയിരുന്നു അധ്യക്ഷൻ. മറ്റു സമ്മേളനങ്ങളെപ്പോലെത്തന്നെ ഈ സമ്മേളനം ആസൂത്രണം ചെയ്യുന്നതിലും സംഘടിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചവരിൽ പ്രധാനി ഇ.കെ.മൗലവിയായിരുന്നു. ഈ സമ്മേളനത്തിലെ അദ്ദേഹത്തിന്റെ സജീവസാന്നിധ്യം അദ്ദേഹത്തിന്റെ രചനകളിൽനിന്നും മനസ്സിലാക്കാവുന്നതാണ്. അഞ്ചാം വാർഷിക സമ്മേളനത്തെക്കുറിച്ച് നമുക്ക് അറിവു നൽകുന്ന ചരിത്രരേഖ ‘അൽഇത്തിഹാദ്,’ ‘അൽമുർശിദ്’ മാസികകളിൽ ഇ.കെ.മൗലവി എഴുതിയ ലേഖനങ്ങൾ മാത്രമാണ്. കണ്ണൂർ വാർഷിക സമ്മേളനത്തെക്കുറിച്ച് ഇ.കെ.മൗലവി എഴുതിയത് ഇങ്ങനെ:

“കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ അഞ്ചാം വാർഷിക സമ്മേളനം 1927-ൽ കണ്ണൂരിൽ ചേർന്നു. അവിടത്തെ സമുദായ പ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും ആവശ്യം അനുസരിച്ചായിരുന്നു അത്. കേരളത്തിലെ പ്രഥമ മുസ്‌ലിം അനാഥാലയമായ ജെ.ഡി.റ്റി ഇസ്‌ലാമിന്റെ സ്ഥാപകനെന്ന നിലക്ക് സുപരിചിതനായ മുഹ്‌യിദ്ദീൻ അഹ്‌മദ് സാഹിബിന്റെ ഇളയ സഹോദരൻ മൗലവി മുഹമ്മദലി എം.എ ആയിരുന്നു ഈ സമ്മേളനത്തിൽ അധ്യക്ഷൻ. ഇത്തരം കാരണങ്ങളാൽ ഐക്യസംഘത്തിന്റെ ശത്രുക്കൾക്ക് പരസ്യമായി എതിർ പ്രചാരവേല ചെയ്യാൻ സാധിക്കാതെ വന്നു. പക്ഷേ, പോത്തുകൾക്ക് ചളിവെള്ളം പഥ്യമാണല്ലോ. പരസ്യമായിട്ടല്ലെങ്കിലും

അവർ എതിർ പ്രചാരവേല സംഘടിപ്പിക്കുകതന്നെ ചെയ്തു. ആരംഭം മുതൽ ഐക്യസംഘത്തിലെ അംഗവും പ്രവർത്തകനും നല്ല പണ്ഡിതനുമായിരുന്ന ഒരാൾ ആ രഹസ്യപ്രചാരവേലയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു.(40) (പേര് ഇവിടെ വെളിപ്പെടുത്തുന്നില്ല). അദ്ദേഹത്തിന്റെ ഗൂഢപ്രചാരവേലയുടെ രീതി ഏതാണ്ട് ഇപ്രകാരമായിരുന്നു: ‘ഐക്യസംഘക്കാരിൽ നേർക്കുനേരെ തെറ്റൊന്നും കണ്ടുപിടിക്കാൻ സാധിക്കില്ല. എങ്കിലും ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയയുടെ അഖീദയും അഭിപ്രായവുമാണ് അവർ സ്വീകരിക്കുന്നത്. അദ്ദേഹത്തിനാകട്ടെ, അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിനെതിരായ അഖീദയും അഭിപ്രായങ്ങളുമാണുള്ളത്. ഇതു സാധാരണക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. ഇബ്‌നു തൈമിയ വഴിതെറ്റിയവനും വഴിതെറ്റിക്കുന്നവനുമാണെന്നാണ് ഇബ്‌നു ഹജറുൽ ഹൈതമി തന്റെ ഫതാവയിൽ എഴുതിയിട്ടുള്ളത്.’

ഈ സമ്മേളനവുമായി ബന്ധപ്പെട്ടതല്ലെങ്കിലും മേൽപറഞ്ഞ പണ്ഡിതൻ പിൽ‌ക്കാലത്ത് കണ്ണൂരിൽ വെച്ചു നടത്തിയ ഒരു പ്രസംഗത്തിൽ ‘വല്ല കാര്യത്തിലും അഭിപ്രായഭിന്നതയുണ്ടായാൽ അത് ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കുകയാണ് വേണ്ടത് എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ മടക്കേണ്ടതില്ല, മടക്കരുത്, മടക്കുകയില്ല എന്നു നിങ്ങൾ അവരോട് പറഞ്ഞേക്കണം’ എന്നു ഓരിയിട്ടിരുന്ന കാര്യം സ്മർത്തവ്യമത്രെ,

കണ്ണൂരിലെ അറിയപ്പെട്ട ഇസ്‌ലാഹീ പ്രവർത്തകനും ഐക്യസംഘത്തിന്റെ പ്രമുഖ നേതാവുമായിരുന്ന പി.അബ്ദുൽഖാദിർ മൗലവിക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാന പ്രചാരണത്തിൽ അതുല്യമായ പങ്കുവഹിച്ചതും ചലനാത്മകമായ വിപ്ലവം സൃഷ്ടിച്ചതും എതിരാളികളെ മുട്ടുകുത്തിച്ചതുമായ ‘അത്തൗഹീദ്’ എന്ന മഹദ് ഗ്രന്ഥത്തിന്റെ കർത്താവാണ് പി. അബ്ദുൽ ഖാദിർ മൗലവി.(41)

പാമരജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇതിലധികം എന്തു വേണം? ഈ ദുഷ്പ്രചാരണം കുറേയൊക്കെ ഫലിക്കുകതന്നെ ചെയ്തു. തന്മൂലം ഐക്യസംഘം പ്രവർത്തകർക്കു വേണ്ടപ്പെട്ടവരുടെ സഹായ സഹകരണങ്ങൾ ലഭിക്കാതെ പോയി. ഐക്യസംഘത്തിന്റെ പ്രധാന പ്രവർത്തകരായ മണപ്പാട്ട് പി. കുഞ്ഞുമുഹമ്മദ് സാഹിബ്, സഹോദരൻ കൊച്ചുമൊയ്തീൻ സാഹിബ്, സീതിസാഹിബിന്റെ വന്ദ്യപിതാവ് കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബ്, കെ.എം. മൗലവി സാഹിബ് മുതലായവർ സമ്മേളനാവസരത്തിൽ സ്ഥലത്തുണ്ടായിരുന്നില്ല. ഹജ്ജ് കർമം നിർവഹിക്കാൻ അവർ ഹിജാസിലേക്കു പോയിരുന്നു. സീതി സാഹിബ് നാട്ടിൽതന്നെ ഉണ്ടായിരുന്നത് തെല്ലൊരാശ്വാസമായി.

ഭാഗ്യമെന്നു പറയട്ടെ, എതിരാളികളുടെ കുതന്ത്രങ്ങൾ മനസ്സിലാക്കിയ ഇല്ലത്തകത്ത് സയ്യിദ് മശ്ഹൂർ തങ്ങൾ, സഹോദരൻ ബമ്പൻ തങ്ങൾ, ഇല്ലത്തുകുത്ത് പുതിയാപ്പിള ഇമ്പിച്ചിക്കോയ തങ്ങൾ, അദ്ദേഹത്തിന്റെ സഹോദരൻ ഹബീബ് കോയ തങ്ങൾ, ഉർദു പണ്ഡിറ്റ് എം.അബൂബക്കർ തുടങ്ങിയ ചുറുചുറുക്കുള്ള യുവാക്കന്മാർ ആവേശപൂർവം രംഗത്തിറങ്ങി പ്രവർത്തിക്കാൻ തുടങ്ങി. കണ്ണൂർ, തലശ്ശേരി, മാഹി, വളപട്ടണം മുതലായ സ്ഥലങ്ങളിൽ പ്രചാരണയോഗം സംഘടിപ്പിച്ച് പ്രസംഗങ്ങൾ നടത്തിവന്നു. മിക്ക സ്ഥലത്തും സീതി സാഹിബ് പ്രസംഗിക്കാറുണ്ട്. തന്നിമിത്തം ശത്രുക്കളുടെ കുപ്രചാരവേലകൾ മങ്ങിമറിഞ്ഞു. കേരളത്തിന്റെ നാനാഭാഗത്തുനിന്നും ജനങ്ങൾ കൂട്ടംകൂട്ടമായി വന്നുചേർന്നു. എതിരാളികളുടെ അപശബ്ദങ്ങൾ തീരെ കേൾക്കാതായി.

ഒന്നാം ദിവസം അധ്യക്ഷന്റെ ഉജ്ജ്വല പ്രസംഗവും സീതിസാഹിബിന്റെ തർജമയും നടന്നു. ഇതിനെത്തുടർന്ന് ഒളിവിൽ പോയവരെല്ലാം സമ്മേളന ഹാളിൽ മുൻ സീറ്റിൽതന്നെ കാണപ്പെട്ടു. അന്നൊരു പ്രത്യേക സംഭവമുണ്ടായി. അധ്യക്ഷന്റെ ഉപസംഹാരപ്രസംഗം ഉർദുവിലായിരുന്നു. അതു തർജമ ചെയ്യാൻ ആരും മുമ്പോട്ടുവന്നില്ല. അവസാനം സീതി സാഹിബ് തന്നെ ആ പ്രസംഗവും പരിഭാഷപ്പെടുത്തി. സീതി സാഹിബിന് ഉർദു അറിയില്ലെന്നായിരുന്നു ജനങ്ങളുടെ ധാരണ. സമ്മേളനാനന്തരം സംഘം ഭാരവാഹികൾക്ക് രണ്ടുദിവസം കൂടി കണ്ണൂരിലും പരിസരത്തും താമസിക്കേണ്ടിവന്നു. ഈ ദിവസങ്ങളിൽ പരിസരപ്രദേശങ്ങളിൽ യോഗം സംഘടിപ്പിച്ചു പ്രസംഗങ്ങൾ നടത്തുകയുണ്ടായി.’’(42)

പുതിയ പ്രമേയങ്ങളൊന്നും ഈ വാർഷികത്തിൽ അവതരിപ്പിക്കപ്പെട്ടില്ലെങ്കിലും രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്താൻ സംഘത്തിന് സാധിച്ചത് ഈ സമ്മേളന കാലത്താണ്. കക്ഷിവഴക്കുകളെ മറികടന്ന് പ്രാദേശിക, ദേശീയ ജനായത്ത തെരഞ്ഞെടുപ്പുകളിൽ പുലർത്തേണ്ട ഐക്യബോധത്തെ സംബന്ധിച്ച അവബോധമുണ്ടാക്കുവാൻ നേതാക്കൾ പരിശ്രമിച്ചു. കൊച്ചി ദിവാൻ മുസ്‌ലിം വിദ്യാർഥിനികൾക്ക് അനുവദിച്ചിരുന്ന സ്‌കോളർഷിപ്പിൽ അട്ടിമറികൾ നടത്തിയ സാഹചര്യത്തിൽ ഐക്യസംഘം നിവേദകസംഘത്തെ അയച്ചുകൊണ്ട് അതിന് പ്രതിവിധിയുണ്ടാക്കി. ജനാധിപത്യ ഭരണസമ്പ്രദായത്തിനു മുമ്പാണ് അറബി വിദ്യാഭ്യാസത്തിനുള്ള സൗകര്യം, മുസ്‌ലിം പെൺകുട്ടികൾക്കുള്ള സ്‌കോളർഷിപ്പ്, പെൺകുട്ടികൾക്ക് തല മറയ്ക്കാനുള്ള സ്വാതന്ത്ര്യം, വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കാനായുള്ള ഉച്ചനേരത്തെ ലഘു ഇടവേള എന്നിവ രാജഭരണം അനുവദിച്ചുനൽകിയത്. ഇവയെല്ലാം ഭരണതലത്തിലുള്ള ബുദ്ധിപരമായ ഇടപെടലുകളിലൂടെയാണ് ഐക്യസംഘത്തിനു നേടിയെടുക്കാൻ സാധിച്ചത്. സംഘത്തിൽ നടക്കുന്നത് വഹാബിസമാണെന്ന തരത്തിൽ പ്രതിഷേധങ്ങൾ ശക്തമായ ഈ കാലയളവിലും സാമുദായിക നവീകരണ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നു സംഘം നേതാക്കൾ. അടുത്ത വാർഷികസമ്മേളനം കാസർകോട്ട് ചേരാൻ പലരും ആവശ്യപ്പെട്ടെങ്കിലും തിരൂർക്കാർ മുൻകൂട്ടി അപേക്ഷിച്ചിരുന്നതുകൊണ്ട് അവിടെ വെച്ചു നടത്താനാണ് തീരുമാനിച്ചത്.

ആറാം വാർഷിക സമ്മേളനം

പൊന്നാനിയിലും പരിസരങ്ങളിലുമുള്ള ചില മാന്യന്മാരുടെ ആവശ്യാനുസരണം ഐക്യസംഘത്തിന്റെ 6ാം വാർഷിക സമ്മേളനം തിരൂരിൽ നടത്താനാണ് തീരുമാനിച്ചത്. ഈ സമ്മേളനവും ഇ.കെ.മൗലവിയുടെ ആസൂത്രണത്തിലും സജീവ സാന്നിധ്യത്തിലുമാണ് നടന്നത്. സമ്മേളനത്തിന് ആഴ്ചകൾക്കു മുമ്പുതന്നെ ഇ.കെ.മൗലവി തിരൂരിലെത്തുകയും സമ്മേളനം കഴിയുന്നതുവരെ അവിടെ ക്യാമ്പ് ചെയ്യുകയും ചെയ്തു. അൽഇത്തിഹാദ്, അൽമുർശിദ് മാസികകളിൽ ഇ.കെ.മൗലവി എഴുതിയ ലേഖനങ്ങൾ ക്രോഡീകരിച്ച് എൻ.കെ.അഹ്‌മദ് മൗലവി എഴുതിയ ‘ഐക്യസംഘവും കേരള മുസ്‌ലിംകളും’ എന്ന ഗ്രന്ഥത്തിൽ സമ്മേളനത്തെക്കുറിച്ചു നൽകിയ വിവരണമാണ് ചുവടെ:

“ഐക്യസംഘത്തിന്റെ ആറാം വാർഷികസമ്മേളനം, പൊന്നാനിയിലെയും അയൽപ്രദേശങ്ങളിലെയും ചില മാന്യന്മാർ ആവശ്യപ്പെട്ടതനുസരിച്ചു 1928-ൽ തിരൂരിൽ വെച്ചുനടന്നു. മദിരാശിക്കാരനായ ഡോക്ടർ അബ്ദുൽഹഖ് ആയിരുന്നു അധ്യക്ഷൻ. ഖാൻ ബഹദൂർ ആറ്റക്കോയ പ്രസിഡന്റായി ഒരു സ്വാഗതസംഘം രൂപീകരിക്കുകയും കരിമ്പനക്കാരുടെ വക അങ്ങാടിയിലുള്ള കടയുടെ മുകളിൽ ഓഫീസ് തുറന്നു പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പി.എം.സിക്കന്തർ ഹാജിയും ഇ.കെ.മൗലവിയുമായിരുന്നു അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്നത്.

ആദ്യം അലട്ടൊന്നുമുണ്ടായിരുന്നില്ലെങ്കിലും സമ്മേളനം അടുത്തതോടെ എതിർ പ്രചാരവേലക്കാർ പൊന്നാനിയിൽനിന്നും മറ്റും വന്നുചേർന്നു പ്രവർത്തിച്ചുതുടങ്ങി. തിരൂരിൽ നിന്നു തന്നെയും കുറെയാളുകളെ അവർക്കു സഹായത്തിനു കിട്ടി. കൊടുങ്ങല്ലൂരിൽനിന്ന് ചില കുസൃതികൾ വന്ന് ഐക്യസംഘത്തിനെതിരായി കവല പ്രസംഗങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഇവരുടെയെല്ലാം സംഘടിത ശ്രമങ്ങൾ സമ്മേളനപ്രവർത്തകരെ കുറച്ചൊന്നുമല്ല ശല്യപ്പെടുത്തിയത്. അവർക്ക് പുറത്തിറങ്ങി സ്വൈ‌ര്യമായി നടക്കാൻ പോലും വയ്യെന്ന നിലവന്നു. എവിടെ നിന്നെല്ലാമോ കല്ലേറുകൾ വന്നു അവരുടെ ദേഹങ്ങളിൽ വീണുതുടങ്ങി. പോലീസിൽ പരാതിപ്പെട്ടുനോക്കി. ഫലമുണ്ടായില്ല. തിരൂരിൽ കയനിക്കരക്കാർ മാത്രമേ അവരെ സഹായിക്കാനുണ്ടായിരുന്നുള്ളു. സമ്മേളനത്തിന്റെ തലേദിവസം മദിരാശിയിൽനിന്ന് അധ്യക്ഷൻ മെയിലിന്ന് വന്നിറങ്ങി. അദ്ദേഹത്തെ ടി.ബി.യിലെത്തിക്കാൻ സമ്മേളന ഭാരവാഹികൾക്ക് ഒരു വാഹനവും കിട്ടിയില്ല. അവർ സ്റ്റേഷനിൽ ചെന്നു സ്ഥിതിഗതികളും അവരുടെ നിസ്സഹായാവസ്ഥയും അധ്യക്ഷനെ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു: “ആവട്ടെ, നല്ല കാര്യത്തിനിറങ്ങിയാൽ ഇങ്ങനെയൊക്കെ സംഭവിക്കും. അതിൽ നിരാശപ്പെടാൻ പാടില്ല... നമുക്കു നടക്കാം.’’ കാൽനടയായി അധ്യക്ഷനും അവരും ടി.ബി.യിലെത്തി.

രാത്രിവണ്ടിക്ക് മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയും സീതി സ്വാഹിബും വരുന്നുണ്ടെന്ന് വിവരം കിട്ടിയതിനെത്തുടർന്ന് സമ്മേളനഭാരവാഹികളിൽ ചിലർ റെയിൽവെസ്റ്റേഷനിൽ പോയി പ്ലാറ്റ്‌ഫോമിൽ കാത്തുനിന്നു. കോഴിക്കോട്ടേക്ക് രണ്ടു ടിക്കറ്റ് വാങ്ങി അവർ കൈയിൽ വെച്ചിരുന്നു. മണപ്പാടനും സീതിസ്വാഹിബും എത്തിയപ്പോൾ അവർ ഇരുവരെയും സ്ഥിതിഗതികൾ ധരിപ്പിക്കുകയും നേരെ കോഴിക്കോട്ട് പോയി പോലീസ് സൂപ്രണ്ടിനെ കാര്യം ധരിപ്പിച്ചു പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇരുവരും നേരെ കോഴിക്കോട്ടേക്ക് വണ്ടി കയറി. സൂപ്രണ്ട് മഞ്ചേരിക്ക് പോയിരുന്നു. ഉടനെ ഇരുവരും ടാക്‌സിയിൽ മഞ്ചേരിക്കു പുറപ്പെട്ടു. സൂപ്രണ്ട്, മണപ്പാടന്റെ ഒരു സുഹൃത്തായിരുന്നു. തിരൂരിലെ സബ് ഇൻസ്‌പെക്ടർ സൂപ്രണ്ടിന്റെ മരുമകനു(പെങ്ങളുടെ മകൻ)മായിരുന്നു. ഇരുവരും സൂപ്രണ്ടിനെ കണ്ടു കാര്യം ധരിപ്പിച്ചു. അപ്പോൾതന്നെ അദ്ദേഹം സബ്ഇൻസ്‌പെക്ടർക്ക് ചൂടുള്ള ഒരു കത്ത് കൊടുക്കുകയും സമ്മേളനത്തിന് വന്നുചേരാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. കത്തുമായി കാറിൽതന്നെ അവർ തിരൂരിലെത്തി. സിക്കന്തർ ഹാജി ആ കത്ത് സബ്ഇൻസ്‌പെക്ടർക്ക് കൊണ്ടുപോയികൊടുത്തു.അതു വായിച്ചപ്പോൾ അയാൾ വിറച്ചു തുടങ്ങി. ‘നിങ്ങളെന്തിനാണ് അമ്മാവനെ സമീപിച്ചത്? ഞാൻ തന്നെ കാര്യങ്ങളെല്ലാം ശരിപ്പെടുത്തിത്തരുമായിരുന്നല്ലോ’ എന്ന് ഇൻസ്‌പെക്ടർ പറഞ്ഞു. ‘നിങ്ങളുടെ ശരിപ്പെടുത്തൽ ഞങ്ങൾ കണ്ടു’ എന്ന് മാത്രം മറുപടി നൽകി സിക്കന്തർ ഹാജി തിരിച്ചുപോന്നു.

അധികം കഴിഞ്ഞില്ല. പോലീസുകാർ റോന്തുചുറ്റുന്നതും കവലകളിലെല്ലാം കാവൽ നില്ക്കുന്നതും കാണാൻ കഴിഞ്ഞു. അതുവരെ കേട്ടുകൊണ്ടിരുന്ന അപശബ്ദങ്ങളൊന്നും പിന്നെ കേൾക്കുകയുണ്ടായില്ല. അങ്ങാടിയും പരിസരവും ശാന്തമായി. പത്ത് മണിക്കു മുമ്പുതന്നെ തിരുവനന്തപുരം മുതൽ കൊടുങ്ങല്ലൂർവരെയുള്ള ഐക്യസംഘം പ്രവർത്തകർ സ്ഥലത്തെത്തി. വക്കം അബ്ദുൽഖാദിർ മൗലവിയും അക്കൂട്ടത്തിലുണ്ടായിരുന്നു. വടക്കുനിന്നുള്ള വണ്ടികൂടി എത്തിയതോടെ തിരൂരിന്റെ മുഖച്ഛായതന്നെ മാറി. പറവണ്ണ, താനൂർ, എടവണ്ണ, മഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽനിന്നു വന്ന യോഗംകലക്കികളെല്ലാം ഇതോടെ അപ്രത്യക്ഷരായി. കൃത്യം പത്ത് മണിക്കുതന്നെ സമ്മേളനം ആരംഭിച്ചിരുന്നു. അധ്യക്ഷന്റെ അറബിപ്രസംഗവും അതിന്റെ പരിഭാഷയും അച്ചടിച്ചു സമ്മേളനത്തിൽ വിതരണം ചെയ്തിരുന്നു. സമ്മേളനത്തിൽ വെച്ച് ചന്ദനക്കുടം, കൊടികുത്ത് മുതലായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അധിക്ഷേപിച്ചുകൊണ്ടുള്ള പ്രസംഗങ്ങളും പ്രമേയങ്ങളും ജനങ്ങൾ ചെവികൂർപ്പിച്ചു ശ്രദ്ധിച്ചു. ആർക്കും ഒരുവിധത്തിലുള്ള എതിർപ്പുമുണ്ടായില്ല. സീതിസ്വാഹിബിന്റെയും മണപ്പാടന്റെയും പ്രസംഗങ്ങൾ കേട്ടത് മതിയായില്ലെന്നായിരുന്നു സദസ്സ്യരുടെ ആവലാതി. സീതിസ്വാഹിബിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം ഇങ്ങനെയായിരുന്നു: “ഇന്ന് ഇവിടെ തടിച്ചുകൂടിയിട്ടുള്ള എന്റെ സഹോദരന്മാരിൽ വല്ലവരും ഞങ്ങളെയും ഞങ്ങളുടെ പ്രസ്ഥാനത്തെയും എതിർക്കുന്നുണ്ടെങ്കിൽ അതു അവർക്ക് കാര്യം മനസ്സിലാകാത്തതുകൊണ്ടാണ്. അതിൽ അവർ കുറ്റക്കാരല്ല. കാലക്രമേണ അവർക്ക് കാര്യം മനസ്സിലായിക്കൊള്ളും. അങ്ങനെ അവർ നമ്മുടെ പ്രസ്ഥാനത്തിന്റെ അനുകൂലികളും സഹായികളുമായിത്തീരും. അവർ ഞങ്ങളെ തെരഞ്ഞുപിടിച്ചു പ്രസംഗിപ്പിക്കും.’’ സീതി സ്വാഹിബിന്റെ ഈ വാക്കുകൾ അക്ഷരംപ്രതി അന്വർഥമായിരിക്കുന്നുവെന്ന് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അദ്ദേഹത്തിന്റെ നിത്യനൂതനമായ സ്മാരകം തിരൂരിലാണല്ലോ നിലകൊള്ളുന്നത്.(43)

മടക്കയാത്രയിൽ അധ്യക്ഷനെ റെയിൽവെസ്റ്റേഷനിലേക്കു കൊണ്ടുപോകാൻ കാറുമായി നാട്ടുകാരും പോലീസുകാരുമൊക്കെ വന്നു, ഒരു തീവ്രശ്രമം തന്നെ നടത്തിനോക്കി. അദ്ദേഹം കൂട്ടാക്കിയില്ല. ടി.ബിയിൽനിന്നു നടന്നാണ് അദ്ദേഹം സ്റ്റേഷനിലെത്തിയത്. ഈ സമ്മേളനത്തിൽ കെ.പി.എ. മുഹിയുദ്ദീൻ കുട്ടി മൗലവി പറവണ്ണയും പങ്കെടുത്തിരുന്നു. മാത്രമല്ല, വിഷയ നിർണയക്കമ്മിറ്റി കൂടിയ അവസരത്തിൽ ഒരാൾ വന്നു അദ്ദേഹത്തിന്റെ ഒരു ചെറിയ കുട്ടി മരിച്ചുവെന്ന വിവരം അറിയിച്ചു. ‘ഇപ്പോൾ ഞാൻ വന്നതുകൊണ്ട് മരിച്ച കുട്ടി ജീവിക്കുകയില്ലല്ലോ. കുട്ടിയെ നിങ്ങൾതന്നെ ഖബറടക്കുക. ഞാനിപ്പോൾ അതിലും വലിയ കാര്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്’ എന്നു പറഞ്ഞു അദ്ദേഹം അയാളെ തിരിച്ചയച്ചു.(44) പിന്നീട് പറവണ്ണയുടെ സ്ഥിതി എന്തായിരുന്നുവെന്ന് പരക്കെ അറിവുള്ളതാണ്. തൽക്കാലം ഉണ്ടായിരുന്ന പണത്തിന്റെ തിടുക്കം തീർന്നപ്പോൾ അദ്ദേഹത്തിന്റെ സ്ഥിതിക്കും മാറ്റം വന്നു.’’(45)

സമ്മേളനത്തിൽ അധ്യക്ഷനായ ഡോ. അബ്ദുൽഹഖ്, വിദ്യാഭ്യാസ മേഖലകളിലും തൊഴിൽ മേഖലകളിലുമുള്ള മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ വിശകലനംചെയ്തു നടത്തിയ സംസാരം ശ്രദ്ധേയമായിരുന്നു.


അവലംബം:

40. ഈ പണ്ഡിതന്റെ പേര് കണ്ണൂർ സമ്മേളനം സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച ഇ.കെ.മൗലവിക്കു നന്നായി അറിയും. എന്നാൽ അൽഇത്തിഹാദ് മാസികയിൽ അഞ്ചാം വാർഷിക സമ്മേളനത്തിന്റെ ചരിത്രമെഴുതിയപ്പോൾ ‘ഈ പണ്ഡിതന്റെ പേര് പുറത്ത് പറയുന്നില്ല’ എന്നാണ് ഇ.കെ.മൌലവി എഴുതിയത്.

41. ഐക്യസംഘവും കേരള മുസ്‌ലിംകളും, എൻ.കെ. അഹ്‌മദ് മൗലവി, യുവത ബുക്ക് ഹൗസ്, പേജ് 43.

42. കേരള മുസ്‌ലിം ഐക്യസംഘം-ഇ.കെ.മൗലവിയുടെ ലേഖനങ്ങളുടെ സമാഹാരം, സമാഹരണം: അബ്ദുറഹ്‌മാൻ മങ്ങാട്, യുവത ബുക്ക് ഹൗസ്, പേജ് 36,37.

43. സീതി സാഹിബ് മെമ്മോറിയൽ പോളി ടെക്ക്‌നിക്ക്.

44. ഐക്യസംഘവും കേരള മുസ്‌ലിംകളും, എൻ.കെ. അഹ്‌മദ് മൗലവി, യുവത ബുക്ക് ഹൗസ്, പേജ് 43,44,45,46.

45. കേരള മുസ്‌ലിം ഐക്യസംഘം- ഇ.കെ.മൗലവിയുടെ ലേഖനങ്ങളുടെ സമാഹാരം, സമാഹരണം: അബ്ദുറഹ്‌മാൻ മങ്ങാട്, യുവത ബുക്ക് ഹൗസ്, പേജ് 45.