മദ്‌റസ പ്രസ്ഥാനത്തിനെതിരെ യാഥാസ്ഥിതികരുടെ പോരാട്ടം

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 മാർച്ച് 30, 1445 റമദാൻ 20

ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 2

വാഴക്കാട്ടുകാരനായിരുന്ന ഖാൻ ബഹാദൂർ കൊയപ്പത്തൊടി മുഹമ്മദ് കുട്ടി അധികാരിയും ചെറുശ്ശേരി അഹ്‌മദ് കുട്ടി മുസ്‌ലിയാരും അക്കാലത്ത് വാഴക്കാട്ടെ തൻമിയ്യത്തുൽ ഉലും അറബിക്കോളേജ് നടത്തിവരികയായിരുന്നു. ഈ ഘട്ടത്തിൽ അവരുടെ കോളേജിൽ അധ്യാപകനായി ചുമതലയേറ്റെടുക്കാനായി കൊയപ്പത്തൊടിയും ചെറുശ്ശേരിയും ചാലിലകത്തിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ചാലിലകത്ത് അംഗീകരിക്കുകയും തൻമിയ്യത്തുൽ ഉലും അറബിക്കോളേജിൽ പ്രധാനാധ്യാപകനായി ചേരുകയും ചെയ്തു. പിന്നീട് ഈ സ്ഥാപനം ദാറുൽ ഉലൂം അറബിക്കോളേജ് എന്ന് പുനർ നാമകരണം ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ കീഴിൽ ഏറെ പ്രസിദ്ധമാകുകയും ചെയ്തു.

തന്റെ ആഗ്രഹത്തിനനുസൃതമായി മതവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താൻ പര്യാപ്തമായ വേണ്ടത്ര അവസരങ്ങൾ ചാലിലകത്തിന് ലഭിച്ചിരുന്നില്ല. എങ്കിലും തന്റെ ഹിതത്തിനും ആഗ്രഹത്തിനും യോജിച്ചവിധം പഠനരീതി പരിഷ്‌കരിക്കാൻ ദാറുൽ ഉലൂമിന്റെ മാനേജറായ കൊയപ്പത്തൊടി മുഹമ്മദ് കുട്ടി അധികാരി അദ്ദേഹത്തിനു പൂർണസ്വാതന്ത്ര്യം നൽകിയിരുന്നു.

എന്നാൽ അഹ്‌ലുസ്സുന്നയിൽനിന്നും അദ്ദേഹം പുറത്തുപോയിരിക്കുന്നു എന്ന് പ്രചരിപ്പിച്ച യാഥാസ്ഥിതിക പുരോഹിതന്മാർ ഈ പരിഷ്‌കരണങ്ങളെ സംശയദൃഷ്ടിയോടെ കണ്ടു. അതുകൊണ്ടുതന്നെ മദ്‌റസ പ്രസ്ഥാനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള തന്റെ ശ്രമങ്ങളെല്ലാം തിരസ്‌കരിക്കപ്പെടുമോ എന്ന ചിന്ത ചാലിലകത്തിനെ അലട്ടിയിരുന്നു. ഈ ഘട്ടത്തിൽ ശൈഖുന അധികാരിയോട് ചോദിച്ചു: “നമ്മുടെ കേരളീയർക്ക് തികച്ചും അപരിചിതമായ ഒരു പദ്ധതിയാണ് നാം ആരംഭിക്കാൻ പോകുന്നത്. അത് പുറത്തുവരുമ്പോൾ കേരളത്തിലെ ഉലമാക്കളിൽനിന്ന് നാം ശക്തമായ എതിർപ്പുകൾ നേരിടേണ്ടിവന്നേക്കാം. അതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?’’ ഇതിന് അദ്ദേഹം ഇപ്രകാരം മറുപടി നൽകി: “ചെലവു ചെയ്യുന്നത് ഞാനാണ്. പഠിപ്പിക്കുന്നത് താങ്കളും. പിന്നെ നാം എന്തിനാണ് മറ്റുള്ളവരുടെ ആക്ഷേപങ്ങളെ വകവെക്കണം?’’(10)

ഈ മറുപടി ചാലിലകത്തിനെ സന്തോഷിപ്പിക്കുന്നതായിരുന്നു. പരിഷ്‌കരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ഇത് അദ്ദേഹത്തിന് ഊർജം നൽകി. തൽഫലമായി കുട്ടികൾക്ക് മതവിദ്യാഭ്യാസം നൽകുന്നതിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിഷ്‌കൃതരീതിയിൽ മദ്‌റസകൾ സ്ഥാപിക്കാൻ അദ്ദേഹം മുന്നോട്ടുവന്നു. ബോർഡിൽ എഴുതുന്ന സമ്പ്രദായം മതപഠന മേഖലയിൽ ആദ്യം കൊണ്ടുവന്നത് മൗലാനാ ചാലിലകത്തായിരുന്നു. പലകമേൽ ചവിട്ടിക്കൊണ്ട് പാഠങ്ങളെഴുതിക്കൊടുത്ത് പഠിപ്പിക്കുന്ന രീതി മാറ്റാനാണ് അദ്ദേഹം ശ്രമിച്ചത്. 16 ഇഞ്ച് നീളവും 12 ഇഞ്ച് വീതിയുമുള്ള പലകക്ക് പകരം ‘തഅ്‌ലീമുൽ ക്വുർആൻ’ എന്നൊരു പുസ്തകം എഴുതുകയും ബോർഡിൽ എഴുതിക്കൊടുത്ത് കുട്ടികളെ അറബി എഴുതാനും വായിക്കാനും അതോടൊപ്പം ക്വുർആൻ അർഥസഹിതം പഠിപ്പിക്കാനും തുടങ്ങി. ഇതിനു പുറമെ ഈമാനും ഇസ്‌ലാമും അറബിഭാഷയും മറ്റു പ്രാഥമിക പാഠങ്ങളും മാതൃഭാഷയിൽ തന്നെ പഠിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ടാക്കുകയും ചെയ്തു. അങ്ങനെ പഠനരീതിയിൽ ഒരു സമൂല പരിവർത്തനം അദ്ദേഹം ഉണ്ടാക്കിത്തീർത്തു.

കൊയപ്പത്തൊടി മുഹമ്മദ് കുട്ടി അധികാരി നൽകിയ ശക്തമായ പിന്തുണയും പ്രഗത്ഭരായ തന്റെ ശിഷ്യഗണങ്ങളുടെ സഹകരണവും മതവിദ്യാഭ്യാസരംഗത്ത് വിപുലമായ മാറ്റങ്ങളുണ്ടാക്കാൻ ചാലിലകത്തിനെ സഹായിച്ചു. ഇ.കെ മൗലവി, കെ.എം.മൗലവി എന്നിവരോടൊപ്പം പി.കെ. മൂസ മൗലവി, പി. എൻ.മുഹമ്മദ് മൗലവി, ഇ.മൊയ്തു മൗലവി, സി.എ അബ്ദുറഹ്‌മാൻ ഹാജി തുടങ്ങിയ ശിഷ്യൻമാർ ചാലിലകത്തിനൊപ്പം നിലകൊണ്ടത് മദ്‌റസ പ്രസ്ഥാനം ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അതോടെ മതവിദ്യാഭ്യാസരംഗത്ത് കേരളമൊട്ടാകെ ഒരു കൊടുങ്കാറ്റുതന്നെ ആഞ്ഞുവീശി. എന്നാൽ യാഥാസ്ഥിതിക പണ്ഡിതന്മാർ ഈ മാറ്റത്തിനെതിരെ ശക്തമായ പ്രചാരണങ്ങൾ അഴിച്ചുവിട്ടു. ബോർഡിൽ ക്വുർആൻ എഴുതുമ്പോൾ താഴെ വീഴുന്ന ചോക്കിൻപൊടി ചവിട്ടരുതെന്നും അത് ക്വുർആനിനെ നിന്ദിക്കലായതിനാൽ ചോക്കുകൊണ്ട് ബോർഡിൽ എഴുതുന്നത് നിഷിദ്ധമാണെന്നും അവർ മതവിധി പുറപ്പെടുവിച്ചു. മാത്രമല്ല, വാഴക്കാട് ദാറുൽ ഉലൂം മദ്‌റസയിലെ പാഠപുസ്തകങ്ങൾ ഇസ്‌ലാമിക വിരുദ്ധമാണെന്ന് പ്രചരിപ്പിക്കാനും അവർ ശ്രമിച്ചുകൊണ്ടിരുന്നു. മതപഠനത്തിനുവേണ്ടി മാറ്റിവെച്ച വക്വഫ് സ്വത്തുക്കളിൽനിന്ന് മദ്‌റസക്കായി ചെലവഴിക്കാൻ പാടില്ല എന്ന് ചില പണ്ഡിതവിധികൾ എഴുതിക്കൊണ്ടുവന്നു സ്ഥാപനാധികാരികളെ കാണിക്കുകയും അവരുടെ അടുക്കൽ ചെന്ന് നിരന്തരം ദുർബോധനങ്ങൾ നൽകുകയും ചെയ്തു. അതുവഴി മദ്‌റസാ പരിഷ്‌കരണത്തിനായുള്ള ചാലിലകത്തിന്റെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്താനുള്ള ശ്രമങ്ങളുമായി പൗരോഹിത്യം മുന്നോട്ടുപോയി.

‘നമ്മുടെ പൂർവപിതാക്കൾ ഇങ്ങനെയൊന്നുമല്ല പഠിച്ചിരുന്നത്, അവർ മേശയും കസാലയും ബോർഡും ഉപയോഗിച്ചിട്ടില്ല, ഇവയെല്ലാം ക്വിയാമത്തിന്റെ അലാമത്താണ്, അത്തരം മദ്‌റസകളുമായി സഹകരിക്കുന്നത് നമുക്ക് യോജിച്ചതല്ല...’ എന്നിങ്ങനെ പ്രസംഗിച്ച് മദ്‌റസ പ്രസ്ഥാനത്തെ തകർക്കുവാനുള്ള ശ്രമങ്ങളിൽ അവർ വ്യാപൃതരായി. യാഥാസ്ഥിതിക പണ്ഡിതനും ‘അരീക്കൽ ഓർ’ എന്ന് ആളുകൾ ബഹുമാനപൂർവം വിളിക്കുന്നയാളുമായ മുയിപ്പോത്ത് അരീക്കൽ അമ്മദ് മുസ്‌ലിയാർ മദ്‌റസക്കെതിരെ ഒരു അറബി മലയാള ഗാനം തന്നെ രചിക്കുകയുണ്ടായി. അതിലെ ചില വരികൾ ഇപ്രകാരമായിരുന്നു:

‘ഇബ്‌ലീസ് മദ്‌റസയിട്ടു ഫീ അർദില്ലാ
നാടാകെ ദീന് നടത്തി ലഅ്‌നതുല്ലാ
മീമുൻ ലി മദ്‌റസതിൻ വ മീമു ജഹന്നമീ...’

അല്ലാഹുവിന്റെ ഭൂമിയിൽ ഇബ്‌ലീസാണ് മദ്‌റസ സ്ഥാപിച്ചതെന്നും അത് അല്ലാഹുവിന്റെ ശാപത്തിന് കാരണമാണെന്നും മദ്‌റസ എന്ന പദത്തിലെ ആദ്യാക്ഷരമായ ‘മീം’ ജഹന്നം (നരകം) എന്ന വാക്കിലെ അവസാന അക്ഷരമാണെന്നും ഉദ്‌ഘോഷിച്ചുകൊണ്ട് മദ്‌റസകളെ പരിഹസിക്കുന്ന അരീക്കൽ അമ്മദ് മുസ്‌ലിയാരുടെ ഈ ഗാനം ആലപിച്ചുകൊണ്ട് പൗരോഹിത്യം മദ്‌റസകൾക്കെതിരെ ശക്തമായ പ്രചരണം അഴിച്ചുവിട്ടു. മദ്‌റസാപഠനം നരക പ്രവേശനത്തിന് കാരണമാകുമെന്ന് സമർഥിക്കാൻ ശ്രമിക്കുകയായിരുന്നു അവർ ഈ വരികളിലൂടെ ചെയ്തത്.

ഇത്തരം കള്ളപ്രചാരണങ്ങളെല്ലാം മദ്‌റസ മാനേജറായിരുന്ന അധികാരിയിൽ ചില മനംമാറ്റങ്ങളുണ്ടാക്കി. ഒരു ദിവസം മാനേജർ മൗലാനയെ സമീപിച്ച് മുസ്‌ലിയാക്കളുടെ ആവലാതികൾ ഉണർത്തി. അതിന് മൗലാന നൽകിയ മറുപടി ഇതായിരുന്നു: “വളരെ നിലയും വിലയുമുള്ള ആലിമുകളെ വരുത്തി അവരെക്കൊണ്ട് പാഠപുസ്തകങ്ങൾ പരിശോധിപ്പിക്കുകയും പഠിക്കുന്ന കുട്ടികളെ പരീക്ഷിക്കുകയും ചെയ്യാം. തെറ്റുണ്ടെങ്കിൽ നമുക്ക് ഈ സംരംഭം നിർത്താം. ഇല്ലെങ്കിൽ തുടരാം.’’ മാനേജർ സമ്മതിച്ചു. പ്രമുഖ മതവിദ്യാഭ്യാസ കേന്ദ്രമായിരുന്ന പൊന്നാനിയിലെ, പണ്ഡിത സമൂഹത്തെക്കൊണ്ട് ചാലിലകത്തിന്റെ പരിഷ്‌കാരങ്ങളെ പരിശോധിപ്പിച്ച് അംഗീകാരം വാങ്ങിക്കാൻ സ്ഥാപനത്തിന്റെ മാനേജർ തീരുമാനിച്ചു. പുതിയ മദ്‌റസയെക്കുറിച്ച് അന്വേഷിച്ച് പഠിക്കാൻ അന്നത്തെ പ്രഗത്ഭന്മാരായ പണ്ഡിതന്മാർ വാഴക്കാട്ടെത്തി. പൊന്നാനി മഖ്ദൂം ചെറിയബാവ മുസ്‌ലിയാർ, പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാർ, കട്ടിലശ്ശേരി ആലി മുസ്‌ലിയാർ, രായിൻ കുട്ടി മുസ്‌ലിയാർ തുടങ്ങിയവരായിരുന്നു പരിശോധനാസംഘത്തിലുണ്ടായിരുന്നത്. പരിശോധകർ മദ്‌റസയെക്കുറിച്ച് ആഴത്തിൽ പഠനം നടത്തി. കുട്ടികളെ പരിശോധിക്കുകയും സിലബസിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുകയും ചെയ്തു. പരിശോധനക്കു ശേഷം പാഠപുസ്തകത്തിലോ സിലബസിലോ കുഴപ്പമൊന്നുമില്ലെന്ന് അവർ സമൂഹത്തോട് തുറന്നു പറഞ്ഞു. പണ്ഡിതരുടെ ഈ പ്രഖ്യാപനം പൗരോഹിത്യത്തെ ചൊടിപ്പിച്ചു. അത് സമ്മതിച്ചു കൊടുക്കാൻ പൗരോഹിത്യത്തിന് സാധിച്ചില്ല.

തങ്ങളുടെ ശ്രമം പരാജയപ്പെട്ടപ്പോൾ വക്വഫ് സ്വത്തുക്കൾ മദ്‌റസകൾക്ക് ഉപയോഗപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല എന്ന പുതിയ വാദവുമായി അവർ മുന്നോട്ടു വന്നു. ഇക്കാര്യത്തിൽ പരിശോധകരും പണ്ഡിതരും അധികാരിയും തമ്മിൽ വീണ്ടും ചർച്ച നടന്നു. ഈ ചർച്ചയിൽ പങ്കെടുക്കാൻ ചാലിലകത്ത് വാഴക്കാട്ടുണ്ടായിരുന്നില്ല. പകരം തന്റെ ശിഷ്യൻമാരായ ഇ.കെ.മൗലവിയും കെ.എം.മൗലവി, പി.കെ.മൂസ മൗലവി, പി.എൻ മുഹമ്മദ് മൗലവി, ഇ.മൊയ്തു മൗലവി, സി.എ. അബ്ദുറഹ്‌മാൻ ഹാജി തുടങ്ങിയവരുമാണ് ചർച്ചയിൽ പങ്കെടുത്തത്. എന്നാൽ ആ ചർച്ചകളൊന്നും തന്നെ ഫലം കണ്ടില്ല. മദ്‌റസക്ക് വേണ്ടി വക്വഫ് സ്വത്ത് ഉപയോഗിക്കുന്നതിന്റെ കാര്യത്തിൽ തങ്ങൾ നടത്തിയ അവസാനവട്ട ചർച്ചയുടെ അനന്തരഫലം ആ ചർച്ചയിൽ പങ്കെടുത്ത ഇ.കെ.മൗലവി റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്:

“പ്രശസ്താതിഥികൾക്ക് അധികാരിയുടെ വസതിയായ മണ്ണിൽതൊടികയിൽ അന്ന് ഒരു സൽക്കാരം ഏർപ്പെടുത്തി. ശൈഖൂന അതിൽ സംബന്ധിച്ചിരുന്നില്ല. വിചിത്രമെന്നു പറയട്ടെ, അവിടെവെച്ച് സമുദായ നായകരായ ആ ആലിമുകൾ ഇപ്രകാരം അഭിപ്രായപ്പെട്ടു: ‘നാം മദ്‌റസക്കായി വലിയ സംഖ്യ ചെലവു ചെയ്യുന്നു. ആസ്ഥിതിക്കു തർക്കത്തിലിരിക്കുന്ന ഒരു സ്ഥാപനത്തിന് ചെലവു ചെയ്യുന്നതിനെക്കാൾ തർക്കമില്ലാത്ത വിഷയത്തിൽ ചെലവഴിക്കുന്നതല്ലേ നല്ലത്?’’(11)

മദ്‌റസക്കു പണം ചെലവഴിക്കുന്നതിൽ പൗരോഹിത്യം കാണിച്ച തീക്ഷ്ണമായ എതിർപ്പുകൾക്കൊടുവിൽ അധികാരിക്ക് കീഴടങ്ങേണ്ടി വന്നു. അതുവരെ അദ്ദേഹം ചാലിലകത്തിന് നൽകിയ പിന്തുണ പിൻവലിച്ചു. ഗത്യന്തരമില്ലാതെ 1914ൽ ചാലിലകത്തിന് ദാറുൽ ഉലൂമിനോട് വിടപറയേണ്ടി വന്നു. അദ്ദേഹത്തെ അനുകൂലിക്കുകയും ശക്തമായ പിന്തുണ നൽകുകയും ചെയ്ത വിദ്യാർഥികളെല്ലാം ദാറുൽ ഉലും വിട്ടപ്പോൾ ഇ.കെ. മൗലവിയും ആ സ്ഥാപനത്തോട് യാത്ര പറഞ്ഞു. 6 വർഷം മാത്രമാണ് ഇ.കെ മൗലവിക്ക് ചാലിലകത്തിനോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞത്. മദ്‌റസ പ്രസ്ഥാനം വിപുലീകരിക്കുന്നതിനുവേണ്ടി പല ശിഷ്യൻമാരെയും ചാലിലകത്ത് നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചിരുന്നു. വളപട്ടണത്ത് മൗലാനയുടെ പ്രതിനിധിയായി കെ.എം. മൗലവി സാഹിബിനെയും വടകരയിൽ പി.എൻ. മുഹമ്മദ് മൗലവിയെയും പുളിക്കൽ പി.പി. ഉണ്ണിമൊയ്തീൻ കുട്ടി മൗലവിയെയും കോട്ടുമ്മൽ സി.എ. അബ്ദുറഹ്‌മാൻ മൗലവിയെയുമാണ് നിശ്ചയിച്ചത്. നേരത്തെ മൗലാനയുടെ സമ്മത പ്രകാരം ഖുതുബി മുഹമ്മദ് മുസ്‌ല്യാർ പാനൂരിലും താമസമാക്കിയിരുന്നു. കുടുംബപരമായ ഉത്തരവാദിത്തമുള്ളതിനാൽ മറ്റെവിടെയും പോകാതെ ഇ.കെ.മൗലവി പാനൂരിൽതന്നെ താമസമാക്കുകയാണുണ്ടായത്. ഖുതുബി മുഹമ്മദ് മുസ്‌ലിയാരോടൊപ്പം ഇ.കെ.മൗലവി പാനൂർ ദർസിൽ പഠനം തുടർന്നു.


അവലംബം:

10. ചന്ദ്രിക ആഴ്ചപ്പതിപ്പ്, 1956 ഫെബ്രുവരി 4, ഉദ്ധരണം: അൽഇത്തിഹാദ്, 1955 ഏപ്രിൽ 1.

11. ഇ.കെ മൗലവി, കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനം, അൽമുർശിദ് മലയാള മാസിക, 1966 ഒക്‌ടോബർ.

(തുടരും)