കേരള ഇസ്‌ലാമിക് സെമിനാറും കേരള അറബി പ്രചാരസഭയും

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 ഡിസംബർ 21, 1446 ജു. ഉഖ്റാ 20

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 38)

കേരളത്തിലെ മുസ്‌ലിംകളെ ബൗദ്ധികമായി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച സംരംഭമായിരുന്നു 1963 മുതൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്ന ‘കേരള ഇസ്‌ലാമിക് സെമിനാറുകൾ.’ മുസ്‌ലിം നവോത്ഥാനരംഗത്ത് വലിയ സംഭാവനകളാണ് ഈ സെമിനാർ അർപ്പിച്ചിട്ടുള്ളത്. രാഷ്ട്രീയ, മത, കക്ഷി വിഭാഗീയതകൾക്കതീതമായി സമുദായത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ സമുദായ പുരോഗതിക്കായി ഒരേ വേദിയിൽ അണിനിരത്താൻ ഈ സംരംഭത്തിനു കഴിഞ്ഞു. സ്ത്രീപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു എല്ലാ സെമിനാറുകളും. മുസ്‌ലിം നവോത്ഥാന സംരംഭങ്ങളെ എതിർത്തിരുന്ന പലരും ഇസ്‌ലാമിക് സെമിനാറുകൾക്കെതിരെയും രംഗത്തു വന്നു. ‘സെമി നാർ,’ അഥവാ ‘പകുതി നരകം’ എന്നായിരുന്നു അന്ന് അവർ ഈ പരിപാടിയെ പരിഹസിച്ചത്.

കേരള ഇസ്‌ലാമിക് സെമിനാറിന്റെ സംഘാടനത്തിലും വിഷയാവതരണത്തിലും ഇ.കെ.മൗലവി നൽകിയ സംഭാവനകൾ വിസ്മരിക്കാവതല്ല. ടി.പി.കുട്ടിയാമു സാഹിബ്, കരുവള്ളി മുഹമ്മദ് മൗലവി, മജീദ് മരക്കാർ, പ്രഫ. സയ്യിദ് മുഹ്‌യിദ്ദീൻ ഷാ തുടങ്ങിയവരായിരുന്നു ഈ സെമിനാറുകളുടെ മുഖ്യ സംഘാടകർ. കാലിക പ്രസക്തവും മുസ്‌ലിം സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാനുതകുന്നതുമായ വിഷയങ്ങളാണ് ഈ സെമിനാറുകൾ ചർച്ച ചെയ്തത്. വിദ്യാഭ്യാസവും ഇസ്‌ലാമിക സംസ്‌കാരവും, മതവും സ്വഭാവ സംസ്‌കരണവും, മുസ്‌ലിം സമുദായവും സ്വഭാവ സംസ്‌കരണവും, മാപ്പിള സാഹിത്യ ചരിത്രം, മലയാള സാഹിത്യവും മുസ്‌ലിംകളും, അറബി-ഉർദു ഭാഷകളുടെ ഭാവി, മുസ്‌ലിംകളും സാമൂഹിക വികസനവും, ആധുനിക വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സാമൂഹിക വികസനം, സാമൂഹിക വികസനത്തിൽ അനാഥകളുടെ പങ്ക്, സമുദായ സേവനത്തിൽ യുവജന പ്രസ്ഥാനങ്ങളുടെ പങ്ക്, ഇന്ത്യൻ മുസ്‌ലിംകളും ശരീഅത്ത് വ്യവസ്ഥകളും, വ്യവസായ പരിശീലനവും മുസ്‌ലിം യുവാക്കളും, മുസ്‌ലിം സ്ത്രീകളും തൊഴിൽ തുറകളും, നമ്മുടെ ഖത്വീബുമാരും ഇമാമുകളും, സമുദായോദ്ധാരണത്തിൽ പള്ളികൾക്കുള്ള പങ്ക്, ഇസ്‌ലാമും ആധുനിക ലോകവും, കേരളത്തിലെ വഖ്ഫ്, മുസ്‌ലിം പിന്നാക്ക പ്രദേശങ്ങളുടെ വളർച്ചയും വികാസവും, മത-ഭൗതിക വിദ്യാഭ്യാസ സമന്വയം തുടങ്ങിയ; സമുദായ മുന്നേറ്റത്തിനുതകുന്ന വൈവിധ്യങ്ങളായ വിഷയങ്ങൾ ഈ സെമിനാറുകളിൽ ചർച്ച ചെയ്തിരുന്നു.

കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനത്തിന് സാക്ഷ്യം വഹിച്ച ആലുവയിലാണ് ആദ്യത്തെ സെമിനാർ നടന്നത്. ആലുവക്ക് ശേഷം, കോഴിക്കോട്, എറണാകുളം, തലശ്ശേരി, ആലപ്പുഴ എന്നിവിടങ്ങളിൽ സെമിനാർ നടക്കുകയുണ്ടായി. ഓരോ സെമിനാറിനുശേഷവും, ‘സെമിനാർ റിവ്യൂ’ പ്രസിദ്ധീകരിച്ചിരുന്നു. ഒരു സെമിനാറിലെ പ്രബന്ധങ്ങളും പ്രസംഗങ്ങളും മറ്റു ചർച്ചകളും അവലോകനങ്ങളും എല്ലാം ഉൾപ്പെടുത്തിയതായിരുന്നു ‘റിവ്യൂ’കൾ. ആ റിവ്യൂകൾ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക-സാമൂഹിക മുന്നേറ്റത്തിന്റെ വലിയ രേഖയാണ്.

1964 മെയ് 14,15,16,17 തീയതികളിൽ കോഴിക്കോട് ഹിമായത്തുൽ ഇസ്‌ലാം സഭയുടെ ഹാളിൽ വെച്ചായിരുന്നു രണ്ടാമത്തെ സെമിനാർ നടന്നത്. ഇ.കെ മൗലവി സെമിനാറിലെ വിഷയാവതാരകനായിരുന്നു. അദ്ദേഹത്തിനു പുറമെ സി.ഒ.ടി കുഞ്ഞിപ്പക്കി സാഹിബ്, മന്ത്രി പി.പി ഉമർകോയ, വലിയ ഖാദി ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ, ഉമർ ബാഫഖി തങ്ങൾ, ടി.പി കുട്ടിയമ്മു സാഹിബ്, സി.എച്ച് മുഹമ്മദ് കോയ തുടങ്ങി പലരും ഈ സെമിനാറിൽ പ്രസംഗിച്ചിരുന്നു. സെമിനാറിനോടനുബന്ധിച്ച് നടന്ന മതവിദ്യാഭ്യാസ സെമിനാർ ഇ.കെ മൗലവിയുടെ അധ്യക്ഷതയിൽ വലിയ ഖാദി ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. വലിയ ഖാദി പങ്കെടുത്തുവെങ്കിലും യാഥാസ്ഥിതികരിൽ വലിയൊരു വിഭാഗം ഈ സെമിനാറുകളെ എതിർക്കുകയാണുണ്ടായത്.

പിന്നീട് 1965 മെയ് 7, 8, 9 തീയതികളിൽ എറണാകുളത്തും 1966 ഏപ്രിൽ 28, മെയ് 1 തീയതികളിൽ തലശ്ശേരിയിലും 1967 മെയ് 18,19,20,21 തീയതികളിൽ ആലപ്പുഴ മുഹമ്മദൻ ഹൈസ്‌കൂളിലും സെമിനാർ നടന്നു. ആലപ്പുഴയിൽ നടന്ന അഞ്ചാമത്തെ സെമിനാറിനോടനുബന്ധിച്ച് ഒരു വനിതാ സെമിനാറു കൂടി സംഘടിപ്പിക്കപ്പെട്ടിരുന്നു. ഈ സെമിനാറോടു കൂടി കേരള ഇസ്‌ലാമിക് സെമിനാറിനു തിരശ്ശീല വീണു. ആറാമത്തെ സെമിനാർ പാലക്കാട്ടുവെച്ച് നടത്താൻ തീരുമാനിച്ചുവെങ്കിലും അത് നടക്കാതെ പോകുകയായിരുന്നു.(95)

അറബി ഭാഷയെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്ന പണ്ഡിതനായിരുന്നു ഇ.കെ. മൗലവി. അറബി ഭാഷയിലും നന്നായി പ്രസംഗിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പഴയ കൊച്ചി സ്റ്റേറ്റിലെ ദിവാൻജിയായിരുന്ന ശ്രീ. വിജയരാഘവാചാരിക്ക് അഴീക്കോട്ടുവെച്ചു നൽകിയ സ്വീകരണത്തിൽ ഇ.കെ.മൗലവി അറബി ഭാഷയിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് നാം പരാമർശിക്കുകയുണ്ടായല്ലോ. മൗലവി സാഹിബിന് അറബി ഭാഷയോടുള്ള സ്‌നേഹമാണ് ഇത് കാണിക്കുന്നത്. അറബി ഭാഷയുടെ പ്രചാരണത്തിനായുള്ള ഇ.കെ.മൗലവിയുടെ ശ്രമങ്ങൾ പ്രത്യേകം ഓർമിക്കേണ്ടതാണ്.

അറബിയിൽ ഒരു മാസിക പ്രസിദ്ധീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ പലരും കൂടിയാലോചിക്കുകയും ചിന്തിക്കുകയും ആ വിവരം എം.സി.സി. അബ്ദുർറഹ്‌മാൻ മൗലവിയോട് പറയുകയും ചെയ്യുകയുണ്ടായി. മാസിക നടത്തുന്നതിന്നല്ല ധൃതിപ്പെടേണ്ടതെന്നും ആദ്യം വേണ്ടത് അറബി ഭാഷയുടെ പ്രചാരണത്തിനായി ഒരു സംഘടനയുണ്ടാക്കുകയാണ് വേണ്ടതെന്നും എം.സി.സി.നിർദേശിച്ചു. പ്രസ്തുത ആവശ്യത്തിനായി എം.സി.സി. അബ്ദുർറഹ്‌മാൻ മൗലവി അധ്യക്ഷനായി ഒരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. അഡ്‌ഹോക്ക് കമ്മിറ്റി ചേരുന്നതിനു മുമ്പ് കോഴിക്കോട് പട്ടാളപ്പള്ളിയിൽവെച്ച് ഒരു അനൗദ്യോഗിക യോഗം ചേരുകയുണ്ടായി. യോഗത്തിൽ പല അഭിപ്രായങ്ങളും ഉന്നയിക്കപ്പെട്ടുവെങ്കിലും അവസാനം പ്രസിഡന്റിന്റെ നിർദേശം എല്ലാവരും സ്വീകരിക്കുകയാണുണ്ടായത്. അറബി അറിയുന്നവരെയെല്ലാം സംഘടിപ്പിക്കുകയെന്നതല്ല ആവശ്യം; അന്ധവിശ്വാസങ്ങളിൽനിന്നും പിഴച്ച പുത്തൻ ആചാരങ്ങളിൽനിന്നും രക്ഷപ്പെട്ടു ക്വുർആനും സുന്നത്തും പിൻപറ്റി സലഫിന്റെ വഴിയനുസരിക്കുന്ന ഒരു സംഘമാണ് ആവശ്യമെന്ന് അദ്ദേഹം നിർദേശിക്കുകയുണ്ടായി.

അഡ്‌ഹോക് കമ്മിറ്റിയുടെ ആദ്യയോഗം കോഴിക്കോട് ടൗൺഹാളിലാണ് വിളിച്ചുചേർത്തത്. ഇ.കെ.മൗലവിയായിരുന്നു അധ്യക്ഷൻ. ടൗൺഹാളിൽ യോഗം ചേർന്നപ്പോൾ ഈ ആദർശത്തിൽനിന്നു സംഘത്തെ വ്യതിചലിപ്പിക്കുവാനുള്ള പല ശ്രമങ്ങളും യോഗത്തിൽ പങ്കെടുത്ത പുത്തൻ കൂറ്റുകാർ നടത്തിയെങ്കിലും യോഗത്തിൽ ആധ്യക്ഷ്യം വഹിച്ച ഇ.കെ മൗലവിയുടെ നയതന്ത്രം കാരണം അഡ്‌ഹോക്ക് കമ്മിറ്റി നിശ്ചയിച്ച പ്രകാരം ജ. എം.സി.സി അബ്ദുർറഹ്‌മാൻ മൗലവിയുടെ നേതൃത്വത്തിൽ ‘കേരള അറബി പ്രചാരസഭ’ എന്ന പേരിൽ സംഘം രൂപീകരിക്കപ്പെടുകയുണ്ടായി. ഈ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് ഇ.കെ.മൗലവി നിർലോഭം സഹകരണം നൽകിയിരുന്നു.

1924ൽ രൂപീകരിക്കപ്പെട്ട കേരള ജംഇയ്യത്തുൽ ഉലമായുടെ കീഴിൽ ഫത്‌വ കൊടുക്കുവാൻ തക്കവണ്ണം ക്വുർആനിലും സുന്നത്തിലും ഇസ്‌ലാമിക സംസ്‌കാരത്തിലും അറബി സാഹിത്യത്തിലും പ്രാപ്തി നേടിയ ഒട്ടേറെ മഹാപണ്ഡിതന്മാർ പ്രവർത്തിച്ചിരുന്നു. അത്രതന്നെ ഉയർന്നവരോ കഴിവുള്ളവരോ ആയിരുന്നില്ലെങ്കിലും ക്വുർആനും സുന്നത്തും അറബി സാഹിത്യവും ഗ്രഹിക്കുകയും അതിനനുസരിച്ച് ജീവിക്കുവാൻ തയ്യാറായിരിക്കുകയും ചെയ്യുന്ന രണ്ടാംകിടക്കാരെ സംഘടിപ്പിക്കുക എന്നതായിരുന്നു ‘കേരള അറബി പ്രചാരസഭ’യുടെ രൂപീകരണ ലക്ഷ്യം. ഒന്നാം കിടക്കാർക്കും ഇതിൽ ചേരാവുന്നതാണ്. കേരള അറബി പ്രചാരസഭക്കുവേണ്ടി പ്രത്യേകം നിയമാവലി എഴുതി തയ്യാറാക്കുകയും അത് ആ കമ്മിറ്റി അംഗീകരിക്കുകയും അതനുസരിച്ചു മെമ്പർമാരെ ചേർക്കുവാൻ ആരംഭിക്കുകയും ചെയ്തിരുന്നു. സംഘത്തിന്റെ പേര് ‘അറബി പ്രചാരസഭ’ എന്നാണെങ്കിലും അറബി അറിയുന്ന എല്ലാവരെയും ചേർക്കുവാൻ വേണ്ടിയായിരുന്നില്ല അതു സ്ഥാപിച്ചത്.

അറബിഭാഷാ പ്രചാരണത്തിന്നും ഇസ്‌ലാമിക പ്രചാരണത്തിന്നുമുള്ള വഴി ആസൂത്രണം ചെയ്യുവാനും നിയമ കരട് രൂപീകരിക്കുവാനും വേണ്ടി പ്രസ്തുത കമ്മിറ്റിയുടെയും ജനറൽ ബോഡിയുടെയും യോഗങ്ങൾ അരീക്കോടും പുളിക്കലും തിരൂരങ്ങാടിയിലുമായി ചേർന്നെങ്കിലും, അബ്ദുറഹ്‌മാൻ മൗലവിയുടെ മരണത്തോടുകൂടി അതിന്റെ പ്രവർത്തനം നിലക്കുകയാണുണ്ടായത്.


അവലംബം:

95. എന്റെ ജീവിതം-കരുവള്ളി മുഹമ്മദ് മൗലവിയുമായുള്ള അഭിമുഖം, സദ്‌റുദ്ദീൻ വാഴക്കാട്, പ്രബോധനം വാരിക.