ഇബ്‌നു ശിഹാബ് അസ്സുഹ്‌രി
അബ്ദുൽ ജബ്ബാർ അബ്ദുല്ല
2024 ജൂൺ 15, 1445 ദുൽഹിജ്ജ 08

മുഹമ്മദ് ഇബ്‌നു മുസ്‌ലിം ഇബ്‌നു ഉബൈദില്ല എന്ന് പൂർണനാമം. ഹിജ്‌റാബ്ദം അമ്പതിൽ ജനിച്ചു. അബൂബക്ർ എന്നു വിളിപ്പേര്. തിരുനബിﷺയുടെ മാതാവ് മാർഗേണയുള്ള പ്രപിതാവ് സുഹ്‌റ ഇബ്‌നു കിലാബിലേക്ക് ചേർത്താണ് അദ്ദേഹം സുഹ്‌രി എന്ന് വിളിക്കപ്പെടുന്നത്. ക്വുറൈശികളിലെ ബനൂസഹ്‌റാ ഗോത്രക്കാരൻ.
കിലാബ് ഇബ്‌നുമുർറയിൽ തിരുനബിﷺയുടെ പിതൃപരമ്പരയുമായി അദ്ദേഹത്തിന്റെ പിതൃപരമ്പര കണ്ണിചേരുന്നു. മാതാവിന്റെ പേര് ആഇശ ബിൻത് അബ്ദില്ലാഹ്. ബനൂദഅ്ൽ ഗോത്രക്കാരിയാണവർ.
കുറിയ ആകാരവും നീണ്ട താടിയുമുള്ളയാളായിരുന്നു. തലമുടിയും താടിയും നിറം മാറ്റിയതിനാൽ ചുമന്നു മങ്ങിയ നിറത്തിൽ അദ്ദേഹം കാണപ്പെട്ടിരുന്നു. കാഴ്ചക്കുറവും കോങ്കണ്ണുമുള്ള വ്യക്തിയായിരുന്നു. ചുമൽവരെ നീളമുള്ള തലമുടിയായിരുന്നു അദ്ദേഹത്തിന്.
ദരിദ്രനായി, കടബാധ്യതയുള്ളവനായാണ് വിശുദ്ധ മദീനയിൽ അദ്ദേഹം വളർന്നത്. കടം വീട്ടാനും ദാരിദ്ര്യത്തിൽനിന്ന് കരകയറാനും വകുപ്പ് കാണാനാവാതെ വന്നപ്പോൾ അദ്ദേഹം ശാമിലേക്ക് യാത്രയായി. ഖലീഫ അബ്ദുൽ മലികിനെ കാണുകയും അദ്ദേഹത്തിന്റെ കടം വീട്ടാൻ ഖലീഫ സഹായിക്കുകയും അങ്ങനെ ആശ്വാസിതനായി അദ്ദേഹം മദീനയിലേക്ക് മടങ്ങുകയും ചെയ്തു. മരിക്കുന്നതുവരെ മദീന, ശാം നാടുകൾക്കിടയിൽ അദ്ദേഹം തന്റെ യാത്ര തുടർന്നിരുന്നു.
ശാരീരികമായ വൈകല്യവും സാമ്പത്തിക പരാധീനതയും ഉണ്ടായിരുന്നുവെങ്കിലും വൈജ്ഞാനികമായ തികവും ധാർമികമായ മികവും അദ്ദേഹത്തെ മഹാനുഭാവനാക്കി. വിശുദ്ധ മദീനയിലായിരുന്നു വളർച്ചയും പഠനവും. പത്തിലേറെ സ്വഹാബികളെ കണ്ടെത്തി അവരിൽനിന്ന് അറിവും അനുഭവങ്ങളും നേടി. മദീനക്കാരിലെ ഏറ്റവും വലിയ പണ്ഡിതനും ജ്ഞാനസാഗരവുമായി അദ്ദേഹം വിശ്രുതനായി.
ഇബ്‌റാഹീം ഇബ്‌നുസഅ്ദ്(റഹ്) പറയുന്നു; “ഞാൻ എന്റെ പിതാവിനോട് ചോദിച്ചു: ‘എങ്ങനെയാണ് നിങ്ങളെക്കാളെല്ലാം സുഹ്‌രി മികച്ചതായത്?’ അദ്ദേഹം പറഞ്ഞു: ‘സുഹ്‌രി വിജ്ഞാന സദസ്സുകളിലേക്ക് മുന്നിലൂടെയായിരുന്നു വന്നിരുന്നത്; പിന്നിലൂടെയായിരുന്നില്ല. സദസ്സിൽ ഒരു യുവാവിനെയും വിട്ടേച്ചില്ല; വിജ്ഞാനം ചോദിക്കാതെ. ഒരു മധ്യവയസ്‌കനെയും വിട്ടേച്ചില്ല; വിജ്ഞാനം ചോദിക്കാതെ. ഒരു ചെറുപ്രായക്കാരനെയും വിട്ടേച്ചില്ല; വിജ്ഞാനം ചോദിക്കാതെ...’
എൺപത് ദിവസം കൊണ്ട് വിശുദ്ധ ക്വുർആൻ മനഃപാഠമാക്കി അത്ഭുതം സൃഷ്ടിച്ച മഹാനാണ് ഇമാം സുഹ്‌രി(റഹ്). അദ്ദേഹം പറയുന്നു: ‘ഞങ്ങളോട് ഉമർ ഇബ്‌നു അബ്ദിൽ അസീസ് സുന്നത്തുകൾ ശേഖരിക്കുവാൻ കൽപിച്ചു. അങ്ങനെ ഞങ്ങൾ ദഫ്തറുകളായി (നോട്ടുകളായി) എഴുതുകയും അദ്ദേഹത്തിന് അധികാരമുള്ള നാടുകളിലേക്ക് ഓരോ ദഫ്തർ അയച്ചുകൊടുക്കുകയും ചെയ്തു.’
ഉമ്മുൽ മുഅ്മിനീൻ ആഇശ(റ)യുടെ മടിത്തട്ടിൽ വളർന്ന അംറ ബിൻത് അബ്ദിർറഹ്‌മാനിൽനിന്നാണ് സുഹ്‌രി(റഹ്) ജ്ഞാനം അഭ്യസിച്ചത്. ജ്ഞാനപാത്രം എന്ന് വിശേഷിപ്പിക്കപ്പെട്ട അംറ(റ)യെ സമീപിച്ചപ്പോൾ സുഹ്‌രി അവരെ വറ്റാത്ത ജ്ഞാനസാഗരമായിട്ടാണ് കണ്ടെത്തിയത്.
ഇബ്‌നുകസീർ(റഹ്) പറഞ്ഞു: “സഈദ് ഇബ്‌നുൽ മുസയ്യിബി(റഹ്)നോട് കാൽമുട്ട് കാൽമുട്ടിൽതൊട്ട് സുഹ്‌രി എട്ടുവർഷമിരുന്നു. ഉബൈദുല്ലാഹ് ഇബ്‌നിഅബ്ദില്ല(റഹ്)ക്ക് ഉപ്പുവെള്ളം നൽകി സേവനനിരതനായിരുന്നു. ഏടുകൾ കയ്യിലേന്തി ഹദീസ് പണ്ഡിതന്മാരെ ചുറ്റിസഞ്ചരിക്കുകയും അവരിൽനിന്ന് ഹദീസുകളും കേൾക്കുന്ന വിജ്ഞാനങ്ങളുമെല്ലാം എഴുതുകയും ചെയ്തു. അങ്ങനെ അദ്ദേഹം ജനങ്ങളിൽ ഏറ്റവും വലിയ പണ്ഡിതനായി...’’
ഒരിക്കൽ ഇമാം മക്ഹൂലി(റഹ്)നോട് ചോദിക്കപ്പെട്ടു: ‘താങ്കൾ കണ്ട ഏറ്റവും വലിയ പണ്ഡിതൻ ആരാണ്?’ മക്ഹുൽ പറഞ്ഞു: ‘ഇബ്‌നു ശിഹാബ്!’ ‘പിന്നീട് ആരാണ്?’ മക്ഹുൽ പറഞ്ഞു: ‘ഇബ്‌നുശിഹാബ്!’ ‘പിന്നീട് ആരാണ്?’ മക്ഹൂൽ പറഞ്ഞു: ‘ഇബ്‌നുശിഹാബ്!’
ഹദീസുകൾക്ക് ആദ്യമായി സനദ് (നിവേദനശൃംഖല) നിശ്ചയിച്ചത് ഇബ്‌നുശിഹാബാണെന്ന് ഇമാം മാലികും, സുഹ്‌രിയോളം ഹദീസിനെ വ്യക്തമായി അവതരിപ്പിക്കുന്ന ആരെയും ഞാൻ കണ്ടിട്ടില്ലെന്ന് സുഫ്‌യാൻ ഇബ്‌നു ഉയയ്‌നയും, സുഹ്‌രിയോളം ഹദീസിനെ അറിയുന്ന ആരെയും തനിക്കറിയില്ലെന്ന് മക്ഹൂലുശ്ശാമിയും, സുഹ്‌രിയോളം അറിവുള്ള ആരെയും തനിക്കറിയില്ലെന്ന് അയ്യൂബുസ്സഖ്തിയാനിയും, മദീനയിലെ താബിഈങ്ങളിൽ പ്രമുഖനും ഫിക്വ്ഹ്-ഹദീസ് പണ്ഡിതരിൽ ഒരാളുമായിരുന്നെന്ന് ഇബ്നുഖല്ലികാനും, പ്രമുഖരിലൊരാളും ആ കാലത്തിന്റെ ഹാഫിദുമെന്ന് ദഹബിയും, പ്രമുഖരായ ഇമാമുമാരിലൊരാളും ശാമിന്റെയും ഹിജാസിന്റെയും പണ്ഡിതനുമെന്ന് ഇബ്‌നു ഹജറും സാക്ഷ്യപ്പെടുത്തുന്നു.
സാഹിത്യവും സ്ഫുടഭാഷയും കടാക്ഷിക്കപ്പെട്ട പണ്ഡിതനായിരുന്നു ഇബ്‌നുശിഹാബുസ്സുഹ്‌രി(റഹ്). അഹ്‌മദ് ഇബ്‌നു സ്വാലിഹ് നിവേദനം: ‘ആ കാലത്തിന്റെ സാഹിത്യകാരന്മാരും സ്ഫുടഭാഷികളുമായിരുന്നു സുഹ്‌രിയും ഉമർ ഇബ്‌നുഅബ്ദിൽ അസീസും മൂസാ ഇബ്‌നുത്വൽഹയും.’
അറിവും അറിവനുസരിച്ചുള്ള കർമങ്ങളും സുഹ്‌രിയുടെ പ്രത്യേകതയായിരുന്നു. അബൂബജല പറയുന്നു: “ഞാൻ സുഹ്‌രിയോടൊപ്പം യാത്രയിലായിരുന്നു. അദ്ദേഹം ആശുറാഅ് നോമ്പെടുത്തിരുന്നു. ഞാൻ ചോദിച്ചു: ‘നിങ്ങൾ എന്തിനാണ് നോമ്പെടുക്കുന്നത്, റമദാനിൽ യാത്രയിൽ താങ്കൾ നോമ്പെടുക്കാറില്ലല്ലോ.’ ‘റമദാനിൽ നഷ്ടമായ നോമ്പുകൾ മറ്റു മാസങ്ങളിൽ എണ്ണം തികയ്ക്കാം, എ ന്നാൽ ആശൂറാഅ് നഷ്ടമായാൽ അത് ലഭിക്കുകയില്ല’ എന്ന് സുഹ്‌രി പ്രതികരിച്ചു.
അറിവ് പകർന്നുള്ള ഔദാര്യം മാത്രമല്ല; സാമ്പത്തികമായ സഹായവും സുഹ്‌രിയുടെ പ്രത്യേകതയാ യിരുന്നു. ചോദിച്ചുവരുന്നവർക്കെല്ലാം കയ്യിലുള്ളത് നൽകുമായിരുന്നു. കയ്യിലില്ലെങ്കിൽ കടം വാങ്ങി നൽകുമായിരുന്നു.
ഒരിക്കൽ അദ്ദേഹം ഒരു ഗ്രാമത്തിൽ ചെന്നു. ഗ്രാമവാസികൾ അദ്ദേഹത്തോട് സങ്കടപ്പെട്ടു: ‘ഇവിടെ സേവനത്തിന് ആരുമില്ലാത്ത പതിനെട്ട് വൃദ്ധ സ്ത്രീകളുണ്ട്.’ ഉടൻ ഇമാം പതിനെട്ടായിരം ദിർഹം കടം വാങ്ങി ആയിരം വീതം ചെലവഴിച്ച് ഓരോ വൃദ്ധയുടെയും സേവനത്തിന് ഓരോ ഭൃത്യരെ നിയമിച്ചു.
സുഹ്‌രിയുടെ ദാനശീലവും ഔദാര്യവായ്പും എങ്ങും വിശ്രുതമായിരുന്നു. ആദർശത്തിന്റെയും വിശ്വാസത്തിന്റെയും വിഷയത്തിൽ കണിശ നിലപാടുകാരനായിരുന്നു അദ്ദേഹം. ‘മുഅ്മിനായിരിക്കെ ഒരു വ്യഭിചാരി വ്യഭിചരിക്കുകയില്ല’ എന്ന ആശയമുള്ള ഹദീസ് അദ്ദേഹം പറഞ്ഞപ്പോൾ ചോദിക്കപ്പെട്ടു: ‘അത് എന്താണ്?’ ‘അല്ലാഹുവിൽനിന്നാണ് വചനം. എത്തിക്കൽ റസൂലിന്മേൽ ബാധ്യതയാണ്. സമർപ്പണം നമ്മുടെമേലും ബാധ്യതയാകുന്നു. അല്ലാഹുവിന്റെ ദൂതരുടെ ഹദീസ് വന്നതുപോലെ നടപ്പിലാക്കൂ’ എന്ന് അദ്ദേഹം പ്രതികരിച്ചു.
ഹദീസുകളുടെ വിഷയത്തിൽ മാത്രമല്ല അല്ലാഹുവിന്റെ സ്വിഫാതു(വിശേഷണങ്ങൾ)കളുടെ വിഷയത്തിലും ‘അവ വന്നതുപോലെ അവ നടപ്പിലാക്കൂ; അഥവാ വ്യാഖ്യാനിക്കാതെ, രൂപസാദൃശ്യം നൽകാതെ, കോലപ്പെടുത്താതെ, മാറ്റം വരുത്താതെ, ഉപമിക്കാതെ വിശ്വസിക്കൂ’ എന്ന് അദ്ദേഹം പറയുമായിരുന്നു.
‘ക്വദ്‌റിലുള്ള വിശ്വാസം തൗഹീദിന്റെ വ്യവസ്ഥയിൽ പെട്ടതാകുന്നു. തൗഹീദ് ഉൾകൊള്ളുകയും ക്വദ്‌റിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവന്റെ ക്വദ്‌റിലുള്ള അവിശ്വാസം അവന്റെ തൗഹീദിനെ ദുർബലപ്പെടു ത്തിയിരിക്കുന്നു,’ ‘സുന്നത്ത് മുറുകെ പിടിക്കൽ രക്ഷാമാർഗമാണ്’ തുടങ്ങി ഇമാം സുഹ്‌രിയുടെ പ്രസിദ്ധമായ ആദർശമൊഴികൾ ധാരാളമാണ്.
കർമപരമായ വിഷയങ്ങളിലും ധാരാളം മസ്അലകളും വിധികളും അദ്ദേഹം നിവേദനം ചെയ്തിട്ടുണ്ട്. സഅദ് ഇബ്‌നുഅബീവക്വാസും(റ) അബ്ദുല്ലാഹ് ഇബ്‌നു ഉമറും(റ) നോമ്പുകാരായിരിക്കെ കൊമ്പുവെച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഇമാം മാലിക് പറയുന്നു: “ജനാസ നമസ്‌കരിക്കുന്ന ഒരു വ്യക്തിക്ക് ചില തക്ബീറുകൾ ലഭിക്കുന്നു, ചിലത് നഷ്ടപ്പെടുന്നു. ഈ വിഷയം ഞാൻ ഇബ്‌നു ശിഹാബുസ്സുഹ്‌രിയോട് ചോദിച്ചു. നഷ്ടപ്പെട്ടത് നിർവഹിച്ചു വീട്ടട്ടെ എന്ന് അദ്ദേഹം പ്രതികരിച്ചു.’’
നബിചരിത്രത്തിൽ അവലംബയോഗ്യനായ നിവേദകനാണ് സുഹ്‌രി; വിശിഷ്യാ യുദ്ധങ്ങളുമായി ബന്ധപ്പെട്ട ചരിത്രങ്ങളിൽ. അനസ് ഇബ്‌നുമാലിക്(റ) പോലുള്ള പ്രഗത്ഭമതികളിൽനിന്ന് കേൾക്കുകയും ധാരാളം ശിഷ്യന്മാരിലൂടെ പിൽക്കാലത്തേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്ത സവിശേഷത അദ്ദേഹത്തിന്റെ ‘മഗാസി’ എന്ന പേരിലറിയപ്പെടുന്ന പ്രസ്തുത ചരിത്രങ്ങൾക്കുണ്ട്. വിശുദ്ധ വചനങ്ങളെ ഉദ്ധരിച്ചും സനദുകൾ നൽകിയും ഒരേ ചരിത്രത്തിലുള്ള വിവിധ നിവേദനങ്ങളെ ക്രോഡീകരിച്ചും ഇസ്‌റാഈലീ ഇതിഹാസങ്ങളെ അവഗണിച്ചും സംഭവങ്ങൾക്ക് പലപ്പോഴും തീയതികുറിച്ചും സംഭവങ്ങളുടെ കാലക്രമം രചനയിൽ പരിഗണിച്ചും സുഹ്‌രി തന്റെ മഗാസി ക്രോഡീകരണത്തെ വ്യതിരിക്തവും സവിശേഷവുമാക്കി.
പിൽക്കാലത്ത് അദ്ദേഹം ശാമിൽ സ്ഥിരതാമസമാക്കി. ഹിജ്‌റാബ്ദം 124ൽ തന്റെ 74-ാലാമത്തെ വയസ്സിൽ അദ്ദേഹം മരണത്തിന് കീഴടങ്ങി. ഫലസ്തീനിലെ ‘അദാമാ’ എന്ന സ്ഥലത്ത് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.
ഇമാം സുഹ്‌രി(റഹ്) തന്റെ സംസാരം അവസാനിപ്പിച്ചിരുന്നത് അർഥഗർഭമായ ഈ ദുആ കൊണ്ടായിരുന്നു: “അല്ലാഹുവേ, നിന്റെ അറിവ് ഉൾകൊണ്ട ഇഹപര നന്മകളെല്ലാം ഞാൻ നിന്നോട് തേടുന്നു. നിന്റെ അറിവിൽപെട്ട ഇഹപര തിന്മകളിൽനിന്നെല്ലാം ഞാൻ നിന്നോട് രക്ഷതേടുന്നു.’’

