പത്താം വാർഷിക സമ്മേളനവും കാർഷിക പ്രദർശനവും

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 ജൂലായ് 30, 1446 മുഹർറം 14

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 19)

പത്താം വാർഷികസമ്മേളനം

കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പത്താം വാർഷിക സമ്മേളനം 1932ൽ അതിന്റെ ജന്മദേശമായ ഏറിയാടുവച്ച് തന്നെയാണ് സംഘടിപ്പിക്കപ്പെട്ടത്. പ്രബോധനരംഗത്ത് കഴിഞ്ഞ പതിനൊന്ന് വർഷക്കാലം വിശ്രമമില്ലാതെ പണിയെടുക്കുകയും ഓരോ വാർഷികസമ്മേളനങ്ങളും വിജയിപ്പിക്കുന്നതിൽ അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്ത ഇ.കെ.മൗലവി ഈ സമ്മേളനം നടക്കുമ്പോൾ അനുഭവിച്ച വികാരത്തെക്കുറിച്ച് വിശദീകരിച്ചത് മക്കാവിജയത്തിന്റെ പ്രതീതി എന്നായിരുന്നു. ഇ.കെ.മൗലവി സമ്മേളനത്തെ വിശദികരിക്കുന്നത് കാണുക:

“ഈ 11 കൊല്ലങ്ങൾക്കിടയിൽ അവിടെ സംഘത്തിന് ഉണ്ടായിരുന്ന വിരോധികളെല്ലാം അനുകൂലികളായി മാറിക്കഴിഞ്ഞിരുന്നു. തന്മൂലം വഴക്കും വക്കാണവും കൂടാതെ ഒരു തെളിഞ്ഞ അന്തരീക്ഷത്തിൽ അതു ഭംഗിയായി കൊണ്ടാടപ്പെട്ടു. ഈ യോഗത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് ആജീവനാന്തം മാപ്പിള സമുദായത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചുവന്ന അഡ്വ. ബി പോക്കർ സാഹിബായിരുന്നു.

ഈ വാർഷിക യോഗത്തോടനുബന്ധിച്ച് ഒരു കാർഷിക പ്രദർശനവും നടത്തപ്പെടുകയുണ്ടായി. ചുരുക്കത്തിൽ മക്കാവിജയത്തിന്റെ പ്രതീതിയാണ് അവിടെ ദൃശ്യമായത്. പരിശീലനം സിദ്ധിച്ച നൂറുകണക്കിനുള്ള വോളന്റിയർമാർ എന്തും ചെയ്യാൻ സന്നദ്ധരായി കാണപ്പെട്ടു. കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നു വന്നുചേരുന്ന ജനക്കൂട്ടത്തെ യഥോചിതം സ്വീകരിക്കുന്നതിനുവേണ്ടി വോളന്റിയർ സേന തയ്യാറെടുത്തു കാത്തുനിൽക്കുകയാണ്.

ഒന്നാമത്തെ പരിപാടി കാവിൽ കടത്തുകടവിൽവെച്ച് അധ്യക്ഷനെ സ്വീകരിക്കുക എന്നതായിരുന്നു. ഏതാനും പ്രവർത്തകരും വോളന്റിയർമാരും 10 മണിക്കുതന്നെ കാവിൽ കടവിലേക്കു പോയി. സ്ഥലത്തുള്ളവർ അധ്യക്ഷന്റെ വരവും കാത്തുനിൽക്കുകയാണ്. അതിനിടയ്ക്ക് ആരോ ചിലർ വന്ന് ഇങ്ങനെ പറഞ്ഞു: ‘അതാ വടക്കു ഭാഗത്തുള്ള റോഡിൽകൂടി കണ്ണൂർ തൊപ്പി ധരിച്ച ഒരു ചെറിയ മനുഷ്യൻ വരുന്നു.’ കാത്തുനിൽക്കുന്ന ഞങ്ങളുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. ആ വരുന്ന ആൾ മറ്റാരുമായിരുന്നില്ല. യോഗാധ്യക്ഷൻ ബി.പോക്കർ സാഹിബ് തന്നെ. കരൂപടന്ന വന്നിറങ്ങിയ പോക്കർ സാഹിബ് ഒരു ചെറിയ തോണിയിൽ കയറി കോതപറമ്പിൽ ഇറങ്ങി എറിയാട്ടേക്ക് നടന്നു വരുകയാണുണ്ടായത്. ചുരുക്കിപ്പറഞ്ഞാൽ, അധ്യക്ഷൻ യോഗഭാരവാഹികളെ ഒന്നു കളിപ്പിച്ചു. അപ്പോഴേക്ക് അധ്യക്ഷനെ സ്വീകരിക്കാൻ പോയവരും തിരിച്ചെത്തി. അധ്യക്ഷൻ വന്നില്ലെന്നു മാത്രമാണ് അവർക്ക് പറയാനുണ്ടായിരുന്നത്. യോഗം കൃത്യസമയത്തുതന്നെ തുടങ്ങുകയും ഭംഗിയായി അവസാനിക്കുകയും ചെയ്തു. 11 വർഷ കാലം കൊടുങ്ങല്ലൂരിൽ ഒരഭയാർഥിയായി താമസിച്ചുവന്ന കെ.എം. മൗലവി സാഹിബ് (മർഹൂം) ആയിരുന്നു യോഗനടപടികൾ നിയന്ത്രിച്ചതെന്നു പറയുന്നതിൽ സന്തോഷമുണ്ട്.

രണ്ടു ദിവസങ്ങളിലായാണ് സമ്മേളനം നടന്നത്. രണ്ടാമത്തെ യോഗം അവസാനിക്കുന്നതിന് അൽപം മുമ്പായി സെന്റ് ജോർജ് ഗസറ്റുമായി ഒരാൾ ആഹ്ലാദത്തോടുകൂടി അവിടെ എത്തിച്ചേർന്നു. അയാൾ പറഞ്ഞു: “മലബാർ ലഹളയുടെ പേരിൽ പിടികിട്ടാനുള്ള പുള്ളികളുടെ പേരിലുണ്ടായിരുന്ന ചാർജുകൾ ഗവൺമെന്റ് പിൻവലിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ കെ.എം.മൗലവി സാഹിബിന്റെ പേരുമുണ്ട്. തദവസരത്തിൽ ആ സദസ്സിലുണ്ടായ ആഹ്ലാദത്തിനു കൈയും കണക്കുമില്ല. ഇതിനുവേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്ന യോഗാധ്യക്ഷന്റെ സന്തോഷത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉടനെ എം.സി.സി അബ്ദുർറഹ്‌മാൻ മൗലവി ഒരപേക്ഷയുമായി മുമ്പോട്ടുവന്നു. കെ.എം.മൗലവി സാഹിബിനെ മലബാറിലേക്കു വിട്ടുകൊടുക്കണമെന്നായിരുന്നു ആ അപേക്ഷ. അതിനെ പലരും എതിർത്തുവെങ്കിലും സംഘത്തിന്റെ ഉദ്ദേശ്യങ്ങളും ആദർശങ്ങളും മലബാറിലും കൂടി വ്യാപിക്കുന്നതിന് അതു നന്നായിരിക്കുമെന്ന നിലയ്ക്ക് ആ അപേക്ഷ സ്വീകരിക്കുകതന്നെചെയ്തു.’’(50)

ഈ സമ്മേളനത്തിൽവച്ച് ഐക്യസംഘത്തിന് അടുത്ത വർഷത്തേക്കുള്ള കമ്മിറ്റി നിലവിൽ വന്നു. കാസർഗോഡ് നടന്ന പതിനൊന്നാം വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച കഴിഞ്ഞ ഒരു വർഷത്തെ റിപ്പോർട്ടിൽ പുതിയ കമ്മിറ്റിയെ സംബന്ധിച്ച വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. അതിന്റെ പകർപ്പ് ചുവടെകൊടുക്കുന്നു.

എറിയാട് നടന്ന മുസ്‌ലിം ഐക്യസംഘത്തിന്റെ പത്താം വാർഷിക സമ്മേളനത്തിന്റെ ആകർഷണീയത അതോടനുബന്ധിച്ച് നടന്ന കാർഷിക പ്രദർശനമായിരുന്നു. ഐക്യസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടിവരുന്ന സാമ്പത്തിക ചെലവുകൾക്കാവശ്യമായ പണം ലഭിച്ചിരുന്നത് പ്രധാനമായും കർഷകരിൽനിന്നും ഭൂവുടമകളിൽനിന്നുമാണ്. വിപുലമായ കാർഷിക പ്രദർശനം ഒരുക്കി അവരുടെ കൂടി താല്പര്യങ്ങൾ കണക്കിലെടുക്കാനും സമ്മേളനം വ്യത്യസ്തമാക്കാനും സംഘാടകർക്കു കഴിഞ്ഞു.

കാർഷിക പ്രദർശനം സംഘടിപ്പിക്കുന്നതിനാവശ്യമായ എല്ലാ സഹായസഹകരണങ്ങൾ നൽകിയതും പങ്കെടുത്തവർക്ക് സമ്മാനം നൽകുന്നതിനുള്ള പണം നൽകിയതും കൊച്ചി ഗവൺമെന്റ്് ആയിരുന്നു, പതിനൊന്നാം വാർഷിക സമ്മേളന റിപ്പോർട്ടിൽ കാർഷിക പ്രദർശനം നടത്താൻ സഹായിച്ച കൊച്ചി ഗവൺമെന്റിന് പ്രത്യേകം നന്ദി രേഖപ്പെടുത്തിയതായി കാണാം.

പത്താം വാർഷിക സമ്മേളനത്തോടെ കേരളത്തിലെ പ്രമുഖ മുസ്‌ലിം കേന്ദ്രങ്ങളിലെല്ലാം വാർഷിക സമ്മേളനം നടന്നുകഴിഞ്ഞിരുന്നു.

പതിനൊന്നാം വാർഷികസമ്മേളനം

കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പതിനൊന്നാം വാർഷികസമ്മേളനം 1934ൽ തെക്കൻ കർണാടകയിൽ പെട്ട കാസർകോട്ടുവച്ച് നടന്നു. പ്രമുഖ സലഫീ പണ്ഡിതനായിരുന്ന മദിരാശിയിലെ സയ്യിദ് അബ്ദുൽ വഹ്ഹാബ് ബുഖാരിയായിരുന്നു അധ്യക്ഷൻ. ഈ സമ്മേളനത്തെക്കുറിച്ച് ഇ.കെ.മൗലവി എഴുതിയത് ചുവടെ കൊടുക്കുന്നു:

“കാസർകോഡ് താലൂക്കിലെ മുസ്‌ലിംകൾ ആരംഭം മുതൽക്കുതന്നെ ഐക്യസംഘത്തിന്റെ സഹായികളും സഹപ്രവർത്തകരുമായിരുന്നു. മൂന്നാം വാർഷികയോഗത്തിന്റെ അധ്യക്ഷൻ തന്നെ പരേതനായ മഹ്‌മൂദ് ചെമ്മനാട് സാഹിബായിരുന്നു. മുഹമ്മദ് ശുറൂൽ സാഹിബിനെപ്പോലുള്ള പല മാന്യൻമാരും മുമ്പ് നടന്ന വാർഷികയോഗങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്. കുഞ്ഞിക്കലന്തർ സാഹിബ്, അറബി ചെമ്മനാട് സാഹിബ് മുതലായ പല മാന്യന്മാരും നാട്ടുപ്രമാണിമാരും ഉൽപതിഷ്ണുക്കളും മതപരവും ഭൗതികപരവുമായ വിദ്യാഭ്യാസം സിദ്ധിച്ചവരും ആയിരുന്നു. തന്മൂലം കാസർകോട്ടു നടന്ന വാർഷികയോഗം വഴക്കും വക്കാണവും കൂടാതെ കഴിഞ്ഞു. വഴക്കുണ്ടാകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. യോഗാധ്യക്ഷനാകട്ടെ, എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന സയ്യിദ് അബ്ദുൽ വഹ്ഹാബ് ബുഖാരി സാഹിബുമാണ്. വാർഷികയോഗത്തിന്റെ പ്രവർത്തനങ്ങൾ ആവേശത്തോടും ഉന്മേഷത്തോടും കൂടി മുമ്പോട്ടു നീങ്ങിക്കൊണ്ടിരുന്നു.

അന്നത്തെ കാസർകോട്ടെ ഖാസിയും മുദർരിസും ആയഞ്ചേരിക്കാരൻ തറക്കണ്ടി അബ്ദുർറഹ്‌മാൻ മുസ്‌ല്യാരാണ്. അദ്ദേഹവും ഒരു ഉൽപതിഷ്ണുവാണെന്നാണ് വെപ്പ്. കാരണം അദ്ദേഹത്തിന്റെആദ്യകാലത്തെ ഗുരുനാഥൻ തട്ടാങ്ങര കുട്ടിയമ്മു മുസ്‌ല്യാരും അവസാനത്തെ ഗുരുവര്യൻ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (മർഹൂം) അവർകളുമായിരുന്നു. ഇതിനെല്ലാം പുറമേ അദ്ദേഹം വിവാഹം ചെയ്തിരുന്നത് കുഞ്ഞഹമ്മദ് ഹാജി മർഹൂമിന്റെ ശിഷ്യനും ഒരു ഉൽപതിഷ്ണുവുമായ കടവത്തൂർ പറമ്പത്ത് മൊയ്തീൻകുട്ടി മുസ്‌ല്യാരുടെ മരുമകളെയാണ്. ഇത്തരം കാരണങ്ങളാൽ കാസർകോഡ് ഖാസിയുടെ സഹായം സംഘത്തിനു വേണ്ടുവോളം ഉണ്ടാകുമെന്നായിരുന്നു പ്രവർത്തകന്മാരുടെ വിശ്വാസം. പക്ഷേ, ഞങ്ങൾ കാസർകോട്ട് എത്തിയപ്പോൾ കേട്ട കഥ തികച്ചും നിരാശാജനകമായിരുന്നു. ‘ഇവിടെ വെച്ച് ഐക്യസംഘത്തിന്റെ വാർഷിക യോഗം നടക്കാൻ പോകുന്നുണ്ടെന്നു കേട്ടു; ആ യോഗത്തിൽ ആരും പങ്കെടുക്കരുത്’ എന്നു ഖാസി പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇത്തരം പ്രഖ്യാപനങ്ങളും മറ്റും മുമ്പ് പല സ്ഥലങ്ങളിൽ വെച്ചും അനുഭവപ്പെട്ടിട്ടുള്ളതുകൊണ്ട് ഞങ്ങൾക്ക് അതിൽ ഒരു പുതുമയും തോന്നിയില്ല. വരുന്നതു വരട്ടെ എന്ന് ഞങ്ങളും തീരുമാനിച്ചു.

അടുത്ത ദിവസം രാവിലെ അറബി ചെമ്മനാട് സാഹിബ് ജുമുഅത്ത് പള്ളിയിൽ കടന്നുചെന്ന് ഖാസിയാർക്കു സലാം ചൊല്ലിയപ്പോൾ ഖാസിയാർ സലാം മടക്കി അദ്ദേഹത്തെ സ്വീകരിച്ചിരുത്തിക്കൊണ്ട് എന്താണിപ്പോൾ വന്നതെന്ന് ചോദിച്ചു.

ചെമ്മനാട് സാഹിബ് പറഞ്ഞു: “ഞാൻ കലമ്പുവാനാണ് വന്നത്.’’ (ചെമ്മനാട് കാസർകോട്ടുകാരുടെ നാടൻ മലയാളത്തിലാണ് സംസാരിക്കാറ് പതിവ്).

ഖാസിയാർ: “നിങ്ങൾ എന്തിനാണ് എന്നോട് കലമ്പുന്നത്?’’

ചെമ്മനാട്: “ഐക്യസംഘത്തെപ്പറ്റി നിങ്ങൾക്ക് വല്ലതും അറിയാമോ? കേരളത്തിലെ മുസ്‌ലിംകളെ ഐക്യത്തിലേക്കു ക്ഷണിക്കുകയും ഇസ്‌ലാമിന്റെ തനിരൂപം ജനങ്ങൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു സംഘത്തിന്റെ വാർഷികയോഗത്തിൽ ആരും പങ്കെടുക്കരുതെന്ന് നിങ്ങൾ നാട്ടുകാരെ വിരോധിച്ചില്ലേ? നിങ്ങളെപ്പോലുള്ളവർ കേരള മുസ്‌ലിംകളുടെ ഇടയിൽ പ്രചരിപ്പിച്ചിട്ടുള്ള അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർക്കുന്നുവെന്നതാണോ ഐക്യസംഘം ചെയ്ത കുറ്റം? ഐക്യസംഘത്തിൽ നിങ്ങൾ കണ്ട തെറ്റെന്താണ്? തെറ്റുണ്ടെങ്കിൽ നിങ്ങൾ തുറന്നു പറയണം. അതാണ് നിങ്ങൾ ചെയ്യേണ്ടത്; അല്ലാതെ ജനങ്ങളെ അതിൽ പങ്കെടുക്കുന്നതിൽനിന്ന് തടയുകയല്ല. ഐക്യസംഘക്കാരിലുള്ള തെറ്റെന്താണെന്നു തുറന്നുപറയാതെ നിങ്ങളെ വിടുകയില്ല. എന്താണ് തെറ്റ്?’

ഖാസിയാർ: “ഐക്യസംഘക്കാരിൽ തെറ്റുണ്ടെന്ന നിലക്കല്ല ഞാൻ അങ്ങനെ പറഞ്ഞത്. മറിച്ച് ഐക്യസംഘക്കാരുടെ ഭാഷ നിങ്ങൾക്കു മനസ്സിലാവാത്തതുകൊണ്ട് തെറ്റിദ്ധരിക്കാൻ ഇടവന്നേക്കാമെന്നു കരുതിയാണ് അങ്ങനെ പറഞ്ഞത്.’’

ചെമ്മനാട്: “അങ്ങനെയാണെങ്കിൽ നിങ്ങൾ അത് അവരോട് തുറന്നുപറയണം.’’

ഖാസിയാർ അതു സമ്മതിക്കുകയും അവരോട് കാര്യം തുറന്നുപറയുകയും ചെയ്തു. ആ വഴക്ക് അങ്ങനെ അവസാനിക്കുകയും ചെയ്തു. യോഗം വിചാരിച്ചതിലധികം ഭംഗിയായി നടന്നു. ഖാസിയാർ യോഗത്തിൽ പങ്കെടുക്കുകയുണ്ടായില്ല. മാത്രമല്ല, രണ്ടാഴ്ചക്കകം അദ്ദേഹം അവിടെനിന്നു പിരിഞ്ഞുപോവുകയും ചെയ്തു. ഈ പിരിഞ്ഞുപോക്കിനുള്ള കാരണം വാർഷികയോഗത്തിൽ അദ്ദേഹം പങ്കെടുക്കാതിരുന്നതാണെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. ‘ഉപ്പു തിന്നവർ തന്നെ വെള്ളം കുടിക്കുമെന്നാണല്ലോ പഴമൊഴി.’’(51)

വടക്കൻ കേരളത്തിലെ മുസ്‌ലം സാമുദായിക നവീകരണ പ്രവർത്തനങ്ങൾക്ക് ഈ സമ്മേളനം പ്രചോദനമായി. കേരള ജംഇയ്യത്തുൽ ഉലാമയുടെ വാർഷികം നടന്നതും ഈ കാലയളവിലാണ്. തങ്ങളുടെ സാമുദായിക അംഗങ്ങളിൽനിന്നുതന്നെ പലതരത്തിലുള്ള പ്രതിഷേധങ്ങൾ നേരിടേണ്ടിവന്നെങ്കിലും സംഘാംഗങ്ങളുടെ സന്ദർഭോചിതമായ ഇടപെടലുകളിലൂടെ ഈ പ്രശ്‌നങ്ങളെ മറികടക്കാൻ സാധിച്ചു.

ഐക്യസംഘത്തിന്റെ വാർഷിക സമ്മേളനം കാസർഗോഡ് ചേരുന്നതിനു മുമ്പുതന്നെ ആ പ്രദേശങ്ങളിൽ ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. ഐക്യസംഘത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന മൗലവി ശെറൂൽ സാഹിബ് ആയിരുന്നു ഇതിന് നേതൃത്വം നൽകിയത്. കേരള മുസ്‌ലിം ഐക്യസംഘം കൊടുങ്ങല്ലൂരിൽ പിറന്ന കാലം (1923) മുതൽ അതിന്റെ നേതാവായിരുന്നു ശെറൂൽ എന്ന് ഇ.കെ.മൗലവി എഴുതിയിട്ടുണ്ട്. കുട്ടികളെ സ്‌കൂളിലയക്കാത്ത രക്ഷിതാക്കളെ ബഹിഷ്‌കരിക്കണം എന്ന ശെറൂലിന്റെ ആഹ്വാനം അന്ന് കടുത്ത എതിർപ്പുയർത്തിയിരുന്നു. ശെറൂൽ കുടുംബമായിരുന്നു അന്ന് തെക്കൻ കനറയിലെ പല പള്ളികളുടെയും നടത്തിപ്പു ചെലവ് വഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആഹ്വാനത്തിന് ബലം കൂടുതലുണ്ടായിരുന്നു. ജമാഅത്ത് ബഹിഷ്‌കരണംഭയന്നെങ്കിലും കുട്ടികളെ അക്ഷരം പഠിപ്പിക്കാനയക്കട്ടെ എന്ന ഉദ്ദേശ്യമേ ശെറൂലിനുണ്ടായിരുന്നുള്ളൂ.

വടക്കെമലബാറിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുഴുകി മലയാളം പ്രചരിപ്പിക്കാനും ശെറൂൽ സാഹിബ് മുൻകൈയെടുത്തു. 1922ൽ അദ്ദേഹം സ്വന്തം ഗ്രാമമായ അംഗടിമുഗറിൽ സ്ഥാപിച്ച എയ്ഡഡ് സ്‌കൂൾ പഴയ കാസർകോട് താലൂക്കിലെ ആദ്യ മലയാളം സ്‌കൂളുകളിൽ ഒന്നാണ്. 1926ൽ ഫിഷറീസ് വകുപ്പിനെക്കൊണ്ട് ഒരു സ്‌കൂൾ സ്ഥാപിക്കാൻ അദ്ദേഹം പരിശ്രമിച്ചിരുന്നു. കവി ടി. ഉൈബദായിരുന്നു അവിടത്തെ ആദ്യ അധ്യാപകൻ. ദേശീയപ്രസ്ഥാന നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ശെറൂൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായിരുന്നു. (തു‌ടരും)


അവലംബം:

50. കേരള മുസ്‌ലിം ഐക്യസംഘം-

ഇ.കെ.മൗലവിയുടെ ലേഖനങ്ങളുടെ സമാഹാരം. സമാഹര

ണം: അബ്ദുറഹ്‌മാൻ മങ്ങാട്,

യുവത ബുക്ക് ഹൗസ്, പേജ് 47.

51. കേരള മുസ്‌ലിം ഐക്യസംഘം-ഇ.കെ.മൗലവിയുടെ ലേഖനങ്ങളുടെ സമാഹാരം. സമാഹരണം: അബ്ദുറഹ്‌മാൻ മങ്ങാട്, യുവത ബുക്ക് ഹൗസ്, പേജ് 45.