നാലാം വാർഷിക സമ്മേളന അവലോകനം
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 ജൂൺ 22, 1445 ദുൽഹിജ്ജ 15

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 15)
മുസ്‌ലിം ഐക്യസംഘം നാലാം വാർഷികയോഗത്തെക്കുറിച്ച് ഇ.കെ.മൗലവിയുടെ പത്രാധിപത്യത്തിലുള്ള അൽഇർഷാദ് മാസികപ്രസിദ്ധീകരിച്ച അവലോകന റിപ്പോർട്ട്:
“സമസ്തകേരള മുസ്‌ലിം ഐക്യസംഘത്തിന്റെ നാലാം വാർഷികസമ്മേളനം കഴിഞ്ഞ മെയ് 15, 16 തിയ്യതികളിൽ തലശ്ശേരിയിൽ വെച്ചു മൗലാനാ മുഹമ്മദ് മാർമെഡ്യൂക്ക് പിക്താൾ സാഹിബിന്റെ അധ്യക്ഷതയിൽ കേമമായി കഴിഞ്ഞുകൂടിയിരിക്കുന്നു. ഇക്കൊല്ലത്തെ വാർഷികയോഗം പലതുകൊണ്ടും ഒരു സമസ്ത കേരള മുസ്‌ലിം ഐക്യസംഘം തന്നെ ആയിട്ടുണ്ടെന്ന് പറയാം. കേരളത്തിന്റെ മിക്ക ഭാഗങ്ങളിൽനിന്നും പല മാന്യന്മാരും ഈ യോഗത്തിൽ സംബന്ധിച്ചിരുന്നു. മൗലാനാ ചെയ്ത അധ്യക്ഷപ്രസംഗത്തിലെ ഓരോ ഭാഗത്തെ പറ്റിയും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതും അവയെ പ്രവൃത്തിരൂപത്തിൽ കൊണ്ടുവരാൻ ശ്രമിക്കേണ്ടതും നമ്മുടെ ഒഴിച്ചുകൂടുവാൻ പാടില്ലാത്ത ചുമതലയാണെന്നാണ് ഞങ്ങളുടെ അഭിപ്രായം. വിദ്യാഭ്യാസത്തെ ലൗകികമെന്നും ദൈവികമെന്നും രണ്ടായി തരംതിരിക്കുന്നത് ഉചിതമല്ലെന്നും മുസ്‌ലിമീങ്ങളുടെ വിദ്യാഭ്യാസം എപ്പോഴും ഇസ്‌ലാമികമായിരിക്കണമെന്നുമാണ് മൗലാനാ പറയുന്നത്. ഭൗതികവും ആത്മീയവുമായ അഭിവൃദ്ധിക്കുള്ള മാർഗ്ഗത്തെ കാണിക്കുവാനായിട്ടാണ് ഇസ്‌ലാംമതം വന്നിട്ടുള്ളത്. ഈ രണ്ടു സംഗതികളും നിർവ്വഹിക്കുവാൻ ആവശ്യമായിവരുന്ന എല്ലാവക വിദ്യാഭ്യാസവും ഇസ്‌ലാമികമാണ്. സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ച് അധ്യക്ഷൻ നല്ലപോലെ വിവരിച്ചിട്ടുണ്ട്. ബി.എക്കും ബി.എല്ലിനും സ്ത്രീകളെ അയച്ചു പഠിപ്പിക്കണമെന്നല്ല. ഒരു സ്ത്രീക്ക് അവളുടെ കടമകളെല്ലാം നിർവ്വഹിച്ചുകൊണ്ട് മുസ്‌ലിമത്തായി ജീവിക്കേണ്ടതിന്ന് ആവശ്യമായ അറിവുകളെല്ലാം ഉണ്ടാക്കിക്കൊടുക്കണമെന്നാണ് മൗലാനാ പറയുന്നത്. പള്ളിക്കൂടങ്ങളിലും മദ്‌റസകളിലും ചേർന്ന് അവിടങ്ങളിൽ നിശ്ചയിച്ചിട്ടുള്ള കിതാബുകൾ മാത്രം പഠിച്ചു പാസാവുന്നതിലല്ലാ കുട്ടികളുടെ അഭിവൃദ്ധി സ്ഥിതിചെയ്യുന്നത്. അവരുടെ പരിശീലനത്തിലാണെന്നുള്ള അധ്യക്ഷന്റെ അഭിപ്രായത്തെ എല്ലാ മദ്‌റസാ ഭാരവാഹികളെയും ഗുരുനാഥന്മാരെയും ഞങ്ങൾ ഓർമ്മപ്പെടുത്തിക്കൊള്ളുന്നു.
മുസ്‌ലിംകളുടെ പൊതുഭാഷ അറബിയായിരിക്കണമെന്നുള്ള മൗലാനയുടെ ഉപദേശത്തിൽ പല രഹസ്യങ്ങളുമുണ്ട്. ഇസ്‌ലാംമതത്തിന്റെ പ്രചാരവും ഉയർച്ചയും അറബിഭാഷയുടെ പ്രചാരത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് പൂർവ്വിക ഇസ്‌ലാം ചരിത്രം കൊണ്ടുതന്നെ കാണാവുന്നതാണ്. ഇക്കാര്യത്തിൽ കേരള മുസ്‌ലിംകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഞങ്ങളുടെ അപേക്ഷ. അതിനുള്ള മാർഗ്ഗവും ഞങ്ങൾ ചൂണ്ടിക്കാണിക്കാം. ഇപ്പോൾ പള്ളികളിൽ നടന്നുവരുന്ന ദർസുകളിലെ എല്ലാ വിദ്യാർഥികളും കഴിയുന്നതും അറബിഭാഷ തന്നെ സംസാരിക്കണമെന്ന് ഒരു നിഷ്ഠയുണ്ടായിരിക്കുക. (മദ്‌റസകളിലും അപ്രകാരം ചെയ്യണം). ഉയർന്ന ക്ലാസുകളിൽ പാഠമെടുക്കുന്നത് (ചൊല്ലിക്കൊടുക്കുന്നത്) തന്നെ അറബിയിലായിരിക്കുക. ഇങ്ങനെ ചെയ്താൽ തീർച്ചയായും അറബി ഭാഷക്ക് നല്ല പ്രചാരമുണ്ടാകുന്നതാണ്. അങ്ങിനെ പ്രചാരമുണ്ടായി കഴിഞ്ഞാൽ വീടുകളിലും അറബിഭാഷതന്നെ ആക്കിത്തീർക്കുവാൻ വലിയ പ്രയാസമുണ്ടായിരിക്കയില്ല. ഇതുതന്നെയായിരുന്നു മൗലാന മൗലവി കുഞ്ഞി അഹ്‌മദ് ഹാജി (നവ്വറല്ലാഹു മർഖദഹു) അവർകൾവിദ്യാഭ്യാസ പരിഷ്‌കരണത്തിനായി ആരംഭിച്ചപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായയും അഭിലാഷവും. ഏതുകാലത്തും ഏതുകൂട്ടരും ഉയർന്നതും മഹാന്മാരായി തീർന്നതും ഭാഷയുടെ സഹായം കൊണ്ടാണ്. ഇന്ന് ഇംഗ്ലീഷുകാർക്ക് സിദ്ധിച്ചു കാണുന്ന പ്രാഗൽഭ്യവും ഇംഗ്ലീഷു ഭാഷമൂലമാണെന്ന് ആരും സമ്മതിക്കാതിരിക്കയില്ല.
ഇനി സംഘത്തിൽ പാസാക്കിയിട്ടുള്ള ചില പ്രമേയങ്ങളെക്കുറിച്ചാണ് ഞങ്ങൾക്കു പറയുവാനുള്ളത്. ഇക്കൊല്ലത്തെ പ്രമേയങ്ങളെല്ലാം സംഘത്തിന്റെ ഉദ്ദേശ്യമനുസരിച്ചുള്ളവയാണെന്നുതന്നെ പറയാം. കേരള മുസ്‌ലിംകളെ ഒരേ ഒരു സമുദായമാക്കിത്തീർത്തത് തങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും സാന്മാർഗികവുമായ നിലയെ പരിഷ്‌കരിക്കുകയെന്നുള്ളതാണ് സംഘത്തിന്റെ പ്രധാന ഉദ്ദേശ്യം. മുസ്‌ലിം ഐക്യസംഘത്തിന്റെ ഉദ്ദേശ്യവും മൗലാനാ കിച്ച്‌ലു സാഹിബിന്റെ ‘തൻളീം’ പ്രസ്ഥാനവുമായി വലിയ വ്യത്യാസമൊന്നും കാണുകയില്ല. ഇവിടെ ഒരു സംഗതി എടുത്തുപറയേണ്ടതിലേക്ക് ഞങ്ങൾ നിർബന്ധിതരായിത്തീർന്നിരിക്കുന്നു. അതായത് മുസ്‌ലിം ഐക്യസംഘം കേവലം സാമുദായിക വിഷയത്തിൽ പരിശ്രമിക്കുന്നതല്ലാതെ മതസംബന്ധമായ വിഷയങ്ങളിൽ ആലോചിക്കുന്നതും ചിന്തിക്കുന്നതും അനാവശ്യമാണെന്നും അതു സംഘത്തിന്റെ പ്രചാരണത്തിനു തടസ്സമാണെന്നും സംഘത്തിന്റെ അഭ്യുദയകാംക്ഷികളിൽ ചിലർക്ക് അഭിപ്രായമുള്ളതായി ഞങ്ങൾക്കറിയുവാനിടയായിട്ടുണ്ട്. സമുദായാഭിവൃദ്ധിക്കുള്ള പരിശ്രമങ്ങൾക്ക് മതവുമായി യാതൊരു ബന്ധവുമില്ലെന്നുള്ള തെറ്റിദ്ധാരണകൊണ്ടല്ലാതെ ഇങ്ങനെ അഭിപ്രായമുണ്ടാകാനവകാശമില്ല. മനുഷ്യന്റെ ഏതു നിലയിലുള്ള അഭിവൃദ്ധിയും മതത്തെ ആശ്രയിച്ചാണിരിക്കുന്നത്.
മുസ്‌ലിമീങ്ങൾക്ക് ശരിയായ വിദ്യാഭ്യാസം കൊടുക്കുന്നതായാൽ അപ്പോൾ അവരുടെ അന്ധവിശ്വാസങ്ങളെല്ലാം നീങ്ങുകയും ഇസ്‌ലാമിന്റെ യഥാർത്ഥമായ ആദർശങ്ങളനുസരിച്ചു നടക്കുവാനുള്ള മനഃസ്ഥിതി അവരിൽ ഉണ്ടായിത്തീരുകയും ചെയ്യുമെന്നാണ് ഈ മാന്യന്മാരുടെ വാദം. എന്നാൽ സ്‌കൂളിലോ മറ്റോ പോയി പുസ്തകങ്ങൾ വായിച്ചു പഠിക്കുന്നത് മാത്രമെ വിദ്യാഭ്യാസമാവുകയുള്ളുവെന്ന് സമ്മതിക്കുവാൻ ഞങ്ങൾക്കു സാധിക്കയില്ല. ഏതെങ്കിലും ഒരു സംഗതി തെറ്റാണെന്ന് കാര്യകാരണസഹിതം ചൂണ്ടിക്കാണിച്ച് മനസ്സിലാക്കിയാൽ അത്രയും അറിവ് സിദ്ധിച്ചുവെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇന്ന് ഐക്യസംഘം ബിദ്അത്തുകളെ എതിർക്കുന്നത് അവ ബിദ്അത്തുകളാണെന്ന് രേഖാമൂലം തെളിവ് കൊടുത്തുകൊണ്ടാണ്. റസൂൽ(സ) ആദ്യം വിദ്യാഭ്യാസം ചെയ്യിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു കുറെ കാലം അവരെ പഠിപ്പിച്ചിട്ടല്ല മതപ്രബോധനം ആരംഭിച്ചത്. ആദ്യമായിതന്നെ ഏകദൈവ വിശ്വാസത്തെ(തൗഹീദിനെ)യാണ് നബി(സ) ഉപദേശിച്ചിരുന്നത്. മനുഷ്യന്റെ എല്ലാ വിധത്തിലുമുള്ള മാഹാത്മ്യവും തൗഹീദിനെ ആശ്രയിച്ചാണിരിക്കുന്നത്.

ഒരു ചെറിയ സംഗതിയെ പറ്റിത്തന്നെ നമുക്ക് ചിന്തിക്കാം. ഇസ്‌റാഫിനെ(അനാവശ്യചെലവ്) തടഞ്ഞു മുസ്‌ലിമീങ്ങളുടെ ധനസംബന്ധമായ നിലയെ നന്നാക്കുക എന്നുള്ളത് സംഘത്തിന്റെ ഒരു പ്രധാന ചുമതലയാണെന്ന് ആരും സമ്മതിക്കുന്നതാണ്. ഈ കൃത്യത്തെ നിർവഹിക്കുവാൻ ഒരുങ്ങുന്നവർക്ക് മതത്തിന്റെ പേരും പറഞ്ഞു നടത്തി വരുന്നതും അനേകം ഉറുപ്പിക അനാവശ്യമായി ചെലവിടുന്നതുമായ കൊടികുത്ത്, ചന്ദനക്കുടം മുതലായ ബിദ്അത്തുകളെ തടയാതെ നിവൃത്തിയില്ല. ഈ വിഷയത്തിൽ ഇപ്പോൾ ഞങ്ങൾ അധികം പറയുന്നില്ല. ഇത്തവണത്തെ പ്രമേയങ്ങളിൽ അമലിയ്യായിട്ടുള്ളത് (പ്രവർത്തിക്കേണ്ടത്) രണ്ടാണ്. അവയിൽ ഒന്ന് ആലുവാ കോളേജിന്റെ കാര്യംതന്നെ. അതിനെ പറ്റി പലപ്പോഴും ഞങ്ങൾ പറഞ്ഞിട്ടുണ്ട്. മറ്റൊന്ന് സംഘത്തിൽനിന്ന് ശമ്പളം കൊടുത്ത് ഒരു പ്രതിനിധിയെ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും അയക്കുകയാണ്. ഈ ഒരു പ്രവൃത്തിയാണ് സംഘത്തിന്റെ റൂഹ്(ആത്മാവ്) എന്ന് പറയുന്നതിൽ ഞങ്ങൾ അശേഷം മടിക്കുന്നില്ല. സംഘത്തിൽനിന്നും നിശ്ചയിച്ചയക്കുന്ന പ്രതിനിധിക്കുവേണ്ട എല്ലാ സഹായസഹകരണങ്ങളും കേരള മുസ്‌ലിമീങ്ങൾ ചെയ്തുകൊടുക്കുമെന്ന് വിശ്വസിക്കുന്നു.
ഇനി പ്രതിനിധിയെ അയച്ചാലും ഇല്ലെങ്കിലും ഓരോ ദേശത്തിലുമുള്ള മുസ്‌ലിമീങ്ങൾ ഐക്യസംഘത്തിൽ അംഗങ്ങളായി ചേരുകയും അവിടങ്ങളിലെല്ലാം സബ്കമ്മറ്റികൾ സ്ഥാപിക്കുകയും ചെയ്യണമെന്ന് എല്ലാ മുസ്‌ലിം സഹോദരന്മാരോടും ഞങ്ങൾ അപേക്ഷിച്ച് കൊള്ളുന്നു. ഏതൊരു പ്രസ്ഥാനത്തിന്നും ശത്രുക്കൾ ഉണ്ടായിരിക്കുക എന്നത് ഒരു പ്രകൃതിനിയമമാണ്. അതുകൊണ്ട് ഐക്യസംഘത്തിന്റെ ശത്രുക്കൾ വീശുന്ന വലയിൽ കെണിഞ്ഞുപോകാതെ നിങ്ങൾക്ക് അല്ലാഹുതആലാ തന്നിട്ടുള്ള ബുദ്ധികൊണ്ട് അന്വേഷിച്ചും ആലോചിച്ചും സത്യത്തെ പിന്തുടരണമെന്ന് എല്ലാ സഹോദരന്മാരെയും ഉണർത്തിച്ച്കൊള്ളുന്നു. അല്ലാഹുമ്മ അരിനൽ ഹഖ്ഖ ഹഖ്ഖൻ വർസുഖ്‌ന ഇത്തിബാഅഉ വ അരിനൽ ബാത്വില ബാത്വിലൻ വർസുഖ്‌ന ഇജ്തിനാബഹു തവഫ്ഫനാ മുസ്‌ലിമീന വ അൽഹിഖ്‌നാ ബിസ്സ്വാലിഹീൻ.’’ (39)
മുസ്‌ലിം ഐക്യസംഘം മതസംബന്ധമായ വിഷയങ്ങളിൽ കൂടുതൽ ഇടപെടേണ്ടതില്ലെന്നും ഭൗതികമായ വിഷയങ്ങളിൽ മാത്രം ശ്രദ്ധപതിപ്പിച്ചാൽ മതിയെന്നുമുള്ള നിലപാട് ഇ.കെ.മൗലവിയെപ്പോലുള്ള ഐക്യസംഘത്തിന്റെ സ്ഥാപക നേതാക്കാൾക്ക് ഊഹിക്കാൻ കഴിയുന്നതായിരുന്നില്ല. അൽഇർശാദ് മാസികയിലെ അവലോകനത്തിൽനിന്നും അക്കാര്യം മനസ്സിലാക്കാവുന്നതാണ്. സുന്നത്തും തൗഹീദും മാറ്റിനിർത്തുന്നത് പാരത്രികലോകത്ത് നഷ്ടമുണ്ടാക്കുന്നതുപോലെ ഭൗതികലോകത്തും അത് പരാജയങ്ങളുണ്ടാക്കും എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ മതവിഷയങ്ങൾക്കു പ്രാമുഖ്യം നൽകുകയും അതോടൊപ്പം മുസ്‌ലിം സമൂഹത്തിന്റെ സാമൂഹികവും
രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ഉന്നതിക്കുവേണ്ടി യത്‌നിക്കുകയും ചെയ്യുക എന്നതായിരുന്നു ഐക്യസംഘത്തിന്റെ എക്കാലത്തെയും നയം.
എന്നാൽ മുസ്‌ലിം സമുദായത്തെ മൊത്തത്തിൽ ഉൾക്കൊണ്ടുകൊണ്ട് അവരുടെ ഭൗതികവും സാമൂഹികവും രാഷ്ട്രീയവുമായ അഭിവൃദ്ധിക്കുവേണ്ടി പ്രത്യേകം ഒരു സംഘടന അനിവാര്യമാണെന്ന ചിന്തയും ഐക്യസംഘത്തിൽ ചിലരിലുണ്ടായി. ഈ രണ്ടു ചിന്താധാരകളെയും ഒരുമിച്ചു കൊണ്ടുപോകാൻ ഐക്യസംഘം നേതാക്കൾക്കു കഴിഞ്ഞു. സമുദായത്തിന്റെ ഭൗതിക പുരോഗതിക്കായി പ്രവർത്തിക്കാൻ താല്പര്യമുള്ളവർ ആ രൂപത്തിൽ പ്രവർത്തിക്കട്ടെ എന്നും അല്ലാത്തവർ സംഘത്തോടൊപ്പം പ്രവർത്തിക്കട്ടെ എന്നും രണ്ടു നിലയ്ക്കും പ്രവർത്തിക്കാൻ സജ്ജരായവർ രണ്ടിലും പ്രവർത്തിക്കട്ടെ എന്നുമുള്ള നിലപാടുമായി ഐക്യസംഘം മുന്നോട്ടു ഗമിച്ചു. ഈ ഘട്ടത്തിലാണ് സമൂഹത്തിന്റെ ഭൗതികപുരോഗതി ലക്ഷ്യംവെച്ചു പ്രവർത്തിക്കുന്നതിനുവേണ്ടിയുള്ള പൊതുവേദിയായി ‘മുസ്‌ലിം ക്ലബ്ബ്’ എന്ന പേരിൽ ഒരു കൂട്ടായ്മ തലശ്ശേരിയിൽ രൂപീകരിക്കപ്പെടുന്നത്.
ഐക്യസംഘവുമായി സഹകരിച്ചുകൊണ്ടും എന്നാൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ മുന്നേറ്റത്തിനായുള്ള പ്രവർത്തനലക്ഷ്യങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുമാണ് ‘മുസ്‌ലിം ക്ലബ്ബ്’ അതിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയത്. ഐക്യസംഘം അതിന്റെ പ്രവർത്തനങ്ങളുമായി മുന്നേറിയപ്പോൾ തന്നെ മുസ്‌ലിം ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ അനുഭാവപൂർവം കാണാനുംസംഘംനേതാക്കൾക്കു കഴിഞ്ഞു. ഐക്യസംഘത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നവർ തന്നെയാണ് മുസ്‌ലിം ക്ലബ്ബിനും നേതൃത്വം നൽകിയത് എന്നതായിരുന്നു ഇതിനു കാരണം.
ഐക്യസംഘത്തിന്റെ പ്രസിഡന്റും അറിയപ്പെടുന്ന അഭിഭാഷകനുമായിരുന്ന കെ.എം സീതി സാഹിബ് കൊടുങ്ങല്ലൂരിൽനിന്ന് തലശ്ശേരിയിലേക്ക് വരികയും ‘മുസ്‌ലിം ക്ലബ്ബി’ന് നേതൃത്വം നൽകുകയും ചെയ്തതോടെ അതിന്റെ പ്രവർത്തനങ്ങൾ വിപുലമായ തലത്തിലേക്കുയർന്നു. അങ്ങനെ ഐക്യസംഘം നേതാക്കളും ആ സംഘത്തോട് സഹകരിച്ചിരുന്നവരുമായ നേതാക്കളുടെ ഒരു നിരതന്നെ മുസ്‌ലിം ക്ലബ്ബിനെ നയിച്ചു. ഹാജി അബ്ദുസ്സത്താർ ഇസ്ഹാഖ് സേട്ടുസാഹിബ്, കെ.എം സീതി സാഹിബ്, കെ. ഉപ്പി സാഹിബ്, അറബി ശംനാട്, മുഹമ്മദ് ശെറൂൾ, ബി. പോക്കർ സാഹിബ്, ടി.എം മൊയ്തു സാഹിബ്, സി.പി മമ്മുക്കേയി, എ.കെ കുഞ്ഞിമാഹിൻ ഹാജി, തലശ്ശേരി ജില്ലാ ജഡ്ജി മീർ സൈനുദ്ദീൻ സാഹിബ്, പിൽക്കാലത്ത് മദ്രാസ് ഹൈക്കോടതി ജഡ്ജിയായ അഡ്വ. പി. കുഞ്ഞമ്മദ്കുട്ടി തുടങ്ങിയ, ഐക്യസംഘത്തെ നയിക്കുകയോ ഐക്യസംഘത്തോട് സഹകരിക്കുകയോ ചെയ്തവരെല്ലാം മുസ്‌ലിം ക്ലബ്ബിനും ആശയാടിത്തറ നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ചു. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെല്ലാം ഇടപെട്ടിരുന്ന ഐക്യസംഘത്തിന് മുസ്‌ലിം ക്ലബ്ബിന്റെ ഉദയത്തോടുകൂടി മതനവീകരണപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ കഴിഞ്ഞു. മുസ്‌ലിം ക്ലബ്ബാകട്ടെ, മലബാറിനെ രാഷ്ട്രീയ പ്രബുദ്ധമാക്കുക എന്ന ദൗത്യവുമായും മുന്നോട്ടുപോയി. ഇതിന്റെ ഭാഗമായാണ് ഒരു മലയാള ദിനപത്രം ആരംഭിക്കണമെന്ന ചിന്ത മുസ്‌ലിം ക്ലബ്ബിന്റെ യോഗങ്ങളിൽ ഉയർന്നുവന്നത്. ഈ ചിന്തയാണ് ആദ്യത്തിൽ വാരികയായും പിന്നീട് ദിനപത്രമായും മാറിയ ‘ചന്ദ്രിക’ ഒരു സ്വതന്ത്ര വാരികയായി 1932ൽ തലശ്ശേരിയിൽനിന്ന് പ്രസിദ്ധീകരണമാരംഭിക്കാൻ കാരണമായത്. ആരംഭകാലം മുതൽക്കു തന്നെ ചന്ദ്രികക്കു വേണ്ടി തൂലിക ചലിപ്പിക്കാൻ ഇ.കെ. മൗലവി സാഹിബിനു കഴിഞ്ഞിരുന്നു.
സത്താർ സേട്ടിന്റെ നേതൃത്വത്തിൽ മുസ്‌ലിം ക്ലബ്ബ് സംഘടിപ്പിച്ച മുസ്‌ലിം ബഹുജന സമ്മേളനം വിപുലമായ പ്രവർത്തനങ്ങൾക്കായി 1931ൽ കേരള മുസ്‌ലിം മജ്‌ലിസ് എന്ന സംഘടന രൂപീകരിച്ചു. സമുദായത്തിന്റെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക പുരോഗതിയായിരുന്നു മുസ്‌ലിം മജ്‌ലിസ് മുഖ്യ ലക്ഷ്യമായി കണ്ടത്. ഈ മുന്നേറ്റത്തിനെല്ലാം കാരണമായത് തലശ്ശേരിയിൽ നടന്ന ഐക്യസംഘത്തിന്റെ നാലാം വാർഷിക സമ്മേളനത്തിൽ നടന്ന ചർച്ചകളും അതിനുശേഷം സമുദായത്തിലുണ്ടായിത്തീർന്ന മാറ്റങ്ങളുമായിരുന്നു എന്ന് കാണാവുന്നതാണ്.
അവലംബം:
39. അൽ ഇർശാദ് വാരിക 26.06.1926
(തുടരും)

