തൗഹീദിന്റെ സന്ദേശം വിളംബരം ചെയ്യുന്ന കേന്ദ്രം

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 ഡിസംബർ 07, 1446 ജു. ഉഖ്റാ 06

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 36)

മതപ്രബോധനത്തോടൊപ്പം അനാഥസംരക്ഷണം എന്ന ബാധ്യത സമുദായം ഏറ്റെടുക്കേണ്ടതാണെന്ന ആഹ്വാനവും അദ്ദേഹം അൽഇത്തിഹാദിലൂടെ പലപ്പോഴും സമുദായത്തിന് നൽകി. പൊതുജന പങ്കാളിത്തത്തോടുകൂടി തിരൂരങ്ങാടി യതീംഖാനയെ ഒരു ഉന്നതസ്ഥാപനമാക്കി വളർത്തുന്നതിൽ അടിത്തറപാകിയ മഹാൻ എന്ന നിലയിൽ ഇ.കെ.മൗലവിയുടെ സേവനങ്ങൾ വിസ്മരിക്കാവതല്ല.

1956ൽ ‘അൽഇത്തിഹാദ്’ അറബിമലയാളം മാസിക നിലച്ചതിനുശേഷം ‘അൽമുർശിദ്’ എന്ന പേരിൽ ഒരു മലയാളം മാസിക ഇ.കെ മൗലവിയുടെ പത്രാധിപത്യത്തിൽ തിരൂരങ്ങാടിയിൽനിന്നും പുറത്തിറങ്ങിയിരുന്നു. നൂറുൽ ഇസ്‌ലാം മദ്‌റസക്കു സമീപമുള്ള കെട്ടിടത്തിലായിരുന്നു അൽമുർശിദിന്റെ ഓഫീസ്. ഈ മാസികയിലും യതീമിന്റെ സംരക്ഷണത്തെക്കുറിച്ചും യതീംഖാനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിശദമാക്കുന്ന ലേഖനങ്ങൾ അദ്ദേഹം ഉൾക്കൊള്ളിച്ചിരുന്നു.

യതീംഖാനയുടെ സേവനങ്ങൾ പരക്കെ അംഗീകരിക്കപ്പെടുകയും ആ സ്ഥാപനത്തെ സമുദായം ഏറ്റെടുക്കുകയും ചെയ്തതോടുകൂടി ഇസ്സത്തുൽ ഇസ്‌ലാം സംഘവും മുസ്‌ലിം ഓർഫനേജ് കമ്മിറ്റിയും രണ്ടു സംഘങ്ങളായി പ്രവർത്തിക്കേണ്ടതില്ല എന്ന നിലപാട് നേതാക്കൾക്കുണ്ടായി. ഇസ്സത്തുൽ ഇസ്‌ലാം സംഘത്തിനു വന്നുചേർന്ന കടബാധ്യത അതിന് ഒരു നിമിത്തമാവുകയായിരുന്നു. രണ്ടു വ്യാഴവട്ടക്കാലം തിരൂരങ്ങാടിയിലെ മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഇസ്സത്തുൽ ഇസ്‌ലാം സംഘം അതിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും 1964ൽ ചേർന്ന ജനറൽ ബോഡിയോഗം സംഘത്തിന്റെ എല്ലാ സ്വത്തുക്കളും മേൽനോട്ടവും തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റിക്ക് വിട്ടുകൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. അതോടെ മദ്‌റസ യതീംഖാനയുടെ അനുബന്ധ സ്ഥാപനമായി മാറുകയായിരുന്നു.

യതീംഖാനയുടെ സ്ഥാപനത്തിനുവേണ്ടി മുൻകൈയെടുക്കുകയും അതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഇ.കെ. മൗലവി പിന്നീട് യതീംഖാനയുടെ മാനേജർ പദവി കൈകാര്യം ചെയ്തു. ഈ പദവിയിലിരുന്നുകൊണ്ട് അദ്ദേഹം യതീംഖാനയുടെ മുന്നേറ്റത്തിനുവേണ്ടി പ്രവർത്തിക്കുകയും നൂറുൽ ഇസ്‌ലാം മദ്‌റസയിലൂടെ കുട്ടികൾക്ക് മതപരമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു.

ഒരു അനാഥാലയം എന്നതിലുപരി തിരൂരങ്ങാടി യതീംഖാന തൗഹീദിന്റെ സന്ദേശം വിളംബരം ചെയ്യുന്ന ഒരു മഹത്തായ കേന്ദ്രമായി ഇതിനകം മാറിക്കഴിഞ്ഞിരുന്നു. അനാഥ മക്കൾക്ക് മതാധ്യാപനങ്ങളിൽ പരിശീലനം നൽകുന്നതിന് നൂറുൽ ഇസ്‌ലാം മദ്‌റസയിൽ കേരളത്തിന്റെ നാനാദിക്കുകളിൽനിന്നും പ്രഗത്ഭരായ ഇസ്വ്‌ലാഹീ പണ്ഡിതന്മാർ വന്നുചേർന്നു. യതീംഖാനയുടെ നടത്തിപ്പിന് നേതൃത്വം നൽകിയ ഇ.കെ. മൗലവി, മദ്‌റസയുടെ അധികം ദൂരത്തല്ലാതെ താമസിച്ചിരുന്ന യതീംഖാനയുടെ സ്ഥാപക നേതാവ് കെ.എം. മൗലവി എന്നിവർക്കു പുറമെ, അധ്യാപകരായി സേവനം ചെയ്തിരുന്ന കെ.കെ.എം. ജമാലുദ്ദീൻ മൗലവി, പറപ്പൂർ അബ്ദുറഹ്‌മാൻ മൗലവി, എം.സി.സി.അബ്ദുറഹ്‌മാൻ മൗലവി, എം.സി.സി. ഹസൻ മൗലവി, കെ.ഉമർ മൗലവി, പി.വി.മുഹമ്മദ് മൗലവി, പി.എൻ. മുഹമ്മദ് മൗലവി, പി.പി. ഉബൈദുല്ല മൗലവി, ഫലഖി മുഹമ്മദ് മൗലവി, എൻ.വി. അബ്ദുസ്സലാം മൗലവി, എ.കെ.അബ്ദുൽ ലത്വീഫ് മൗലവി, ആനമങ്ങാട് മൊയ്തീൻ കുട്ടി മൗലവി, കൊടുവള്ളി മുഹമ്മദ് മൗലവി, താനാളൂർ കുഞ്ഞിമുഹമ്മദ് മൗലവി, പറവണ്ണ ഇസ്ഹാഖ് മൗലവി, സഅദുദ്ദീൻ മൗലവി തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരെല്ലാം മിക്ക ദിവസങ്ങളിലും നൂറുൽ ഇസ്‌ലാമിന്റെ വരാന്തയിൽ ഒത്തുചേർന്നു. ഇസ്വ്‌ലാഹീ പണ്ഡിത കേരളത്തിന്റെ ഒരു പരിച്ഛേദമായി മാറി ആ സംഗമങ്ങൾ. ആദർശ പ്രബോധനത്തിനുവേണ്ടിയുള്ള വൈവിധ്യമാർന്ന പ്രവർത്തന പദ്ധതികൾ അവിടെവച്ച് ആസൂത്രണം ചെയ്യപ്പെട്ടു. എവിടെയെല്ലാം മതപ്രസംഗങ്ങൾ സംഘടിപ്പിക്കണം, യാഥാസ്ഥിതിക വിഭാഗങ്ങൾ നടത്തിയ വഅളുകൾക്ക് മറുപടി പറയേണ്ടതെവിടെയെല്ലാം, വാദപ്രതിവാദങ്ങളിൽ സ്വീകരിക്കേണ്ട സമീപനങ്ങൾ എന്തെല്ലാം, അടുത്ത വെള്ളിയാഴ്ച ജുമുഅ ഖുത്വുബക്ക് ഏതെല്ലാം പള്ളികളിൽ ആരൊക്കെ പോകണം, നാട്ടിൽ നടക്കുന്ന നികാഹുകളിൽ ഖുതുബകൾ നിർവഹിക്കേണ്ടത് ആരെല്ലാം... തുടങ്ങിയ സുപ്രധാന കാര്യങ്ങളെല്ലാം ചർച്ച ചെയ്തു തീരുമാനിക്കുന്ന വേദിയായി ആ സംഗമങ്ങൾ മാറി. മതവിഷയങ്ങളിൽ ഗഹനമായ പണ്ഡിത ചർച്ചകളും സംഭാഷണങ്ങളും അവിടെ അരങ്ങേറി. അത്തരം സൗഹൃദ ചർച്ചകളെക്കുറിച്ച് കെ.കെ.എം. ജമാലുദ്ദീൻ മൗലവി എഴുതിയ ഒരു അനുഭവക്കുറിപ്പ് കാണുക:

“ഒരു മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം നൂറുൽ ഇസ്‌ലാം മദ്‌റസയിലിരുന്നു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാനും അദ്ദേഹവുമായി (കെ.എം. മൗലവി) ഒരു വിഷയത്തിൽ അഭിപ്രായവ്യത്യാസം വന്നുവശായി. മൗലാനയുടെ അഭിപ്രായം ശരിവെച്ചുകൊടുക്കാൻ എന്റെ മനഃസാക്ഷി അനുവദിച്ചില്ല. വിനയത്തോടു കൂടിയാണെങ്കിലും എന്റെ എതിർപ്പ് തുടരുകതന്നെ ചെയ്തു. അവിടത്തേക്ക് ദേഷ്യം പിടിച്ചു. തന്റെ വടിയെടുത്തു ‘തല്ലും ഞാൻ നിങ്ങളെ’ എന്ന് ശബ്ദിച്ചു. ‘തല്ലിയാൽ ഞാൻ കൊണ്ടുകൊള്ളാം. ഇവിടന്നു ആ പറഞ്ഞത് സമ്മതിച്ചുതരില്ല’ എന്ന എന്റെ മറുപടിക്കുശേഷം ഇ.കെ. മൗലവി സാഹിബും ഇടപെട്ടു എന്നെ അനുകൂലിക്കാൻ തുടങ്ങി. അപ്പോഴേക്കും ഇശാ നമസ്‌കാരത്തിന്റെ ബാങ്കുകേട്ടു. സംസാരം നിലച്ചു. മൗലാനയുടെ ഏതു കാര്യവും-തനിക്ക് ഏറ്റവും ആനന്ദം കൊടുക്കുന്ന ഗ്രന്ഥപാരായണം പോലും-ബാങ്കു കേട്ടാൽ പിന്നെ തുടർന്നുപോകാറില്ല.

പിറ്റെന്നാൾ രാവിലെ അദ്ദേഹം എന്നെ വന്നു വിളിച്ചു: ‘ഇന്നലെ നിങ്ങൾ പറഞ്ഞതാണ് ഹഖ്. എന്റെ ഖൽബിൽ പിന്നീടതോർമ വന്നു. ഇവിടുന്നു തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ഞാൻ തീരെ സമ്മതിക്കാഞ്ഞത്. ഞാൻ തല്ലും എന്നു പറഞ്ഞത് എന്റെ പക്കൽ വന്ന ഖഥ്അ് ആണ്. അതു പൊരുത്തപ്പെടണം.’

‘തല്ലിയാൽ തന്നെയും ഇവിടുന്നത് എന്നെക്കൊണ്ടു പൊരുത്തപ്പെടീക്കേണ്ടതില്ല. മേലിൽ തല്ലുന്നതിനും എനിക്ക് സന്തോഷക്കുറവുണ്ടാകയില്ല. പക്ഷേ, എനിക്ക് സങ്കടകരമായ ഒന്ന് ഇവിടന്ന് ചെയ്തിട്ടുണ്ട്. ഞാൻ പൊരുത്തപ്പെടാത്തത്.’

‘അതെന്താണെന്ന് എനിക്കറിയണം’ ജിജ്ഞാസയോടെ അദ്ദേഹം പറഞ്ഞു. ‘അങ്ങനെ യാതൊന്നും നമ്മുടെയിടയിൽ ഉണ്ടാകരുതല്ലോ. എന്താണത്? പറയണം. പറയാതിരിക്കരുത്.’

‘എന്നോട്, പൊരുത്തപ്പെടണം എന്നാവശ്യപ്പെട്ടത് എനിക്ക് തീരെ പറ്റീട്ടില്ല.’

‘നിങ്ങളുടെ തമാശ’ എന്നുപറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം എന്റെ കൈപ്പലക്കൊന്നു മേടി.’’ (91)

ഇത്തരത്തിൽ ആദർശപങ്കിലമായ സൗഹൃദ സംഭാഷണങ്ങളിലൂടെ പരസ്പരം പങ്കുവെച്ചും തിരുത്തിയും വൈജ്ഞാനിക വിനിമയത്തിന് തിരൂരങ്ങാടി യതീംഖാനയും നൂറുൽ ഇസ്‌ലാം മദ്‌റസയും വേദിയായി.

ഈ പണ്ഡിതരെയെല്ലാം ആദരിച്ചും സ്‌നേഹിച്ചും സഹായിച്ചും ഒരു മഹാമനുഷ്യൻ തിരൂരങ്ങാടിയിലുണ്ടായിരുന്നു എന്നത് അനാഥ സംരക്ഷണത്തിലെന്നപോലെ പ്രബോധനമേഖലക്കും ഒരു വലിയ മുതൽക്കൂട്ടായിരുന്നു. തൗഹീദിന്റെയും സുന്നത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊണ്ട എം.കെ.ഹാജി എന്ന ആ സാത്വികൻ പ്രബോധന സംരംഭങ്ങളിലെല്ലാം ഈ പണ്ഡിതർക്ക് താങ്ങും തണലുമായി. തിരുരങ്ങാടിയിലും പരിസര പ്രദേശങ്ങളിലും ഈ പണ്ഡിതരെക്കൊണ്ട് പ്രസംഗിപ്പിക്കുകയും അതിനുള്ള വേദികൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നതിനായി അദ്ദേഹം പരിശ്രമിച്ചു. യാഥാസ്ഥിതികരിൽനിന്നു രൂക്ഷമായ എതിർപ്പുകളുണ്ടാകുകയും കല്ലേറുപോലുള്ള അക്രമങ്ങളുണ്ടാകുകയും ചെയ്തപ്പോഴെല്ലാം അദ്ദേഹം നേരിട്ടു രംഗത്തിറങ്ങുകയും സ്ഥിതി ശാന്തമാക്കുകയും പണ്ഡിതൻമാരുടെ പ്രസംഗം തുടരാൻ അവസരമുണ്ടാക്കുകയും ചെയ്ത സംഭവങ്ങളേറെയാണ്.

നൂറുൽ ഇസ്‌ലാം മദ്‌റസയിൽ രാത്രികാലങ്ങളിൽ ഈ പണ്ഡിതൻമാരുടെ നേതൃത്വത്തിൽ ക്വുർആൻ ക്ലാസുകളും മറ്റും നടന്നുവരാറുണ്ട്. ഇതിനെതിരെ രംഗത്തിറങ്ങിയ യാഥാസ്ഥിതിക വിഭാഗത്തെ പ്രതിരോധിക്കാൻ വേണ്ടി നടത്തിയ ശ്രമം അക്കാലത്ത് നൂറുൽ ഇസ്‌ലാമിലെ വിദ്യാർഥിയായിരുന്ന തിരൂരങ്ങാടിയിലെ പി.ഒ.ഹംസ ഉദ്ധരിച്ചത് ഇവിടെ ഒരു ഉദാഹരണമായി കുറിക്കട്ടെ:

“നൂറുൽ ഇസ്‌ലാം മദ്രസയിൽ രാത്രികാലങ്ങളിൽ നടത്തുന്ന ഖുർആൻ ക്ലാസുകളും മറ്റു പഠനപരിപാടികളും വഹാബിസം പഠിപ്പിക്കാനാണെന്ന പരാതിയുമായി ചിലർ മുന്നോട്ടു വന്നു. ഇവരുടെ നേതൃത്വത്തിൽ റഷീദ് മുസ്‌ല്യാർ എന്ന ഒരാൾ കെ.എം.മൗലവിയെയും മറ്റും ആക്ഷേപിച്ചും മദ്രസയെ കുറ്റപ്പെടുത്തിയും വഅള് പറഞ്ഞു. എതിർപ്പു രൂക്ഷമായപ്പോൾ കെ.എം.മൗലവിയുടെയും എം.കെ.ഹാജിയുടെയും നേതൃത്വത്തിൽ ഒരു കമ്മറ്റിയുണ്ടാക്കി പ്രസംഗ പരമ്പരയിലൂടെ മറുപടി പറയാൻ തീരുമാനിച്ചു. നൂറുൽ ഇസ്‌ലാം മദ്രസക്ക് എതിർവശമുള്ള പ്രസ്തുത ചിനക്കൽ പള്ളിയിൽ വെച്ചായിരുന്നു ഈ പ്രസംഗ പരമ്പര. പ്രസംഗ വേളയിൽ മറുപക്ഷത്ത് നിന്ന് അപശബ്ദങ്ങൾ പുറപ്പെടുവിക്കലും കൂകിവിളിക്കലും പതിവായിരുന്നു. കൂടാതെ, മുജാഹിദുകൾക്ക് നേരെ പല പ്രകോപനങ്ങളും ഭീഷണികളും നടന്നു. പ്രസംഗം തടസ്സപ്പെടുത്താൻ ഒരുദിവസം അവർ വരുന്നുണ്ടെന്നു മുജാഹിദുകൾക്ക് വിവരം കിട്ടി. വരുന്നവർ വരട്ടെ, അപ്പോൾ കാണാം എന്ന ഭാവമായിരുന്നു എം.കെ.ഹാജിക്ക്. പ്രസംഗസമയത്ത് കെ.എം.മൗലവി നൂറുൽ ഇസ്‌ലാം മദ്രസയുടെ വരാന്തയിലുള്ള ബെഞ്ചിൽ വന്നിരിക്കും. അവിടെയിരുന്നാൽ പള്ളി പൂമുഖത്ത് നിന്നു പ്രസംഗിക്കുന്ന ആളെ കാണാനും പ്രസംഗം കേൾക്കാനും സൗകര്യമുണ്ട്. അന്നും അങ്ങനെ വന്നിരുന്നു. ക്ഷമ കൈവിടരുതെന്നും ധൈര്യം പാലിക്കണമെന്നും അല്ലാഹു നമ്മുടെ കൂടെയുണ്ടാവുമെന്നും ആശ്വസിപ്പിച്ചു. എം.കെ.ഹാജി സമീപത്തായി ചുറ്റിക്കറങ്ങി നടക്കുന്നു. മുജാഹിദുകൾ മദ്രസയുടെ സമീപത്തും മറുപക്ഷം പള്ളിയുടെ തെക്കുകിഴക്കു നെച്ചിക്കാടുള്ള ഭാഗത്തുമാണ് കേന്ദ്രീകരിച്ചിരുന്നത്. പതിവു പോലെ മഗ്‌രിബ് നമസ്‌കാരാനന്തരം പ്രസംഗം ആരംഭിച്ചു. മർഹൂം വെട്ടം അബ്ദുള്ള ഹാജിയാണ് അന്ന് പ്രസംഗിച്ചത് എന്നാണ് ഓർമ്മ. ശിർക്കന്മാരെ വെല്ലുവിളിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം തുടങ്ങിയിട്ടു കുറച്ചു നേരമായി. പെട്ടെന്നു മറുപക്ഷക്കാരുടെ പിന്നിൽ നിന്ന് ഉച്ചത്തിലുള്ള ഒരു ‘കടപൊടാ’ ശബ്ദം. അടി തുടങ്ങി എന്നു കരുതി നെച്ചിക്കാട്ടിൽ ഇരുട്ടിൽ അങ്ങുമിങ്ങും കൂടിനിന്നിരുന്ന മറുപക്ഷം വിഭ്രാന്തരായി ഓടാൻ തുടങ്ങി. യഥാർത്ഥത്തിൽ ചരലും പാറയുമുള്ള സമീപത്തെ ചെമ്മണ്ണ് റോഡിലൂടെ ഇരുട്ടിൽ ഒരു കാള വണ്ടി കടന്നുവരുന്ന ശബ്ദമായിരുന്നു അവർ കേട്ടത്. എന്താണ് സംഭവിക്കുന്നത് എന്ന ആശങ്കയിലായിരുന്നു മുജാഹിദുകൾ. മറുപക്ഷത്തെ മിക്കവരും ഓടിപ്പോയതോടെ പരിസരം ശാന്തമായി. മുജാഹിദുകളും അനുഭാവികളും ശാന്തരായി പ്രസംഗം കേൾക്കുന്നത് തുടർന്നു.’’(92)

ചുരുക്കിപ്പറഞ്ഞാൽ തിരൂരങ്ങാടിയുടെ മത-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരികലോകം കെട്ടിപ്പടുക്കുന്നതിൽ എം.കെ. ഹാജി സാഹിബിന്റെയും മേൽപറഞ്ഞ ഇസ്വ്‌ലാഹീ പണ്ഡിതൻമാരുടെയും പങ്ക് നിഷേധിക്കാനാവാത്തതാണ്. ഈ പണ്ഡിതൻമാരുടെ കൂട്ടത്തിൽ ഗണനീയമായ സ്ഥാനം ഇ.കെ. മൗലവിക്കുണ്ടായിരുന്നു എന്ന് പറഞ്ഞാൽ അത് തെറ്റാവുകയില്ല. യതീംഖാനയിലെ പൂർവ വിദ്യാർഥിയും മലപ്പുറം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലും ഇ.കെ.മൗലവിയുടെ ശിഷ്യനുമായിരുന്ന പ്രൊഫ. അബൂബക്കർ ഇ.കെ.മൗലവിയെക്കുറിച്ച് അനുസ്മരിക്കുന്നത് കാണുക:’’തിരൂരങ്ങാടി യതീംഖാനയുടെ മാനേജരായിരിക്കെ സദാ നൂറുൽ ഇസ്‌ലാം മദ്രസയിൽ വന്ന് മേൽനോട്ടം നടത്തുകയും ക്ലാസെടുക്കുകയും ചെയ്യൽ അദ്ദേഹത്തിന്റെ ഒരു പതിവു ചടങ്ങായിരുന്നു. കുട്ടികളുടെ നാനാമുഖമായ പുരോഗതിയിൽ അതിയായ ഉൽക്കർഷേച്ഛുവായിരുന്നു മൗലവി. തിരൂരങ്ങാടി യതീംഖാനയിലെ ഒരു അന്തേവാസി എന്ന നിലയിൽ നൂറുൽ ഇസ്‌ലാമിൽ പഠിക്കുന്ന കാലത്ത് മൗലവിയുടെ ശിഷ്യത്വം സ്വീകരിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്.’’ (93)


അവലംബം:

91. കെ.എം.മൗലവി സ്മരണികയിൽ കെ.കെ.എം.ജമാലുദ്ദീൻ മൗലവിയുടെ ഓർമക്കുറിപ്പ്.

92. പി.ഒ.ഹംസ, തിരൂരങ്ങാടി യതീംഖാന പ്ലാറ്റിനം ജൂബിലി സുവനീർ, പേജ് 34,35.

93. പ്രൊഫ.അബൂബക്കർ, നൂറുൽ ഇസ്‌ലാം മദ്‌റസ അറുപതാം വാർഷിക സമ്മേളന സോവനീർ, പേജ് 107.