ഐക്യസംഘത്തിലേക്ക്

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 മെയ് 04, 1445 ശവ്വാൽ 25

ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 7

നിഷ്പക്ഷസംഘം അടിക്കടി പുരോഗമിച്ചുവന്നു. അംഗങ്ങളും ശാഖകളും വർധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ആയിടയ്ക്കാണ് അതിന്റെ ഒരു പൊതുയോഗം (1922ൽ) എറിയാട് ചന്തയുടെ മൈതാനത്ത് വിളിച്ചുകൂട്ടിയത്. ആവേശത്തോടും ഉത്സാഹത്തോടും കൂടി പ്രവർത്തകർ അതിൽ പങ്കെടുത്തു. നിഷ്പക്ഷ സംഘത്തിനുണ്ടായ വിജയവും ജനസമ്മതിയും അവരിൽ ശുഭപ്രതീക്ഷയും പ്രവർത്തനൗത്സുക്യവും വളർത്തിയിരുന്നു. ഇത് ഒരു ‘താൽകാലിക സംഘം’ മാത്രമായാൽ പോരെന്നും കേരളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ശക്തമായ പ്രസ്ഥാനമായിരിക്കണമെന്നും പ്രവർത്തകർ അഭിപ്രായപ്പെട്ടു. അങ്ങനെ ‘നിഷ്പക്ഷസംഘം’ ആ യോഗത്തിൽ വെച്ച് കേരളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ‘കേരള മുസ്‌ലിം ഐക്യസംഘ’മായി മാറി.

നിഷ്പക്ഷ സംഘം കേരള മുസ്‌ലിം ഐക്യസംഘമായി മാറിയപ്പോഴും ശൈഖ് ഹമദാനി തങ്ങൾ അതിന്റെ മുൻനിരയിലുണ്ടായിരുന്നു. വക്കം മൗലവിയുടെ ‘മുസ്‌ലിം,’ ‘ഇസ്‌ലാം,’ ‘സ്വദേശാഭിമാനി’ തുടങ്ങിയ പത്രങ്ങളിൽ സമുദായോദ്ധാരണത്തിനുള്ള നിർദേശങ്ങൾ സമർപ്പിച്ചുകൊണ്ട് അദ്ദേഹം നിരവധി ലേഖനങ്ങളെഴുതിയിരുന്നു. അന്ധവിശ്വാസാനാചാരങ്ങൾ തിരുത്താനും സമുദായത്തിൽ ഐക്യം വളർത്താനും ആഹ്വാനം ചെയ്തുകൊണ്ട് ‘ഉൽഫത്തുൽ ഇസ്‌ലാം’ (ഇസ്‌ലാമികൈക്യം) എന്ന പേരിൽ ഒരു ഗ്രന്ഥവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനകം തന്നെ മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിക്കായി നിരവധി പദ്ധതികൾ അദ്ദേഹം ആസൂത്രണം ചെയ്തിരുന്നു. അലീഗഢ് സർവകലാശാലാ മാതൃകയിൽ ഒരു ഉന്നതകലാലയം സ്ഥാപിക്കാനായി അന്നത്തെ ദിവാനായിരുന്ന പി.രാജഗോപാലാചാരിയെക്കൊണ്ട് എട്ടേക്കർസ്ഥലം സൗജന്യമായി ആലുവയിൽ പതിപ്പിച്ചുവാങ്ങാൻ അദ്ദേഹത്തിനു സാധിച്ചുവെങ്കിലും ആ ലക്ഷ്യം സഫലമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. നിഷ്പക്ഷ സംഘം ഐക്യസംഘമായി മാറിയ ഏറിയാട് സമ്മേളനം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം (1922ൽ) അദ്ദേഹം അന്തരിച്ചു. ആലുവയിൽ തുടങ്ങാൻ നിശ്ചയിച്ചിരുന്ന കലാലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പിന്നീട് ഐക്യസംഘം തയ്യാറായെങ്കിലും അത് പൂർത്തിയാക്കാൻ ഐക്യസംഘത്തിനും സാധിച്ചില്ല.

ഐക്യസംഘത്തിന്റെ രൂപീകരണത്തിൽ മുഖ്യപങ്കു വഹിച്ചവരിൽ ഹാജി കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബ്, അദ്ദേഹത്തിന്റെ സീമന്തപുത്രൻ കെ.എം.സീതി സാഹിബ്, മണപ്പാട് പി. കുഞ്ഞഹമ്മദ് ഹാജി, കെ.കെ.മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ്, പുത്തൻവീട്ടിൽ കെ.എം.കുഞ്ഞുമുഹമ്മദ് സാഹിബ് എന്നിവരോടൊപ്പം മലബാറുകാരായ ഇ.കെ.മൗലവി, കെ.എം.മൗലവി, ടി.കെ.മുഹമ്മദ് മൗലവി, ഇ.മൊയ്തു മൗലവി, കാസർക്കോട്ടുകാരായ അറബിച്ചെമ്മനാട്, മൗലവി മുഹമ്മദ് ശറൂൽ തുടങ്ങിയവരും ഉൾപ്പെടുന്നു. ശൈഖ് ഹമദാനി തങ്ങൾ പ്രസിഡന്റും ഹാജി കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബ് കാര്യദർശിയുമായി സംഘത്തിന്റെ കമ്മിറ്റി നിലവിൽ വന്നു. സംഘത്തിന്റെ പ്രഥമ സഹകാര്യദർശി ഇ.കെ.മൗലവിയായിരുന്നു.

അല്ലാഹുവിന്റെ പാശമാകുന്ന ക്വുർആനും അതിന്റെ വിശദീകരണമാകുന്ന സുന്നത്തും മുറുകെ പിടിച്ചുകൊണ്ടായിരിക്കണം ഐക്യസംഘം മുന്നോട്ടു പോകേണ്ടത് എന്ന നിശ്ചയദാർഢ്യം അതിന്റെ നായകന്മാർക്കുണ്ടായിരുന്നു. അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുന്നത് ഐക്യത്തോടെ ഒന്നിച്ചായിരിക്കണമെന്നും അവിടെ ഭിന്നിപ്പ് പാടില്ലെന്നും ക്വുർആൻ തന്നെ വ്യക്തമാക്കിയതാണ്. അതുകൊണ്ടായിരിക്കണം കേരളാടിസ്ഥാനത്തിൽ രൂപീകൃതമായ പ്രഥമ ഇസ്വ‌്‌ലാഹീ സംഘം അതിന്റെ പേരിൽതന്നെ ‘ഐക്യ’ത്തിന് അർഹമായ സ്ഥാനം നൽകിയത്. നൂറ്റാണ്ടുകളായി ഭിന്നിച്ചുകഴിഞ്ഞിരുന്ന രണ്ടു വിഭാഗത്തെ ഇസ്‌ലാമിലൂടെ ഇണക്കുവാൻ മുഹമ്മദ് നബിﷺക്ക് സാധിച്ചത് അല്ലാഹുവിൽനിന്നുള്ള മഹത്തായ ഒരനുഗ്രഹമായി ക്വുർആൻ എടുത്തുകാട്ടിയത് ഇത്തരുണത്തിൽ സ്മരണീയമത്രെ. സമുദായൈക്യം കെട്ടിപ്പടുക്കുന്നതിൽ ഈ സംഘടന കൈവരിച്ച നേട്ടങ്ങൾ സ്തുത്യർഹമാണ്. ഇസ്വ‌്‌ലാഹീ പ്രവർത്തകർ അന്നും ഇന്നും എന്നും സമുദായൈക്യത്തിന്റെ സന്ദേശവാഹകരാണെന്ന കാര്യം ആരാലും നിഷേധിക്കുക സാധ്യമല്ല.

സമൂഹത്തിൽ കൊടികുത്തിവാണിരുന്ന അന്ധവിശ്വാസ-അനാചാരങ്ങൾക്കെതിരെയും ഐക്യസംഘം ശ്രദ്ധയൂന്നി. മിക്ക അനാചാരങ്ങളും ശിർക്കു കലർന്നവയായതിനാൽ ശിർക്കിനെതിരെ ആഞ്ഞടിക്കുക എന്നതും ഐക്യസംഘത്തിന്റെ പ്രധാന അജണ്ടയായിരുന്നു. സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉന്മൂലനം ചെയ്യാൻ സാധിക്കണമെങ്കിൽ സമൂഹം വിദ്യാഭ്യാസപരമായി പുരോഗതി പ്രാപിക്കേണ്ടതുണ്ട് എന്നതായിരുന്നു ഐക്യസംഘത്തിന്റെ നിലപാട്. അതിനാൽ സമൂഹത്തിന് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിലും ഐക്യസംഘം ശ്രദ്ധിച്ചു. അന്ധവിശ്വാസ-അനാചാരങ്ങൾക്കെതിരായ പ്രചാരണങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും മറ്റുമായിരുന്നു ഐക്യസംഘത്തിന്റെ പ്രധാന കർമ മണ്ഡലങ്ങൾ.

സമുദായത്തിന്റെ പൊതുനന്മ കണക്കിലെടുത്ത് അഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി നിൽക്കുക, പുസ്തകങ്ങൾ, ലഘുലേഖകൾ, പ്രസംഗങ്ങൾ എന്നിവയിലൂടെ പുരോഗമനാത്മക കാഴ്ചപ്പാടുകൾ സമുദായത്തിലേക്ക് എത്തിക്കുക, പരിഹരിക്കപ്പെടാത്ത തർക്കങ്ങൾ തെരഞ്ഞെടുക്കപ്പെട്ട സാമുദായിക നേതാക്കളുടെ നേതൃത്വത്തിൽ ഒത്തുതീർപ്പിലാക്കുക, തർക്കങ്ങളിൽനിന്നു പിന്തിരിയുന്നതിനായി അവർക്ക് പ്രേരണ നൽകുക, മുസ്‌ലിം പണ്ഡിതന്മാരെ ഉൾപ്പെടുത്തി ഒരു സംഘടന രൂപീകരിക്കുക, മുസ്‌ലിംകളുടെ സാമുദായികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുക തുടങ്ങിയവയെല്ലാം ഐക്യസംഘത്തിന്റെ ലക്ഷ്യങ്ങളായിരുന്നു.

ഐക്യസംഘത്തിന്റെ വരവോടെയുണ്ടായ പുതിയ ചലനങ്ങൾ തൗഹീദീ മുന്നേറ്റങ്ങൾക്ക് സാക്ഷിയായതുപോലെ മുസ്‌ലിം വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾക്ക് കാരണമായിട്ടുണ്ട്. വിദ്യാഭ്യാസം മുസ്‌ലിം കുടുംബങ്ങളിൽ സാർവത്രികമായി മാറി. മുസ്‌ലിം സമുദായത്തിൽനിന്നും ഒട്ടേറെ പേർ ഉന്നത സ്ഥാനങ്ങളിലെത്തിപ്പെടാൻ സംഘത്തിന്റെ പ്രവർത്തനങ്ങൾ കാരണമായി. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഉദ്യോഗസ്ഥകളായ നിരവധി മുസ്‌ലിം സ്ത്രീകൾ എറിയാട്ടുനിന്നും പരിസര പ്രദേശങ്ങളിൽനിന്നും ഉയർന്നുവന്നത് ഐക്യസംഘം സാധിച്ച വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ നേട്ടങ്ങളായിരുന്നു എന്നതിൽ സംശയമില്ല. ഈ നേട്ടങ്ങളിൽ വലിയൊരു പങ്ക് ഇ.കെ.മൗലവിയുടെതായിരുന്നു എന്ന് പറയാവുന്നതാണ്.

ഐക്യസംഘത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊടുങ്ങല്ലൂർ പ്രദേശത്ത് മാത്രമായി ഒതുങ്ങിനിന്നില്ല. ഇ.കെ.മൗലവിയും സംഘവും കൊടുങ്ങല്ലൂരിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സമാനമായി അദ്ദേഹത്തിന്റെ സഹപ്രവർത്തകനും ഐക്യസംഘത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന മൗലവി ശെറൂൽ സാഹിബ് കാസർഗോഡ് ഉൾപ്പെടുന്ന തെക്കൻ കാനറ പ്രദേശങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ദേശീയസമര പ്രസ്ഥാനത്തിലും ശെറൂൽ സാഹിബ് സജീവമായിരുന്നു. ഇ.കെ.മൗലവിയുമായി ശക്തവും നിരന്തരവുമായ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇ.കെ.മൗലവിക്കു പുറമെ കെ.പി.കേശവമേനോൻ, കെ.മാധവൻ നായർ, യു.ഗോപാലമേനോൻ, അമ്പലക്കാട്ട് കരുണാകര മേനോൻ, മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ്, കട്ടിലശ്ശേരി മുഹമ്മദ്കുട്ടി മൗലവി, കെ.എം.മൗലവി എന്നിവരുമായും ശെറൂൽ സാഹിബ് നിരന്തരം ബന്ധപ്പെട്ടിരുന്നു. അവരുടെ പ്രവർത്തനങ്ങൾക്ക് വിലപ്പെട്ട സംഭാവനകളും ശെറൂൽ സാഹിബ് നൽകുമായിരുന്നു. ദേശീയ സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ‘മാതൃഭൂമി’ ദിനപത്രത്തിന്റെ അക്കാലത്തെ സാരഥികളെയെല്ലാം നേരിൽ പോയി കണ്ട് പരിചയപ്പെടുകയും അവരുടെ ആശയങ്ങൾ നാട്ടിൽ പ്രചരിപ്പിക്കാൻ മുന്നിൽ നിൽക്കുകയും ചെയ്തിരുന്ന ദേശസ്‌നേഹി കൂടിയായിരുന്നു ശെറൂൽസാഹിബ്. അവരുമായി കത്തിടപാടുകൾ നടത്തുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു.

മുസ്‌ലിം സമുദായ പരിഷ്‌കരണ പ്രസ്ഥാനമായ കേരള മുസ്‌ലിം ഐക്യസംഘം കൊടുങ്ങല്ലൂരിൽ പിറന്ന കാലം (1923) മുതൽ അതിന്റെ നേതാവായിരുന്നു ശെറുൽ എന്ന് ഇ.കെ.മൗലവി എഴുതിയിട്ടുണ്ട്. കുട്ടികളെ സ്‌കൂളിലയക്കാത്ത രക്ഷിതാക്കളെ ബഹിഷ്‌കരിക്കണം എന്ന ശെറൂലിന്റെ ആഹ്വാനം അന്ന് കടുത്ത എതിർപ്പുയർത്തിയിരുന്നു. ശെറൂൽ കുടുംബമായിരുന്നു അന്ന് തെക്കൻ കനറയിലെ പല പള്ളികളുടെയും നടത്തിപ്പിന്റെ ചെലവു വഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആഹ്വാനത്തിന് ബലം കൂടുതലുണ്ടായിരുന്നു. ജമാഅത്ത് ബഹിഷ്‌കരണം ഭയന്നെങ്കിലും കുട്ടികളെ അക്ഷരം പഠിപ്പിക്കാനയക്കട്ടെ എന്ന ഉദ്ദേശ്യമെ ശെറുലിനുണ്ടായിരുന്നുള്ളൂ.

വടക്കേ മലബാറിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുഴുകി മലയാളം പ്രചരിപ്പിക്കാനും ശെറൂൽ സാഹിബ് മുൻകൈയെടുത്തു. 1922ൽ അദ്ദേഹം സ്വന്തം ഗ്രാമമായ അംഗടിമുഗറിൽ സ്ഥാപിച്ച എയ്ഡഡ് സ്‌കൂൾ പഴയ കാസർകോട് താലൂക്കിലെ ആദ്യ മലയാളംസ്‌കൂളുകളിൽ ഒന്നാണ്. 1926ൽ ഫിഷറീസ് വകുപ്പിനെക്കൊണ്ട് ഒരു സ്‌കൂൾ സ്ഥാപിക്കാൻ അദ്ദേഹം പരിശ്രമിച്ചിരുന്നു. കവി ടി. ഉബൈദായിരുന്നു അവിടത്തെ ആദ്യ അധ്യാപകൻ. ദേശീയപ്രസ്ഥാന നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ശെറുൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായിരുന്നു.(24)

അനാചാരങ്ങൾക്കെതിരെ

ജനങ്ങളെ ക്വുർആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്നതിനു പുറമെ, അനാചാരങ്ങളെ സദുപദേശങ്ങളിലൂടെ തടയുവാനാണ് ഐക്യസംഘം ശ്രമിച്ചത്. ഇസ്‌ലാമിന്റെ പ്രമാണങ്ങളായ പരിശുദ്ധ ക്വുർആനിന്റെയും തിരുസുന്നത്തിന്റെയും ആശയാദർശങ്ങൾക്കും ആഹ്വാനങ്ങൾക്കും തീർത്തും വിരുദ്ധമായിരുന്ന ശിർക്കിന്റെ തടിച്ച രൂപങ്ങളുടെ പ്രത്യക്ഷ പ്രകടനവും ഹറാമുകളുടെ കൂത്തരങ്ങുകളുമായിരുന്ന ചന്ദനക്കുടം, കൊടികുത്ത് നേർച്ച, റാത്തീബ്, മാല, മൗലൂദ് മുതലായ അനാചാരങ്ങളെ പ്രമാണങ്ങളുടെ വെളിച്ചത്തിൽ ശക്തിയുക്തം എതിർക്കാനും ഐക്യസംഘം നേതാക്കൾ പരിശ്രമിച്ചു. ഈ പരിശ്രമത്തിൽ ഇ.കെ.മൗലവി സംഘത്തിന്റെ മുന്നണിയിൽതന്നെ ഉണ്ടായിരുന്നു.

പൊന്നാനി താലൂക്കിലെ സായ്പിന്റെ പള്ളിയിലെ ചന്ദനക്കുടം നേർച്ച തൽക്കാലം നിർത്തിവെക്കാൻ സംഘത്തിന്റെ പ്രവർത്തനങ്ങൾമൂലം സാധിച്ചു. ചാവക്കാട്ടെ മണത്തല ഐദ്രുട്ടി മൂപ്പന്റെ ജാറത്തിൽ നടത്തിവരാറുള്ള കൊടികുത്ത് തടയുവാനുള്ള ശ്രമം തുടങ്ങിയതോടെ കൊടികുത്ത്, ചന്ദനക്കുടം മുതലായവ ജാഇസാണെന്നു മാത്രമല്ല, അവ ദീനിൽ ആവശ്യമാണെന്നുകൂടി വിധി കൽപിച്ചുകൊണ്ടുള്ള പണ്ഡിതരുടെ ‘ഫത്‌വ’കൾ പുറത്തുവന്നു. കൊടികുത്തിന്റെ ദോഷഭാഗങ്ങളെക്കുറിച്ചു പ്രസംഗിക്കാൻ ചെന്ന ഇ.കെ.മൗലവിയെയും സംഘത്തെയും അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം വന്നു വളഞ്ഞു. എന്നാൽ അവരുടെ ദ്രോഹത്തിൽനിന്നും അല്ലാഹു ആ നേതാക്കളെ രക്ഷപ്പെടുത്തി. ആ ശ്രമത്തിന് പൂർണഫലം കിട്ടിയില്ലെങ്കിലും അവർക്ക് നിരാശരാകേണ്ടിവന്നില്ല. മണത്തല കൊടികുത്തിന്റെ ജീവനും അതിന്റെ ഏറ്റവും വലിയ സാമ്പത്തിക സഹായിയുമായിരുന്ന ബീരാവു സ്വാഹിബ് അതിൽനിന്ന് പിന്മാറുകയും ഐക്യസംഘത്തോടൊപ്പം ചേരുകയും ചെയ്തു. അതോടെ ആ കൂത്താട്ടത്തിന്റെ ശക്തി ക്ഷയിക്കുകയും ചെയ്തു.

സാഹിബിന്റെ പള്ളി, മണത്തലപ്പള്ളി എന്നിവിടങ്ങളിലെചന്ദനക്കുടം നേർച്ചയും കൊടികുത്തുമെല്ലാം നിർത്തലാക്കാനുള്ള സംഘത്തിന്റെ ശ്രമങ്ങളെ ഉൾക്കൊള്ളാൻ യാഥാസ്ഥിതിക

മുസ്‌ലിംകൾക്കായിരുന്നില്ല. ചന്ദനക്കുടം നേർച്ച, കൊടികുത്ത് തുടങ്ങിയവയെ നിശിതമായി എതിർത്ത സംഘത്തിനെതിരെ ഒരു വിഭാഗം മുസ്‌ലിംകൾ വിമർശനങ്ങളഴിച്ചുവിട്ടു. ഇവയുടെ ഫലമായി ഒരു ഭാഗത്ത് ഐക്യസംഘം കൂടുതൽ ജനകീയമായി മാറുകയും മറുവശത്ത് യാഥാസ്ഥിതിക വിഭാഗം സംഘത്തിനെതിരെ വിദ്വേഷം ജനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

ജനകീയത പ്രേരകശക്തിയാക്കി മാറ്റിയും ജനവിദ്വേഷം പരിഹരിച്ചും ഐക്യസംഘം മുന്നോട്ട് നീങ്ങി. ഐക്യസംഘത്തിന്റെ ഓരോ വിജയവും യാഥാസ്ഥിതിക കോമരങ്ങളെ കലിതുള്ളിച്ചുവെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. സംഘടന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരസ്യമായി എതിർക്കാൻ തുടങ്ങിയപ്പോൾ അവയെ പൂവിട്ടു പൂജിക്കുന്ന യാഥാസ്ഥിതിക വർഗത്തിന്റെ എതിർപ്പുകൾ പൂർവാധികം ശക്തിപ്പെടുകയും അതിരൂക്ഷമായിത്തീരുകയും ചെയ്തു. ഐക്യസംഘത്തെയും അതിന്റെ പ്രവർത്തകരെയും എതിർക്കാൻ തങ്ങളുടെ പക്കലുണ്ടായിരുന്ന ആവനാഴിയിലെ മുഴുവൻ അസ്ത്രങ്ങളും അവർ പ്രയോഗിച്ചുതുടങ്ങി. എന്നാൽ ഇതൊന്നും ഐക്യസംഘം പ്രവർത്തകരെ പിന്തിരിപ്പിക്കുകയോ തളർത്തുകയോ ചെയ്തില്ലെന്നു മാത്രമല്ല അവരെ പൂർവോപരി ദൃഢചിത്തരും കർമനിരതരുമാക്കിത്തീർക്കുകയാണ് ചെയ്തത്. യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെയും അവരുടെ പ്രേരണയാൽ എന്തും ചെയ്യാൻ തയ്യാറായി നിന്ന സാധാരണ മുസ്‌ലിംകളുടെയും കഠിനമായ എതിർപ്പുകളെ നേരിട്ടുകൊണ്ടാണ് സമുദായോദ്ധാരണത്തിനായി ഐക്യസംഘത്തിന്റെ നേതാക്കൾ രംഗത്തിറങ്ങിയത്.


അവലംബം:

24. മാതൃഭൂമി ദിനപത്രം 06/05/2022