കെ. എം മൗലവിയെ വേട്ടയാടുന്ന അഭിനവ യാഥാസ്ഥിതികർ

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 ജൂലായ് 06, 1445 ദുൽഹിജ്ജ 29

ഏഴാം വാർഷികസമ്മേളനം

ഐക്യസംഘത്തിന്റെ ഏഴാം വാർഷികസമ്മേളനം 1929ൽ എറണാകുളത്തുവെച്ചു നടന്നു. ഈ സമ്മേളനം പറയത്തക്ക എതിർപ്പുകളില്ലാതെയാണ് നടന്നത്. അതിനു ചില കാരണങ്ങളുമുണ്ട്. അതിനെക്കുറിച്ച് ഇ.കെ.മൗലവി പറയുന്നത് കാണുക:

“എറണാകുളം വാർഷിക യോഗാധ്യക്ഷൻ അന്നു മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരുന്ന പരേതനായ ടി. എം. മൊയ്തു സാഹിബായിരുന്നു. അദ്ദേഹമാണ് പ്രസിഡന്റ് എന്ന് അറിഞ്ഞതോടെ അന്നത്തെ കൊച്ചി ഗവൺമെന്റ് അദ്ദേഹത്തെ ഗവൺമെന്റ് അതിഥിയായി സ്വീകരിക്കുകയുണ്ടായി. ഗവൺമെന്റ് അതിഥിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗം കലക്കാൻ അത്രവേഗം ആരും മുതിരില്ലല്ലോ. എന്നാലും അണിയറയിൽ ചില എതിർപ്പുകളും ഇല്ലാതിരുന്നില്ല. എറണാകുളം ടൗണിന്റെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന കലൂരിലും മറ്റും ചില സ്വകാര്യയോഗങ്ങൾ നടക്കുകയും വാർഷികയോഗത്തിൽ സാധാരണക്കാർ പങ്കെടുക്കാതിരിക്കാനായി പരസ്യമായല്ലെങ്കിലും രഹസ്യമായി പ്രചാരവേല നടത്തുകയും ചെയ്തുവന്നു. ഇതിന്റെ നേതൃത്വവും ഏതാനും മുസ്‌ല്യാക്കന്മാരും ത്വരീഖത്തുകാരും തന്നെയാണ് ഏറ്റെടുത്തത്. യോഗദിവസം അടുത്തതോടെ നാനാഭാഗങ്ങളിൽനിന്നും യോഗത്തിന്റെ അനുകൂലികൾ വന്നുചേർന്നുകൊണ്ടിരുന്നു. ഇവിടെ എതിർപ്പു കുറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. എറണാകുളത്തോട് തൊട്ടുകിടക്കുന്ന ഫോർട്ട് കൊച്ചിക്കാർ ഐക്യസംഘത്തിന്റെ ആദർശങ്ങൾക്കെതിരാണെങ്കിലും മട്ടാഞ്ചേരിയിൽ ഐക്യസംഘത്തിന്റെ ആദർശങ്ങളെ അനുകൂലിക്കുന്ന ഒരു പ്രബലകക്ഷിയും ഉണ്ടായിരുന്നു.ഈകക്ഷിയെപ്പറ്റിയും രണ്ടു വാക്കുപറഞ്ഞുകൊള്ളട്ടെ:

ഏതാണ്ട് ഒരു ശതവർഷങ്ങൾക്കു മുമ്പെന്നുതന്നെ പറയാം, മൗലവി അബ്ദുൽ കരീം എന്നൊരു മഹാൻ വന്നു താമസിക്കുകയുണ്ടായി. അക്കാലത്തുതന്നെ കുപ്പത്ത് ഉമ്മർ മുസ്‌ല്യാർ എന്ന പേരിൽ അറിയപ്പെടുന്ന ഒരാളും വന്നു താമസിക്കുന്നുണ്ടായിരുന്നു. ഉമ്മർ മുസ്‌ല്യാരെപ്പറ്റിയും ‘ലാ മൗജൂദ ഇല്ലല്ലാ’യെക്കുറിച്ചും അറിയുന്നവരായി ഇന്നും പലരെയും കാണാം. മൗലവി അബ്ദുൽ കരീം നല്ലൊരു മുജാഹിദാണ്. കുപ്പത്ത് ഉമ്മർ മുസ്‌ല്യാർ ശാദുലി ത്വരീഖത്തിന്റെ ശൈഖുമാണ്. ഇവർ രണ്ടു പേരും തമ്മിൽ പല വിഷയങ്ങളെപ്പറ്റിയും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും പല വാദപ്രതിവാദങ്ങളും നടക്കുകയുമുണ്ടായി. അക്കാലത്ത് മട്ടാഞ്ചേരിയിലെ ഹാജി അബ്ദുല്ലാ ഹാജി ആദം സേട്ട് മൗലവി അബ്ദുൽ കരീമിന് അഭയം നൽകുകയും അദ്ദേഹത്തെ എല്ലാവിധേനയും സഹായിക്കുകയും ചെയ്യുകയുമുണ്ടായി. തന്മൂലം അബ്ദുല്ലാ സേട്ടിനെയും അദ്ദേഹത്തിന്റെ കക്ഷികളെയും വഹാബീ മുദ്രയടിച്ചു പുറംതള്ളി. മാത്രമല്ല, സേട്ടിന്റെ കക്ഷിക്കുകൂടി കഴിയാൻതന്നെ പ്രയാസമായിത്തീർന്നു. അങ്ങനെയാണ് അദ്ദേഹം മട്ടാഞ്ചേരി ടൗണിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന പുതിയ ജുമുഅത്ത് പള്ളി പണിയിച്ചത്. ഒരു ധനാഢ്യനും ധർമിഷ്ഠനുമായ സേട്ട് സാഹിബിനെ പരസ്യമായി എതിർക്കാൻ ആർക്കും ധൈര്യമുണ്ടായില്ല. ഇന്നാവട്ടെ ആ പള്ളിയിൽ ജുമുഅക്ക് സ്ഥലം മതിയാവാതെയാണിരിക്കുന്നത്. അവിടത്തെ ജുമുഅഃ ഖുത്ബ മലയാളത്തിലായതുകൊണ്ട് അന്യസ്ഥലങ്ങളിൽനിന്നുപോലും ആളുകൾ വന്നുചേരുന്നുണ്ട്. സേട്ട് സാഹിബ് കാലഗതിയടഞ്ഞുപോയിട്ടുണ്ടെങ്കിലും പിൻഗാമികൾ രണ്ടു മദ്‌റസകളും രണ്ടു ജുമുഅത്ത് പള്ളിയും നടത്തിവരുന്നുണ്ട്. അദ്ദേഹത്തിന്റെ പിൻഗാമികളിൽപ്പെട്ട ഹാജി ഈസ ഹാജി അബ്ദുസ്സത്താർ സേട്ടിന്റെയും സഹോദരൻ ഹാജി ഇസ്ഹാഖ് ഹാജി അബ്ദുസ്സത്താർ സേട്ടിന്റെയും ഔദാര്യങ്ങൾ കക്ഷിഭേദമെന്യേ എല്ലാവരും അനുഭവിച്ചുവരുന്നുണ്ട്. ഹാജി ഈസ ഹാജി അബ്ദുസ്സത്താർ (കിക്കി) സേട്ടിന്റെ ഭാര്യ (ഇവരും ഹാജി അബ്ദുല്ലാ ഹാജി ആദം സേട്ടിന്റെ പിൻഗാമികളിൽപ്പെട്ട ഒരു വനിതയാണ്) ഈ മഹതിയുടെ വകയായി എറണാകുളത്ത് ഒരു മദ്‌റസയും ഒരു ജുമുഅഃ മസ്ജിദും പ്രശസ്തമായ നിലയിൽ നടന്നുവരുന്നുണ്ട്. ഇതിനും പുറമേ മട്ടാഞ്ചേരിയിൽതന്നെ വേറെയുംപല സ്ഥാപനങ്ങളുമുണ്ട്. ഇവരെല്ലാം അഹ്‌ലു ഹദീസുകളിൽ പെട്ടവരായതുകൊണ്ട് ഐക്യസംഘത്തിന്റെ ആദർശങ്ങളുമായി പൊരുത്തപ്പെട്ടുവരുന്നവരാണ്. അതുകൊണ്ടുതന്നെയാണ് ഐക്യസംഘത്തിന് എറണാകുളത്ത് വലിയ എതിർപ്പൊന്നും ഇല്ലാതിരുന്നത്.’’(46)

ഈ സമ്മേളനത്തിൽവച്ച് യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കേരള മുസ്‌ലിം യൂത്ത് ഓർഗനൈസേഷന്റെ യോഗം ചേരുകയും നേരത്തെ പ്രവർത്തിച്ചിരുന്ന കേരള മുസ്‌ലിം യംഗ്‌മെൻസ് അസോസിയേഷനെ പുനരുജ്ജീവിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. പലിശരഹിത സഹായനിധി എന്ന ആശയം മുസ്‌ലിം ബാങ്കായി പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികളാരംഭിച്ചത് ഈ സമ്മേളനത്തോടെയാണ്. ഹുണ്ടി കച്ചവടക്കാരും സ്വകാര്യധനകാര്യ സ്ഥാപനങ്ങളും പണം കടമായി നൽകി പലിശയിനത്തിൽ വൻതുക ഈടാക്കി ജനങ്ങളെ വളരെയധികം ചൂഷണം ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് അധിക ബാധ്യത നൽകാതെ ബാങ്ക് രൂപീകരിക്കുന്നത് പ്രയോജനം ചെയ്യും എന്ന് കരുതിയാണ് അങ്ങനെയൊരു തീരുമാനം അവർ കൈക്കൊണ്ടത്. പലിശയില്ലാതെ ഒരു ബാങ്ക് മുന്നോട്ട്

കൊണ്ടുപോകാൻ പ്രയാസമാണെന്നും പലിശ മുസ്‌ലിംകൾക്ക് ഹറാമായതിനാൽ കടമെടുക്കുന്നവർ സാമൂഹിക നന്മയെ കരുതിയെങ്കിലും കുറച്ച് തുക ബാങ്കിനു നൽകണമെന്നും കെ.എം. മൗലവി ‘രിസാലതുൻ ഫിൽ ബങ്ക്’ എന്ന കൃതിയിൽ എഴുതി. ‘ഹീലത്തുർരിബ’ എന്നായിരുന്നു കെ.എം. മൗലവി നൽകിയ ഈ ഫത്‌വ അറിയപ്പെട്ടത്. എന്നാൽ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ്, ഇ. മൊയ്തു മൗലവി, എം.സി.സി. അബ്ദുറഹ്‌മാൻ മൗലവി തുടങ്ങിയ പല ഐക്യസംഘം നേതാക്കളും ചെറുതെങ്കിലും അങ്ങനെയൊരു തുക കടക്കാരിൽനിന്നും വാങ്ങുന്നത് ഇസ്‌ലാം എതിർക്കുന്ന പലിശയിൽപെടുമെന്നും അത്തരമൊരു ബാങ്കിംഗിനെ ഇസ്‌ലാമികമായി കാണാനാവില്ലെന്നും വാദിച്ചു.

മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബും എം.സി.സി. അബ്ദുറഹ്‌മാൻ മൗലവിയും ഈ ബാങ്കിംഗിനെതിരെ അൽഅമീൻ മാസികയിൽ നിരന്തരം ലേഖനങ്ങളെഴുതി. അൽഅമീനു മറുപടിയായി കെ.എം.സീതിസാഹിബ് ഐക്യം മാസികയിലും അപ്പപ്പോൾ ഖണ്ഡനമെഴുതി. ക്വുർആനും ഹദീസും പ്രാമാണിക ഗ്രന്ഥങ്ങളും ഉദ്ധരിച്ചുകൊണ്ടാണ് ഇരുവരും തങ്ങളുടെ വാദങ്ങൾ അവതരിപ്പിച്ചത്. ‘റിസാലത്തുൻ ഫിൽ ബങ്കി’ൽ ശാഫിഈ മദ്ഹബിലെ പ്രധാന കർമശാസ്ത്ര ഗ്രന്ഥങ്ങളിലെ യഥേഷ്ടം ഉദ്ധരണികൾ കെ.എം.മൗലവി ഉദ്ധരിച്ചിരുന്നു. എം.സി.സി.യും അബ്ദുറഹ്‌മാൻ സാഹിബുമാകട്ടെ, ക്വുർആനും ഹദീസും ഉദ്ധരിച്ച് കടക്കാരിൽനിന്നും വാങ്ങുന്ന തുക ഇസ്‌ലാം എതിർക്കുന്ന പലിശയിൽപെടുമെന്ന് സ്ഥാപിക്കാനും ശ്രമിച്ചു. സംഘത്തിന്റെ പണ്ഡിതന്മാരിൽ പലരും സാധാരണക്കാരിൽ വലിയൊരു വിഭാഗവും കെ.എം.മൗലവിക്കെതിരിൽ അണിനിരന്നു. തികച്ചും വൈജ്ഞാനികമായ ഒരു സംവാദമായിരുന്നു ഇത്. ഈ സംവാദത്തിന്റെ ഫലമായി ഐക്യസംഘം നേതാക്കൾ ആശയ സമന്വയത്തിലെത്തുകയും അത്തരമൊരു സംരംഭത്തിന്റെ മതവിരുദ്ധത മനസ്സിലാക്കി ഉദ്ദേശിച്ചതുപോലുള്ള പലിശരഹിതബാങ്കിനു വേണ്ടിയുള്ള ശ്രമങ്ങളിൽ നിന്നും പിൻവാങ്ങുകയും ചെയ്തു. ഒരു കാര്യം തെറ്റെന്നു ബോധ്യപ്പെട്ടാൽ അമാന്തം കാണിക്കാതെ അത് അംഗീകരിക്കുക എന്ന മഹത്തായ ഗുണത്തിനുടമകളായിരുന്നു കെഎം മൗലവി അടക്കമുള്ള ഐക്യസംഘത്തിന്റെ നേതാക്കൾ എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

കടത്തിലകപ്പെട്ടവർ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ഉത്തമലക്ഷ്യത്തോടെയായിരുന്നു ഇസ്‌ലാമിക് ബാങ്കിന്റെ രൂപീകരണത്തിന് നേതൃത്വം കൊടുത്തതെങ്കിലും അത്തരമൊരു ബാങ്കിന്റെ നിലനില്പിന് കടക്കാരിൽനിന്നും വാങ്ങുന്ന തുക പലിശയിൽപെടുമെന്ന് വ്യക്തമാക്കപ്പെട്ടതോടെ ഐക്യസംഘം ആ ഉദ്യമം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചു. ഇതേക്കുറിച്ച് അബ്ദുറഹ്‌മാൻ സാഹിബ് പിന്നീടു പറഞ്ഞത് ‘ഐക്യസംഘം ഒരേ ഒരു തെറ്റു ചെയ്തു-അത് ഹീലത്തുർരിബയായിരുന്നു’ എന്നായിരുന്നു. ഐക്യസംഘം ഇസ്‌ലാമിക് ബാങ്കിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതോടെ ആ വിവാദം പൂർണമായും കെട്ടടങ്ങി.

എന്നാൽ സമീപകാലത്ത് യാഥാസ്ഥിതികർ ഐക്യസംഘത്തെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഐക്യസംഘം തന്നെ തള്ളിക്കളഞ്ഞ ഹീലത്തുർരിബ എടുത്ത് പറയാറുണ്ട്. ഐക്യസംഘം സമുദായോദ്ധാരണത്തിന് വേണ്ടി പത്തുപതിനഞ്ചു വർഷക്കാലം ചെയ്ത എല്ലാ സേവനങ്ങളെയും ഇകഴ്ത്തുക എന്നതാണിതിന് പിന്നിലെ ലക്ഷ്യം. ഇസ്‌ലാം വിരോധിക്കുന്ന പലിശ ഐക്യസംഘം ഹലാലാക്കി എന്നു തെറ്റുദ്ധരിപ്പിച്ച് സംഘത്തിനെ താറടിക്കാനും കേരളക്കരയിൽ ഐക്യസംഘം മത, സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിൽ ഉണ്ടാക്കിയെടുത്ത നവോത്ഥാനത്തെ മറച്ചുവെക്കാനുമാണ് യാഥാസ്ഥിതികർ ഇങ്ങനെയൊരാരോപണം ഉന്നയിക്കുന്നത്. സംഘം പലിശയെ അംഗീകരിച്ചതു വഴി സംഘം നേതാക്കളിൽ ഭിന്നിപ്പുണ്ടാകുകയും അത് ഐക്യസംഘത്തിന്റെ തകർച്ചക്കുതന്നെ കാരണമായി എന്നുമുള്ള അസത്യ പ്രചാരണം ഇതിന്നായി അവർ നടത്തിക്കൊണ്ടിരിക്കുന്നു.

പിന്നീടുള്ള ഐക്യസംഘത്തിന്റെ പ്രവർത്തനങ്ങളെ പലിശയുമായി ബന്ധപ്പെട്ട ഈ സംവാദങ്ങൾ ഒരു നിലക്കും ബാധിച്ചിരുന്നില്ല എന്ന് മനസ്സിലാക്കാൻ തുടർന്നങ്ങോട്ടുള്ള സംഘത്തിന്റെ പ്രവർത്തനം പരിശോധിച്ചാൽ മതി. ഐക്യസംഘത്തിന്റെ ഏഴാം വാർഷികസമ്മേളനത്തിനു ശേഷം ആരംഭിച്ച ഈ ചർച്ച പിന്നീട് ഒരു സമ്മേളനത്തിലും ആവർത്തിക്കപ്പെട്ടതായി കാണുകയില്ല. മാത്രമല്ല പിന്നീടുള്ള സമ്മേളനങ്ങളെല്ലാം അഭൂതപൂർവമായ രീതിയിൽ വിജയിക്കുകയും ഐക്യസംഘത്തിന്റെ ആശയങ്ങൾ കേരളക്കരയിലുടനീളം വ്യാപിക്കുന്നതിന് സഹായകമാകുകയും ചെയ്തിട്ടുമുണ്ട്.

ഹീലത്തുർരിബയുമായി ബന്ധപ്പെട്ട സംവാദങ്ങളിൽ വിരുദ്ധചേരികളിൽ നിന്നവരുടെ പൂർണ സഹകരണത്തോടു കൂടിയാണ് ഐക്യസംഘത്തിന്റെ എട്ടാം വാർഷിക സമ്മേളനം 1930ൽ തിരുവനന്തപുരത്തുവച്ച് നടന്നത്. കേരളത്തിന്റെ നാനാഭാഗത്തുനിന്നും ഒട്ടനേകം പണ്ഡിതന്മാരും നേതാക്കളും ആ യോഗത്തിൽ സംബന്ധിച്ചിരുന്നു. ഹീലത്തുർരിബയുമായി ബന്ധപ്പെട്ട് വിരുദ്ധ വീക്ഷണങ്ങൾ വച്ചുപുലർത്തിയിരുന്ന മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെയും കെ.എം.സീതി സാഹിബിന്റെയും കഠിനപ്രയത്‌നം ആ സമ്മേളനവിജയത്തിനു പിന്നിലുണ്ടായിരുന്നു. പിന്നീടങ്ങോട്ടും കേരള മുസ്‌ലിംകളുടെ മതപരവും രാഷ്ട്രീയവുമായ നവോത്ഥാനത്തിന്നായി മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബും കെ.എം.സീതി സാഹിബും ഒറ്റക്കെട്ടായി അക്ഷീണയത്‌നം തുടർന്നിരുന്നു. മുഹമ്മദു അബ്ദുറഹ്‌മാൻ സാഹിബിന്റെ ‘അൽഅമീനും’ സീതി സാഹിബും എ.മുഹമ്മദുകണ്ണ് സാഹിബും എറണാകുളത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘ഐക്യം’ വാരികയും മുസ്‌ലിം ഐക്യസംഘത്തിന്നു സർവവിധമായ പിന്തുണയും നൽകിയിരുന്നുവെന്നത് ഹീലത്തുർരിബ ഐക്യസംഘം തകരാൻ കാരണമായി എന്ന യാഥാസ്ഥിതികരുടെ പുതിയ വിമർശനങ്ങളുടെ മുനയൊടിക്കുന്നതാണ്.

1931ൽ മലപ്പുറത്ത് ചേർന്ന ഐക്യസംഘത്തിന്റെ ഒമ്പതാം വാർഷിക മഹാസമ്മേളനവും വമ്പിച്ച വിജയമായിരുന്നു. മലബാറിൽ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ ത്വരിതഗതയിലുള്ള വളർച്ചക്കു സഹായകമായത് ഐക്യസംഘം നേതാക്കളുടെ ഒറ്റക്കെട്ടായ പ്രവർത്തനമായിരുന്നു. ഹീലത്തുർരിബയെ ഒരു വൈജ്ഞാനിക ചർച്ചയായി ഐക്യസംഘം നേതാക്കൾ കാണുകയും ആ സംവാദത്തിൽ നിന്നും എത്തിച്ചേർന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്‌ലാമിക് ബാങ്കിംഗ് വേണ്ടെന്നുവയ്ക്കുകയും ചെയ്തത് ഐക്യസംഘത്തിന് വർധിച്ച ആവേശം നൽകുകയാണ് ചെയ്തത്. ഹീലത്തുർരിബ നേതാക്കൾക്കിടയിൽ എന്തെങ്കിലും നിലക്കുള്ള അനിഷ്ടം നിലനിർത്തുകയോ സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുകയോ ചെയ്തിട്ടില്ല എന്നത് സുതരാം വ്യക്തമാണ്.

ഹീലത്തുർരിബ വിഷയത്തിൽ കെ.എം.മൗലവിക്കെതിരായി നിലകൊണ്ട മുഹമ്മദ് അബ്ദുർറഹ്‌മാൻ സാഹിബ് തന്നെയാണ് മലബാർ ലഹളയിൽ കുറ്റക്കാരനാണെന്നു വിധിക്കപ്പെട്ട കെ.എം.മൗലവിയുടെ പേരിൽ ചുമത്തപ്പെട്ടിരുന്ന ചാർജുകൾ നിരുപാധികം പിൻവലിക്കാൻ വേണ്ടി ഗംഭീരസമരം നടത്തിയിരുന്നത്. 1932ൽ എറിയാടുവച്ച് നടന്ന ഐക്യസംഘത്തിന്റെ പത്താം വാർഷിക മഹാസമ്മേളനത്തിന്റെ അധ്യക്ഷനായിരുന്ന പോക്കർ സാഹിബ് തന്റെ അധ്യക്ഷപ്രസംഗം അവസാനിപ്പിച്ചപ്പോഴാണ് കെ.എം.മൗലവി സാഹിബ്, കട്ടിലശ്ശേരി മുഹമ്മദ് മൗലവി സാഹിബ് മുതലായവരുടെ മേൽ ചുമത്തിയിരുന്ന കുറ്റപത്രം പിൻവലിച്ച വാർത്ത സമ്മേളന ഭാരവാഹികൾ അറിഞ്ഞത്. മലബാർ സമരത്തിന്റെ പേരിൽ കുറ്റം ചുമത്തപ്പെട്ടവരുടെ പേരിൽനിന്നു ആ ചാർജ് പിൻവലിക്കാൻ ധീരോദാത്തവും അഭിനന്ദനീയവുമായ ത്യാഗസേവനങ്ങൾ അനുഷ്ഠിച്ചിരുന്ന ബി.പോക്കർ സാഹിബ്, മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് മുതലായ നേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രമേയം ആ യോഗത്തിൽ സർവ സമ്മതമായി പാസ്സാക്കിയതും മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിനോട് ഐക്യസംഘത്തിനുണ്ടായിരുന്ന ആദരവാണ് വ്യക്തമാക്കുന്നത്. ഹീലത്തുർരിബ ഐക്യസംഘത്തിന്റെ കെട്ടുറപ്പിനെ ഒരു നിലക്കും ബാധിച്ചിരുന്നില്ല എന്നതിനുള്ള തെളിവുകൂടിയാണിത്.

കെ.എം.മൗലവിയെ കുറ്റവിമുക്തനാക്കിയ വിവരം അറിഞ്ഞ എം.സി.സി. അബ്ദുറഹ്‌മാൻ മൗലവി സന്തോഷാധിക്യത്താൽ യോഗത്തിൽ മറ്റൊരു പ്രമേയം അവതരിപ്പിച്ച കാര്യവും ശ്രദ്ധേയമാണ്. ‘നാട്ടിന്റെ തെക്കൻ ഭാഗങ്ങളിൽ സമുദായത്തിന്നിടയിൽ പ്രകാശം പരന്നിരിക്കുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലബാറിൽ നമ്മുടെ പ്രവർത്തനം വേണ്ടത്ര നടന്നിട്ടില്ല. അതിനാൽ ഇനി കെ.എം.മൗലവിയെ മലബാറിലേക്ക് വിട്ടുതരണം’ എന്നതായിരുന്നു പ്രമേയത്തിലൂടെയുള്ള അഭ്യർഥന. ഈ പ്രമേയം കൊടുങ്ങല്ലൂരിലെ നേതാക്കൾ മനസ്സില്ലാമനസ്സോടെ അംഗീകരിക്കുകയും പത്താം വാർഷിക യോഗാനന്തരം കെ.എം. മൗലവി കുടുംബസമേതം മലബാറിലേക്ക് തിരിക്കുകയും ചെയ്തു.

ഹീലത്തുർരിബ വിഷയത്തിൽ കെ.എം.മൗലവിക്കും സീതിസാഹിബിനുമെതിരായി അൽഅമീൻ പത്രത്തിൽ ലേഖനങ്ങളെഴുതിയ എം.സി.സി.അബ്ദുറഹ്‌മാൻ മൗലവിയാണ് ഐക്യസംഘത്തിന്റെ പ്രവർത്തനങ്ങൾ മലബാർ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിനായി കെ.എം.മൗലവിയെ വിട്ടുതരണമെന്നാവശ്യപ്പെടുന്നത്. ഹീലത്തുർരിബ ഐക്യസംഘം നേതാക്കൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കിയെന്നും അത് ഐക്യസംഘത്തെ തകർച്ചയിലേക്കു നയിച്ചു എന്നും കള്ളപ്രചാരണം നടത്തുന്ന അഭിനവ യാഥാസ്ഥിതികർക്കുള്ള മറുപടിയാണ് ഈ സംഭവങ്ങളത്രയും.


അവലംബം:

46. കേരള മുസ്‌ലിം ഐക്യസംഘം-ഇ.കെ.മൗലവിയുടെ ലേഖനങ്ങളുടെ സമാഹാരം, സമാഹരണം: അബ്ദുറഹ്‌മാൻ മങ്ങാട്, യുവത ബുക്ക് ഹൗസ്, പേജ് 40,41. (തുടരും)