തൂലിക പടവാളാക്കിയ പരിഷ്‌കർത്താവ് 2
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 നവംബർ 02, 1446 റ. ആഖിർ 30

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 32)
അൽഇസ്വ്‌ലാഹ്
അൽഇർഷാദിന്റെ പ്രസിദ്ധീകരണം നിലച്ചതിന് ശേഷം കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂരിലെ ഏറിയാടുനിന്ന് പ്രസിദ്ധീകരിക്കപ്പെട്ട അറബി മലയാള വാരികയാണ് ‘അൽഇസ്വ്‌ലാഹ്.’ അൽഇസ്വ്‌ലാഹ് അര വർഷം വാരികയായും പിന്നീട് മാസികയായും പുറത്തിറങ്ങി. അൽഇസ്വ്‌ലാഹ് വാരികയുടെ നടത്തിപ്പുകാരിൽ ഒരാളായി ഇ.കെ.മൗലവി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ഒട്ടേറെ കനപ്പെട്ട ലേഖനങ്ങൾ അതിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുസ്‌ലിം ലോകവാർത്തകളും ഇസ്‌ലാമിക വാർത്തകളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഓരോ ലക്കവും പുറത്തിറങ്ങിയത്. കെ.എം മൗലവിയുടെ ഫത്‌വകളും അൽഇസ്വ്‌ലാഹിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും പണ്ഡിതനുമായിരുന്ന ഇ.മൊയ്തു മൗലവിയായിരുന്നു ഇതിന്റെ പത്രാധിപർ. 1925 ഒക്ടോബറിൽ പ്രസിദ്ധീകരണമാരംഭിച്ച അൽഇസ്വ്‌ലാഹ് 1928വരെ നിലനിന്നു. അൽ ഇർഷാദിനെ പോലെത്തന്നെ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ വളർച്ചയിൽ അൽഇസ്വ്‌ലാഹ് വാരികയും മികച്ച പങ്കാണ് വഹിച്ചത്. എറിയാട്ടെ മുഹ്‌യിദ്ദീൻ ലിത്തോ പ്രസ്സിൽനിന്നു തന്നെയാണ് അൽഇസ്വ്‌ലാഹും പ്രസിദ്ധീകരിച്ചത്.
അൽഇസ്‌ലാഹ് മാസികയിൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ എഴുതിയ വിശ്വപ്രസിദ്ധമായ ‘തുഹ്ഫത്തുൽ മുജാഹിദീനി’ലെ ചരിത്രത്തെ അവലംബിച്ചുകൊണ്ട് ‘കേരള മുസ്‌ലിം ചരിത്രം’ എന്ന പേരിൽ അറബിമലയാള ലിപിയിൽ ഒരു ലേഖന പരമ്പര 1928ൽ ഇ.കെ മൗലവി എഴുതിയിരുന്നു. തുഹ്ഫത്തുൽ മുജാഹിദീൻ മാപ്പിള മലയാളികൾക്ക് പരിചയപ്പെടുത്തിയ ആദ്യത്തെ എഴുത്തുകാരനാണ് ഇ.കെ മൗലവി. എന്നാൽ തുഹ്ഫത്തുൽ മുജാഹിദീൻ അവലംബിച്ചുകൊണ്ടുള്ള ഒരു ഗ്രന്ഥം കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ചത് തിരൂരങ്ങാടി സ്വദേശിയായിരുന്ന കെ. മൂസാൻകുട്ടി മൗലവി (‘മലബാർ ലഹള’ എന്ന കൃതി എഴുതിയ കെ.കോയട്ടി മൗലവിയുടെ സഹോദരൻ) ആണെന്നും അത് 1936ൽ ആണെന്നുമാണ് പല ചരിത്രകാരൻമാരും പ്രസ്താവിക്കുന്നത്. എന്നാൽ അതിന് എട്ടുവർഷം മുമ്പേ ഈ അമൂല്യ ചരിത്രഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി ഇ.കെ.മൗലവി അൽഇസ്വ്‌ലാഹിൽ എഴുതിയിട്ടുണ്ട് എന്ന യാഥാർഥ്യം ആരും അറിയാതെ പോയി. തുഹ്ഫത്തുൽ മുജാഹിദീൻ അവലംബിച്ചുകൊണ്ട് ഇ.കെ. മൗലവിയുടെതായ ഇത്തരം ഒരു ഉദ്യമം നടന്നതായി ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്താതെ പോയത് നിർഭാഗ്യകരമാണ്. അൽഇസ്വ്‌ലാഹിന്റെ പഴയ പ്രതികൾ ലഭ്യമാവാതിരുന്നതായിരിക്കാം ഇങ്ങനെ ഒരു നിഗമനത്തിലെത്താൻ ചരിത്രകാരൻമാരെ പ്രേരിപ്പിച്ചത് എന്ന് കരുതാം.
തുഹ്ഫത്തുൽ മുജാഹിദീൻ അവലംബിച്ചുകൊണ്ട് കേരള മുസ്‌ലിം ചരിത്രം എഴുതാനുണ്ടായ കാരണം എന്താണെന്ന് ലേഖന പരമ്പരയുടെ ആമുഖമായി ഇ.കെ.മൗലവി സാഹിബ് എഴുതുന്നത് ഇങ്ങനെയാണ്:

“കേരള മുസ്‌ലിമീങ്ങൾ ഏതു കാലം മുതൽ പ്രവേശിച്ചുവെന്നും കേരളത്തിൽ ഇസ്‌ലാം മതം എങ്ങനെ വ്യാപിച്ചുവെന്നും നമ്മളിൽ അധികം ആളുകൾക്കും നിശ്ചയമില്ല. ചേരമാൻ പെരുമാൾ മക്കത്ത് പോയി തൊപ്പിയിട്ടു വന്ന് ഇവിടെ ഇസ്‌ലാം ദീൻ പരത്തിയതാണ് എന്നുള്ള ഒരു പഴങ്കഥ മാത്രമാണ് ഇന്ന് കേരള മുസ്‌ലിമീങ്ങളുടെ ഇടയിൽ പൊതുവേ അറിയപ്പെടുന്നത്. ഇത് എത്രകണ്ടു വിശ്വാസയോഗ്യമാണെന്ന് ആരും ചിന്തിക്കാറില്ല. എന്നാൽ, കേരളത്തിൽ മുസ്‌ലിംകൾ വന്നത് എങ്ങനെയെന്നും ഏതു കാലം മുതലാണെന്നും അനന്തര സംഭവങ്ങൾ എന്താണെന്നും ചുരുക്കത്തിൽ ഈ ലേഖനത്തിൽ വിവരിക്കപ്പെടുന്നതാണ്.
ഇതിലെ പ്രതിപാദ്യ വിഷയങ്ങൾ ‘ഫത്ഹുൽമുഈനി’ന്റെ മുസ്വന്നിഫായ പൊന്നാനി സൈനുദ്ദീൻ മഖ്ദൂം അവർകളുടെ ‘തുഹ്ഫത്തുൽ മുജാഹിദീൻ’ എന്ന കിതാബിൽനിന്നും എടുക്കപ്പെട്ടതാണ്. ഞങ്ങൾ പൊന്നാനി മഖ്ദൂമുമാരെ തുടർന്നാണ് ജീവിക്കുന്നതെന്ന് വാദിക്കുന്ന മുസ്‌ലിയാക്കൾ ചില സംഗതികൾ ചിന്തിക്കേണ്ടതുണ്ട്. ആ മഖ്ദൂമീങ്ങൾ ലോക ചരിത്രത്തെപ്പറ്റി അന്വേഷിക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ആ മഹാന്മാരെ തുടരുന്നവരെന്ന് അഭിമാനിക്കുന്ന ഇന്നത്തെ മുസ്‌ലിയാക്കളിൽ അധികം പേരും ലോകത്തെപ്പറ്റി യാതൊന്നും അറിയുന്നില്ല. തുഹ്ഫത്തുൽ മുജാഹിദീൻ പല ഭാഷകളിലും തർജമ ചെയ്യപ്പെട്ടിട്ട് കാലം എത്രയോ കഴിഞ്ഞു. നമ്മുടെ മുസ്‌ലിയാക്കളിൽ പലരും മഖ്ദൂം തങ്ങൾ ഇങ്ങനെ ഒരു കിതാബ് എഴുതിയ വിവരം തന്നെ അറിഞ്ഞിട്ടില്ല’’ (പേജ് 7-8).
തുടർന്ന് ‘മുസ്‌ലിമീങ്ങളുടെ ആഗമനം’ എന്ന തലവാചകത്തിൽ കേരളത്തിലെ ഇസ്‌ലാമിന്റെ പ്രചാരണ ചരിത്രം പ്രതിപാദിക്കുന്നു. തുടർന്നു വന്ന ഓരോ ലക്കത്തിലും തുഹ്ഫത്തുൽ മുജാഹിദീൻ അവലംബിച്ച് അദ്ദേഹം എഴുതിയതായി അൽഇസ്വ്‌ലാഹിന്റെ ലഭ്യമായ ഏതാനും ലക്കങ്ങളിൽനിന്നു മനസ്സിലാകുന്നു. അക്കാലഘട്ടത്തിൽ നിലവിലുള്ള അറബിമലയാള കൃതികളിലെ ഭാഷയെക്കാൾ മികച്ചതും ലളിതവുമായ ഭാഷാശൈലിയിലാണ് ഇ.കെ.മൗലവി സാഹിബ് എഴുതിയിട്ടുള്ളത്. ലളിതവും സുന്ദരവുമായ ശൈലിയിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പാടവം അദ്ദേഹത്തിന്റെ കൃതികളിൽ മുഴുക്കെ കാണാവുന്നതാണ്. യൂറോപ്യന്മാരുടെ ആഗമനം എന്ന തലക്കെട്ടിൽ (അൽഇസ്വ്‌ലാഹ്, പുസ്തകം 2, ലക്കം 8) ഇ.കെ.മൗലവി സാഹിബ് എഴുതുന്നത് കാണുക:
“യൂറോപ്യന്മാർ ആദ്യം കേരളത്തിൽ പ്രവേശിച്ചത് ഹിജ്‌റ 904ലായിരുന്നു. മൂന്ന് കപ്പലിൽ ആളുകൾ പന്തലായനിയിൽ എത്തിച്ചേർന്നു. അവർ അവിടെ ഇറങ്ങി. കര വഴി കോഴിക്കോട്ട് വന്നു. കേരളത്തിന്റെ സ്ഥിതിയെക്കുറിച്ച് ആലോചിച്ചുകൊണ്ട് കുറേദിവസം അവിടെ താമസിച്ചു. ഇവരുടെ പ്രധാന ജോലി കുരുമുളക് ശേഖരിക്കലായിരുന്നു. ഉൾപ്രദേശങ്ങളിൽ നിന്ന് കച്ചവടം ചെയ്തു കൊണ്ടുവരുന്നവരിൽ നിന്നായിരുന്നു ഇവർ കുരുമുളക് വാങ്ങിയിരുന്നത്. കുറച്ചു വർഷങ്ങൾക്കു ശേഷം ആറു കപ്പലുകൾ കൂടി വന്നെത്തി. അവയിൽ ഉണ്ടായിരുന്നവരും അവിടെ ഇറങ്ങി’’(പേജ് 12,13).
മുസ്‌ലിം ഐക്യം
കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ആദർശ പ്രചാരണത്തിനായി കൊടുങ്ങല്ലൂരിൽനിന്നു മലയാളത്തിൽ പുറത്തിറങ്ങിയ മാസികയായിരുന്നു ‘മുസ്‌ലിം ഐക്യം.’ ഈ മാസികയുടെ പ്രധാന പ്രവർത്തകനായിരുന്നു ഇ.കെ.മൗലവി. ഒരു നല്ല സാഹിത്യകാരനായിരുന്ന പതിയാശ്ശേരി അഹ്‌മദുണ്ണിയായിരുന്നു പത്രാധിപർ. ഇ.കെ. മൗലവിക്കു പുറമെ കെ.എം.സീതി സ്വാഹിബ്, മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി തുടങ്ങിയവരുടെ ലേഖനങ്ങളും ഈ വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുസ്‌ലിം ഐക്യം മാസികയുടെ പതിനാലു ലക്കങ്ങൾ മാത്രമെ പുറത്തിറങ്ങിയുള്ളൂ.
ഈ മാസികയിൽ ഒരിക്കൽ ഇ.കെ. മൗലവിയുടെ ഒരു ലേഖനത്തിൽ ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ പറഞ്ഞതുപോലെ എന്നെഴുതിയതിനെതിരെ യാഥാസ്ഥിതികർ പ്രതിഷേധിക്കുകയും അതിനെതിരെ ഇ.കെ.മൗലവി രംഗത്തിറങ്ങുകയും ചെയ്ത സംഭവം നേരത്തെ വിശദീകരിച്ചത് ഓർക്കുന്നുണ്ടാവുമല്ലോ.
ഐക്യം
‘മുസ്‌ലിം ഐക്യം’ വാരിക നിലച്ചതിനുശേഷം കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ തന്നെ കെ.എം.സീതിസ്വാഹിബ്, എ. മുഹമ്മദ് കണ്ണ്(വർക്കല) എന്നിവരുടെ പത്രാധിപത്യത്തിൽ എറണാകുളത്തുനിന്ന് രണ്ടുവർഷക്കാലം ‘ഐക്യം’ വാരിക പ്രശംസനീയമാംവിധം പുറത്തിറങ്ങി. ഇതും മലയാളത്തിൽ തന്നെയായിരുന്നു. ഈ വാരികയിലും ഇ.കെ.മൗലവി ഒട്ടേറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
അൽമുർശിദ് അറബി മലയാള മാസിക

കേരള ഇസ്വ്‌ലാഹി പ്രസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ള പ്രസിദ്ധീകരണമാണ് കെ.എം.മൗലവിയുടെ പത്രാധിപത്യത്തിൽ തിരൂരങ്ങാടിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘അൽമുർശിദ്’ അറബി മലയാളം മാസിക. ഈ മാസികയുടെ നടത്തിപ്പിലെ പ്രധാന പങ്കാളിയായിരുന്നു ഇ.കെ.മൗലവി. ഇ.കെ.മൗലവിക്കു പുറമെ ജനാബ് ടി.കെ മൗലവി (പാനൂർ), പി.കെ. മൂസ മൗലവി, സി.എ മുഹമ്മദ് മൗലവി (തിരൂരങ്ങാടി) എം.സി.സി സഹോദൻമാർ, വക്കം പി.മുഹമ്മദ് മൊയ്തീൻ സാഹിബ്, പി.വി അബ്ദുല്ലക്കുട്ടി മൗലവി, കെ.സി. കോമുക്കുട്ടി മൗലവി തുടങ്ങിയ പ്രഗത്ഭരെല്ലാം ഈ മാസികയിൽ എഴുതിയിരുന്നു. 1935ൽ പ്രസിദ്ധീകരണമാരംഭിച്ച അൽമുർശിദ് 1939 ഏപ്രിൽ ലക്കത്തോടുകൂടി 4 വർഷം പൂർത്തിയാക്കി രംഗത്തുനിന്ന് പിന്മാറി. 1949ൽ അൽമുർശിദ് പുനരാരംഭിച്ചുവെങ്കിലും ഒരുവർഷം പൂർത്തിയാക്കി നിലച്ചുപോയി.
193൬ ജൂണിൽ പുറത്തിറങ്ങിയ അൽമുർശിദ് മാസികയിൽ നബിദിനാഘോഷത്തെ അംഗീകരിച്ചുകൊണ്ട് ഇ.കെ.മൗലവി സാഹിബ് ലേഖനമെഴുതിയിട്ടുണ്ട് എന്ന് യാഥാസ്ഥിതിക പണ്ഡിതന്മാർ എടുത്ത് പറയാറുണ്ട്. ചില ഭാഗങ്ങൾ അടർത്തിയെടുത്തുകൊണ്ടാണ് യാഥാസ്ഥിതികർ അങ്ങനെ പ്രചരിപ്പിക്കുന്നത്. ലേഖനം പൂർണമായും വായിച്ചാൽ തിരിച്ചാണ് നമുക്ക് മനസ്സിലാകുക.
അൽമുർശിദ് അറബി മലയാള മാസികയിൽ(ഹി:1355) നിന്നും ചുവടെ കൊടുത്ത വരികളാണ് ഇതിനായി യാഥാസ്ഥിതികർ ഉദ്ധരിക്കാറുള്ളത്:
“മുസ്‌ലിം ലോകത്തെ ആകമാനം ആനന്ദസാഗരത്തിൽ ആറാടിക്കുന്ന റബീഉൽ അവ്വൽ മാസം ഇതാ ആഗതമായിരിക്കുന്നു. റബീഉൽ അവ്വൽ മാസത്തിന്റെ ആഗമനം ലോകത്തിന് അനുഗ്രഹമായി അവതീർണനായ മുഹമ്മദ് മുസ്തഫ(സ) തങ്ങളുടെ ജനനത്തെയാണ് നമ്മെ അനുസ്മരിപ്പിക്കുന്നത്.’’
ഈ വാക്കുകൾ ഉദ്ധരിച്ച് ഇ.കെ.മൗലവി നബിദിനാഘോഷത്തെ അനുകൂലിച്ചിരുന്നു എന്ന് പ്രചരി പ്പിക്കുകയാണ് യാഥാസ്ഥിതികർ ചെയ്യുന്നത്. ഈ വരികൾക്കു ശേഷം ഇ.കെ. മൗലവി എഴുതിയ ഭാഗം ബോധപൂർവം മറച്ചുവച്ചുകൊണ്ടാണ് യാഥാസ്ഥിതിക പണ്ഡിതന്മാർ ഇങ്ങനെ പ്രചരിപ്പിക്കുന്നത്. ആ ഭാഗം കൂടി വായിച്ചാൽ ഇന്ന് കാണുന്ന നബിദിനാഘോഷം യഥാർഥത്തിൽ നബിസ്‌നേഹമല്ല എന്ന് സമർഥിക്കുകയാണ് ഇ.കെ. മൗലവി ചെയ്തത് എന്നു മനസ്സിലാക്കാൻ കഴിയും. നബിﷺ ജനിച്ചതിൽ നാമോരോരുത്തരും സന്തോഷിക്കേണ്ടതാണെന്ന് വിവരിക്കുകയും അദ്ദേഹം അറേബ്യൻ ജനതക്കിടയിൽ വരുത്തിയ പരിവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തതിനു ശേഷം ഇ.കെ. മൗലവി എഴുതിയ വരി കൾ എന്തെന്ന് നോക്കാം:

“എന്നാൽ ഈ മാസത്തെ നാം എങ്ങനെ കൊണ്ടാടണം, നബി(സ)യുടെ നേരെ നമുക്കുള്ള ബഹു മാനത്തെ എങ്ങനെ പ്രദർശിപ്പിക്കണം എന്നീ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് മുമ്പായി ഇന്ന് നാം റബീഉൽ അവ്വൽ മാസത്തെ എങ്ങനെ കൊണ്ടാടുന്നുവെന്നും നബിയോട് നമുക്കുള്ള ബഹുമാനത്തെ എങ്ങനെ പ്രദർശിപ്പിച്ചു വരുന്നുവെന്നും നമുക്ക് പരിശോധിക്കാം. റബീഉൽ അവ്വൽ മാസം വന്നാൽ വീട് തോറും മൗലിദോതുന്ന സമ്പ്രദായമാണ് അനേക കാലമായി നമ്മുടെ നാട്ടിൽ നടന്നുവരുന്നത്. ഈ സമ്പ്രദായം കൊണ്ട് നബിയുടെ ജീവചരിത്രം പഠിക്കുവാനോ തിരുമേനിയുടെ ചര്യകളെ അറിയുവാനോ സാധിക്കുന്നില്ല. മൗലിദുകളാകട്ടെ, നമ്മളിൽ അധികം പേർക്കും അറിഞ്ഞുകൂടാത്ത അറബി ഭാഷയിലാണ്. നബിയുടെ ശരിയായ ജീവചരിത്രം അവയിൽ ഇല്ല എന്നുതന്നെ പറയാം. മിക്ക മൗലിദുകളിലും ജനനം വരെയുള്ള വിവരം മാത്രമായിരിക്കും. ചിലതിൽ ജനന ദിവസം ഉണ്ടായ അത്ഭുത സംഭവങ്ങളും ശൈശവ കാലത്തെ ഏതാനും വിവരങ്ങളും ഉണ്ടായിരിക്കും. ബാക്കിയുള്ളത് ചില ഖിസ്സകളാണ്. ഖിസ്സകളിൽ അധികവും അടിസ്ഥാനരഹിതങ്ങളാണെന്നുതന്നെ പറയാം. ഇത്തരത്തിൽ അറബി ഭാഷയിലുള്ള മൗലിദ് മുക്രിയോ മുല്ലയോ വന്ന് ഒരു ഭാഗത്ത് നിന്ന് ചൊല്ലിപ്പിരിഞ്ഞതുകൊണ്ട് എന്തൊരു ഫലമാണ് സിദ്ധിക്കുവാനുള്ളത്? മുല്ല ചൊല്ലുന്നത് എന്താണെന്ന് മുല്ലക്ക് തന്നെ മനസ്സിലായിരിക്കയില്ല. ചൊല്ലിക്കുന്നവന്റെ സ്ഥിതിയും ഇതുതന്നെ. നബിയോട് നമുക്കുള്ള ബഹുമാനത്തെ പ്രദർശിപ്പിക്കേണ്ടത് നബിയുടെ ചര്യകളും സന്ദേശങ്ങളും പഠിപ്പിക്കയും തിരുമേനിയെ പിന്തുടരുകയും ചെയ്യുന്നത് കൊണ്ടാണ്. നബിയെ പിന്തുടരുന്നത് കൊണ്ടല്ലാതെ നാം അല്ലാഹു തആലായുടെ സ്‌നേഹത്തിന് പാത്രവാൻമാരായിത്തീരുന്നതല്ല.
അല്ലാഹു പറയുന്നു:
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَٱللَّهُ غَفُورٌ رَّحِيمٌ
നമ്മളിൽ അധികമാളുകൾക്കും നബിയുടെ സച്ചരിതങ്ങൾ അറിഞ്ഞുകൂട. അത് പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള ഏർപ്പാടുകളൊന്നും നമ്മുടെ ഇടയിൽ ഇല്ല. ഇന്നത്തെ മൗലിദോതുന്ന സമ്പ്രദായം കൊണ്ട് ഇക്കാര്യം നിറവേറുന്നതല്ലെന്ന് ഞാൻ മുമ്പ് സമർത്ഥിച്ചുവല്ലോ. അതുകൊണ്ട് ഈ റബീഉൽ അവ്വൽ മാസത്തിൽ നബിയുടെ ഉപദേശങ്ങളെയും ചര്യകളെയും ജനങ്ങളെ പഠിപ്പിക്കുവാനാണ് നാം ശ്രമിക്കേണ്ടത്. കുറച്ചു കാലമായി നമ്മുടെ നാട്ടിൽ മാത്രമല്ല, ഇന്ത്യ ഒട്ടുക്കും ഇന്ത്യക്ക് പുറമെ ചില രാജ്യങ്ങളിലും നബിദിനമെന്ന പേരിൽ ഈ ശ്രമം ചെയ്ത് വരുന്നുണ്ട്. എന്നാൽ ഈ ശ്രമം കൂടുതൽ ഉപയോഗപ്രദമാക്കിത്തീർക്കുവാൻ ഉത്സാഹിക്കേണ്ടതാണ്. കേവലം പ്രസംഗങ്ങൾ കൊണ്ട് മതിയാക്കരുത്. നബിയുടെ സച്ചരിതങ്ങളും ഇസ്‌ലാംമത സിദ്ധാന്തങ്ങളും വിവരിച്ചുകൊണ്ടുള്ള ലഘുലേഖകളും ചെറുപ്രസംഗങ്ങളും അച്ചടിച്ചു പ്രചരിപ്പിക്കുന്നത് അധികം നന്നായിരിക്കും. നാം റബീഉൽ അവ്വൽ കൊണ്ടാടുന്നതും നബിയോടുള്ള ബഹുമാനത്തെ പ്രദർശിപ്പിക്കേണ്ടതും ഇതേ ക്രമത്തിൽ ആയിരുന്നാൽ അതു കൊണ്ട് വലിയ ഫലം സിദ്ധിക്കുന്നതാണ്.’’
ഇന്ന് കാണുന്ന രൂപത്തിലല്ല നബിസ്‌നേഹം പ്രകടിപ്പിക്കേണ്ടത് എന്ന് വ്യക്തമാക്കുന്ന ഈ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ മറച്ചുവച്ചുകൊണ്ടാണ് നബിദിനമാഘോഷിക്കാമെന്ന് ഇ.കെ.മൗലവി എഴുതിയിട്ടുണ്ട് എന്ന് യാഥാസ്ഥിതിക പണ്ഡിതന്മാർ പ്രചരിപ്പിക്കുന്നത്.

