സാമൂഹ്യബഹിഷ്‌കരണത്തിൽ തളരാതെ
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 ജൂലായ് 13, 1446 മുഹർറം 07

എട്ടാം വാർഷികസമ്മേളനം
ഐക്യസംഘത്തിന്റെ എട്ടാം വാർഷികസമ്മേളനം 1930ൽ തിരുവനന്തപുരത്ത് വെച്ച് നടന്നു. ഈ സമ്മേളനത്തിന്റെ സംഘാടനത്തിലും ആസൂത്രണത്തിലും ഇ.കെ.മൗലവി സജീവമായി രംഗത്തുണ്ടായിരുന്നു. വക്കം മൗലവി സാഹിബവർകൾ തന്റെ പുത്രൻ അബ്ദുൽ വഹാബിനോടൊപ്പം ഈ യോഗത്തിൽ സംബന്ധിച്ചിരുന്നുവെന്ന് ഇ.കെ. മൗലവി സീതി സാഹിബിന് അയച്ച കത്തിൽ അനുസ്മരിച്ചിട്ടുണ്ട്. പറയത്തക്ക എതിർപ്പുകളൊന്നുമില്ലാതെ നടന്ന ഈ സമ്മേളനത്തെക്കുറിച്ച് ഇ.കെ.മൗലവി ഇങ്ങനെ എഴുതുന്നു.
“തിരുവനന്തപുരത്തും പറയത്തക്ക എതിർപ്പൊന്നും ഉണ്ടാകാതിരിക്കാനും കാരണമില്ലാതില്ല. മലബാറിലും കൊച്ചി സ്റ്റേറ്റിലും എതിർപ്പുണ്ടായിരുന്ന അതേ കാലത്തുതന്നെ തിരുവിതാംകൂറിലെ ചിറയിൻകീഴ് താലൂക്കിലും ഒരു പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും പല വാദപ്രതിവാദങ്ങളും നടക്കുകയുമുണ്ടായിട്ടുണ്ട്. അതിന്റെ ചുരുക്കം ചുവടെ വിവരിക്കാം:
ഒന്നാമതായി വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിയുടെ ആധിപത്യത്തിൽ അറബി മലയാളത്തിൽ ‘അൽഇസ്‌ലാം’ എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ അഞ്ചു ലക്കങ്ങൾ മാത്രമേ പുറത്തുവന്നിരുന്നുള്ളൂവെങ്കിലും കേരളമൊട്ടുക്കും അതിന്റെ അലയൊലിയുണ്ടായി. ഈ ഘട്ടത്തിൽ ആലങ്കോട്ട് അണ്ടത്തോടുകാരൻ കുഞ്ഞു മുസ്‌ല്യാർ ഒരു വഅള് പരമ്പര നടത്തുകയുണ്ടായി. അതിൽ അദ്ദേഹം ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യയും മുഹമ്മദുബ്‌നു അബ്ദുൽ വഹാബും കാഫിറാണെന്നും മറ്റുംതട്ടിമൂളിക്കുകയുണ്ടായി. അതിനു പല അസംബന്ധങ്ങളും അടങ്ങിയ ഒരു മറുപടിയാണ് അദ്ദേഹം കൊടുത്തത്. അതിനെ തുടർന്നുകൊണ്ട് നിലക്കാമുക്ക് ഇസ്‌ലാം ധർമപാലന സംഘം സെക്രട്ടറിയും മുസ്‌ല്യാർ കക്ഷികളും തമ്മിൽ പല നോട്ടീസുകളും എതിർ നോട്ടീസുകളും നടക്കുകയുണ്ടായി. അതെല്ലാം ഇവിടെ ഉദ്ധരിക്കുക സാധ്യമല്ല. (പിന്നീട് ആ വിവരങ്ങൾ അടങ്ങിയ ‘സൗഉസ്സബാഹ്’എന്ന ഒരു പുസ്തകം പുറത്തിറങ്ങുകയുണ്ടായി). ഈ കോലാഹലങ്ങളുടെയെല്ലാം ഫലമായി ഐക്യസംഘത്തിന്റെ ആദർശങ്ങൾ തിരുവനന്തപുരത്തും പരിസരങ്ങളിലുമുള്ള മുസ്‌ലിംകൾ ഏറെക്കുറെ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. തന്മൂലം അവിടെയും ഐക്യസംഘത്തിന്റെ വാർഷികയോഗം സമാധാനമായിത്തന്നെ കഴിഞ്ഞുകൂടുകയുണ്ടായി. തിരുവനന്തപുരം യോഗത്തിൽ അധ്യക്ഷത വഹിച്ചിരുന്നത് മദ്രാസ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായിരുന്ന ലഫ്റ്റനന്റ് കേണൽ അബ്ദുൽ ഹമീദ് സാഹിബായിരുന്നു.’’ (47)
മുൻകഴിഞ്ഞ സമ്മേളനങ്ങളെപ്പോലെ ഈ സമ്മേളനത്തിൽ കാര്യമായ പദ്ധതികളൊന്നും തന്നെ ചർച്ചചെയ്യപ്പെട്ടില്ല
ഒമ്പതാം വാർഷിക സമ്മേളനം
ഐക്യസംഘത്തിന്റെ ഒമ്പതാം വാർഷികസമ്മേളനം 1931ൽ മലപ്പുറത്ത് വച്ചു നടന്നു. വടക്കെ മലബാർ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജി ഖാൻ ബഹദൂർ മീർ സൈനുദ്ദീൻ സ്വാഹിബായിരുന്നു അധ്യക്ഷൻ. സമ്മേളന തീയതിക്കു ദിവസങ്ങൾ മുമ്പേ ഇ.കെ.മൗലവി മലപ്പുറത്തെത്തിയിരുന്നു. ഈ സമ്മേളനത്തെക്കുറിച്ച് ‘ഐക്യസംഘവും കേരള മുസ്‌ലിംകളും’ എന്ന കൃതിയിൽ എൻ.കെ. അഹ്‌മദ് മൗലവി നൽകിയ ലഘുവിവരണം ചുവടെ കൊടുക്കുന്നു:
“മലപ്പുറത്തും പരിസരത്തും ഐക്യസംഘത്തെപ്പറ്റി വലിയ ആക്ഷേപങ്ങളൊന്നുമുണ്ടായിരുന്നില്ല. വാർഷികസമ്മേളനമാരംഭിച്ചതോടെ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ല്യാരും (അല്ലാഹു(ത) ഈ മഹത്തായ സ്ഥാപനത്തെ ഐക്യസംഘത്തെ-ഖിയാമത്ത് നാൾവരെ നിലനിറുത്തട്ടെ’ എന്നു സംഘത്തിന്റെ കോഴിക്കോട് വാർഷികത്തിൽവച്ചു പ്രാർത്ഥിച്ച ആളാണിദ്ദേഹം) പാർട്ടിയും മലപ്പുറം കുന്നുമ്മൽ പള്ളിയിൽ കേമ്പ് ചെയ്തു എതിർ പ്രചാരവേല ആരംഭിച്ചു. വളരെ ഗോപ്യമായ നിലയിലാണ് അവർ എതിർ പ്രചാരവേല നടത്തിയിരുന്നത്. സമ്മേളനദിവസം അടുത്തുവന്നതോടെ എന്തോ ഒരു പന്തികേടനുഭവപ്പെട്ടുതുടങ്ങി. പലരും യോഗസ്ഥലത്തു വന്ന് അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. സമ്മേളനത്തിന്റെ തലേദിവസം ഖാൻ ബഹദൂർ ആറ്റക്കോയയും ടി.എം. മൊയ്തു സ്വാഹിബും ഒരു കാറിൽ മലപ്പുറം ഹൈസ്‌കൂൾ അങ്കണത്തിൽ വന്നിറങ്ങി. (അവിടെ വെച്ചായിരുന്നു സമ്മേളനം നടത്താൻ തീരുമാനിച്ചത്). അവരെ സ്വീകരിക്കാനെത്തിയ ഒരു മാസ്റ്ററോട് രണ്ടു സോഡവരുത്താനാവശ്യപ്പെട്ടു. മാസ്റ്റർ ഉടനെ ആളെ അയച്ചെങ്കിലും പോയ ആൾ വെറുംകൈയോടെയാണ് മടങ്ങിവന്നത്. ‘സോഡ എവിടെ’ എന്നു ചോദിച്ചപ്പോൾ വന്ന ആൾ പറഞ്ഞു: ‘സോഡ പോയിട്ട് പച്ചവെള്ളം പോലും ഐക്യസംഘക്കാർക്ക് കൊടുക്കുകയില്ലെന്നാണ് പീടികക്കാർ പറയുന്നത്.’ മാസ്റ്റർ ഇ.കെ.മൗലവിയോട് സ്വകാര്യമായി ഇത് പറയുകയും സംഗതി വലിയ പരാജയമായിപ്പോയല്ലോ എന്നു സങ്കടപ്പെടുകയും ചെയ്തു. ഇ.കെ.മൗലവി, മാസ്റ്ററെ സമാധാനിപ്പിച്ചു. എന്നിട്ടു അതിഥികളോട് ഇന്ന് സോഡ കുടിക്കേണ്ട എന്നു പറഞ്ഞു. അവർ കാരണമന്വേഷിച്ചപ്പോൾ വിവരങ്ങളൊക്കെ പറഞ്ഞുകൊടുത്തു.

ഇതുകേട്ട ഉടനെ അവരിരുവരും വന്ന കാറിൽ തന്നെ ഡി.എസ്.പി.യുടെ ഓഫീസിലേക്കു പോയി. ഡി.എസ്.പി. അവരെ സ്വീകരിച്ചിരുത്തിയ ശേഷം ‘എന്തുണ്ട് വിശേഷം’ എന്നു ചോദിച്ചു. ‘ഞങ്ങൾ സോഡ കുടിക്കാൻ വന്നതാണ്’ എന്നായിരുന്നു മറുപടി. ‘എന്ത്, സോഡ കുടിക്കുവാനോ’ എന്നു അത്ഭുതത്തോടെ ചോദിച്ച ഡി.എസ്.പി.ക്ക് അവർ സംഗതികളൊക്കെ വിവരിച്ചുകൊടുത്തു. ഉടനെ പാങ്ങിൽക്കാരനെയും കൂട്ടുകാരെയും വിളിച്ചു കൊണ്ടുവരാൻ ഡി.എസ്.പി. ഒരു പോലീസുകാരനെ പറഞ്ഞയച്ചെങ്കിലും പോലീസുകാരൻ പള്ളിയിലെത്തുന്നതിനു മുമ്പ് അവർ തടിതപ്പിയിരുന്നു. ഹോട്ടൽകാരുടെയും ചായക്കടക്കാരുടെയും മറ്റും നിസ്സഹകരണം മണത്തറിഞ്ഞ സമ്മേളന ഭാരവാഹികൾ ഒരു മുൻകരുതലെന്നോണം സമ്മേളനത്തിന്റെ തലേദിവസം രാവിലെ തന്നെ സ്‌കൂളിനു മുമ്പിലുള്ള സത്രം വാങ്ങുകയും ഹോട്ടലിന്നാവശ്യമായ സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ടുവരുന്നതിനായി ഒരു ലോറി കോഴിക്കോട്ടേക്കയക്കുകയും ചെയ്തിരുന്നു. സന്ധ്യക്ക് ലോറിയും സാധനങ്ങളുമെത്തി. അതിരാവിലെ ഹോട്ടലും തുടങ്ങി. അപ്പോഴാണ് തലേദിവസത്തെ നിസ്സഹകരണത്തിന്റെ ഫലം ഹോട്ടലുകാർക്കും ചായക്കടക്കാർക്കും അനുഭവപ്പെട്ടത്. അതോടെ അവർ സംഘത്തിന്റെ വിരോധികളെ പഴിക്കാനും ചീത്തപറയാനും തുടങ്ങി. നാനാഭാഗത്തുനിന്നും വന്നെത്തിയ അനേകം മുസ്‌ലിയാന്മാരും തങ്ങന്മാരുമടങ്ങിയ ജനസഹസ്രങ്ങൾ പങ്കെടുത്ത പ്രസ്തുത സമ്മേളനം ഭംഗിയായിത്തന്നെ കലാശിച്ചു. മഗ്‌രിബിന് ശേഷം ചേർന്ന പൊതുയോഗത്തിൽ ആദ്യമായി പ്രസംഗിച്ചത് മണപ്പാട് കുഞ്ഞുമുഹമ്മദ് ഹാജിയായിരുന്നു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ പസംഗത്തിൽ ഐക്യസംഘത്തിന്റെ ഉത്ഭവവും വളർച്ചയും വിവരിക്കുക മാത്രമല്ല, വിരോധികൾ ചമച്ചുണ്ടാക്കിയ ആരോപണങ്ങൾക്കു ചുട്ട മറുപടി കൊടുക്കുകയും ചെയ്തു. പിന്നീട് പ്രസംഗിച്ചത് കാടേരി മുഹമ്മദ് മുസ്‌ല്യാരായിരുന്നു. ഞാൻ വളരെയധികം തെറ്റിദ്ധരിച്ചു പോയിരുന്നുവെന്നും ഇപ്പോൾ എന്റെ സംശയങ്ങളെല്ലാം നീങ്ങിയെന്നും ഇന്ന് മുതൽ ഞാൻ ഈ പ്രസ്ഥാനത്തിന്റെ അനുയായിയായി തീർന്നിരിക്കുകയാണെന്നും കാടേരി തന്റെ പ്രസംഗത്തിൽ തുറന്നു പ്രഖ്യാപിച്ചു. എന്നാൽ പിന്നീട് അദ്ദേഹം ഈ ആദർശത്തിൽ തുടർന്നിരുന്നോ എന്നതിനെക്കുറിച്ച് അറിവില്ല.’’(48)
അതേക്കുറിച്ച് ഇ.കെ.മൗലവി പറയുന്നത് ഇപ്രകാരമാണ്: “പിന്നീട് അദ്ദേഹത്തിന്റെ നില എന്തായിരുന്നുവെന്ന് തീർത്തു പറയാൻ നിവൃത്തിയില്ല. ജനക്കൂട്ടത്തിനിടയിൽ വെച്ചു തെറ്റു സമ്മതിക്കുകയും അനന്തരം മൂഷിക സ്ത്രീ പിന്നെയും മൂഷികസ്ത്രീയായി മാറുകയും ചെയ്യൽ പതിവായിരുന്നു. ഇതിനു പല ഉദാഹരണങ്ങളുമുണ്ട്. ഒന്ന് പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ല്യാർ തന്നെ. കോഴിക്കോട്ടു നടന്ന യോഗത്തിൽ വെച്ച് അദ്ദേഹം ഐക്യസംഘത്തിന്റെ ദീർഘായുസ്സിനു വേണ്ടി പ്രാർഥിച്ചു. മലപ്പുറത്ത് എത്തിയപ്പോൾ യോഗം കലക്കാനുള്ള നേതൃത്വവും ഏറ്റെടുത്തു.
രണ്ടാമത്തെ ഉദാഹരണം പറവണ്ണയാണ്. തിരൂരിൽവെച്ചു നടന്ന യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. മാത്രമല്ല, വിഷയ നിർണയ കമ്മിറ്റി കൂടിയ അവസരത്തിൽ അദ്ദേഹത്തിന്റെ ഒരു ചെറിയ കുട്ടി മരിച്ചുവെന്നു പറഞ്ഞുകൊണ്ട് ഒരാൾ വന്നു. ‘ഇപ്പോൾ ഞാൻ വന്നതുകൊണ്ട് മരിച്ച കുട്ടി ജീവിക്കില്ലല്ലോ. കുട്ടിയെ നിങ്ങൾ തന്നെ ഖബറടക്കിക്കൊള്ളുക. ഞാൻ ഇപ്പോൾ അതിലും വലിയ കാര്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്’ എന്നു പറഞ്ഞു അയാളെ അദ്ദേഹം മടക്കി അയച്ചു. പിന്നീട് പറവണ്ണയുടെ സ്ഥിതി എന്തായിരുന്നുവെന്ന് പരക്കെ അറിവുള്ളതാണ്. തൽക്കാലം ഉണ്ടായിരുന്ന പണത്തിന്റെ തിടുക്കം തീർന്നപ്പോൾ അദ്ദേഹത്തിന്റെ സ്ഥിതിക്കും മാറ്റം വന്നു.’’(49)
ഈ സമ്മേളനത്തിൽ വെച്ച് അഖില കേരളാടിസ്ഥാനത്തിൽ മുസ്‌ലിം സർവീസ് ലീഗ് ആരംഭിക്കണമെന്ന ആശയം സെഷൻസ് ജഡ്ജ് ഖാൻ ബഹാദൂർ സൈനുദ്ദീൻ സാഹിബ് മുന്നോട്ടുവച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഐ
ക്യ സംഘത്തിനെതിരെ നടന്ന സാമൂഹ്യബഹിഷ്‌കരണം ഒടുവിൽ പിൻവലിക്കപ്പെട്ടു. ഒമ്പതാം സമ്മേളനത്തോടെ ഐക്യസംഘത്തിന് മലബാർ മേഖലയിൽ കൂടുതൽ സ്വീകാര്യത നേടാൻ സാധിച്ചു.
മലപ്പുറം സമ്മേളനത്തിനുശേഷം വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ആ മേഖലയിൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നുവരേണ്ടതുണ്ട് എന്ന താല്പര്യം ഐക്യസംഘം നേതാക്കളിലുണ്ടായി. ഉയർന്ന നിലവാരമുള്ള സ്‌കൂളുകൾ തന്നെയായിരിക്കണം അവയെന്ന് മണപ്പാട് കുഞ്ഞഹമ്മദ് ഹാജി ആഗ്രഹിച്ചു. ഊട്ടിയിലെ ലവ്‌ഡേൽ സ്‌കൂൾ പോലെ ഒരു സ്‌കൂൾ ഏറനാട്ടിൽ മുസ്‌ലിംകൾക്കുവേണ്ടി തുടങ്ങണമെന്നത് മണപ്പാടന്റെ ഒരു സ്വപ്‌നമായിരുന്നു. മലപ്പുറത്ത് സിക്കന്തർ സാഹിബ് ഹെഡ്മാസ്റ്ററായി ഒരു ബോർഡിംഗ് സ്‌ക്കൂൾ ആരംഭിച്ചപ്പോൾ മറ്റുളളവർക്ക് പ്രചോദനമാകുവാനായി തന്റെ മൂന്ന് ആൺകുട്ടികളെയും സഹോദരൻ കൊച്ചുമൊയ്തീൻ ഹാജിയുടെ മൂത്തമകനെയും ബോർഡിംഗ് സ്‌കൂളിൽ ചേർത്തു പഠിപ്പിക്കാൻ മണപ്പാടൻ തയ്യാറായി. മലബാറിന്റെ നാനാഭാഗത്തുനിന്നും അവിടെ എത്തിയ വിദ്യാർഥികൾ പലരും പിന്നീട് പ്രഗത്ഭരായി.
ഐക്യസംഘത്തിന്റെ നിരവധി കർമപദ്ധതികൾക്ക് ധനസഹായം നൽകിയിരുന്നത് മണപ്പാടനായിരുന്നു. മുസ്‌ലിംകളുടെതായ ഒരു കോളേജ് സ്ഥാപിക്കുവാൻ 1924ൽ മുസ്‌ലിം ഐക്യസംഘം മുൻകൈ എടുത്തിരുന്നുവെങ്കിലും ആ സ്വപ്‌നം നിറവേറിയില്ല. മലബാർ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും മണപ്പാടൻ ചെയ്ത സേവനങ്ങൾ അനവധിയാണ്. 1948ൽ സ്ഥാപിതമായ കേരളത്തിലെ ആദ്യ മുസ്‌ലിം കോളേജായ ഫാറൂഖ് കോളേജിന്റെ നിലനിൽപ്പ് പ്രതിസന്ധിയിലായ ഒരു നിർണായകഘട്ടത്തിൽ അന്ന് ഒരു ലക്ഷം രൂപ വില വരുന്ന തന്റെ 111 ഏക്കർ 6 സെന്റ് ഭൂമി മണപ്പാടൻ ദാനം നൽകുകയുണ്ടായി. 1952ൽ നായർ സർവീസ് സൊസൈറ്റിയുടെ ചങ്ങനാശ്ശരി എൻ.എസ്.എസ്. കോളേജിനും 1953ൽ എസ്.എൻ.ഡി.പിയുടെ കൊല്ലം എസ്.എൻ. കോളേജിനും 1955ൽ കാലടി ശങ്കര കോളേജിനും 25 ഏക്കർവീതം ഭൂമി അദ്ദേഹം നൽകി. ഫാറൂഖ് റൗദത്തുൽ ഉലൂം, പുളിക്കൽ മദീനത്തുൽ ഉലൂം എന്നീ അറബിക്കോളേജുകൾക്ക് 30 ഏക്കർ വീതവും, അരീക്കോട് സുല്ലമസ്സലാം അറബിക്കോളേജിന് 11 ഏക്കറും, വടുതല നദ്‌വത്തുൽ മുജാഹിദീൻ മദ്‌റസക്ക് 5 ഏക്കറും, മഞ്ചേരി മേലാക്കം മദ്‌റസക്ക് 10 ഏക്കറും ആദ്ദേഹം ദാനമായിനൽകി.
അവലംബം:
47. കേരള മുസ്‌ലിം ഐക്യസംഘം - ഇ.കെ.മൗലവിയുടെ ലേഖനങ്ങളുടെ സമാഹാരം. സമാഹരണം: അബ്ദുറഹ്മാൻ മങ്ങാട്, യുവത ബുക്ക് ഹൗസ്, പേജ് 41,42.
48. ഐക്യസംഘവും കേരള മുസ്‌ലിംകളും, എൻ.കെ. അഹ്‌മദ് മൗലവി, യുവത ബുക്ക് ഹൗസ്, പേജ് 48,49,50.
49. കേരള മുസ്‌ലിം ഐക്യസംഘം ഇ.കെ. മൗലവിയുടെ ലേഖനങ്ങളുടെ സമാഹാരം. സമാഹരണം:: അബ്ദുറഹ്മാൻ മങ്ങാട്, യുവത ബുക്ക് ഹൗസ്, പേജ് 44, 45

