ഇ.കെ.മൗലവി സ്വാത ന്ത്യ സമരരംഗത്ത്
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 സെപ്തംബർ 07, 1446 റ. അവ്വൽ 04

ദീർഘകാലം തുർക്കിയായിരുന്നു മുസ്‌ലിംകളുടെ ആസ്ഥാനം. തുർക്കി ഖലീഫയെ മുസ്‌ലിംകൾ നേതാവായി അംഗീകരിച്ചിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കി ബ്രിട്ടനുൾപ്പെടുന്ന ഐക്യകക്ഷികൾക്കെതിരായിരുന്നു. ബ്രിട്ടൻ തുർക്കിക്കെതിരെ പടനയിക്കുന്നത് ഇന്ത്യയിലെ മുസ്‌ലികളിൽ ബ്രിട്ടീഷ് വിരോധം ആളിക്കത്തിച്ചു. മുസ്‌ലിംകളെ അനുനയിപ്പിക്കുന്നതിന് യുദ്ധത്തിന്റെ ആരംഭത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്ഡ് ജോർജ് തുർക്കി ഖിലാഫത്തിന്നോ മുസ്‌ലിം പുണ്യപ്രദേശങ്ങൾക്കോ നേരെ യാതൊരു ഉപരോധവുമുണ്ടാവുകയില്ലെന്ന് ഇന്ത്യയിലെ മുസ്‌ലിംകൾക്ക് ഉറപ്പു നൽകി. സ്വന്തം ഖലീഫക്കെതിരിൽ അണിനിരക്കാനും ബ്രിട്ടീഷുകാരെ സർവാത്മനാ സഹായിക്കാനും ഇന്ത്യൻ മുസൽമാന്മാരെ പ്രേരിപ്പിച്ചത് ബ്രിട്ടീഷ് പ്രാധാനമന്ത്രിയുടെ ഈ പ്രഖ്യാപനമായിരുന്നു. യുദ്ധാനന്തരം ബ്രിട്ടീഷ് ഭരണകൂടം വാഗ്ദത്തം ലംഘിക്കുകയാണുണ്ടായത്. ഖിലാഫത്തിന്റെ പ്രതാപവും പദവിയും നശിപ്പിക്കപ്പെട്ടു. തുർക്കിക്കു കീഴിലുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം ബ്രിട്ടീഷ് സഖ്യകക്ഷികൾ വീതിച്ചെടുത്തു. തുർക്കി ഒരു നാമമാത്ര രാഷ്ട്രമായി അധഃപതിച്ചു.
ഖിലാഫത്തിന്നെതിരായുള്ള ഈ കടന്നാക്രമണം മുസൽമാന്മാരെ ധർമസങ്കടത്തിലാഴ്ത്തി. ഡോ. എ.എം അൻസാരി, അലി സഹോദരന്മാർ, മൗലാനാ അബുൽ കലാം ആസാദ് തുടങ്ങിയ നേതാക്കൾ ബ്രിട്ടീഷുകാർക്കെതിരെ ഭാരതീയ മുസൽമാന്മാരെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പേരിൽ സംഘടിപ്പിച്ചു. കോൺഗ്രസ്സ് ഖിലാഫത്ത് പ്രസ്ഥാനത്തിന് സാർവത്രികമായ പിന്തുണ വാഗ്ദാനം ചെയ്തു.
വൈദേശിക ഭരണകൂടവുമായി എല്ലാതലത്തിലും നിസ്സഹകരിക്കുന്നതിന് കോൺഗ്രസ്സ് തീരുമാനിച്ചിരുന്നു. 1920ലെ നാഗപ്പൂർ പ്രമേയം ബ്രിട്ടീഷ് ഭരണകൂടത്തിന്നെതിരെ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നതിന്ന് ആഹ്വാനം ചെയ്തു. അതിനാൽ 1920-21 കാലഘട്ടത്തിൽ കോൺഗ്രസ്സും ഖിലാഫത്തും ആശയാദർശങ്ങളിൽ ഒന്നുതന്നെയായിരുന്നു. ഇന്ത്യൻ ദേശീയതയുടെ ഈ രണ്ടു പ്രവാഹങ്ങളും ഒരുമിച്ചുചേർന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന്നെതിരിൽ ശക്തമായി രംഗത്തിറങ്ങി.
ഇതിനകം മുസ്‌ലിം ശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ട്, കോൺഗ്രസ് പിന്തുണയോടെ മുസ്‌ലിം പണ്ഡിതർക്കായി ‘മജ്‌ലിസുൽ ഉലമാ’ എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കപ്പെട്ടിരുന്നു. സംഘടനയുടെ ഒരു പ്രത്യേക സമ്മേളനം 1921 ഏപ്രിൽ 2,3 തീയതികളിൽ തമിഴ്‌നാട്ടിലെ ഈറോഡുവെച്ച് നടന്നു. അലി സഹോദരന്മാരും അബുൽകലാം ആസാദും ഖുത്ബുദ്ദീൻ അൻസ്വാരിയുമടക്കമുള്ള പ്രമുഖർ പങ്കെടുത്ത സമ്മേളനത്തിൽ കേരളത്തിൽനിന്നും പ്രതിനിധികൾ പങ്കെടുത്തിരുന്നു. കേരളത്തിന്റ ചുമതല വക്കം മുഹമ്മദ് അബ്ദുൽഖാദർ മൗലവിക്കായിരുന്നു. കേരളത്തിലെ പണ്ഡിതന്മാർക്കും ഇതുപോലെ ഒരു പ്രത്യേക സംഘടന വേണമെന്ന് പങ്കെടുത്ത പ്രതിനിധികൾ ആവശ്യമുയർത്തി.
ആയിടയ്ക്കാണ് ഒറ്റപ്പാലത്തു കോൺഗ്രസ്സ്-ഖിലാഫത്ത് സമ്മേളനം നടന്നത്. മലബാറിലെ മാപ്പിളമാരെല്ലാം കോൺഗ്രസ്സിൽ ചേർന്ന് സഹകരിക്കണമെന്ന് എം.പി നാരായണ മേനോൻ തന്റെ പ്രസംഗത്തിൽ അഭ്യർഥിച്ചു. ദേശീയ സമര രംഗത്ത് മുസ്‌ലിംകളെ ശാക്തീകരിക്കുക എന്നതു തന്നെയായിരുന്നു സമ്മേളന ലക്ഷ്യം. അതിന്റെ ഭാഗമായി സമ്മേളനത്തിൽ വെച്ച് ദേശീയ സമരരംഗത്ത് സജീവമായിരുന്ന പണ്ഡിതന്മാരെ ഉൾപ്പെടുത്തി കേരളത്തിലും മജ്‌ലിസുൽ ഉലമയുടെ ഘടകം രൂപീകരിക്കുകയുണ്ടായി. മൗലവി സയ്യിദ് മുർത്തളാ പ്രസിഡന്റായും ഇ.മൊയ്തു മൗലവി സെക്രട്ടറിയായും രൂപംകൊണ്ട ഈ സംഘടനയുടെ പ്രവർത്തക സമിതിയിൽ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതരായവരിൽ ഇ.കെ.മൗലവിയും ഉണ്ടായിരുന്നു.(64) ഇ.കെ.മൗലവിയോടൊപ്പം ഐക്യസംഘം നേതാക്കളായ വക്കം എം.മുഹമ്മദ് അബ്ദുൽഖാദർ മൗലവി, ശൈഖ് മുഹമ്മദ് മാഹിൻ ഹമദാനി തങ്ങൾ, കട്ടിലശ്ശേരി എം.വി മുഹമ്മദ് മൗലവി, മൗലവി അറബി ഷംനാട് കാസർകോട്, മൗലവി എ. മുഹമ്മദ് കുഞ്ഞ് വക്കം തുടങ്ങിയവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തിരുന്നു. ഇവരെല്ലാം ഐക്യസംഘത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു.

ഐക്യസംഘത്തിന്റെ അമരത്തുണ്ടായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവി പ്രസിഡന്റായും മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് സെക്രട്ടറിയായും സമ്മേളനത്തിൽ വെച്ച് കേരള ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. എന്നാൽ അക്കാലത്തെ പ്രമുഖ യാഥാസ്ഥിതിക പണ്ഡിതന്മാർ കേരള മജ്‌ലിസുൽ ഉലമാക്കെതിരെ രംഗത്തിറങ്ങി. സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾക്ക് വിലക്കേർപ്പെടുത്തി ഫത്‌വ ഇറക്കാനും അവർ മടിച്ചില്ല.
1919 മുതൽ ഇ.കെ.മൗലവി കൊച്ചി രാജ്യത്തെ കൊടുങ്ങല്ലൂരിൽ മതവിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ. കൊച്ചി രാജ്യം ബ്രിട്ടീഷുകാരുടെ ഒരു സാമന്ത രാജ്യമായിരുന്നതിനാൽ അവിടെ ബ്രിട്ടന്റെ അതിക്രമങ്ങൾ ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല. ബ്രിട്ടിഷുകാർ നേരിട്ടു ഭരിച്ചിരുന്ന മലബാറിൽ ബ്രിട്ടീഷുകാരോടുള്ള എതിർപ്പ് ശക്തമായ രൂപത്തിൽ പ്രകടമായി. എന്നാൽ ഖിലാഫത്ത് പ്രസ്ഥാനം കൊടുമ്പിരികൊണ്ടതോടുകൂടി കൊടുങ്ങല്ലൂരിലും ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആക്കംകൂടി. നവോത്ഥാനരംഗത്ത് സജീവരായിത്തീർന്ന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യൻമാരേറെയും സ്വാതന്ത്ര്യസമര രംഗത്ത് നിലയുറപ്പിച്ചു. അക്കാര്യം ഇ.കെ.മൗലവി ഇപ്രകാരം എഴുതുന്നു:
“അപ്പോഴേക്കും ഇന്ത്യയിലൊട്ടാകെ ഖിലാഫത്ത് പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടു. കേരളവും ഒട്ടും പിന്നിലായിരുന്നില്ല. മൗലാനയുടെ ശിഷ്യന്മാരിൽ ഒട്ടുപേരും അതിലെ പ്രവർത്തകന്മാരായിത്തീർന്നു. കാരണം മുസ്‌ലിംകളിൽ കുറെയെങ്കിലും എഴുതുവാനും പ്രസംഗിക്കുവാനും കഴിവുള്ളവർ അവരായിരുന്നു.’’(65)
കേരള മുസ്‌ലിം നവോത്ഥാനത്തിന് തുടക്കമിട്ടവരെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് അനൽപമായ സംഭാവനകൾ നൽകിയവരാണ്. നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ അവർ ഖിലാഫത്ത് യോഗങ്ങൾ സംഘടിപ്പിച്ചു ബ്രിട്ടിഷുകാർക്കെതിരെ പ്രതിഷേധമുയർത്തി. കെ.എം.മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ല്യാർ, എം.സി.സി.അബ്ദുറഹ്‌മാൻ മൗലവി തുടങ്ങിയ നവോത്ഥാന നായകർ മലബാറിൽ നടത്തിയ ഖിലാഫത്ത് സമരങ്ങൾക്ക് സമാനമായി കൊച്ചി രാജ്യത്ത് ഇ.കെ.മൗലവിയും ബ്രിട്ടീഷ് വിരുദ്ധ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ഒട്ടേറെ ഖിലാഫത്ത് സമരപരിപാടികളിൽ സംബന്ധിക്കുകയുണ്ടായി.
1921ൽ മലബാറിൽ കലാപം രൂക്ഷമായതിനെ തുടർന്ന് ടി.കെ.മുഹമ്മദ് മൗലവി, എംസിസി അബ്ദുർറഹ്‌മാൻ മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയ പ്രമുഖ വ്യക്തികൾ കൊടുങ്ങല്ലൂരിൽ അഭയം തേടി. കൊടുങ്ങല്ലൂരിലെ അവരുടെ സാന്നിധ്യം ദേശീയസമരങ്ങളിൽ ശക്തമായി പ്രവർത്തിക്കാനും മുസ്‌ലിം നവോത്ഥാന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുവാനും ഇ.കെ.മൗലവിക്കു സഹായകമായി. ഈ പണ്ഡിതന്മാരെ കൊടുങ്ങല്ലൂരിലും പരിസരപ്രദേശങ്ങളിലും നടന്ന ഖിലാഫത്ത് യോഗങ്ങളിൽ പങ്കെടുപ്പിക്കാനും ഇ.കെ.മൗലവി പരിശ്രമിച്ചു. എം.സി.സി.അബ്ദുറഹ്‌മാൻ മൗലവി പങ്കെടുത്ത ഒരു യോഗത്തെക്കുറിച്ച് എം.സി.സി. സ്മരണികയിൽ ഇ.കെ.മൗലവി എഴുതിയത് കാണുക:
“1921ൽ കൊടുങ്ങല്ലൂരിനടുത്തുള്ള പനങ്ങാട് ദേശത്ത് (സായിവിന്റെ പള്ളി) ഒരു ഖിലാഫത്ത് യോഗം നടക്കുകയുണ്ടായി. ഖിലാഫത്ത് യോഗങ്ങളിലൊക്കെ ഞാനും പങ്കെടുക്കാറുണ്ടെങ്കിലും ചില കാരണങ്ങളാൽ ആ യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നില്ല. യോഗത്തിന്റെ അധ്യക്ഷൻ ജ. കട്ടിലശ്ശേരി മുഹമ്മദ് മൗലവിയായിരുന്നു. ചെറുപ്പക്കാരനാണെങ്കിലും യോഗത്തിൽ നമ്മുടെ ചരിത്രപുരുഷനും വന്നെത്തിയിരുന്നു. അവിടെ എന്നെ കാണാതിരുന്നത് കൊണ്ട് യോഗാനന്തരം എം.സി.സി. അഴീക്കോട്ടേക്ക് വരികയുണ്ടായി. മൗലാനയുടെ പുത്രന്മാരിൽ ഒരാളെയെങ്കിലും കാണുവാൻ സാധിച്ചതിൽ എനിക്കുണ്ടായ സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കുക പ്രയാസമാണ്. അടുത്തദിവസം രാവിലെ ഞങ്ങൾ രണ്ടാളും ജുമുഅത്ത് പള്ളിക്കു മുമ്പിലുള്ള ചായക്കടയിലിരുന്ന് ചായ കുടിക്കുകയായിരുന്നു. അപ്പോൾ ആരോ പറഞ്ഞു; മലബാറിൽ ലഹള പൊട്ടി പുറപ്പെട്ടിരിക്കുന്നുവെന്ന്. ഞങ്ങളൊന്നമ്പരന്നു. ഉടനെ എം.സി.സി. പറഞ്ഞു; അതാ ആ വരുന്നയാൾ തിരൂരങ്ങാടിക്കാരനാണ്. അയാളെ അദ്ദേഹം വിളിച്ചെങ്കിലും ഒന്നുമറിയാത്ത ഭാവത്തിൽ നടക്കുകയാണ്. വീണ്ടും എം.സി.സി. അയാളെ പേരെടുത്ത് വിളിച്ചു. അയാൾ ഞങ്ങളുടെ അടുത്ത് വന്നു. അയാളോട് വിവരം അന്വേഷിച്ചപ്പോൾ ‘അതെ, ആ പട്ടാളക്കാർ പന്നികൾ വന്നു വെടിവെച്ചു. പലരേയും കൊന്നു. ഒരു കാറിൽ കുറെ ആളും പടസാമാനങ്ങളും വന്നു. ഞങ്ങൾ ആ കാറും ആളെയും പനമ്പുഴക്കൽക്ക് തള്ളി വിട്ടു. ഞാനിങ്ങോട്ടും വെച്ചു’ എന്നു മാത്രമാണ് അയാളിൽ നിന്നും കിട്ടിയ വിവരം. ഞങ്ങൾ കൊടുത്ത ചായയും കുടിച്ച് അയാൾ സ്ഥലം വിട്ടു. അവിടെ നിൽക്കാൻ കൂട്ടാക്കിയില്ല.(66)

കൊടുങ്ങല്ലൂരിൽ അഭയം തേടിയെത്തിയ എം.സി.സി. അബ്ദുറഹ്‌മാൻ മൗലവി ഇ.കെ.മൗലവിക്ക് നല്ല ഒരു തുണയായിമാറി. എം.സി.സി.യെ കൊടുങ്ങല്ലൂരിൽതന്നെ താമസിപ്പിക്കണമെന്നായിരുന്നു ഇ.കെ.മൗലവിയുടെ ആഗ്രഹം. ഈ ആഗ്രഹം മൗലവിയും സുഹൃത്തുക്കളും എം.സി.സി.യെ അറിയിക്കുകയും കൊടുങ്ങല്ലൂരിൽതന്നെ തുടരാൻ എം.സി.സി. അബ്ദുറഹ്‌മാൻ മൗലവി സമ്മതിക്കുകയും ചെയ്തു.
ആയിടയ്ക്കാണ് മലബാറിലുണ്ടായിരുന്ന പണ്ഡിതവര്യനും സാമൂഹ്യപരിഷ്‌കർത്താവുമായ കെ.എം.മൗലവി വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നത്. മലബാർ സമരത്തിന്റെ തുടക്കം തിരൂരങ്ങാടിയിൽ വെച്ചായിരുന്നല്ലോ. കലാപം പൊട്ടിപ്പുറപ്പെട്ടതറിഞ്ഞു നാടാകെ അമ്പരന്നു. ലഹള ശമിപ്പിക്കാനായി കെ. എം. മൗലവി, ഇ. മൊയ്തു മൗലവി, കെ.പി. കേശവമേനോൻ, കെ. മാധവൻ നായർ എന്നിവരെ അന്നത്തെ മലബാർ കലക്ടർ തിരൂരങ്ങാടിക്കയച്ചു. അവർ തങ്ങളാൽ കഴിയുന്ന സകല ശ്രമങ്ങളും ചെയ്തുനോക്കി. മൗലവി സാഹിബ് ലഹളക്കാരോട് തിരിച്ചുപോകാനാവശ്യപ്പെട്ടു. നമ്മുടെ പള്ളികളെ അപമാനിച്ചതിന് പകരം ചോദിക്കാത്തതിനെക്കുറിച്ചു പരലോകത്ത് ചോദ്യം ചെയ്യുമ്പോൾ ആര് ഉത്തരം പറയും എന്നായിരുന്നു ലഹളക്കാരുടെ പ്രതികരണം. കെ.എം. മൗലവി സാഹിബ് ഇങ്ങനെ പ്രതിവചിച്ചു: ‘അല്ലാഹുവിനോട് ഈ തയ്യിൽ മുഹമ്മദ് കുട്ടി ഉത്തരം പറയും. നിങ്ങൾ ഇപ്പോൾ തിരിച്ചുപോകണം.’ തൽക്കാലം അവർ പിരിഞ്ഞുപോയി. അപ്പോഴേക്കും ലഹള സർവത്ര വ്യാപിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ലഹളക്കാരും ഗവൺമെന്റും മൗലവി സാഹിബിന്റെ ശത്രുക്കളായി മാറി. ഏതാനും ദിവസങ്ങൾക്കകം ബ്രിട്ടീഷ് ഭരണകൂടം കെ.എം.മൗലവിയെ വധശിക്ഷക്കു വിധിച്ചു. തന്മൂലം അദ്ദേഹത്തിനു പരസ്യമായി പുറത്തിറങ്ങാൻ സാധിക്കാതെ വന്നു.
ഈ ഘട്ടത്തിൽ കെ.എം.മൗലവിയെ കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുവരണമെന്ന് ഇ.കെ.മൗലവി ആഗ്രഹിച്ചു. വിധി നടപ്പാക്കാൻ അനുവദിച്ച മൂന്നു മാസത്തിനിടയിൽ ഇ.കെ.മൗലവിയും എം.സി.സി.യും കെ.എം.മൗലവിയുമായി നേരിട്ടു കത്തിടപാടുകൾ നടത്തിയിരുന്നു. അധികം താമസിയാതെ കെ.എം.മൗലവി സാഹിബ് അവർ നിർദേശിച്ച മാർഗത്തിലൂടെ കൊടുങ്ങല്ലൂരിലെത്തിച്ചേർന്നു. ഇതേ തുടർന്നു മലബാറിലെ ലഹളബാധിത പ്രദേശങ്ങളിൽനിന്ന് പലരും കൊടുങ്ങല്ലൂരിലേക്ക് വന്നുകൊണ്ടിരുന്നു. അവരെയെല്ലാം ഇ.കെ.മൗലവിയടക്കമുള്ള ഐക്യസംഘം പ്രവർത്തകർ സ്വീകരിക്കുകയും മണപ്പാട് കുഞ്ഞിമുഹമ്മദ് സാഹിബിന്റെയും സീതിസാഹിബിന്റെയും വീടുകളിൽ അവർക്കുള്ള താമസം ഒരുക്കുകയും ചെയ്തു.
കെ.എം. മൗലവി സാഹിബ് മലബാറിലെ ബ്രിട്ടീഷ് ഭരണത്തിന്റെ പീഡനങ്ങളിൽനിന്ന് അഭയംതേടി കൊടുങ്ങല്ലൂരിൽ വന്നെത്തിയതോടെ ഇ.കെ. മൗലവി സാഹിബിന് ഓജസ്സും ചൈതന്യവുമുള്ള ഒരു ആത്മമിത്രത്തിന്റെ കൂട്ട് ലഭിച്ചു. രണ്ടുപേരും നേരത്തെ വാഴക്കാട്ടെ ദർസിൽ സതീർഥ്യരായിരുന്നുവല്ലോ. അവിടെ തൊട്ട് തുടങ്ങിയ ഉറ്റബന്ധം മരണംവരെ നില നിർത്തപ്പെടുകയും ചെയ്തു. കെ.എം. മൗലവിയെ കൊടുങ്ങല്ലൂരിലെത്തിക്കുന്നതിൽ ബുദ്ധിപരമായ പങ്കുവഹിച്ചത് ഇ.കെ.മൗലവിയായിരുന്നു. ഉൽപതിഷ്ണുത്വത്തിന്റെ ഈ കൂട്ടുകെട്ട് ‘കേരള മുസിലിം ഐക്യസംഘം’ എന്ന ഐതിഹാസിക പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനും പ്രവർത്തനങ്ങൾക്കും നിമിത്തമായി.
ഐക്യസംഘം മുന്നേറുകയും അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും കോട്ടകൊത്തളങ്ങളെ കടന്നാക്രമിക്കുകയും അതോടൊപ്പം അതിന്റെ നേതാക്കൾ ഖിലാഫത്ത് സമരങ്ങളിൽ പങ്കെടുക്കുകയും ചെയ്തപ്പോൾ സംഘം പ്രവർത്തകരെ കുടുക്കുന്നതിനുവേണ്ടി ഐക്യസംഘത്തിനെതിരെ യാഥാസ്ഥിതികർ സർക്കാരിനു മുമ്പിൽ ധാരാളം പരാതികൾ നൽകുക പതിവായിരുന്നു. എന്നാൽ സംഘം പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും സംഘത്തിന്റെ നേതാക്കളെ ബഹുമാനിക്കുകയുമാണ് അധികൃതർ ചെയ്തത്. കെ.എം.മൗലവിയെക്കുറിച്ച് കെ.എം.മൗലവി സ്മരണികയിൽ ഇ.കെ.മൗലവി എഴുതിയ സംഭവം ഇതിനുദാഹരണമായി കാണാവുന്നതാണ്.
“ഇതിനിടക്ക് മലബാറിൽനിന്നുള്ള പൊലീസും പൊലീസുകാരുടെ ഏജന്റുമാരും അദ്ദേഹത്തെ കെണിയിൽ പെടുത്തുവാൻ തക്കം പാർത്തുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, അവരെല്ലാം പരാജിതരാകുകയാണുണ്ടായത്. കൊടുങ്ങല്ലുരിലെ മുസ്‌ലിംകൾ മാത്രമല്ല, അമുസ്‌ലിംകളും മൗലവിയുടെ രക്ഷക്കുവേണ്ടി ജീവൻ ബലിയർപ്പിക്കാൻ പോലും തയ്യാറായിരുന്നു. ഒരു ഉദാഹരണം പറയാം. മലബാറിൽ നിന്നു ഒരു സബ് ഇൻസ്‌പെക്ടറും പാർട്ടിയും കൊടുങ്ങല്ലുരിൽ വന്നിട്ടുണ്ടെന്നും അവരുടെ ഉന്നം കെ.എം.മൗലവിയാണെന്നും വിവരം കിട്ടിയതനുസരിച്ചു പലരും പോലീസ് സ്റ്റേഷൻ പരിസരത്തിലെത്തി. മലബാറിൽനിന്നു വന്ന സബ് ഇൻസ്‌പെക്ടറും പാർട്ടിയും അമ്പലനടക്കൽ നിൽക്കുന്നതായി കണ്ടു. ഉടനെ കെ.സി.കൃഷ്ണൻകുട്ടി മേനോൻ എന്നൊരാൾ ഇൻസ്‌പെക്ടറുടെ അടുത്ത് ചെന്നു. ‘നിങ്ങൾ ഇവിടെ എന്തു ഉദ്ദേശ്യത്തോടുകൂടിയാണ് വന്നിട്ടുള്ളത്’ എന്ന് ചോദിച്ചു. ‘ഞങ്ങൾക്ക് ഇവിടെ ഒരാളെ പിടികിട്ടേണ്ടതുണ്ടായിരുന്നു, അത് സാധിക്കുകയും ചെയ്തു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മേനോൻ പറഞ്ഞു: ‘നിങ്ങൾ തയ്യിൽ മുഹമ്മദ്കുട്ടി മുസ്‌ലിയാരെ പിടിക്കുവാൻ വന്നതാണെന്നു കരുതിയാണ് ഞാൻ ചോദിച്ചത്. ഇവിടുത്തെ മുസ്‌ലിംകളെപ്പറ്റി ഞാനൊന്നും അറിയുകയില്ല. എന്നാൽ ഇവിടുത്തെ ഹിന്ദുക്കളുടെ ശവശരീരത്തിൽ ചവിട്ടിക്കൊണ്ടല്ലാതെ നിങ്ങൾക്ക് അദ്ദേഹത്തെ അറസ്റ്റു ചെയ്യുവാൻ സാധിക്കുകയില്ലെന്നു ഞാൻ തീർത്തു പറയുന്നു.’
ഇൻസ്‌പെക്ടർ: ‘അദ്ദേഹം ഇവിടെയുണ്ടെന്ന് ഞങ്ങൾക്കറിയാം. എന്നാൽ അദ്ദേഹത്തെ പിടിക്കുവാൻ ഞങ്ങൾക്കുദ്ദേശ്യമില്ല. അതിന് ഞങ്ങൾ വന്നിട്ടുമില്ല.’
ഇതിൽനിന്നു മനസ്സിലാക്കാം; കൊടുങ്ങല്ലൂരിലെ മുസ്‌ലിംകളും അമുസ്‌ലിംകളും മൗലവി സാഹിബിനെ എത്രമാത്രം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നുവെന്ന്. കൊടുങ്ങല്ലൂരിൽ മാത്രമല്ല, കൊച്ചി സ്റ്റേറ്റിലും തിരുവിതാംകൂറിലും മുസ്‌ലിംകളും അമുസ്‌ലിംകളുമായ അനേകം സുഹൃത്തുക്കൾ അദ്ദേഹത്തിനുണ്ടായിരുന്നു.”(67)
ഐക്യസംഘത്തിനെതിരെയും ഐക്യസംഘം നേതാക്കൾക്കെതിരെയും ഒട്ടേറെ പരാതികൾ അധികൃതർക്ക് ലഭിച്ചിരുന്നെങ്കിലും അധികൃതർ അവ വിശ്വസിക്കുകയോ കണക്കിലെടുക്കുകയോ ചെയ്തില്ല എന്നു മാത്രമല്ല, നേതാക്കളെ അവർ അങ്ങേയറ്റം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
മാർഷൽ ലോ പിൻവലിക്കുകയും കെ.എം.മൗലവിയെ കുറ്റവിമുക്തനാക്കുകയും ചെയ്തതിനു ശേഷമാണ് എം.സി.സി. അഹ്‌മദ് മൗലവിയെയും അബ്ദുറഹ്‌മാൻ മൗലവിയെയും ഉപരിപഠനത്തിനായി വേലുർ ബാഖിയാത്തുസ്സ്വാലിഹാത്തിലേക്ക് അയക്കുന്നത്. അക്കാര്യം ഇ.കെ.മൗലവി വിശദീകരിക്കുന്നത് ഇങ്ങനെ:
“മാർഷൽ ലോ പിൻവലിക്കുകയും പോലീസ്‌രാജ് നിലവിൽ വരികയും ചെയ്തു. തങ്ങളുടെ അന്വേഷണത്തിൽ മൗലവി സാഹിബിന്റെ പേരിൽ ഗുരുതരങ്ങളായ ചാർജ്ജുകളുള്ളതായിട്ടാണറിഞ്ഞത്. പരേതനായ ടി.കെ.മൗലവി ലഹള തുടങ്ങുന്നതിനു മുമ്പുതന്നെ കൊടുങ്ങല്ലൂരിലുണ്ടായിരുന്നു. തിരൂരങ്ങാടിയിൽനിന്ന് കെ എം. മൗലവിയുടെ ഭാര്യയേയും കൊടുങ്ങല്ലൂർക്ക് കൊണ്ടുവന്നു. എം.സി.സിയുടെ സഹോദരന്മാരുടെ പേരിൽ കേസൊന്നുമുണ്ടായിരുന്നില്ല”.
എം.സി.സി. സഹോദരന്മാരുടെ വിദ്യാഭ്യാസ വിഷയത്തിലാണ് ഞങ്ങളുടെ ശ്രദ്ധ പതിഞ്ഞത്. ഹസൻ മൗലവി നന്നെ ചെറുപ്പമായിയിരുന്നു അന്ന്. അതിനാൽ അഹമ്മദ് മൗലവിയേയും അബ്ദുറഹിമാൻ മൗലവിയേയും ഞങ്ങൾ വേലൂരിലേക്കയച്ചു. അന്ന് അബ്ദുൽ ജബ്ബാർ ഹസ്രതായിരുന്നു ബാഖിയാത്തിലെ പ്രിൻസിപ്പാൾ. എം.സി.സി. സഹോദരന്മാരുടെ പിതാവും അദ്ദേഹവുമായി മുമ്പുതന്നെ പരിചയമുണ്ട്. എം.സി.സി. സഹോദരന്മാർ അവിടെ ചേർന്ന ശേഷമാണ് മലയാളികളായ വിദ്യാർഥികളുടെ ഇടയിൽ ഉത്സാഹവും ഉന്മേഷവുമുണ്ടായിത്തീർന്നത്. മലയാളി വിദ്യാർഥികളുടെ ഒരു സംഘം തന്നെ അവർ അവിടെ സ്ഥാപിച്ചു. പരേതനായ പറവണ്ണ മൊയ്തീൻകുട്ടി മൗലവിയും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.’’(68)
അവലംബം:
64. ഇ.കെ.മൗലവി തെരഞ്ഞെടുത്ത കൃതികൾ, യുവത ബുക്ക് ഹൗസ്, പേജ് 17.
65. എം.സി.സി. അബ്ദുറഹ്‌റമാൻ മൗലവി സ്മരണികയിൽ ഇ.കെ.മൗലവി എഴുതിയ ലേഖനം.
66. എം.സി.സി. അബ്ദുറഹ്‌റമാൻ മൗലവി സ്മരണികയിൽ ഇ.കെ.മൗലവി എഴുതിയ ലേഖനം.
67. കെ.എം.മൗലവി സ്മരണിക-ഇ.കെ.മൗലവിയുടെ ലേഖനം.
68. എം.സി.സി. അബ്ദുറഹ്‌മാൻ മൗലവി സ്മരണികയിൽ ഇ.കെ.മൗലവി എഴുതിയ ലേഖനം.
(തുടരും)

