ഇ.കെ.മൗലവിയുടെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 ഒക്ടോബർ 12, 1446 റ. ആഖിർ 09

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 29)
കൊടുങ്ങല്ലൂരിൽ ഇ.കെ.മൗലവി നടത്തിയ മതനവീകരണ പ്രവർത്തനങ്ങളെക്കുറിച്ചും വിദ്യാഭ്യാസവിപ്ലവത്തെക്കുറിച്ചും നാം നേരത്തെ ചർച്ച ചെയ്തുവല്ലോ. യാഥാസ്ഥിതിക പൗരോഹിത്യം മനുഷ്യന്റെ എല്ലാവിധ പുരോഗതിക്കും വിലങ്ങുതടിയായി നിന്ന അന്ധകാരനിബിഢമായ സാമൂഹ്യസാഹചര്യത്തിലാണ് ഇ.കെ.മൗലവി സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ച കൈത്തിരിയേന്തിയത്. വിദ്യാഭ്യാസം നിഷിദ്ധമാണെന്നും ആര്യനെഴുത്ത് ഹിന്ദുക്കളുടെ ഭാഷയാണെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും പ്രചരിപ്പിച്ച് സമുദായത്തെ അന്ധകാരത്തിൽ തളച്ചിടാൻ ശ്രമിക്കുകയായിരുന്നു മതപൗരോഹിത്യം. അക്കാലത്ത് ശുദ്ധമലയാളം പോലും പറയാൻ പാടില്ലായിരുന്നു, മലയാള ഭാഷതന്നെ വികലമാക്കിയാണ് സംസാരിച്ചുവന്നിരുന്നത്.
സത്രീകൾക്ക് പ്രസവവേദന വന്നാൽ ആശുപത്രിയിൽ പോകാൻ പാടില്ലായിരുന്നു, നഫീസത്ത് മാല പാടലും പിഞ്ഞാണത്തിലെഴുതി കലക്കിക്കുടിക്കലും മാത്രമായിരുന്നു അന്നത്തെ ചികിത്സ. പുരുഷൻമാർ എല്ലാ വ്യാഴാഴ്ചയും തല മുണ്ഡനം ചെയ്യണം. സ്ത്രീകൾക്ക് പാവാടയും മുഖമക്കനയും പുരുഷൻമാർക്ക് ട്രൗസറും ഷെഡ്ഡിയും ധരിക്കാൻ പാടില്ലായിരുന്നു. കാച്ചിത്തുണി മാത്രമെ ധരിക്കാൻ പാടുണ്ടായിരുന്നുള്ളൂ. ഇതൊക്കെയായിരുന്നു അക്കാലത്തെ ‘മതാധ്യാപനങ്ങൾ.’ ഇത്തരം വിശ്വാസവൈകല്യങ്ങളിൽനിന്നും സമൂഹത്തെ രക്ഷപ്പെടുത്തണമെങ്കിൽ ഭൗതിക വിദ്യാഭ്യാസം കൂടിയേതീരൂ എന്നതായിരുന്നു ഇ.കെ.മൗലവിയുടെ നിലപാട്. കർമപരവും വിശ്വാസപരവുമായ ഇത്തരം വൈകല്യങ്ങൾക്കെതിരെ ഇ.കെ.മൗലവി ശക്തമായി രംഗത്തിറങ്ങുകയും വിദ്യാഭ്യാസം നേടുന്നതിനായി സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്തു. സമുദായത്തിന്റെ ഉത്ഥാനത്തിന് സ്ത്രീവിദ്യാഭ്യാസവും അനിവാര്യമാണെന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചു.
സ്ത്രീ വിദ്യാഭ്യാസത്തിനും സ്ത്രീ ശാക്തീകരണത്തിനും ഇ.കെ.മൗലവി നടത്തിയ ശ്രമങ്ങൾ എടുത്തുപറയേണ്ടതുതന്നെയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സവിശേഷ ശ്രദ്ധ ആവശ്യമാണെന്ന് അദ്ദേഹം സമുദായത്തെ ഉണർത്തി. പെൺകുട്ടികൾ പ്രസവിക്കാനും കുട്ടികളെ പരിചരിക്കാനുമുള്ള ഉപകരണങ്ങൾ മാത്രമല്ലെന്നും സമൂഹത്തിന്റെ പുരോഗതിയിൽ അവർക്ക് നിർണായകപങ്കുണ്ടെന്നും അദ്ദേഹം ഉദ്‌ഘോഷിച്ചു. ഈ ശ്രമത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ പ്രദേശത്ത് അഭ്യസ്തവിദ്യരായ ധാരാളം വനിതകൾ ഉയർന്നുവന്നു. ജന്മദേശമായ കടവത്തൂരിലും വിദ്യാഭ്യാസ വിപ്ലവത്തിന് അദ്ദേഹം നേതൃത്വം നൽകി. വിദ്യാലയത്തിന്റെ പടി കാണാൻ അനുവാദമില്ലായിരുന്ന ആ കാലത്ത് സ്വന്തം മകളെ സ്‌കൂളിലയക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എന്നാൽ തന്റെ പേരമകൾ ഇ.കെ.ആയിഷയെ സ്‌കൂളിലയച്ച് അദ്ദേഹം കടവത്തൂരിലെ മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് നാന്ദികുറിച്ചു. ആ പെൺകൊടി സ്‌കൂളിലേക്ക് യാത്രയാകുന്നത് അത്ഭുതത്തോടുകൂടി നോക്കി നിൽക്കാനും പരിഹാസ വാക്കുകൾ ചൊരിയാനും വഴിവക്കിൽ ആളുകൾ കാത്തുനിന്നിരുന്നു.
മതപൗരോഹിത്യത്തിനെതിരിൽ ശക്തമായി നിലകൊള്ളാനും വിദ്യനേടാനും ആ കുട്ടിക്ക് മൗലവി സാഹിബ് ധൈര്യം പകർന്നു. അങ്ങനെ ഇ.എസ്.എൽ.സി.(അന്നത്തെ എസ്.എസ്.എൽ.സി.) പാസ്സാകുന്ന കടവത്തൂരിലെ ആദ്യത്തെ പെൺകുട്ടിയായി അദ്ദേഹത്തിന്റെ പേരമകൾ ആയിഷ മാറി. കടവത്തൂരിലെ വെസ്റ്റ് യു.പി.സ്‌കൂളിലെ ആദ്യകാലത്തെ പ്രധാനാധ്യാപകനായിരുന്ന പി.പി.കെ നമ്പ്യാർ തന്റെ ഓർമക്കുറിപ്പുകളിൽ അക്കാര്യം അനുസ്മരിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നത് കാണുക:
“മുസ്‌ലിം പെൺകുട്ടികൾ ആൺകുട്ടികളെ അപേക്ഷിച്ച് ബുദ്ധികൂടുതലുള്ളവരായാണ് ഞാൻ മനസ്സിലാക്കിയത്. ക്രമേണ പെൺകുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനയക്കുകയും അവർ പഠിച്ച് മിടുക്കികളാവുകയും ഉദ്യോഗം കരസ്ഥമാക്കുകയും ചെയ്തു. ഇവിടെ ആദ്യം പഠിച്ച ഒരു പെൺകുട്ടിയാണ് ഒന്നാമതായി ഇ.എസ്.എൽ.സി. പാസ്സായത്. അത് സ്‌കൂളിന് മുൻവശത്തുള്ള ഇ.കെ ആയിഷ എന്ന കുട്ടിയാണ്. പ്രസിദ്ധനായ ഇ.കെ മൗലവിയുടെ മകളുടെ മകളാണ് ഈ കുട്ടി. അവളുടെ സഹോദരി-സഹോദരന്മാരെല്ലാം പഠിക്കാൻ മുൻപന്തിയിലായിരുന്നു. ഇ.കെ.അഹമ്മദ്കുട്ടി യൂണിവേഴ്‌സിറ്റിയിൽ ലക്ചററാണ്. ഡോക്ടറേറ്റ് കിട്ടിയിട്ടുണ്ട്. അവന്റെ സഹോദരനും കോളേജധ്യാപകനാണ്. സഹോദരിമാരിൽ ആയിഷക്കു പുറമെ രണ്ടുപേർ ടീച്ചർമാരാണ്.’’ (83)
വിദ്യാഭ്യാസത്തെ നിഷിദ്ധമായിക്കണ്ടിരുന്ന ഒരു സമൂഹത്തെ വിദ്യനേടാനും അവരെ സമൂഹത്തിന്റെ ഉയർന്ന തുറകളിലെത്തിക്കാനും ഇ.കെ.മൗലവിക്കു സാധിച്ചു. സ്വന്തം കുടുംബത്തിൽ തന്നെയാണ് അദ്ദേഹം അത് വിജയിപ്പിച്ചു കാണിച്ചുതന്നത്. കൊടുങ്ങല്ലൂരിലും കടവത്തൂരിലും മാത്രമല്ല, കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ മുസ്‌ലിംകളിൽനിന്നും പെൺകുട്ടികളടക്കം വലിയ ഒരുവിഭാഗം വിദ്യനേടാൻ മുന്നോട്ടുവന്നത് ഇ.കെ.മൗലവിയുടെ പരിശ്രമങ്ങളിലൂടെയാണ്. എന്നാൽ സമുദായത്തെ ചൂഷണം ചെയ്ത് ജീവിച്ചിരുന്ന പുരോഹിതന്മാർ സമുദായാംഗങ്ങൾ വിദ്യനേടി പുരോഗമിക്കുന്നതിനെ ഭയപ്പാടോടുകൂടിയാണ് കണ്ടത്.
പെൺകുട്ടികൾകൂടി വിദ്യ അഭ്യസിച്ചുതുടങ്ങിയതോടെ പൗരോഹിത്യം വിറളിപൂണ്ടു. ഇതിനെതിരെ പെൺകുട്ടികളെ എഴുത്ത് പഠിപ്പിക്കൽ ഹറാമാണെന്ന് പ്രഖ്യാപിച്ച് യാഥാസ്ഥിതിക പണ്ഡിതനേതൃത്വം പ്രമേയം പാസ്സാക്കുകയുണ്ടായി. 1930 മാർച്ച് 16ന് മണ്ണാർക്കാട്ടുവച്ച് വെള്ളാങ്ങര മുഹമ്മദ് മുസ്‌ല്യാരുടെ അധ്യക്ഷതയിൽ പാസ്സാക്കിയ ഈ പ്രമേയം ഇന്നും ദുർബ്ബലപ്പെടാതെ കിടക്കുകയാണ്. ആ പ്രമേയം ഇപ്രകാരമായിരുന്നു:
“സ്ത്രീകൾക്ക് കയ്യെഴുത്ത് പഠിപ്പിക്കൽ ശറഇൽ മക്‌റൂഹാണെന്നും മറ്റും പലേ മഹാൻമാരായ ഉലമാക്കൾ മുമ്പ് തന്നെ തീരുമാനിച്ചിട്ടുള്ളതാകയാൽ അവർക്ക് കയ്യെഴുത്ത് പഠിപ്പിക്കൽ പ്രത്യേകം പാടില്ലാത്തതാണെന്ന് ഈ യോഗം തീരുമാനിക്കുന്നു. സി.കെ. മുഹമ്മദ് മൗലവി അവതരിപ്പിച്ചു. എ.പി.അഹമ്മദ് കുട്ടി മൗലവി പിന്താങ്ങി’’ (അൽബയാൻ അറബി മലയാള മാസിക, 1930 മാർച്ച് , പുസ്തകം ഒന്ന്, ലക്കം 4,5; പേജ് 28).
കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്കും ഉദ്യോഗസ്ഥ തലങ്ങളിലുള്ള മുസ്‌ലിംകളുടെ പ്രാതിനിധ്യക്കുറവിനും കാരണമായി വർത്തിച്ചത് പൗരോഹിത്യത്തിന്റെ ഇത്തരം ഫത്‌വകളായിരുന്നു. ഇതുമൂലം സമുദായത്തിൽ അഭ്യസ്തവിദ്യരുടെ എണ്ണം നന്നേ കുറവായിരുന്നു.
സ്ത്രീകളെ അഭ്യസ്തവിദ്യരാക്കുന്നതിലൂടെ അന്ധവിശ്വാസാനാചാര മുക്തമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കുമെന്ന കാഴ്ചപ്പാടായിരുന്നു ഇ.കെ.മൗലവിക്കുണ്ടായിരുന്നത്. സ്ത്രീകളെ സ്‌കൂളിലയക്കേണ്ടതിന്റെ ആവശ്യകത ചുണ്ടിക്കാട്ടി അദ്ദേഹം ആനുകാലികങ്ങളിൽ നിരന്തരം എഴുതിക്കൊണ്ടിരുന്നു. അറബിമലയാളത്തിൽ പ്രസിദ്ധീകരിച്ച കേരളത്തിലെ ആദ്യ വനിതാ മാസികയായ ‘നിസാഉൽ ഇസ്‌ലാമി’ൽ സ്ത്രീകൾക്കുവേണ്ടി അദ്ദേഹം പ്രത്യേകം പംക്തി തന്നെ കൈകാര്യം ചെയ്തിരുന്നു.
സ്ത്രീ സംബന്ധമായ ഇസ്‌ലാമിക കാഴ്ചപ്പാടും ആധുനിക വീക്ഷണങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ളവയായിരുന്നു അദ്ദേഹത്തിന്റെ ലേഖനങ്ങളെല്ലാം. കേരളത്തിലെ മുസ്‌ലിം സ്ത്രീകൾ പഠിപ്പില്ലാത്തവരാണെങ്കിലും മുസ്‌ലിം സ്ത്രീകളാണെന്ന നിലയിൽ പലവിധത്തിലുള്ള അഭിമാനത്തിന്നും അവകാശമുണ്ട് എന്നും സ്ത്രീകളുടെ ന്യായമായ സ്വാതന്ത്ര്യത്തെ ഒന്നാമതായി ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുത്തത് ഇസ്‌ലാം ദീനാണ് എന്നും അദ്ദേഹം സ്ത്രീകളെ ബോധ്യപ്പെടുത്തി. ആഇശ ബീവി, ഫാത്വിമ ബീവി, നഫീസത്തുൽ മിസ്‌രിയ്യ, റാബിഅതുൽ അദവിയ്യ മുതലായ സ്വഹാബകളും അല്ലാത്തവരുമായ വനിതകളെ ചൂണ്ടിക്കാണിച്ച് അവരിൽനിന്നും പാഠമുൾക്കൊള്ളാൻ അദ്ദേഹം സ്ത്രീകളെ ആഹ്വാനം ചെയ്തു. തന്റെ പത്രാധിപത്യത്തിലുള്ള ‘അൽ ഇത്തിഹാദ്’ മാസികയിൽ സ്ത്രീ വിദ്യഭ്യാസം, പൊതുപ്രവർത്തനം, സ്ത്രീധനം തുടങ്ങി സ്ത്രീകളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും ആഴത്തിൽ വിശകലനം ചെയ്തിരുന്ന ‘ഇസ്‌ലാമും സ്ത്രീകളും’ എന്ന അദ്ദേഹത്തിന്റെ ലേഖനപരമ്പര കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ മതപരമായും വിദ്യാഭ്യാസപരമായും സാമൂഹികമായും ഉണർത്തുന്നതിൽ ഏറെ സ്വാധീനം ചെലുത്തുകയുണ്ടായി.
സ്ത്രീകളെ ശാക്തീകരിക്കുന്നതിന് കൊടുങ്ങല്ലുർ പ്രദേശത്ത് ഒരു മഹിളാസംഘം രൂപീകരിക്കുന്നതിനും അവരെ ബോധവത്കരിക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി. ഇതിനായി മണപ്പുറം മുസ്‌ലിം വിമൻസ് അസോസിയേഷൻ എന്ന പേരിൽ ഒരു മഹിളാസമാജം രൂപീകരിക്കപ്പെട്ടു. മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ കെ.എ.ഐഷാബിയായിരുന്നു സംഘത്തിന്റെ പ്രസിഡന്റ്. 1932 സെപ്തംബർ 2 ന് മണപ്പുറം മഹിളാസമാജത്തിന്റെ ഒരു പൊതുയോഗം ഏറിയാട് ലോവർ സെക്കന്ററി സ്‌കൂൾ പ്രാർഥനാമന്ദിരത്തിൽവച്ച് നടന്നു. ഏറിയാട്, അഴീക്കോട്, ലോകമലേശ്വരം, എടവിലങ്ങ്, ആലാ മുതലായ പ്രദേശങ്ങളിൽനിന്ന് നൂറോളം മുസ്‌ലിം സ്ത്രീകളും ഏതാനും ചില അമുസ്‌ലിം സ്ത്രീകളും യോഗത്തിൽ സന്നിഹിതകളായിരുന്നു. സമാജം പ്രസിഡന്റ് കെ.എ. ഐഷാബിയായിരുന്നു യോഗത്തിന്റെ അധ്യക്ഷ. സ്ത്രീകളുടെ മതപരവും സാംസ്‌കാരികവും വിദ്യാഭ്യസപരവുമായ ഉന്നമനത്തിനായി ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു അധ്യക്ഷ പ്രസംഗം. ഏതാനും വനിതകളും ശേഷം ഇ.കെ.മൗലവിയും സദസ്സിനെ അഭിസംബോധന ചെയ്തു. കേരളത്തിലെ മുസ്‌ലിം വനിതകളെ സംഘടിപ്പിക്കുന്നതിനും അവരുടെ രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ നിലയെ ഉയർത്തുന്നതിനുമായി ഒരു അഖില കേരള മുസ്‌ലിം മഹിളാസംഘം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത ഈ യോഗം ചൂണ്ടിക്കാട്ടി.
സമ്മേളനത്തിൽ സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഏതാനും പ്രമേയങ്ങളും അവതരിപ്പിച്ച് പാസ്സാക്കിയിരുന്നു. അച്ചടിച്ചു വിതരണം ചെയ്ത യോഗറിപ്പോർട്ടിൽ അതേക്കുറിച്ചുള്ള പ്രതിപാദനം ഇങ്ങനെ കാണാം:
“വിദ്യാഭ്യാസത്തിൽ മുസ്‌ലിം സ്ത്രീകളുടെ സ്ഥാനം വളരെ ദയനീയമായതുകൊണ്ട് തൽപരിഹാരാർത്ഥം സൗകര്യമുള്ള പ്രദേശങ്ങളിൽ ഓരോ നിശാപാഠശാലകൾ ഏർപ്പെടുത്തി ദീനിയ്യാത്തും അമലിയ്യാത്തും മലയാള പ്രാഥമികവിദ്യയും അഭ്യസിപ്പിക്കുവാൻ വിദുഷികളും വിദ്യാർത്ഥിനികളുമായ മുസ് ലിം സഹോദരികളോട് ഈ യോഗം അഭ്യർത്ഥിക്കുന്നു’ എന്ന പ്രമേയം വി.ബി. ബീവാത്തു സാഹിബ അവതരിപ്പിക്കുകയും പി.കെ.ഫാത്തിമ പിന്താങ്ങുകയും സർവ്വസമ്മതമായി പാസ്സാക്കുകയും ചെയ്തു. പിന്നീട് നടന്നത് അദ്ധ്യക്ഷയുടെ സാരഗർഭമായ ഉപസംഹാര പ്രസംഗമാണ്. ഉടനെ സ്‌ക്രീനിന്റെ പിന്നിൽ നിന്നുകൊണ്ട് ടി യോഗത്തിൽ സന്നിഹിതകളായവരിൽ ഭൂരിഭാഗക്കാരുടെ വന്ദ്യഗുരുവും പണ്ഡിതശ്രേഷ്ഠനുമായ ഇ.കെ. മൗലവി അവർകൾ മുസ്‌ലിം സ്ത്രീകളുടെ ഇന്നത്തെ സ്ഥിതിയും പൗരാണിക മുസ്‌ലിം ലോകത്തിന്റെ ശോഭനമായ നിലയും വിവരിച്ചും താരതമ്യപ്പെടുത്തിയും കൊണ്ട് ഉജ്ജ്വലമായ ഒരു പ്രസംഗം ചെയ്തു. തൽക്ഷണം ശ്രീമതി കെ. എ. ഫാത്തിമ സാഹിബയുടെ കൃതജ്ഞതാപ്രകടനത്തോടുകൂടി അഞ്ചര മണിക്ക് യോഗം മംഗളമായി പര്യവസാനിച്ചു. അടുത്ത യോഗം ടി സ്ഥലത്തു വെച്ച് ചിങ്ങം 29നു സമ്മേളിക്കുമെന്ന് പ്രഖ്യാപനം ചെയ്തു.’’(84)
അടുത്ത യോഗം ചിങ്ങം 29ന് സമ്മേളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അങ്ങനെയൊരു യോഗം നടന്നോ എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. എന്നിരുന്നാലും കൊടുങ്ങല്ലൂർ ഭാഗത്തെ സ്ത്രീശാക്തീകരണത്തിൽ മണപ്പുറം വിമൻസ് അസോസിയേഷൻ വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. പ്രാദേശികമായെങ്കിലും കേരളത്തിലെ ആദ്യത്തെ മുസ്‌ലിം വനിതാസംഘടന എന്ന നിലയിൽ മണപ്പുറം വിമൻസ് അസോസിയേഷനും ആദ്യത്തെ മുസ്‌ലിം വനിതാസമ്മേളനം എന്ന നിലയിൽ സമാജത്തിന്റെ ഏറിയാട് സമ്മേളനവും ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുന്നു. ഈ ഉദ്യമങ്ങളുടെ പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രം എന്ന നിലയിലും സ്ത്രീശാക്തീകരണം ലക്ഷ്യമായിക്കണ്ട മഹാനുഭവൻ എന്ന നിലയിലും ഇ.കെ.മൗലവിയെ മുസ്‌ലിം കേരളത്തിന് വിസ്മരിക്കുക സാധ്യമല്ല.
അവലംബം:
83. കടവത്തൂർ വെസ്‌ററ് യു.പി.സ്‌കൂൾ പ്ലാറ്റിനം ജൂബിലി സ്മരണിക, പേജ് 72.
84. എ.എം.തബ്‌ലീഗ് ഗ്രന്ഥാവലി ബുക്ക് നമ്പർ 3 ആയി അച്ചടിച്ചു വിതരണം ചെയ്തത്. ഐക്യസംഘം രേഖകൾ, അബ്ദുറഹ്‌മാൻ മങ്ങാട്, ഗ്രേസ് ബുക്‌സ്, പേജ് 107.

