ഐക്യസംഘത്തിന്റെ മൂന്നാം വാർഷിക സമ്മേളനം

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 ജൂൺ 01, 1445 ദുൽഖഅദ് 24

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 11)

ഏറെ സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് ഐക്യസംഘത്തിന്റെ മൂന്നാം വാർഷിക സമ്മേളനം 1925ൽ കോഴിക്കോട്ട് ഹിമായത്തുൽ ഇസ്‌ലാം സംഘത്തിൽ വെച്ചു നടത്താൻ തീരുമാനിച്ചത്. സമ്മേളന വിജയത്തിനായി ഖാൻ ബഹദൂർ പി.എം.ആറ്റക്കോയ തങ്ങൾ പ്രസിഡന്റായി വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയുണ്ടായി. ഇതോടെ വിരോധികൾക്ക് ഹാലിളകി. ഈ സമ്മേളനം കലക്കുവാൻ മാത്രമല്ല ഐക്യസംഘത്തെത്തന്നെ വേരോടെ പിഴുതെറിയാൻ പറ്റിയ അവസരമായിക്കണ്ട് യാഥാസ്ഥിതികർ രംഗത്തിറങ്ങി. ഐക്യസംഘം സ്വീകരിച്ചുവന്നിരുന്ന ചില സംഘടനാരീതികൾ ഇസ്‌ലാമിനെതിരാണെന്നു കാണിച്ചാണ് യാഥാസ്ഥിതികർ ഐക്യസംഘത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചത്.

ഐക്യസംഘത്തിൽ അംഗങ്ങളെ ചേർക്കുമ്പോൾ അവരെക്കൊണ്ട് സംഘത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊള്ളാമെന്നു സത്യം ചെയ്യിക്കുന്ന സമ്പ്രദായം അതിന്റെ ആരംഭകാലത്തുണ്ടായിരുന്നു. സംഘത്തിന്റെ എതിരാളികൾ അതിൽ കണ്ടമാനം കടന്നുകൂടി മൃഗീയഭൂരിപക്ഷം നേടി, കുഴപ്പവും അട്ടിമറിയും ഉണ്ടാക്കിയേക്കുമോ എന്ന് ഭയന്നിട്ടായിരുന്നു അന്ന് അങ്ങനെ ചെയ്തിരുന്നത്. ഒരു കൊല്ലം കഴിഞ്ഞപ്പോൾ അതു വേണ്ടെന്നു വെക്കുകയും പ്രതിജ്ഞ മാത്രം മതിയെന്നു തീരുമാനിക്കുകയും ചെയ്തു. മതനിഷിദ്ധമാണെന്നു സുസമ്മതമായ ഏതെങ്കിലും പ്രവൃത്തി സംഘാംഗങ്ങൾ ചെയ്താൽ മാലികി മദ്ഹബിലെ വിധിയനുസരിച്ചു പിഴ വിധിക്കുന്ന വ്യവസ്ഥയും സംഘത്തിന്നുണ്ടായിരുന്നു. ഈ രണ്ടു കാര്യങ്ങളും എടുത്തുപറഞ്ഞ് ഐക്യസംഘത്തെ വിമർശിക്കാനുള്ള പദ്ധതി യാഥാസ്ഥിതികർ ആസൂത്രണം ചെയ്തു. സത്യം ചെയ്തു പിഴച്ചാൽ അതിനുള്ള കഫ്ഫാറത്ത് (പ്രായച്ഛിത്തം) ക്വുർആനിൽ വിവരിച്ചിട്ടുണ്ട്. അത് പിഴയടക്കലല്ല. അപ്പോൾ ഐക്യസംഘക്കാർ ക്വുർആനിന്റെ വിധി മാറ്റി തൽസ്ഥാനത്ത് മറ്റൊരു വിധി ഉണ്ടാക്കിയിരിക്കുകയാണെന്നും അതിനാൽ അവർ കാഫിറുകളും മുർതദ്ദുകളുമാണെന്നും ഫത്‌വ ഇറക്കാമെന്നുമായിരുന്നു അവരുടെ കണക്കുകൂട്ടൽ. അവർ ഫത്‌വ എഴുതി കീശയിൽ വെക്കുകയും ചെയ്തിരുന്നു.

സത്യം ചെയ്യിച്ചിരുന്നത് സംഘത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊള്ളാം എന്നതിനാണെന്നും, പിഴ വസൂലാക്കിയത് സത്യം ലംഘിച്ചതിനല്ല വേറെ കുറ്റത്തിനാണെന്നുമുള്ള യാഥാർഥ്യം പാവം യാഥാസ്ഥിതിക പണ്ഡിതനേതാക്കൾ മനസ്സിലാക്കിയിരുന്നില്ല. ഐക്യസംഘം വാർഷിക സമ്മേളനം കോഴിക്കോട്ട് ചേരുന്നതിനു മുമ്പ് ഈ വിഷയവുമായി ബന്ധപ്പെട്ട ഏതാനും സംഭവവികാസങ്ങളുണ്ടായി. ഈ സംഭവങ്ങളും സമ്മേളനത്തെക്കുറിച്ചുള്ള വിവരണവും ‘അൽഇത്തിഹാദ്’ പത്രത്തിൽ ഖാദിമുൽ ഇസ്‌ലാം എന്ന തൂലികാനാമത്തിൽ ഇ.കെ.മൗലവി എഴുതിയത് ചുവടെ കൊടുക്കുന്നു:

“ഈ അവസരത്തിലാണ് ഐക്യസംഘത്തിന്റെ മൂന്നാം വാർഷികയോഗം കോഴിക്കോട്ട് കൂടാൻ തീരുമാനിച്ചത്. അതിനായി ഒരു സ്വീകരണസംഘം രൂപീകരിച്ചു. സ്വീകരണസംഘം പ്രസിഡന്റ് ഖാൻബഹാദൂർ പി.എം.ആറ്റക്കോയ തങ്ങളായിരുന്നു. ആരംഭത്തിൽ വലിയ ഒച്ചപ്പാടൊന്നുമുണ്ടായില്ല. വാർഷികയോഗം അടുത്തതോടെ ദീനിനെ കൈകാര്യം ചെയ്തു ജീവിതം നയിക്കുന്ന ചിലർ യോഗം തടയാനുള്ള പരിശ്രമവും തുടങ്ങി. ഐക്യസംഘക്കാർ പിഴച്ചവരാണെന്നും അവരുടെ യോഗം കോഴിക്കോട്ടു നടത്താൻ അനുവദിക്കരുതെന്നുമുള്ള ഒരു ഹരജി ഹിമായത്തുൽ ഇസ്‌ലാം സംഘത്തിന്ന് ലഭിച്ചു. ഐക്യക്കാർ പിഴച്ചവരാണെന്ന് തെളിയിക്കാൻ ഹരജിക്കാർ ഒരുക്കമാണെന്നും ഹരജിയിൽ കാണിച്ചിരുന്നു.

അങ്ങനെ ഹിമായത്തുൽ ഇസ്‌ലാം ഹാളിൽ രണ്ടുകൂട്ടരെയും വരുത്തി ഒരു വാദപ്രതിവാദം നടത്താൻ തീരുമാനിച്ചു. ഒരു വ്യാഴാഴ്ച നാലുമണിക്ക് വാദപ്രതിവാദം നടത്താനാണ് തീരുമാനിച്ചത്. എന്നാൽ അന്ന് 2 മണിക്കുതന്നെ ഹാളും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. ഈ സ്ഥിതിക്ക് അവിടെ വെച്ച് ഒരു വാദപ്രതിവാദം ആശാസ്യമല്ലെന്ന് ഇരുകൂട്ടരും മനസ്സിലാക്കി. അങ്ങനെ ഇന്ന് വാദപ്രതിവാദം ഇവിടെ നടക്കില്ലെന്നു രണ്ടുകൂട്ടരും ഒരു നോട്ടീസ് പ്രസിദ്ധം ചെയ്തതിന്റെ ഫലമായി ജനക്കൂട്ടം പിരിഞ്ഞുപോയി. എന്നാൽ രഹസ്യമായി രണ്ടു കക്ഷികളിലെയും പ്രധാനികൾ വരക്കലുള്ള ഒരു കെട്ടിടത്തിൽ ഒരുമിച്ചുകൂടി. ഐക്യസംഘക്കാർ പിഴച്ചവരാണെന്നു തെളിയിക്കാൻ ഹാജരായിരുന്നത് ചാലിയത്ത് ശിഹാബുദ്ദീൻ അഹ്‌മദ് കോയ മുസ്‌ല്യാരായിരുന്നു. അവിടെവെച്ച് നടന്ന ചോദ്യോത്തരത്തിന്റെ രത്‌നച്ചുരുക്കം ഇതായിരുന്നു:

അഹ്‌മദ് കോയ മുസ്‌ല്യാർ: ‘ഐക്യസംഘത്തിൽ അംഗങ്ങളെ ചേർക്കുമ്പോൾ സത്യം ചെയ്യിക്കാറില്ലേ?’

മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി: ‘ആരംഭത്തിൽ അതുണ്ടായിരുന്നു. പിന്നീടത് വേണ്ടെന്നുവെച്ചു.’

മുസ്‌ല്യാർ: ‘അങ്ങനെ സത്യം ചെയ്തു ചേർന്ന ഒരു മെമ്പർ തെറ്റുചെയ്താൽ നിങ്ങൾ പിഴ കല്പിക്കാറില്ലേ?’

ഹാജി: ‘സംഘത്തിൽ ഒരംഗം മതവിരുദ്ധമായി വല്ല തെറ്റും ചെയ്താൽ മാലികി മദ്ഹബിലെ വിധിയനുസരിച്ചു പിഴ കൽപിക്കാറുണ്ട്.’

ഇവിടെ എനിക്കൊരു വിശദീകണം നൽകേണ്ടതായുണ്ട്. ഈ രണ്ടു ചോദ്യങ്ങൾ ഇങ്ങനെ കൊണ്ടുവന്നിട്ടുള്ളത് ദുരുദ്ദേശ്യത്തോടുകൂടിയാണെന്ന് ഞാൻ കരുതുന്നു. സത്യം ചെയ്തുകൊണ്ട് സംഘത്തിൽ ചേർന്നവർ അതിന്നെതിരിൽ തെറ്റുചെയ്താൽ പിഴ കൽപിക്കാറുണ്ടെന്നു ഞങ്ങൾ സമ്മതിച്ചുകഴിഞ്ഞാൽ, സത്യത്തിൽ പിഴച്ചതിനുള്ള പ്രായച്ഛിത്തം ഇന്നതാണെന്നു ക്വുർആനിൽ പറഞ്ഞിരിക്കെ ഞങ്ങൾ പിഴ കൽപിക്കുക എന്നൊരു മതവിധി നിർമിച്ചുണ്ടാക്കിയെന്നൊരു കുറ്റം ചുമത്തി ഞങ്ങളുടെ മേൽ ഒരു കുഫ്‌റ് ഫത്‌വ തന്നെ പുറപ്പെടുവിക്കാം. ഒരുപക്ഷേ, ഇങ്ങനെ ഒരു ഫത്‌വ എഴുതി കയ്യിൽ വെച്ചിട്ടുണ്ടോ എന്നുകൂടി ഞാൻ സംശയിക്കുന്നു. എന്നാൽ ഞങ്ങൾ സത്യത്തിൽ പിഴച്ചതിനുള്ള കഫ്ഫാറത്തായി പിഴ കൽപിക്കാറില്ല.

ഇത്രയുമായപ്പോൾ ആ സദസ്സിൽ ഒരമ്പരപ്പാണുണ്ടായത്. കാരണം, മേൽപറഞ്ഞ പ്രകാരം ഒരു ഫത്‌വ എഴുതിവെച്ച വിവരം എന്റെ കക്ഷിയിൽ പലർക്കും അറിയാമായിരുന്നു. പിന്നീട് ചോദ്യമൊന്നും ഉന്നയിക്കപ്പെട്ടില്ല. ഇനി ചോദ്യങ്ങളൊന്നുമില്ലേയെന്ന് സദസ്സിൽനിന്നുണ്ടായ ഒരു ചോദ്യത്തിന് ‘സംഘത്തിന്റെ ആദർശങ്ങളും ഉദ്ദേശ്യങ്ങളും വിവരിച്ചുകേൾക്കണ’മെന്ന് ആവശ്യപ്പെടുകയാണുണ്ടായത്. കെ.എം സീതി സാഹിബ് സംഘത്തിന്റെ ഉദ്ദേശ്യങ്ങളും ആദർശങ്ങളും പ്രതിപാദിച്ചുകൊണ്ട് ഒരു പ്രസംഗം ചെയ്യുകയുണ്ടായി. അതോടെ ഒരു നിശ്ശബ്ദതയാണ് അവിടെ കണ്ടത്. അനന്തരം അഹ്‌മദ് കോയ മുസ്‌ല്യാർ അവർകളോട് ഇത്രയും കേട്ടതിൽ നിന്ന് ഐക്യസംഘത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണെന്ന് പലരും ചോദിച്ചു. മറുപടി പറഞ്ഞില്ല. പിന്നെയും നിർബന്ധിച്ചപ്പോൾ ഞാൻ വല്ലതും പറഞ്ഞാൽ അതു മതവിധിയായിപ്പോകും. അതുകൊണ്ട് ഞാനൊന്നും പറയില്ലെന്നാണ് അദ്ദേഹത്തിൽനിന്ന് കിട്ടിയ ഉത്തരം. അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന അച്ചിപ്ര കുഞ്ഞഹമ്മദ് മുസ്‌ല്യാരോട് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ഏത് കാര്യത്തിലും ചീത്ത വിചാരം പാടില്ല. നല്ല വിചാരമാണ് വേണ്ടത്.’

ഇത്രയും സംഭവങ്ങൾ കഴിഞ്ഞശേഷം സദസ്സിൽനിന്ന് ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടു: ‘നാം ഇവിടെ കൂടിയിട്ടുള്ളത് ഐക്യസംഘത്തിന്റെ വാർഷികയോഗം കോഴിക്കോട്ട് നടത്തിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാണ്. അതുകൊണ്ട് ഇക്കാര്യത്തിലാണ് ഒരു തീരുമാനം വേണ്ടത്.’ ഇതിനാരും ഉത്തരം പറഞ്ഞില്ല. വീണ്ടും വീണ്ടും അതേ ചോദ്യംതന്നെ ആവർത്തിക്കപ്പെട്ടു. ആരുമാരും ഉത്തരം പറയുന്നില്ല. അവസാനം ആറ്റക്കോയ തങ്ങൾ എഴുന്നേറ്റ് ഇങ്ങനെ പറയുകയുണ്ടായി: ‘നിങ്ങൾ എല്ലാവരും ഇതേവരെ നടന്നതൊക്കെ കാണുകയും കേൾക്കുകയും ചെയ്‌തില്ലേ? ഇനിയും വല്ല സംശയവും ബാക്കിയുണ്ടോ? അതുകൊണ്ട് നാം ഇനിയും സമയം കളയരുത്. വേഗം സ്വീകരണസംഘം ഓഫീസിലേക്ക് പോയി പ്രവർത്തനം ആരംഭിക്കാം.’ അതോടെ എല്ലാവരും പിരിഞ്ഞുപോയി. അഹ്‌മദ്‌കോയ മുസ്‌ല്യാർ അപ്പോൾ തന്നെ തെക്കോട്ടുണ്ടായിരുന്ന വണ്ടിക്ക് ചാലിയത്തേക്കും പോയി.

കോഴിക്കോട്ട് കൂടിയ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ മൂന്നാം വാർഷികയോഗ വേളയിൽ ഐക്യസംഘക്കാരും അതിന്റെ വിരോധികളും തമ്മിൽ നടന്ന വാദപ്രതിവാദത്തിന്റെ പര്യവസാനം എന്തായിരുന്നുവെന്ന് മുമ്പു വിവരിച്ചല്ലോ. എന്നാൽ വാർഷിക യോഗത്തിന്റെ തലേദിവസം തന്നെ സംഘം ഭാരവാഹികൾ പാങ്ങിൽ അഹമ്മദ് കുട്ടി മൗലവി, പള്ളിപ്പുറം അബ്ദുൽ ഖാദർ മൗലവി, കരിമ്പനക്കൽ അഹമ്മദ് മൗലവി മുതലായ പല പ്രമുഖ മൗലവിമാരെയും ആളെ അയച്ചുവരുത്തിയിരുന്നു. കേരള മുസ്‌ലിം ഐക്യസംഘം വക പ്രസിദ്ധീകരണങ്ങൾ പരിശോധിച്ച് അഹ്‌ലുസ്സുന്നത്തിവൽജമാഅത്തിനെതിരായി അവയിൽ വല്ലതുമുണ്ടെങ്കിൽ നിങ്ങൾ തെളിയിച്ചുതന്നാൽ ഞങ്ങൾ അതിൽനിന്നു മടങ്ങാൻ തയ്യാറാണെന്ന് സംഘം ഭാരവാഹികൾ മൗലവിമാരെ ഉണർത്തിച്ചു. അടുത്തദിവസം ചേർന്ന കോൺഫറൻസിൽ വെച്ച് സംശയങ്ങൾക്കിടയാക്കിയ ഏതാനും ലഘുഗ്രന്ഥങ്ങളെയും ‘അൽഇർശാദ്’ മാസികയിലെ ചില ലേഖനങ്ങളും യോഗം മുമ്പാകെ ഇ.കെ മൗലവി സാഹിബ് വായിച്ചു. പരേതനായ മുഹമ്മദ് ശെറൂൽ സാഹിബ് പല സംശയങ്ങളും ഉന്നയിക്കുകയുണ്ടായി. അതിനെല്ലാം തൃപ്തികരമായ മറുപടിയും കൊടുത്തു. അങ്ങനെ ആ മഹാന്മാരായ ഉലമാക്കൾക്ക് തൃപ്തിവരുകയും ചെയ്തു. അനന്തരം ചുവടെ കൊടുക്കുന്ന അർഥത്തിലുള്ള ഒരു പ്രമേയം പി എൻ മുഹമ്മദ് മൗലവി സാഹിബ് അവതരിപ്പിച്ചു: ‘ഐക്യസംഘം വക പ്രസിദ്ധീകരണങ്ങൾ വായിച്ചുകേട്ടതിൽ അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിനെതിരായി യാതൊന്നും ഉള്ളതായി കണ്ടില്ലെന്ന് ഈ യോഗം അഭിപ്രായപ്പെടുന്നു.’ ഈ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചത് പാങ്ങിൽ അഹമ്മദ് കുട്ടി മർഹൂം അവർകളായിരുന്നു: ‘അല്ലാഹു തആല ഈ മഹത്തായ സ്ഥാപനത്തെ ക്വിയാമത്ത് നാൾ വരെ നിലനിർത്തട്ടെ’ എന്ന് പ്രാർഥിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ഇങ്ങനെ സന്തോഷത്തോടുകൂടി പിരിഞ്ഞുപോയെങ്കിലും ആ സൗഹാർദനില അധികം നീണ്ടുപോയില്ല. ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞതോടെ പാങ്ങും പാർട്ടിയും ഐക്യസംഘത്തിനെതിരായ പ്രചാരവേല ആരംഭിച്ചു. അതിനു കാരണവും ഇല്ലാതില്ല. ജാറം പണിയിക്കൽ, അവിടെ വഴിപാടുകൾ നടത്തൽ, വിളക്കുകത്തിക്കൽ, ജാറം മൂടൽ, ചന്ദനക്കുടം, കൊടികുത്ത് മുതലായവ കൊണ്ടാടൽ ആദിയായവയെ എതിർത്തുകൊണ്ട് ‘അൽഹിദായ’ എന്ന പേരിൽ ഐക്യസംഘം വകയായി ഒരു ചെറുഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിരുന്നു. അതും കോൺഫറൻസിൽ വായിക്കുകയുണ്ടായി. അതിനെ ഈ ഉലമാക്കളാരും എതിർത്തതുമില്ല. കാരണം, അതിൽ കാണിച്ചിട്ടുള്ള തെളിവുകൾ അധികവും ഇബനു ഹജറുൽ ഹൈതമി (റ)യുടെ ‘സവാജിർ,’ ‘കഫ്ഫുർരിയാഅ്’ മുതലായ കിതാബുകളിൽനിന്നും മറ്റും ഉദ്ധരിച്ചതായിരുന്നു. അവയെ പരസ്യമായി എതിർക്കാൻ മേപ്പടി മുസ്‌ല്യാക്കൾക്ക് ധൈര്യമുണ്ടായില്ല. പക്ഷേ, ജാറം കൊണ്ടു കഴിഞ്ഞുകൂടുന്ന ഒരുകൂട്ടർ അവരെ സമീപിക്കുകയും പണ്ടേക്കുപണ്ടേ നടന്നുവരുന്നതും ഇന്നിന്ന ഓറൻമാർ പങ്കെടുത്തതുമായ ആചാരങ്ങളൊക്കെ തെറ്റാണെന്നും നിങ്ങൾ കോഴിക്കോട്ടുവെച്ച് തീരുമാനിച്ചത്ശരിയാണോ എന്നു ചോദിച്ചുതുടങ്ങി. അപ്പോഴാണ് അവർക്ക് തോന്നിയത് ‘ഇനി ഐക്യക്കാരുടെ കൂടെ കൂടിയാൽ പറ്റില്ലെ’ന്ന്’’(30)

വരക്കൽവെച്ച് നടന്ന ചർച്ചയിൽ മറ്റു ചില വിമർശനങ്ങളും യാഥാസ്ഥിതിക വിഭാഗത്തിൽനിന്നും ഉണ്ടായിരുന്നു. അൽ ഇത്തിഹാദിൽ ലേഖനമെഴുതിയപ്പോൾ ഇ.കെ.മൗലവി ആ സംഭവങ്ങൾ ഉദ്ധരിച്ചതായി കാണുന്നില്ല. ലേഖനങ്ങളെഴുതുമ്പോൾ താനുമായി ബന്ധപ്പെട്ട പല സംഭവങ്ങളും ഇ.കെ.മൗലവി ഒഴിവാക്കുക പതിവായിരുന്നു. അതിന്റെ ഭാഗമായിരിക്കാം ചില സംഭവങ്ങൾ ഇവിടെയും ഉദ്ധരിക്കാതെ പോയത്. വരക്കൽ നടന്ന ചർച്ചയിൽ ഇനി ചോദ്യങ്ങളൊന്നുമില്ലേയെന്ന ചോദ്യം സദസ്സിൽ നിന്നും ഉയർന്നതിനു ശേഷം കെ.എം സീതി സാഹിബ് സംഘത്തിന്റെ ഉദ്ദേശ്യങ്ങളും ആദർശങ്ങളും പ്രതിപാദിച്ചുകൊണ്ട് ഒരു പ്രസംഗം ചെയ്യുകയുണ്ടായി എന്നാണ് ഇ.കെ.മൗലവി എഴുതിയത്. എന്നാൽ ഈ ചോദ്യം ചോദിച്ചപ്പോൾ ഉണ്ടായ സംഭവം എൻ.കെ അഹ്‌മദ് മൗലവി ‘കേരള മുസ്‌ലിംകളും ഐക്യസംഘവും’ എന്ന തന്റെ കൊച്ചുകൃതിയിൽ വിശദീകരിച്ചത് ഇങ്ങനെയാണ്:

“ഇനിയെന്താണ് ചോദിക്കാനുള്ളതെന്ന് അന്വേഷിച്ചപ്പോൾ അഹ്‌മദ് കോയ മുസ്‌ല്യാർ ഇങ്ങനെ പറഞ്ഞു: ‘ഇവരുടെ വകയായുള്ള ‘മുസ്‌ലിം ഐക്യം’ മാസികയിൽ ‘മുസ്‌ലിയാന്മാർക്ക് ഇസ്‌ലാമിക ചരിത്രം ശരിക്ക് അറിഞ്ഞുകൂടായെന്ന് എഴുതിയിട്ടുണ്ട്. അത് ശരിയല്ല.’

ഇതിന്ന് ഇ.കെ. മൗലവിയാണ് മറുപടി പറഞ്ഞത്. മറുപടി ഇപ്രകാരമായിരുന്നു: ‘ഞാനാണ് അതെഴുതിയത്. ഉത്തമവിശ്വാസത്തോടെ തന്നെ. ഇവിടെ പല മുസ്‌ല്യാന്മാരും ഉണ്ടല്ലോ. അവരോട് ഞാൻ ചിലത് ചോദിക്കാം. അവരുടെ മറുപടിയിൽനിന്ന് നമുക്ക് കാര്യം തീരുമാനിക്കാൻ കഴിയും.’ ഇതു കേട്ട് അവിടെ കൂടിയവർ ‘അതൊക്കെ പോകട്ടെ’ എന്നു പറഞ്ഞു തടിതപ്പുകയാണു ചെയ്തത്. ഇ.കെ.മൗലവിയുടെ ഈ വെല്ലുവിളിയെ നേരിടാൻ അഹ്‌മദ് കോയ മുസ്‌ല്യാർ പോലും ധൈര്യം കാണിച്ചില്ല.

ഇത്രയും നടന്നപ്പോൾ ഐക്യസംഘത്തിന്റെ ആദർശോദ്ദേശ്യങ്ങൾ വിവരിച്ചു കേൾക്കണമെന്നായി സദസ്സിന്റെ പൊതുവെയുള്ള ആവശ്യം. അപ്പോൾ ആറ്റക്കോയ നിർദേശിച്ചതനുസരിച്ചുകെ.എം.സീതി സ്വാഹിബ് സംഘത്തിന്റെ ആദർശലക്ഷ്യങ്ങൾ വിവരിച്ചുകൊണ്ട് സദസ്സിനെ കോൾമയിർ കൊള്ളിച്ച ഒരു ചെറു പ്രസംഗം ചെയ്തു.’’(31)

സീതിസാഹിബിന്റെ പ്രസംഗത്തിനു മുമ്പായി നടന്ന ഈ സംഭവം യാഥാസ്ഥിതികരുടെ അക്കാലത്തെ പാണ്ഡിത്യത്തെക്കുറിച്ച് കൃത്യമായ ഒരു ധാരണ നൽകുന്നു.

കോഴിക്കോട് സമ്മേളനത്തെക്കുറിച്ച് ഇ.കെ.മൗലവി ‘അൽഇത്തിഹാദി’ൽ തുടർന്നെഴുതുന്ന ഭാഗം കൂടി കാണുക:

“ആദ്യത്തിൽ പല കോളിളക്കങ്ങൾ ഉണ്ടായെങ്കിലും യോഗം ശുഭകരമായ നിലയിലാണ് പര്യവസാനിച്ചത്. കാരണം, അതിൽ സംബന്ധിച്ച എല്ലാ ആലിമുകളും സംഘത്തിന്റെ പ്രവർത്തനത്തെ സ്തുതിക്കുകയും സംഘത്തിന്റെ ദീർഘായുസ്സിനായുള്ള പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ല്യാർ മർഹൂമിന്റെ പ്രാർഥനയോടുകൂടി ആ പരമാർഥം പ്രഖ്യാപിക്കുകയും ചെയ്തു. യോഗം പിരിഞ്ഞ് എല്ലാവരും അവരവരുടെ നാടുകളിലേക്ക് തിരിച്ചുപോവുകയും ചെയ്തു. ഇല്ല, രണ്ടു മാസം കഴിഞ്ഞില്ല. സംഘത്തിന്റെ നേരെ പലഭാഗത്തുനിന്നും ആക്ഷേപശരങ്ങൾ വർഷിക്കാൻ തുടങ്ങി. അതിലും നായകത്വം വഹിച്ചത് പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ല്യാർ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഈ നയം മാറ്റത്തെക്കുറിച്ച് കീളക്കര കുഞ്ഞിമൊയ്തീൻ സാഹിബ് മർഹും പാങ്ങിന് കത്തെഴുതി ചോദിച്ചതിന് അദ്ദേഹം കൊടുത്ത മറുപടി, ഐക്യസംഘത്തോട് യോജിക്കാൻ പരിതഃസ്ഥിതി എന്നെ അനുവദിക്കുന്നില്ല എന്ന അർഥത്തിലായിരുന്നു. അതു വാസ്തവവുമാണ്. കൊടികുത്ത്, ചന്ദനക്കുടം മുതലായ നേർച്ചകളെയും ജാറങ്ങളിൽ നടക്കുന്ന ശിർക്കുപരമായ സംഭവങ്ങളെയും എതിർത്തുകൊണ്ടുള്ള പലപ്രസിദ്ധീകരണങ്ങളും സംഘം വകയായി പുറത്തുവന്നിരുന്നു. ഇതിനെല്ലാം തെളിവായി കൊടുത്തിരുന്നത് ഇമാം കുർദിയുടെ ഫതാവാ, ഇബ്‌നു ഹജറുൽ ഹൈതമിയുടെ ഫതാവാ, അദ്ദേഹത്തിന്റെ സവാജിർ കിതാബുൽ ഇദാം, കഫ്ഫുർറആഅ് മുതലായ കിതാബുകളുടെ ഇബാറത്തുകളായിരുന്നു. ആ ഇബാറത്തുകളെ എതിർക്കാനുള്ള കഴിവ് വാർഷികയോഗത്തിൽ വെച്ച് അവർക്ക് ഉണ്ടായിരുന്നില്ല. കറാമത്തിന്റെ പേരിൽ അവയെ സ്ഥാപിക്കാനും അവർക്കു ധൈര്യം വന്നില്ല. തന്മൂലം സംഘത്തിന്റെ പ്രവർത്തനങ്ങളെ അവർ സമ്മതിക്കേണ്ടതായിവന്നു.

പുറത്തുവന്നപ്പോഴാണ് അവർക്കു മനസ്സിലായത്, ഈ പ്രസ്ഥാനം മുമ്പോട്ടുപോയാൽ ജാറങ്ങളിൽ നിന്നുള്ള വരവുകളും ആട്, മാട്, കുക്കുടം മുതലായ നേർച്ചകളും റാത്തീബ്, മൗലിദ്, മാലപ്പാട്ട് മുതലായവ കൊണ്ടുള്ള വരുമാനങ്ങളും നിലയ്ക്കുമെന്ന്. അങ്ങനെ അവർ കണ്ണടച്ച് എതിർക്കാൻ തന്നെ തീരുമാനിച്ചു. ഇതാണ് പാങ്ങ് പറഞ്ഞ പരിസ്ഥിതി. എന്നാൽ മുസ്‌ല്യാക്കളുടെ എതിർപ്പൊന്നും വകവെക്കാതെ സംഘത്തിന്റെ പ്രവർത്തനം മുമ്പോട്ടുനീങ്ങുകതന്നെ ചെയ്തു.’’(32) (തുടരും)


അവലംബം:

30. ഇ.കെ.മൗലവി, (ഖാദിമുൽ ഇസ്‌ലാം എന്ന തൂലികാനാമത്തിൽ) അൽഇത്തിഹാദ് മാസിക, 1954 ജൂലായ്-സെപ്റ്റംബർ.

31. ഐക്യസംഘവും കേരള മുസ്‌ലിംകളും, എൻ.കെ. അഹ്‌മദ് മൗലവി, യുവത ബുക്ക് ഹൗസ്, പേജ് 35,36.

32. ഇ.കെ.മൗലവി, (ഖാദിമുൽ ഇസ്‌ലാം എന്ന തൂലികാനാമത്തിൽ) അൽഇത്തിഹാദ് മാസിക, 1954 ജൂലായ്-സെപ്റ്റംബർ.