‘കേരള ജംഇയ്യത്തുൽ ഉലമ’ രൂപീകരിക്കപ്പെടുന്നു

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 മെയ് 25, 1445 ദുൽഖഅദ് 17

ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 10

സമ്മേളനാധ്യക്ഷൻ അധ്യക്ഷപ്രസംഗം ഉർദുവിൽ അച്ചടിച്ചു തയ്യാറാക്കിക്കൊണ്ടുവന്നിരുന്നു. രണ്ടാം ദിവസമാണ് ഉലമാക്കളുടെ യോഗം നിശ്ചയിച്ചിരുന്നത്. ഉലമാ കോൺഫറൻസിൽ അബ്ദുൽ ജബ്ബാർ ഹസ്രത്തിന്റെ ആജ്ഞപ്രകാരം വെല്ലൂർ ബാക്വിയാത്തിലെത്തന്നെ അധ്യാപകനായ അബ്ദുർറഹീം ഹസ്രത്താണ് അധ്യക്ഷത വഹിച്ചത്. വിഷയനിർണയക്കമ്മിറ്റിയുടെ പരിഗണനക്കു വന്ന ആദ്യവിഷയം കേരളത്തിലെ എല്ലാ പണ്ഡിതൻമാരെയും ഉൾക്കൊള്ളുന്ന ഒരു പണ്ഡിത സംഘടനയുടെ രൂപീകരണമായിരുന്നു. ഇതു സംബന്ധിച്ച് ഉലമാ ഐക്യസംഘം സെക്രട്ടറിയായിരുന്ന ഇ.കെ.മൗലവി ഒരു പ്രമേയം അവതരിപ്പിച്ചു. പ്രമേയം ഇതായിരുന്നു:

“നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും ചെയ്യുന്ന ഒരു സംഘമുണ്ടായിരിക്കൽ ഫർദുകിഫായയാണ്. അതുകൊണ്ട് കേരളത്തിലെ ഉലമാക്കളുടെ ഒരു സംഘം ഉണ്ടായിരിക്കണമെന്ന് ഈ യോഗം തീരുമാനിക്കുന്നു.’’

പ്രമേയം ചർച്ചക്ക് വന്നപ്പോൾ ആ യോഗത്തിൽ സംബന്ധിച്ചിരുന്ന ഒരു ബാക്വവി ഇങ്ങനെ ഒരു സംഘമുണ്ടായിരിക്കൽ ഫർദ് കിഫായയാണെന്നതിന് എന്താണ് ദലീൽ (തെളിവ്)എന്ന് ചോദിച്ചു. വേദിയിലുണ്ടായിരുന്ന ഇ.കെ.മൗലവിയാണ് ഇതിന്ന് മറുപടി നൽകിയത്. ‘വൽ തകുൻ മിൻകും ഉമ്മത്തൻ യദ്ഊന ഇലൽ ഖൈരി വ യഅ്മുറൂന ബിൽ മഅ്‌റൂഫി വ യൻഹൗന അനിൽ മുൻകരി വഉലാഇക ഹുമുൽ മുഫ്‌ലിഹൂൻ’ (നന്മയിലേക്കു ക്ഷണിക്കുകയും നല്ലത് കൽപിക്കുകയും തിയ്യത് വിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളുടെ കൂട്ടത്തിലുണ്ടായിരിക്കണം; അവരത്രെ വിജയികൾ) എന്ന ക്വുർആൻ വാക്യം (3:104) ഇ.കെ. മൗലവി തെളിവായി ഉദ്ധരിച്ചു. “അത് ക്വുർആൻ ആയത്തല്ലേ? അതവിടെ നിൽക്കട്ടെ. ഞാൻ ദലീലാണ് ചോദിച്ചത്. ശറഇന്റെ ഇമാമുകൾ എന്തു പറയുന്നുവെന്നാണ് എനിക്കറിയേണ്ടത് എന്നായി അയാൾ. തൽസമയം ഇ.കെ. മൗലവി അധ്യക്ഷനോട് ‘ക്വുർആൻ ദലീലായി സ്വീകരിക്കുകയില്ലേ’ എന്ന് ചോദിച്ചു. ആ ബാക്വവിയുടെ സമീപനത്തിൽ അധ്യക്ഷന് ദേഷ്യം വരികയും വായടപ്പൻ മറുപടി നൽകി അയാളെ ഇരുത്തുകയും ചെയ്തു.

ഈ ചർച്ചകൾക്കുശേഷം യോഗത്തിൽവെച്ച് ‘കേരള ജംഇയ്യത്തുൽ ഉലമ’ എന്ന പണ്ഡിത സംഘടന രൂപീകരിക്കപ്പെട്ടു. ആദ്യസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് മുഖ്യസംഘാടകനായിരുന്ന ഇ.കെ.മൗലവി തന്നെയായിരുന്നു. കേരളത്തിലെ ആദ്യ പണ്ഡിതസഭയായ ഉലമാ ഐക്യസംഘത്തിന്റെ സെക്രട്ടറിയായിരുന്ന ഇ.കെ.മൗലവി കേരളാടിസ്ഥാനത്തിൽ പുതുതായി രൂപീകരിക്കപ്പെട്ട കേരള ജംഇയ്യത്തുൽ ഉലമായുടെയും സെക്രട്ടറിയായി അഞ്ചുവർഷക്കാലം തന്റെ സേവനം തുടർന്നു.(29) യോഗം ചുമതലപ്പെടുത്തിയതനുസരിച്ച് ജംഇയ്യത്തുൽ ഉലമയുടെ ഭരണഘടന തയ്യാറാക്കിയത് ഇ.കെ.മൗലവിയായിരുന്നു. കേരള ജംഇയ്യത്തുൽ ഉലമയുടെ രൂപീകരണം തന്നെയായിരുന്നു ഐക്യസംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനത്തിന്റെ ഏറ്റവും സുപ്രധാന അജണ്ടയായി മാറിയത്. ഇതിനു പുറമെ മുഹർറമാഘോഷം, കൊടികുത്ത്, ചന്ദനക്കുടം തുടങ്ങിയ അനാചാരങ്ങൾ നിർത്തൽ ചെയ്യണമെന്ന് മുസ്‌ലിംകളോട് അപേക്ഷിച്ചുകൊണ്ട് ഒരു പ്രമേയം പാസ്സാക്കുവാനും ഈ സമ്മേളനത്തിൽവെച്ച് ഐക്യസംഘത്തിന് സാധിച്ചു.

ശിർക്കൻ വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ ഒട്ടുമിക്ക പണ്ഡിതരുടെയും ഗുരുവായിരുന്നു അബ്ദുൽ ജബ്ബാർ ഹസ്രത്ത് എന്നതിനാൽ അദ്ദേഹം ശിർക്കു കലർന്ന വിശ്വാസത്തെ അംഗീകരിക്കുന്ന ആളായിരിക്കും എന്ന ധാരണയാണ് സമ്മേളനം കഴിയുന്നതുവരെയും പലർക്കും ഉണ്ടായിരുന്നത്. എന്നാൽ സമ്മേളനത്തോടുകൂടി എല്ലാവർക്കും ആ ധാരണ മാറി.

ബഹുദൈവത്വത്തിന്റെയും അന്ധവിശ്വാസാനാചാരങ്ങളുടെയും ഭവിഷ്യത്തുകളിൽനിന്നും സമൂഹത്തെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ നിരതമായ ഐക്യസംഘത്തിന് വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ സജീവമായി ഇടപെടാനാവും വിധം ഒട്ടേറെ തീരുമാനങ്ങളെടുക്കാൻ ആലുവാ സമ്മേളനത്തിലൂടെ സാധിച്ചു. ആലുവയിൽ ഒരു കോളേജ് സ്ഥാപിക്കാനായി ഒന്നാം വാർഷിക സമ്മേളനത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും പണപ്പിരിവ് ആരംഭിക്കുകയും ചെയ്‌തെങ്കിലും സമുദായത്തിലെ ധനാഢ്യരുടെ പിന്തുണ ലഭിക്കാത്തതു കാരണം ആ കമ്മിറ്റിയുടെ പ്രവർത്തനം നിലച്ചിരുന്നു. ഈ സാഹചര്യത്തിൽ ആലുവയിൽ നടന്ന സമ്മേളനത്തിൽവെച്ച് ധനസമാഹരണം പുനരാരംഭിക്കാൻ തീരുമാനമുണ്ടായി. മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് ഉൾപ്പെടെ ഐക്യസംഘത്തിലെ യുവാക്കൾ മുമ്പിൽ നിന്നുകൊണ്ടാണ് ആലുവ സമ്മേളനം ഈ തീരുമാനം എടുത്തത്.

അതോടൊപ്പം കേരളത്തിൽ ആദ്യമായി ഒരു മുസ്‌ലിം വിദ്യാർഥി സംഘടന രൂപീകരിക്കപ്പെട്ടതും ഈ സമ്മേളനത്തിൽവെച്ചാണ്. മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് പ്രസിഡണ്ടും കെ.എം.ഇബ്‌റാഹീംസാഹിബ് സെക്രട്ടറിയുമായാണ് ഈ സംഘടന രൂപീകരിക്കപ്പെട്ടത്. ഇ.കെ.മൗലവിയായിരുന്നു ഇങ്ങനെയൊരു വിദ്യാർഥിസംഘടന രൂപീകരിക്കുന്നതിന്റെ സൂത്രധാരനായി പ്രവർത്തിച്ചത്. അങ്ങനെ പുതിയ മേഖലകളിലേക്ക് കാൽവെച്ചുകൊണ്ടും പുതിയ പോഷകഘടകങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടും ആലുവയിൽ ചേർന്ന, ഐക്യസംഘത്തിന്റെ രണ്ടാം വാർഷികസമ്മേളനം നവോത്ഥാന ചരിത്രത്തിൽ സുന്ദരമായ ഒരേടു കൂടി ചേർത്തുകൊണ്ട് എല്ലാ നിലക്കും ഭംഗിയായി കഴിഞ്ഞു. പങ്കെടുത്തവരെല്ലാം വളരെ സന്തോഷത്തോടെയാണ് പിരിഞ്ഞുപോയത്.

വിശ്വാസരംഗത്തെയും വിദ്യാഭ്യാസ-സാമൂഹിക മേഖലകളിലെയും ജീർണാവസ്ഥകൾ ഒന്നിച്ചുനിന്ന് പരിഹരിക്കാൻ ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവെക്കാൻ ആലുവയിലെ സമ്മേളനത്തിനു സാധിച്ചു. എന്നാൽ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടേണ്ടെന്ന ഐക്യസംഘത്തിന്റെ പൊതുധാരണക്കു വിരുദ്ധമായ ചില ചർച്ചകളും ഈ സമ്മേളനത്തിൽ നടന്നു. ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യസമരവും കൂടി ഐക്യസംഘത്തിന്റെ പ്രവർത്തനപരിധിയിൽ വരണമെന്ന നിലപാടുമായി മുഹമ്മദ് അബദ്ുറഹ്‌മാൻ സാഹിബ് രംഗത്തു വന്നു. എന്നാൽ സ്വാതന്ത്ര്യസമരവും ദേശീയപ്രസ്ഥാനവും മുന്നോട്ടു കൊണ്ടുപോകാൻ കോൺഗ്രസ് തന്നെ മതി എന്നും ഐക്യസംഘം അക്കാര്യത്തിൽ ഇടപെടേണ്ടതില്ല എന്നുമായിരുന്നു കോട്ടപ്പുറത്ത് സീതി മുഹമ്മദ് ഹാജി, ഇ.കെ.മൗലവി, ഇ.മൊയ്തുമൗലവി തുടങ്ങിയ മറ്റു കോൺഗ്രസ് അനുകൂലികളായ ഐക്യസംഘം നേതാക്കളുടെ വീക്ഷണം. അതുകൊണ്ടുതന്നെ അവരെല്ലാം ഈ അഭിപ്രായത്തെ ശക്തിയുക്തം എതിർത്തു. ഐക്യസംഘത്തിനകത്ത് ഒരുതരം രാഷ്ട്രീയവും കലർത്തരുതെന്നും അങ്ങനെ വന്നാൽ സംഘത്തിൽ ചേരിതിരിവ് സംഭവിക്കുമെന്നും അത് സംഘം മുന്നോട്ടുവെക്കുന്ന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും സമുദായത്തെ ഒന്നാകെ ഐക്യത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കേണ്ടതെന്നും ഈ നേതാക്കൾ അഭിപ്രായപ്പെട്ടു. മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് കൊണ്ടുവന്ന പ്രമേയത്തെ ശക്തമായി എതിർത്തുകൊണ്ട് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും നിതാന്ത സഹചാരിയുമായ ഇ.മൊയ്തു മൗലവി പ്രസംഗിച്ചു. അതിനുശേഷം പ്രമേയം വോട്ടിനിടുകയും പ്രമേയം പരാജയപ്പെടുകയും ചെയ്തു. ഈ പരാജയം വ്യക്തിപരമായി കരുതാതെ അബ്ദുറഹ്‌മാൻ സാഹിബ് രാഷ്ട്രീയ വിയോജിപ്പ് നിലനിർത്തിക്കൊണ്ടുതന്നെ പിന്നീടങ്ങോട്ടും ഐക്യസംഘത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും സഹകരിക്കുകയും വാർഷികസമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. എങ്കിലും അഭിപ്രായ വ്യത്യാസത്തിന്റെ ഒരു നാമ്പ് അവിടെ മുളയ്ക്കുകയായിരുന്നു.

ആലുവയിൽ ഒരു അറബിക് കോളേജ് സ്ഥാപിക്കുന്നതിനായി ധനസമാഹരണം നടത്തുക, ഇസ്‌ലാമിനെതിരെ നിരന്തരം കുപ്രചരണങ്ങൾ നടത്തുന്ന ക്രിസ്ത്യൻ-ആര്യസമാജങ്ങളോട് ചെറുത്തുനിൽക്കുക, അനിസ്‌ലാമിക പ്രവണതകളിൽനിന്നും മാറിനിൽക്കുക, അയിത്തബോധം, അന്ധവിശ്വാസം, അനാചാരങ്ങൾ തുടങ്ങിയവയിൽനിന്നും ഇസ്‌ലാം മതവിശ്വാസികളെ വിമുക്തമാക്കാൻ ശ്രമിക്കുക, സ്ത്രീ വിദ്യാഭ്യാസത്തെ

പ്രോത്സാഹിപ്പിക്കുക, മലബാർ സമരത്തിൽ ആക്രമിക്കപ്പെട്ടവരെ സഹായിക്കുക, മറ്റു സമുദായാംഗങ്ങൾക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുക തുടങ്ങി സാമുദായിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിനുള്ള ഒട്ടേറെ തീരുമാനങ്ങൾ കൈക്കൊണ്ടാണ് രണ്ടാം വാർഷികസമ്മേളനം അവസാനിച്ചത്.

മതപരവും ഭൗതികവുമായ വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഐക്യസംഘവും അതിന്റെ നേതാക്കളും കോൺഗ്രസ്-ഖിലാഫത്ത് സമരങ്ങളിൽ പങ്കാളികളായിരിക്കെത്തന്നെ മുസ്‌ലിം സമൂഹത്തിൽ ന്യൂനപക്ഷ രാഷ്ട്രീയ അവബോധമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ ഇതിനകം നടത്തിയിരുന്നു. മൂന്നാം വാർഷികത്തിനു മുൻപേതന്നെ ഇതിനായി ഇശാഅത് സംഘങ്ങൾ രൂപീകരിക്കുകയും ലജിസ്ലേറ്റിവ് അസംബ്ലികളിലേക്ക് സ്ഥാനാർഥികളെ നിർത്തുകയും ചെയ്തു. മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി, സീതി മുഹമ്മദ് സാഹിബ് എന്നിവരുൾപ്പെടെയുള്ളവരെ സ്ഥാനാർഥികളാക്കി വിജയിപ്പിക്കുവാനും ഐക്യസംഘത്തിനു കഴിഞ്ഞു. അതോടൊപ്പം മറുവശത്ത് യാഥാസ്ഥിതിക പണ്ഡിതക്കോമരങ്ങൾ ഐക്യസംഘത്തിനെതിരെ ഉറഞ്ഞുതുള്ളി. ഈ അവസരത്തിലാണ് ഐക്യസംഘത്തിന്റെ മൂന്നാം വാർഷിക സമ്മേളനം കോഴിക്കോട്ട് കൂടാൻ തീരുമാനിച്ചത്.


അവലംബം:

29. ഇസ്ഹാഖ് അലി കല്ലിക്കണ്ടി: ഇസ്വ്‌ലാഹീ ഭൂമികയിലൂടെ-ഇന്നലെകളിലെ നായകന്മാർ, കേരള നദ്‌വത്തുൽ മുജാഹീദീൻ, പേജ്75