ജന്മനാട്ടിലേക്കുള്ള മടക്കവും വിടവാങ്ങലും
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 ഡിസംബർ 28, 1446 ജു. ഉഖ്റാ 27

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 39)
ദാറുസ്സലാം യതീംഖാനയിൽ
1947ൽ കൊച്ചിയോടു വിടവാങ്ങുന്നതിനു മുമ്പുതന്നെ തിരൂരങ്ങാടിയിൽ ഇസ്സത്തുൽ ഇസ്‌ലാം സംഘവുമായി സഹകരിക്കുകയും തിരൂരങ്ങാടി യതീംഖാനയുടെ സ്ഥാപനകാര്യങ്ങളിൽ സജീവമാകുകയും ചെയ്തതുപോലെ തന്റെ ജന്മദേശത്തിനടുത്തുള്ള തലശ്ശേരിയിൽ ഒരു യതീംഖാന സ്ഥാപിക്കുന്നതിനു വേണ്ടിയും ഇ.കെ.മൗലവി ശ്രമങ്ങൾ നടത്തിയിരുന്നു. ഈ ശ്രമത്തിന്റെ ഭാഗമായി 1945ൽ നെല്ലിയിൽ അബൂബക്കർ ഹാജിയുടെ നേതൃത്വത്തിൽ ദാറുസ്സലാം യതീംഖാന സ്ഥാപിക്കപ്പെട്ടു. യതീംഖാനയിലെ കുട്ടികൾക്ക് വേണ്ടി മതവിദ്യാഭ്യാസ പാഠ്യപദ്ധതി ചിട്ടപ്പെടുത്തിയത് ഇ.കെ.മൗലവിയായിരുന്നു.
1947 മുതൽ തിരൂരങ്ങാടിയിൽ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിനും തിരൂരങ്ങാടി യതീംഖാനക്കും നിസ്തുലമായ സംഭാവനകളർപ്പിച്ച ഇ.കെ.മൗലവി സാഹിബ് 1957 ആയപ്പോഴേക്കും തന്റെ എഴുപതാം വയസ്സിലേക്ക് പ്രവേശിക്കാറായിരുന്നു. 1909 മുതൽ തന്റെ കുടുംബത്തിൽനിന്നും നാട്ടിൽനിന്നും അകന്നു കഴിഞ്ഞിരുന്ന മൗലവി സാഹിബിനു പ്രായാധിക്യം മൂലം തിരൂരങ്ങാടിയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതായി വന്നു. 1957ൽ തിരൂരങ്ങാടിയോട് യാത്ര പറഞ്ഞ മൗലവി സാഹിബ് താൽപര്യപൂർവം പ്രവർത്തിച്ചിരുന്ന അനാഥ സംരക്ഷണ മേഖലയിൽ തന്നെ തുടരാനാണ് ആഗ്രഹിച്ചത്. പിന്നീട് 1964 വരെ ഏഴു വർഷക്കാലം തലശ്ശേരി ദാറുസ്സലാം യതീംഖാനയിൽ മാനേജറായി സേവനമനുഷ്ഠിച്ചു. അവിടെ കുട്ടികൾക്ക് മതാധ്യാപനങ്ങൾ നൽകിയും അവരെ ഭൗതികവിദ്യാഭ്യാസത്തിലേക്ക് നയിച്ചും ഇ.കെ.മൗലവി സേവനം തുടർന്നു.
തലശ്ശേരിയിലെ താമസത്തിനിടയിൽ അവിടത്തെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പല പ്രവർത്തനങ്ങളിലും അദ്ദേഹം സഹകരിച്ച് പ്രവർത്തിക്കുകയുണ്ടായി. തലശ്ശേരിയിലെ മുസ്‌ലിംകൾക്കിടയിൽ പുരോഗമന ചിന്ത വളർത്തുന്നതിൽ ഇ.കെ.മൗലവി വഹിച്ച പങ്ക് നിഷേധിക്കാനാവാത്തതാണ്. പിൽക്കാലത്ത് തലശ്ശേരി മുബാറക് ഹൈസ്‌കൂളിൽ പ്രവർത്തിച്ചിരുന്ന കെ.എൻ.ഇബ്‌റാഹീം മൗലവിയും തലശ്ശേരി പ്രദേശത്തുകാരെ ഉയർത്തിക്കൊണ്ടു വരുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്. കടവത്തൂർ പ്രദേശത്തുകാരായ ഈ രണ്ടുപേരും നൽകിയ സേവനത്തെക്കുറിച്ച് പ്രമുഖ പത്രപ്രവർത്തകനായ കെ.പി. കുഞ്ഞിമൂസ ഇപ്രകാരം കുറിക്കുന്നു:
“വ്യാപാര സംസ്‌കാരത്തിനതീതമായി മത, സാഹിത്യ സംസ്‌കാരത്തിന്റെ വെള്ളിവെളിച്ചം പ്രസരിപ്പിച്ചതിൽ തലശ്ശേരിക്കാർ കടവത്തൂർക്കാരോട് കടപ്പെട്ടവരാണ്. പ്രസിദ്ധ മതപണ്ഡിതൻ ഇ.കെ.മൗലവിയുടെ പ്രവർത്തനരംഗം തലശ്ശേരിയായിരുന്നപ്പോൾ ഒട്ടനവധി കുടുംബസുഹൃത്തുക്കളെ അദ്ദേഹം വായനാശീലം പഠിപ്പിച്ചു. കെ.എൻ.ഇബ്‌റാഹീം മൗലവി ശിഷ്യഗണങ്ങളെ ഭാഷാസ്‌നേഹികളാക്കുകയും രാഷ്ട്രീയ പ്രബുദ്ധതയുടെ ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുക്കുകയും ചെയ്തു.’’(96)
കടവത്തൂരിലേക്ക്
മധ്യകേരളത്തിലെ ജീവിതകാലത്തും തിരൂരങ്ങാടിയിൽ അനാഥസംരക്ഷണ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന കാലത്തും ജന്മനാടായ കടവത്തൂരിലെ നവോത്ഥാന സംരംഭങ്ങളിലെല്ലാം ഇ.കെ.മൗലവി സാഹിബിന്റെ കൈയൊപ്പ് നമുക്ക് കാണാൻ കഴിയും. തന്റെ വീട് സ്ഥിതി ചെയ്യുന്ന ഇരഞ്ഞീൻകീഴിലെ ഓത്തുപള്ളിയെ ഒരു സ്‌കൂളായി ഉയർത്തുന്നതിൽ ഇ.കെ.മൗലവി വലിയ പങ്കുവഹിച്ചിട്ടുണ്ട്.
സാത്വികനായിരുന്ന കലന്തൻ മുസ്‌ലിയാർ ഇരഞ്ഞീൻകീഴിലെ പള്ളിയുടെ സമീപം മൺകട്ട കൊണ്ടുണ്ടാക്കിയ ഓത്തുപള്ളിയിൽ ക്വുർആൻ അധ്യാപനം നടത്തിയിരുന്നു. പഴയ രീതിയിൽ പലകയിൽ അരിമഷികൊണ്ട് എഴുതിയാണ് അദ്ദേഹം ക്വുർആൻ പഠിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം മകൻ ചെമ്പറൽ രയരോത് അമ്മദ് മുസ്‌ലിയാർ സ്ഥാനം ഏറ്റെടുത്തു. നവോത്ഥാന രംഗത്ത് പ്രവർത്തിച്ചിരുന്ന ഇ.കെ മൗലവി, പുത്തലത്ത് മമ്മി മൗലവി, ഞൊലയിൽ മമ്മു കുഞ്ഞമ്മദ് മൗലവി തുടങ്ങിയവർ ആ ഓത്തുപള്ളിയെ ഒരു സ്‌കൂളാക്കി മാറ്റുന്നതിനെക്കുറിച്ച് അമ്മദ് മുസ്‌ലിയാരുമായി സംസാരിച്ചു. ഇവരുടെ പ്രേരണയിൽ അമ്മദ് മുസ്‌ലിയാർ വിദ്യാലയത്തിന്റെ അംഗീകാരത്തിനുവേണ്ടി ശ്രമങ്ങൾ ആരംഭിച്ചു. കണാരൻ ഗുരുക്കളുടെ സഹായം അമ്മദ് മുസ്‌ലിയാർക്ക് ലഭിച്ചു. 1927ൽ മൂന്നാം ക്ലാസ് വരെയുള്ള ഫീഡർ സ്‌കൂൾ ആയി ആ ഓത്തുപള്ളി മാറി. കെ. കണാരൻ ഗുരുക്കളും ടി. രാമൻ ഗുരുക്കളുമായിരുന്നു അധ്യാപകർ.

1933ൽ സ്‌കൂളിൽ നാലാം ക്ലാസ് ആരംഭിച്ചു. ആ കൊല്ലം സ്‌കൂൾ സന്ദർശനത്തിനെത്തിയ ബഹു.സി.ഒ.ടി. കുഞ്ഞിപ്പക്കി സാഹിബിനെ ഇ കെ മൗലവിയുടെ നേതൃത്വത്തിൽ നാട്ടിലെ പുരോഗമന ആശയക്കാർ സന്ദർശിക്കുകയും സ്‌കൂളിനെ അഞ്ചാം ക്ലാസ് വരെയുള്ള സ്‌കൂൾ ആയി ഉയർത്താൻ ആവശ്യപ്പെടുകയും ചെയ്തു. തല്ഫലമായി 1936ൽ അവിടെ അഞ്ചാം ക്ലാസും ആരംഭിച്ചു. പിന്നീട് ഏഴാം ക്ലാസു വരെയുള്ള യു.പി.സ്‌കൂളായി ആ സ്ഥാപനം ഉയർത്തപ്പെട്ടു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അടിമപ്പെട്ടിരുന്ന കടവത്തൂർ പ്രദേശത്തെ ജനങ്ങളെ മോചിപ്പിക്കുന്നതിനും മത-ഭൗതിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിനുമായി 1956ൽ നുസ്രത്തുൽ ഇസ്‌ലാം സംഘം എന്ന പേരിൽ ഒരു സംഘം രൂപീകരിക്കപ്പെട്ടിരുന്നു. മത-ഭൗതിക വിദ്യാഭ്യാസരംഗങ്ങളിൽ ശക്തമായി പ്രവർത്തിക്കാൻ നുസ്രത്തുൽ ഇസ്‌ലാം സംഘത്തിനു സാധിച്ചിട്ടുണ്ട്. ഓത്തുപള്ളിയിൽനിന്നും ആരംഭിക്കുകയും ഇ.കെ.മൗലവിയുടെ പ്രേരണയാൽ 1927ൽ സ്‌കൂളായി പ്രവർത്തനമാരംഭിക്കുകയും ചെയ്ത സ്‌കൂളിനെ പിന്നീട് നുസ്രത്തുൽ ഇസ്‌ലാം സംഘം ഏറ്റെടുക്കുകയുണ്ടായി. കടവത്തൂർ വെസ്റ്റ് യു.പി.സ്‌കൂൾ എന്നാണ് ഇപ്പോൾ ഈ സ്ഥാപനം അറിയപ്പെടുന്നത്. ഈ സ്‌കൂളിനു പുറമെ നുസ്രത്തുൽ ഇസ്‌ലാം സംഘത്തിനു കീഴിൽ ഇപ്പോൾ രണ്ടു മദ്‌റസകളും ഒരു അറബിക്കോളേജും മസ്ജിദുൽ അൻസ്വാർ എന്ന പേരിൽ ഒരു പള്ളിയും പ്രവർത്തിക്കുന്നു.
1963ൽ നുസ്‌റത്തുൽ ഇസ്‌ലാം സംഘത്തിന്റെ പ്രസിഡന്റായി ഇ.കെ.മൗലവി തെരഞ്ഞെടുക്കപ്പെട്ടു. മരണംവരെ അദ്ദേഹം ആ സ്ഥാനത്തു തുടരുകയും ചെയ്തു. കടവത്തൂരിലെ ജനങ്ങളെ തൗഹീദിലേക്കു കൊണ്ടുവരുന്നതിൽ ഇ.കെ.മൗലവി സാഹിബ് വഹിച്ച പങ്ക് സുപ്രധാനമാണ്.
വിടവാങ്ങുന്നു
ത്യാഗോജ്ജ്വലവും ആവേശകരവും കർമമുഖരിതവുമായ ഏറെ വഴികൾ പിന്നിട്ട്, 1974 ജൂലായ് 18നു വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് 84ാം വയസ്സിൽ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ഇ.കെ.മൗലവി എന്നെന്നേക്കുമായി വിടപറഞ്ഞു. മുസ്‌ലിം കൈരളിയുടെ മത-ഭൗതിക വിദ്യാഭ്യാസ രംഗങ്ങളിൽ എന്നെന്നും ഓർമിക്കാവുന്ന വിസ്മയകരമായ ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയാണ് അദ്ദേഹം കടന്നുപോയത്. പുതിയ തലമുറക്ക് ചിന്തിക്കാനും പകർത്താനും അനവധി സംഭവങ്ങൾ സ്വന്തം ജീവിതത്തിൽ കുറിച്ചുകൊണ്ട് ആ മഹാമനുഷ്യൻ അങ്ങനെ പരലോകം പുകി. കേരളം മുഴുവൻ സഞ്ചരിച്ച്, ഐക്യസംഘ ത്തിന്റെ എല്ലാ വാർഷികയോഗങ്ങളിലും പങ്കെടുത്ത്, കേരളത്തിന്റെ മുക്കുമൂലകളിലെല്ലാം ഇസ്വ്‌ലാഹിന്റെ സുന്ദരവെളിച്ചം തെളിയിച്ച് ആ മഹാനുഭവൻ കാലയവനികക്കുള്ളിൽ മറഞ്ഞു. തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റിയുടെ പ്രവർത്തകസമിതിയംഗമായി തുടർന്നും വടക്കേ മലബാറിൽ നവോത്ഥാന ജാഗരണ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കടവത്തൂർ നുസ്‌റത്തുൽ ഇസ്‌ലാം സംഘത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചും കർമഗോദയിൽ പ്രകാശം പരത്തുകയുമായിരുന്നു അദ്ദേഹം അപ്പോഴും. നൻമയിൽനിന്നുയിരെടുക്കുന്ന നൻമകളുടെ അസംഖ്യം കർമങ്ങളായി ആ പ്രകാശഗോപുരത്തിൽനിന്ന് വെളിച്ചം പ്രസരിച്ചുകൊണ്ടേയിരിക്കുന്നു. സദ്പ്രവർത്തനങ്ങളുടെ ഉത്തമഫലമത്രെ അത്. തൗഹീദിന്റെ പുനഃസ്ഥാപനത്തിനുവേണ്ടി യത്‌നിച്ചും സമുദായത്തിന്റെ വിദ്യാഭ്യാസപുരോഗതിക്കായി അഹോരാത്രം അധ്വാനിച്ചും തന്റെ ജീവിതം മുഴുവൻ വിനിയോഗിച്ച ഈ മഹാനായ മനുഷ്യന് പടച്ചവൻ പരലോകത്ത് കൂടുതൽ നൻമകൾ ചൊരിഞ്ഞ് കൊടുക്കട്ടെയെന്ന് നമുക്ക് ആത്മാർഥമായി പ്രാർഥിക്കാം.
അവലംബം:
96. ഇസ്ഹാഖലി കല്ലിക്കണ്ടി, ഇസ്വ്‌ലാഹി ഭൂമികയിലൂടെ- ഭാഗം 3, പ്രകാശം ചൊരിഞ്ഞവർ, പേജ് : 84
97. www.islamonlive.in
(അവസാനിച്ചു)

