യെമൻ, ഇസ്ലാം, ഹൂഥി, സൗദി; ചരിത്രവും യാഥാർഥ്യവും
സുഫ് യാൻ അബ് ദുസ്സലാം
2026 ഒക്ടോബർ 24, 1448 ജമാദുൽ അവ്വൽ 13
(യെമൻ എന്ന രാജ്യത്തിന്റെയും ലോക മുസ്ലിംകളുടെ പുണ്യകേന്ദ്രങ്ങളായ ഇരുഹറമുകളെ പോലും ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന ഹൂഥികളുടെയും ചരിത്രത്തിലേക്കൊരു തിരിഞ്ഞു നോട്ടം; ലേഖന പരമ്പര ആരംഭിക്കുന്നു)

സൗദി അറേബ്യക്കെതിരെ യെമനിലെ ഹൂഥികൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകളിൽ നടുങ്ങിയിരിക്കുകയാണ് ലോകം. സൗദി അറേബ്യയുടെ സാമ്പത്തിക സ്രോതസ്സുകളായ അരാംകോ റിഫൈനറികളിൽ നടത്തുന്ന ആക്രമണങ്ങളും ചെങ്കടലിലെ നാവിക ഉപരോധങ്ങളും മാത്രമല്ല സാധാരണക്കാർ ഇടപഴകുന്ന വിമാനത്താവളങ്ങളിലും ആക്രമണങ്ങൾ തുടരുകയാണ് ഹൂഥികൾ. തീർഥാടകർ ധാരാളമെത്തുന്ന മക്കയിലും മദീനയിലും അവർ ആക്രമണങ്ങൾ നടത്തിയതായും വാർത്തകളുണ്ട്. ഇന്ത്യയിൽനിന്നും ബംഗ്ലാദേശിൽനിന്നും പുറപ്പെട്ട ഉംറ തീർഥാടകരും ഹൂഥി ആക്രമണങ്ങളിൽ റിയാദ് എയർപോർട്ടിൽവച്ച് കൊല്ലപ്പെട്ടു. ഇതിനകം പതിനാറു പേർ കൊല്ലപ്പെടുകയും നാനൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ പൗരനായ മുഹമ്മദ് യൂസുഫലി (ഹൈദരാബാദ്), ബംഗ്ലാദേശിലെ പ്രബോധകൻ മുഫ്തി നസ്റുല്ല എന്നിവർ കൊല്ലപ്പെട്ടവരിലുണ്ട്. കേരളത്തിൽനിന്നുള്ള ഉംറ തീർഥാടകരും റിയാദ് വിമാനത്താവളത്തിൽ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
യെമനിൽനിന്നുള്ള ‘ഹൂഥികൾ’ എന്നറിയപ്പെടുന്ന തീവ്രവിഭാഗം എന്തിനാണ് സൗദി അറേബ്യക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു ചരിത്രാന്വേഷണം അനിവാര്യമായിരിക്കുകയാണ്. ആരെല്ലാമോ ഉണ്ടാക്കിവച്ച ചരിത്രത്തിന്റെ അപനിർമിതികളും നിർമിതബുദ്ധിയുടെ അൽഗോരിതങ്ങളും പടച്ചുവിടുന്ന അസത്യങ്ങളിലും അർധസത്യങ്ങളിലും സാധാരണക്കാർ നട്ടം തിരിയുകയാണ്. യെമൻ എന്ന രാജ്യത്തിന്റെ ചരിത്രവും വിവിധ ദശാസന്ധികളിൽ അതിനുണ്ടായ പരിണാമങ്ങളും അവിടങ്ങളിൽ സ്വാധീനിക്കപ്പെട്ട നിരവധി പ്രത്യയശാസ്ത്രങ്ങളും പഠനവിധേയമാക്കേണ്ടതുണ്ട്.
യെമൻ ഇസ്ലാമിനു മുമ്പ്
വിശുദ്ധക്വുർആനിലും ഹദീസുകളിലും യെമൻ ഒട്ടേറെ പരാമർശിക്കപ്പെട്ടിട്ടുണ്ട്. നംല്, സബഅ് സൂറത്തുകളിൽ വിവരിക്കപ്പെട്ട ‘സബഅ്’ ഗോത്രവും സൂറത്തുൽ അഹ്ക്വാഫിൽ പറയപ്പെട്ട അഹ്ക്വാഫും ദുഖാൻ, ക്വാഫ് എന്നീ അധ്യായങ്ങളിൽ വന്നിട്ടുള്ള ‘തുബ്ബഅ്’ എന്ന ഹിംയർ എന്ന രാജവംശവും ജീവി ച്ചിരുന്നത് ഇന്നത്തെ യെമൻ പ്രദേശത്തായിരുന്നു. ഹൂദ് നബി(അ)യും സുലൈമാൻ നബി(അ)യിൽ വിശ്വസിച്ച ബൽഖീസ് എന്നറിയപ്പെടുന്ന സബഇലെ രാജ്ഞിയുമെല്ലാം ഇവിടെയായിരുന്നു ജീവിച്ചിരുന്നത്. മുഹമ്മദ് നബിﷺയുടെ ജനനകാലത്ത് പ്രസ്തുത പ്രദേശം ഹിംയർ വംശജനായ അബ്റഹത്ത് ആയിരുന്നു ഭരിച്ചിരുന്നത്. സൂറത്തുൽ ഫീലിൽ വിവരിക്കപ്പെട്ട കഅ്ബ തകർക്കാൻ വന്ന ‘അസ്ഹാബുൽ ഫീൽ’ എന്ന ആനപ്പടയെ നയിച്ചിരുന്നത് അബ്റഹത്തായിരുന്നു. ഷേബാ രാജ്ഞിയെക്കുറിച്ചും ഹദ്റമൗത് പ്രദേശത്തെക്കുറിച്ചും യെമന്റെ തെക്കൻ തീരപ്രദേശങ്ങളെക്കുറിച്ചും ബൈബിളും പരാമർശിക്കുന്നുണ്ട്. ആർദ്രഹൃദയവും വിവേകവുമുള്ളവർ എന്ന പ്രവാചകന്റെ പ്രശംസക്ക് പാത്രീഭൂതരായ സമൂഹമാണ് യെമനികൾ.
പേരും പട്ടണങ്ങളും
മുഹമ്മദ് നബിﷺക്ക് മുമ്പ്, ക്രിസ്താബ്ദം മുന്നൂറിൽ ജീവിച്ചിരുന്ന ഹിംയർ ചക്രവർത്തി ശമർ യഹ്രിഇശ് യെമൻ പ്രദേശങ്ങളെ ഏകീകരിക്കുകയും തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥലം എന്ന അർഥത്തിൽ ‘യമനാത്ത്’ എന്നു നാമകരണം ചെയ്യുകയും ചെയ്തു എന്നാണ് ചരിത്രം. ഈ പദത്തിൽ നിന്നാണ് ‘യെമൻ’ എന്ന പേർ ഉത്ഭവിച്ചത്. ഉത്തര യെമൻ, ദക്ഷിണ യെമൻ എന്നിങ്ങനെ ചരിത്രത്തിൽ യെമൻ രണ്ടു പ്രദേശങ്ങളായിട്ടാണ് ഉണ്ടായിരുന്നത്. ഉത്തര യെമനിലെ പ്രധാന നഗരങ്ങളാണ് സ്വൻആ, തഇസ്, ഹുദൈദ, സ്വഅദ, ദമ്മാജ്, ഇബ്ബ്, മആരിബ്, ഹജ്ജ, ദമാർ, യരീം, അംറാൻ എന്നിവ. ഏദൻ, മുകല്ല, സിൻജിബാർ, ഗൈദാ എന്നീ തീരദേശ നഗരങ്ങൾ, ഹദറമൗത്തിലെ സൈഊൻ, തരീം, ശബാം എന്നിവയാണ് ദക്ഷിണ യെമനിലെ പ്രധാന നഗരങ്ങൾ.
യെമൻ പ്രവാചക കാലത്ത്
പ്രസിദ്ധരായ സ്വഹാബിമാരിലൂടെയാണ് ഇസ്ലാം യെമനിൽ എത്തിയത്. ഹിജ്റ 9ൽ ഹദറമൗതിൽ നിന്നും മദീനയിലെത്തി ഇസ്ലാം സ്വീകരിച്ച സ്വഹാബിയാണ് വാഇലുബ്നു ഹിജിർ(റ). ദക്ഷിണ യെമനിൽ ഇസ്ലാമിന്റെ പ്രചാരണത്തിന് കാരണമായത് അദ്ദേഹത്തിന്റെ ഇസ്ലാം ആശ്ലേഷണമാണ്. ഹിജ്റ ഒമ്പതിൽ തന്നെയായിരുന്നു പ്രവാചകൻﷺ മുആദ് ബ്നു ജബലി(റ)നെ യെമനിലേക്കയച്ചത്. അദ്ദേഹത്തിന് പ്രവാചകൻ നൽകിയ ഉപദേശം പ്രസിദ്ധമാണ്. ‘യെമനിലെ വേദക്കാരിലേക്കാണ് താങ്കൾ പോകുന്നത്. ഒന്നാമതായി അവരെ തൗഹീദിലേക്ക് ക്ഷണിക്കുക, അത് അംഗീകരിച്ചു കഴിഞ്ഞാൽ മാത്രം നമസ്കാരം, സകാത്ത് തുടങ്ങിയ ഇസ്ലാം കാര്യങ്ങൾ പഠിപ്പിക്കുക’ എന്നതായിരുന്നു പ്രധാന ഉപദേശം. ജനങ്ങൾക്ക് സന്തോഷം നൽകുക, അവരെ വെറുപ്പിക്കാതിരിക്കുക തുടങ്ങിയ ഉപദേശങ്ങളും നൽകി. അദ്ദേഹം അൽജനദ് എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഉത്തര യെമനിലെ തഇസിൽ ആയിരുന്നു കേന്ദ്രീകരിച്ചിരുന്നത്. തഇസിലെ മസ്ജിദ് മുആദ് വളരെ പ്രസിദ്ധമാണ്.
പ്രവാചകന്റെ മക്കാജീവിത കാലത്തു തന്നെ യെമനിലെ സബിദ് നഗരത്തിൽനിന്നും മക്കയിലെത്തി ഇസ്ലാം സ്വീകരിച്ച സ്വഹാബിയാണ് അബ്ദുല്ലാഹിബ്നു ഖൈസ് എന്ന അബൂമൂസൽ അശ്അരി(റ). മുആദി(റ)ന്റെ കൂടെ അബൂമൂസ(റ)യും യെമനിലേക്ക് പോയിരുന്നു. മുആദ്(റ) തഇസിൽ കേന്ദ്രീകരിച്ചപ്പോൾ അബൂമൂസ(റ) പ്രബോധനം ചെയ്തത് സ്വന്തം നാടായ സബിദിലും പടിഞ്ഞാറൻ തീരദേശങ്ങളിലുമായിരുന്നു.
ഹിജ്റ പത്തിൽ പ്രവാചകൻﷺ അലി(റ)യെ യെമനിലേക്കയച്ചു. സ്വൻആയിലെ സൂക്വുൽമിഖ്ലാഫിൽവച്ച് അദ്ദേഹം വായിച്ചുകേൾപിച്ച പ്രവാചക സന്ദേശമാണ് സ്വൻആയിലെ ഹമദാൻ ഗോത്രത്തെ ഇസ്ലാമിലെത്തിച്ചത്. അലി(റ)യുടെ ആഗമനത്തോടെ യെമനിൽ ജനങ്ങൾ പൊതുവിൽ ഇസ്ലാം സ്വീകരിച്ചു തുടങ്ങി. അമ്മാർ ഇബ്നു യാസിർ(റ), അബൂഹുറയ്റ(റ), ഫൈറൂസുദ്ദൈലമി(റ), അബൂ ആമിറുൽ അശ്അരി(റ), അശ്അസുബ്നു ഖൈസ്(റ) തുടങ്ങിയ പ്രസിദ്ധരായ സ്വഹാബിമാരും യെമനിൽനിന്നുള്ളവരാണ്.
അഹ്ലുസ്സുന്നയും ഇമാം ശാഫിഈയും
ഖുലഫാഉർറാശിദുകളുടെ അവസാന കാലങ്ങളിൽ മുസ്ലിംകൾക്കിടയിലുണ്ടായ രാഷ്ട്രീയ ഭിന്നത യെമനെയും ബാധിച്ചു. 657ലെ സ്വിഫീൻ യുദ്ധത്തിൽ സ്വൻആയിലെ ഹമദാൻ, കിന്ദ ഗോത്രങ്ങൾ അലി (റ)യുടെ കൂടെ അണിനിരന്നപ്പോൾ മറ്റു ഗോത്രങ്ങൾ മുആവിയ(റ)യുടെ കൂടെ നിന്നു. 661 മുതൽ യെമൻ ഉമവിയ്യാക്കളുടെ ഭരണത്തിൻ കീഴിലായി. 745ൽ ഇബാദികൾ ഉമവിയ്യാക്കളിൽനിന്നും ഭരണം പിടിച്ചെടുത്തെങ്കിലും അധികം നീണ്ടുനിന്നില്ല. ഖുലഫാഉകളുടെ കാലം കഴിഞ്ഞ് രാഷ്ട്രീയ ഭിന്നത വിശ്വാസപരമായ വേർതിരിവിലേക്ക് എത്തിക്കൊണ്ടിരുന്ന കാലത്താണ് ഇമാം ശാഫിഈ യെമനിൽ എത്തിച്ചേരുന്നത്. 795ൽ എത്തിയ അദ്ദേഹം അഞ്ചു വർഷം അവിടെ ജീവിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യം അഹ്ലുസ്സുന്നയുടെ ആശയങ്ങൾക്ക് യെമനിൽ ശക്തി പകർന്നു. ശാഫിഈ മദ്ഹബിന് മേധാവിത്വമുണ്ടാവുകയും ചെയ്തു.
യെമനിലെ ശിയാ ഉത്ഭവം
ക്രിസ്താബ്ദം 897ൽ ഒന്നാം സൈദി ഇമാം എന്ന പേരിലറിയപ്പെടുന്ന യഹ്യ ഇബ്നുൽ ഹുസൈൻ എത്തിയതോടെ യെമനിൽ ‘സൈദിയ്യാ’ എന്ന ശിയാ വിഭാഗത്തിന് തുടക്കമായി. ഇസ്നാഅശരികൾ അടക്കമുള്ള ശിയാക്കളുടെ പന്ത്രണ്ട് ഇമാമുകളിൽ അഞ്ചാമത്തെത് ഹുസൈൻ(റ)വിന്റെ പേരമകൻ മുഹമ്മദ് ബ്നു അലി അൽബാഖിർ ആണ്. എന്നാൽ സൈദികൾ അത് അംഗീകരിക്കുന്നില്ല. ഹസൻ(റ)വിന്റെ പൗത്രൻ സൈദ്ബ്നു അലി ആണ് അഞ്ചാമത്തെ ഇമാം എന്നാണ് അവരുടെ വാദം. ‘ഹാദി ഇലൽ ഹഖ്’ എന്നറിയപ്പെട്ടിരുന്ന ഇമാം യഹ്യ പ്രവർത്തനകേന്ദ്രമായി തെരഞ്ഞെടുത്തത് സൗദി-യെമൻ അതിർത്തിയിലുള്ള ഇന്നത്തെ ഹൂഥികളുടെ കേന്ദ്രമായ ‘സ്വഅദ’ എന്ന ദുർഘടമായ മലമ്പ്രദേശമായിരുന്നു. സൈദികളുടെ ആഗമനത്തോടെ മുസ്ലിം സമൂഹം സുന്നി, ശിയാ എന്നിങ്ങനെ രണ്ടു സമൂഹങ്ങളായി. ശിയാ സൈദികൾ ഉത്തര യെമനിൽ ശക്തിയാർജിച്ചെങ്കിൽ സുന്നികൾ ദക്ഷിണ യെമനിലാണ് കേന്ദ്രീകരിച്ചത്. ഇപ്പോൾ ഉത്തര യെമനിൽ സുന്നി-ശിയാ വിഭാഗങ്ങൾ ഏകദേശം തുല്യമാണ്. എന്നാൽ ദക്ഷിണ യെമനിൽ ശിയാ വിഭാഗം ഒട്ടുംതന്നെയില്ല എന്നു പറയാം.
യെമൻ വിവിധ കാലങ്ങളിൽ
ഖുലഫാഉകളുടെ കാലത്തിനു ശേഷം യെമൻ സങ്കീർണമായ നിരവധി ഗോത്ര, വംശ, രാഷ്ട്രീയ വിഭാഗങ്ങളുടെ ഭരണങ്ങൾക്കു കീഴിൽ പരസ്പരം പോരാടിയും ഭിന്നിച്ചും ഒന്നിച്ചും ചരിത്രത്തിന്റെ ദശാസന്ധികളിലൂടെ മുന്നോട്ടുപോയി. സിയാദി, യുഫ്രീദി, സുലൈഹി, സുറൈഇ, അയ്യൂബി, റസൂലി, ത്വാഹിരി, മംലൂക് തുടങ്ങിയ വിഭാഗങ്ങൾ യെമൻ ഭരിച്ചവയിൽ ചിലത് മാത്രമാണ്.
ഓട്ടോമൻ ഖിലാഫത്തും സൈദികളുടെ ചെറുത്തുനിൽപ്പും

1500നു മുമ്പ് ഇന്ത്യ, ചൈന രാജ്യങ്ങളുമായി കൂടുതൽ വാണിജ്യ ബന്ധമുണ്ടായിരുന്നത് അറബികൾക്കായിരുന്നു. അവരുടെ പ്രധാന തുറമുഖമായിരുന്നു യെമനിലെ ഏദൻ തുറമുഖം. എന്നാൽ 1500നു ശേഷം യൂറോപ്യൻമാർ-വിശിഷ്യാ പോർച്ചുഗീസുകാർ-ഈ മേഖലയിൽ മേൽക്കോയ്മക്ക് ശ്രമിച്ചു. വാസ്കോ ഡ ഗാമ ഏദൻ തുറമുഖം ഒഴിവാക്കിയിരുന്നെങ്കിലും അൽബുക്കർക്ക് ഏദൻ ഉപയോഗിക്കാൻ ശ്രമം നടത്തി. അറബികളുടെ ചെറുത്തുനിൽപിൽ പിൻവാങ്ങേണ്ടിവന്നു. അറബ് മേഖലയിലേക്കുള്ള യൂറോപ്യന്മാരുടെ താൽപര്യം മനസ്സിലാക്കിയ തുർക്കി കേന്ദ്രമായുള്ള ഓട്ടോമൻ ഖിലാഫത്ത് മംലൂക്കുകളെ യെമനിൽ നിന്ന് പുറത്താക്കി അധികാരം പിടിച്ചെടുത്തു.
897 മുതൽ ഉത്തര യെമനിലെ സൈദി ഇമാമുമാർ ആത്മീയകാര്യങ്ങളിൽ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. വിവിധ വംശങ്ങളും ഗോത്രങ്ങളും അവിടെ ഭരിച്ചപ്പോഴൊന്നും സൈദികൾ കാര്യമായ ഇടപെടലുകൾ നടത്തിയിരുന്നില്ല. എന്നാൽ ഓട്ടോമൻ ഖിലാഫത്തിന്റെ സ്വഭാവം രാഷ്ട്രീയകാര്യങ്ങളിൽ മാത്രം പരിമിതമല്ലാത്തതുകൊണ്ടും മതവിഷയങ്ങളിൽ അവരുടെ സുന്നി ആഭിമുഖ്യംകൊണ്ടും സൈദികൾ ഓട്ടോമൻ ഖിലാഫത്തിനെ എതിർത്തു.
ആത്മീയ കാര്യങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന അവർ രാഷ്ട്രീയവും ഭരണപരവുമായ കാര്യങ്ങളിൽ തുർക്കികളുമായി സമരത്തിലേർപ്പെട്ടു. 1597ൽ ഹസൻ(റ)വിന്റെ പരമ്പരയിൽ പെട്ട ആളെന്ന് അവർ അവകാശപ്പെടുന്ന അവരുടെ ഇമാം മൻസൂർ അൽക്വാസിമിന്റെ നേതൃത്വത്തിൽ ക്വാസിമിയ്യ ഭരണകൂടം സ്ഥാപിച്ചു. ഹാശിമി കുടുംബത്തിൽനിന്നെന്ന് അവർ അവകാശപ്പെടുന്ന അവരുടെ ഇമാം തന്നെയായിരുന്നു രാഷ്ട്രത്തലവൻ. അവർ നടത്തിയ പോരാട്ടങ്ങൾക്കൊടുവിൽ ഓട്ടോമൻ ഭരണാധികാരികൾക്ക് 1635ൽ യെമന്റെ എല്ലാ ഭാഗങ്ങളും ഒഴിവാക്കി മടങ്ങേണ്ടിവന്നു.
സൈദികൾ സ്ഥാപിച്ച ക്വാസിമിയ്യ സാമ്രാജ്യം
1635ൽ സൈദികൾക്ക് കിട്ടിയ ഈ സുവർണാവസരം അവർ ശരിക്കും മുതലാക്കി. അവരുടെ ക്വാസിമിയ്യ സാമ്രാജ്യം ഉത്തര യെമനിൽ മാത്രമല്ല, യെമന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. കാപ്പിയുടെ ഉപഭോഗം ലോകത്ത് വർധിച്ചതോടെ ഏറ്റവും കൂടുതൽ കാപ്പി കൃഷി ചെയ്യുന്ന രാജ്യമെന്ന നിലയ്ക്ക് യെമൻ ഈ കാലത്ത് സാമ്പത്തിക വളർച്ച നേടി. എന്നാൽ പിന്നീട് ഇന്തോനേഷ്യയും മറ്റും കാപ്പി കയറ്റുമതി ആരംഭിച്ചതോടെ യെമന്റെ പ്രൗഢി കുറഞ്ഞു. അതിനിടക്ക് സൈദികളിലെ ഗോത്ര വിഭാഗങ്ങൾക്കിടയിലുണ്ടായ അന്തഛിദ്രത ക്വാസിമിയ്യ ഭരണകൂടത്തിന്റെ ശക്തി ക്ഷയിപ്പിച്ചു. അവരുടെ അധികാരം സ്വൻആയിലേക്ക് ചുരുങ്ങുകയും ബ്രിട്ടീഷുകാർ യെമന്റെ അധികാരം കൈക്കലാക്കുകയും ചെയ്തു.
യെമൻ ബ്രിട്ടീഷ് ഭരണത്തിൽ
1600ൽ രൂപംകൊണ്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യ രണ്ടു നൂറ്റാണ്ടുകൾ ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പിലൂടെയായിരുന്നു ചരക്കുകൾ കൊണ്ടുപോയിരുന്നത്. യാത്രാദൂരവും ചെലവും ലഘൂകരിക്കാൻവേണ്ടി ഏദൻ തുറമുഖം അനിവാര്യമെന്ന് മനസ്സിലാക്കിയ അവർ 1839ൽ ഏദൻ ഉൾക്കൊള്ളുന്ന ദക്ഷിണ യെമനിനെ കോളനിയാക്കി. ‘ഏദൻ സെറ്റിൽമെന്റ് ’
എന്നറിയപ്പെട്ട പ്രദേശം 1937 വരെ ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്നു. 1937ൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽനിന്ന് വിച്ഛേദിച്ച് ഏദൻ പ്രൊട്ടക്ടറേറ്റ് എന്നു നാമകരണം ചെയ്തു. 1967ൽ പ്രൊട്ടക്ടറേറ്റ് ഓഫ് സൗത്ത് അറേബ്യ എന്നറിയപ്പെട്ടു. അതേസമയം ഉത്തര യെമന്റെ അഭേദ്യമായ പർവത ഭൂമിശാസ്ത്രവും ഓട്ടോമൻ തുർക്കി ഖിലാഫത്തിന്റെ സാന്നിധ്യവും സൈദികളുടെ പ്രതിരോധശക്തിയും കാരണം ബ്രിട്ടീഷുകാർക്ക് ഉത്തര യെമനെ കോളനിവത്കരിക്കാൻ കഴിഞ്ഞില്ല. ബ്രിട്ടീഷുകാർ ദക്ഷിണ യെമനെ കോളനിയാക്കിയ സാഹചര്യത്തിന്റെ അപകടം മനസ്സിലാക്കിയ തുർക്കി 849ൽ ഉത്തര യെമനിലെ സൈദികളുമായി കരാറുണ്ടാക്കി. എന്നാൽ 1918ൽ ഒന്നാം ലോകയുദ്ധത്തിൽ തുർക്കി പരാജയപ്പെട്ടതോടെ യെമനിൽനിന്നും അവർക്ക് പിൻവാങ്ങേണ്ടി വന്നു.
യെമനിലെ സൈദി മുതവക്കിലേറ്റ് കിംഗ്ഡം
തുർക്കികൾ ഒഴിവായതോടെ സൈദി ഇമാമായ ‘അൽമുതവക്കിൽ അലല്ലാഹ്’ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന യഹ്യ മുഹമ്മദ് ഹമീദുദ്ദീൻ ഉത്തര യെമനിൽ രാജഭരണം സ്ഥാപിച്ചു. ‘മുതവക്കിലേറ്റ് കിങ്ഡം ഓഫ് യെമൻ’ എന്നായിരുന്നു അതിന്റെ പേര്. സൈദികളുടെ ഇമാമിയ കാഴ്ചപ്പാടിൽ നിന്നുള്ള വ്യതിയാനമായിരുന്നു ഇത്. രാജഭരണവും ശിയാ ഇമാമിയ പാരമ്പര്യവും ഒരുമിച്ചുപോവുന്ന ഒന്നല്ല. രാജവാഴ്ചയിൽ മതിമറന്ന മുതവക്കിൽ ഇന്നത്തെ സൗദിയുടെ തെക്കുഭാഗത്തുള്ള അബഹ, നജ്റാൻ, ജിസാൻ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന അസീർ പ്രവിശ്യയെ യെമന്റെ ഭാഗമാക്കാൻ ശ്രമിച്ചു.
അസീറും ഹിജാസും

അസീർ പ്രവിശ്യയുടെ ഭരണം ഓട്ടോമൻ തുർക്കിയുടെ കാലത്ത് അവർ ഏൽപിച്ചിരുന്നത് പ്രവിശ്യയിലെ പ്രമുഖ കുടുംബമായിരുന്ന ‘ആലു ആയിദ്വി’നെയായിരുന്നു. തുർക്കികൾ ബലഹീനമായപ്പോൾ പ്രവിശ്യ 1906ൽ മൊറോക്കൻ സുന്നി വംശജരായ ഇദ്രീസികൾ പിടിച്ചെടുത്തു. അവർക്ക് ബ്രിട്ടീഷുകാരുടെ പിന്തുണ ഉണ്ടായിരുന്നു. ഇദ്രീസികളിൽനിന്നും അസീർ പിടിച്ചടക്കാൻ ഇറ്റലിയുടെ സഹായത്തോടെ സൈദികളുടെ മുതവക്കിലേറ്റ് കിങ്ഡം ശ്രമം നടത്തി. എന്നാൽ നജ്ദിലെ ഭരണാധികാരി ഇബ്നു സഊദ് (അബ്ദുൽഅസീസ് രാജാവ്) സൈദികളുടെ ശ്രമം പരാജയപ്പെടുത്തി ഇദ്രീസികളിൽനിന്നും 1920ൽ അസീർ പിടിച്ചെടുത്തു. മക്കയും മദീനയും ഉൾക്കൊള്ളുന്ന ഹിജാസ് അന്ന് ഓട്ടോമൻ തുർക്കിയുടെ കീഴിൽ സുന്നികളായ
ഹാശിമികളായിരുന്നു ഭരിച്ചിരുന്നത്. 1924ൽ ഓട്ടോമൻ തുർക്കി ഇല്ലാതായതോടെ ഹാശിമി രാജാവ് ശരീഫ് ഹുസൈൻ സ്വയം ഖലീഫയായി പ്രഖ്യാപിച്ചു. മക്കയിലെ ഹാശിമി സുന്നികളും യെമനിലെ സൈദി ശിയാക്കളും ദീർഘകാലമായി ശത്രുതയിലായിരുന്നു. അതുകൊണ്ടുതന്നെ ശരീഫ് ഹുസൈന്റെ സ്ഥാനാരോഹണം ഉത്തര യെമനിലെ സൈദി ശിയാ ഭരണകൂടം അംഗീകരിച്ചില്ല. ഇതോടെ ഹിജാസും ഇബ്നു സുഊദിന്റെ അധികാരത്തിന് കീഴിലായി. 1934ൽ അൽമുതവക്കിൽ ഇബ്നു സുഊദുമായി ഏറ്റുമുട്ടുകയും പരാജയപ്പെടുകയും ചെയ്തു.
താഇഫ് ഉടമ്പടി
മുതവക്കിൽ പരാജയപ്പെട്ടതോടെ 1934ൽ സൗദി അറേബ്യയുമായി താഇഫിൽവച്ച് ഉടമ്പടിയിൽ അവർ ഒപ്പുവെച്ചു. അസീർ, നജ്റാൻ, ജിസാൻ തുടങ്ങിയ പ്രദേശങ്ങൾ സൗദി അറേബ്യക്കാണെന്ന് അംഗീകരിച്ചുകൊണ്ട് അതിന്മേൽ ഇനി അവകാശവാദം ഉന്നയിക്കുകയില്ല എന്ന് മുതവക്കിലേറ്റ് കിങ്ഡം സമ്മതിച്ച് ഒപ്പുവച്ചു. അതോടൊപ്പം അൽഹുദൈദ് തീരപ്രദേശങ്ങൾ ഉത്തര യെമന്റെതാണെന്ന് സമ്മതിച്ചുകൊണ്ട് ഇബ്നു സുഊദും ഒപ്പുവെച്ചു.
സൈദികൾക്കിയിലെ ആഭ്യന്തര കലഹം
ഇതിനിടയിൽ ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡിന്റെയും അൾജീരിയൻ ദേശീയവാദത്തിന്റെയും സ്വാധീനത്തിൽ വശംവദരായ ചില സൈദികൾ മുതവക്കിലിന്റെ രാജഭരണത്തിനെതിരെ വിപ്ലവം നയിച്ചു. നേതൃത്വം നൽകിയവരിൽ പ്രമുഖൻ മുതവക്കിലിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന അബ്ദുല്ല അൽവസീർ ആയിരുന്നു. അൽവസീർ നയിച്ച വിപ്ലവത്തിനൊടുവിൽ 1948ൽ അൽമുതവക്കിൽ എന്ന ഇമാം യഹ്യ ഹമീദുദ്ദീൻ കൊല്ലപ്പെട്ടു.
ഉത്തര യെമൻ മുതവക്കിലിനു ശേഷം
ഇമാം യഹ്യ ഹമീദുദ്ദീൻ എന്ന അൽമുതവക്കിൽ കൊല്ലപ്പെട്ടെങ്കിലും അൽവസീറിനെ പരാജയപ്പെടുത്തി അദ്ദേഹത്തിന്റെ മകൻ അഹ്മദ് ബ്നു യഹ്യ രാജഭരണം നിലനിർത്തി. എന്നാൽ പിതാവിൽ നിന്നും വ്യത്യസ്തമായ കാഴ്ചപാടുകൾ പുലർത്തി. വൈദേശിക ശക്തികളോട് വിരോധം പുലർത്തുന്ന സൈദികളുടെ പരമ്പരാഗത നിലപാടുകൾ ഒഴിവാക്കി. ദക്ഷിണ യെമനിലെ ബ്രിട്ടീഷ് അധികാരം ഇല്ലാ താക്കുന്നതിന് വേണ്ടി അദ്ദേഹം ചങ്ങാത്തത്തിലേർപ്പെട്ടത് സോവിയറ്റ് യൂണിയനുമായിട്ടായിരുന്നു. 1955 മുതൽ അവരുമായി ഉടമ്പടികളിൽ ഏർപ്പെടുകയും 1957 മുതൽ അവരുടെ ആയുധങ്ങളും സൈനിക ഉപദേശങ്ങളും സ്വീകരിച്ചു തുടങ്ങുകയും ചെയ്തു. 1959ൽ ചികിത്സക്കായി അദ്ദേഹം റോമിലേക്ക് പോയ പ്പോൾ, മകൻ മുഹമ്മദ് അൽബദർ സോവിയറ്റ് അനുകൂല പാർട്ടിയുണ്ടാക്കുകയും കമ്യൂണിസ്റ്റ് പ്രവർത്തനം സജീവമാക്കുകയും ചെയ്തു. ഒരു രാജഭരണത്തിൽ രാഷ്ട്രീയപാർട്ടികൾ അനുവദിക്കില്ല എന്നതുകൊണ്ടുതന്നെ പിതാവ് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സംഘടനകൾ നിരോധിക്കുകയും ചെയ്തു.
ഈജിപ്തും സിറിയയുമായുള്ള ലയനം
1958ൽ ഈജിപ്തും സിറിയയും ചേർന്ന് യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് (യുഎആർ) എന്ന രാജ്യമായപ്പോൾ മുതവക്കിലേറ്റ് യെമൻ അവരുമായി സഖ്യം ചേരുകയുണ്ടായി. രാജാവ് അഹ്മദുബ്നു യഹ്യയുടെ മകനും കിരീടാവകാശിയുമായ മുഹമ്മദ് അൽബദ്റും യുഎആറിന്റെ പ്രസിഡന്റ് ജമാൽ അബ്ദുന്നാ സിറുമാണ് സന്ധിയിൽ ഒപ്പുവെച്ചത്. സിറിയ യുഎആർ വിട്ടുപോയതോടെ 1961ൽ ഉത്തര യെമനും അതിൽനിന്ന് പിൻവാങ്ങി. അപ്പോഴും ദക്ഷിണ യെമൻ ബ്രിട്ടീഷ് കോളനിയായി തുടരുകയായിരുന്നു. 1962 സെപ്റ്റംബർ 19ന് അഹ്മദുബ്നു യഹ്യ ഉറക്കത്തിൽ മരണപ്പെട്ടു.
യെമനിനെ വരുതിയിലാക്കാൻ ഈജിപ്ത്
രാജാവ് അഹ്മദുബ്നു യഹ്യ മരണപ്പെട്ടതോടെ മകൻ മുഹമ്മദ് അൽബദ്ർ അധികാരമേറ്റെങ്കിലും ഉത്തര യെമനിൽ രാജഭരണത്തിനെതിരെ സൈനിക അട്ടിമറിയുണ്ടാവുകയും വലിയ കലാപങ്ങൾക്ക് അതു കാരണമാവുകയും ചെയ്തു. അൽബദ്റിന്റെ ഭരണമേറ്റെടുത്ത് കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ 1962 സെപ്റ്റംബർ 26ന് രാത്രി, യുഎആർ പ്രസിഡന്റ് ജമാൽ അബ്ദുന്നാസിറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് യെമന്റെ സൈനിക മേധാവിയായിരുന്ന അബ്ദുല്ല അൽസല്ലാലിന്റെ നേതൃത്വത്തിൽ ദേശീയ വാദം (Republican) ഉയർത്തിപ്പിടിച്ച് ഒരുപറ്റം സൈനിക ഉദ്യോഗസ്ഥരാണ് അട്ടിമറി നടത്തിയത്. അറബ് ദേശീയവാദത്തെ അടിസ്ഥാനപ്പെടുത്തി അവർ രാജ്യത്തിന് ‘യെമൻ അറബ് റിപ്പബ്ലിക്’ (Yemen Arab Republic) എന്ന് നാമകരണം ചെയ്തു.
അട്ടിമറിയും കലാപവും തടയാൻ ശ്രമിച്ചുകൊണ്ട് അൽബദ്ർ നികുതി കുറയ്ക്കൽ, രാഷ്ട്രീയ തടവുകാർക്ക് പൊതുമാപ്പ് തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയെങ്കിലും അതൊന്നും കലാപത്തെ ശമിപ്പിച്ചില്ല. എട്ടുവർഷങ്ങളോളം നീണ്ടുനിൽക്കുകയും യെമന്റെ ചരിത്രം അത് മറ്റൊരു ഗതിയിലേക്ക് തിരിച്ചുവിടുകയും ചെയ്തു. ദേശീയവാദികൾ രാജാവ് അൽബദ്ർ കൊല്ലപ്പെട്ടുവെന്ന് പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹം സൈദി ഗോത്ര വർഗങ്ങളുടെ പിന്തുണയോടെ ഉത്തര യെമന്റെ വടക്കൻ പർവതനിരകളിലേക്ക് രക്ഷപ്പെട്ടു.
സൈദി ശിയാ ഭരണത്തിന് സൗദിയുടെ സഹായം
സൈദികളുടെ മുതവക്കിലേറ്റ് ഭരണകൂടത്തിനും അവരുടെ രാജാവായ മുഹമ്മദ് അൽബദ്റിനും പിന്തുണ നൽകിയത് അന്നത്തെ സൗദി ഭരണകൂടമായിരുന്നു. സുഊദ് രാജാവും ഫൈസൽ രാജകുമാരനും സൈദികൾക്കു വേണ്ടി രംഗത്തു വന്നു. സൈദികളുടെ ഗോത്രം ഗറില്ലാ പോരാളികൾക്ക് ആവശ്യമായ ആയുധങ്ങൾ നൽകിയത് സൗദി അറേബ്യയും ജോർദാനും ബ്രിട്ടനുമായിരുന്നു. അതേസമയം ദേശീയവാദികളെ പിന്തുണച്ചുകൊണ്ട് എഴുപതിനായിരത്തോളം ഈജിപ്ഷ്യൻ സൈനികർ നിലയുറപ്പിച്ചു. സൈദി ഭരണകൂടത്തിന് ബ്രിട്ടീഷ് ഇന്റലിജൻസ് മുഖേന ഇസ്രാഈലിന്റെ രഹസ്യസഹായം ലഭിച്ചു. യെമൻ യുദ്ധത്തിൽ ഈജിപ്തിന് വിജയമുണ്ടായാലുള്ള പ്രത്യാഘാതങ്ങളാണ് ഇസ്രാഈലിനെ ഈ രഹസ്യ സഹായത്തിനു പ്രേരിപ്പിച്ചത്. ഇസ്രാഈലി പാരച്യൂട്ടുകൾ ഉത്തര യെമന്റെ പർവതനിരകളുടെ ആകാശത്ത് കണ്ടപ്പോൾ അവിടെയുള്ള സൈദികളായ ഗോത്രവർഗക്കാർ അത് തങ്ങളുടെ ഇമാമിന് ലഭിച്ച ദൈവസഹായമാണെന്നു തെറ്റിദ്ധരിച്ചു.
(തുടരും)

