ഇസ്ലാമിക സ്വത്വം മറച്ചുവെക്കേണ്ടതോ?
ടി.കെ അശ്റഫ്
(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ)
2026 ജൂലൈ 11, 1448 മുഹർറം 26

ഒരു സുപ്രഭാതത്തിൽ യാദൃച്ഛികമായല്ല മനുഷ്യൻ തന്റെ ആദർശത്തിൽനിന്നും സംസ്കാരത്തിൽ നിന്നും പടിയിറങ്ങിപ്പോകുന്നത്. അത് തികച്ചും ക്രമേണയുള്ള ഒരു പ്രക്രിയയാണ്. നമ്മൾ അറിയുക പോലും ചെയ്യാത്ത വിധം, നിശ്ശബ്ദമായി നമ്മുടെ ഉള്ളിലെ ആദർശബോധം ചോർന്നുപോയേക്കാം. അങ്ങനെയുള്ള കറുത്ത നാളുകളിലൂടെയാണ് ആധുനിക മുസ്ലിം സമൂഹം കടന്നുപോകുന്നത്.
ഈയൊരു അപചയത്തിന്റെ മനഃശാസ്ത്രത്തെയും ഭയത്തിന്റെ നിഴലിൽ സ്വന്തം സ്വത്വം ഒളിച്ചുവെക്കാൻ ശ്രമിക്കുന്നവരുടെ ആത്മീയ ശൂന്യതയെയും വിശുദ്ധ പ്രമാണങ്ങളുടെ വെളിച്ചത്തിൽ നാം ഗൗരവപൂർവം പുനർവിചാരണ ചെയ്യേണ്ടതുണ്ട്.
അസ്തിത്വം മറച്ചുവെക്കുന്നതിനു പിന്നിൽ?
“അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സൽകർമം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്ലിംകളിൽ പെട്ടവനാകുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തവനെക്കാൾ ഉത്തമമായ വാക്ക് പറയുന്നവൻ ആരുണ്ട്’ എന്ന ക്വുർആനിന്റെ ചോദ്യം ഓരോ സത്യവിശ്വാസിയുടെയും മനസ്സിൽ അഭിമാനബോധം നിറക്കേണ്ടതാണ്. എന്നാൽ സമകാലിക സമൂഹത്തിൽ, താനൊരു മുസ്ലിമല്ലെന്ന് മറ്റുള്ളവർക്ക് തോന്നിക്കാൻ എന്തെല്ലാം ചെയ്യാമോ അതൊക്കെ ചെയ്യാൻ ചിലരെങ്കിലും വ്യഗ്രതപ്പെടുന്നത് നാം കാണുന്നു.
ഇസ്ലാമിക ചിഹ്നങ്ങൾ സ്വീകരിക്കുന്നതിലെ മടിയിലും വേഷവിധാനങ്ങളിൽ വരുത്തുന്ന വിട്ടുവീഴ്ചകളിലുമൊക്കെ അത് പ്രകടമാകുന്നു. ‘നല്ല മുസ്ലിം’ എന്നും ‘ചീത്ത മുസ്ലിം’ എന്നുമുള്ള പുതിയ ബൈനറികൾ വരുന്നത് ഈ പശ്ചാത്തലത്തിലാണ്. താൻ നാമമാത്രമായ ഒരു മുസ്ലിമായി ജീവിക്കുന്നവൻ മാത്രമാണെന്ന് സമൂഹമധ്യെ വരുത്തിത്തീർക്കാനും, ഇസ്ലാം ഉപേക്ഷിച്ചാൽ പോലും ‘മുൻ മുസ്ലിം’ (Ex-Muslim) എന്ന ലേബലിൽ അറിയപ്പെടാനും ചിലർ കാണിക്കുന്ന ഈ ആവേശം ഭയപ്പെടുത്തുന്നതാണ്.
മനഃശാസ്ത്രപരമായ ഘടകങ്ങൾ
ഈയൊരു പ്രതിസന്ധിയിലേക്ക് ആധുനിക തലമുറയെ നയിക്കുന്ന പ്രധാന ഘടകങ്ങൾ പലതാണ്. ഭൂരിപക്ഷ സംസ്കാരത്തിന് മുന്നിൽ സ്വന്തം വിശ്വാസവും ആചാരങ്ങളും അപരിഷ്കൃതമാണെന്ന തെറ്റായ ധാരണയിൽനിന്നുമുണ്ടാകുന്ന അപകർഷബോധമാണ് ഇതിൽ ഒന്നാമത്തെത്. ചുറ്റുമുള്ള വിദ്വേഷ പ്രചാരണങ്ങളെയും ഇസ്ലാമോഫോബിയയെയും കൃത്യമായ അറിവോടെ പ്രതിരോധിക്കാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന പതർച്ചയാണ് മറ്റൊന്ന്.
അതിതീവ്ര മതേതരത്വം (Ultra Secularism) അഭിനയിച്ചാൽ മാത്രമെ രാജ്യത്ത് ജീവിക്കാനും അംഗീകാരം നേടാനും സാധിക്കൂ എന്ന തെറ്റായ തോന്നലും ഇതിന് കാരണമാകുന്നു. മതത്തിന്റെ അതിർവരമ്പുകൾ പാലിക്കാതെ സ്വന്തം താൽപര്യങ്ങൾക്കും ഇച്ഛകൾക്കുമനുസരിച്ച് ജീവിക്കാൻ ന്യായീകരണങ്ങൾ കണ്ടെത്താൻ പലരും ശ്രമിക്കുന്നു. മതത്തെക്കുറിച്ചുള്ള ശരിയായ ജ്ഞാനമില്ലായ്മയും അടിസ്ഥാനപരമായ അറിവില്ലായ്മയുമാണ് ഈ ആത്മവീര്യ ചോർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം.
പൊരുത്തപ്പെടലുകളും സമകാലിക വേട്ടയാടലുകളും
“യഹൂദർക്കോ നസ്വാറാക്കൾക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാർഗം പിൻപറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാർഗദർശനമാണ് യഥാർഥ മാർഗദർശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിൻപറ്റിപ്പോയാൽ അല്ലാഹുവിൽ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല’’ (ക്വുർആൻ 2:120).
മറ്റുള്ളവരുടെ തൃപ്തിക്കു വേണ്ടി സന്ദർഭാനുസരണം ഇസ്ലാമികാദർശത്തെയും സംസ്കാരത്തെയും കൈയൊഴിക്കരുത് എന്നാണ് ഈ സൂക്തം അറിയിക്കുന്നത്. വിമർശകരെ തൃപ്തിപ്പെടുത്താൻ വേണ്ടി തങ്ങളുടെ വിശ്വാസങ്ങളിൽനിന്നും കർമങ്ങളിൽനിന്നും മാറിനിൽക്കാൻ പലരും ശ്രമിക്കുന്ന കാഴ്ചയാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ, നാം എത്ര മാറിക്കൊടുത്താലും അവർ ആക്ഷേപം നിർത്തുകയില്ല; ‘ഇസ്ലാമിക പേര്’ എന്ന അവസാന അടയാളം കൂടി അഴിച്ചുവെക്കുന്നത് വരെ ഈ വേട്ടയാടൽ തുടരുക തന്നെ ചെയ്യും.

ഇതിന്റെ ഏറ്റവും വലിയ സമകാലിക ഉദാഹരണമാണ് സാംസ്കാരിക പ്രവർത്തകൻ കെ.ഇ.എൻ കുഞ്ഞഹമ്മദിനെതിരെ ഉയർന്നിരിക്കുന്ന വിവാദങ്ങൾ. അതിനു സമാനമായാണ് ഒരു സിനിമാ നടിക്കെതിരെയുള്ള ജിഹാദി ആരോപണം.
ഇത്രയും കാലം ഇടതുപക്ഷ സഹയാത്രികനായി ജീവിച്ച വ്യക്തിയാണ് കെ.ഇ.എൻ കുഞ്ഞഹമ്മദ്. ഒരു സെമിനാറിന്റെ നോട്ടീസിൽ ആ കെ.ഇ.എന്നിന്റെ പേര് കാണുമ്പോൾ ഇടതുപക്ഷ ചിന്താഗതിക്കാർ പോലും അസ്വസ്ഥപ്പെടുന്നു എന്നത് ഇന്നത്തെ ഭീതിദമായ സാഹചര്യത്തെയാണ് കാണിക്കുന്നത്. മുസ്ലിം നാമധാരികളെപ്പോലും ജിഹാദികളായും വിനാശകാരികളായും മുദ്രകുത്തുന്ന ആധുനിക സിനിമകളും ഈ യാഥാർഥ്യത്തിന് അടിവരയിടുന്നു. ഏറ്റവും ഒടുവിലെ അഭിമുഖത്തിൽ കെ.ഇ.എൻ തന്നെ വ്യക്തമാക്കുന്നത് പോലെ, മുസ്ലിംകൾ ഉൾപ്പെടെയുള്ള പാർശ്വവൽകരിക്കപ്പെട്ടവർ മർദിത വിഭാഗമാണെന്ന് തുറന്നുപറയേണ്ടത് ഇന്നൊരു അനിവാര്യതയായി മാറിയിരിക്കുകയാണ്. ഇത്രമേൽ ഇസ്ലാമികമായ കാര്യങ്ങളിൽനിന്ന് അകന്നു സഞ്ചരിച്ചിട്ടും കേവലം ‘പേരിന്റെ പേരിൽ’ മാത്രം ഇവർ വേട്ടയാടപ്പെടുന്നു എങ്കിൽ ഒന്നു മനസ്സിലാക്കുക; മുൻവിധികളോടെ നിങ്ങളെ വളയുന്ന ശക്തികൾക്ക് മുന്നിൽ നിങ്ങൾ ചെയ്യുന്ന ഒരു വിട്ടുവീഴ്ചയും പര്യാപ്തമല്ല!
‘ജീവിച്ചു പോകേണ്ടേ, കാര്യങ്ങൾ നടക്കേണ്ടേ, ജനങ്ങളെ വെറുപ്പിച്ചാൽ പ്രശ്നമല്ലേ...’ എന്നൊക്കെന്യായങ്ങൾ നിരത്തി അല്ലാഹുവിന്റെ ദീനിൽ വിട്ടുവീഴ്ച ചെയ്യുന്നവർ പ്രവാചകന്റെ വലിയ താക്കീത് ഓർക്കേണ്ടതുണ്ട്:
‘ജനങ്ങളുടെ കോപം വകവെക്കാതെ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിക്കുന്നവന് ജനങ്ങളിൽനിന്നുള്ള പ്രയാസങ്ങൾക്ക് അല്ലാഹുമതിയാകും; എന്നാൽ അല്ലാഹുവിനെ കോപിപ്പിച്ചുകൊണ്ട് ജനങ്ങളുടെ പ്രീതി ആഗ്രഹിക്കുന്നവനെ അല്ലാഹു ആ ജനങ്ങളിലേക്ക് തന്നെ ഏൽപിച്ചുകളയുന്നതാണ്.’
കാര്യങ്ങൾ ശരിയായി അറിയുമെന്നിരിക്കെ നാം സ്വാർഥ താൽപര്യങ്ങൾക്ക് കീഴടങ്ങിയാൽ, ‘അറിവ് ലഭിച്ചതിന് ശേഷം അവരുടെ ഇച്ഛകളെ താങ്കൾ പിന്തുടരുന്ന പക്ഷം അല്ലാഹുവിൽനിന്ന് യാതൊരു രക്ഷാധികാരിയോ സഹായിയോ താങ്കൾക്കുണ്ടാകില്ലെ’ന്ന് ക്വുർആൻ മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന കാര്യം ഓർക്കുക.
പൊങ്ങുതടിയായി മാറും മുമ്പ്
ഇസ്ലാമോഫോബിയയെ എതിർക്കേണ്ടത് വിമർശകരുടെ താൽപര്യമനുസരിച്ച് മാറിക്കൊടുത്തുകൊണ്ടല്ല. യഥാർഥ ഇസ്ലാം എന്താണെന്ന് സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള ഇച്ഛാശക്തിയാണ് ഇന്നത്തെ മുസ്ലിം സമുദായത്തിനുണ്ടാകേണ്ടത്. സമുദായത്തിന്റെ നേതൃനിരയിൽ ഇരിക്കുന്നവർ പ്രത്യേകിച്ചും ഇക്കാര്യം ശ്രദ്ധിക്കണം. തന്റെ വിശ്വാസത്തിലുള്ള ആത്മാഭിമാനം അടിയറവെച്ചുകൊണ്ട് ജീവിച്ചാൽ ഒടുവിൽ അപമാനമായിരിക്കും വന്നുഭവിക്കുക എന്ന കാര്യം ഓർക്കണം. വാർധക്യത്തിന്റെ അവശത പിടികൂടുകയും സ്ഥാനമാനങ്ങൾ ഇല്ലാതാവുകയും ചെയ്താൽ ഒന്നുമല്ലാത്ത ഒരു പൊങ്ങുതടിയായി നമ്മൾ അവശേഷിക്കും. നാളെ ക്വബ്റിൽ കിടക്കേണ്ടിവരിക തനിച്ചായാണ്. പാർട്ടിയോ അനുയായികളോ സോഷ്യൽ മീഡിയയിലെ ലൈക്കുകളോ കമന്റുകളോ ഒന്നും അവിടെ തുണയാവില്ല. പരലോക ബോധത്തോടെ, വിട്ടുവീഴ്ചയില്ലാത്ത ആദർശ ദൃഢതയോടെ സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിൽക്കുക. ആര് എന്തു പറഞ്ഞാലും അത് ഒരു വിശ്വാസിയെ അസ്വസ്ഥപ്പെടുത്താൻ പാടില്ലാത്തതാണ്.
ഈയൊരു പശ്ചാത്തലത്തിൽ കെ.ഇ.എന്നിനോട് ഗുണകാംക്ഷാപരമായ ഒരു അഭ്യർഥനയുണ്ട്: സ്രഷ്ടാവ് താങ്കൾക്ക് വലിയ ഓർമശക്തിയും ബുദ്ധിശക്തിയും ചിന്താശേഷിയും അനുഗ്രഹിച്ചു തന്നിട്ടുണ്ട്. അതിശക്തമായൊരു തൂലികയും മനുഷ്യഹൃദയങ്ങളിലേക്ക് തുളച്ച് കയറുന്നവിധം മൂർച്ചയുള്ള സംസാര വൈഭവവുമുണ്ട്. എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നിറഞ്ഞ് നിൽക്കുന്ന താങ്കൾക്ക് ഈ കാര്യങ്ങൾ മറ്റാരെക്കാളും വേഗത്തിൽ ഉൾക്കൊള്ളാനാകും. താങ്കളുടെ പഴയ കൃതികളും ഇപ്പോഴത്തെ നിരീക്ഷണങ്ങളും താരതമ്യം ചെയ്യുമ്പോൾ ജീവിത യാഥാർഥ്യങ്ങളിലേക്ക് താങ്കൾ കടന്നുവരുന്നതിന്റെ ഒരു വെള്ളിവെളിച്ചം മിന്നിമറിയുന്നുണ്ട്. ജീവിതത്തിന്റെ ഈ സായംസന്ധ്യയിൽ ഒരു പുനരാലോചന നടത്തുന്നത് ഏറെ നന്നായിരിക്കും. ആർക്കുവേണ്ടിയാണോ ഇത്രയും കാലം താങ്കൾ പേനയെടുത്തതും നാവ് ചലിപ്പിച്ചതും, അവരൊന്നും പ്രതിസന്ധിയിൽ താങ്കളുടെ കൈപിടിക്കാൻ ഉണ്ടായിക്കൊള്ളണമെന്നില്ല.
‘മനുഷ്യന്റെ ആമാശയം നിറഞ്ഞാൽ മാത്രം അവന്റെ ആവശ്യങ്ങൾ അവസാനിക്കുന്നില്ല; അവന്റെ ആത്മാവിന്റെ പ്രശ്നങ്ങൾക്ക് കൂടി പരിഹാരം വേണമെന്ന കാഴ്ചപ്പാടിനെ നാം പിന്തുണക്കണ’മെന്ന് ഒരു അഭിമുഖത്തിൽ അനുഭവസാക്ഷ്യത്തിലൂടെ താങ്കൾ വിശദീകരിച്ച് കണ്ടു. ഭൗതിക പ്രത്യയശാസ്ത്രങ്ങൾക്ക് നൽകാൻ കഴിയാത്ത ആ ഉത്തരം മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ വേദഗ്രന്ഥമായ വിശുദ്ധ ക്വുർആനിലുണ്ട്. താങ്കൾ ഇപ്പോൾ എത്തിപ്പെട്ടിരിക്കുന്ന പുതിയ ബോധ്യങ്ങൾ മുന്നിൽ വെച്ചുകൊണ്ട് ക്വുർആൻ ഒന്നുകൂടി വായിച്ചാൽ വലിയ തിരിച്ചറിവുകൾ താങ്കളെ തേടിയെത്താതിരിക്കില്ല.

ജീവിതത്തിന്റെ നല്ലൊരു ഭാഗം നിരീശ്വരവാദം പ്രചരിപ്പിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുകയും ശേഷം ക്വുർആൻ സ്വയം പഠിച്ച് അതിന്റെ വലിയൊരു പ്രചാരകനും മതസംഘടനയുടെ അമരക്കാരനുമായി മാറിയ ഡോ. ഉസ്മാൻ സാഹിബിനെ താങ്കൾക്ക് ഓർമയുണ്ടാകും. സൗമ്യനായ ഒരു ഡോക്ടർ, സമുദായ പരിഷ്കർത്താവ് എന്നീ നിലകളിൽ നാടിന്റെയും സമുദായത്തിന്റെയും പ്രാർഥനകൾ ഏറ്റുവാങ്ങിയാണ് അദ്ദേഹം ലോകത്തുനിന്നും വിടപറഞ്ഞത്.
സമയം ഇനിയും വൈകിയിട്ടില്ല!
പ്രഭാതത്തിൽ നാം കണ്ണ് ഇറുക്കിച്ചിമ്മിയാലും ബെഡ്റൂമിന്റെ മുഴുവൻ ജനവാതിലുകൾ കൊട്ടിയടച്ചാലും സൂര്യൻ ഉദിക്കാതിരിക്കുകയില്ല. അതുപോലെ നാം എത്ര നിഷേധിച്ചാലും മരണശേഷമുള്ള പരലോകം സംഭവിക്കാതിരിക്കില്ല. നാം നിഷേധിച്ച പരലോകത്ത് നാം എഴുന്നേറ്റു വരികതന്നെ ചെയ്യും.
“അവർ നരകത്തിങ്കൽ നിർത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നുവെങ്കിൽ! അപ്പോൾ അവർ പറയും: ‘ഞങ്ങൾ (ഇഹലോകത്തേക്ക്) ഒന്നു തിരിച്ചയക്കപ്പെട്ടിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനെ. എങ്കിൽ ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളയാതിരിക്കുകയും ഞങ്ങൾ സത്യവിശ്വാ സികളുടെ കൂട്ടത്തിലാവുകയും ചെയ്യുമായിരുന്നു’’ (ക്വുർആൻ 6:27).
അത് ഉപകാരപ്പെടാത്ത വിലാപമായിരിക്കും. അവിടെനിന്നും ഇഹലോകത്തേക്കൊരു മടക്കം ഒരിക്കലുമുണ്ടാകില്ല.
തങ്ങളുടെ നാഥനെ നിഷേധിച്ചവർക്ക് നരകശിക്ഷയാണുള്ളതെന്നും, അതിലേക്ക് എറിയപ്പെടുമ്പോൾ അതൊരു ഗർജനം പുറപ്പെടുവിക്കുന്നത് അവർ കേൾക്കുമെന്നും, നിങ്ങളുടെ അടുത്ത് ഒരു താക്കീതുകാരൻ വന്നിരുന്നില്ലേ എന്ന് കാവൽക്കാർ ചോദിക്കുമ്പോൾ അവർ അത് സമ്മതിക്കുമെന്നും ക്വുർആൻ ഓർമിപ്പിക്കുന്നുണ്ട് (67: 6-9).
ചിന്താശേഷി ഉപയോഗപ്പെടുത്താതെ ആയുസ്സ് വൃഥാ ചെലവഴിച്ചത് ചോദിക്കപ്പെടുന്ന കാര്യമാണ്:
“അവർ അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്) ചെയ്തിരുന്നതിൽ നിന്ന് വ്യത്യസ്തമായി ഞങ്ങൾ സൽകർമം ചെയ്തുകൊള്ളാം. (അപ്പോൾ നാം പറയും:) ആലോചിക്കുന്നവന് ആലോചിക്കാൻ മാത്രം നിങ്ങൾക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരൻ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാൽ നിങ്ങൾ അനുഭവിച്ചുകൊള്ളുക. അക്രമികൾക്ക് യാതൊരു സഹായിയുമില്ല’’ (35:37).
തിരിച്ചറിവ് അനിവാര്യം
മതപരമായ അസ്തിത്വം നിലനിർത്തുന്നതിലുള്ള അപകർഷബോധം നീങ്ങാൻ ചില തിരിച്ചറിവുകൾ അനിവാര്യമാണ്.
ഒന്നാമതായി, ഇസ്ലാമാണ് ശരിയെന്ന ഉറച്ച ബോധ്യമുണ്ടാകണം: “സൻമാർഗവും സത്യമതവും കൊണ്ട്-എല്ലാ മതങ്ങൾക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാൻ വേണ്ടി-തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവൻ. ബഹുദൈവാരാധകർക്ക് (അത്) അനിഷ്ടകരമായാലും ശരി’’ (61:9).
“തീർച്ചയായും അല്ലാഹുവിങ്കൽ മതം എന്നാൽ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നൽകപ്പെട്ടവർ തങ്ങൾക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവർ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്റെ തെളിവുകൾ നിഷേധിക്കുന്നുവെങ്കിൽ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു’’(3:19).
“ഇസ്ലാം (ദൈവത്തിനുള്ള ആത്മാർപ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനിൽ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തിൽ അവൻ നഷ്ടക്കാരിൽ പെട്ടവനുമായിരിക്കും’’ (3:85).
രണ്ടാമതായി, പ്രതാപവും അംഗീകാരവും മറ്റുള്ളവരിൽനിന്ന് പ്രതീക്ഷിച്ചാൽ നാം നിന്ദ്യരാകും എന്ന യാഥാർഥ്യം ഉൾക്കൊള്ളണം. ഇസ്ലാമിലെ രണ്ടാം ഖലീഫയായ ഉമർ(റ)വിന്റെ ഈ വാക്കുകൾ ഏറെ ശ്രദ്ധേയവും ചിന്താർഹവുമാണ്:
“തീർച്ചയായും നാം ഏറ്റവും നിന്ദ്യരായ ഒരു ജനതയായിരുന്നു; അല്ലാഹു നമ്മെ ഇസ്ലാം കൊണ്ട് പ്രതാപമുള്ളവരാക്കി; അല്ലാഹു നമുക്ക് തന്ന ഈ ഇസ്ലാം അല്ലാത്ത മറ്റൊന്നിലൂടെ നമ്മൾ പ്രതാപം ആഗ്രഹിച്ചാൽ അല്ലാഹു നമ്മെ വീണ്ടും നിന്ദ്യരാക്കും.’’
ഇതിന്റെ കൂടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്. നമ്മുടെ രാജ്യത്ത് ഏതൊരാൾക്കും ഏതു മതത്തിലും വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അത് പ്രഖ്യാപിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യാം. എന്റെ പാർട്ടിയാണ് ശരി എന്നോ എന്റെ മതമാണ് ശരി എന്നോ പറയാനും അവകാശമുണ്ട്. അതിൽ അപര വിദ്വേഷമോ വെറുപ്പോ ഇല്ല. മറ്റുള്ളതൊന്നും ഇവിടെ പാടില്ല എന്നോ ഞങ്ങൾക്ക് മാത്രമാണ് ഇവിടെ അവകാശങ്ങളുള്ളതെന്നോ പറയുന്നതാണ് പ്രശ്നം. അങ്ങനെ മുസ്ലിംകളാരും പറയാറില്ല. ഏതു മതവിശ്വാസിക്കും തന്റെ മതത്തിന്റെ വഴിയിൽ അന്തസ്സോടെ ജീവിക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ടെന്നിരിക്കെ, ചിലർക്കൊന്നും അതിന് അവകാശമില്ല എന്ന് പരസ്യമായിത്തന്നെ പ്രഖ്യാപിക്കുന്നവർ നമ്മുടെ നാട്ടിലുണ്ട്. അങ്ങനെയുള്ളവരാണ് രാജ്യത്തിനു ഭീഷണി.
കേരളീയ പൊതുമണ്ഡലവും മുസ്ലിം രാഷ്ട്രീയവും
ഇന്ന് കേരളത്തിൽ വളരെ പ്രകടമായ ഒരു ഇസ്ലാമോഫോബിക് അന്തരീക്ഷം നിലനിൽക്കുന്നുണ്ട്. ഈയൊരു പ്രത്യേക സാഹചര്യത്തിൽ, മുസ്ലിം സാമുദായിക രാഷ്ട്രീയ പാർട്ടികൾ ഭരണത്തിൽ പങ്കാളികളാകുമ്പോൾ; അവർക്ക് മുസ്ലിം സമുദായത്തിന് ഭരണഘടന അനുവദിച്ചു നൽകുന്ന ന്യായമായ അവകാശങ്ങൾ കൃത്യമായി നടപ്പിലാക്കിക്കൊടുക്കാൻ സാധിക്കാത്തവിധം വലിയൊരു രാഷ്ട്രീയ പ്രതിരോധം പൊതുസമൂഹത്തിൽനിന്ന് ഉയർന്നുവരാറുണ്ട്. മുസ്ലിംകൾ തങ്ങളുടെ അവകാശങ്ങൾ ചോദിക്കാൻ പാടില്ല എന്ന രീതിയിലുള്ള സങ്കുചിതമായ ഒരു നരേറ്റീവ് (ആഖ്യാനം) ആണ് ഇവിടെ ബോധപൂർവം ബിൽഡ് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇത് തികച്ചും വിവേചനപരമാണ്. കാരണം, കേരളത്തിലെ മറ്റു പല പ്രമുഖ സമുദായങ്ങളും വളരെ പബ്ലിക്കായി തന്നെ മുന്നോട്ട് വരികയും തങ്ങളുടെ സമുദായത്തിന്റെ അവകാശങ്ങൾക്കും താൽപര്യങ്ങൾക്കും വേണ്ടി ഭരണകൂടത്തോട് ശക്തമായി വിലപേശുകയും ചെയ്യാറുണ്ട്. അത്തരം സന്ദർഭങ്ങളിലൊന്നും അതിനെ വർഗീയതയായോ മതത്തിന്റെ സങ്കുചിത താൽപര്യങ്ങളായോ ആരും വ്യാഖ്യാനിക്കാറില്ല. എന്നാൽ മുസ്ലിം സമുദായം തികച്ചും ന്യായമായ ഒരു ആവശ്യം (ഉദാഹരണത്തിന് വിദ്യാഭ്യാസ മേഖലയിലെ സീറ്റ് പ്രതിസന്ധിയോ പിന്നാക്ക വികസന ഫണ്ടുകളോ പോലുള്ള കാര്യങ്ങൾ) മുന്നോട്ടുവെച്ചാൽ പോലും അതിനെ ഭൂരിപക്ഷ വർഗീയത ആളിക്കത്തിക്കുന്ന രീതിയിലുള്ള അപകടകരമായ ചർച്ചകളാക്കി മാറ്റാൻ ചാനൽ മുറികളും മാധ്യമങ്ങളും വലിയ തോതിൽ ശ്രമിക്കാറുണ്ട്.
അതുകൊണ്ടുതന്നെ, സമുദായത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ നേതാക്കൾ പോലും തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പൊതുവേദിയിൽ തുറന്നു പറയാൻ മടി കാണിക്കുന്ന അവസ്ഥാവിശേഷം സംജാതമായിരിക്കുന്നു. ഇസ്ലാമികമായ മൂല്യങ്ങളും സംസ്കാരങ്ങളും പൊതുമധ്യത്തിൽ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാൻ പലപ്പോഴും അവർ അധൈര്യപ്പെടുന്നു.
മാത്രമല്ല, ചില പ്രത്യേക മതങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കേവലം ‘പൊതുവായത്’ ആണെന്ന് പറഞ്ഞ്, അവ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളാണെന്ന് വരുത്തിത്തീർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഔദ്യോഗിക പരിപാടികളിലും പൊതുവേദികളിലും ഇത്തരം ആചാരങ്ങൾ എല്ലാവരെക്കൊണ്ടും ചെയ്യിക്കാൻ ശ്രമിക്കുമ്പോൾ, അതിൽനിന്നും തങ്ങളുടെ വിശ്വാസപരമായ കാരണങ്ങളാൽ മാറിനിൽക്കാൻ മുസ്ലിം ജനപ്രതിനിധികൾക്ക് പലപ്പോഴും സാധിക്കാതെ പോകുന്നു. ഭൂരിപക്ഷ പൊതുബോധത്തെ ഭയന്ന്, സ്വന്തം അസ്തിത്വവും സ്വത്വവും ഐഡന്റിറ്റിയും മറച്ചുവെച്ചുകൊണ്ട് പ്രവർത്തിക്കേണ്ടി വരുന്ന വലിയൊരു ഗതികേട് ഇന്ന് നമ്മുടെ നേതാക്കൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈയൊരു തിരിച്ചുപോക്ക് ഭാവിയിൽ വലിയ അപകടം വരുത്തിവെക്കും എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.
ചരിത്രത്തിലെ ധീരമായ മാതൃകകൾ
ഇതിലും എത്രയോ വലിയ പ്രതിസന്ധികളും കലുഷിതമായ സാഹചര്യങ്ങളും ഉണ്ടായിട്ടും നമ്മുടെ മുൻഗാമികൾ തങ്ങളുടെ മതപരമായ വിശ്വാസവും അസ്തിത്വവും അടയാളങ്ങളും ചിഹ്നങ്ങളും കൃത്യമായി ഉയർത്തിക്കാണിച്ചുകൊണ്ട് തന്നെയാണ് പൊതുരംഗത്ത് പ്രവർത്തിച്ചിട്ടുള്ളത്.

മക്കയിലെ ക്രൂരമായ പീഡനങ്ങൾ സഹിക്കവയ്യാതെ അബ്സീനിയയിലേക്ക് പലായനം ചെയ്ത മുസ്ലിംകളെ മടക്കി അയപ്പിക്കാൻ ക്വുറൈശികൾ നജ്ജാശി രാജാവിന്റെ കൊട്ടാരത്തിലെത്തിയ സംഭവം നാം ഓർക്കണം. ക്രിസ്ത്യാനിയായ രാജാവിന്റെ മുന്നിൽ നിൽക്കുമ്പോൾ അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ വേണ്ടി ഈസാ നബി(അ)യെക്കുറിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാട് ഒളിച്ചുവെക്കാൻ ജാഫർ ബിൻ അബീത്വാലിബ്(റ) തയ്യാറായില്ല. രാജാവ് ചോദിച്ചപ്പോൾ നിർഭയമായി, സൂറത്തു മർയമിലെ വചനങ്ങൾ ഓതിക്കേൾപ്പിച്ചുകൊണ്ട് ജാഫർ(റ) പ്രഖ്യാപിച്ചത്, അദ്ദേഹം അല്ലാഹുവിന്റെ ദാസനും അവന്റെ റസൂലും കന്യകയായ മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവുമാകുന്നു എന്നെല്ലാമാണ്. ഈ ആദർശധീരതയാണ് നജ്ജാശിയുടെ ഹൃദയം കീഴടക്കിയതും മുസ്ലിംകൾക്ക് അവിടെ അഭിമാനത്തോടെ ജീവിക്കാൻ അഭയം നൽകാൻ കാരണമായതും.
ദേശീയ തലത്തിലും കേരളത്തിലും പൊതുരംഗത്തും മതരംഗത്തും രാഷ്ട്രീയത്തിലും ഒരുമിച്ച് നേതൃത്വം നൽകിയ നമ്മുടെ മുൻഗാമികൾ തങ്ങളുടെ ഇസ്ലാമിക സ്വത്വം ഉയർത്തിപ്പിടിച്ചാണ് ജീവിച്ചത്. മൗലാനാ അബുൽ കലാം ആസാദ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായിരിക്കുമ്പോഴും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴും തന്റെ പണ്ഡിത വേഷവും മതനിഷ്ഠയും കൈവിടാൻ തയ്യാറായില്ല. ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അമരക്കാരനായി ഭരണഘടനാ നിർമാണ സഭയിൽ നിലകൊണ്ടപ്പോൾ, മുസ് ലിം വ്യക്തിനിയമങ്ങൾക്കും ശരീഅത്തിനും നേരെ ഉയർന്ന വെല്ലുവിളികളെ നേരിട്ടത് തന്റെ തനതായ മുസ്ലിം സ്വത്വബോധം പാർലമെന്റിൽ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു.
മലബാർ കലാപകാലത്ത് ബ്രിട്ടീഷ് മജിസ്ട്രേറ്റിന് മുന്നിൽ കോൺഗ്രസിന്റെയും ഖിലാഫത്തിന്റെയും നേതാവായി നിൽക്കുമ്പോഴും, തന്റെ പണ്ഡിതവേഷം മാറ്റാനോ നിലപാടിൽ വിട്ടുവീഴ്ച ചെയ്യാനോ ഇ. മൊയ്തു മൗലവി തയ്യാറായില്ല. കോയമ്പത്തൂർ, വെല്ലൂർ ജയിലറകളിലെ ക്രൂര പീഡനങ്ങൾക്കിടയിലും ഇസ്ലാമിക തനിമ അദ്ദേഹം കാത്തുസൂക്ഷിച്ചു.
കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളിൽ മുസ്ലിം ലീഗിന്റെയും മതസംഘടനകളുടെയും ഉന്നത നേതൃത്വം വഹിച്ച സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും സി.എച്ച്. മുഹമ്മദ് കോയയും അധികാരത്തിന്റെയോ സെക്കുലറിസത്തിന്റെയോ പേരിൽ തങ്ങളുടെ ഇസ്ലാമിക വേഷത്തിലോ നമസ്കാരം ഉൾപ്പെടെയുള്ള ആചാരങ്ങളിലോ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല.
സിഎച്ച് മുഖ്യമന്ത്രിയായിരുന്നപ്പോഴും തന്റെ പ്രസംഗങ്ങളിലും എഴുത്തുകളിലും ഇസ്ലാമിക പാരമ്പര്യത്തെയും സ്വത്വത്തെയും അഭിമാനത്തോടെയാണ് പ്രതിനിധീകരിച്ചത്.
ഭരണാധികാരികളുടെയോ ഭൂരിപക്ഷത്തിന്റെയോ ഫാസിസ്റ്റ് മനോഭാവക്കാരുടെയോ മുന്നിൽ സ്വന്തം മതചിഹ്നങ്ങളും ആചാരങ്ങളും ഒളിച്ചുവെക്കുന്നതിലല്ല, മറിച്ച് പ്രതിസന്ധികളിലും ‘ഞാൻ അഭിമാനിയായ മുസ്ലിമാണ്’ എന്ന് ജീവിതംകൊണ്ട് തെളിയിക്കുന്നതിലാണ് വിജയം. അങ്ങനെ നിലകൊണ്ടു തന്നെ ഇതര മതസ്ഥരുമായി സൗഹാർദത്തിലും സ്നേഹത്തിലും കഴിയാൻ സാധിക്കുക എന്നതാണ് മുൻഗാമികൾ കാണിച്ചുതന്ന മാതൃക; അതിലാണ് രാജ്യത്തിന്റെ സൗന്ദര്യവും. മുൻഗാമികൾ കാണിച്ചുതന്ന ആദർശപ്രതാപം തിരിച്ചുപിടിക്കാൻ ആധുനിക മുസ്ലിം സമൂഹം സന്നദ്ധമാകേണ്ടതുണ്ട്.

