സ്വൂഫിസം: ആത്മീയതയോ തത്ത്വചിന്തയോ?

മുഹമ്മദ് ഫയാസ്, നാദാപുരം

2026 ജൂലൈ 25, 1448 സ്വഫർ 11

ഇസ്‌ലാമിക ചരിത്രത്തിന് തങ്ങളുടെതായ ആന്തരിക വ്യാഖ്യാനങ്ങളും ബാഹ്യാർഥങ്ങൾക്ക് പിന്നിൽ ഒളിപ്പിച്ചുവെച്ച രഹസ്യഭാഷയുമായി പ്രത്യക്ഷപ്പെട്ട നിഗൂഢ വിഭാഗമാണ് സ്വൂഫികൾ. ഗ്രീക്ക് തത്ത്വചിന്തകളോടും ജ്ഞാനവാദത്തോടും സദൃശ്യപ്പെട്ട്, ലളിതമായ ഭൗതിക വിരക്തിയിൽ നിന്ന് തുടങ്ങി വിവിധ ബാഹ്യ സംസ്കാരങ്ങളാൽ സ്വാധീനിക്കപ്പെട്ട് മതരംഗത്ത് പരസ്പരവിരുദ്ധമായ നിർവചനങ്ങളുള്ള സമാന്തര പാതയായി പരിണമിച്ച സ്വൂഫിസത്തിെൻറ ചരിത്രം, മതരംഗത്തെ ചതിയുടെ വർത്തമാനം കൂടിയാണ്.

സത്യത്തെ അന്വേഷിക്കുക എന്ന ആശയം മനുഷ്യമനസ്സിനൊപ്പം ചരിത്രത്തിലുടനീമുള്ള ഒന്നാണ്. ഏത് സമൂഹത്തിലും, സത്യത്തെ അന്വേഷിക്കുന്നത് തങ്ങളുടെ പ്രധാന ജോലിയായി കൊണ്ടുനടക്കുന്ന ഒരുകൂട്ടം ആളുകളെ എപ്പോഴും കാണാം. സത്യത്തെ തേടിയുള്ള അവരുടെ കഠിനമായ യാത്രയ്ക്കിടയിൽ, അവർ വളരെ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോയേക്കാം, അത് സത്യത്തെ ഭാവനയെക്കാൾ വിചിത്രമാക്കുന്നു.

‘നിങ്ങൾ ഒരു വലിയ മതിലിനു മുന്നിൽ നിൽക്കുകയാണെന്ന് സങ്കൽപിക്കുക. ആ മതിലിനു പിന്നിൽ രഹസ്യങ്ങളും വിചിത്രകഥകളും നിഗൂഢതകളും നിറഞ്ഞ ഒരു ലോകമുണ്ട്. ആ മതിലിൽനിന്ന് ഓരോ ഇഷ്ടിക മാറ്റുമ്പോഴും നിങ്ങൾ ചിഹ്നങ്ങളും കടങ്കഥകളും കണ്ടെത്തുന്നു. നിങ്ങൾ ഒരു ഭ്രമണപഥത്തിൽ അകപ്പെട്ടതുപോലെ തോന്നും, അതിൽനിന്ന് പുറത്തുകടക്കുക എന്നത് പ്രയാസകരമാണ്, അല്ലെങ്കിൽ അസാധ്യമാണ്. നിങ്ങൾ വായിക്കുന്ന ഓരോ വാക്കിന് പിന്നിലും മറഞ്ഞിരിക്കുന്ന മറ്റൊരു അർഥമുണ്ടെന്ന് നിങ്ങൾക്ക് തോന്നും. ഓരോ വാചകത്തിനും രണ്ട് വശങ്ങളുണ്ട്: എല്ലാവർക്കും കാണാൻ കഴിയുന്ന ഒരു ബാഹ്യവശവും (ദ്വാഹിർ), രഹസ്യത്തിന്റെ ആളുകൾക്ക് (അഹ്‌ലുസ്സിർറ്) അല്ലാതെ മറ്റാർ ക്കും മനസ്സിലാകാത്ത ഒരു ആന്തരികവശവും (ബാത്വിൻ).

നമുക്കിടയിൽ ജീവിക്കുന്ന ആളുകളെ നമുക്ക് കാണാം, എന്നാൽ അവർക്ക് അവരുടെതായ പ്രത്യേക ലോകവും വ്യത്യസ്തമായ ഭാഷയും മറ്റാർക്കും അറിയാത്ത രഹസ്യങ്ങളുമുണ്ട്. തങ്ങളുടെ പക്കൽ മറ്റാരു ടെയും പക്കലില്ലാത്ത അറിവുണ്ടെന്ന് അവർ പറയുന്നു; കാരണം അത് അവർ അദൃശ്യകാര്യങ്ങളിൽ നിന്നും (ഗൈബ്), പ്രചോദനങ്ങളിൽനിന്നും (ഇൽഹാം), ദർശനങ്ങളിൽനിന്നും (റൂഅ്‌യ) സ്വീകരിക്കുന്ന അറിവാണ്.’ സ്വൂഫികളുടെ ആശയമാണിത്.

അപ്പോൾ ആരാണ് സ്വൂഫികൾ? എന്തുകൊണ്ട്, എങ്ങനെയാണ് അവർ ഈ ഘട്ടത്തിൽ എത്തിയത്? യഥാർഥത്തിൽ മറ്റാർക്കും എത്തിച്ചേരാൻ കഴിയാത്ത ഒരു രഹസ്യം അവരുടെ പക്കലുണ്ടോ? സ്വൂഫിസത്തിന്റെ യാഥാർഥ്യം എന്താണ്?

സ്വൂഫിസം ഇസ്‌ലാമിക ചരിത്രത്തിൽ

ഇസ്‌ലാമിക ചരിത്രത്തിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും വിചിത്രമായ ഒരു വിഭാഗത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്; സ്വൂഫിസത്തെക്കുറിച്ച്. സ്വൂഫിസം ഒരു ആശയം എന്ന നിലയിൽ എന്താണെന്നും അത് എവിടെനിന്ന് വന്നുവെന്നും എന്തുകൊണ്ടാണ് തസവ്വുഫ് (സ്വൂഫിസം) രൂപപ്പെട്ടതെന്നും മനസ്സിലാക്കാൻ ശ്രമിക്കാം. എന്താണ് ‘ത്വരീഖത്ത്’ (പാത) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? എന്തുകൊണ്ടാണ് ലോകമെമ്പാടും നൂറുകണക്കിന് സ്വൂഫി ത്വരീഖത്തുകൾ ഉണ്ടായത്? ഈ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണ്? തസവ്വുഫിനോടുള്ള പണ്ഡിതന്മാരുടെ നിലപാട് എന്താണ്?

വിശാലമായ സ്വൂഫി ലോകത്തേക്ക് കടക്കുന്നതിനും അത് വിവരിക്കാൻ ശ്രമിക്കുന്നതിനും മുമ്പ്, വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആദ്യം അറിഞ്ഞിരിക്കണം. സ്വൂഫികൾക്ക് സംസാരിക്കുന്നതിൽ പ്രത്യേകവും വ്യത്യസ്തവുമായ ഒരു ശൈലിയുണ്ട്, നമ്മൾ ശീലിച്ചതിൽനിന്ന് തികച്ചും വ്യത്യസ്തമാണത്. സ്വൂഫികളുടെ പുസ്തകങ്ങളും സംസാരങ്ങളും ഒരു രഹസ്യ കോഡിൽ എഴുതിയ പുസ്തകങ്ങൾ പോലെയാണ്. പുസ്തകത്തിനുള്ളിൽ ബാഹ്യമായ അർഥങ്ങൾ നിങ്ങൾ കാണും, എന്നാൽ അതിന് പിന്നിൽ മറഞ്ഞിരിക്കുന്ന മറ്റൊരു ആന്തരിക അർഥമുണ്ടാകും. അവർ എപ്പോഴും പ്രതീകങ്ങളും (റംസ്) സൂചനകളും (ഇശാറത്ത്) ഒളിഞ്ഞിരിക്കുന്ന വാക്കുകൾ ഉപയോഗിക്കുന്നതായി കാണാം.

രഹസ്യങ്ങൾ ഒളിച്ചുവെക്കുന്ന ശൈലി

അവർ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ, എന്റെ മറുപടി അവരുടെ വാക്കുകളിൽ നിന്നുതന്നെയാണ്. അബ്ബാസീ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കവികളിലും സ്വൂഫികളിലും ഒരാളായി കണക്കാക്കപ്പെടുന്ന അൽഹല്ലാജ് തന്റെ കവിതയിൽ ഇങ്ങനെ പറയുന്നതായി കാണാം: ‘വിവരമില്ലാത്തവൻ ഈ അറിവു കണ്ട് ഫിത്‌നയിൽ (കുഴപ്പത്തിൽ) അകപ്പെടാതിരിക്കാൻ ഞാൻ എന്റെ അറിവിന്റെ മുത്തുകൾ ഒളിച്ചുവെക്കുന്നു. ഇതിനുമുമ്പ് അബുൽ ഹസൻ അൽഹുസൈനിലേക്ക് ഇത് സമർപ്പിച്ചിട്ടുണ്ട്, അദ്ദേഹത്തിന് മുമ്പ് ഹസനോട് ഇത് വസ്വിയ്യത്ത് ചെയ്തിട്ടുമുണ്ട്.’

തന്റെ പക്കലുള്ള അറിവുകളെയും ‘ബൗദ്ധിക മുത്തുകളെ’യും ജനങ്ങളിൽനിന്ന് മനഃപൂർവം ഒളിച്ചുവെക്കുകയാണെന്ന് ഹല്ലാജ് ഇവിടെ സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ, തന്റെ പക്കലുള്ള ഈ കാര്യങ്ങൾ സാധാരണ ജനങ്ങൾ അറിഞ്ഞാൽ അവർ കുഴപ്പത്തിലാകും.

ഹല്ലാജ് തുടരുന്നു: “എന്റെയുള്ളിലെ അറിവിന്റെ മുത്തുകൾ ഞാൻ വെളിപ്പെടുത്തിയാൽ, ‘നീ വിഗ്രഹങ്ങളെ ആരാധിക്കുന്നവരിൽ പെട്ടവനാണ്’ എന്ന് എന്നോട് പറയപ്പെടും. മുസ്‌ലിംകളായ പുരുഷന്മാർ എന്റെ രക്തം ഹലാലാക്കും. അവർ തങ്ങൾ ചെയ്യുന്ന ഏറ്റവും മോശമായ കാര്യങ്ങളെ നല്ലതായി കാണുന്നു.’’ തന്റെ ഹൃദയത്തിലുള്ള കാര്യങ്ങൾ പരസ്യമായി പറഞ്ഞാൽ ജനങ്ങൾക്ക് അത് മനസ്സിലാകില്ലെന്നും അതിനാൽ അവർ തന്റെ മേൽ കുഫ്ർ (അവിശ്വാസം) ആരോപിച്ച് തന്റെ രക്തം ചിന്താൻ മടിക്കില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

സ്വൂഫികൾ മനുഷ്യരെ രണ്ടായി തിരിക്കുന്നു:

1. അഹ്‌ലു ദ്വാഹിർ (ബാഹ്യജ്ഞാനമുള്ളവർ): വാക്കുകളെ അതിന്റെ ബാഹ്യമായ അർഥത്തിൽ എടുക്കുന്ന സാധാരണക്കാരാണിവർ. ഇവരെ അവർ ‘അഹ്‌ലുൽ റുസൂം,’ ‘അഹ്‌ലുൽ ഔറാഖ്’ അല്ലെങ്കിൽ ‘ആമ്മത്ത്’ (സാധാരണക്കാർ) എന്ന് വിളിക്കുന്നു.

2. അഹ്‌ലുൽ ബാത്വിൻ (ആന്തരികജ്ഞാനമുള്ളവർ): ഇവർ സ്വൂഫികൾ തന്നെയാണ്, വാക്കുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന യഥാർഥ അർഥം മനസ്സിലാക്കാൻ ഇവർക്ക് കഴിയും. ഇവർ തങ്ങളെ ‘അഹ്‌ലുൽ ഹക്വീക്വത്ത്’ അല്ലെങ്കിൽ ‘ഖാസ്സ്വത്ത്’ (പ്രത്യേക വിഭാഗം) എന്ന് വിളിക്കുന്നു.

അറിവുകൾ ഒളിച്ചുവെക്കൽ

തന്റെ കാലത്തെ ഏറ്റവും പ്രശസ്തരായ സ്വൂഫി നേതാക്കളിലും ഫിക്വ‌്‌ഹ് പണ്ഡിതന്മാരിലും ഒരാളായിരുന്നു ജുനൈദുൽ ബഗ്ദാദി. താൻ ഈ വിജ്ഞാനത്തെ ഭംഗിയായി എഴുതിവെക്കുകയും പിന്നീട് അത് ഭൂഗർഭ നിലവറകളിൽ ഒളിച്ചുവെക്കുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞതായി കാണാം. ജുനൈദ് അറിവിനെ ഒരു നിധി പോലെയാണ് കൈകാര്യം ചെയ്യുന്നത്. ഈ കാര്യം നൂറ്റാണ്ടുകളായി ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു; സ്വൂഫികൾ എന്തുകൊണ്ടാണ് തങ്ങളുടെ അറിവുകൾ ഇത്തരത്തിൽ ഒളിച്ചുവെക്കുന്നതെന്ന് ആർക്കും അറിയുമായിരുന്നില്ല.

ഒടുവിൽ ശാദിലി ത്വരീക്വത്തിന്റെ പ്രധാന തൂണുകളിലൊരാളായ ഇബ്‌നു അത്വാഇല്ല അൽഇസ്‌കന്ദരിയോട് ഇതിനെക്കുറിച്ച് ചോദിക്കപ്പെട്ടു. സ്വൂഫികൾ ഇദ്ദേഹത്തെ ‘മുർശിദുസ്സാലികീൻ’ (വഴിനടത്തുന്നവരുടെ വഴികാട്ടി), ‘ക്വുത്ബുൽ ആരിഫീൻ’ (ആരിഫുകളുടെ നേതാവ്) എന്നൊക്കെയാണ് വിളിച്ചിരുന്നത്. വെറുമൊരു ആരിഫ് മാത്രമല്ല, ആരിഫുകളുടെ ഖുതുബ്! അദ്ദേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ വേണ്ടിയാണ് ഇത് പറയുന്നത്. സ്വൂഫികൾ എന്തുകൊണ്ടാണ് അസ്പഷ്ടമായ പദങ്ങളും വിചിത്രമായ വാക്കുകളും ഉപയോഗിക്കുന്നത് എന്ന് ഒരാൾ ചോദിച്ചപ്പോൾ, ഇബ്‌നു അത്വാഅ് പറഞ്ഞു: ‘നമ്മുടെ ഈ അറിവിനോടുള്ള അസൂയ (പ്രത്യേക സ്‌നേഹം) കൊണ്ടും, അതിനോടുള്ള ബഹുമാനം കൊണ്ടും മാത്രമാണ് നമ്മൾ അങ്ങനെ ചെയ്തത്; നമ്മുടെ ഗ്രൂപ്പിൽ ഉള്ളവരല്ലാത്ത മറ്റാരും അത് കുടിക്കാതിരിക്കാൻ (അറിയാതിരിക്കാൻ) വേണ്ടി.’

ഈ പറഞ്ഞ കാര്യങ്ങളെല്ലാം സ്വൂഫിസത്തെ മനസ്സിലാക്കാനുള്ള താക്കോലുകളാണ്. ആ താക്കോൽ എന്നത് ‘രഹസ്യാത്മകതയും ഒളിച്ചുവെക്കലു’മാണ്.

സ്വൂഫി: പദോത്പത്തിയിലെ പ്രതിസന്ധികൾ

ആദ്യമായി നമ്മൾ അറിയേണ്ടത് ‘സ്വൂഫി’ എന്ന വാക്കിന് അറബി ഭാഷയിൽ യാതൊരു അടിസ്ഥാനവുമില്ല എന്നതാണ്. അതായത്, ഒരു അറബി വാക്കിൽനിന്നും ഇതിന് നേരിട്ടുള്ള വ്യുൽപത്തിയോ (ഡെറിവേഷൻ) ഭാഷാപരമായ നിയമമോ ഇല്ല. ഹിജ്‌റ നാല്-അഞ്ച് നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന, ‘സൈനുൽ ഇസ്‌ലാം,’ ‘ഇമാമുസ്സ്വൂഫിയ്യഃ’ എന്നൊക്കെ വിളിക്കപ്പെട്ടിരുന്ന പ്രമുഖ പണ്ഡിതനായ അബുൽ ക്വാസിം അൽഖുശൈരി പറഞ്ഞു: “ഈ നാമത്തിന് അറബി ഭാഷയുടെ ഭാഗത്തുനിന്ന് ഒരു വ്യുൽപത്തിയോ നിയമമോ സാക്ഷ്യം വഹിക്കുന്നില്ല. ഇത് ഒരു ലക്വബ് (പദവി നാമം) ആണെന്നാണ് വ്യക്തമാകുന്നത്.’’ ഇത് സ്വൂഫികളുടെ ഇമാമിന്റെ വാക്കുകളാണ്, എന്റെതല്ല.

എന്നാൽ ചില സ്വൂഫികൾ ഈ ‘സ്വൂഫി’ എന്ന വാക്കിന് അറബി അടിസ്ഥാനം നൽകാൻ ശ്രമിക്കു ന്നുണ്ട്. അത് ‘സൂഫ്’ (ആട്ടുരോമം) എന്ന വാക്കിൽനിന്നാണ് വന്നതെന്ന് ചിലർ പറഞ്ഞു. അത് ‘സ്വഫാഅ്’ (വിശുദ്ധി) എന്നതിൽ നിന്നാണെന്ന് മറ്റുചിലർ പറഞ്ഞു. ‘സുഫ്ഫ’ എന്നതിൽനിന്നാണെന്ന് പറഞ്ഞവരുണ്ട്. നമസ്‌കാരത്തിലെ വരി എന്ന അർഥമുള്ള ‘സ്വഫ്ഫ്’ എന്നതിൽനിന്നാണ് ഇത് ഉത്ഭവിച്ചതെന്ന് പറഞ്ഞവരുണ്ട്. എന്നാൽ, ഈ വ്യാഖ്യാനങ്ങളിൽ ഓരോന്നും പരിശോധിച്ചാൽ അത് ദുർബലമാണെന്നും സ്ഥിരീകരിക്കപ്പെടാത്തതാണെന്നും കാണാം.

ഉദാഹരണത്തിന്, കമ്പിളി വസ്ത്രം ധരിക്കുന്നത് സന്യാസത്തിന്റെ (സുഹ്ദ്) അടയാളമായതിനാൽ ‘സൂഫ്’ (കമ്പിളി) എന്നതിൽ നിന്നാണ് ഇതിന്റെ ഉത്ഭവം എന്ന് പറയുന്നവർക്കുള്ള മറുപടി: പ്രവാചകൻ ﷺ കമ്പിളി വസ്ത്രം ധരിക്കുന്നത് പതിവായിരുന്നു എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല, അത് പ്രവാചകചര്യ യായിരുന്നില്ല. പ്രവാചകൻﷺ ധരിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന വസ്ത്രം ‘ഹിബറഃ’ ആയിരുന്നു, അത് അടിസ്ഥാനപരമായി പരുത്തി (കോട്ടൺ) കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. ഉമ്മുൽ മുഅ്മിനീൻ ആഇശ(റ) നിവേദനം ചെയ്യുന്നു: “പ്രവാചകൻ ﷺ ഒരിക്കൽ കമ്പിളി വസ്ത്രം ധരിച്ചപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിൽനിന്ന് വിയർപ്പ് വരികയും കമ്പിളിക്ക് ദുർഗന്ധം വരികയും ചെയ്തപ്പോൾ അത് ഉടൻതന്നെ ഊരിവെച്ചു.’’ അതുകൊണ്ട്, തങ്ങൾ സത്യത്തോട് ഏറ്റവും അടുത്തവരാണെന്ന് അവകാശപ്പെടുന്ന സ്വൂഫികൾ, പ്രവാചകൻ ﷺ തന്റെ പവിത്രമായ ശരീരത്തിൽ ഇഷ്ടപ്പെടാത്ത, ജനങ്ങളോട് ധരിക്കാൻ കൽപിക്കാത്ത ഒരു വസ്തുവിന്റെ പേര് തങ്ങൾക്ക് നൽകുകയില്ല എന്നത് ഉറപ്പാണ്.

ഇനി, ഇത് ‘സുഫ്ഫ’ എന്നതിൽനിന്നാണ് വന്നതെന്ന് പറയുന്നവർ, മദീന മുനവ്വറയിൽ പ്രവാചകന്റെ പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന ‘അഹ്‌ലുസ്സുഫ്ഫ’ എന്ന ഉത്തമരായ ആളുകളിലേക്ക് തങ്ങളെ ചേർത്തു പറയുകയാണ് ചെയ്യുന്നത്. മസ്ജിദുന്നബവി ആദ്യമായി നിർമിച്ചപ്പോൾ അതിന്റെ വടക്ക്-കിഴക്ക് മൂലയിൽ ഉണ്ടായിരുന്ന ഒരു സ്ഥലമായിരുന്നു സുഫ്ഫ. ഭക്ഷണവും പാർപ്പിടവും ഇല്ലാത്ത മുഹാജിറുകളെ സ്വീകരിക്കുന്നതിനോ, അല്ലെങ്കിൽ മദീനയിൽ പ്രവാചകന്റെ അടുത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന, എന്നാൽ കൈയിൽ പണമോ താമസിക്കാൻ സ്ഥലമോ ഇല്ലാത്തവർക്കോ വേണ്ടി തയ്യാറാക്കിയ സ്ഥലമായിരുന്നു അത്. അവർ പൊതുവെ വളരെ ദരിദ്രരായിരുന്നു. അഹ്‌ലുസ്സുഫ്ഫയുടെ ജീവിതം നോക്കിയാൽ, അവർക്ക് ആരാധനയിൽ പ്രത്യേകമായ യാതൊരു രീതിയും ഉണ്ടായിരുന്നില്ലെന്ന് കാണാം; മറിച്ച് അവർ പ്രവാച കന്റെ സുന്നത്തും ആരാധനാ രീതികളും കൃത്യമായി പിന്തുടരുന്നവരായിരുന്നു. പ്രവാചകന്റെ കാലത്തോ ഖുലഫാഉർറാശിദുകളുടെ കാലത്തോ അവർക്ക് ‘സ്വൂഫികൾ’ എന്ന് പേരുണ്ടായിരുന്നില്ല.

ഇനി, സ്വൂഫിസം എന്നത് ‘സ്വഫാഅ്’ (വിശുദ്ധി) അല്ലെങ്കിൽ ‘സ്വഫ്ഫ്’ (വരി) എന്നതിൽനിന്നാണ് വന്നതെന്ന് പറയുന്നതാകട്ടെ, അത് ഭാഷാപരമായതിനെക്കാൾ കാവ്യാത്മകമായ വ്യാഖ്യാനങ്ങളാണ്, അതിന് യഥാർഥ തെളിവുകളൊന്നുമില്ല.

ദശലക്ഷക്കണക്കിന് അനുയായികളും മുരീദുകളുമുള്ള ഒരു കൂട്ടമാണ് സ്വൂഫികൾ; എന്നാൽ സ്വൂഫി എന്ന പദത്തിന്റെ ഉത്ഭവം എന്താണെന്ന് ആർക്കും അറിയില്ല! ചരിത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നത് ഈ വാക്ക് അറബി ഭാഷയ്ക്ക് പുറത്തുനിന്നും ഇസ്‌ലാമിക ചിന്തയ്ക്ക് പുറത്തുനിന്നും കടമെടുത്തതാണെന്നാണ്. അത് രണ്ട് സ്രോതസ്സുകളിൽനിന്നാണ് വരുന്നത്, അതിൽ ഓരോന്നും മറ്റേതിനെക്കാൾ അത്ഭുതപ്പെടുത്തുന്നതാണ്.

1. ആദ്യത്തെ ഉത്ഭവം: ഗ്രീക്ക് പദമായ ‘സോഫിയ’ (Sophia) ആണ്. ഇതിന്റെ അർഥം ‘ജ്ഞാനം’ എന്നാണ്. ഗ്രീക്ക് തത്ത്വചിന്തകർ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു.

2. രണ്ടാമത്തെ ഉത്ഭവം: ഹീബ്രു പദമായ ‘സോഫി’ (Sofi) എന്നതിൽനിന്നാണ് ഇത് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. ജൂതന്മാരുടെ രഹസ്യ വിജ്ഞാന സദസ്സുകളിൽ (കബാല പോലുള്ളവ) ശൈഖ് അല്ലെങ്കിൽ വഴികാട്ടി എന്നതിനാണ് ഈ പേര് വിളിച്ചിരുന്നത്.

അറബിവത്കരിക്കപ്പെട്ട വിദേശ പദങ്ങൾ

ഭാഷാ പണ്ഡിതന്മാർ സ്ഥിരീകരിച്ചിട്ടുള്ള കാര്യം ഇതാണ്: ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ നടന്ന വലിയ തർജമ പ്രസ്ഥാനത്തിന് ശേഷമാണ് ‘സ്വൂഫി’ എന്ന വാക്ക് അറബി നാവിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അന്നത്തെ സാംസ്‌കാരിക അന്തരീക്ഷവും തർജമകളുടെ ഒഴുക്കും അറബിയിതര ഭാഷകളിലെ പല വാക്കുകളും അറബിവത്കരിക്കാനും അറബി ഡിക്ഷ്ണറിയുടെ ഭാഗമാക്കാനും കാരണമായി. ഉദാഹരണത്തിന്: ഫൽസഫഃ (തത്ത്വചിന്ത), മൂസീഖാ (സംഗീതം), അസ്തർലാബ് (ആസ്‌ട്രോലേബ്) തുടങ്ങിയ വാക്കുകൾ യഥാർഥ അറബി വാക്കുകളല്ല, അറബിവത്കരിക്കപ്പെട്ടവയാണ്. അതിനാൽ അവയുടെ കൂട്ടത്തിൽ ‘സ്വൂഫി’ എന്ന വാക്ക് പ്രത്യക്ഷപ്പെട്ടത് വിചിത്രമായ ഒന്നല്ല.

ബഹുമുഖ പ്രതിഭയും തത്ത്വചിന്തകനും സഞ്ചാരിയുമായ അബൂറയ്ഹാൻ അൽബിറൂനി (പല ഭാഷകളിൽ പ്രാവീണ്യമുള്ളയാൾ) പറയുന്നത് കാണാം: “ഗ്രീക്ക് ഭാഷയിൽ ‘സൂഫ്’ എന്നാൽ ജ്ഞാനം എന്നാണ്. അതിൽനിന്നാണ് ഫിലസോഫർ (ഫയലസൂഫ്) എന്ന പേര് വന്നത്. ഇസ്‌ലാമിൽ ഒരുകൂട്ടർ അവരുടെ (ഗ്രീക്കുകാരുടെ) അഭിപ്രായത്തോട് അടുത്തപ്പോൾ അവരും ആ പേരിൽ വിളിക്കപ്പെട്ടു.’’

അതായത്, തർജമ പ്രസ്ഥാനങ്ങൾ വ്യാപിച്ചതോടെ അറബികളും മുസ്‌ലിംകളും തങ്ങൾക്ക് മുമ്പ് പേരില്ലാതിരുന്ന പുതിയ പ്രതിഭാസങ്ങൾക്കും ഗ്രൂപ്പുകൾക്കും വിദേശ നാമങ്ങൾ നൽകാൻ തുടങ്ങി. എന്നാൽ സംശയാസ്പദമായ കാര്യം എന്തെന്നാൽ, ഈ സാദൃശ്യം പേരിൽ മാത്രമല്ലായിരുന്നു, മറിച്ച് അത് അക്വീദയിലും (വിശ്വാസത്തിലും) എത്തിച്ചേർന്നു. ചില പുരാതന പാശ്ചാത്യ തത്ത്വചിന്തകളോട് അടുത്തായിരുന്നു ഈ വിശ്വാസം. അതിലൊന്നാണ് ഗ്രീസിലെ ‘എലൂസിനിയൻ രഹസ്യങ്ങൾ’ (Eleusinian Mysteries). ഗ്രീക്ക് പുരാണങ്ങളിലെ ഡിമീറ്റർ (Demeter) ദേവതയെ ആരാധിക്കുന്നതിനുള്ള സ്വൂഫി രീതിയിലുള്ള ആചാരങ്ങൾ അതിൽ കാണാം. ദൈവങ്ങളുമായി ഐക്യപ്പെടുക (ഇത്തിഹാദ്) എന്ന ലക്ഷ്യത്തോടെയുള്ള സംഗീതം, നൃത്തം, നിലവിളികൾ എന്നിവ അതിലുണ്ടായിരുന്നു.

ഈ സാദൃശ്യം ‘ജ്ഞാനവാദം’ (Gnosticism) എന്ന ആശയത്തോടും തുടർന്നു. ജ്ഞാനവാദം എന്നത് എല്ലാ കാര്യങ്ങളിലും സ്വൂഫിസത്തോട് തികച്ചും സാദൃശ്യമുള്ള ഒന്നാണ്; ആന്തരിക ജ്ഞാനത്തെക്കുറിച്ചുള്ള ധ്യാനം, ലോകത്തിൽനിന്ന് പൂർണമായി വേർപെടൽ തുടങ്ങിയവ ഉദാഹരണം. അതുകൊണ്ടാണ് ചില പ്രമുഖ സ്വൂഫി പണ്ഡിതന്മാർ ‘സ്വൂഫിസം ഗ്രീസ് വഴിയാണ് ഇസ്‌ലാമിക സമൂഹങ്ങളിൽ എത്തിയത്’ എന്നു വിശ്വസിക്കുന്നത്.

ശിഹാബുദ്ദീൻ അസ്സുഹ്‌റവർദി താൻ ‘സ്വപ്നത്തിൽ അരിസ്റ്റോട്ടിലിനെ കാണുകയും തസവ്വുഫിന്റെ ഖുതുബുകളെക്കുറിച്ച് (നേതാക്കളെക്കുറിച്ച്) ചോദിക്കുകയും ചെയ്തു’ എന്നു പറയുന്നുണ്ട്. അതെ, ഗ്രീസിലെ അതേ അരിസ്റ്റോട്ടിൽ! അൻഡലൂസിയക്കാരനായ അബുൽഹസൻ അശ്ശുശ്തരി പ്ലേറ്റോ, സോക്ര ട്ടീസ്, അരിസ്റ്റോട്ടിൽ എന്നിവരെ അൽഹല്ലാജിനൊപ്പം ഒരേ പദവിയിലാണ് പ്രതിഷ്ഠിക്കുന്നത്; അവരെയെല്ലാം ജ്ഞാനത്തിന്റെ ശൈഖുമാരായിട്ടാണ് അദ്ദേഹം കണക്കാക്കുന്നത്.

ചുരുക്കത്തിൽ, ‘സ്വൂഫി’ എന്ന വാക്ക് ഗ്രീക്ക് ഭാഷയിൽനിന്ന് കടമെടുത്തത് മാത്രമല്ല, അത് തത്ത്വചിന്താപരമായ പാക്കേജോടെയാണ് വന്നത്. അത് ഇസ്‌ലാമിക-അറബി പൊതുബോധത്തിലേക്ക് കടന്നുവന്നത് തർജമകളുടെയും മറ്റു സംസ്‌കാരങ്ങളിലേക്കുള്ള തുറന്നിടലുകളുടെയും കാലഘട്ടത്തിലാണ്. ജാഹിലിയ്യ കാലത്തോ, പ്രവാചകന്റെﷺ കാലത്തോ, സ്വഹാബികളുടെയോ താബിഉകളുടെയോ കാലത്തോ ഇത് ഉണ്ടായിരുന്നില്ല എന്നത് ഉറപ്പാണ്.

അന്ന് സംഭവിച്ചത് ഇത്രമാത്രമാണ്: വിശാലമായ ഇസ്‌ലാമിക സാമ്രാജ്യത്തിലുടനീളം ‘സുഹ്ഹാദ്’ (ഭൗതികവിരക്തർ) അല്ലെങ്കിൽ ‘ഉബ്ബാദ്’ (ആരാധനകളിൽ മുഴുകിയവർ) എന്നറിയപ്പെടുന്ന ചില ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. എങ്ങനെയോ അവരുടെ സുഹ്ദും ആരാധനയും നമ്മൾക്കറിയാവുന്ന, ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്ന സുഹ്ദിൽനിന്ന് അൽപം അകലേക്ക് പോയി. അവർ മറ്റു നാഗരികതകളിലെ മറ്റു ഗ്രൂപ്പുകളെപ്പോലെ ആരാധനാരീതികളിലും സുഹ്ദിലും സമാനമാകാൻ തുടങ്ങി. അങ്ങനെ മറ്റു നാഗരികതകളിലെ ആ ഗ്രൂപ്പുകൾക്ക് വിളിക്കപ്പെട്ടിരുന്ന അതേ പേര് ഇവർക്കും നൽകപ്പെട്ടു. അങ്ങനെ ‘സുഹ്ഹാദ്,’ ‘ഉബ്ബാദ്’ എന്ന പോലുള്ള പേരുകൾക്ക് പകരം അവർ ‘സ്വൂഫികൾ’ എന്ന് അറിയപ്പെടാൻ തുടങ്ങി.

നിർവചനങ്ങളിലെ വൈവിധ്യവും തർക്കങ്ങളും

സ്വൂഫിസത്തിന്റെ നിർവചനം തന്നെ തർക്കവിഷയമാണ്. തസവ്വുഫിനെ പുറത്തുനിന്ന് വിമർശിച്ച പണ്ഡിതന്മാർക്കിടയിൽ മാത്രമല്ല, സ്വൂഫി പണ്ഡിതന്മാർക്കും നേതാക്കൾക്കും ഇടയിൽ തന്നെയാണ് ഈ തർക്കം. സ്വൂഫികൾ തസവ്വുഫിന് ഒരൊറ്റ നിർവചനത്തിൽ യോജിച്ചിട്ടില്ല, ഓരോരുത്തരും അവരവ രുടെ രീതിയിൽ ഓരോ നിർവചനം നൽകി.

സ്വൂഫി പ്രമുഖനായ ജുനൈദുൽ ബഗ്ദാദിയോട് തസവ്വുഫിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘യാതൊരു ബന്ധവുമില്ലാതെ നീ അല്ലാഹുവോടൊപ്പം ആയിരിക്കുക എന്നതാണ്.’ മറ്റൊരു സ്ഥലത്ത് അദ്ദേഹം പറഞ്ഞു: ‘തസവ്വുഫ് എന്നത് സമാധാനമില്ലാത്ത ഒരു ഉടമ്പടിയാണ്.’ ഇതേ ജുനൈദ് തന്നെ മൂന്നാമതൊരു നിർവചനത്തിൽ പറഞ്ഞു: ‘സൃഷ്ടികളോട് യോജിക്കുന്നതിൽനിന്ന് ഹൃദയത്തെ ശുദ്ധീകരിക്കലും പ്രകൃതിപരമായ സ്വഭാവങ്ങളിനിന്ന് വേർപെടലുമാണ്.’ ജുനൈദിന് മാത്രം സ്വൂഫിസത്തിന്

മൂന്ന് നിർവചനങ്ങൾ!

നമുക്ക് ജുനൈദിനെ വിട്ട് തസവ്വുഫിന്റെ മറ്റൊരു പ്രമുഖനിലേക്ക് പോകാം. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലെ സ്വൂഫി പ്രമുഖനായ സമ്‌നൂൻ ഇബ്‌നു ഹംസയുടെ വാക്കുകൾ കേൾക്കാം. അദ്ദേഹം തസവ്വുഫിനെ നിർവചിക്കുന്നത് ഇങ്ങനെയാണ്: ‘നീ ഒന്നിന്റെയും ഉടമയാകാതിരിക്കലും, നിന്നെ ആരും ഉടമപ്പെടുത്താതിരിക്കലുമാണ്.’ അദ്ദേഹത്തിന്റെ മറ്റൊരു നിർവചനം ഇപ്രകാരമാണ്: ‘മനുഷ്യവർഗത്തിലെ പൂർണതയുള്ള ആളുകൾ തങ്ങളുടെ സൗഭാഗ്യത്തിന്റെ പടവുകളിൽ എങ്ങനെ ഉന്നതിയിലേക്ക് ഉയരുന്നു എന്ന് മനസ്സിലാക്കുന്ന വിജ്ഞാനമാണ് തസവ്വുഫ്.’

കൗതുകകരമായ കാര്യം എന്തെന്നാൽ, തസവ്വുഫിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാ നകോശമായ ‘കിതാബുല്ലുമഅ്’ എഴുതിയ, സ്വൂഫികളുടെ ചരിത്രവും തത്ത്വങ്ങളും വിവരിച്ച അബൂനസ്ർ അസ്സർറാജ് അത്തൂസി പറഞ്ഞു: ‘തസവ്വുഫിന്റെ നിർവചനങ്ങൾ നൂറിലധികം വരും.’

കൊല്ലപ്പെട്ട സുഹ്റവർദിയുടെ അഭിപ്രായത്തിൽ അത് ആയിരത്തിലധികം വരുമെന്നാണ്. രണ്ടായിരത്തിലധികം വരുമെന്ന് പറഞ്ഞവരുമുണ്ട്. ഇവയെല്ലാം പരസ്പരവിരുദ്ധമായ നിർവചനങ്ങളാണ്.

ഇവിടെ ചിലർ ചോദിച്ചേക്കാം: ‘ഇതൊരു നല്ല കാര്യമല്ലേ? വൈവിധ്യം എന്നത് നല്ലതും ആരോഗ്യകരവുമായ ഒരു കാര്യമല്ലേ?’ യഥാർഥത്തിൽ സ്വൂഫിസത്തിന്റെ കാര്യത്തിൽ ഈ വൈവിധ്യം ആരോഗ്യകരമായ ഒന്നല്ല.

ഓരോ ശൈഖും തസവ്വുഫിനെ നിർവചിക്കുന്നത് തന്റെ വ്യക്തിപരമായ അനുഭവത്തിൽനിന്നോ അവസ്ഥയിൽനിന്നോ ആണ് എന്നതിനാലാണ് ഈ വൈവിധ്യമുണ്ടാകുന്നത്. ഇത് നമ്മെ ഒരു ചോദ്യത്തിലേക്ക് നയിക്കുന്നു: ‘തസവ്വുഫിന് ഒരു വസ്തുനിഷ്ഠമായ (objective) നിർവചനമുണ്ടോ, അതോ തസവ്വുഫ് എന്നത് ഓരോരുത്തർക്കും വ്യത്യസ്തമായി നിർവചിക്കാൻ കഴിയുന്ന ഒരു വ്യക്തിപരമായ അവസ്ഥ മാത്രമാണോ? ഇത് വ്യക്തമായ തത്ത്വങ്ങളുള്ള ഒരു മദ്ഹബാണോ (സിദ്ധാന്തം), അതോ വികാരങ്ങളിലും വ്യക്തിപരമായ ആസ്വാദനങ്ങളിലും (അദ്‌വാക്വ്) അധിഷ്ഠിതമാണോ?

സ്വൂഫിസത്തിന്റെ ഉത്ഭവവും പരിണാമവും

യഥാർഥത്തിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നമ്മൾ സ്വൂഫിസത്തിന്റെ ഉത്ഭവം പരിശോധിക്കാൻ നിർബന്ധിതരാണ്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലാണ് ‘സ്വൂഫി’ എന്ന വാക്ക് വ്യാപിക്കാൻ തുടങ്ങിയത്. ചില സ്വൂഫികൾ പറയുന്നത് ഈ ലക്വബ് (പേര്) ആദ്യമായി നൽകപ്പെട്ടത് ഇസ്‌ലാമിലെ പ്രമുഖ പണ്ഡിതനും ആദ്യകാല ഖാദിമാരിൽ ഒരാളുമായിരുന്ന ഹസനുൽ ബസ്വരിക്കാണ് എന്നാണ്. അദ്ദേഹം ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലെയും രണ്ടാം നൂറ്റാണ്ടിലെയും ഏറ്റവും പ്രമുഖനായ പണ്ഡിതനാ യിരുന്നു. മറ്റ് ചില സ്വൂഫികൾ പറയുന്നത് ഈ പേര് ആദ്യമായി ലഭിച്ചത് അന്നത്തെ മറ്റൊരു പ്രധാന പണ്ഡിതനായിരുന്ന അബൂ ഹിശാം അൽകൂഫിക്കാണ് എന്നാണ്. വേറെ ചിലർ കരുതുന്നത് കൂഫയിലും അലക്‌സാണ്ട്രിയയിലും ഉണ്ടായ ‘സുഹ്ഹാദുകളുടെ വിപ്ലവ’ത്തോടെയാണ് ഈ വാക്ക് വ്യാപിച്ചതെ ന്നാണ്. അതൊരു വലിയ കഥയാണ്.

എന്നാൽ ഇബ്‌നുൽ ജൗസി തന്റെ സുപ്രധാന ഗ്രന്ഥമായ ‘തൽബീസു ഇബ്‌ലീസ്’ (ഇബ്‌ലീസിന്റെ വഞ്ചന) എന്ന പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്: “സ്വൂഫിസത്തിന്റെ തുടക്കം സുഹ്ദിൽനിന്നും ആരാധനയിൽ നിന്നുമായിരുന്നു, പിന്നീട് ഇബ്‌ലീസ് അതിൽ പ്രവേശിച്ച് വഴിതെറ്റിച്ചു. ഓരോ നൂറ്റാണ്ട് കഴിയുമ്പോഴും സ്വൂഫികൾക്കിടയിലെ വ്യതിയാനം കൂടിക്കൂടി വരികയാണുണ്ടായത്. അങ്ങനെ സ്വൂഫികൾക്കിടയിൽ വിചിത്രമായ ആശയങ്ങൾ പ്രത്യക്ഷപ്പെട്ടു, അത് സ്വൂഫിസത്തെ മതത്തിനുള്ളിലെ ഒരു ഗ്രൂപ്പ് എന്നതിൽനിന്ന് മതത്തിന് സമാന്തരമായ മറ്റൊരു മതമാക്കി മാറ്റാൻ പര്യാപ്തമായിരുന്നു.’’

ഇബ്‌നുൽ ജൗസി(റഹി) പറയുന്നു: “തസവ്വുഫ് പല ഘട്ടങ്ങളിലൂടെ കടന്നുപോയി. അതൊരു ലളിതമായ സുഹ്ദായി ആരംഭിച്ചു, പിന്നീട് കാലക്രമേണ ഈ സുഹ്ദ് വികസിക്കുകയും വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നും സംസ്‌കാരങ്ങളിൽനിന്നും വന്ന ആളുകളുടെ കൈകളിൽ പുതിയ രൂപം കൈക്കൊള്ളുകയും ചെയ്തു. അവരിൽ ചിലർ ഗ്രീക്ക് തത്ത്വചിന്തയാൽ സ്വാധീനിക്കപ്പെട്ടു, പലരും ഹിന്ദുമതത്താലും മജൂസി(പാർസി) മതത്താലും സ്വാധീനിക്കപ്പെട്ടു. ചിലർ ക്രിസ്തുമതത്തിൽനിന്ന് ‘സന്യാസം’ (റഹ്ബാനിയ്യത്ത്) പോലുള്ള ആശയങ്ങൾ കൊണ്ടുവന്നു. ഓരോരുത്തരും തങ്ങൾ അനു ഭവിക്കുന്ന ആത്മീയ അവസ്ഥയ്ക്ക് അനുയോജ്യമായ ആശയങ്ങൾ വ്യത്യസ്ത വിശ്വാസങ്ങളിൽനിന്നും സംസ്‌കാരങ്ങളിൽനിന്നും എടുക്കാൻ തുടങ്ങി.’’

പ്രശ്‌നം സ്വൂഫികൾ കടമെടുത്ത സ്രോതസ്സുകളുടെ വൈവിധ്യം മാത്രമല്ലായിരുന്നു. ഓരോ സ്വൂഫിയും വ്യത്യസ്ത ആശയങ്ങൾ കൊണ്ടുവന്നു എന്നതുമാത്രമല്ല, മറിച്ച് തത്ത്വങ്ങളുടെ പരസ്പര വൈരുധ്യമായിരുന്നു. ഒരു സ്വൂഫി ശൈഖ് പറയും: ‘തസവ്വുഫ് എന്നാൽ ജസദിന്റെ (ശരീരത്തിന്റെ) എല്ലാ ഭാഗ്യങ്ങളും ഉപേക്ഷിക്കലാണ്.’ അതേസമയം മറ്റൊരു ശൈഖ് പറയും: ‘തന്റെ ഹൃദയത്തിൽനിന്ന് യാതൊന്നും മറക്കപ്പെടാത്തവനാണ് സ്വൂഫി.’ അപ്പോൾ ഇതിൽ ആരാണ് യഥാർഥ സ്വൂഫി? ഈ കാര്യങ്ങൾ കൂടുതൽ ആഴത്തിലുള്ള ചോദ്യങ്ങൾ ഉയർത്താൻ തുടങ്ങി: എന്താണ് ഈ തസവ്വുഫ്? ഒരു രഹസ്യ ആരാധനയോ, തത്ത്വചിന്താപരമായ ചിന്തയോ, ഒരു മാനസികാവസ്ഥയോ, അതോ ഒരു പാതയോ (ത്വരീക്വത്ത്)? യഥാർഥത്തിൽ സ്വൂഫികൾ ഇതിൽ ഒന്നിനും യോജിക്കുന്നില്ല. ഇതിൽ ഏതാണോ നിങ്ങൾക്ക് തോന്നുന്നത്, അതുതന്നെ എന്ന് പറഞ്ഞ് തൃപ്തിപ്പെടാം!

(തുടരും)