ആധുനിക സൂഫിസം: പുതിയ വേഷത്തിലെ പഴയ ആശയം
സൈനബ് ബിൻത് ഫർഹാൻ
2026 ഒക്ടോബർ 17, 1448 ജമാദുൽ അവ്വൽ 06

ഒരു കാലത്ത് സൂഫിസത്തെ പരിചയപ്പെടാൻ ഒരു ഖാൻഖാഹിലേക്ക് പോകണമായിരുന്നു. ഒരു ശൈഖിന്റെ സന്നിധിയിൽ ഇരിക്കണം. ഒരു ത്വരീക്വത്തിൽ ചേരണം. ഒരു വിർദ് സ്വീകരിക്കണം. ഏതെങ്കിലും വലിയുടെ മക്വാമിൽ സിയാറത്ത് നടത്തണം.
എന്നാൽ കാലം മാറി; സാമൂഹിക മാധ്യമങ്ങളിലൂടെ ‘ആത്മീയത’ നമ്മുടെ വിരൽത്തുമ്പിലെത്തിയിരിക്കുന്നു! റൂമിയുടെ പേരിലുള്ള ചില വരികൾ, അല്ലാഹുവിന്റെ സ്നേഹത്തെക്കുറിച്ചുള്ള ചെറു വീഡിയോകൾ, സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ‘ആത്മീയ സന്ദേശങ്ങൾ,’ ‘മതത്തിന്റെ കാഠിന്യത്തെക്കാൾ സ്നേഹമാണ് പ്രധാനം,’ ‘നിയമങ്ങളെക്കാൾ ഹൃദയമാണ് പ്രധാനം,’ ‘എല്ലാ മതങ്ങളും ഒരേ സത്യത്തിലേക്കുള്ള വഴികളാണ്’ തുടങ്ങിയ ആശയങ്ങൾ... പരമ്പരാഗതമായ ഒരു ത്വരീക്വത്തിലും ചേരാതെ തന്നെ ഒരാൾക്ക് ഇന്ന് സൂഫി ആത്മീയതയുടെ ഒരു പുതിയ രൂപം പരിചയപ്പെടാം.
ഇതാണ് സമകാലിക സൂഫിസത്തിന്റെ ശ്രദ്ധേയമായ ഒരു പ്രത്യേകത. ഖാൻഖാഹിൽനിന്ന് സാമൂഹിക മാധ്യമങ്ങളിലേക്ക്, ശൈഖിന്റെ സദസ്സിൽനിന്ന് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലേക്ക്, പരമ്പരാഗത ത്വരീക്വത്തിൽനിന്ന് വ്യക്തികേന്ദ്രിതമായ ആത്മീയതയിലേക്ക്...അങ്ങനെ സൂഫി ആശയങ്ങൾ പുതിയ രൂപങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സമകാലിക സൂഫിസത്തെക്കുറിച്ചുള്ള ആശയങ്ങൾ ഇന്റർനെറ്റ്, സാമൂഹിക മാധ്യമങ്ങൾ, സംഗീതം, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയിലൂടെ പുതിയ തലമുറകളിലേക്ക് എത്തുന്നു.
പഴയ സൂഫി പാരമ്പര്യത്തിൽ ആത്മീയ പരിശീലനത്തിന്റെ പ്രധാന കേന്ദ്രം ശൈഖും മുരീദുമുള്ള ബന്ധമായിരുന്നു. ശൈഖിന്റെ സാന്നിധ്യത്തിൽ ദീർഘകാലം കഴിയുക, അദ്ദേഹത്തിൽനിന്ന് ദിക്റുകളും വിർദുകളും ആത്മീയ പരിശീലനങ്ങളും സ്വീകരിക്കുക, ഒരു സിൽസിലയിൽ ചേരുക തുടങ്ങിയവ അതിന്റെ ഭാഗമായിരുന്നു.
ഇന്ന് അതേ ആശയലോകത്തിന് പുതിയ മാധ്യമങ്ങൾ ലഭിച്ചിരിക്കുന്നു. ഒരു ശൈഖിന്റെ അടുത്ത് വർഷങ്ങളോളം ഇരിക്കാതെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാം. ഒരു ഖാൻഖാഹിൽ പോകാതെ ഓൺലൈൻ ആത്മീയ സദസ്സുകളിൽ പങ്കെടുക്കാം. ഒരു ത്വരീക്വത്തിന്റെ ഔപചാരിക അംഗമാകാതെ അതിന്റെ ആശയങ്ങൾ സ്വീകരിക്കാം.
ഇതോടെ സൂഫിസത്തിന്റെ ഒരു പുതിയ രൂപം രൂപപ്പെടുന്നു. ശൈഖുമായുള്ള നേരിട്ടുള്ള ബന്ധമില്ലാത്ത മുരീദ്. ത്വരീക്വത്തിൽ ഔപചാരികമായി ചേരാത്ത അനുയായി. ഖാൻഖാഹിൽ പോകാത്ത ആത്മീ യാന്വേഷകൻ; എന്നാൽ സൂഫി പദാവലിയും സൂഫി സാഹിത്യവും ആത്മീയ ആശയങ്ങളും സ്വീകരിക്കുന്ന വ്യക്തി. ഇതാണ് ഇന്നത്തെ അവസ്ഥ. ഇതിൽ യുവാക്കളാണ് കൂടുതലും ആകർഷിക്കപ്പെടുന്നത്.
റൂമിയുടെ കവിതകൾ
സമകാലിക സൂഫി ജനപ്രീതിയുടെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് ജലാലുദ്ദീൻ റൂമി. അദ്ദേഹത്തിന്റെ കവിതകൾ പേർഷ്യൻ സൂഫി സാഹിത്യത്തിന്റെ ചരിത്രത്തിൽ വലിയ സ്ഥാനമുള്ളവയാണ്. റൂമിയുടെ പേരിലുള്ള ഏതാനും വരികൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. സ്നേഹം, ആത്മാവ്, സമാധാനം, പ്രകാശം, മനുഷ്യബന്ധം തുടങ്ങിയ വിഷയങ്ങളാണ് അവയിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്.
അങ്ങനെ ഒരു വലിയ മാറ്റം സംഭവിക്കുന്നു. ഒരു സൂഫി ചിന്തകനെ സർവമതാത്മീയതയുടെ കവിയായി അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തയിലെ പ്രത്യേക ഇസ്ലാമിക ഘടകങ്ങൾ മാറ്റി നിർത്തി എല്ലാവർക്കും സ്വീകാര്യമായ ചില വാക്കുകൾ മാത്രം എടുത്ത് ഒരു പുതിയ ആത്മീയ ദർശനം നിർമിക്കുന്നു.

പാശ്ചാത്യ ലോകത്ത് സൂഫിസത്തിന്റെ ആധുനിക അവതരണങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ഈ മാറ്റം കൂടുതൽ വ്യക്തമായി കാണിച്ചുതരുന്നു. സർവമതസമന്വയം, നിത്യസത്യം എന്ന ആശയം, മതങ്ങളുടെ ആന്തരിക ഏകത, ബാഹ്യ മതനിയമങ്ങളിൽനിന്ന് വേർപെട്ട ആത്മീയത തുടങ്ങിയ പ്രവണതകൾ ആധുനിക സൂഫി വ്യാഖ്യാനങ്ങളിൽ ചിലയിടങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. റൂമിയുടെ പേരിൽ രൂപപ്പെടുന്ന പുതിയ ആത്മീയദർശനത്തിന് യഥാർഥ ഇസ്ലാമിനോട് യാതൊരു ബന്ധവുമില്ല എന്നു നമ്മൾ മനസ്സിലാക്കണം.
ക്വുർആൻ പരിചയപ്പെടുത്തുന്ന സ്നേഹസ്വരൂപനായ പ്രപഞ്ച നാഥനായ അല്ലാഹുവിനെ അറിയാൻ റൂമിയുടെ ‘മസ്നവി’ വായിക്കണം എന്നും റൂമിയാണ് മഹാഗുരു എന്നുമുള്ള വാദം അനിസ്ലാമികമാണ്. കാരണം, റൂമി പറയുന്നത് നാം തിരയുന്ന അല്ലാഹു നമ്മളിൽ തന്നെയാണ് ഉള്ളത് എന്നാണ്. അതായത് ‘നീ തന്നെ ഞാൻ,’ ‘ഞാനും നീയും ഒന്ന്’ എന്നുമുള്ള വാദം ഇസ്ലാം വിരുദ്ധമാകുന്നു.
റൂമി പറയുന്നു: “ഞാൻ അല്ലാഹുവിനെ അന്വേഷിച്ചു; അപ്പോൾ എന്നെയല്ലാതെ മറ്റൊന്നും കണ്ടെത്തിയില്ല. ഞാൻ എന്നെത്തന്നെ അന്വേഷിച്ചു; അപ്പോൾ അല്ലാഹുവിനെയല്ലാതെ മറ്റൊന്നും കണ്ടെത്തിയില്ല.’’
“നിന്റെയുള്ളിൽ എന്നെ കണ്ടെത്താൻ നിനക്കു കഴിയുന്നില്ലെങ്കിൽ, ഒരിക്കലും നീ എന്നെ കണ്ടെത്തു കയില്ല.’’
സ്രഷ്ടാവും സൃഷ്ടിയും ഒന്നുതന്നെ എന്ന വാദം (അദ്വൈതവാദം) ഇസ്ലാമിന് കടകവിരുദ്ധമാകുന്നു. എത്രയൊക്കെ തേൻപുരട്ടി അവതരിപ്പിച്ചാലും അത് അംഗീകരിക്കാൻ പ്രാമാണികമായി ഇസ്ലാമിനെ മനസ്സിലാക്കിയ ഒരാൾക്കും കഴിയില്ല.
‘മതം വേണ്ട, ആത്മീയത മതി!’
ആധുനിക ലോകത്ത് പ്രചാരം നേടിയ ഒരു ആശയമാണിത്. ‘ഞാൻ മതവിശ്വാസിയല്ല, ആത്മീയാന്വേഷകനാണ്’ എന്ന രീതിയിലുള്ള സ്വയം തിരിച്ചറിവാണത്രെ ഇത്. മതത്തിന്റെ നിയമങ്ങൾ വേണ്ട; എന്നാൽ ദൈവവിശ്വാസം വേണം. ആരാധനയുടെ ബാധ്യതകൾ വേണ്ട; എന്നാൽ ആത്മീയ സമാധാനം വേണം. ശരീഅത്തിന്റെ വിശദാംശങ്ങൾ വേണ്ട; എന്നാൽ അല്ലാഹുവിനോടുള്ള സ്നേഹം വേണം, ഇതാണ് ഇവരുടെ ആശയം.
ഇവിടെ, ഇസ്ലാമിന്റെ അടിസ്ഥാനസ്വഭാവം നാം മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമിൽ ആത്മീയതയും ശരീഅത്തും പരസ്പരം വിരുദ്ധങ്ങളല്ല. നമസ്കാരം ശരീരത്തിന്റെ ഒരു ചലനം മാത്രമല്ല; ഹൃദയസാന്നിധ്യത്തോടെയുള്ള ആരാധന(ഇബാദത്ത്) കൂടിയാണത്. നോമ്പ് ഭക്ഷണപാനീയങ്ങളിൽനിന്നുള്ള വിട്ടുനിൽക്കൽ മാത്രമല്ല; തക്വ്വ (ഭയഭക്തി) വളർത്താനുള്ള ആരാധനകൂടിയാണത്. ദിക്ർ നാവിന്റെ ആവർത്തനചലനം മാത്രമല്ല; ഹൃദയത്തെ അല്ലാഹുവുമായി ബന്ധിപ്പിക്കുന്ന ആരാധനയാണ്. ഇസ്ലാമിൽ ആത്മീയത എന്നത് ശരീഅത്തിൽനിന്ന് മോചിതമാകാനുള്ള വഴിയല്ല; ശരീഅത്തിന്റെ ഉള്ളിൽ നിലകൊണ്ട് ഹൃദയത്തെ ശുദ്ധീകരിക്കുന്ന വഴിയാണ്.
‘സ്നേഹമാണ് പ്രധാനം, നിയമങ്ങളല്ല!’
ആധുനിക സൂഫി അവതരണങ്ങളിൽ ചിലപ്പോൾ കേൾക്കുന്ന മറ്റൊരു വാദമാണിത്. അല്ലാഹുവിനോടുള്ള സ്നേഹമാണ് പ്രധാനമെന്നും നിയമങ്ങളും വിധികളും അതിനെക്കാൾ താഴ്ന്നതാണെന്നുമുള്ള സമീപനം. എന്നാൽ ക്വുർആൻ സ്നേഹത്തെയും അനുസരണത്തെയും വേർതിരിക്കുന്നില്ല.
അല്ലാഹു പറയുന്നു: “പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക; അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുക്കുകയും ചെയ്യും’’ (ക്വുർആൻ 3:31).
അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ തെളിവാണ് നബിﷺയെ പിന്തുടരൽ എന്നും എങ്കിലേ അല്ലാഹു നമ്മെ ഇഷ്ടപ്പെടുകയും പാപങ്ങൾ പൊറുത്തുതരികയും ചെയ്യൂ എന്നും വിശുദ്ധ ക്വുർആനിലൂടെ അല്ലാഹു അറിയിക്കുമ്പോൾ പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ട നിയമങ്ങളും വിധികളും വേണ്ടതില്ല എന്നു പറയുന്നവർക്ക് ഇസ്ലാമിൽ എന്തു സ്ഥാനമാണുള്ളത്? ‘അല്ലാഹുവിനെ സ്നേഹിക്കുന്നു’ എന്നു പറഞ്ഞാൽ പോരാ, ആ സ്നേഹം അനുസരണമായി പ്രകടമാകണം.
അല്ലാഹുവിനെ സ്നേഹിക്കുന്ന ഒരാൾക്ക് അവന്റെ കൽപനകളെ അവഗണിക്കാനാവില്ല. നബിﷺ യെ സ്നേഹിക്കുന്ന ഒരാൾക്ക് അദ്ദേഹത്തിന്റെ സുന്നത്തിനെ മറികടന്ന് സ്വന്തമായി ആത്മീയപാത അന്വേഷിക്കാനുമാവില്ല.
‘എല്ലാ മതങ്ങളും ഒരേ സത്യത്തിലേക്ക്!’

സമകാലിക സർവമത ആത്മീയതയിലെ മറ്റൊരു പ്രധാന ആശയമാണ് എല്ലാ മതങ്ങളും ഒരേ പരമസത്യത്തിലേക്കുള്ള വ്യത്യസ്ത വഴികളാണെന്ന വാദം. കേൾക്കാൻ അതു വളരെ ആകർഷകമാണ്. മനുഷ്യർക്കിടയിലെ സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ആശയമായി പലർക്കും അത് തോന്നാം.
ഇസ്ലാം മറ്റുമതസ്ഥരോട് നീതിയും നന്മയും പുലർത്താൻ പഠിപ്പിക്കുന്നു. അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അനീതിയിൽനിന്ന് വിട്ടുനിൽക്കാനും പഠിപ്പിക്കുന്നു. എന്നാൽ എല്ലാ മതവിശ്വാസങ്ങളും ഒരുപോലെ സത്യമാണ് എന്ന് പഠിപ്പിക്കുന്നില്ല. സംശയത്തിനിടയില്ലാത്തവിധം അല്ലാഹു പറയുന്നു:
“തീർച്ചയായും അല്ലാഹുവിങ്കൽ മതം എന്നാൽ ഇസ്ലാമാകുന്നു’’ (ക്വുർആൻ 3:19).
“ഇസ്ലാമല്ലാത്ത മറ്റൊരു മതം ആരെങ്കിലും തേടുന്നുവെങ്കിൽ അത് അവനിൽനിന്ന് സ്വീകരിക്കപ്പെടുകയില്ല’’ (ക്വുർആൻ 3:85).
ഒരു മുസ്ലിം ഇതര മതസ്ഥരോട് മാന്യമായി പെരുമാറണം, അവരോട് നീതിയോടെ വർത്തിക്കണം, മാനുഷികമായ സഹായങ്ങൾ ചെയ്തുകൊടുക്കണം. എന്നാൽ അതിനായി സ്വന്തം വിശ്വാസങ്ങളിൽ വെള്ളം ചേർക്കേണ്ടതില്ല. ഒരു നല്ല മുസ്ലിമായി നിലകൊണ്ടുതന്നെ ഇതൊക്കെ ചെയ്യാനാകണം.
‘മിതവാദിയായ മുസ്ലിം’ എന്ന ചിത്രം
ഇവിടെയാണ് സമകാലിക സൂഫിസത്തെക്കുറിച്ചുള്ള മറ്റൊരു ചർച്ച പ്രസക്തമാകുന്നത്. ആധുനിക രാഷ്ട്രീയ-സാമൂഹിക വ്യവഹാരങ്ങളിൽ സൂഫിസം സമാധാനം, സഹിഷ്ണുത, മിതവാദം, സാംസ്കാരിക സൗന്ദര്യം എന്നിവയുടെ പ്രതീകമായി അവതരിപ്പിക്കപ്പെടുന്നു. അതിനു വിപരീതമായി, സലഫിസത്തെ കാഠിന്യത്തിന്റെയും അസഹിഷ്ണുതയുടെയും പ്രതീകമായി ചിത്രീകരിക്കുന്ന സമീപനങ്ങളും കാണാം. ഇത് സ്വാഭാവികമായ ഒരു നിഗമനമാണോ? അല്ലെങ്കിൽ ആധുനിക കാലത്ത് രൂപപ്പെട്ട ഒരു പ്രത്യേക ആശയനിർമിതിയാണോ?
സമകാലിക സൂഫിസത്തെക്കുറിച്ചുള്ള പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് 9/11ന് ശേഷമുള്ള കാലഘട്ടത്തിൽ ചില മുസ്ലിം രാജ്യങ്ങളും പാശ്ചാത്യ രാഷ്ട്രീയ വൃത്തങ്ങളും സൂഫിസത്തെ അക്രമാത്മക തീവ്രവാദത്തിനെതിരായ ഒരു സമാധാനപരമായ ശക്തിയായി അവതരിപ്പിച്ചിട്ടുണ്ടെന്നാണ്. സൂഫിസം സമാധാനപരമല്ലെന്നല്ല; മറിച്ച് ‘സൂഫിസം എന്നാൽ മിതവാദം’ എന്ന ലളിതമായ സമവാക്യം ചരിത്രപരമായ പഠനത്തിന് പകരമാകില്ല എന്നാണ് പറയുന്നത്.
കാരണം, ചരിത്രത്തിലെ സൂഫിസം ഏകമുഖമായിരുന്നില്ല. തസവ്വുഫിന്റെ പേരിൽ ‘സുഹ്ദ്’ (ഭൗതികവിരക്തി) ഉണ്ടായിട്ടുണ്ട്. ആത്മീയ മിസ്റ്റിസിസമുണ്ടായിരുന്നു. ത്വരീക്വത്തുകളുണ്ടായിരുന്നു. ക്വബ്ർകേന്ദ്രിത ആചാരങ്ങളുണ്ടായിരുന്നു. ദാർശനിക സിദ്ധാന്തങ്ങളുണ്ടായിരുന്നു. വിവിധ കാലഘട്ട ങ്ങളിൽ വ്യത്യസ്ത സാമൂഹിക-രാഷ്ട്രീയ നിലപാടുകളും ഉണ്ടായിരുന്നു.
യുവാക്കൾ എന്തുകൊണ്ട് ആകർഷിക്കപ്പെടുന്നു?
ഇന്നത്തെ യുവത വലിയൊരു ആത്മീയ ശൂന്യതയിലൂടെയാണ് കടന്നുപോകുന്നത് എന്ന് പൊതുവായി പറയുന്നത് ലളിതവൽക്കരണമായിരിക്കും. എന്നാൽ ജീവിതത്തിന്റെ അർഥം, വ്യക്തിത്വം, ഏകാന്തത, ബന്ധങ്ങൾ, ഭാവി, വിജയത്തിന്റെ സമ്മർദം, മരണത്തെക്കുറിച്ചുള്ള ചിന്ത തുടങ്ങിയ ചോദ്യങ്ങൾ യുവാക്കളുടെ മനസ്സിൽ ഉണ്ടെന്നത് യാഥാർഥ്യമാണ്.

അവന് അല്ലാഹുവിനെ അറിയണം. അവന് ഹൃദയശാന്തി വേണം. അവന് ജീവിതത്തിന് അർഥം വേണം. അവന് പാപങ്ങളിൽനിന്ന് മോചനം വേണം. അവന് സ്നേഹവും പ്രതീക്ഷയും വേണം. ഈ ആവശ്യങ്ങൾക്ക് ഉത്തരം നൽകുന്ന കാര്യങ്ങൾക്കാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും എളുപ്പത്തിൽ ശ്രദ്ധ നേടുന്നത്.
മനോഹരമായ വാക്കുകൾ, കവിത, സംഗീതം, ആത്മീയ അനുഭവങ്ങളുടെ കഥകൾ, കരുണയെക്കുറിച്ചുള്ള സന്ദേശങ്ങൾ, അല്ലാഹുവിന്റെ സ്നേഹത്തെക്കുറിച്ചുള്ള വാക്കുകൾ... ഇവയെല്ലാം സ്വാഭാവികമായും മനസ്സിനെ ആകർഷിക്കും. പക്ഷേ, ഇവിടെ ഒരു അപകടമുണ്ട്. വികാരം എളുപ്പത്തിൽ ലഭിക്കുന്നിടത്ത് വിജ്ഞാനം പലപ്പോഴും പിന്നിലാകുന്നു.
ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഹൃദയത്തെ സ്പർശിച്ചേക്കാം; എന്നാൽ അത് അക്വീദ (വിശ്വാസം) പഠിപ്പിക്കണമെന്നില്ല. ഒരു മനോഹരമായ കവിത കണ്ണുനിറച്ചേക്കാം; എന്നാൽ അത് സുന്നത്ത് പഠിപ്പിക്കണമെന്നില്ല. ഒരു ആത്മീയ പ്രഭാഷണം മനസ്സമാധാനം നൽകിയേക്കാം; എന്നാൽ അതിലെ എല്ലാ ആശയങ്ങളും ക്വുർആനിനും സുന്നത്തിനും അനുസരിച്ചായിരിക്കണമെന്നില്ല. അതുകൊണ്ടാണ് യുവാക്കൾക്ക് വികാരത്തോടൊപ്പം വിജ്ഞാനവും നൽകണമെന്നു പറയുന്നത്.
ആത്മീയതയെ സലഫി മൻഹജ് നിരസിക്കുന്നില്ല
സലഫി മൻഹജിനെക്കുറിച്ചുള്ള വലിയൊരു തെറ്റിദ്ധാരണ തിരുത്തേണ്ടതുണ്ട്. സലഫി മൻഹജ് ആത്മീയതക്കെതിരല്ല. ഹൃദയശുദ്ധിക്കെതിരല്ല. അല്ലാഹുവിന്റെ സ്നേഹത്തിനെതിരല്ല. ഇഹ്സാനെതിരല്ല. തൗബയ്ക്കെതിരല്ല. ദിക്റിനെതിരല്ല. ഇവയെല്ലാം ഇസ്ലാമിന്റെ സുപ്രധാന ഘടകങ്ങളാണെന്ന് അത് ഉറപ്പിക്കുന്നു.
ഹൃദയശുദ്ധിക്ക് ക്വുർആൻ വേണം. ദിക്റിന് സുന്നത്ത് വേണം. സ്നേഹത്തിന് അനുസരണം വേണം. തൗബയ്ക്ക് ഇഖ്ലാസ് വേണം. ആത്മീയാനുഭവത്തിന് തെളിവു വേണം. ഇഹ്സാന് നബിﷺയുടെ മാതൃക വേണം. ഇതാണ് സലഫി സമീപനം.
‘ഇഹ്സാൻ’ എന്തെന്നറിയുക
ഒരു ഹദീസിൽ നബിﷺ ഇഹ്സാനെ നിർവചിച്ചത് ഇങ്ങനെ കാണാം: “നീ അല്ലാഹുവിനെ കാണുന്നുവെന്നപോലെ അവനെ ആരാധിക്കുക; നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നു.’’
ഇതാണ് ഇസ്ലാമിക ആത്മീയതയുടെ അടിത്തറ. തനിച്ചായിരിക്കുമ്പോഴും അല്ലാഹുവിനെ ഓർക്കുക. എന്റെ ആരാധനകളുടെ രൂപവും ഭാവവും നിയ്യത്തും അവൻ കാണുകയും അറിയുകയും ചെയ്യുന്നുണ്ടെന്ന ബോധം നിലനിർത്തുക. പാപം ചെയ്യാനുള്ള അവസരം ലഭിക്കുമ്പോൾ അവൻ കാണുന്നുണ്ടെന്ന് ഓർത്ത് പിന്മാറുക. നമസ്കാരത്തിൽ ഹൃദയം അല്ലാഹുവിനോട് ബന്ധിപ്പിക്കുക. ക്വുർആൻ വായിക്കുമ്പോൾ അത് തന്റെ രക്ഷിതാവിന്റെ വചനമാണെന്ന് മനസ്സിലാക്കുക. രാത്രിയിൽ എല്ലാവരും ഉറങ്ങുമ്പോൾ എഴുന്നേറ്റ് നമസ്കരിക്കുക, അല്ലാഹുവിനോട് പശ്ചാത്താപവിവശനായി പ്രാർഥിക്കുക.
ഇതിന് ഒരു പ്രത്യേക മിസ്റ്റിക്കൽ അനുഭവം ആവശ്യമില്ല. ഒരു ശൈഖിന്റെ കശ്ഫ് ആവശ്യമില്ല. ഒരു ത്വരീക്വത്തിൽ അംഗത്വം ആവശ്യമില്ല. അല്ലാഹുവിനോടുള്ള സത്യസന്ധമായ ബന്ധം മതി.
പുതുതലമുറക്കായി എന്താണു നൽകാനുള്ളത്?
ലിബറൽ ചിന്തകളിലേക്കും സൂഫി ആശയങ്ങളിലേക്കും നീങ്ങുന്ന പുതുതലമുറക്ക് എന്തു നൽകാനുണ്ട് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
അവരെ ക്വുർആനിലേക്കും നബിﷺയുടെ ചര്യയിലേക്കും ക്ഷണിക്കണം. അവരെ അല്ലാഹുവിന്റെ നാമങ്ങളും ഗുണങ്ങളും പഠിപ്പിക്കണം. നിത്യജീവിതത്തിലെ പ്രാർഥനകളും ദിക്റുകളും ശീലിപ്പിക്കണം. തഹജ്ജുദിന്റെ രുചി പരിചയപ്പെടുത്തണം. തൗബയുടെ മാധുര്യം മനസ്സിലാക്കിക്കൊടുക്കണം. അല്ലാഹുവിന്റെ കാരുണ്യത്തിൽ പ്രതീക്ഷ നൽകണം. ഹൃദയത്തിൽ മരണചിന്തയും പരലോകബോധവും വളർത്തണം. നല്ല കൂട്ടുകാരോടൊത്തേ കൂടാവൂ എന്നു ബോധ്യപ്പെടുത്തണം. അറിവിന്റെ വാതിൽ തുറന്നുകൊടുക്കണം. ‘ഇഹ്സാൻ’ എന്തെന്നു പഠിപ്പിക്കണം. അപ്പോൾ മാത്രമെ ‘ആത്മീയത വേണം, മതം വേണ്ട’ എന്ന വഴിപിഴച്ച ആധുനിക ചിന്തയോട് അകലം പാലിക്കാൻ അവർക്ക് കഴിയൂ. ചൊട്ടയിലേ ഇതൊന്നും അൽപം പോലും ലഭിക്കാത്തവരെ മാറ്റിയെടുക്കുക എന്നത് അത്ര എളുപ്പമല്ല.
ഒളിച്ചോട്ടമല്ല ‘സുഹ്ദ്’
ആദ്യകാല മുസ്ലിംകളിലെ സുഹ്ദ് ഇവർ ജൽപിക്കുന്നതല്ല. ദുൻയാവിനോടുള്ള അമിതാസക്തിയിൽനിന്ന് വിട്ടുനിൽക്കുക, ആഖിറത്തെ ഓർക്കുക, കൂടുതൽ ഇബാദത്ത് ചെയ്യുക, തൗബ ചെയ്യുക തുടങ്ങിയ ഭക്തിപരമായ കാര്യങ്ങളായിരുന്നു അവരുടെ സുഹ്ദ്.
പിന്നീട് ചരിത്രത്തിൽ രൂപപ്പെട്ട സ്ഥാപനവൽക്കരിക്കപ്പെട്ട തസവ്വുഫ് മറ്റൊന്നാണ്. ത്വരീക്വത്തുകൾ, സിൽസിലകൾ, പ്രത്യേക വിർദുകൾ, ശൈഖ്-മുരീദ് ഘടനകൾ, ക്വബ്ർകേന്ദ്രിത ആചാരങ്ങൾ, കശ്ഫ്- ഇൽഹാം സംബന്ധിച്ച ആശയങ്ങൾ, വിവിധ ദാർശനിക സിദ്ധാന്തങ്ങൾ എന്നിവ അതിന്റെ വ്യത്യസ്ത രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
ഇതാണ് ഇസ്ലാം

ഇന്ന് സൂഫിസം പുതിയ വേഷം ധരിച്ചിരിക്കാം, ഖാൻഖാഹിന്റെ സ്ഥാനത്ത് സാമൂഹിക മാധ്യമങ്ങൾ വന്നിരിക്കാം, ശൈഖിന്റെ സ്ഥാനത്ത് പ്രശസ്ത പ്രഭാഷകർ വന്നിരിക്കാം, കവിതയും സംഗീതവും പുതിയ രൂപങ്ങളിൽ എത്തിയിരിക്കാം, എന്നാൽ അടിസ്ഥാന ചോദ്യം മാറുന്നില്ല: ‘അല്ലാഹുവിലേക്ക് അടുക്കാനുള്ള ശരിയായ വഴി ഏതാണ്?’ ഇസ്ലാമിന്റെ മറുപടി വ്യക്തമാണ്: ‘ക്വുർആൻ, സുന്നത്ത്, തൗഹീദ്, ഇഹ്സാൻ, സലഫുകൾ ഇവയെല്ലാം മനസ്സിലാക്കിയ രീതിശാസ്ത്രം.’
നമുക്ക് നബിﷺ പഠിപ്പിച്ച ആത്മീയതയാണു വേണ്ടത്, ക്വുർആനും സുന്നത്തും പഠിപ്പിച്ച തസ്കിയ്യത്താണു വേണ്ടത്. അല്ലാഹുവിനോടുള്ള സ്നേഹം പ്രകടമാക്കേണ്ടത് അവന്റെ റസൂലിനെ അനുസരിക്കു ന്നതിലൂടെയാണ്. നിരർഥകമായ ദിക്റുകളല്ല, റസൂൽ ﷺ പഠിപ്പിച്ച ദിക്റുകളാണു വേണ്ടത്.
നബിﷺ പറഞ്ഞു: “എന്റെ ഉമ്മത്ത് മുഴുവൻ സ്വർഗത്തിൽ പ്രവേശിക്കുന്നവരാണ്; വിസമ്മതിച്ചവരൊഴികെ. സ്വഹാബികൾ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, ആരാണ് വിസമ്മതിക്കുന്നത്?’’ നബിﷺ പറഞ്ഞു: “ആർ എന്നെ അനുസരിച്ചുവോ അവർ സ്വർഗത്തിൽ പ്രവേശിക്കും. ആർ എന്നോട് അനുസരണക്കേട് കാണിക്കുന്നുവോ അവരാണ് വിസമ്മതിച്ചത്.’’
“(അല്ലാഹുവിന്റെ) ദൂതനെ ആർ അനുസരിക്കുന്നുവോ തീർച്ചയായും അവൻ അല്ലാഹുവെ അനുസരിച്ചു’’ (ക്വുർആൻ 4:80).
ഇബ്നു അബ്ബാസി(റ)ൽനിന്നും നിവേദനം: നബി ﷺ ഹജ്ജത്തുൽ വദാഇൽ ജനങ്ങളോട് ഖുത്വുബ നിർവഹിച്ചുകൊണ്ടിരിക്കെ പറഞ്ഞു: “അല്ലയോ ജനങ്ങളേ, ഞാൻ നിങ്ങളിൽ ഒരു കാര്യം ഉപേക്ഷിച്ചു പോവുകയാണ്. അത് നിങ്ങൾ മുറുകെ പിടിക്കുന്നിടത്തോളം നിങ്ങളൊരിക്കലും വഴിപിഴക്കുകയേയില്ല. അല്ലാഹുവിന്റെ കിതാബും എന്റെ സുന്നത്തുമാണത്’’ (ഹാകിം).
“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽനിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും’’ (ക്വുർആൻ 4:59)
“തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തുവരുന്നവർക്ക്’’ (ക്വുർആൻ 33:21).
ജീവിതത്തിന്റെ മുഴുവൻ മേഖലകളിലും പ്രവാചകന്റെ സുന്നത്ത് നമുക്ക് കാണാനാവും. നാം വളരെ നിസ്സാരമായി കരുതുകയും അവഗണിക്കുകയും ചെയ്യുന്നതുമായ മേഖലയിൽ പോലും പ്രവാചകന്റെ സുന്നത്ത് തെളിച്ചം നൽകുന്നതായി കാണാവുന്നതാണ്. സൽമാൻ(റ)വിനോട് ഒരു ജൂതനായ വ്യക്തിചോദിച്ചു: ‘നിങ്ങളുടെ ദൂതൻ നിങ്ങൾക്ക് എല്ലാ കാര്യങ്ങളും പഠിപ്പിച്ച് തന്നിട്ടുണ്ടോ, വിസർജന മര്യാദകൾവരെ?’ അപ്പോൾ അദ്ദേഹം പറഞ്ഞു: ‘അതെ, ക്വിബ്ലക്ക് അഭിമുഖമായി വിസർജനം ചെയ്യുന്നതിനെയും മൂന്ന് കല്ലിനെക്കാൾ കുറഞ്ഞ എണ്ണം കൊണ്ട് ശൗച്യം ചെയ്യുന്നതിനെയും കാഷ്ഠം, എല്ല് എന്നിവകൊണ്ട് ശൗച്യം ചെയ്യുന്നതിനെയും വിലക്കിയിട്ടുണ്ട്’(മുസ്ലിം).
ഇതാണ് ഇസ്ലാം. നബിﷺക്കും സ്വഹാബത്തിനും പരിചയമില്ലാത്ത ഒരു ആത്മീയ മാർഗം ആരെങ്കിലും ആവിഷ്കരിച്ചാൽ അത് ഇസ്ലാമുമായി ബന്ധമുള്ളതാകുന്നതെങ്ങനെ? ഇസ്ലാം പഠിപ്പിക്കുന്ന ആരാധനകളെ നിഷേധിച്ച് സ്നേഹത്തിന്റെയും അനുരാഗത്തിന്റെയും പാട്ടുംപാടി നടക്കുന്നവൻ മുസ്ലിമാകുന്നതങ്ങനെ?
നമുക്ക് അല്ലാഹുവിലേക്കടുക്കണം; അതിനുള്ള വഴി ഏതെങ്കിലുമൊരു ശൈഖിന്റെ കശ്ഫല്ല; നബിﷺയുടെ സുന്നത്താണ്. ആത്മീയതയുടെ പേരിൽ ഇസ്ലാമിൽ ഒരു പുതിയ വഴി അന്വേഷിക്കേണ്ടതില്ല. അത് ക്വുർആനും സുന്നത്തും വ്യക്തമായി പഠിപ്പിച്ചുതന്നിട്ടുണ്ട്.

