വാർത്താമുറികളിലെ വംശീയത: ഒരു ടെക്സ്റ്റ്ബുക്ക് കേസ്!
ഡോ. അബ്ദുല്ല ബാസിൽ
2026 സെപ്തംബർ 19, 1448 റബീഉൽ ആഖിർ 08

കേരളത്തിലെ പൊതുബോധത്തെ രൂപപ്പെടുത്തുന്നതിൽ മാധ്യമ ചർച്ചകൾക്കും വാർത്താമുറികൾക്കും വലിയ പങ്കുണ്ട്. എന്നാൽ സമീപകാലത്തായി, ഈ വാർത്താമുറികൾ ആരോഗ്യകരമായ സംവാദങ്ങൾക്കു പകരം വർഗീയവും വംശീയവുമായ ധ്രുവീകരണങ്ങളുടെ ഉത്പാദനകേന്ദ്രങ്ങളായി മാറുന്നുണ്ടോ എന്ന ഗൗരവതരമായ ചോദ്യം സമൂഹത്തിനു മുന്നിൽ ഉയരുകയാണ്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ ഒരു പരാമർശത്തെ മുൻനിർത്തി ഒരു മലയാളം വാർത്താ ചാനലിൽ നടന്ന ചർച്ചയും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും ഈ ചോദ്യത്തെ കൂടുതൽ പ്രസക്തമാക്കുന്നു. ഒരു വ്യക്തിയുടെ യാഥാസ്ഥിതിക നിലപാടുകളോടുള്ള വിയോജിപ്പ് എന്നതിനപ്പുറം, ഒരു സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടിൽ നിർത്തുന്ന ഭാഷയിലേക്ക് ഇത്തരം ചർച്ചകൾ വഴിമാറുമ്പോൾ അത് കേവലം ഒരു മാധ്യമത്തിന്റെ മാത്രം പ്രശ്നമല്ലാതാകുന്നു. മറിച്ച്, കേരളത്തിന്റെ ജനാധിപത്യ ഇടങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില അപകടകരമായ പ്രവണതകളുടെ സൂചനയാണത്.
വിമർശനവും വംശീയ അധിക്ഷേപവും തമ്മിലുള്ള അകലം
ജനാധിപത്യത്തിൽ വിമർശനാതീതരായി ആരുമില്ല. ഒരു മതപണ്ഡിതൻ പ്രസ്താവനകളെ നിശിതമായി വിമർശിക്കാനും അതിലെ യുക്തിയില്ലായ്മയെ പൊളിച്ചടുക്കാനും ഏതൊരു മാധ്യമത്തിനും പൂർണ അവകാശമുണ്ട്; അതാണ് സംവാദങ്ങളുടെ അടിസ്ഥാനവും. എന്നാൽ പ്രസ്തുത ചർച്ചയിൽ ഉപയോഗിക്കപ്പെട്ട ഭാഷയും ന്യൂസ് കാർഡുകളിലെ വാചകങ്ങളും ആ വിമർശനത്തിന്റെ അതിരുകൾ കടക്കുന്നതായിരുന്നു.
• ‘ആണൊരുത്തൻ കഞ്ചാവടിച്ചാലും എം.ഡി.എം.എ കേസിൽ അറസ്റ്റിലായാലും അന്യന്റെ പെണ്ണ് പിടിച്ചാലും അത് കിതാബിലെ സുന്നത്തെന്ന് കരുതുന്ന മതാചാര്യന്മാരുണ്ട്.’
• ‘അറിവുള്ള പെണ്ണെല്ലാം ഹറാം പിറപ്പോ?’
• ‘കിതാബിന്റെ സുന്നത്തെല്ലാം പുരുഷനോ?’
• ‘ഔറത്ത് മറക്കല്ലേ മറക്കല്ലേ എന്ന് പെണ്ണിനോട് മാത്രം പറയുന്നത് എന്തുകൊണ്ട്?’
ഈ പ്രയോഗങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും; ഇത് ഒരു വ്യക്തിയോടുള്ള വിയോജിപ്പല്ല. മറിച്ച്, ‘സുന്നത്ത്,’ ‘ഹറാം,’ ‘കിതാബ്,’ ‘ഔറത്ത്’ തുടങ്ങി ഒരു പ്രത്യേക മതവിഭാഗത്തിന്റെ സാങ്കേതിക പദങ്ങളെ ബോധപൂർവം അപകീർത്തികരമായ രീതിയിൽ ഉപയോഗിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഒരു വ്യക്തിയുടെ തെറ്റിനെ ഒരു സമുദായത്തിന്റെ മുഴുവൻ വിശ്വാസപ്രമാണ ങ്ങളുമായി കൂട്ടിക്കെട്ടി സാമാന്യവൽക്കരിക്കുന്നത് (Generalization) വംശീയതയുടെ ഏറ്റവും പ്രകടമായ ലക്ഷണമാണ്. ഇത് വിശ്വാസികളെ വേദനിപ്പിക്കുകയും സമൂഹത്തിൽ തെറ്റായ ആഖ്യാനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ്.
ചർച്ചയിലേക്കുള്ള ക്ഷണം മുതൽ...
31/08/2026നാണ് സംഭവത്തിനാധാരമായ ചർച്ചയ്ക്ക് ലേഖകനു ക്ഷണം വരുന്നത്. സ്ത്രീകളുടെ പൊതുപ്രവേശവുമായി ബന്ധപ്പെട്ട് കാന്തപുരം മുന്നോട്ട് വെക്കുന്നതിൽനിന്ന് വ്യത്യസ്തമായ മതവീക്ഷണമാണ് ഉള്ളതെന്നു പറഞ്ഞുകൊണ്ട് ക്ഷണം സ്വീകരിക്കുന്നു. ആദ്യഘട്ടത്തിൽ മറ്റു മൂന്നുപേരെയായിരുന്നു പാനലിസ്റ്റുകളായി പറഞ്ഞിരുന്നത്. എന്നാൽ ചർച്ചയ്ക്ക് ഒരുമണിക്കൂർ മുമ്പ് സാമൂഹ്യമാധ്യമ ങ്ങളിൽ ഒരു വിദ്വേഷ യൂടൂബർ കൂടി പങ്കെടുക്കുന്ന ചർച്ചയായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നു.

ഉടനെ അവതാരകയെ ബന്ധപ്പെടുകയും മാന്യമായ ചർച്ചയാണ് എന്നു തെറ്റിദ്ധരിച്ചാണ് ക്ഷണം സ്വീകരിച്ചതെന്നും; ഇത്തരം നിലവാരം കുറഞ്ഞവരുള്ളത് അറിയിക്കാതെ ചർച്ച സംഘടിപ്പിച്ചത് ശരിയായില്ലെന്നും അറിയിച്ചു. മാത്രമല്ല, ഈ വിദ്വേഷ യൂടൂബർ എന്റെ മാതാവിനെ ലൈംഗികമായി അധിക്ഷേപിക്കുകയും വൃത്തികെട്ട ഭാഷയിൽ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്ത വ്യക്തിയാണ്. അതുമായി ബന്ധപ്പെട്ട നിയമനടപടികൾ മുന്നോട്ടു പൊയിക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു വ്യക്തിയുടെ കൂടെ ചർച്ചക്ക് താൽപര്യമില്ലെന്നും ഞാൻ പിന്മാറുകയാണെന്നും അറിയിച്ചു. വിദ്വേഷപ്രചാരകനെ ചർച്ചയിൽ ഉൾപ്പെടുത്താൻ അവതാരക കിണഞ്ഞു പരിശ്രമിച്ചെങ്കിലും അവസാനം ഒഴിവാക്കേണ്ടിവന്നു. പിന്നീട് കാണുന്നത്, ആ വിദ്വേഷപ്രചാരകൻ എന്താണോ പറയാനിരുന്നത് അതു മുഴുവൻ അവതാരകയുടെ നാവിലൂടെ പുറത്തുവരുന്നതാണ്!
ചർച്ചയിൽ വെച്ചുതന്നെ അത് തെറ്റാണെന്നും മാപ്പ് പറയണമെന്നും ആവർത്തിച്ചു പറഞ്ഞെങ്കിലും അവതാരക അതിന് തയ്യാറായില്ലെന്നു മാത്രമല്ല, ഈയുള്ളവന് സമയം അനുവദിച്ചതുമില്ല. അങ്ങനെയാണ് ചർച്ചക്കു ശേഷം ഉടനെത്തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ, സംഭവിച്ച കാര്യങ്ങൾ ചൂണ്ടിക്കാണിച്ച്, അവതാരകയുടെ വംശീയ പരമർശങ്ങൾ കേൾപ്പിച്ച് ഒരു വീഡിയോ ചെയ്യുന്നത്. ജാതിമത ഭേദമന്യെ എല്ലാവരും ചാനലിനെതിരെ രംഗത്തു വരികയും മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഒടുവിൽ ചാനലിന് പ്രസ്തുത വംശീയ പരാമർശങ്ങളടങ്ങിയ ചർച്ച പിൻവലിക്കേണ്ടിവന്നു. ഇതോടൊപ്പം ചാനൽ പുറത്തുവിട്ട ഖേദപ്രകടനത്തിൽ വംശീയത സംഭവിച്ചുപോയി എന്ന തുറന്നു പറച്ചിലിനു പകരം ആരൊക്കെയോ ‘ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ,’ ‘ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ’ എന്നൊക്കെയുള്ള പരാമർശങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇത്രയേറെ വലിയ വംശീയ പരാമർശങ്ങൾ ഉണ്ടായിട്ടും അതിനെ ഒട്ടും ആത്മാർഥതയില്ലാതെ, ഗൗരവരഹിതമായി സമീപിച്ചത് വീണ്ടും വിമർശങ്ങൾക്ക് വഴിവെച്ചു. പക്ഷേ, പിന്നീടു കണ്ടത് വിചിത്രമായ ചില നടപടികളായിരുന്നു..
വിദ്വേഷ വാക്കുകൾ പറഞ്ഞ അവതാരക, അത് ചൂണ്ടിക്കാണിച്ച ലേഖകനെതിരെ കേസ് കൊടുക്കുന്നു! ചാനലിൽ വംശീയ വിദ്വേഷം ഛർദിച്ച അവതാരകയ്ക്കെതിരെ നടപടിയെടുക്കാതിരുന്ന പോലീസ് തിടുക്കത്തിൽ ജാമ്യമില്ലാ വകുപ്പുകളടക്കം ചേർത്തുകൊണ്ട് കേസെടുക്കുന്നു. അത് ആഘോഷിച്ചുകൊണ്ട് അവതാരകയും ചാനലും ‘ഒന്നാം പ്രതി അബ്ദുല്ലാ ബാസിൽ’ എന്നു ന്യൂസ് കാർഡ് ഇറക്കി ആഘോഷിക്കുന്നു!
വംശീയതയെ തെളിവുസഹിതം വിശകലനം ചെയ്തു ചോദ്യം ചെയ്ത വ്യക്തിക്കെതിരെ പോലീസ് തിടുക്കത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു എന്നതാണ് ഈ വിഷയത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത. ഇവിടെ പ്രതിചേർക്കപ്പെട്ടതിന്റെ യുക്തിയാണ് പരിശോധിക്കപ്പെടേണ്ടത്. ഒരാൾ ഒരു പൊതു വിഷയത്തിൽ വിശകലന വീഡിയോ ചെയ്യുന്നു. ആ വീഡിയോയ്ക്ക് താഴെ ആയിരക്കണക്കിന് ആളുകൾ കമന്റിടുന്നു. അതിൽ ഏതെങ്കിലും അജ്ഞാതൻ നിയമവിരുദ്ധമായ ഒരു കമന്റ് ഇട്ടാൽ, വീഡിയോ ചെയ്തയാൾ എങ്ങനെ ഒന്നാം പ്രതിയാകും?
ഈ കേസ് കേവലം ഒരു വ്യക്തിക്കെതിരായ നടപടിയല്ല; ഭാവിയിൽ ആർക്കെതിരെയും പ്രയോഗിക്കാവുന്ന ഒരു അപകടകരമായ ‘ടെംപ്ലേറ്റ്’ (Template) ആണ്. ഈ യുക്തി അംഗീകരിക്കപ്പെട്ടാൽ, കേരളത്തിൽ ഒരു പൊതുപ്രവർത്തകനോ മാധ്യമപ്രവർത്തകനോ സ്വതന്ത്രമായി അഭിപ്രായം പറയാൻ കഴിയില്ല. ഒരു ഫേക്ക് അക്കൗണ്ടും ഒരു മോശം കമന്റും ഉപയോഗിച്ച് ആരെയും കേസിൽ കുടുക്കാം എന്ന അവസ്ഥ വരും.
ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് കേസ് നിർത്തിവെക്കാൻ പോലീസ് തയ്യാറായെങ്കിലും, അതൊരു പൂർണമായ പരിഹാരമല്ല. ഒരു കേസ് മരവിപ്പിക്കുക എന്നത് എപ്പോൾ വേണമെങ്കിലും വീണ്ടും സജീവമാക്കാവുന്ന ഒരു ഭീഷണിയാണ്. ഒരാളുടെ തലയ്ക്കു മുകളിൽ ഒരു എഫ്.ഐ.ആർ തൂങ്ങിക്കിടക്കുക എന്നത് അയാളുടെ പൊതുജീവിതത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ‘മരവിപ്പിക്കുക’ എന്ന ലക്ഷ്യ ത്തോടെയുള്ളതാണ്. ശിക്ഷിക്കപ്പെടുമോ എന്നതിനെക്കാൾ, ഭാവിയിൽ സംസാരിക്കാൻ മടിക്കുമോ എന്നതണ് ഇത്തരം കേസുകളുടെ വിജയമായി കണക്കാക്കപ്പെടുന്നത്.
നീതിനിർവഹണത്തിലെ ഇരട്ടത്താപ്പും സർക്കാരിന്റെ ഇടപെടലും

ഇത്തവണ ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായി എന്നത് ശ്രദ്ധേയ മാണ്. യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് നേതൃത്വങ്ങളും ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കമാരും ന്യായത്തിനു വേണ്ടി നിലകൊണ്ടു. സ്വന്തം പോലീസിന്റെ നടപടിയെ ന്യായീകരിക്കാതെ, തെറ്റു തെറ്റാണെന്നു പറയാൻ ഭരണപക്ഷ പാർട്ടികളുടെ നേതൃത്വങ്ങൾ കാണിച്ച ആർജവം വലുതാണ്. ഇടതു നേതാക്കന്മാരാരും നീതിക്കു വേണ്ടി ശബ്ദിക്കാൻ മുന്നോട്ടുവന്നില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ ഇടതുപക്ഷക്കാരായ ആക്റ്റിവിസ്റ്റുകൾ നീതിക്കൊപ്പം തന്നെയായിരുന്നു. ഇതിന്റെ ഫലമായി ആഭ്യന്തര മന്ത്രി ഇടപെടുകയും, ലേഖകനെതിരെയുള്ള കേസ് മരവിപ്പിക്കുകയും, വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബർക്കെതിരെ അന്വേഷണം ആരംഭിക്കുകയും, ഒടുവിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. ഈ നടപടി സ്വാഗതാർഹമാണെങ്കിലും, വലിയ പൊതുജനശ്രദ്ധ ലഭിക്കുന്ന പരാതികളിൽ മാത്രം നടപടിയുണ്ടാകുന്ന അവസ്ഥ മാറേണ്ടതുണ്ട്. ഇത് സിസ്റ്റത്തിന്റെ സ്വാഭാവിക നടപടിക്രമമായി മാറണം.
വിദ്വേഷത്തിന്റെ സാധാരണവത്ക്കരണം (Normalization of Hate)
പത്തു വർഷം മുമ്പ് മലയാളിയുടെ ചർച്ചാമണ്ഡലത്തിൽ ഇല്ലാതിരുന്ന പദാവലികളാണ് ഇന്ന് വാർത്താമുറികളിൽ യാതൊരു തടസ്സവുമില്ലാതെ ഒഴുകിയെത്തുന്നത്. ഇതിനു പിന്നിൽ കൃത്യമായ ഒരു ചരിത്രമുണ്ട്. മതവിമർശനം എന്ന പേരിൽ അശ്ലീലവും വംശീയവുമായ പദപ്രയോഗങ്ങൾ പൊതുസമൂഹത്തിലേക്ക് കടത്തിവിട്ട ഒരുകൂട്ടം വിദ്വേഷ യൂട്യൂബർമാരുടെയും പ്രൊ-സയണിസ്റ്റ് പ്രൊഫൈലുകളുടെയും സൃഷ്ടിയാണത്.
അവർ സൃഷ്ടിച്ച ഭാഷ യൂട്യൂബ് കമന്റ് ബോക്സുകളിൽനിന്ന് തുടങ്ങി, ക്രമേണ ദൈനംദിന സംസാ രത്തിലേക്കും ഒടുവിൽ മുഖ്യധാരാ ന്യൂസ് സ്റ്റുഡിയോകളിലേക്കും വളർന്നിരിക്കുന്നു. ഒരു വാർത്തയുടെ സ്ക്രിപ്റ്റ് എഴുതുന്നയാൾക്കും അത് വായിക്കുന്ന അവതാരകയ്ക്കും അതിനു ഗ്രാഫിക്സ് നൽകുന്ന ഡിസൈനർക്കും ഈ ഭാഷ കടന്നുപോകുമ്പോൾ അതിൽ യാതൊരു അസ്വാഭാവികതയും തോന്നുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. ഇസ്ലാമോഫോബിയ അത്രമാത്രം അവരുടെ ഉപബോധമനസ്സിൽ (Internalized) വേരുറപ്പിച്ചിരിക്കുന്നു.
ബോധപൂർവമായ വിദ്വേഷത്തെക്കാൾ ഭയക്കേണ്ടത് ഇത്തരത്തിൽ ‘നോർമലൈസ്’ ചെയ്യപ്പെട്ട വിദ്വേഷങ്ങളെയാണ്. കാരണം, സാധാരണമായിപ്പോയ ഒന്നിനെ ചൂണ്ടിക്കാണിക്കുമ്പോൾ ‘ഇതിലെന്താണ് പ്രശ്നം’ എന്ന മറുചോദ്യമാകും വരിക. അതുകൊണ്ടുതന്നെ, ആ ചാനൽ അവതാരകയെ ഒരു വ്യക്തിയെന്ന നിലയിൽ സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കുന്നതിൽ യാതൊരു അർഥവുമില്ല. വ്യക്തിയെ വേട്ടയാടുക എന്നതല്ല, മറിച്ച് ഈ സാമൂഹ്യാന്തരീക്ഷത്തെയും അത് നിർമിച്ചെടുത്ത സിസ്റ്റത്തെയും ചോദ്യം ചെയ്യുകയാണു വേണ്ടത്.
മാധ്യമങ്ങൾ തിരുത്തേണ്ട പാഠങ്ങൾ
വിവാദങ്ങളെ മുൻനിർത്തി മാധ്യമങ്ങൾ നടത്തുന്ന ചർച്ചകളിൽ അടിസ്ഥാനപരമായി ചില തിരുത്തലുകൾ അനിവാര്യമാണ്:
1. സമൂഹത്തെയും സംസ്കാരത്തെയും പഠിക്കുക: ഒരു സമുദായത്തെയോ മതത്തെയോ വിമർശിക്കുന്നതിനു മുമ്പ് അവരുടെ പദാവലികളും വിശ്വാസങ്ങളും ആന്തരിക വൈവിധ്യങ്ങളും മാധ്യമ പ്രവർത്തകർ മിനിമം അറിഞ്ഞിരിക്കണം. അർഥമറിയാതെ വാർപ്പുമാതൃകകളെ (ടലേൃലീ്യേുല)െ നിരന്തരം ആവർത്തിക്കുന്നത് വിമർശനമല്ല, അധിക്ഷേപമാണ്.

2. സാമാന്യവത്ക്കരണമെന്ന കെണി: ഒരു സമുദായത്തിലെ ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ നടത്തുന്ന പ്രസ്താവനകളെ ആ സമുദായത്തിന്റെ മുഴുവൻ ബാധ്യതയായി ചിത്രീക രിക്കുന്ന ഫ്രെയിമിംഗ് മാധ്യമങ്ങൾ അവസാനിപ്പിക്കണം. ഒരാളുടെ തെറ്റിന് ഒരു സമുദായം മുഴുവൻ മറുപടി പറയണമെന്ന രീതി മാധ്യമപ്രവർത്തനമല്ല.
3. വിദ്വേഷ ഭാഷകളെ പടിക്ക് പുറത്തു നിർത്തുക: സൈബറിടങ്ങളിലെ വിദ്വേഷ പ്രചാരകർ നിർമിച്ചെടുക്കുന്ന ഭാഷകളെയും ഫ്രെയിമുകളെയും ന്യൂസ് റൂമുകളിൽനിന്ന് മാറ്റിനിർത്താൻ എഡിറ്റോറിയൽ ജാഗ്രത കാണിക്കണം.
4. മാപ്പിലെ ആത്മാർഥത: ഒരു വംശീയ പരാമർശം സംഭവിച്ചാൽ, കേവലം വഴുതിമാറാനായി ഒരു പൊതുമാപ്പപേക്ഷ നടത്തുന്നതിനപ്പുറം, ഏതു പരാമർശമാണ് പ്രശ്നമായതെന്നും അത് ഇനി ആവർത്തി ക്കില്ലെന്നും വ്യക്തമാക്കുന്ന ആത്മാർഥമായ തിരുത്തലുകളാണ് സമൂഹത്തിന് ആവശ്യം.
വംശീയതയെ സമൂഹത്തിനു മുന്നിൽ തുറന്നുകാണിക്കുന്നത് ഒരു കുറ്റമല്ല; മറിച്ച്, ഒരു ജനാധിപത്യ സമൂഹത്തെ ആരോഗ്യകരമായി നിലനിർത്താനുള്ള അനിവാര്യതയാണ്. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഒരു അനീതി കണ്ടാൽ ശബ്ദിക്കാൻ കേരളത്തിൽ ഇപ്പോഴും വലിയൊരു വിഭാഗം മനുഷ്യരുണ്ട് എന്നത് ഏറെ പ്രതീക്ഷ നൽകുന്നു.
തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ അത് ഉൾക്കൊള്ളാനും തിരുത്താനുമുള്ള സന്നദ്ധതയാണ് മുഖ്യധാരാ മാധ്യമങ്ങളിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ചർച്ചകളുടെയും സംവാദങ്ങളുടെയും വാതിലുകൾ കൊട്ടിയടച്ച് നിയമനടപടികളിലൂടെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം, ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുന്ന, കൂടുതൽ തെളിഞ്ഞ സംവാദങ്ങൾക്കുള്ള വേദിയായി കേരളം മാറേണ്ടതുണ്ട്. കേസുകൾക്ക് പകരമാകേണ്ടത് ആരോഗ്യകരമായ ആശയ സംവാദങ്ങൾ തന്നെയാണ്.

