വെറുപ്പിന്റെ ‘ലണ്ടൻ ദഹനം!’
ഡോ. അബ്ദുല്ല ബാസിൽ
2026 ജൂലൈ 18, 1448 സ്വഫർ 04
ഇതാ ഈ നുണയൻ ഇവിടെ കൂടുങ്ങിയിരിക്കുകയാണ്. ഇവൻ ഓൺലൈനിൽ വിവരമില്ലാത്തവരോട് കള്ളങ്ങൾ പറയുന്നത് പോലെയാണെന്ന് കരുതിയാണ് ഇവിടെ ലണ്ടനിൽ സ്പീകേഴ്സ് കോർണറിൽ വന്നത്. പക്ഷേ, അവന് പിഴച്ചു. ഇവൻ ആദ്യമായിട്ടായിരിക്കും ഇസ്ലാമിനെ കുറിച്ച് ധാരണയുള്ളവരുടെ
മുന്നിൽ ചെന്ന് പെടുന്നത്. ഇതുപോലൊരു അനുഭവം ഇവന് മുമ്പ് ഉണ്ടാവില്ല.
ഇന്ത്യക്കാരേ...
ഇവൻ ഫാസിസ്റ്റുകളിൽ നിന്നും സയണിസ്റ്റുകളിൽനിന്നും പണം വാങ്ങി ആളുകൾക്കിടയിൽ വെറുപ്പും വിദ്വേഷവും ഉണ്ടാക്കാൻ നോക്കുന്ന നുണയനാണ്.
അറിവുള്ളവരുടെ മുന്നിൽ പെട്ടപ്പോൾ ഇവന്റെ അവസ്ഥ നിങ്ങൾ കണ്ടു.
അതുകൊണ്ട് ഇവനെ പോലുള്ളവരെ ഓടിക്കുക,
ഇവിടെനിന്ന് ഓടിയതു പോലെ!

ഇക്കഴിഞ്ഞ ദിവസം, ആരിഫ് എന്ന ഒരു മലയാളി വിദ്വേഷ യൂട്യൂബർ ലണ്ടനിലെ സ്പീകേഴ്സ് കോർണർ പാർക്കിൽ വെച്ച് നുണ പറഞ്ഞ് പിടിക്കപ്പെട്ടിരുന്നു. അതിനു ശേഷം അദ്നാൻ റാഷിദ് എന്ന ബ്രിട്ടീഷ് പ്രബോധകന്റെ ഇന്ത്യക്കാരോടുള്ള ആഹ്വാനമാണ് മുകളിൽ വായിച്ചത്.
സാധാരണക്കാരോടും തന്റെ നുണപ്രചാരണങ്ങൾ അന്ധമായി വിശ്വസിക്കുന്ന അണികളോടും മാത്രം സംവദിച്ച് പരിചയമുള്ള വ്യക്തി, ആദ്യമായി ഇസ്ലാമിക വിഷയങ്ങളിൽ അവഗാഹമുള്ളവരുടെ മുന്നിൽ ചെന്നുപെട്ടപ്പോഴുള്ള രസകരമായ കാഴ്ച ഇന്ന് സോഷ്യൽ മീഡിയ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്.
പശ്ചാത്തലം
ഇസ്ലാമിനെയും മുസ്ലിംകളെയും താറടിച്ചു കാണിക്കാനും മുസ്ലിംകൾക്കെതിരെ വിദ്വേഷവും വെറുപ്പുമുണ്ടാക്കാനുമുള്ള ആസൂത്രിത ശ്രമങ്ങൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി നടന്നു കൊണ്ടിരിക്കുകയാണ്. അതിനായി മുസ്ലിം വിരുദ്ധ വംശീയവാദികൾ തിരഞ്ഞെടുത്ത അവസാന ആയുധങ്ങളാണ് ‘എക്സ് മുസ്ലിംകൾ.’ തങ്ങൾ ഒരുകാലത്ത് മുസ്ലിംകളായിരുന്നു എന്നും, എന്നാൽ ഇസ്ലാമിനെ ആഴത്തിൽ പഠിച്ചശേഷം അത് തെറ്റാണെന്ന് ബോധ്യപ്പെട്ടുവെന്നും വാദിച്ചുകൊണ്ട് കുറച്ചുപേർ രംഗത്ത് വന്നാൽ, മുസ്ലിംകളെ കുറിച്ച് കാലങ്ങളായി തങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന കൊടിയ നുണകൾ ആളുകൾ വിശ്വസിക്കും എന്നവർ കണക്കുകൂട്ടി.
അങ്ങനെ രാവിലെ പല്ലുതേക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നതുവരെ മുസ്ലിംകളെയും ഇസ്ലാമിനെയും കുറ്റം പറയുക എന്ന ദൗത്യം ഏറ്റെടുത്ത ചിലർ കൂലിക്കിറങ്ങി. തുടക്കത്തിൽ ഇവർക്ക് യുക്തിവാദത്തിന്റെയും നിരീശ്വരവാദത്തിന്റെയുമെല്ലാം കുപ്പായങ്ങളുണ്ടായിരുന്നു. എന്നാൽ പതിയെ അത്തരം ബാധ്യതാ ഉടയാടകളെല്ലാം വലിച്ചറിഞ്ഞ് വെറുപ്പിന്റെ അശ്ലീലമായ നഗ്നതാ പ്രദർശനം നടത്തുന്ന അവസ്ഥയിലേക്ക് അവർ വളരെ പെട്ടെന്ന് മാറി. ഒരുകാലത്ത് മാനവികതയും മനുഷ്യത്വവും സഹജീവി സ്നേഹവുമെല്ലാം പേരിനെങ്കിലും പറഞ്ഞിരുന്ന നാസ്തിക വേദികൾ വംശഹത്യാ ന്യായീകരണങ്ങളുടെയും സയണിസ്റ്റ് - ഫാസിസ്റ്റ് പ്രോപഗണ്ടകളുടെയും വേദികളായി പരിണമിച്ചു.
തങ്ങളുടെ സ്വന്തം ആദർശമായ നാസ്തികതയ്ക്ക് വേണ്ടിയോ യുക്തിവാദ പ്രചാരണത്തിനു വേണ്ടിയോ നാവോ തൂലികയോ ചലിപ്പിക്കുന്നവരെ ഇന്ന് കണ്ടുകിട്ടാൻ തന്നെ പ്രയാസമാണ്. ദൈവമില്ലെന്ന് സ്ഥാപിക്കാൻ യുക്തികൾ നിരത്തുന്ന, ശാസ്ത്ര ബോധത്തെ പറ്റി വാചാലരാവുന്ന ‘കലാനാഥൻ മോഡൽ’ യുക്തിവാദികൾ ഇന്ന് വംശനാശ ഭീഷണിയുടെ പേരിൽ റെഡ് ഡാറ്റാ ബുക്കിൽ ഇടംപിടിച്ചിരിക്കുന്നു. ‘ഇതൊന്നുമല്ല യുക്തിവാദം’ എന്ന് വിളിച്ചു കൂവാൻ അവരിൽ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും വെറുപ്പിന്റെ ബഹളങ്ങൾക്കിടയിൽ ആ ശബ്ദങ്ങൾ വെറും തരംഗങ്ങളായി ഒതുങ്ങിപ്പോവുകയാണ്.
ഇസ്ലാം വിമർശനങ്ങളും മുസ്ലിം വിരുദ്ധതയും
ഇസ്ലാമിനെ ആശയപരമായി വിമർശിക്കുന്ന ചരിത്രം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് ഇസ്ലാമിനോളം തന്നെ പഴക്കമുണ്ട്. മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ടും നമുക്കിത് കാണാനാവും. പ്രവാചകത്വവുമായി തന്റെ ജനതയിലേക്ക് കടന്നുചെന്ന മുഹമ്മദ് നബിയെ അവർ വിമർശന ശരങ്ങൾകൊണ്ട് മൂടുന്നതും അതിനോരോന്നിനും അക്കമിട്ട് മറുപടി പറയുന്നതുമാണ് മക്കാ ചരിത്രത്തിന്റെ ആകെത്തുക. അങ്ങനെ ആശയപരമായി എതിരിടാൻ സാധ്യമല്ലെന്ന ബോധ്യമുണ്ടായപ്പോഴാണ് മക്കയിലെ ബഹുദൈവ വിശ്വാസികൾ നബിക്കും അനുയായികൾക്കുമെതിരെ വെറുപ്പിന്റെ വാളെടുത്തത്.
അതിനു ശേഷവും കായികവും ബൗദ്ധികവുമായ അനേകം വെല്ലുവിളികളെ ഇസ്ലാം അതിജയിച്ചു. ഓറിയന്റലിസ്റ്റുകളും മിഷനറിമാരും പാശ്ചാത്യ ചിന്തകരുമെല്ലാം തലകുത്തി നിന്ന് ശ്രമിച്ചിട്ടും ഇസ്ലാമിന്റെ വളർച്ചയുടെ വേഗം കുറയ്ക്കാൻ പോലുമവർക്ക് സാധിച്ചില്ല. മനുഷ്യ മനസ്സുകളോട് സംവദിച്ചും വിമർശനങ്ങളെ നെഞ്ചുവിരിച്ചു നിന്ന് നേരിട്ടും ഇസ്ലാം ഇന്ന് ലോകത്ത് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു ആദർശമാണ്.
ഇന്ന് ഇക്കൂട്ടർ ഓൺലൈനിൽ ഛർദിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആരോപണങ്ങൾക്കും ചുരുങ്ങിയത് രണ്ടോ മൂന്നോ നൂറ്റാണ്ടിന്റെ പഴക്കമെങ്കിലുമുണ്ട്. അതെല്ലാം ഉന്നയിച്ച സമയത്തു തന്നെ അതാത് കാലങ്ങളിലെ മുസ്ലിം പണ്ഡിതർ അതിന്റെ മുനയൊടിച്ചതുമാണ്. അത് ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ ഇപ്പോൾ കാണുന്നത് വെറും വിമർശനങ്ങളല്ല. മുസ്ലിംകളെ വംശീയമായി അധിക്ഷേപിച്ചും അവർക്കെതിരെ മുൻവിധികൾ സൃഷ്ടിച്ചും ചിലരുടെ വിഭജന രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ, ഇവർ സ്വീകരിക്കുന്ന നിയമപരമായ രക്ഷാകവചം മാത്രമാണ് ‘തങ്ങൾ ഇസ്ലാം വിമർശകരാണ്’ എന്നത്. ഇസ്ലാമിനെതിരെയുള്ള ഏത് വിമർശനങ്ങൾക്കും മറുപടികളുണ്ട്. പക്ഷേ, വെറുപ്പുൽപാദനത്തിനും വിദ്വേഷ പ്രചാരണത്തിനും എന്ത് മറുപടിയാണ് പറയാനാവുക?അതിനോട് എങ്ങനെയാണ് ആശയപരമായി സംവദിക്കാനാവുക?
ഫോൺ സംവാദങ്ങളും വീരപരിവേഷവും
ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ തങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം ശരിയാണെന്ന് ആളുകളെ വിശ്വസിപ്പിക്കാൻ ഇക്കൂട്ടർ കണ്ട മാർഗമാണ് ഫോൺ സംവാദങ്ങൾ. ഇസ്ലാമിനെ കുറിച്ച് പാണ്ഡിത്യമുള്ള പണ്ഡിതന്മാരുടെ മുന്നിലല്ല ഇവരുടെ അഭ്യാസങ്ങൾ. അങ്ങനെ മതത്തെ പറ്റി ധാരണയുള്ളവരുടെ മുന്നിൽ ചെന്നുപെടുന്ന അപൂർവം സന്ദർഭങ്ങളിൽ എന്ത് സംഭവിച്ചു എന്നതിന് ഉദാഹരണങ്ങൾ ചിലതുണ്ടല്ലോ. പതിറ്റാണ്ടുകളായി വെല്ലുവിളിച്ചു നടന്ന ഇ.എ ജബ്ബാർ എന്ന നാസ്തികൻ എം.എം അക്ബർ എന്ന ഇസ്ലാമിക പ്രബോധകന്റെ മുന്നിൽ നേരിട്ട് സംവാദത്തിന് വന്നപ്പോൾ കണ്ടത്, ലോകചരിത്രത്തിൽ തുല്യതയില്ലാത്ത ഏകപക്ഷീയമായ സംവാദമായിരുന്നു.

അതുകൊണ്ട്, അതിനു പകരം ഇവർ സ്വീകരിച്ച നയം ‘സാധാരണക്കാരെ നേരിടുക’ എന്നതായിരുന്നു. ഒന്നുകിൽ ഇസ്ലാമിനെ പറ്റി ബാലപാഠങ്ങൾ പോലുമറിയാത്ത തങ്ങളുടെ അണികൾ, അല്ലെങ്കിൽ വളരെ കുറച്ചു മാത്രം ധാരണയുള്ള മുസ്ലിം നാമധാരികൾ; അവരോട് ഏറ്റുമുട്ടുക! പ്രാഥമിക മദ്റസാ വിദ്യാഭ്യാസം മാത്രമുള്ളവരോട്, അവർ അറിഞ്ഞിരിക്കാൻ സാധ്യതയില്ലാത്ത ഏതെങ്കിലും കർമശാസ്ത്ര ഗ്രന്ഥത്തിലെ ഒരു വിധിയെ പറ്റി ചോദിച്ചാൽ അവർക്ക് അതിനെ പറ്റി ധാരണയുണ്ടാവില്ലല്ലോ. അങ്ങനെ ഇവർ കാണാപ്പാഠം പഠിച്ച ഒന്നുരണ്ട് കാര്യങ്ങൾ എടുത്തിടും. മറുഭാഗത്തുള്ളവർ അതിനെ പറ്റി അറിയാതെ കുഴങ്ങും. അതോടെ മുസ്ലിംകളെ മലർത്തിയടിച്ചെന്ന് പറഞ്ഞ് ഇവർ വിജയം ആഘോഷിക്കും!
ഇതാണ് കഴിഞ്ഞ ഏതാനും കാലങ്ങളായി നടന്നുകൊണ്ടിരുന്നത്. ഇതോടെ മുസ്ലിംകൾക്കാർക്കും ‘നേരിടാൻ പറ്റാത്ത’ പണ്ഡിതരായി ഇക്കൂട്ടർ സ്വയം പ്രതിഷ്ഠിക്കും. അണികൾക്കും ഇവർ ഇസ്ലാമിക പാണ്ഡിത്യത്തിന്റെ നിറകുടങ്ങളായി! പലരും വിളിക്കുന്നു, ഇക്കൂട്ടർ വിളിക്കുന്നവർക്കറിയാത്ത എന്തെങ്കിലും കാര്യം എടുത്തിടുന്നു, അവർ പ്രയാസപ്പെടുന്നു. ഇതോടെ ഈ വെറുപ്പ് വ്യാപാരികളെ ‘നേരിടാൻ’ ആരുമില്ലെന്നുംഅവരാണ് ഇസ്ലാമിനെ കുറിച്ച് മുസ്ലിംകളെക്കാൾ അറിവുള്ളവരെന്നും അണികൾ വാഴ്ത്തിപ്പാടും. മുസ്ലിം വിരുദ്ധ അജണ്ടകളുള്ള മാധ്യമങ്ങൾ ഇക്കൂട്ടരെ ഇസ്ലാമിനെ പറ്റി ആധികാരികമായി സംസാരിക്കാൻ കഴിവുള്ളവരായി ഉയർത്തിക്കാട്ടി, ചാനൽ ചർച്ചകളിൽ സ്ഥിരം ക്ഷണിതാക്കളാക്കി!
എന്നാൽ ഇതേസമയം തന്നെ കൃത്യമായ അറിവുള്ളവരുടെ മുന്നിൽ ചെന്ന് പെടാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 24 മണിക്കൂറും ഓൺലൈനിൽ വെറുപ്പുൽപാദിപ്പിക്കുന്ന ഇവരെ ഓൺലൈനായി സമയം നിശ്ചയിച്ചുകൊണ്ടുള്ള സംവാദങ്ങൾക്ക് മുസ്ലിം വിഭാഗങ്ങൾ വർഷങ്ങളായി ക്ഷണിച്ചു കൊണ്ടേയിരുന്നിട്ടും ഇവർ അതിന് തയാറായിട്ടില്ല. ഒടുവിൽ ലൈവ് ആയി പതിനായിരങ്ങളുടെ മുന്നിൽ സംവാദത്തിനായി കാത്തിരുന്നിട്ടും ഇവർ ജോയിൻ ചെയ്യാനോ സംവദിക്കാനോ തയാറായിരുന്നില്ല. എന്നാൽ അണികളെ തൃപ്തിപ്പെടുത്താൻ സാധാരണക്കാരെ നിരന്തരം ‘മലർത്തിയടിച്ച്’ ഫയൽവാന്മാർ ‘ജയിച്ചുകൊണ്ടേയിരുന്നു!’
ലണ്ടൻ യാത്ര
ഈ ആത്മവിശ്വാസത്തിലാണ് ആരിഫ് എന്ന വെറുപ്പുൽപാദകൻ ലണ്ടനിലേക്ക് പോകുന്നത്. ലണ്ടനിലെ ഹൈഡ് പാർക്കിലെ സ്പീക്കേഴ്സ് കോർണർ സംവാദങ്ങൾക്കും ചർച്ചകൾക്കും ഏറെ പ്രസിദ്ധമായ സ്ഥലമാണ്. വിവിധ ആദർശങ്ങളിൽ വിശ്വസിക്കുന്നവർ ഒരുമിച്ചു കൂടുകയും തങ്ങളുടെ കാഴ്ചപ്പാടുകൾ പരസ്പരം ചർച്ച ചെയ്യുകയും ചെയ്യുന്ന സ്പീക്കേഴ്സ് കോർണറിലെ ചർച്ചകൾ ലക്ഷക്കണക്കിന് പ്രേക്ഷകരിലേക്ക് എത്താറുണ്ട്.
അവിടെ പോയി ഫോൺ സംവാദങ്ങളിൽ താൻ ചെയ്യാറുള്ളതുപോലെ കുറച്ചു സാധാരണക്കാരോട് സംവദിച്ച് ‘വിജയം ആഘോഷിക്കാനായിരുന്നു’ ഇദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ സ്പീക്കേഴ്സ് കോർണർ ചർച്ചകളിൽ ഇസ്ലാമിനെക്കുറിച്ച് നന്നായി പഠിച്ച പ്രബോധകരും പങ്കെടുക്കാറുണ്ട്. അങ്ങനെയാണ് അദ്നാൻ റാഷിദ് എന്ന പ്രബോധകന്റെ മുന്നിൽ ഇദ്ദേഹം ചെന്നുപെടുന്നത്. പിന്നെ നടന്നത് ചരിത്രമാണ്!
സാധാരണക്കാരോട് മാത്രം സംവദിച്ചു പരിചയമുള്ള ഇയാൾ ഒരു പണ്ഡിതന്റെ മുന്നിൽ ആദ്യമായി ചെന്നുപെട്ടപ്പോൾ പതറുകയും വിളറി വെളുക്കുകയും ചെയ്തത് ഹൈ ഡെഫിനിഷൻ ക്യാമറകൾ ഒപ്പിയെടുത്തു. പല ന്യായങ്ങൾ പറഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചിട്ടും വിടാതെ പിന്തുടർന്ന മുസ്ലിംകളിൽ നിന്ന് അവസാനം ഇയാൾക്ക് ഓടി രക്ഷപ്പെടേണ്ടി വന്നു.
ലണ്ടനിലെ ചർച്ച
ധാർമികതയുടെ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ. കൃത്യമായ മാനദങ്ങളില്ലാത്തതുകൊണ്ട് നിരീശ്വരവാദികൾക്ക് എന്തെങ്കിലുമൊരു കാര്യം ശരിയാണെന്നോ തെറ്റാണെന്നോ പറയാനാകില്ല എന്ന് മുസ്ലിം പ്രബോധകൻ സമർഥിച്ചു. അതിനെ ആശയപരമായി നേരിടാൻ ഈ വ്യക്തി അശക്തനായിരുന്നു. ‘ഞങ്ങളുടെ അടിസ്ഥാനം ശാസ്ത്രമാണ്’ എന്നൊക്കെയാണ് ഇദ്ദേഹം പറയാൻ ശ്രമിച്ചത്. ശാസ്ത്രത്തെ പറ്റി പ്രാഥമിക ധാരണയുള്ളവർക്കറിയാം; ശാസ്ത്രം ധാർമികത പഠിപ്പിക്കുന്നില്ല. എന്തെങ്കിലുമൊരു കാര്യം ശരിയാണെന്നോ തെറ്റാണെന്നോ പറയലല്ല ശാസ്ത്രത്തിന്റെ മേഖല. കാര്യങ്ങൾ എങ്ങനെ നടക്കുന്നു എന്ന് വിശദീകരിക്കുകയാണ് ശാസ്ത്രം ചെയ്യുന്നത്.
ഉദാഹരണത്തിന്, ഒരു ഉരുള ഭക്ഷണം പാഴാക്കിയാൽ തിന്മയാണെന്നോ വിശക്കുന്നവനു കൊടുത്താൽ നന്മയാണെന്നോ ശാസ്ത്രം പറയില്ല. എന്നാൽ അതിൽ എത്ര അന്നജവും മാംസ്യവുമുണ്ട് എന്ന് പറയാൻ ശാസ്ത്രത്തിന് സാധിക്കും! ഈ ശാസ്ത്രത്തെ ധാർമികതയുമായി ബന്ധപ്പെട്ട ചർച്ചയിൽ ഉന്നയിക്കുമ്പോൾ തന്നെ ഇദ്ദേഹത്തിന്റെ ബൗദ്ധിക നിലവാരം അവർക്ക് മനസ്സിലായിക്കാണണം! അതുകൊണ്ടാണ് ഇയാൾക്ക് ശാസ്ത്രമോ ഫിലോസഫിയ ഇസ്ലാമോ ഒന്നുമറിയില്ലല്ലോ എന്ന് അവർ പരസ്പരം അടക്കം പറഞ്ഞത്!
ഇങ്ങനെ ആശയപരമായ ചർച്ചയിൽ കുടുങ്ങിയപ്പോഴാണ് ഇദ്ദേഹം ഫോൺ സംവാദങ്ങളിലെ സ്ഥിരം അടവ് പുറത്തെടുത്തത്. ചോദ്യത്തിന് ഉത്തരമില്ലാതാകുമ്പോൾ ഇസ്ലാമിനെ കുറിച്ച് എന്തെങ്കിലും നുണകൾ തട്ടിവിടുക, അതിനെ പറ്റി ധാരണയില്ലാത്തവരാണ് മറുപുറത്തെങ്കിൽ പിന്നെയവർ അതിൽ തടഞ്ഞു നിന്നുകൊള്ളും!
‘ക്വുർആനിൽ സ്വന്തം മകളെ വിവാഹം ചെയ്യാമെന്നുണ്ടല്ലോ...?’ ഇതായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം. സാധാരണ ഫോൺ സംവാദങ്ങളിൽ ഇങ്ങനെ നുണ പറഞ്ഞാൽ മറുഭാഗത്തുള്ളവർ അത് അന്വേഷിച്ച് സമയം പോകും. ഇയാൾ ‘ജയിക്കുകയും’ ചെയ്യും! പക്ഷേ, ഇപ്രാവശ്യം മറുഭാഗത്തുള്ളത് ഒരു ഇസ്ലാമിക പണ്ഡിതനായിപ്പോയി. തൊട്ടടുത്ത നിമിഷം തന്നെ ആ വചനം ക്വുർആനിൽ നിന്ന് കാണിക്കാൻ അദ്നാൻ റാഷിദ് ആവശ്യപ്പെട്ടു.
പതിനഞ്ച് മിനുട്ടോളം ഒന്നിലധികം ക്യാമറകൾക്ക് മുൻപിൽ പിന്നീട് തിരച്ചിൽ മഹാമഹമായിരുന്നു! ക്വുർആനിലെ ആ ആയത്ത് കാണിച്ചില്ലെങ്കിൽ ഇയാൾ നുണയനാണെന്ന് ലോകം മനസ്സിലാക്കുമെന്നും, ഇല്ലെങ്കിൽ ഇന്ത്യയിലെ മുഴുവൻ മുസ്ലിംകളോടുമായി മാപ്പ് പറയണമെന്നുമെല്ലാം അദ്നാൻ പറയുമ്പോഴും ഇദ്ദേഹം ഫോണിൽ തപ്പിക്കൊണ്ടേയിരുന്നു.
ജീവിതത്തിൽ ആദ്യമായി ഇസ്ലാമിക വിഷയങ്ങളിൽ അറിവുള്ളവരുടെ മുന്നിൽ പെട്ടപ്പോൾ ഇയാൾ വിയർക്കുകയാണെന്നും ഇയാൾക്ക് ജീവിതകാലം മുഴുവൻ തിരഞ്ഞാലും അത്തരമൊരു വചനം ക്വുർആനിൽ നിന്ന് കൊണ്ടുവരാൻ സാധിക്കില്ലെന്നുമെല്ലാം അദ്നാൻ പറയുമ്പോഴും പ്രതീക്ഷ കൈവിടാതെ അയാൾ തപ്പിക്കൊണ്ടേയിരിക്കുകയായിരുന്നു.
അവസാനം പതിനഞ്ചു മിനുട്ടുകൾക്ക് ശേഷം അയാൾ സംസാരിക്കാൻ ആരംഭിച്ചു. ലോകം ഞെട്ടാൻ പോകുന്ന ആ വചനം കേൾക്കാൻ മുസ്ലിംകൾ ആകാംക്ഷയോടെ കാത്തിരുന്നു. ലണ്ടനിലും മുസ്ലിംകളെ മലർത്തിയടിച്ച വീഡിയോ പുറത്തു വിടാൻ അനുയായികൾ വെമ്പി നിന്നു. അങ്ങനെ അദ്ദേഹം ചെറിയ സ്വരത്തിൽ പറഞ്ഞു തുടങ്ങി: ‘ഇന്റർനെറ്റ് കിട്ടുന്നില്ല...’
ലണ്ടൻ പോലൊരു മഹാനഗരത്തിൽ ഇന്റർനെറ്റ് കിട്ടാത്തതുകൊണ്ട് ലോകചരിത്രത്തിൽ ഇന്നേവരെ ആരും കേട്ടിട്ടില്ലാത്ത ആ ആയത്ത് മാനവരാശിക്ക് നഷ്ടപ്പെടേണ്ടതില്ലല്ലോ എന്നോർത്ത് അവിടെക്കൂടിയ മുസ്ലിംകളെല്ലാം തങ്ങളുടെ മൊബൈൽ ഫോണുകൾ ഇയാൾക്ക് നേരെ നീട്ടി. ഹൈസ്പീഡ് ഇന്റർനെറ്റും ചാറ്റ് ജിപിറ്റിയുമെല്ലാം ഉണ്ടെന്നും എങ്ങനെയെങ്കിലും ആ ആയത്ത് കണ്ടെത്തിത്തരൂ എന്നുമവർ ആവർത്തിച്ച് ആവശ്യപ്പെട്ടു.
പക്ഷേ, താൻ തിരയുന്ന വചനം ക്വുർആനിലില്ലാത്തതാണ് എന്ന് അതിനോടകം തന്നെ ഇദ്ദേഹത്തിന് മനസ്സിലായിരുന്നു. അല്ലെങ്കിൽ ഇല്ലാത്തത് ഉണ്ടെന്ന് നുണ പറഞ്ഞ് സമർഥിക്കാൻ ശ്രമിച്ചത് പൊളിയാൻ പോകുന്നു എന്ന് തിരിച്ചറിയുന്നു. അതുകൊണ്ട്, തടി തപ്പാൻ എന്തുണ്ട് വഴി എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
‘ഞാൻ അടുത്ത ദിവസം തന്നെ ആ ആയത്ത് ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്യാം’ -
അയാൾ വിറച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.
‘പറ്റില്ല, ഇപ്പോൾ, ഇവിടെ...’
അദ്നാൻ റാഷിദ് പ്രതികരിച്ചത് അല്പം ശബ്ദമുയർത്തിത്തന്നെയായിരുന്നു.
‘കാലങ്ങളായി ഓൺലൈനിൽ താങ്കൾ വിവരമില്ലാത്തവരുടെ മുന്നിൽ കളവുകൾ പറഞ്ഞു പറ്റിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയുമത് ആവർത്തിക്കാൻ പറ്റില്ല. ഇവിടെയിതാ ജീവനോടെ ഞങ്ങൾ മുസ്ലിംകൾ നിന്റെ മുന്നിലിരിക്കുന്നു. നേർക്കുനേർ ഞങ്ങളുടെ മുന്നിൽ തെളിയിക്കാതെ ഓൺലൈനിൽ പോയി വീണ്ടും നുണ പറയാമെന്ന് കരുതേണ്ടതില്ല. താങ്കൾക്ക് വേണ്ടി എത്രനേരം വേണമെങ്കിലും കാത്തിരിക്കാൻ ഞങ്ങളൊരുക്കമാണ്.’
പക്ഷേ, അങ്ങനെയൊരു വചനമില്ലെന്ന് അറിയാവുന്ന ആരിഫ് എങ്ങനെയൊക്കെയോ അവിടെനിന്ന് തടിതപ്പി. രക്ഷപ്പെടാൻ അനുവദിക്കാതെ മുസ്ലിംകൾ പിന്നാലെ പോയി വചനം ചോദിച്ചിട്ടും ഓടിക്കൊണ്ട് രക്ഷപ്പെടുകയായിരുന്നു അദ്ദേഹം.
അതെ, അവസാനം ‘നുണയൻ, നാണക്കേട്...’ എന്ന് അവിടെയുള്ളവരെല്ലാം വിളിച്ചു കൊണ്ടിരിക്കെ അദ്ദേഹം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു!
ഇവരെപ്പോലുള്ള നുണയന്മാർ ഇനിയും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടും. ചർമസൗഭാഗ്യം വേണ്ടുവോളമുള്ളതുകൊണ്ട് ഇതിനെയും ന്യായീകരിക്കും. വീണ്ടും പുതിയ നുണകൾ അറിവില്ലാത്തവരുടെ മുന്നിൽ ഛർദിക്കും. പലരും അത് വിശ്വസിച്ച് തങ്ങളുടെ സഹജീവികളായ മുസ്ലിംകളെ വെറുക്കാൻ തുടങ്ങും.
പക്ഷേ, ജീവിതത്തിൽ ഒരേയൊരു തവണ അറിവുള്ളവരുടെ മുന്നിൽ ചെന്നുപെട്ടപ്പോഴുള്ള ഈ ദൃശ്യങ്ങൾ അപ്പോഴെല്ലാം സത്യാന്വേഷികൾക്കുമുന്നിൽ ഒരു വിളക്കുമാടമായി നിലനിൽക്കും.

