മുസ്ലിം സമുദായം; ഉയർച്ചയും പതനവും
റൈഹാൻ ഷഹീദ്
2026 ഒക്ടോബർ 03, 1448 റബീഉൽ ആഖിർ 22

ബദ്റിലെ വിജയം, യർമൂക്കിലെ പോരാട്ടം, മക്കാവിജയം, ഖുലഫാഉർറാശിദുകളുടെ ഭരണം, ബാഗ്ദാദിലെ ബൈത്തുൽ ഹിക്മ, കോർഡോവയിലെ സർവകലാശാലകൾ, അൻഡലൂസിന്റെ നാഗരികത, സ്വലാഹുദ്ദീൻ അയ്യൂബിയുടെ ധീരത, ഉസ്മാനിയ്യ ഖിലാഫത്ത്... ഇവയെല്ലാം മുസ്ലിംകളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ചരിത്ര സ്മരണയുടെ ഭാഗമാണ്.
എന്നാൽ ഒരു ചോദ്യം നാം സ്വയം ചോദിക്കേണ്ടതുണ്ട്; ചരിത്രം അഭിമാനിക്കാനുള്ളത് മാത്രമാണോ, അല്ലെങ്കിൽ പഠിക്കാനുള്ളതു മാത്രമാണോ? ഇസ്ലാം ചരിത്രത്തെ ഒരിക്കലും ഗൃഹാതുരതയുടെ വിഷയമായി അവതരിപ്പിക്കുന്നില്ല. ക്വുർആൻ മുൻകാല ജനതകളുടെ ചരിത്രം വിവരിക്കുന്നത് അവരുടെ വിജയത്തിന്റെയും പരാജയത്തിന്റെയും കാരണങ്ങൾ പഠിപ്പിക്കാനാണ്, ഗുണപാഠമുൾക്കൊള്ളാനാണ്, വിശ്വാസ ദൃഢതയുടെയും സത്യനിഷേധത്തിന്റെയും അനന്തരഫലങ്ങൾ മനസ്സിലാക്കാനാണ്.
അല്ലാഹു പറയുന്നു: “തീർച്ചയായും അവരുടെ ചരിത്രത്തിൽ ബുദ്ധിയുള്ളവർക്ക് പാഠമുണ്ട്’’ (ക്വുർ ആൻ 12:111). “(നബിയേ,) പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കൂ’’ (ക്വുർആൻ 6:11).
ക്വുർആനിലെ ചരിത്രം വിനോദകഥകളല്ല; അല്ലാഹുവിന്റെ തീരുമാനങ്ങളുടെ (ചരിത്രനിയമങ്ങളുടെ) പാഠങ്ങളാണ്. അതുകൊണ്ടുതന്നെ മുസ്ലിംകൾ ചരിത്രം പഠിക്കുമ്പോൾ അതിരുകടന്ന രണ്ടു സമീപനങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ഒന്നാമത്തെത്, എല്ലാ പ്രശ്നങ്ങൾക്കും കാരണം പുറംശക്തികളാണെന്നത്. രണ്ടാമത്തെത്, പഴയ മഹത്ത്വത്തിന്റെ കഥകൾ മാത്രം പറഞ്ഞ് വർത്തമാനത്തിലെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്.
പൂർവികർ മഹാന്മാരായിരുന്നു എന്നതുകൊണ്ടു മാത്രം നമുക്ക് മഹത്ത്വം ലഭിക്കുകയില്ല. ക്വുർആൻ ഒരു തലമുറയുടെ വിജയത്തെ അടുത്ത തലമുറയ്ക്ക് പാരമ്പര്യമായി നൽകുന്നില്ല. ഓരോ തലമുറയും സ്വന്തം പ്രവർത്തനങ്ങളിലൂടെ തന്നെയാണ് ചരിത്രത്തിൽ സ്ഥാനം നേടേണ്ടത്.
മരുഭൂമിയിൽനിന്ന് ലോകനാഗരികതയിലേക്ക്
ലോകചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു മാറ്റമാണ് ഏഴാം നൂറ്റാണ്ടിൽ അറേബ്യൻ ഉപദ്വീപിൽ സംഭവിച്ചത്. നൂറ്റാണ്ടുകളായി ഗോത്രവൈരവും വിഗ്രഹാരാധനയും സാമൂഹിക അനീതിയും സ്ത്രീപീഡനവും പ്രതികാരസംസ്കാരവും നിറഞ്ഞിരുന്ന ഒരു സമൂഹം ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച നാഗരികതകളിലൊന്നായി മാറി.
ഈ മാറ്റം എങ്ങനെ സംഭവിച്ചു? ചരിത്രകാരന്മാർ ഈ ചോദ്യത്തിന് വിവിധ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. ചിലർ അതിനെ സൈനിക വിജയങ്ങളുടെ ചരിത്രമായി കാണുന്നു. ചിലർ രാഷ്ട്രീയ വിജയമായി വിലയിരുത്തുന്നു. എന്നാൽ ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഈ മാറ്റത്തിന്റെ കേന്ദ്രം ഒരു വ്യക്തിയായിരുന്നു; മുഹമ്മദ് നബിﷺ.
മക്കയിൽ ദിവ്യസന്ദേശ പ്രാചാരണത്തിന്റെ തുടക്കത്തിൽ മുസ്ലിംകൾ എണ്ണത്തിൽ വളരെ കുറവായിരുന്നു. സാമൂഹികമായി അവർ ബഹിഷ്കരിക്കപ്പെട്ടു. സാമ്പത്തിക ഉപരോധം നേരിട്ടു. ശാരീരികമായി പീഡിപ്പിക്കപ്പെട്ടു. ചിലർക്ക് സ്വന്തം നാടു വിട്ട് അബ്സീനിയയിലേക്ക് പലായനം ചെയ്യേണ്ടിവന്നു.
എന്നാൽ വെറും ഇരുപത്തിമൂന്ന് വർഷങ്ങൾക്കുള്ളിൽ അറേബ്യയുടെ ചരിത്രം പൂർണമായും മാറി. ഈ മാറ്റം വാളിന്റെ ശക്തികൊണ്ടായിരുന്നില്ല; മനുഷ്യ മനസ്സിനെ മാറ്റിയതിലൂടെയായിരുന്നു. ക്വുർആൻ ആദ്യം നിർമിച്ചത് ഒരു രാഷ്ട്രത്തെയല്ല; നല്ല മനുഷ്യരെയാണ്. ഒരു സമൂഹത്തിന്റെ ഉയർച്ച വ്യക്തികളുടെ പരിവർത്തനത്തിൽനിന്നാണ് ആരംഭിക്കുന്നതെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മദീനയിൽ സ്ഥാപിതമായ സമൂഹം അതിന്റെ ഉത്തമ ഉദാഹരണമാണ്. മുഹാജിറുകളും അൻസ്വാറുകളും തമ്മിലുള്ള സാഹോദര്യം പോലൊന്ന് ചരിത്രത്തിൽ അപൂർവമാണ്. ഗോത്രം, വർഗം, സമ്പത്ത്, ഭാഷ എന്നിവയെ അടിസ്ഥാനമാക്കിയല്ല, വിശ്വാസത്തെ അടിസ്ഥാനമാക്കിയായിരുന്നു ആ സമൂഹം രൂപപ്പെട്ടത്.
അബൂബക്കർ(റ) അധികാരമേറ്റയുടൻ നടത്തിയ പ്രസംഗം ഇന്നും ഉത്തമ ഭരണാധികാരിയുടെ മാതൃകയായി പഠിക്കപ്പെടുന്നു. ‘ഞാൻ നന്മ ചെയ്താൽ എന്നെ സഹായിക്കുക, ഞാൻ തെറ്റു ചെയ്താൽ എന്നെ തിരുത്തുക’ എന്നതായിരുന്നു അതിന്റെ അകക്കാമ്പ്. അധികാരം വിമർശനത്തിന് അതീതമല്ല എന്ന സന്ദേശമാണ് അതിലുള്ളത്.

ഉമർ(റ)വിന്റെ ഭരണകാലത്ത് നീതി, ഭരണസംവിധാനം, സാമ്പത്തിക പരിഷ്കാരങ്ങൾ, പൊതുഭരണം എന്നിവ പുതിയ ഉയരങ്ങളിലെത്തി. ചരിത്രകാരനായ ഫിലിപ്പ് ഹിറ്റിയുടെ അഭിപ്രായത്തിൽ, ‘ഉമറിന്റെ ഭരണസംവിധാനം ലോകചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ ഭരണസംവിധാനങ്ങളിൽ ഒന്നായിരുന്നു.’
എന്നാൽ മുസ്ലിംകളുടെ ഉയർച്ചയുടെ ഏറ്റവും വലിയ കാരണം അവരുടെ രാഷ്ട്രീയ ശക്തിയായിരുന്നില്ല. അത് അവരുടെ മൂല്യങ്ങളായിരുന്നു. അവർ ക്വുർആനിനെ ജീവിതത്തിന്റെ കേന്ദ്രമാക്കി. അറിവിനെ ആരാധനയുടെ ഭാഗമായി കണ്ടു. നീതിയെ അധികാരത്തെക്കാൾ വലിയ മൂല്യമായി ഉയർത്തിപ്പിടിച്ചു. അച്ചടക്കത്തെ വിജയത്തിന്റെ അടിസ്ഥാനമാക്കി.
പ്രവാചകൻﷺ തന്റെ അനുചരന്മാരെ യോദ്ധാക്കളും അധ്യാപകരും ന്യായാധിപന്മാരും വ്യാപാരികളും ഭരണാധികാരികളും ദഅ്വത്ത് നടത്തുന്നവരുമൊക്കെയാക്കി വളർത്തി. ഒരു സമൂഹത്തിന്റെ യഥാർഥ ഉയർച്ച ആരംഭിക്കുന്നത് രാഷ്ട്രീയ വിജയത്തിൽനിന്നല്ല; വിശ്വാസത്തിലും സ്വഭാവത്തിലും വിജ്ഞാനത്തിലും സംഭവിക്കുന്ന പരിവർത്തനത്തിൽനിന്നാണ് എന്ന വസ്തുതയാണ് ഈ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: “...ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളിൽ മാറ്റം വരുത്തുന്നതു വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീർച്ച...’’ (ക്വുർആൻ 13:11). നല്ല മനുഷ്യരെ സൃഷ്ടിക്കാതെ മഹത്തായ ചരിത്രം സൃഷ്ടിക്കാൻ കഴിയുകയില്ല.
ഇസ്ലാമിക നാഗരികതയുടെ സുവർണകാലം
മുഹമ്മദ് നബിﷺയും ഖലീഫമാരും വാർത്തെടുത്ത മൂല്യാധിഷ്ഠിത സമൂഹം പിന്നീട് ലോകചരിത്രത്തിലെ ഏറ്റവും വലിയ നാഗരികതകളിലൊന്നായി വളർന്നു. ഉമവി, അബ്ബാസി, സെൽജൂഖ്, ഉസ്മാനിയ്യ ഭരണകാലങ്ങളിലായി മുസ്ലിം ലോകം രാഷ്ട്രീയമായും സാമ്പത്തികമായും ബൗദ്ധികമായും അഭൂതപൂർ വമായ വളർച്ച കൈവരിച്ചു.
ചരിത്രകാരനായ മാർഷൽ ഹോഡ്ജ്സൺ (Marshall G. S. Hodgson) The Venture of Islam എന്ന പുസ്തകത്തിൽ ഇസ്ലാമിക നാഗരികതയെ മനുഷ്യചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള നാഗരികതകളിലൊന്നായി വിശേഷിപ്പിക്കുന്നുണ്ട്. കാരണം മുസ്ലിംകൾ സാമ്രാജ്യങ്ങൾ സ്ഥാപിച്ചതോടൊപ്പം വിജ്ഞാനത്തെയും ശാസ്ത്രത്തെയും സംസ്കാരത്തെയും ലോകത്തിന് സംഭാവന ചെയ്യുകയും ചെയ്തു.
അബ്ബാസി ഖിലാഫത്തിന്റെ തലസ്ഥാനമായ ബാഗ്ദാദ് അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകേന്ദ്രങ്ങളിലൊന്നായിരുന്നു. ഖലീഫ അൽമഅ്മൂന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ‘ബൈത്തുൽ ഹിക്മ’ ലോകത്തിലെ ആദ്യകാല മഹത്തായ ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഗ്രീക്ക്, പേർഷ്യൻ, ഇന്ത്യൻ, സുറിയാനി ഭാഷകളിലെ ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഈ വിവർത്തന പ്രസ്ഥാനം പിന്നീട് പുതിയ ഗവേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും വഴിയൊരുക്കി.
ഗണിതശാസ്ത്രത്തിൽ മുഹമ്മദ് ഇബ്നു മൂസാ അൽഖവാരിസ്മി (Al-Khwarizmi) ബീജഗണിതത്തിന് (Algebra) അടിത്തറ പാകി. ‘Algorithm’ എന്ന ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിലെ സുപ്രധാന പദം അദ്ദേഹത്തിന്റെ പേരിൽനിന്നാണ് ഉത്ഭവിച്ചത്.
വൈദ്യശാസ്ത്രത്തിൽ ഇബ്നു സീനയുടെ ‘അൽകാനൂനു ഫിത്ത്വിബ്ബ്’ നൂറ്റാണ്ടുകളോളം യൂറോപ്യൻ സർവകലാശാലകളിൽ പാഠപുസ്തകമായി ഉപയോഗിക്കപ്പെട്ടു. ശസ്ത്രക്രിയാ രംഗത്ത് ‘സഹ്റാവി’ വികസിപ്പിച്ച ഉപകരണങ്ങളും ചികിത്സാരീതികളും ആധുനിക ശസ്ത്രക്രിയയുടെ വളർച്ചയെ സ്വാധീനിച്ചു.

ഭൗതികശാസ്ത്രത്തിലും പ്രകാശശാസ്ത്രത്തിലും ഇബ്നുൽ ഹയ്ഥം (Ibn al-Haytham) നടത്തിയ ഗവേഷണങ്ങൾ ആധുനിക ശാസ്ത്രീയ രീതിയുടെ (Scientific Method) വികാസത്തിൽ നിർണായക സംഭാവന നൽകി. ചരിത്രകാരന്മാർ പലരും അദ്ദേഹത്തെ ‘ആദ്യത്തെ യഥാർഥ ശാസ്ത്രജ്ഞൻ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, രസതന്ത്രം, കൃഷിശാസ്ത്രം, സാഹിത്യം, സാമ്പത്തികശാസ്ത്രം തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും മുസ്ലിം പണ്ഡിതന്മാർ ശ്രദ്ധേയമായ സംഭാവനകൾ നൽകിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
കോർഡോവ, കെയ്റോ, ദമസ്കസ്, സമർഖന്ദ്, ബുഖാറ, ഇസ്താംബുൾ തുടങ്ങിയ നഗരങ്ങൾ വിജ്ഞാനത്തിന്റെ ആഗോള കേന്ദ്രങ്ങളായി മാറി. അൻഡലൂസിലെ കോർഡോവ സർവകലാശാലയിലും ഗ്രന്ഥശാലകളിലും പഠിക്കാൻ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ എത്തിയിരുന്നു. ക്വുർആനും ഹദീസും പഠിച്ച അതേ സമൂഹം ഗണിതവും വൈദ്യശാസ്ത്രവും എഞ്ചിനീയറിംഗും ജ്യോതിശാസ്ത്രവും സാമ്പത്തികശാസ്ത്രവും പഠിച്ചു. മതവും ശാസ്ത്രവും പരസ്പരവിരുദ്ധമാണെന്ന ആശയം മുസ്ലിം നാഗരികതയിൽ ഉണ്ടായിരുന്നില്ല.
വിജയത്തിന്റെ യഥാർഥ കാരണം
മുസ്ലിംകളുടെ ഉയർച്ചയ്ക്കു പിന്നിൽ വർത്തിച്ച പ്രധാന ഘടകം ശക്തമായ സൈന്യമോ സമ്പദ്വ്യവസ്ഥയോ അല്ല; ആഴത്തിലുള്ള ചില മൂല്യങ്ങളാണ്:
1. തൗഹീദ് കേന്ദ്രീകൃതമായ ലോകവീക്ഷണം
ഇസ്ലാം മനുഷ്യനെ അല്ലാഹുവിന്റെ അടിമയും ഭൂമിയിൽ അല്ലാഹു ചില ഉത്തരവാദിത്തങ്ങൾ ഏൽപിച്ച സൃഷ്ടിയുമായി കാണുന്നു. ഈ ലോകവീക്ഷണം ജീവിതത്തിന് വ്യക്തമായ ലക്ഷ്യം നൽകി. അധികാരവും സമ്പത്തും അന്തിമലക്ഷ്യങ്ങളായിരുന്നില്ല; അല്ലാഹുവിന്റെ പ്രീതിയായിരുന്നു ലക്ഷ്യം.
2. വിജ്ഞാനത്തിനു നൽകിയ പ്രാധാന്യം
ക്വുർആനിലെ ആദ്യ വെളിപാടുതന്നെ ‘നീ വായിക്കുക’ (ഇക്വ്റഅ്) എന്ന കൽപനയോടെയാണ് ആരംഭിക്കുന്നത്. അല്ലാഹു ചോദിക്കുന്നു: ‘അറിയുന്നവരും അറിയാത്തവരും ഒരുപോലെയാണോ?’ (ക്വുർആൻ 39:9). ഇതുപോലുള്ള ക്വുർആനിക വചനങ്ങളാണ് വിജ്ഞാനം തേടുന്നതിനെ മതത്തിന്റെ ഭാഗമായി കാണാൻ മുസ്ലിംകളെ പ്രേരിപ്പിച്ചത്. അന്നത്തെ പള്ളികൾ ആരാധനാലയങ്ങൾ മാത്രമായിരുന്നില്ല; പഠനകേന്ദ്രങ്ങൾ കൂടിയായിരുന്നു.
3. നീതിയിൽ അധിഷ്ഠിതമായ ഭരണസംവിധാനം
ക്വുർആൻ പറയുന്നു: “വിശ്വസിച്ചേൽപിക്കപ്പെട്ടവ അവയുടെ അവകാശികൾക്ക് നിങ്ങൾ കൊടുത്തുവീട്ടണമെന്നും ജനങ്ങൾക്കിടയിൽ നിങ്ങൾ തീർപ്പു കൽപിക്കുകയാണെങ്കിൽ നീതിയോടെ തീർപ്പുകൽപിക്കണമെന്നും അല്ലാഹു നിങ്ങളോടു കൽപിക്കുന്നു’’ (ക്വുർആൻ 4:58).
ചരിത്രത്തിൽ ചില മുസ്ലിം ഭരണാധികാരികളുടെ എല്ലാ തീരുമാനങ്ങളും ഈ ആദർശത്തിന് അനുസൃതമായിരുന്നുവെന്ന് പറയാനാവില്ല; അപവാദങ്ങൾ കണ്ടേക്കാം. എന്നിരുന്നാലും നീതി എന്ന മൂല്യം ഭരണത്തിന്റെ അടിസ്ഥാന തത്ത്വമായി അംഗീകരിക്കപ്പെട്ടിരുന്നു.
4. സാമൂഹിക ഉത്തരവാദിത്തം
സകാത്ത്, വഖ്ഫ്, ദാനധർമങ്ങൾ (സ്വദഖ), ബൈത്തുൽമാൽ തുടങ്ങിയവ സാമ്പത്തിക നീതിയും സാമൂഹിക ക്ഷേമവും ഉറപ്പാക്കാൻ സഹായിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രങ്ങൾ, അനാഥാലയങ്ങൾ എന്നിവയിൽ പലതും വഖ്ഫ് സമ്പ്രദായത്തിലൂടെയാണ് പ്രവർത്തിച്ചിരുന്നത്.
5. തുറന്ന ബൗദ്ധിക സംസ്കാരം
ആദ്യകാല മുസ്ലിം പണ്ഡിതന്മാർ വിജ്ഞാനം എവിടെനിന്നാണെന്നതല്ല, അത് സത്യമാണോ എന്നതാണ് പ്രധാനമെന്ന് കരുതി. ഇന്ത്യയിൽനിന്നുള്ള ഗണിതശാസ്ത്രവും പേർഷ്യയിൽനിന്നുള്ള ഭരണസംവിധാനങ്ങളും അവർ പഠിക്കുകയും വിമർശനാത്മകമായി വിലയിരുത്തുകയും വികസിപ്പിക്കു കയും ചെയ്തു.
ഇമാം ശാഫിഈയുടെ വാക്കുകൾ ശ്രദ്ധേയമാണ്: ‘എന്റെ അഭിപ്രായം ശരിയാണ്; എന്നാൽ തെറ്റായിരിക്കാനും സാധ്യതയുണ്ട്. മറ്റൊരാളുടെ അഭിപ്രായം തെറ്റാണ്; എന്നാൽ ശരിയായിരിക്കാനും സാധ്യതയുണ്ട്.’ ഇത്തരത്തിലുള്ള ബൗദ്ധിക വിനയമാണ് ഗവേഷണങ്ങൾക്കും ആരോഗ്യകരമായ സംവാദങ്ങൽക്കും വഴിയൊരുക്കിയത്.
6. ധാർമികതയും സ്വഭാവശുദ്ധിയും
ഇസ്ലാമിക നാഗരികതയുടെ ശക്തി നല്ല മനുഷ്യരെ രൂപപ്പെടുത്തുന്നതിലായിരുന്നു. വിശ്വാസവും ധാർമികതയും അച്ചടക്കവും ഉത്തരവാദിത്തബോധവും ആ സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളായിരുന്നു. അല്ലാഹു മുസ്ലിം സമൂഹത്തെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്: “മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽനിന്ന് വിലക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു’’ (ക്വുർആൻ 3:110).
ഈ സൂക്തത്തിൽ അല്ലാഹു മുസ്ലിംകളെ ‘ഉത്തമ സമുദായം’ എന്ന് വിശേഷിപ്പിക്കുന്നത് അവരുടെ ചരിത്രമോ വംശപരമ്പരയോ വിലയിരുത്തിക്കൊണ്ടല്ല; അവർ നിർവഹിക്കുന്ന ഉത്തരവാദിത്തങ്ങൾ കൊണ്ടാണ്. ഇതാണ് മുസ്ലിം ചരിത്രം നൽകുന്ന ഏറ്റവും വലിയ പാഠം. നാഗരികതകൾ സൈനിക ശക്തികൊണ്ടല്ല നിലനിൽക്കുന്നത്; മൂല്യങ്ങൾകൊണ്ടാണ്, വിജ്ഞാനത്താലാണ്, നീതിയാലാണ്, സ്വഭാവശുദ്ധിയാലാണ്.
പതനം എങ്ങനെ ആരംഭിച്ചു?
മുസ്ലിം ചരിത്രത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്ന വിഷയങ്ങളിലൊന്നാണ് ‘പതനം.’ ചിലർ മുസ്ലിം ലോകത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം മംഗോളിയൻ ആക്രമണമാണെന്ന് കരുതുന്നു. മറ്റുചിലർ യൂറോപ്യൻ കൊളോണിയലിസത്തെയാണ് ഏക കാരണമായി പറയുന്നത്. എന്നാൽ ചരിത്രവസ്തുത ഇവ മാത്രമല്ല.
ഒരു നാഗരികതയും ഒരു ദിവസംകൊണ്ട് തകരുന്നില്ല. അതിന്റെ പതനം ആരംഭിക്കുന്നത് അകത്തു നിന്നാണ്. ശേഷമാണ് പുറമെനിന്നുള്ള ശക്തികൾ അതിനെ കൂടുതൽ ദുർബലമാക്കുന്നത്. ഇബ്നു ഖൽദൂൻ തന്റെ പ്രശസ്ത കൃതിയായ ‘മുഖദ്ദിമ’യിൽ നാഗരികതകളുടെ ഉയർച്ചയും പതനവും വിശകലനം ചെയ്യുമ്പോൾ പറയുന്നത്, ഒരു സമൂഹത്തിന്റെ ആന്തരിക ഐക്യവും ധാർമികശക്തിയും ദുർബലമാകുമ്പോൾ അതിന്റെ രാഷ്ട്രീയ ശക്തിയും ക്രമേണ ക്ഷയിച്ചുതുടങ്ങുമെന്നാണ്.
1. രാഷ്ട്രീയ വിഭജനങ്ങൾ
പ്രവാചകന്റെയും ഖുലഫാഉർറാശിദീന്റെയും കാലത്ത് മുസ്ലിം സമൂഹത്തിന്റെ ഏറ്റവും വലിയ ശക്തി അവരുടെ ഐക്യമായിരുന്നു. എന്നാൽ പിന്നീട് അധികാരമത്സരങ്ങളും ആഭ്യന്തര യുദ്ധങ്ങളും വിഭാഗീയതയും ശക്തിപ്പെട്ടു. ഉമവികളുടെയും അബ്ബാസികളുടെയും കാലത്ത് ഭരണപരമായ നിരവധി നേട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും, അധികാരത്തിനുവേണ്ടിയുള്ള സംഘർഷങ്ങളും ആഭ്യന്തര കലാപങ്ങളും രാഷ്ട്രീയ സ്ഥിരതയെ ബാധിച്ചു.
2. ആഡംബരവും അധികാരാസക്തിയും
ആദ്യകാല മുസ്ലിം ഭരണാധികാരികളുടെ ജീവിതം ലാളിത്യത്തിന്റെയും ഉത്തരവാദിത്തബോധത്തിന്റെയും പ്രതീകമായിരുന്നു. ഉമർ(റ) രാത്രിയിൽ സാധാരണ ജനങ്ങളുടെ അവസ്ഥയന്വേഷിച്ച് തെരുവു കളിലൂടെ നടന്ന ഭരണാധികാരിയായിരുന്നു. എന്നാൽ പിന്നീട് ചില ഭരണകൂടങ്ങളിൽ രാജകീയ ആഡംബരവും കൊട്ടാരജീവിതവും അധികാരമത്സരങ്ങളും വർധിച്ചു.
ഇബ്ുന ഖൽദൂൻ പറയുന്നതുപോലെ, ആഡംബരം ഒരു നാഗരികതയുടെ വളർച്ചയുടെ ഫലമായിരിക്കാം; എന്നാൽ അത് അതിന്റെ തകർച്ചയുടെ തുടക്കവുമാകാം.
3. വിജ്ഞാനത്തോടുള്ള അവഗണന
ഒരുകാലത്ത് ലോകത്തിന്റെ വിജ്ഞാന കേന്ദ്രങ്ങളായിരുന്ന മുസ്ലിം നഗരങ്ങളിൽ പിന്നീട് ഗവേഷണവും നവോത്ഥാനവും ക്രമേണ കുറഞ്ഞു. മുൻഗാമികൾ എഴുതിയതു മാത്രം ആവർത്തിക്കുന്ന സംസ്കാരം ക്രമേണ ശക്തിപ്പെട്ടു. പുതിയ ചോദ്യങ്ങൾക്ക് പുതിയ ഉത്തരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ കുറഞ്ഞു. ഒരുകാലത്ത് ലോകത്തെ പഠിപ്പിച്ച സമൂഹം പിന്നീട് മറ്റുള്ളവരിൽനിന്ന് പഠിക്കുന്നതിൽ ഒതുങ്ങാൻ നിർബന്ധിതരായി.
4. ബാഹ്യ വെല്ലുവിളികൾ
ആന്തരിക ദുർബലതകൾക്കൊപ്പം ബാഹ്യ ആക്രമണങ്ങളും മുസ്ലിം ലോകത്തെ ശക്തമായി ബാധിച്ചു. കുരിശുയുദ്ധങ്ങൾ മുസ്ലിം ലോകത്തെ ദീർഘകാല യുദ്ധങ്ങളിലേക്ക് തള്ളിവിട്ടു. 1258ൽ മംഗോളി യർ ബാഗ്ദാദ് ആക്രമിച്ച് അബ്ബാസി ഖിലാഫത്തിന്റെ തലസ്ഥാനം തകർത്തു. ചരിത്രത്തിലെ ഏറ്റവും വലിയ ബൗദ്ധിക ദുരന്തങ്ങളിലൊന്നായിരുന്നു അത്. ആയിരക്കണക്കിനു പണ്ഡിതന്മാർ കൊല്ലപ്പെട്ടു. നൂറ്റാണ്ടുകളായി ശേഖരിച്ച ഗ്രന്ഥങ്ങൾ നശിപ്പിക്കപ്പെട്ടു.
പിന്നീട് യൂറോപ്യൻ കൊളോണിയലിസം മുസ്ലിം ലോകത്തിന്റെ വലിയൊരു ഭാഗത്തെ രാഷ്ട്രീയമായും സാമ്പത്തികമായും നിയന്ത്രണത്തിലാക്കി. എന്നാൽ ഈ സംഭവങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ചരിത്രത്തെ അപൂർണമാക്കും. മാർഷൽ ഹോഡ്ജ്സൺ എഴുതുന്നത് ശ്രദ്ധേയമാണ്. പുറമെനിന്നുള്ള ആക്രമണങ്ങൾ വിജയിക്കുന്നത് പലപ്പോഴും ആന്തരിക ദുർബലതകൾ ശക്തമായപ്പോൾ മാത്രമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ചരിത്രത്തിന്റെ ഏറ്റവും വലിയ പാഠം ഇതാണ്. ശത്രുക്കളെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് ഒരു സമൂഹത്തിനും ഉയരാനാവില്ല. ആത്മവിമർശനവും ആത്മപരിഷ്കരണവും കൂടിയേ നവോത്ഥാനം സാധ്യമാകൂ.
പതനം എന്നത് പൂർണമായ തകർച്ചയാണോ?
‘മുസ്ലിം നാഗരികത തകർന്നു’ എന്ന വാചകം നാം പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ ചരിത്രപരമായി ഇത് ശരിയല്ല. കാരണം മുസ്ലിം ചരിത്രം ഒരു സാമ്രാജ്യത്തിന്റെ ചരിത്രമല്ല. അത് ഒരു ഉമ്മത്തിന്റെ ചരിത്രമാണ്. ഒരു കേന്ദ്രം ദുർബലമായപ്പോൾ മറ്റൊരു കേന്ദ്രം ഉയർന്നുവന്നു. ഒരു സാമ്രാജ്യം അവസാനിച്ചപ്പോൾ മറ്റൊന്ന് രൂപപ്പെട്ടു. 1258ൽ ബാഗ്ദാദ് വീണു. പലരും അതിനെ മുസ്ലിം നാഗരികതയുടെ അവസാനമായി കണ്ടു. എന്നാൽ അതുണ്ടായില്ല. ഈജിപ്തിലെ മംലൂക്കുകൾ മംഗോളിയരെ ഐൻജാലൂത് യുദ്ധത്തിൽ പരാജയപ്പെടുത്തി. ഇസ്ലാമികലോകം വീണ്ടും ശക്തിപ്പെട്ടു.

1492ൽ അൻഡലൂസ് നഷ്ടപ്പെട്ടു. അതൊരു മഹത്തായ ദുരന്തമായിരുന്നു. എന്നാൽ അതേ കാലഘട്ടത്തിൽ ഉസ്മാനിയ്യ സാമ്രാജ്യം ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ശക്തികളിലൊന്നായി വളരുകയായിരുന്നു. ഇന്ത്യയിൽ ദില്ലി സുൽത്താന്മാരും പിന്നീട് മുഗൾ സാമ്രാജ്യവും വിദ്യാഭ്യാസത്തിന്റെയും കലകളുടെയും നിർമാണവിദ്യയുടെയും പുതിയ കേന്ദ്രങ്ങൾ സൃഷ്ടിച്ചു. കാലം മാറുമ്പോൾ കേന്ദ്രങ്ങളും മാറി. എന്നാൽ ഉമ്മത്ത് നിലനിന്നു. ഇവിടെനിന്ന് നമുക്ക് മറ്റൊരു പാഠം ലഭിക്കുന്നു; ഒരു മുസ്ലിമിന്റെ പ്രത്യാശ ഒരു രാഷ്ട്രീയ ഭരണകൂടത്തിലല്ല, അല്ലാഹുവിന്റെ വാഗ്ദാനത്തിലാണ്. ക്വുർആൻ പറയുന്നു: “...അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷേ, മനുഷ്യരിൽ അധികപേരും അത് മനസ്സിലാക്കുന്നില്ല’’ (ക്വുർആൻ 12:21)
അതേസമയം ഈ ചരിത്രം മറ്റൊരു മുന്നറിയിപ്പും നൽകുന്നു. പഴയ വിജയങ്ങൾ പുതിയ വിജയങ്ങൾക്ക് ഉറപ്പല്ല. ഉമർ(റ)വിന്റെ ഭരണകാലത്തെക്കുറിച്ച് അഭിമാനിക്കുന്നതുകൊണ്ട് മാത്രം ഇന്നത്തെ മുസ്ലിം സമൂഹം വിജയിക്കുകയില്ല.
ഇബ്നു ഹയ്ഥമിനെയും അൽഖവാരിസ്മിയെയും പ്രശംസിക്കുന്നതുകൊണ്ട് മാത്രം പുതിയ ശാസ്ത്രജ്ഞർ ഉണ്ടാകുകയില്ല. സ്വലാഹുദ്ദീൻ അയ്യൂബിയെക്കുറിച്ച് പ്രസംഗിക്കുന്നതുകൊണ്ടുമാത്രം പുതിയ സ്വലാഹുദ്ദീന്മാർ ഉയർന്നുവരുകയില്ല. ഓരോ തലമുറയും സ്വന്തം ഉത്തരവാദിത്തം നിർവഹിക്കണം. ചരിത്രം നമ്മെ പ്രചോദിപ്പിക്കണം. പക്ഷേ, ചരിത്രം നമ്മെ ഉറക്കരുത്. ഭൂതകാല മഹത്ത്വത്തിൽ മയങ്ങിക്കിടക്കുന്ന സമൂഹങ്ങൾ ഭാവി നിർമിക്കുകയില്ല. ചരിത്രത്തിൽനിന്ന് പാഠം പഠിച്ച് പുതിയ ചരിത്രം സൃഷ്ടിക്കുന്നവരാണ് ലോകത്തെ നയിക്കുന്നത്. അതുകൊണ്ടുതന്നെ മുസ്ലിം ചരിത്രത്തിന്റെ ഏറ്റവും വലിയ സന്ദേശം പഴയ മഹത്ത്വത്തെ ആഘോഷിക്കുക എന്നതല്ല; ആ മഹത്ത്വം സൃഷ്ടിച്ച മൂല്യങ്ങളെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതാണ്.
മുസ്ലിം ലോകവും വർത്തമാനകാല വെല്ലുവിളികളും
ചരിത്രം വെറും ഭൂതകാലത്തിന്റെ കഥയല്ല. അത് വർത്തമാനത്തെ മനസ്സിലാക്കാനുള്ള കണ്ണാടി കൂടിയാണ്. അതുകൊണ്ടുതന്നെ മുസ്ലിം ചരിത്രത്തിൽനിന്ന് പാഠങ്ങൾ പഠിക്കണമെങ്കിൽ ഇന്നത്തെ മുസ്ലിം ലോകത്തിന്റെ അവസ്ഥയും സത്യസന്ധമായി വിലയിരുത്തേണ്ടതുണ്ട്.
ലോകജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് മുസ്ലിംകളാണ്. അമ്പതിലധികം രാജ്യങ്ങളിൽ മുസ്ലിംകൾ ഭൂരിപക്ഷമാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജസ്രോതസ്സുകളിൽ പലതും മുസ്ലിം രാജ്യങ്ങളിലാണ്. എന്നിട്ടും ഒരു വിരോധാഭാസം നാം കാണുന്നു. ശാസ്ത്രഗവേഷണത്തിൽ മുസ്ലിം ലോകത്തിന്റെ പങ്കു വളരെ പരിമിതമാണ്. ലോകത്തിലെ മികച്ച സർവകലാശാലകളുടെ പട്ടികയിൽ മുസ്ലിം രാജ്യങ്ങളുടെ സാന്നിധ്യം കുറവാണ്. ഗവേഷണ-വികസന-നിക്ഷേപത്തിൽ പല മുസ്ലിം രാജ്യങ്ങളും പിന്നിലാണ്. സാങ്കേതികവിദ്യയിൽ മറ്റുള്ളവരെ ആശ്രയിക്കേണ്ട സാഹചര്യം നിലനിൽക്കുന്നു. ഇത് മുസ്ലിംകളുടെ കഴിവില്ലായ്മകൊണ്ടല്ല; വിദ്യാഭ്യാസം, ഗവേഷണം, സ്ഥാപനനിർമാണം എന്നിവയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകാത്തതിന്റെ ഫലമാണ്.
രാഷ്ട്രീയ മേഖലയിലും സമാനമായ വെല്ലുവിളികളുണ്ട്. പല മുസ്ലിം രാജ്യങ്ങളും ആഭ്യന്തര സംഘർഷങ്ങളിലൂടെയും വിഭാഗീയതയിലൂടെയും കടന്നുപോകുകയാണ്. ചിലയിടങ്ങളിൽ ആഭ്യന്തര യുദ്ധങ്ങൾ, മറ്റുചിലയിടങ്ങളിൽ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ, മറ്റൊരിടത്ത് വിദേശ ഇടപെടലുകൾ, മറ്റൊരിടത്ത് സാമ്പത്തിക പ്രതിസന്ധികൾ. ക്വുർആൻ മുസ്ലിംകളെ ഒരു ഉമ്മത്തായി അവതരിപ്പിക്കുമ്പോൾ ഇന്ന് അവർ പലപ്പോഴും ദേശീയതയുടെയും വിഭാഗീയതയുടെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു.
അതേസമയം മുസ്ലിം ലോകം നേരിടുന്ന വെല്ലുവിളികൾ ആഭ്യന്തര പ്രശ്നങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ഇസ്ലാമോഫോബിയ ലോകത്തിന്റെ പല ഭാഗങ്ങളിലും വർധിച്ചുവരികയാണ്. മാധ്യമങ്ങളിലൂടെ ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റായ ധാരണകൾ പ്രചരിപ്പിക്കപ്പെടുന്നു. ചില രാജ്യങ്ങളിൽ മുസ്ലിംകൾ വിവേചനവും വിദ്വേഷവും നേരിടുന്നു. എന്നാൽ ഇതെല്ലാം നിരാശയുടെ കാരണമാകേണ്ടതില്ല. കാരണം ഇന്നത്തെ മുസ്ലിം ലോകത്ത് പ്രതീക്ഷ നൽകുന്ന നിരവധി സൂചനകളും കാണാം.
ലോകമെമ്പാടുമുള്ള മുസ്ലിം യുവാക്കൾ ഉന്നത വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. ഇസ്ലാമിക ധനകാര്യ സംവിധാനം (Islamic Finance) ലോകവ്യാപകമായി വളരുന്നു. ഹലാൽ സമ്പദ്വ്യവസ്ഥ, സാങ്കേതികവിദ്യ, മെഡിക്കൽ ഗവേഷണം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ മുസ്ലിം യുവതലമുറയുടെ സാന്നിധ്യം വർധിച്ചുവരുന്നു. അറിവ്, ഗവേഷണം, സാമൂഹിക സേവനം, ദഅ്വത്ത് എന്നിവയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ സംരംഭങ്ങൾ രൂപപ്പെടുന്നുണ്ട്.
ചരിത്രം നമ്മെ പഠിപ്പിക്കുന്നത് പ്രതിസന്ധികൾ ശാശ്വതമല്ല എന്നാണ്. എന്നാൽ ഉയർച്ച സ്വയം സംഭവിക്കുകയുമില്ല. അതിന് ക്വുർആൻ പഠിപ്പിക്കുന്ന അടിസ്ഥാന തത്ത്വങ്ങളിലേക്ക് മടങ്ങിവരേണ്ടതുണ്ട്.
(അടുത്ത ലക്കത്തിൽ: ചരിത്രം; ക്വുർആനിന്റെ വീക്ഷണം).

