ഫെമിനിസം, നിരീശ്വരവാദം,ഇസ്ലാം
മുഹമ്മദ് ഫയാസ്, നാദാപുരം
2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

ആധുനിക കാലത്ത് മുസ്ലിം സ്ത്രീകൾ പാരമ്പര്യ മതാധ്യാപനങ്ങളും സമകാലിക പാശ്ചാത്യ അജണ്ടകളും തമ്മിലുള്ള വലിയൊരു ആശയപരമായ വടംവലിയ്ക്കിടയിലാണ് ജീവിക്കുന്നത്. ഒരുവശത്ത് സ്രഷ്ടാവു കൽപിച്ച ഇസ്ലാമിക നിയമങ്ങളോടുള്ള പ്രതിബദ്ധത; മറുവശത്ത് ഫെമിനിസം, നിരീശ്വരവാദം തുടങ്ങിയ വിവിധ പ്രലോഭനങ്ങളും പരീക്ഷണങ്ങളും. ഇതിനു പുറമെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉയർന്നുവരുന്ന പുരുഷാധിപത്യ സ്വഭാവമുള്ള പുരുഷന്മാരുടെ പെരുമാറ്റ രീതികളും സ്ത്രീകളെ അസ്വസ്ഥരാക്കുന്നുണ്ട്. ഫെമിനിസ്റ്റുകളാകട്ടെ ഇസ്ലാമിലെ സ്ത്രീകളുടെ പദവിയെക്കുറിച്ച് നിരന്തരം സംശയങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. ഈ പരീക്ഷണങ്ങളുടെ മധ്യത്തിൽ സത്യം തിരയുന്ന ഓരോ പെൺകുട്ടിക്കും വ്യക്തമായ വഴികാട്ടിയാകാൻ ഈ വിഷയങ്ങളെക്കുറി ച്ചുള്ള ആഴത്തിലുള്ളതും വസ്തുതാപരവുമായ വിശകലനം അനിവാര്യമാണ്.
പാശ്ചാത്യ ഫെമിനിസത്തിന്റെ ഉത്ഭവം
പാശ്ചാത്യ രാജ്യങ്ങളിൽ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറയിട്ടത് ഫ്രഞ്ച് എഴുത്തുകാരിയായ സിമോൺ ഡി ബൊവെ (Simone de Beauvoir) ആണ്. അവരുടെ ‘ദി സെക്കൻഡ് സെക്സ്’ (The Second Sex) എന്ന പുസ്തകം ‘ഫെമിനിസത്തിന്റെ ബൈബിൾ’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്തുകൊണ്ടാണ് ഇത്തരമൊരു പ്രസ്ഥാനം പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉണ്ടായതെന്നു മനസ്സിലാക്കാൻ അവിടുത്തെ ചരിത്രപരമായ പശ്ചാത്തലം പരിശോധിക്കണം.
സിമോൺ ഡി ബൊവെ വളർന്നത് സ്ത്രീവിരുദ്ധത അതിന്റെ അത്യുന്നതിയിൽ നിന്ന ഒരു പാശ്ചാത്യ-ക്രിസ്തീയ സംസ്കാരത്തിലായിരുന്നു. യൂറോപ്പിലെ ചർച്ചിന്റെ ഏറ്റവും വലിയ പണ്ഡിതന്മാരിൽ ഒരാളായ ജോൺ ക്രിസോസ്റ്റം (John Chrysostom) പഠിപ്പിച്ചത് ‘സ്ത്രീയെക്കാൾ ഉപദ്രവകാരിയായ മറ്റൊരു മൃഗത്തെയും നിങ്ങൾ കണ്ടെത്തുകയില്ല’ എന്നാണ്.
പ്രമുഖ കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ തോമസ് അക്വിനാസ് (Thomas Aquinas) വാദിച്ചത് സ്ത്രീകൾ പുരുഷന്മാരെക്കാൾ താഴ്ന്നവരാണെന്നാണ്. ബൈബിളിലെ സഭാപ്രസംഗകന്റെ പുസ്തകത്തിൽ (Book of Ecclesiastes) പറയുന്നു: ‘സ്ത്രീ മരണത്തെക്കാൾ കൈപ്പുള്ളവളാണ്.’ ജ്ഞാനോദയത്തിന്റെ (Enlightenment) പയനിയറായ ജീൻ-ജാക്വസ് റൂസ്സോ (Jean-Jacques Rousseau) അക്ഷരാർഥത്തിൽ പറഞ്ഞത് ‘സ്ത്രീകൾ അറിവിനോ ജ്ഞാനത്തിനോ ഒട്ടും അനുയോജ്യരല്ല’ എന്നാണ്. സിമോൺ ഡി ബൊവെ തന്റെ പുസ്തകം ആരംഭിക്കുന്നതുതന്നെ പൈതഗോറസിന്റെ പ്രശസ്തമായ ഒരു ഉദ്ധരണിയിലൂടെയാണ്: ‘ഒരു നല്ല തത്ത്വമുണ്ട്, അതു പുരുഷനെ സൃഷ്ടിച്ചു... ഒരു ചീത്ത തത്ത്വമു ണ്ട്, അതു സ്ത്രീയെ സൃഷ്ടിച്ചു.’
ഇത്തരമൊരു ജീർണിച്ച സംസ്കാരത്തോടുള്ള കടുത്ത പ്രതികരണമായിരുന്നു ഡി ബൊവെയുടെ ഫെമിനിസം. തന്മൂലം അവർ പുരുഷനെ വെറുത്തു, വിവാഹത്തെയും വീടിനെയും വെറുത്തു, ഒരു സ്ത്രീയായിരിക്കുന്നതിനെത്തന്നെ വെറുത്തു. എന്നാൽ പ്രായോഗിക ജീവിതത്തിൽ അവർ വലിയ വൈരുധ്യങ്ങളിലാണു ജീവിച്ചത്. സ്ത്രീകളെ ‘ശക്തയും സ്വതന്ത്രയുമാകൂ, പുരുഷന്മാർക്ക് കീഴ്പ്പെടാൻ നിങ്ങൾ ബാധ്യസ്ഥരല്ല’ എന്നു പ്രകോപിപ്പിച്ച അവർ, സ്വന്തം ജീവിതത്തിൽ കാമുകന്മാർക്ക് പൂർണ മായി കീഴ്പ്പെടാനാണ് ആഗ്രഹിച്ചത്. നെൽസൺ ആൽഗ്രെൻ (Nelson Algren) എന്ന അമേരിക്കൻ കാമുകന് അവർ എഴുതിയ 600 പ്രണയലേഖനങ്ങൾ ഫ്രഞ്ച് ഭാഷയിൽ ലഭ്യമാണ്. അതിലൊന്നിൽ അവർ ഇങ്ങനെ കുറിച്ചു: ‘ഞാൻ അനുസരണയുള്ളവളായിരിക്കും! ഞാൻ വീട് അടിച്ചുവാരാം, ഞാൻ പാത്രങ്ങൾ കഴുകാം, നിനക്ക് ഇഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യില്ല!’ കൂടുതൽ അത്ഭുതകരമായ കാര്യം, അസ്തിത്വവാദ തത്ത്വചിന്തകനായ ജീൻ പോൾ സാർത്രിന്റെ (Jean-Paul Sartre) രണ്ടാമത്തെ വെപ്പാട്ടിയാകാൻ സിമോൺ ഡി ബൊവെ സമ്മതിച്ചു എന്നതാണ്!
വെപ്പാട്ടിയാകാൻ അവർ സമ്മതി ക്കുകയും പ്രായോഗികമായി ബഹുഭാര്യത്വം (Polygamy) അംഗീകരിക്കുകയും ചെയ്തു എന്നതാണ്. ‘മൂന്നു ദിവസം എനിക്കും മൂന്നു ദിവസം ആദ്യത്തെവൾക്കും’ എന്നതായിരുന്നു അവരുടെ കരാർ. മാത്രമല്ല, താൻ ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സാർത്രിന്റെ ലൈംഗിക ആവശ്യങ്ങൾക്കായി എത്തിച്ചുകൊടുത്തതിന്റെ പേരിൽ അവർ അധ്യാപനത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.
പാശ്ചാത്യരാജ്യങ്ങളിൽ ഫെമിനിസത്തിന് നേതൃത്വം നൽകിയത് പുറമേക്ക് സിമോൺ ഡി ബൊവെയായിരുന്നു; എന്നാൽ മുഴുവൻ ഫെമിനിസ്റ്റ് പദ്ധതിയുടെയും പ്രേരകശക്തിയും പദ്ധതികൾ തയ്യാറാക്കിയതും സിമോൺ ഡി ബൊവെയുടെ കാമുകനും അസ്തിത്വവാദ തത്ത്വചിന്തയുടെ (Existential philosophy) സ്ഥാപകനുമായ ജീൻ പോൾ സാർത്ര് (Jean Paul Sartre) ആയിരുന്നു!
അയാൾ പറഞ്ഞു: ‘ഞാനൊരു കാമഭ്രാന്തനല്ല; ഞാൻ അഗമ്യഗമനം നടത്തുന്നവനാണ് (Promiscuous).’ ‘അഗമ്യഗമനം’ (Incest) എന്നത് വിവാഹബന്ധത്തിലോ ലൈംഗികബന്ധത്തിലോ ഏർപ്പെ ടാൻ പാടില്ലാത്തവിധം അടുത്ത രക്തബന്ധമുള്ളവർ തമ്മിലുള്ള (ഉദാഹരണത്തിന്: മാതാപിതാക്കളും മക്കളും, സഹോദരങ്ങളും സഹോദരിമാരും) ലൈംഗിക ബന്ധമാണ്.
‘ഞാൻ അധമനായൊരു തെമ്മാടിയാണ്’ എന്ന് അയാൾ തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്! സാർത്ര് തന്നെക്കുറിച്ച് ഇങ്ങനെയും പറഞ്ഞു: ‘സ്ത്രീകളുമായി അമിതമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട തുമൂലം എന്റെ ഹൃദയം അറപ്പുകൊണ്ട് നിറഞ്ഞിരിക്കുന്നു!’ ഫെമിനിസം കൊണ്ടുവന്നത് സിമോൺ ഡി ബൊവെയുടെ വീട്ടിൽ താമസിച്ചിരുന്ന ഒരു ആൺചെന്നായയായിരുന്നു എന്നു സാരം.
എഴുപതാം വയസ്സിൽ സാർത്രിന് കാഴ്ച നഷ്ടപ്പെടുകയും പ്രമേഹവും പ്രമേഹം മൂലമുള്ള വ്രണങ്ങളും ബാധിക്കുകയും ചെയ്തു. ഈ പ്രായത്തിലും അയാൾക്ക് ആറു വെപ്പാട്ടികളുണ്ടായിരുന്നു. ഇരുവരുടെയും ജീവിതത്തെക്കുറിച്ച് ഗവേഷണം നടത്തി പുസ്തകമെഴുതിയ ഹാസൽ റൗളിയാണ് ഇതു പറഞ്ഞത്!
വിവാഹം എന്നത് പുരുഷാധിപത്യപരമാണെന്നും എന്നാൽ കാമുകൻ ഒരു പോരാളിയാണെന്നും സാർത്ര് സിമോൺ ഡി ബൊവെയെ ബോധ്യപ്പെടുത്തി. സാർത്രിനെ സേവിക്കാൻ ഒരു ക്രിസ്ത്യൻ വേലക്കാരിയുണ്ടായിരുന്നു. ഈ വൃദ്ധന്റെ യുവത്വലീലകളുടെ അഴുക്കുകൾ കണ്ട് ആ വേലക്കാരി വീട്ടിൽനിന്ന് ഓടിപ്പോവുകയാണുണ്ടായത്! പ്രബുദ്ധതയുടെ വക്താക്കൾ ഫെമിനിസ്റ്റുകളെ ബോധ്യ പ്പെടുത്തിയത് സ്ത്രീയുടെ ശരീരം ഒരു വിപ്ലവമാണെന്നും നഗ്നത പുരുഷന്മാരെ പ്രകോപിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യുമെന്നും അതിനാൽ അവരെ കൂടുതൽ കൂടുതൽ പ്രകോപിപ്പിക്കണമെന്നുമാണ്! ആൺചെന്നായ്ക്കൾ അപ്പോൾ ദൂരെ മാറിനിന്നു ചിരിക്കുകയായിരുന്നു! നമ്മൾ ബോധവൽക്കരണത്തിന്റെ ഒരു യുദ്ധത്തിലാണ്! ഈ ലോകത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടരെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഫെമിനിസ്റ്റ് പദ്ധതിയെ ഈ ലോകത്തിലെ ഏറ്റവും അപകടകരമായ പദ്ധതിയായിട്ടാണ് ഞാൻ കണക്കാക്കുന്നത്!
മനുഷ്യന് തന്റെ സഹജമായ സ്വഭാവത്തെ (ഫിത്റത്ത്) പൂർണമായും മാറ്റാൻ കഴിയില്ല. ഫെമിനിസം മനുഷ്യന്റെ സഹജസ്വഭാവത്തിനു വിരുദ്ധമാണ്! അല്ലാഹു പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ച പ്രകൃതിക്ക് അതു വിരുദ്ധമാണ്. സ്ത്രീയുടെ ഹൃദയത്തിൽ പുരുഷന്റെ സ്ഥാനവും പുരുഷന്റെ ഹൃദയത്തിൽ സ്ത്രീയുടെ സ്ഥാനവും അല്ലാഹുവിന് നന്നായറിയാം.
“നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽനിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ...’’ (ക്വുർആൻ 30:21).
ഈ സ്നേഹവും കാരുണ്യവും പരസ്പരം പ്രകടിപ്പിച്ച് ജീവിക്കുന്ന ദാമ്പത്യമാണ് സംതൃപ്തവും മനോഹരവുമായത്. അങ്ങനെയുള്ളവരടങ്ങിയ സമൂഹമാണ് മാനസികമായി ആരോഗ്യകരമായ സമൂഹം. അതിനാൽ, സിമോൺ ഡി ബൊവെയുമായോ അവരുടെ (പാശ്ചാത്യ) സമൂഹങ്ങളുമായോ നമുക്ക് യാതൊരു ബന്ധവുമില്ല.
ഇസ്ലാമിൽ സ്ത്രീയുടെ പദവി

പാശ്ചാത്യ സ്ത്രീവിരുദ്ധ ചിന്തകൾക്ക് വിരുദ്ധമായി ഇസ്ലാം സ്ത്രീക്ക് അധികാരവും ആദരവും സുരക്ഷിതത്വവും നൽകുന്നു. ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത് അവൾക്കെതിരെ വ്യഭിചാരക്കുറ്റം ആരോപിക്കുന്ന വ്യക്തിക്ക് എൺപത് അടി ശിക്ഷ ഇസ്ലാം വിധിക്കുന്നു: “ചാരിത്രവതികളുടെ മേൽ (വ്യഭിചാരം) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ എൺപത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങൾ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്.
അവർതന്നെയാകുന്നു അധർമകാരികൾ’’ (ക്വുർആൻ 24:4).
ഒരു സ്ത്രീയെ ഒരു വാക്കുകൊണ്ട് ദ്രോഹിച്ചതിനാണ് ഈ കടുത്ത ശിക്ഷയും ആക്ഷേപവും! ലോകത്ത് ഇങ്ങനെയൊരു നിയമം വേറെ ഏതെങ്കിലും മതത്തിലോ ഇസത്തിലോ ഉണ്ടോ?
രണ്ടു പെൺകുട്ടികളെ പ്രായ പൂർത്തിയാകുന്നതുവരെ സംരക്ഷിച്ചു വളർത്തുന്നവന് പുനരുത്ഥാന നാളിൽ പ്രവാചകനോടൊപ്പം ചേർന്നുനിൽക്കാനുള്ള പദവി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു!
മനുഷ്യരിൽ ഏറ്റവും നല്ല പെരുമാറ്റത്തിന് അർഹതയുള്ള വ്യക്തിയായി ഇസ്ലാം പിതാവിനെക്കാൾ മൂന്നുമടങ്ങ് മുൻഗണന നൽകിയത് മാതാവിനാണ് (ബുഖാരി, മുസ്ലിം).
പ്രായമാകുമ്പോൾ സ്ത്രീകളെ നഴ്സിംഗ് ഹോമുകളിലേക്ക് തള്ളുന്ന പാശ്ചാത്യരീതിയെ ഇസ്ലാം അംഗീകരിക്കുന്നില്ല. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നതിന്റെയും അവരുടെ പ്രീതി നേടുന്നതിന്റെയും പുണ്യവും പ്രതിഫലവും ഇസ്ലാം പഠിപ്പിക്കുന്നതുകൊണ്ടാണ് വൃദ്ധ സദനങ്ങളിൽ മുസ്ലിം സമുദായത്തിലെ വൃദ്ധമാതാപിതാക്കളുടെ എണ്ണം നാമമാത്രമാകുന്നത്.
വഞ്ചനയുടെ ചരിത്രം
ഇന്റർനെറ്റ് നമ്മുടെ വീടുകളിൽ എത്തുന്നതിനു മുമ്പ്, ഫെമിനിസ്റ്റുകൾ ഈ വാദങ്ങൾ ഉന്നയിച്ച് ലോകരെ വിഡ്ഢികളാക്കുകയായിരുന്നു! പീഡനങ്ങൾ ഏറ്റവും കൂടുതൽ നിലനിൽക്കുന്നതും ബലാത്സംഗങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നതും ഇസ്ലാമിക സമൂഹങ്ങളിലാണെന്നും അവർ പറഞ്ഞു പ്രചരിപ്പിച്ചു. മുസ്ലിം പുരുഷന്മാർ ബഹുഭാര്യത്വത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും അവർ ആരോപിച്ചു. എന്നാൽ ഇന്റർനെറ്റ് വ്യാപകമാവുകയും സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുവാൻ സാധിക്കുകയും ചെയ്തപ്പോൾ, നമ്മൾ ഏറ്റവും വലിയ കള്ളപ്രചാരണത്തിന്റെ ഇരകളായിരുന്നുവെന്ന് കണ്ടെത്താനായി.
പീഡനങ്ങൾ ഏറ്റവും കൂടുതൽ നിലനിൽക്കുന്നത് ഫെമിനിസ്റ്റ് സമൂഹങ്ങളിലാണ്. സിമോൺ ഡി ബൊവെയുടെ ജന്മനാടും ജ്ഞാനോദയത്തിന്റെ കേന്ദ്രവുമായ ഫ്രാൻസിലെ പീഡനനിരക്ക് 35% ആണ്! യൂറോപ്യൻ യൂണിയനിലെ ശരാശരി 31% ആണ്. ആരും അവിടെ പീഡകരിൽനിന്ന് സുരക്ഷിതരല്ല! അമേരിക്ക, ബ്രിട്ടൻ, ജർമനി, സ്വീഡൻ എന്നിവയാണ് ബലാത്സംഗങ്ങളുടെ ആഗോള പട്ടികയിൽ മുൻപന്തിയിലുള്ളത്.
‘ബ്രിട്ടീഷ് നാഷണൽ സർവേ ഓഫ് സെക്ഷ്വൽ ആറ്റിറ്റിയൂഡ്സ് ആൻഡ് ലൈഫ് സ്റ്റൈൽസ്’ അവിടുത്തെ ഒരു ശരാശരി പുരുഷന് ജീവിതത്തിൽ ശരാശരി 14.14 ലൈംഗിക പങ്കാളികളുള്ളതായി (Lifetime sexual partners) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാശ്ചാത്യർ മുസ്ലിംകളുടെ നിയമപരമായ ബഹുഭാര്യത്വത്തെ വിമർശിക്കുമ്പോൾ, അവർ പ്രായോഗികമായി അനവധി സ്ത്രീകളുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നു. ഫെമിനിസം സ്ത്രീയെ പുരുഷന്മാരുടെ ലൈംഗിക കാമനകൾ തീർക്കാനുള്ള ഒരു വിലകുറഞ്ഞ ചരക്കാക്കി മാറ്റുകയാണ് ചെയ്യുന്നത് എന്നു വ്യക്തം.
ഈജിപ്ഷ്യൻ ഇടതുപക്ഷ ഫെമിനിസ്റ്റായിരുന്ന അർവ സാലിഹ് (Arwa Saleh) 1997ൽ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് എഴുതിയ വാക്കുകൾ ശ്രദ്ധേയമാണ്: ‘സ്ത്രീകളുടെ വിമോചനം എന്നത് അവരെ സ്വന്തമാക്കാനുള്ള ഏറ്റവും വിലകുറഞ്ഞ മാർഗമാണ്’ (Cheapest way/Easy tool for sexual exploitation).
ലൈംഗിക വിപ്ലവത്തിന്റെ യഥാർഥ ഗുണഭോക്താക്കൾ ആര്?
ഫെമിനിസവും ലൈംഗിക വിപ്ലവവും (Sexual Revolution) സ്ത്രീകൾക്ക് യഥാർഥ വിമോചനം ഉറപ്പുനൽകി എന്ന പരമ്പരാഗത അവകാശവാദത്തെ കൺസർവേറ്റീവ് ചിന്തകയായ ‘കാരി ലൂക്കാസ്’ (Carrie Lukas)ശക്തമായി ചെറുക്കുന്നു. പരമ്പരാഗത സാമൂഹിക വ്യവസ്ഥയിൽ ഒരു സ്ത്രീയുമായുള്ള ബന്ധം പുരുഷന് വിവാഹം, കുടുംബം, സുരക്ഷ എന്നീ ഉത്തരവാദിത്തങ്ങൾ നിർബന്ധമാക്കിയി രുന്നു. എന്നാൽ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ വക്താക്കൾ കൊണ്ടുവന്ന ‘കാഷ്വൽ സെക്സ്’ (Casual sex) സംസ്കാരം, പുരുഷന്മാരെ ഇത്തരം സാമൂഹിക-കുടുംബ ഉത്തരവാദിത്തങ്ങളിൽനിന്ന് പൂർണമായി ഒഴിവാക്കുകയാണു ചെയ്തത്.
യാതൊരുവിധ പ്രതിബദ്ധതയുമില്ലാതെ സ്ത്രീകളെ താൽക്കാലിക ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കുന്ന പുരുഷന്മാരെ, ‘വിഴുങ്ങാൻ കാത്തുനിൽക്കുന്ന ചെന്നായ്ക്കൾ’ എന്നാണ് ലൂക്കാസ് വിശേഷിപ്പിക്കുന്നത്. ലൈംഗിക വിമോചനം എന്ന പേരിൽ യഥാർഥത്തിൽ സംഭവിച്ചത് ഇത്തരം അവിശ്വസ്തവും ഉത്തരവാദിത്തമില്ലാത്തതുമായ പുരുഷ പ്രവണതകളെ സമൂഹം ‘സാധാരണവത്കരിക്കുക’ (Normalize) മാത്രമായിരുന്നു എന്ന് അവർ വ്യക്തമാക്കുന്നു.
ഫെമിനിസം സ്ത്രീയെ യുവാക്കൾക്ക് സൗജന്യമായ ഒരു ഭക്ഷണമായി നൽകി! പുരുഷൻ തനിക്ക് ആവശ്യമുള്ളത് നേടുന്നു, അവൾ ഗർഭിണിയായിരിക്കുമ്പോഴോ പ്രസവവേദന അനുഭവിക്കുമ്പോഴോ അവളുടെ ചെലവുകളിലോ കുട്ടിയെ വളർത്തുന്നതിലോ അവൻ അവളെ സഹായിക്കുന്നില്ല! ഈ യുദ്ധത്തിൽ വിജയിച്ചത് സ്ത്രീയോ അതോ പുരുഷനോ?
പ്രബുദ്ധതയുടെ പേരിൽ, ഒരു കപ്പ് ചായയുടെ വിലയ്ക്ക് സ്ത്രീ തന്റെ ശരീരം ചെന്നായ്ക്കൾക്ക് സൗജന്യമായി നൽകുന്ന അവസ്ഥയാണ് അവിടെയുള്ളത്. അവൾ ഗർഭിണിയാകുമ്പോൾ പുരുഷൻ അവളെ ഉപേക്ഷിച്ചുപോകുന്നു. ഇതിന്റെ ഫലമായി 2024ൽ മാത്രം ലോകത്ത് 41 ദശലക്ഷം (4.1 കോടി) ഭ്രൂണങ്ങളാണ് ഗർഭച്ഛിദ്രത്തിലൂടെ (Abortion) കൊലചെയ്യപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരവും പ്രതിവർഷം ലോകത്ത് ഏകദേശം 7.3 കോടിയോളം ഗർഭച്ഛിദ്രങ്ങൾ നടക്കുന്നുണ്ട്. കുഞ്ഞുങ്ങളെ കൊല്ലുന്നതിനു പകരം തെരുവിൽ നിക്ഷേപിക്കാൻ ‘ബേബി ബോക്സുകൾ’ സ്ഥാപിക്കേണ്ടിവരുന്ന ദയനീയ അവസ്ഥയിലേക്ക് പാശ്ചാത്യലോകം അധഃപതിച്ചു.
‘മുസ്ലിം പുരുഷന്മാർ ഒന്നിലധികം വിവാഹം കഴിക്കുന്നു’ എന്ന് ഫെമിനിസ്റ്റുകൾ ആക്ഷേപിക്കുന്നു; അതേസമയം അവർ ഒന്നിലധികം ലൈംഗിക പങ്കാളികളുമായി വ്യഭിചാരത്തിൽ ഏർപ്പെടുന്നു.
മതം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നു എന്നു പറഞ്ഞ് നിരീശ്വരവാദികളായി മാറിയ നിരവധി പെൺകുട്ടികളുണ്ട്. ശരിയാണ്, മതം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നു; ഒപ്പം പുരുഷന്മാരുടെ സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്നു. തക്ലീഫിന്റെ (മതപരമായ ബാധ്യത) അടിസ്ഥാനം തന്നെ സ്വന്തം ഇച്ഛകളെ (Whims) നിയന്ത്രിക്കുക എന്നതാണ്! ഇച്ഛകൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഇതിന്മേലാണ് പ്രതിഫലവും ശിക്ഷയും നിലകൊള്ളുന്നത്.
“എന്നാൽ ആർ പരിധി ലംഘിക്കുകയും ഐഹികജീവിതത്തിന് മുൻഗണന നൽകുകയും ചെയ്തു വോ, തീർച്ചയായും നരകംതന്നെയാണ് (അവന്റെ) പാർപ്പിടം. എന്നാൽ തന്റെ നാഥന്റെ മുന്നിൽ നി ൽക്കേണ്ടിവരുന്നതിനെ ഭയപ്പെടുകയും സ്വന്തം മനസ്സിനെ തന്നിഷ്ടങ്ങളിൽനിന്ന് വിലക്കിനിർത്തുകയും ചെയ്തുവോ, തീർച്ചയായും സ്വർഗം തന്നെയാണ് (അവന്റെ) പാർപ്പിടം’’ (ക്വുർആൻ 79:37-41).
അപ്പോൾ, തക്ലീഫ് എന്നാൽ തിന്മ നിറഞ്ഞ ആഗ്രഹങ്ങളിൽനിന്ന് സ്വയം വിലക്കിനിർത്തലാണ്. “അതിനാൽ നീ കൽപിക്കപ്പെട്ടതുപോലെ നേരെ നിലകൊള്ളുക...’’ (11:112). സ്വന്തം ഇഷ്ടപ്രകാരമല്ല!
ഒന്നുകിൽ മതം, അല്ലെങ്കിൽ നിരീശ്വരവാദം. മൂന്നാമതൊരു വഴിയില്ല. നിരീശ്വരവാദം സ്ത്രീക്ക് അവളുടെ അവകാശങ്ങൾ നൽകുന്നുണ്ടോ? അതൊരു സുരക്ഷിത താവളമാണോ?
നമ്മൾ മതത്തെ മാറ്റിവച്ചാൽ ‘സ്ത്രീ’ എന്ന വാക്കിന്റെ അർഥം എന്താണെന്നുപോലും അറിയാൻ കഴിയില്ല! നിരീശ്വരവാദലോകത്ത് ‘സ്ത്രീ’ എന്നൊന്നില്ല, പകരം ‘ഒരു മനോഹരമായ മൃഗം’ മാത്രമേയുള്ളൂ! ‘സ്ത്രീ’ എന്ന പദം കേവലം മാംസവും രക്തവുമടങ്ങിയ ഒരു ശരീരത്തെ മാത്രമല്ല സൂചിപ്പിക്കുന്നത്, മറിച്ച് ഭൗതിക ലോകത്തിനപ്പുറമുള്ള ഒരു മെറ്റാഫിസിക്കൽ (Metaphysical) അസ്തിത്വത്തെക്കൂടിയാണ്. ഇത് ഈ ഭൗതികവാദ-നിരീശ്വരവാദ ലോകത്തിന്റെതല്ലാത്ത ഒരു വാക്കാണ്!

നിരീശ്വരവാദപരമായി, നമ്മൾ വന്നത് ഒരു കാട്ടിൽനിന്നാണ്, അത് സത്യമാണോ അല്ലയോ? മനുഷ്യപരിണാമത്തിന്റെ (Homo evolution)) ഗോവണിയുടെ ഏറ്റവും താഴെയാണ് സ്ത്രീയുടെ സ്ഥാനം! 19ാം നൂറ്റാണ്ടിൽ ചാർൾസ് ഡാർവിൻ പരിണാമസിദ്ധാന്തം അവതരിപ്പിക്കുന്ന കാലഘട്ടത്തിൽ, അന്നത്തെ
വിക്ടോറിയൻ യൂറോപ്യൻ സമൂഹത്തിൽ നിലനിന്നിരുന്ന സ്ത്രീവിരുദ്ധതയും വംശീയ ചിന്തകളും ശാസ്ത്രീയ നിഗമനങ്ങളെപ്പോലും സ്വാധീനിച്ചിരുന്നു. വേട്ടയാടലിലും യുദ്ധങ്ങളിലുമുള്ള ഇടപെടൽ മൂലം പുരുഷന്മാരിലാണ് പ്രകൃതിനിർധാരണം (Natural Selection) കൂടുതൽ ശക്തമായി നടന്നതെന്നും, അതിനാൽ പുരുഷന്മാർ മാനസികമായും ശാരീരികമായും കൂടുതൽ വികാസം പ്രാപിച്ചവരാണെന്നുമുള്ള വ്യക്തിപരമായ ചില വംശീയ/സാംസ്കാരിക മുൻവിധികളിലേക്ക് ഡാർവിൻ എത്തിച്ചേർന്നിരുന്നു.
ചാൾസ് ഡാർവിൻ പറഞ്ഞത്, സ്ത്രീക്കുമേൽ പുരുഷന് അനുകൂലമായുള്ള വലിയ വ്യത്യാസം എപ്പോഴും അവനെ സ്ത്രീയെക്കാൾ ഉയർന്ന സ്ഥാനത്ത് നിർത്തുന്നു എന്നാണ്.
“ഫ്രാൻസിലെ പാരീസിലുള്ള വികസിതരായ പുരുഷന്മാരുടെ തലച്ചോറിന്റെ അളവിനെക്കാൾ ഗൊറില്ലകളുടെ തലച്ചോറിനോട് അടുത്തതാണ് സ്ത്രീകളുടെ തലച്ചോർ... ഈ അപകർഷത വളരെ വ്യക്തമാണ്, ആർക്കും ഇതിനെ എതിർക്കാൻ കഴിയില്ല... ഈ പരുഷവും വംശീയവുമായ സംസാരത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു!’’
കഴിഞ്ഞ നൂറ്റാണ്ടിലെ പരിണാമ സിദ്ധാന്തത്തിലെ ഏറ്റവും പ്രശസ്തനായ ഗുസ്താവ് ലെ ബോൺ (1879) റിപ്പോർട്ട് ചെയ്തതാണിത്.
ഒരാൾ മതത്തിൽനിന്ന് അകന്നുപോയാൽ, അയാൾ സ്വന്തത്തെത്തന്നെ വിഡ്ഢിയാക്കുകയാണ് ചെയ്യുന്നത്. “സ്വയം മൂഢനാക്കിയവനല്ലാതെ ആരാണ് ഇബ്റാഹീമിന്റെ മാർഗത്തോട് വിമുഖത കാണിക്കുക?’’ (ക്വുർആൻ 2:130).
എന്നാൽ മതത്തിനുള്ളിൽ, സ്ത്രീകൾ പുരുഷന്മാരുടെ തുല്യപകുതികളാണ് (Twin halves). ആത്മാവ്, പവിത്രത, ധാർമിക ഉത്തരവാദിത്തങ്ങൾ എന്നിവയിൽ സ്ത്രീയെന്നും പുരുഷനെന്നും തരംതിരിവുകളില്ല. ഒരാളുടെ അസ്തിത്വം പൂർണമാകുന്നത് മറ്റൊരാളിലൂടെയാണ്. ഒരേ ഉറവിടത്തിൽ നിന്നും പുറപ്പെട്ട് പരസ്പരം പൂർത്തിയാക്കാൻ നിയോഗിക്കപ്പെട്ട തുല്യ ഘടകങ്ങളാണ് ഇരുവരും. ജീവിതയാത്രയിൽ പുരുഷന്റെ ഉയർച്ചതാഴ്ചകളിൽ അവനൊപ്പം നിൽക്കുന്നവളാണ് സ്ത്രീ.
‘നിങ്ങളിൽ ഏറ്റവും ഉത്തമൻ തന്റെ ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്,’ ‘ജനങ്ങളിൽ ഏറ്റവും ഉത്തമൻ തന്റെ ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്’ തുടങ്ങിയ നബിവചനങ്ങൾ സ്ത്രീക്ക് ഇസ്ലാം നൽകുന്ന പരിഗണന വ്യക്തമാക്കുന്നു.
വിവാഹത്തെക്കുറിച്ച് ക്വുർആൻ പറഞ്ഞത് ‘അവർ (സ്ത്രീകൾ) നിങ്ങളിൽനിന്ന് ശക്തമായ കരാർ വാങ്ങിയിരിക്കുന്നു’ (4:21) എന്നാണ്. ‘അവരോട് നിങ്ങൾ നല്ല നിലയിൽ വർത്തിക്കുക’ എന്നും ക്വുർആൻ (4:19) കൽപിക്കുന്നു.
നിരീശ്വരവാദപരമായി, പ്രൊഫസർ റിച്ചാർഡ് ഡോക്കിൻസ് ‘ദ സെൽഫിഷ് ജീൻ’ എന്ന പുസ്തകത്തിൽ അവതരിപ്പിച്ചത് ജീവശാസ്ത്രത്തിലെ ‘ജീൻ-കേന്ദ്രീകൃത പരിണാമ സിദ്ധാന്തം’ (Gene centered view of evolution) ആണ്. അതിൽ അദ്ദേഹം പറഞ്ഞു: “എല്ലാ ജീവജാലങ്ങളും (മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ, ബാക്ടീരിയകൾ) ജീനുകൾക്ക് തലമുറകളിലേക്ക് കൈമാറപ്പെടാൻ വേണ്ടിയുള്ള കേവലം ‘വാഹനങ്ങൾ’ അല്ലെങ്കിൽ ‘പാത്രങ്ങൾ’ (Survival Machines / Vehicles)മാത്രമാണ്.’
ഈ കാഴ്ചപ്പാട് പടിഞ്ഞാറൻ രാജ്യങ്ങളിലെ കുടുംബ വ്യവസ്ഥയെ തകർത്തു. ‘എനിക്ക് സൗജന്യമായി ലൈംഗിക കാമനകൾ തീർക്കാൻ ഇടമുള്ളപ്പോൾ ഞാൻ എന്തിനാണ് വിവാഹം കഴിക്കുന്നത്’ എന്നു ജനങ്ങൾ ചിന്തിച്ചു. അതിനാൽ, ഭൂരിഭാഗം കുട്ടികളും വിവാഹബാഹ്യ ബന്ധത്തിലാണ് ജനിക്കുന്നത്! ഇത് സ്ത്രീയുടെ സഹജമായ പ്രകൃതിയെ ആദരിക്കലാണോ? പുരുഷൻ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് സ്ത്രീയെ ഉപേക്ഷിച്ചു പോകുന്നു. അവൾ എല്ലാ ഉത്തരവാദിത്തങ്ങളും തന്റെ ചുമലിലേറ്റുന്നു! പരമ്പരാഗത കുടുംബം, ഭർത്താവ്, ഭാര്യ, കുട്ടികൾഎന്ന ആശയം പടിഞ്ഞാറൻ രാജ്യങ്ങളിൽ മിക്കവാറും ഒരു മ്യൂസിയം സംസ്കാരമായി മാറിയിരിക്കുന്നു! സ്ത്രീയെക്കുറിച്ചുള്ള പുരുഷന്റെ കാഴ്ചപ്പാടിന്റെ ഫലമാണിത്!
സമത്വവും നീതിയും തമ്മിലുള്ള വ്യത്യാസം
എല്ലാ കാര്യങ്ങളിലും പുരുഷനും സ്ത്രീയും തമ്മിൽ പൂർണസമത്വം (Equality) സ്ഥാപിക്കണമെന്ന വാദം സ്ത്രീയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ്. സമത്വവും (Equality) നീതിയും (Justice) തമ്മിൽ വ്യത്യാസമുണ്ട്! ഈ രീതിയിലുള്ള സമത്വം സ്ത്രീയോട് ചെയ്യുന്ന അനീതിയാണ്! ഇത് സ്ത്രീയുടെ സവിശേഷതകളെ ഇല്ലാതാക്കലാണ്. അത് അവളുടെ സഹജമായ പ്രകൃതിക്ക് വിരുദ്ധമാണ്.
ഇസ്ലാം പഠിപ്പിക്കുന്നത് യാന്ത്രികമായ സമത്വമല്ല; പ്രകൃതിപരമായ ‘നീതി’(Justice)യാണ്. പുരുഷ-സ്ത്രീ മസ്തിഷ്കങ്ങളുടെ ഘടനയും സ്വഭാവവും തികച്ചും വ്യത്യസ്തമാണ്. സ്ത്രീയുടെ മസ്തിഷ്കം സഹതാപം (Empathy), വികാരങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകും വിധത്തിലുള്ളതാണ്. പുരുഷന്റെതാകട്ടെ വിശകലനപരമായ (Analytical) പ്രവർത്തനങ്ങൾക്കു കൂടുതൽ ശേഷിയുള്ളതാണ്. ഇതുകൊണ്ടാണ് ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ 225 ശാസ്ത്രജ്ഞരിൽ 5 പേർ മാത്രം സ്ത്രീകളായതും, നഴ്സിംഗ് രംഗത്ത് 90% സ്ത്രീകളും എൻജിനീയറിങ് രംഗത്ത് 90% പുരുഷന്മാരുമുള്ളതും. ഇത് സ്ത്രീകളുടെ അപകർഷതയല്ല, മറിച്ച് പ്രകൃതിപരമായ സവിശേഷതയാണ്.
സുസെയ്ൻ വെങ്കർ (Suzanne Venker) പറഞ്ഞു: ‘പുരുഷൻ ചെയ്യുന്ന അതേ ജോലി ചെയ്യാനും അതേ ചുമതലകൾ നിർവഹിക്കാനും ഞാൻ സ്ത്രീയെ നിർബന്ധിക്കുമ്പോൾ, ഞാൻ അവളെ സന്തോഷം കുറഞ്ഞവളാക്കി മാറ്റുകയാണ് ചെയ്യുന്നത്. അവളുടെ മാനസികാവസ്ഥ തകരും! അവളുടെ സവിശേഷതകൾ നശിക്കും! അവളുടെ സഹജപ്രകൃതി ഇല്ലാതാകും!’
മനുഷ്യന്റെ വൈകാരികലോകവും യുക്തിബോധവും പരസ്പരം ഇഴചേർന്നിരിക്കുന്നത് എങ്ങനെയെന്നത് മനഃശാസ്ത്രത്തിലെ കൗതുകമുണർത്തുന്ന ഒരു വിഷയമാണ്. പ്രശസ്ത ഈജിപ്ഷ്യൻ മനോരോഗവിദഗ്ധൻ പ്രൊഫസർ അഹ്മദ് ഉകാഷ ചൂണ്ടിക്കാണിക്കുന്നതു പോലെ, പുരുഷനും സ്ത്രീയും തങ്ങളുടെ വികാരങ്ങളെയും യുക്തിയെയും സമീപിക്കുന്നതിൽ മൗലികമായ ചില വ്യത്യാസങ്ങളുണ്ട്.
(അവസാനിച്ചില്ല)

