തീവ്രവാദ പ്രതിരോധമോ മുസ്ലിം പ്രൊഫൈലിങ്ങോ?
റൈഹാൻ ഷഹീദ്
2026 ആഗസ്റ്റ് 08, 1448 സ്വഫർ 25

ഒരു ജനാധിപത്യരാഷ്ട്രത്തിന് തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള അവകാശവും ഉത്തരവാദിത്തവുമുണ്ട്. നിരപരാധികളുടെ ജീവനും സ്വത്തിനും രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുന്ന അക്രമാസക്ത ആശയങ്ങളെയും തീവ്രവാദ സംഘടനകളെയും നേരിടാൻ ശക്തമായ നിയമങ്ങളും കാര്യക്ഷമമായ സുരക്ഷാസംവിധാനങ്ങളും അനിവാര്യമാണ്. ഈ കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടമില്ല. എന്നാൽ തീവ്രവാദത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിന്റെ പേരിൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ സാധാരണ മതജീവിതത്തെ തന്നെ സംശയത്തിന്റെ കണ്ണിലൂടെ കാണാൻ തുടങ്ങുമ്പോൾ അതൊരു സുരക്ഷാപ്രശ്നം മാത്രമായി അവശേഷിക്കുന്നില്ല; അത് ഭരണഘടനാപരമായ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും പൗരസമത്വത്തിന്റെയും ചോദ്യമായി മാറുന്നു.
ഗുജറാത്ത് സർക്കാർ നടപ്പിലാക്കിയ പുതിയ ആന്റി-റാഡിക്കലൈസേഷൻ സെൽ (Anti-Radicalisation Cell - ARC) സംവിധാനവും അതിനായി തയ്യാറാക്കിയ രഹസ്യ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറും (SOP) ഈ പശ്ചാത്തലത്തിലാണ് ചർച്ച ചെയ്യപ്പെടേണ്ടിവരുന്നത്. ഔദ്യോഗികമായി ഇത് തീവ്രവാദത്തെയും ഓൺലൈൻ റാഡിക്കലൈസേഷനെയും പ്രതിരോധിക്കാനുള്ള സംവിധാനമാണെന്ന് അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, എസ്ഒപിയിലെ വ്യവസ്ഥകൾ പരിശോധിക്കുമ്പോൾ നിരീക്ഷണത്തിന്റെ പ്രധാന കേന്ദ്രം മുസ്ലിം സമൂഹമാണെന്ന വ്യക്തമാണ്. ഇതേ കാരണത്താലാണ് മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും ഇതിനെ "Institutionalised Communal Profiling’ അഥവാ സ്ഥാപനവത്കരിക്കപ്പെട്ട മതപരമായ പ്രൊഫൈലിങ് എന്ന നിലയിൽ വിശേഷിപ്പിക്കുന്നത്.
കാരണം, എസ്ഒപിയിൽ നിരീക്ഷണ സൂചനകളായി പരാമർശിക്കുന്ന പല കാര്യങ്ങളും ഒരു കുറ്റകൃത്യവുമായി നേരിട്ട് ബന്ധപ്പെട്ട പ്രവൃത്തികളല്ല; മറിച്ച് മുസ്ലിംകളുടെ സാധാരണ മതജീവിതത്തിന്റെ ഭാഗങ്ങളാണ്. താടിവളർത്തൽ, നിഖാബ് ധരിക്കൽ, അറബി പദങ്ങൾ ഉപയോഗിക്കൽ, പള്ളിയിൽ ഇഅ്തികാഫ് അനുഷ്ഠിക്കൽ, മദ്റസകൾ സന്ദർശിക്കൽ തുടങ്ങിയ കാര്യങ്ങൾ എസ്ഒപിയിൽ പ്രത്യേകം പരാമർശിക്കപ്പെടുന്നു! ഇതോടൊപ്പം മദ്റസകളിലെ അധ്യാപകരുടെ ഡയറക്ടറി തയ്യാറാക്കാനും അവരുടെ പശ്ചാത്തലം പരിശോധിക്കാനും നിർദേശം നൽകുന്നുണ്ട്.
ഇവിടെയുള്ള അടിസ്ഥാന ചോദ്യം ഇതാണ്: ‘ഒരു വ്യക്തി കൂടുതൽ മതനിഷ്ഠനായ മുസ്ലിമാകുന്നത്, അല്ലെങ്കിൽ തന്റെ മതപരമായ ജീവിതം കൂടുതൽ ഗൗരവത്തോടെ അനുഷ്ഠിക്കുന്നത്, സുരക്ഷാ ഏജൻസികളുടെ സംശയപ്പട്ടികയിൽ ഉൾപ്പെടാനുള്ള കാരണമാകുമോ?’
തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ ഭരണഘടനയുടെ ആത്മാവിനും മതസ്വാതന്ത്ര്യത്തിനും തുല്യനീതിക്കും അനുസൃതമാണോ എന്ന ചോദ്യമാണ് ഇവിടെ നാം പരിശോധിക്കുന്നത്. ഒരു ജനാധിപത്യരാഷ്ട്രത്തിൽ സുരക്ഷയും സ്വാതന്ത്ര്യവും പരസ്പരവിരുദ്ധമായ മൂല്യങ്ങളല്ല. രണ്ടും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ട അടിസ്ഥാന തത്ത്വങ്ങളാണ്.
എസ്ഒപി എന്താണ് പറയുന്നത്?
ആന്റി-റാഡിക്കലൈസേഷൻ സെല്ലിന്റെ പ്രവർത്തനങ്ങളെ അഞ്ച് ഘട്ടങ്ങളായിട്ടാണ് വിഭജിക്കുന്നത്: പ്രിവൻഷൻ (Prevention), ഡിറ്റക്ഷൻ (Detection), ഇന്റർവെൻഷൻ (Intervention), റീഹാബിലിറ്റേഷൻ (Rehabilitation), മോണിറ്ററിംഗ് (Monitoring).
രേഖയുടെ തുടക്കത്തിൽ തന്നെ ‘റാഡിക്കലൈസ്ഡ് വ്യക്തി’ എന്ന നിർവചനം നൽകുന്നുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും മറ്റുള്ളവരെ തീവ്ര ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയെയാണ് തീവ്രനിലപാടുകാരനായി നിർവചിക്കുന്നത്. ഇതുവരെ വലിയ വിവാദങ്ങളൊന്നുമില്ല. എന്നാൽ തുടർന്ന് വരുന്ന മാനദണ്ഡങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, സംശയാസ്പദമായ ശൃംഖലകൾ എന്നിവ നിരീക്ഷിക്കാൻ നിർദേശിക്കുന്നു. ഇതോടൊപ്പം ‘സലഫി-വഹാബി സ്വാധീനമുള്ളവർ.’ ‘തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നതായി കരുതപ്പെടുന്നവർ,’ ‘ജയിലുകളിലെ തീവ്രനിലപാടുകാർ’ എന്നിവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും പറയുന്നു. വിവിധ പ്രദേശങ്ങളിൽ വിവരദാതാക്കളെ നിയമിക്കുകയും കൂടുതൽ രഹസ്യവിവരങ്ങൾ ശേഖരിക്കുകയും ചെയ്യാനും നിർദേശമുണ്ട്.
എസ്ഒപിയിലെ ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉയർന്നിരിക്കുന്നത് ഈ ഭാഗത്താണ്. ഒരു വ്യക്തിയെ ‘അപകടസാധ്യതയുള്ളവൻ’ എന്ന് തിരിച്ചറിയുന്നതിനുള്ള വിവിധ സൂചനകൾ ഇവിടെ പട്ടികപ്പെടുത്തുന്നുണ്ട്. അതിൽ ഉൾപ്പെടുന്ന ചില കാര്യങ്ങൾ ഇവയാണ്:
• പെട്ടെന്ന് താടി വളർത്തുക.
• നിഖാബ് ധരിക്കാൻ തുടങ്ങുക.
• അറബി പദങ്ങൾ കൂടുതലായി ഉപയോഗിക്കുക.
• സുഹൃത്തുക്കളിൽനിന്നും കുടുംബത്തിൽനിന്നും അകന്നുനിൽക്കുക.
• ലോകമെമ്പാടുമുള്ള മുസ്ലിംകൾക്കെതിരായ ആക്രമണങ്ങളിൽ ശക്തമായ അമർഷം പ്രകടിപ്പിക്കുക.
• അഫ്ഗാനിസ്ഥാൻ അല്ലെങ്കിൽ മിഡിൽ ഈസ്റ്റ് സന്ദർശിച്ചതിന് ശേഷം പെരുമാറ്റത്തിൽ മാറ്റം കാണിക്കുക.
ഇതോടൊപ്പം ഡിജിറ്റൽ പ്രവർത്തനങ്ങളും നിരീക്ഷണത്തിൽ ഉൾപ്പെടുന്നു. എൻക്രിപ്റ്റ് ചെയ്ത മെസേജിംഗ് ആപ്പുകളുടെ ഉപയോഗം, ചില ടെലഗ്രാം ചാനലുകളിൽ ജോയിൻ ചെയ്യുക, തീവ്രവാദ പ്രചാരണസാമഗ്രികൾ പങ്കുവെക്കൽ, വ്യക്തമായ വരുമാനസ്രോതസ്സില്ലാതെ ചില ക്രിപ്റ്റോകറൻസികളുടെ ഉപയോഗം എന്നിവയും എസ്ഒപി പരാമർശിക്കുന്നു. ഇത്തരം ഡിജിറ്റൽ സൂചനകളിൽ പലതും യഥാർഥ സുരക്ഷാ അന്വേഷണങ്ങളുടെ ഭാഗമാകാൻ സാധ്യതയുള്ളവയാണ്.
രേഖയിൽ മദ്റസകൾ സന്ദർശിക്കൽ, ഇഅ്തികാഫ് അനുഷ്ഠിക്കൽ, ഇസ്ലാമിക കടമയുടെ പേരിൽ പഠനമോ ജോലിയോ ഉപേക്ഷിക്കൽ തുടങ്ങിയ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തിരിച്ചറിയപ്പെട്ട വ്യക്തികളുടെ ഡോസിയറുകൾ തയ്യാറാക്കുകയും അവ പ്രതിമാസം പുതുക്കുകയും അവരുടെ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കുകയും ചെയ്യണമെന്ന് നിർദേശിക്കുന്നു.
രേഖയുടെ തുടർന്നുള്ള ഭാഗങ്ങളിൽ കൗൺസിലിംഗ്, ഡി-റാഡിക്കലൈസേഷൻ പരിപാടികൾ, കുടുംബാംഗങ്ങളുടെയും മനഃശാസ്ത്ര വിദഗ്ധരുടെയും മതപണ്ഡിതരുടെയും പങ്കാളിത്തം, വിദ്യാഭ്യാസത്തിലേക്കും തൊഴിലിലേക്കും തിരിച്ചെത്തിക്കാൻ സഹായിക്കൽ എന്നിവയെക്കുറിച്ചും പറയുന്നു. തുടർന്ന് സമൂഹ പരിപാടികൾ സംഘടിപ്പിക്കുക, പള്ളികളിലും മദ്റസകളിലും സെമിനാറുകൾ നടത്തുക, ഒടുവിൽ തിരിച്ചറിഞ്ഞ വ്യക്തികളുടെ മേൽ ദീർഘകാല നിരീക്ഷണം തുടരുക തുടങ്ങിയ നിർദേശങ്ങളും എസ്ഒപിയുടെ ഭാഗമാണ്. നിയമലംഘനമോ അതിനുള്ള തയ്യാറെടുപ്പോ കണ്ടെത്തിയാൽ ഭാരതീയ ന്യായസംഹിതയുടെയും യുഎപിഎയുടെയും കീഴിൽ നടപടിയെടുക്കാമെന്നും രേഖ വ്യക്തമാക്കുന്നു.
രേഖയുടെ ഘടന പരിശോധിക്കുമ്പോൾ തീവ്രവാദ പ്രതിരോധത്തിനൊപ്പം കൗൺസിലിംഗിനും പുനരധിവാസത്തിനും പ്രാധാന്യം നൽകിയിരിക്കുന്നതായി കാണാം. എന്നാൽ ഇതിലെ നിരവധി നിരീക്ഷണ മാനദണ്ഡങ്ങൾ സാധാരണ മുസ്ലിം മതജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നതാണ് ഉയരുന്ന ഏറ്റവും വലിയ ആശങ്ക.
വിവാദവ്യവസ്ഥകൾ

ഏതൊരു സുരക്ഷാ മാർഗനിർദേശവും വിലയിരുത്തപ്പെടേണ്ടത് അത് എന്തു ലക്ഷ്യമിടുന്നു എന്നതിനെക്കാൾ, അത് എങ്ങനെയാണ് ആ ലക്ഷ്യം കൈവരിക്കാൻ ശ്രമിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. തീവ്രവാദം, ഭീകരസംഘടനകളുമായുള്ള ബന്ധം, അക്രമത്തിനുള്ള തയ്യാറെടുപ്പ്, സ്ഫോടകവസ്തുക്കളുടെ ശേഖരണം, ഭീകരപ്രചാരണം എന്നിവ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണ വിഷയമാകുന്നതിൽ അസ്വാഭാവികതയില്ല. എന്നാൽ അതിനൊപ്പം തന്നെ സാധാരണ മുസ്ലിം മതജീവിതത്തിന്റെ ഭാഗമായ നിരവധി കാര്യങ്ങളും ‘അപകടസൂചനകളുടെ’ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് ആശങ്കകൾക്ക് കാരണമായത്.
ഉദാഹരണത്തിന്, പെട്ടെന്ന് താടി വളർത്തുക, നിഖാബ് ധരിക്കാൻ തുടങ്ങുക, അറബി പദങ്ങൾ കൂടുതലായി ഉപയോഗിക്കുക തുടങ്ങിയവ പെരുമാറ്റപരമായ മാറ്റങ്ങളായി എസ്ഒപിയിൽ പരാമർശിക്കപ്പെടുന്നു. എന്നാൽ ഇവയിൽ ഒന്നും നിയമവിരുദ്ധമായ പ്രവൃത്തികളല്ല. മറിച്ച് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്ലിംകൾ അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായി അനുഷ്ഠിക്കുന്ന കാര്യങ്ങളാണ്.
അതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിം സമൂഹത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ശക്തമായ അമർഷമോ പ്രതിഷേധമോ പ്രകടിപ്പിക്കുന്നതും നിരീക്ഷണത്തിനുള്ള ഘടകമായി പരാമർശിക്കപ്പെടുന്നു. ലോകത്തെവിടെയെങ്കിലും (ഉദാ: ഗസ്സ) മുസ്ലിംകൾ അന്യായമായി കൊല്ലപ്പെടുകയോ മനുഷ്യാവകാശ ലംഘനൾക്ക് ഇരകളാവുകയോ ചെയ്യുന്നതിൽ ഒരു മുസ്ലിം വേദനിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് മതപരവും മാനുഷികവുമായ സ്വാഭാവിക പ്രതികരണമാണ്. അതിനെ സുരക്ഷാ സംശയത്തിന്റെ ഭാഗമായി കാണുന്നത് ശരിയല്ല.
എസ്ഒപിയിൽ ‘സലഫി- വഹാബി സ്വാധീനമുള്ളവരെ’ പ്രത്യേകമായി നിരീക്ഷിക്കണമെന്നും നിർദേശിക്കുന്നുണ്ട്. ഇന്ത്യയിലെ മുസ്ലിം സമൂഹത്തിനകത്ത് വ്യത്യസ്ത മതധാരകളും ചിന്താപരമ്പരകളും നിലനിൽക്കുന്നു. അവയിൽ ഏതെങ്കിലും ഒരു മതധാരയെ അന്യായമായി സുരക്ഷാഭീഷണിയുമായി ബന്ധപ്പെടുത്തുന്നത് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
അതിലും ശ്രദ്ധേയമായത് മദ്റസകളെയും മതപണ്ഡിതന്മാരെയും സംബന്ധിച്ച നിർദേശങ്ങളാണ്. മദ്റസകളിൽ പഠിപ്പിക്കുന്ന മൗലവിമാരുടെ വിവരങ്ങൾ ശേഖരിച്ച് ഡയറക്ടറി തയ്യാറാക്കുക, അവരുടെ പശ്ചാത്തലം പരിശോധിക്കുക, അവർ ഏതെങ്കിലും ‘തീവ്ര പ്രത്യയശാസ്ത്ര’ സംഘടനകളുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുക തുടങ്ങിയ നിർദേശങ്ങൾ രേഖയിലുണ്ട്. ഇന്ത്യയിൽ ആയിരക്കണക്കിന് മദ്റസകൾ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നുണ്ട്. അവയിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾ സാധാരണ മതവിദ്യാഭ്യാസമാണ് നേടുന്നത്. അത്തരം സ്ഥാപനങ്ങളെ പൊതുവിൽ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് മുഴുവൻ സമൂഹത്തോടുള്ള അവിശ്വാസത്തിന്റെ സന്ദേശം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
മറ്റൊരു വിവാദവ്യവസ്ഥ ഇഅ്തികാഫിനെക്കുറിച്ചുള്ളതാണ്. റമദാനിന്റെ അവസാന പത്ത് ദിവസങ്ങളിൽ പള്ളിയിൽ ആരാധനയ്ക്കും ആത്മവിചിന്തനത്തിനുമായി കഴിയുന്ന ഇഅ്തികാഫ് ഇസ്ലാമിലെ സുപ്രധാന സുന്നത്തുകളിൽ ഒന്നാണ്. എന്നാൽ എസ്ഒപിയിൽ ‘ആസൂത്രിത പ്രവർത്തനങ്ങൾക്ക് മുമ്പ് ഇഅ്തികാഫ് ഇരിക്കുക’ എന്നത് ഒരു നിരീക്ഷണ സൂചനയായി പരാമർശിക്കപ്പെടുന്നു. ഇതിലൂടെ ഇഅ്തികാഫ് പോലുള്ള ഒരു മതാചാരം പോലും സംശയത്തിന്റെ കണ്ണിലൂടെ കാണപ്പെടുന്നു.
താടി, നിഖാബ്, മദ്റസ, ഇഅ്തികാഫ്, അറബി ഭാഷ, മൗലവിമാർ, സലഫി ആശയധാര... ഈ ഘടകങ്ങളെ ഒരുമിച്ച് പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്; എസ്.ഒ.പിയിലെ നിരീക്ഷണ മാനദണ്ഡങ്ങൾ പ്രധാനമായും മുസ്ലിംകളുടെ മതപരമായ ജീവിതരീതിയുമായി ബന്ധപ്പെട്ടതാണ്. ഇതാണ് ഈ രേഖയെ സാധാരണ തീവ്രവാദ വിരുദ്ധ മാർഗനിർദേശത്തിൽനിന്ന് വ്യത്യസ്തമാക്കുന്നതും വിമർശനങ്ങൾക്ക് ഇടയാക്കുന്നതും.
ഒരു ജനാധിപത്യ സമൂഹത്തിൽ വ്യക്തികളുടെ പ്രവർത്തനഹങ്ങളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കേണ്ടത്; അവരുടെ മതപരമായ തിരിച്ചറിയലിനെയോ ആരാധനാരീതികളെയോ അടിസ്ഥാനമാക്കിയല്ല. ഈ അടിസ്ഥാന തത്ത്വം ലംഘിക്കപ്പെടുമ്പോൾ സുരക്ഷയും വിവേചനവും തമ്മിലുള്ള അതിർവരമ്പ് മങ്ങിത്തുടങ്ങുന്നു.
മതനിഷ്ഠയും തീവ്രവാദവും ഒന്നാണോ?
എസ്ഒപി ഉയർത്തുന്ന ഏറ്റവും അടിസ്ഥാനപരമായ ചോദ്യം ഇതാണ്: ‘ഒരു വ്യക്തി കൂടുതൽ മതനിഷ്ഠനായ മുസ്ലിമാകുന്നത് അയാൾ കൂടുതൽ അപകടകാരിയാകുന്നു എന്നതിന്റെ തെളിവാണോ?’ ഈ ചോദ്യത്തിന് വസ്തുനിഷ്ഠമായ ഉത്തരം നൽകേണ്ടത് അത്യാവശ്യമാണ്.
ലോകത്തിലെ എല്ലാ മതങ്ങളിലും വിശ്വാസത്തിന്റെ ബാഹ്യപ്രകടനങ്ങളുണ്ട്. സിഖുകാർ തലപ്പാവ് ധരിക്കുന്നു. ജൂതന്മാർ കിപ്പ ധരിക്കുന്നു. ക്രൈസ്തവ പുരോഹിതന്മാർ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നു. ഹിന്ദു സന്യാസിമാർ കാവിവസ്ത്രം ധരിക്കുകയും തിലകം ചാർത്തുകയും ചെയ്യുന്നു. താടിയും മുടിയും വടിക്കുകയോ വെട്ടുകയോ ചെയ്യാതെ നടക്കുന്നവരുമുണ്ട്. മുസ്ലിംകൾക്ക് താടിവളർത്തൽ, സ്ത്രീകൾ ഹിജാബ്, നിഖാബ് എന്നിവ ധരിക്കൽ, അറബിയിൽ അഭിവാദ്യമർപ്പിക്കൽ, പള്ളിയിൽ വെച്ച് നമസ്കരിക്കൽ, ഇഅ്തികാഫ്, മതപഠനം... എന്നിവയെല്ലാം മതജീവിതത്തിന്റെ ഭാഗമാണ്.
ഈ മതാചാരങ്ങൾ സ്വയം ഒരു കുറ്റകൃത്യത്തിന്റെ തെളിവല്ല. ഒരു വ്യക്തി നിഖാബ് ധരിക്കുന്നതും മറ്റൊരാൾ ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെടുന്നതും തമ്മിൽ കാരണ-ഫല ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന ശാസ്ത്രീയ തെളിവുകളില്ല. അതുപോലെ താടി വളർത്തുന്നതും ഇഅ്തികാഫ് അനുഷ്ഠിക്കുന്നതും മദ്റസയിൽ പഠിക്കുന്നതും ഒരു വ്യക്തിയെ അക്രമാസക്തനാക്കുന്നുവെന്ന് തെളിയിക്കുന്ന വിശ്വസനീയമായ ഗവേഷണങ്ങളും നിലവിലില്ല.
യഥാർഥത്തിൽ, തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് പഠന-ഗവേഷങ്ങൾ നടത്തുന്നവർ ചൂണ്ടിക്കാണിക്കുന്നത്, അക്രമാസക്ത തീവ്രവത്കരണം ഒരു സങ്കീർണമായ സാമൂഹിക-രാഷ്ട്രീയ-മനഃശാസ്ത്ര പ്രക്രിയയാണെന്നാണ്. വ്യക്തിപരമായ ഒറ്റപ്പെടൽ, രാഷ്ട്രീയ സാഹചര്യങ്ങൾ, ഓൺലൈൻ പ്രചാരണം, യുദ്ധാനുഭവങ്ങൾ, മാനസിക ഘടകങ്ങൾ, സാമൂഹിക ശൃംഖലകൾ തുടങ്ങി നിരവധി ഘടകങ്ങൾ അതിൽ സ്വാധീനം ചെലുത്തുന്നു. ഒരു മതത്തിന്റെ ചിഹ്നങ്ങളെ മാത്രം അതിന്റെ സൂചകമായി കണക്കാക്കാനാവില്ല. അത് കടുത്ത അനീതിയാണ്.
ഇവിടെയാണ് ‘മതനിഷ്ഠ’യും (Religiosity) ‘അക്രമാസക്ത തീവ്രവത്കരണ’വും (Violent Radicalisation) തമ്മിലുള്ള നിർണായകമായ വ്യത്യാസം മനസ്സിലാക്കേണ്ടത്. മതനിഷ്ഠ എന്നത് ഒരാളുടെ വിശ്വാസജീവിതത്തിന്റെ ആഴമാണ്. തീവ്രവത്കരണം എന്നത് അക്രമത്തെ ന്യായീകരിക്കുകയും മറ്റുള്ളവർക്കെതിരെ അതുപയോഗിക്കാൻ തയ്യാറാവുകയും ചെയ്യുന്ന പ്രത്യയശാസ്ത്രപരമായ നിലപാടാണ്. ഇവ രണ്ടും ഒന്നല്ല.
വാസ്തവത്തിൽ, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മതനിഷ്ഠരായ മുസ്ലിംകൾ സമാധാനപരമായി ജീവിക്കുകയും സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകുകയുമാണ് ചെയ്യുന്നത്. ഒരു ചെറിയ വിഭാഗത്തിന്റെ അക്രമാസക്ത പ്രവർത്തനങ്ങളുടെ പേരിൽ ഒരു മതസമൂഹത്തിന്റെ സാധാരണ മതജീവിതത്തെ സംശയത്തിന്റെ കണ്ണിലൂടെ കാണുന്നത് നീതിപൂർവമായ സമീപനമല്ല. അതിനെക്കാൾ ഗുരുതരമായ പ്രത്യാഘാതവും ഇതിനുണ്ട്.

മതപരമായ ആചാരങ്ങൾ തന്നെ സംശയത്തിന്റെ വിഷയമാകുമ്പോൾ സാധാരണ വിശ്വാസികൾ പോലും തങ്ങൾ സ്ഥിരനിരീക്ഷണത്തിലാണെന്ന തോന്നൽ അനുഭവിച്ചേക്കാം. അത് ഭരണകൂടവും ന്യൂനപക്ഷസമൂഹവും തമ്മിലുള്ള വിശ്വാസബന്ധത്തെ ദുർബലമാക്കും. സുരക്ഷാസംവിധാനങ്ങൾ വിജയിക്കണമെങ്കിൽ ജനങ്ങളുടെ സഹകരണവും വിശ്വാസവും അനിവാര്യമാണ്. എന്നാൽ ഒരു സമൂഹം മുഴുവൻ സംശയിക്കപ്പെടുന്നുവെന്ന ബോധം വളർന്നാൽ ആ വിശ്വാസം നഷ്ടപ്പെടാനുള്ള സാധ്യത വർധിക്കും. തീവ്രവാദത്തിനെതിരായ പോരാട്ടം അനിവാര്യമാണ്. എന്നാൽ അത് മതനിഷ്ഠയ്ക്കെതിരായ പോരാട്ടമായി മാറരുത്. കാരണം ഒരു ജനാധിപത്യ സമൂഹത്തിൽ കുറ്റകൃത്യങ്ങളെ അന്വേഷിക്കണം, മതത്തെയല്ല; അക്രമത്തെ തടയണം, വിശ്വാസത്തെയല്ല.
ഭരണഘടനയും പൗരാവകാശങ്ങളും
ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും നിയമത്തിന് മുന്നിൽ തുല്യത ഉറപ്പുനൽകുന്നു. അനുച്ഛേദം 14 പ്രകാരം ഓരോ പൗരനും നിയമത്തിന്റെ തുല്യ സംരക്ഷണത്തിന് അർഹനാണ്. ഒരു വ്യക്തിയുടെ മതപരമായ തിരിച്ചറിയലിന്റെ അടിസ്ഥാനത്തിൽ മാത്രം അയാളെ കൂടുതൽ സംശയത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നത് ഈ തത്ത്വവുമായി എത്രത്തോളം പൊരുത്തപ്പെടുന്നു എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു.
അനുച്ഛേദം 15 മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു. ഒരു സുരക്ഷാനയത്തിന്റെ പ്രായോഗികഫലം പ്രധാനമായും ഒരു പ്രത്യേക മതവിഭാഗത്തെ ബാധിക്കുന്നതാണെങ്കിൽ, അത് വിവേചനപരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതി ലും പ്രധാനമാണ് അനുച്ഛേദം 25, ഓരോ പൗരനും തന്റെ മതം സ്വതന്ത്രമായി ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്ന് അത് വ്യക്തമാക്കുന്നു.
സ്വകാര്യതയുടെ അവകാശവും ഇവിടെ പ്രസക്തമാണ്. 2017ൽ സുപ്രീംകോടതി Justice K. S. Puttaswamy vs Union of India കേസിൽ സ്വകാര്യതയെ (Right to Privacy) ഭരണഘടനാപരമായ മൗലികാവകാശമായി പ്രഖ്യാപിച്ചു. ഒരു വ്യക്തിയുടെ മതപരമായ ജീവിതം, ആരാധന, സാമൂഹികബന്ധങ്ങൾ, യാത്രകൾ, ഡിജിറ്റൽ ഇടപെടലുകൾ എന്നിവയെക്കുറിച്ച് വ്യാപകമായ വിവരശേഖരണം നടത്തുമ്പോൾ അത് ആവശ്യകത, ആനുപാതികത (Proportionality), നിയമസാധുത എന്നീ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നത് ഭരണഘടനാപരമായി വിലയിരുത്തപ്പെടേണ്ട വിഷയമാണ്.
സുരക്ഷയും സ്വാതന്ത്ര്യവും തമ്മിൽ സന്തുലനം പാലിക്കുക എന്നത് എല്ലാ ജനാധിപത്യ രാഷ്ട്രങ്ങളുടെയും വെല്ലുവിളിയാണ്. എന്നാൽ ഭരണഘടനയുടെ ആത്മാവ് ഒരു കാര്യം വ്യക്തമാക്കുന്നു. ഒരു വ്യക്തിയുടെ മതപരമായ സ്വത്വം ഒരിക്കലും കുറ്റകൃത്യത്തിനുള്ള പകരം തെളിവാകാൻ പാടില്ല. അന്വേഷണത്തിന്റെ അടിസ്ഥാനമാകേണ്ടത് വിശ്വാസമല്ല, തെളിവാണ്; മതപരമായ ആചാരങ്ങളല്ല, നിയമവിരുദ്ധമായ പ്രവർത്തനങ്ങളാണ്.
ആഗോള പശ്ചാത്തലം
ഗുജറാത്തിലെ ആന്റി-റാഡിക്കലൈസേഷൻ എസ്ഒപി ഒറ്റപ്പെട്ട ഒരു സംഭവമല്ല. കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തിനിടെ ലോകത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിം സമൂഹത്തെ സുരക്ഷാ ചർച്ചകളുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന സമാനമായ പ്രവണതകൾ രൂപപ്പെട്ടിട്ടുണ്ട്.
2001 സെപ്റ്റംബർ 11ലെ ആക്രമണങ്ങൾക്ക് ശേഷം ലോകമെമ്പാടും ‘ഭീകരവാദത്തിനെതിരായ യുദ്ധം’ (War on Terror) എന്ന പേരിൽ നിരവധി സുരക്ഷാനിയമങ്ങൾ നടപ്പിലാക്കി. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങി നിരവധി രാജ്യങ്ങളിൽ രഹസ്യനിരീക്ഷണം ശക്തിപ്പെടുത്തുകയും അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കുകയും ഇന്റലിജൻസ് സംവിധാനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും ചെയ്തു.
അമേരിക്കയിൽ ന്യൂയോർക്ക് പോലീസ് മുസ്ലിം പള്ളികൾ, വിദ്യാർഥി സംഘടനകൾ, ഹലാൽ ഭക്ഷണശാലകൾ, മുസ്ലിം ബിസിനസുകൾ എന്നിവ വർഷങ്ങളോളം വ്യാപകമായി നിരീക്ഷിക്കപ്പെട്ടതായി പിന്നീട് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ വർഷങ്ങളായുള്ള ഈ നിരീക്ഷണത്തിലൂടെ ഒരു ഭീകരാക്രമണം പോലും തടയാൻ കഴിഞ്ഞിട്ടില്ലെന്ന് പിന്നീട് പുറത്തുവന്ന അന്വേഷണങ്ങൾ ചൂണ്ടിക്കാട്ടി.
ബ്രിട്ടനിലെ Prevent Strategyയും സമാനമായ വിവാദങ്ങൾക്ക് വഴിവെച്ചു. സ്കൂളുകളിലും സർവകലാശാലകളിലും പൊതുസ്ഥാപനങ്ങളിലുമുള്ള അധ്യാപകരും ജീവനക്കാരും ‘റാഡിക്കലൈസേഷൻ’ സൂചനകൾ കണ്ടെത്താൻ ബാധ്യസ്ഥരാക്കപ്പെട്ടപ്പോൾ, മുസ്ലിം വിദ്യാർഥികൾ അനാവശ്യമായ സംശയത്തിനും അന്വേഷണങ്ങൾക്കും വിധേയരാകുന്നുവെന്ന വിമർശനമുയർന്നു. ചില കുട്ടികൾ ക്വുർആനെക്കുറിച്ചോ ഫലസ്തീനെക്കുറിച്ചോ സംസാരിച്ചതിന്റെ പേരിൽ പോലും അധികൃതർക്ക് റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പുറത്തുവിട്ടിട്ടുണ്ട്.
ഫ്രാൻസിൽ മതനിരപേക്ഷതയുടെ പേരിൽ ഹിജാബ്, നിഖാബ്, അബായ തുടങ്ങിയ വസ്ത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും, പള്ളികൾക്കും മുസ്ലിം സംഘടനകൾക്കുമെതിരായ നടപടികളും മുസ്ലിം സമൂഹത്തിൽ വലിയ ആശങ്കകൾ സൃഷ്ടിച്ചു.
ഈ അനുഭവങ്ങളിൽനിന്ന് ഒരു പ്രധാന പാഠം ലഭിക്കുന്നു; സുരക്ഷാനയങ്ങൾ ഒരു പ്രത്യേക മതസമൂഹത്തെ കേന്ദ്രീകരിച്ച് രൂപപ്പെടുമ്പോൾ, അവ സാമൂഹിക വിശ്വാസം വർധിപ്പിക്കുന്നതിനെക്കാൾ വിഭജനം വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇസ്ലാം; തീവ്രവാദത്തിനും അനീതിക്കുമെതിര്
ഇത്തരം ചർച്ചകളിൽ പലപ്പോഴും ഒരു തെറ്റായ ധാരണ പ്രചരിപ്പിക്കപ്പെടാറുണ്ട്; ഇസ്ലാമിന്റെ ബാഹ്യമായ മതാചാരങ്ങളും അക്രമാസക്ത തീവ്രവാദവും തമ്മിൽ ഏതെങ്കിലും സ്വാഭാവിക ബന്ധമുണ്ടെന്ന ധാരണ. എന്നാൽ ഇസ്ലാമിക പ്രമാണങ്ങൾ പരിശോധിക്കുമ്പോൾ ഈ ധാരണയ്ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാകും.
ഒരാളെ അന്യായമായി കൊലപ്പെടുത്തുന്നത് മുഴുവൻ മനുഷ്യരെയും കൊലപ്പെടുത്തുന്നതിനു തുല്യമാണെന്നും ഒരാളുടെ ജീവൻ രക്ഷിക്കുന്നത് മുഴുവൻ മനുഷ്യരുടെയും ജീവൻ രക്ഷിക്കുന്നതിനു തുല്യമാണെന്നും ക്വുർആൻ (5:32) പറയുന്നുണ്ട്.
ഇതരമതസ്ഥരോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്നും ക്വുർആൻ വ്യക്തമാക്കിയിട്ടുണ്ട്: “മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളിൽനിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതിപാലിക്കു ന്നവരെ ഇഷ്ടപ്പെടുന്നു’’ (60:8).
അതുകൊണ്ട് നിരപരാധികളെ ലക്ഷ്യമിടുന്ന അക്രമം, ഭീകരത, സമൂഹത്തിൽ ഭീതിപരത്തൽ, നിയമം കൈയിലെടുക്കൽ എന്നിവയ്ക്ക് ഇസ്ലാമിൽ സ്ഥാനമില്ല.
സുരക്ഷയും സ്വാതന്ത്ര്യവും
തീവ്രവാദത്തെ പ്രതിരോധിക്കേണ്ടത് ഒരു സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. പൗരന്മാരുടെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കായി ഇന്റലിജൻസ് സംവിധാനങ്ങളും അന്വേഷണ ഏജൻസികളും ശക്തമായി പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ, അതോടൊപ്പം മറ്റൊരു അടിസ്ഥാന സത്യവും അംഗീകരിക്കണം. സുരക്ഷയുടെ പേരിൽ പൗരസ്വാതന്ത്ര്യങ്ങൾ ഇല്ലാതാക്കരുത്. ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ ശക്തി അതിന്റെ പോലീസ് സംവിധാനത്തിലോ ആയുധശേഖരത്തിലോ മാത്രമല്ല; നിയമവാഴ്ചയിലും നീതിയിലും ഭരണഘടനയോടുള്ള പ്രതിബദ്ധതയിലുമാണ്.
അതുകൊണ്ടാണ് ആധുനിക സുരക്ഷാ പഠനങ്ങളിൽ ഒരു പ്രധാന തത്ത്വം അംഗീകരിക്കപ്പെടുന്നത്; Behaviour-Based Policing, അതായത് വ്യക്തിയുടെ മതമോ വംശമോ അല്ല, അയാളുടെ യഥാർഥ പെരുമാറ്റവും നിയമവിരുദ്ധ പ്രവർത്തനങ്ങളുമാണ് അന്വേഷണത്തിന്റെ അടിസ്ഥാനമാകേണ്ടത്.
ഒരു വ്യക്തി ഭീകരസംഘടനകളുമായി ബന്ധപ്പെടുന്നുണ്ടെങ്കിൽ, അക്രമത്തിന് ആഹ്വാനം ചെയ്യുന്നുണ്ടെങ്കിൽ, ആയുധങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിൽ, സ്ഫോടകവസ്തുക്കൾ നിർമിക്കുന്നുണ്ടെങ്കിൽ, ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിൽ അയാളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. അതിൽ യാതൊരു സംശയവുമില്ല. പക്ഷേ, ഒരു വ്യക്തി ക്വുർആൻ പഠിക്കുന്നതുകൊണ്ടോ, താടിവളർത്തുന്നതുകൊണ്ടോ, പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതുകൊണ്ടോ, അറബി സംസാരിക്കുന്നതു കൊണ്ടോ, മദ്റസയിൽ പഠിക്കുന്നതുകൊണ്ടോ, ഫലസ്തീനിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിക്കുന്നതുകൊണ്ടോ അയാൾ സുരക്ഷാഭീഷണിയാകുന്നില്ല.
ഒരു വ്യക്തിയുടെ മതപരമായ സ്വത്വം അയാളുടെ കുറ്റകൃത്യത്തിന്റെ തെളിവല്ല. അത് അന്വേഷണത്തിന്റെ തുടക്കബിന്ദുവാകാൻ പാടില്ല. ഇന്ത്യയുടെ ബഹുസ്വരതയും ഭരണഘടനയും ആവശ്യപ്പെടുന്നതും ഇതുതന്നെയാണ്. സുരക്ഷാ ഏജൻസികൾ കുറ്റവാളികളെ കണ്ടെത്തണം. പക്ഷേ, ഒരു സമൂഹത്തെ മുഴുവൻ സംശയിക്കരുത്. കാരണം ഒരു സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുന്നിടത്ത് സുരക്ഷയും ദുർബലമാകും. യഥാർഥ സുരക്ഷ ജനങ്ങളുടെയും ഭരണകൂടത്തിന്റെയും പരസ്പര വിശ്വാസത്തിൽനിന്നാണ് ഉണ്ടാകുന്നത്; അവിശ്വാസത്തിൽനിന്നല്ല.

