മനുഷ്യാവകാശവും നാസ്തികരും
റൈഹാൻ ഷഹീദ്
2026 ആഗസ്റ്റ് 29, 1448 റബീഉൽ അവ്വൽ 16

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പലപ്പോഴും ‘മനുഷ്യാവകാശങ്ങളുടെ നൂറ്റാണ്ട്’(1) എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇന്നു ലോകത്തിന്റെ ഏതു ഭാഗത്ത് ഒരു അനീതി നടന്നാലും മനുഷ്യാവകാശങ്ങളുടെ ഭാഷയിലാണ് അതിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നത്. ജീവിക്കാനുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, സമത്വം, അന്തസ്സ്, വിദ്യാഭ്യാസം, സ്വകാര്യത തുടങ്ങിയ ആശയങ്ങൾ ഇന്ന് ആഗോള രാഷ്ട്രീയത്തിന്റെയും സാമൂഹിക ചർച്ചകളുടെയും കേന്ദ്രസ്ഥാനത്താണ്.
1948ൽ ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ ‘അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം’ (Universal Declaration of Human Rights) മനുഷ്യാവകാശങ്ങളെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മൂല്യങ്ങളാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു.(2) ഇന്ന് ഒരു ഭരണകൂടത്തെ വിമർശിക്കാനും ഒരു യുദ്ധത്തെ അപലപിക്കാനും ഒരു സാമൂഹിക പ്രസ്ഥാനത്തെ പിന്തുണയ്ക്കാനും മനുഷ്യാവകാശങ്ങളുടെ ഭാഷയാണ് സാധാരണ ഉപയോഗിക്കപ്പെടുന്നത്.
ഇതിലെ രസകരമായ ഒരു കാര്യം മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ മതവിശ്വാസികളും നിരീശ്വരവാദികളും ഒരുപോലെ പങ്കുചേരുന്നു എന്നതാണ്. ഒരു മുസ്ലിമും ഒരു ക്രിസ്ത്യാനിയും ഒരു ഹിന്ദുവും ഒരു നിരീശ്വരവാദിയും മനുഷ്യാവകാശങ്ങളെ പിന്തുണച്ചേക്കാം.
എന്നാൽ ഇവിടെ ഒരു ആഴമേറിയ ദാർശനിക ചോദ്യം ഉയരുന്നുണ്ട്: മനുഷ്യന് ഈ അവകാശങ്ങൾ ലഭിച്ചത് എവിടെനിന്നാണ്? ആരാണ് മനുഷ്യന് ജീവിക്കാനുള്ള അവകാശം നൽകിയത്? എന്തുകൊണ്ടാണ് മനുഷ്യജീവൻ വിലപ്പെട്ടതാകുന്നത്? എന്തുകൊണ്ടാണ് ഒരു മനുഷ്യനെ കൊല്ലുന്നത് തെറ്റായിരിക്കുമ്പോൾ ഒരു കൊതുകിനെ കൊല്ലുന്നത് തെറ്റാകാത്തത്? എന്തുകൊണ്ടാണ് മനുഷ്യരെ അടിമകളാക്കുന്നത് അനീ തിയും പശുവിനെയോ കുതിരയെയോ വളർത്തി ഉപയോഗിക്കുന്നത് അനീതിയല്ലാതെയുമായി മാറുന്നത്?
മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഏതു ചർച്ചയും ഒടുവിൽ മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ചുള്ള ചർച്ചയിലേക്ക് എത്തിച്ചേരും. മനുഷ്യൻ എന്താണ്? അവന് എന്തു മൂല്യമാണുള്ളത്? അവന്റെ അന്തസ്സിന്റെ ഉറവിടം എന്താണ്? ആധുനിക ലോകം മനുഷ്യാവകാശങ്ങളെ ശക്തമായി പ്രതിരോധിക്കുന്നുണ്ടെങ്കിലും, അവയുടെ ദാർശനിക അടിത്തറയെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. ദൈവത്തെ നിഷേധിക്കുന്ന ഒരു ലോകവീക്ഷണത്തിന് മനുഷ്യാവകാശങ്ങളെ ഒബ്ജക്റ്റീവായി ന്യായീകരിക്കാൻ കഴിയുമോ എന്ന ചോദ്യം ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.
എന്താണ് മനുഷ്യാവകാശം?
‘മനുഷ്യാവകാശം’ എന്ന പദം നാം നിരന്തരം ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ യഥാർഥ അർഥത്തെക്കുറിച്ച് പലപ്പോഴും ആലോചിക്കാറില്ല. ലളിതമായി പറഞ്ഞാൽ, മനുഷ്യനായതിന്റെ പേരിൽ ഓരോ വ്യക്തിക്കും ലഭിക്കുന്ന അടിസ്ഥാന അവകാശങ്ങളെയാണ് മനുഷ്യാവകാശങ്ങൾ എന്ന് വിളി ക്കുന്നത്. അവ ഒരു രാജ്യത്തിന്റെ പൗരത്വത്തെ ആശ്രയിച്ചല്ല, വംശത്തെയോ മതത്തെയോ ഭാഷയെയോ സാമ്പത്തിക നിലയെയോ ആശ്രയിച്ചുമല്ല; മനുഷ്യനാണെന്ന ഒരേയൊരു കാരണത്താൽ ലഭിക്കുന്ന അവകാശങ്ങളാണവ.(3)
ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, നിയമത്തിനു മുമ്പിലെ സമത്വം, സ്വത്തവകാശം, മതസ്വാതന്ത്ര്യം, അഭിപ്രായപ്രകടന സ്വാതന്ത്ര്യം, മനുഷ്യാന്തസ്സിനുള്ള അവകാശം എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.(4)
മനുഷ്യാവകാശങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അവ സാർവത്രികമാണെന്നതാണ്. അതായത് ലോകത്തിലെ എല്ലാ മനുഷ്യർക്കും ഒരുപോലെ ബാധകമാണ്. ഇവിടെ ഒരു നിർണായക ചോദ്യം ഉയരുന്നു: മനുഷ്യാവകാശങ്ങൾ സാർവത്രികമാണെന്ന് നാം എന്തുകൊണ്ട് വിശ്വസിക്കുന്നു? ഒരു രാജ്യത്തെ ഭൂരിപക്ഷം ആളുകൾ ഒരു ന്യൂനപക്ഷ വിഭാഗത്തിന് ജീവിക്കാനുള്ള അവകാശമില്ലെന്ന് തീരുമാനിച്ചാൽ എന്താകും? ഒരു സമൂഹം അടിമത്തം ശരിയാണെന്നു തീരുമാനിച്ചാൽ അതിനെ ശരിയെന്ന് വിളിക്കാമോ? ഹിറ്റ്ലറുടെ ജർമനിയിൽ ജൂതന്മാരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ എന്തിന്റെ അടിസ്ഥാനത്തിലാണ് തെറ്റെന്നു പറയുന്നത്?
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മനുഷ്യാവകാശങ്ങളുടെ പിന്നിലുള്ള തത്ത്വചിന്ത മനസ്സിലാക്കണം. ചരിത്രപരമായി മനുഷ്യാവകാശങ്ങൾക്ക് രണ്ടു പ്രധാന അടിത്തറകളാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. ഒന്നാമത്തെത് മനുഷ്യനിൽ അന്തർലീനമായ മൂല്യമുണ്ടെന്നും ആ മൂല്യം ദൈവത്തിൽ നിന്നാണെ ന്നും പറയുന്ന മതപരമായ കാഴ്ചപ്പാടാണ്. രണ്ടാമത്തെത് മനുഷ്യാവകാശങ്ങൾ സാമൂഹിക കരാറുകളുടെയോ മനുഷ്യസമ്മതത്തിന്റെയോ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത് എന്ന മതേതര കാഴ്ചപ്പാടാണ്. ഈ രണ്ട് സമീപനങ്ങളിൽ ഏതാണ് മനുഷ്യാവകാശങ്ങൾക്ക് കൂടുതൽ ഉറച്ച അടിത്തറ നൽകുന്നത് എന്നതാണ് നമ്മുടെ ചർച്ചയുടെ കേന്ദ്രവിഷയം.
നിരീശ്വരവാദം: ഒരു ലോകവീക്ഷണം
നിരീശ്വരവാദം എന്നത് ‘ദൈവത്തിൽ വിശ്വസിക്കാതിരിക്കുക’ എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ആധുനിക ചിന്തയിൽ അത് പലപ്പോഴും ഒരു സമഗ്ര ലോകവീക്ഷണമായി മാറിയിട്ടുണ്ട്. എല്ലാ നിരീശ്വരവാദികളും ഒരുപോലെ ചിന്തിക്കുന്നില്ല. ചിലർ ദൈവത്തിന്റെ അസ്തിത്വത്തെ വ്യക്തമായി നിഷേധിക്കുന്നു. ചിലർ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വിശ്വാസം സ്വീകരിക്കുന്നില്ല. എന്നാൽ സമകാലിക നിരീശ്വരവാദത്തിന്റെ വലിയൊരു ഭാഗം നാച്വറലിസം (Naturalism) എന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
നാച്വറലിസം അനുസരിച്ച് പ്രപഞ്ചത്തിൽ പ്രകൃതിക്കപ്പുറമുള്ള യാതൊന്നുമില്ല. ദൈവം, മലക്കുകൾ, ആത്മാവ്, വെളിപാട്, പരലോകം തുടങ്ങിയ ആശയങ്ങൾ യാഥാർഥ്യമല്ല. നിലനിൽക്കുന്നത് ഭൗതിക പ്രപഞ്ചവും അതിന്റെ നിയമങ്ങളുമാണ്. ഈ കാഴ്ചപ്പാടനുസരിച്ച് മനുഷ്യനും പ്രകൃതിയുടെ ഭാഗമാണ്. മനുഷ്യൻ ഒരു പ്രത്യേക സൃഷ്ടിയല്ല; കോടിക്കണക്കിന് വർഷങ്ങളായുള്ള പരിണാമപ്രക്രിയയുടെ ഫലമാണ്.
ഈ ആശയം ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാളാണ് ചാൾസ് ഡാർവിൻ.(5) അദ്ദേഹത്തിന്റെ പരിണാമസിദ്ധാന്തം ജീവജാലങ്ങളുടെ വൈവിധ്യത്തെ വിശദീകരിക്കുന്ന ഒരു ശാസ്ത്രീയ വ്യാഖ്യാനം അവതരിപ്പിച്ചു. ഈ ലോകവീക്ഷണത്തിൽ മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിലുള്ള വ്യത്യാസം അടിസ്ഥാനപരമല്ല, അളവിലുള്ളതുമാത്രമാണ്. മനുഷ്യനും ഒരു ജീവിയാണ്; കൂടുതൽ വികസിച്ച ഒരു ജീവി.
നിരവധി ആധുനിക നിരീശ്വരവാദികൾ ഈ നിലപാടിനെ സ്വീകരിക്കുന്നു. ഉദാഹരണത്തിന് റിച്ചാർഡ് ഡോകിൻസ്, അദ്ദേഹം മനുഷ്യനെ ‘ജീനുകൾ നിലനിൽക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ’ എന്ന രീതിയിൽ വിശദീകരിച്ചിട്ടുണ്ട്.(6) അതുപോലെ ‘യുവാൽ നോവാ ഹരാരി’ മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്ന് പൂർണമായി വ്യത്യസ്തമായ ഒരു സത്തയായി കാണുന്ന സമീപനത്തെ ചോദ്യം ചെയ്യുന്നു.(7)
ഇവിടെനിന്നാണ് മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഒരു വലിയ തത്ത്വചിന്താപരമായ പ്രശ്നം ഉയരുന്നത്. മനുഷ്യൻ വെറും പരിണാമത്തിന്റെ ഫലമാണെങ്കിൽ, മനുഷ്യന് പ്രത്യേക മൂല്യമുണ്ടെന്ന് എങ്ങനെ തെളിയിക്കും? മനുഷ്യനും മറ്റു ജീവജാലങ്ങളും ഒരേ പ്രകൃതിപ്രക്രിയയുടെ ഭാഗമാണെങ്കിൽ, മനുഷ്യാവകാശങ്ങൾ എന്ന ആശയത്തിന് അടിത്തറ എന്തായിരിക്കും? നിരീശ്വരവാദികളെ നിരന്തരം അലട്ടുന്ന ചോദ്യങ്ങളാണ് ഇവ.
നന്മയും തിന്മയും ആരാണുതീരുമാനിക്കുന്നത്?
മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ചർച്ചയിൽനിന്ന് ഒഴിവാക്കാനാവാത്ത ഒരു വിഷയമാണ് ധാർമികത. കാരണം ഒരു അവകാശം എന്ന ആശയം തന്നെ ചില കാര്യങ്ങൾ ശരിയാണെന്നും ചില കാര്യങ്ങൾ തെറ്റാണെന്നും മുൻകൂട്ടി അംഗീകരിക്കുന്നു.
ഉദാഹരണത്തിന്: ‘കൊലപാതകം തെറ്റാണ്’. ‘ബലാത്സംഗം തെറ്റാണ്’. ‘പീഡനം തെറ്റാണ്’. ‘അടിമത്തം തെറ്റാണ്’. ഇവയെല്ലാം ധാർമിക പ്രസ്താവനകളാണ്. എന്നാൽ ഒരു അടിസ്ഥാന ചോദ്യം ഉയരുന്നു: ‘ദൈവമില്ലെങ്കിൽ ഇവ തെറ്റാണെന്നു നാം എങ്ങനെ തെളിയിക്കും?’
ഒരു നിരീശ്വരവാദിക്ക് വ്യക്തിപരമായി കൊലപാതകത്തെ വെറുക്കാം. ബലാത്സംഗത്തെ അപലപിക്കാം. മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കാം. എന്നാൽ ചോദ്യം അതല്ല, ‘അവ തെറ്റാണെന്നു വസ്തുനിഷ്ഠമായി (objectively) തെളിയിക്കാൻ കഴിയുമോ’ എന്നതാണ്. ഒരു വ്യക്തി, ‘എനിക്കു കൊലപാതകം തെറ്റാണെന്നു തോന്നുന്നില്ല’ എന്നു പറയുകയാണെങ്കിൽ അയാളോട് എന്തു മറുപടി പറയും? ‘എനിക്കു തോന്നുന്നു, അതു തെറ്റാണ്’ എന്നാണെങ്കിൽ അത് ഒരു അഭിപ്രായം മാത്രമാണ്. രണ്ട് അഭിപ്രായങ്ങൾ തമ്മിലുള്ള വ്യത്യാസം മാത്രം. മതപരമായ ലോകവീക്ഷണത്തിൽ ഈ പ്രശ്നമില്ല. കാരണം നന്മയും തിന്മയും അല്ലാഹുവിന്റെ കൽപനകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യാഭിപ്രായങ്ങൾ മാറിയാലും ധാർമികസത്യങ്ങൾ മാറുന്നില്ല. എന്നാൽ നിരീശ്വരവാദ ലോകവീക്ഷണത്തിൽ നന്മയും തിന്മയും എന്തിന്റെ അടിസ്ഥാനത്തിലാണ് നിർണയിക്കപ്പെടുന്നത്?
ചിലർ സമൂഹത്തിന്റെ സമ്മതമാണ് അടിസ്ഥാനമെന്നു പറയുന്നു.(8) എന്നാൽ സമൂഹങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. ഒരു കാലത്ത് അടിമത്തം നിയമപരവും സാമൂഹികവുമായി അംഗീകരിക്കപ്പെട്ടതായിരുന്നു. അന്നു ഭൂരിപക്ഷം ആളുകൾ അതു ശരിയാണെന്ന് കരുതിയിരുന്നു. അതുകൊണ്ട് അതു ശരിയായിരു ന്നോ? ചിലർ പരിണാമത്തിലൂടെയാണ് ധാർമികത രൂപപ്പെട്ടതെന്ന് വാദിക്കുന്നു. സഹകരിക്കുന്ന സമൂഹങ്ങൾ കൂടുതൽ വിജയിച്ചതിനാൽ മനുഷ്യർ ധാർമിക പെരുമാറ്റങ്ങൾ വികസിപ്പിച്ചു എന്നാണ് അവരുടെ അഭിപ്രായം.(9)എന്നാൽ ഒരു പെരുമാറ്റം പരിണാമപരമായി പ്രയോജനകരമാണ് എന്നത് അതു ധാർമി കമായി ശരിയാണ് എന്നു തെളിയിക്കുന്നില്ല. പല തത്ത്വചിന്തകരും ഈ പ്രശ്നം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മൈക്കൾ റൂസ് എഴുതിയത് മനുഷ്യരുടെ ധാർമികബോധം ജൈവപരിണാമത്തിന്റെ ഉൽപന്നമാണെന്നും അത് വസ്തുനിഷ്ഠ സത്യങ്ങളിലേക്ക് വിരൽചൂണ്ടണമെന്നില്ല എന്നുമാണ്.(10)
‘ഫ്രീഡ്രിക്ക് നീച്ച’ ‘God is dead’ എന്നു പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം ആഘോഷിക്കുകയായിരുന്നില്ല, മറിച്ച് ദൈവത്തെ ഉപേക്ഷിച്ച ഒരു സംസ്കാരം ഒടുവിൽ തന്റെ ധാർമിക അടിത്തറയും നഷ്ടപ്പെടുത്തുമെന്ന് മുന്നറിയിപ്പു നൽകുകയായിരുന്നു.(11) അതുകൊണ്ട് നിരീശ്വരവാദത്തിന്റെ പ്രധാന വെല്ലുവിളി ദൈവമില്ലെന്ന് പറയുന്നതല്ല; ദൈവമില്ലാതെ ധാർമികതയെ എങ്ങനെ ന്യായീകരിക്കും എന്നതാണ്.
നിരീശ്വരവാദത്തിന്റെ പ്രതിസന്ധി
മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള എല്ലാ ചർച്ചകളുടെയും കേന്ദ്രത്തിൽ ഒരു അടിസ്ഥാന ധാരണയുണ്ട്: മനുഷ്യനിൽ അന്തർലീനമായ മൂല്യമുണ്ട്. അതുകൊണ്ടാണ് മനുഷ്യനെ പീഡിപ്പിക്കുന്നത് തെറ്റാകുന്നത്. അതുകൊണ്ടാണു മനുഷ്യനെ കൊല്ലുന്നത് തെറ്റാകുന്നത്. അതുകൊണ്ടാണ് മനുഷ്യനെ അടിമയാക്കുന്നത് തെറ്റാകുന്നത്. എന്നാൽ ഈ അന്തർലീനമായ മൂല്യം എവിടെനിന്നാണു വരുന്നത്?
മതവിശ്വാസിയുടെ മറുപടി ലളിതമാണ്: മനുഷ്യൻ അല്ലാഹുവിന്റെ സൃഷ്ടിയാണ്. അതുകൊണ്ടാണ് അവനു അന്തസ്സും അവകാശങ്ങളുമുള്ളത്. എന്നാൽ നിരീശ്വരവാദ ലോകവീക്ഷണത്തിൽ മനുഷ്യൻ പ്രകൃതിയുടെ ഭാഗം മാത്രമാണ്. കോടിക്കണക്കിന് വർഷങ്ങളായുള്ള പരിണാമത്തിന്റെ ഫലമാണ്. അങ്ങനെയാണോ മനുഷ്യജീവൻ വിശുദ്ധമാകുന്നത്? എന്തുകൊണ്ടാണ് ഒരു മനുഷ്യന്റെ ജീവൻ ഒരു കല്ലിന്റെയോ മരത്തിന്റെയോ കുരങ്ങിന്റെയോ ജീവനെക്കാൾ വിലപ്പെട്ടതാകുന്നത്?

ഇവിടെ പല നിരീശ്വരവാദികളും സാമൂഹിക കരാർ (Social Contract)എന്ന ആശയം മുന്നോട്ടു വയ്ക്കുന്നു. അതായത് മനുഷ്യർ പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ അവകാശങ്ങൾ അംഗീകരിക്കുന്നു. എന്നാൽ ഒരു വലിയ പ്രശ്നമുണ്ട്; അവകാശങ്ങൾ സാമൂഹിക കരാറിന്റെ ഫലമാണെങ്കിൽ അവ സമൂഹത്തിന് മാറ്റാനും പിൻവലിക്കാനും കഴിയും. അപ്പോൾ മനുഷ്യാവകാശങ്ങൾ യഥാർഥത്തിൽ സാർവത്രികമല്ല; താൽക്കാലിക സാമൂഹിക ധാരണകൾ മാത്രമാണ്.
ഇവിടെയാണ് പ്രശസ്ത ചരിത്രകാരനായ ‘യുവാൽ നോവാ ഹരാരി’ ഉയർത്തുന്ന നിരീക്ഷണം ശ്രദ്ധേയമാകുന്നത്. മനുഷ്യാവകാശങ്ങൾ പ്രകൃതിയിൽ കണ്ടെത്താൻ കഴിയുന്ന വസ്തുതകളല്ലെന്നും മനുഷ്യർ സൃഷ്ടിച്ച "imagined orders’ (സങ്കൽപിത ക്രമങ്ങൾ) ആണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. (12)
ഹരാരിയുടെ നിഗമനം എല്ലാവരും അംഗീകരിക്കണമെന്നില്ല. എന്നാൽ അദ്ദേഹം ഉയർത്തുന്ന ചോദ്യം ഗൗരവമുള്ളതാണ്: മനുഷ്യാവകാശങ്ങൾ പ്രകൃതിയിലെ വസ്തുതകളല്ലെങ്കിൽ അവയുടെ അന്തിമ അടിത്തറ എന്താണ്? ഒരു രാഷ്ട്രം അവയെ നിഷേധിച്ചാൽ ഏത് അടിസ്ഥാനത്തിലാണ് നാം അതിനെ തെറ്റെന്ന് വിളിക്കുക?
അതിനാൽ മനുഷ്യാവകാശങ്ങളുടെ ഏറ്റവും വലിയ പ്രശ്നം അവയെ പിന്തുണയ്ക്കുക എന്നതല്ല; അവയെ ന്യായീകരിക്കുക എന്നതാണ്.
മനുഷ്യൻ എന്തുകൊണ്ട് വ്യത്യസ്തൻ?
മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ചർച്ച ഒടുവിൽ ഒരു നിർണായക ചോദ്യത്തിലേക്ക് എത്തിച്ചേരുന്നു: എന്തുകൊണ്ട് മനുഷ്യൻ വ്യത്യസ്തൻ? ഇതാണ് "Human Exceptionalism’ എന്ന് അറിയപ്പെടുന്ന ആശയം.(13)
ലോകത്തിലെ മിക്ക നിയമവ്യവസ്ഥകളും ധാർമിക സിദ്ധാന്തങ്ങളും മനുഷ്യൻ മറ്റു ജീവജാലങ്ങളിൽ നിന്നു വ്യത്യസ്തനാണെന്ന് മുൻകൂട്ടി അംഗീകരിക്കുന്നു. അതുകൊണ്ടാണ് മനുഷ്യനെ കൊല്ലുന്നതു ‘കൊലപാതക’മാകുന്നത്. അതുകൊണ്ടാണു മനുഷ്യനെ അടിമയാക്കുന്നത് അനീതിയാകുന്നത്. അതുകൊണ്ടാണു മനുഷ്യനെ പീഡിപ്പിക്കുന്നത് കുറ്റകൃത്യമാകുന്നത്. എന്നാൽ മനുഷ്യൻ വ്യത്യസ്തനാണെന്ന് എന്തുകൊണ്ടാണ് പറയുന്നത്? നിരീശ്വരവാദ നാച്വറലിസത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിലുള്ള വ്യത്യാസം ഗുണപരമല്ല; അളവിലുള്ളതാണ്. മനുഷ്യൻ കൂടുതൽ ബുദ്ധിശക്തിയുള്ള ഒരു ജീവി മാത്രമാണ്.
എന്നാൽ ബുദ്ധിശക്തിയാണ് മനുഷ്യന്റെ മൂല്യത്തിന്റെ അടിത്തറയെങ്കിൽ ചില പ്രശ്നങ്ങൾ ഉയരും. ഒരു നവജാത ശിശുവിന് ഒരു പ്രായപൂർത്തിയായ കുരങ്ങിനെക്കാൾ കുറഞ്ഞ ബുദ്ധിശേഷിയാണുള്ളത്. ഒരു ഗുരുതര ബുദ്ധിവൈകല്യമുള്ള വ്യക്തിക്ക് ചില മൃഗങ്ങളെക്കാൾ കുറഞ്ഞ ബൗദ്ധികശേഷിയുണ്ടാകാം. അപ്പോൾ ബുദ്ധിശക്തി മാത്രമാണോ മനുഷ്യന്റെ മൂല്യത്തിന്റെ അടിസ്ഥാനം? അങ്ങനെയാണെങ്കിൽ ഏറ്റവും ദുർബലരായ മനുഷ്യരുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കപ്പെടും? ഇവിടെയാണ് മനുഷ്യാവകാശങ്ങളുടെ വലിയ പ്രതിസന്ധി പ്രത്യക്ഷപ്പെടുന്നത്. പ്രായോഗിക ജീവിതത്തിൽ എല്ലാ മനുഷ്യർക്കും തുല്യമായ അന്തസ്സും അവകാശങ്ങളും ഉണ്ടെന്ന് നാം വിശ്വസിക്കുന്നു. എന്നാൽ പരിണാമപരമായ നാച്വറലിസത്തിൽനിന്ന് മാത്രം ആ നിഗമനത്തിലേക്ക് എത്തിച്ചേരുക എളുപ്പമല്ല. ഇസ്ലാമിന്റെ കാഴ്ചപ്പാട് ഇവിടെ വ്യക്തമാണ്. മനുഷ്യൻ വ്യത്യസ്തനാണ്, കാരണം അവൻ അല്ലാഹുവിന്റെ സൃഷ്ടിയാണ്. അല്ലാഹു പറയുന്നു: “തീർച്ചയായും ആദമിന്റെ സന്തതികളെ നാം ആദരിച്ചിരിക്കുന്നു...’’(ക്വുർആൻ 17:70).
മനുഷ്യന്റെ മൂല്യം അവന്റെ ശക്തിയിലോ ബുദ്ധിയിലോ സമ്പത്തിലോ വംശത്തിലോ അല്ല; അവൻ അല്ലാഹുവിന്റെ സൃഷ്ടിയായതിലാണ്. അതുകൊണ്ടാണ് ഒരു നവജാതശിശുവിനും ഒരു വൃദ്ധനും ഒരു ദരിദ്രനും ഒരു വൈകല്യമുള്ള വ്യക്തിക്കും ഒരേ മനുഷ്യാന്തസ്സ് ലഭിക്കുന്നത്. മനുഷ്യാവകാശങ്ങളുടെ ഏറ്റവും ശക്തമായ അടിത്തറ ഈ വിശ്വാസത്തിലാണ്. കാരണം മനുഷ്യനെ പ്രത്യേകമായി കാണാനുള്ള കാരണത്തെ അതു മനുഷ്യനിൽനിന്നും കണ്ടെത്തുന്നില്ല; മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിൽനിന്നാണ് കണ്ടെത്തുന്നത്.
മൃഗങ്ങളും മനുഷ്യാവകാശവും
സമകാലിക നൈതിക ചർച്ചകളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിഷയമാണ് മൃഗാവകാശങ്ങൾ (Animal Rights). മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്നും മറ്റു ജീവജാലങ്ങളെക്കാൾ അടിസ്ഥാനപരമായി വ്യത്യസ്തനല്ലെന്നുമുള്ള വാദം ശക്തമായതോടെ മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകളും വ്യാപകമായി.(14)
ഈ ചർച്ചയുടെ കേന്ദ്രത്തിൽ ഒരു പ്രധാന ചോദ്യം നിലകൊള്ളുന്നു: ‘മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്?’
നിരീശ്വരവാദ നാച്വറലിസത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യൻ മറ്റു ജീവികളിൽനിന്ന് പരിണാമപരമായി വികസിച്ച ഒരു ജീവി മാത്രമാണെങ്കിൽ, മനുഷ്യനു മാത്രം പ്രത്യേക അവകാശങ്ങൾ നൽകുന്നതിന്റെ ന്യായമെന്താണ്? ചില ആധുനിക തത്ത്വചിന്തകർ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പരമ്പരാഗത വേർതിരിവിനെ ചോദ്യം ചെയ്തിട്ടുണ്ട്. മനുഷ്യന്റെ താൽപര്യങ്ങൾക്കു മാത്രം പ്രത്യേക പ്രാധാന്യം നൽകുന്ന സമീപനത്തെ "Speciesism’ എന്നാണ് അവർ വിശേഷിപ്പിക്കുന്നത്. വംശീയത (Racism) അല്ലെങ്കിൽ ലിംഗവിവേചനം (Sexism) പോലെ തന്നെ സ്പീഷീസിസവും ഒരു വിവേചനമാണെന്നാണ് അവരുടെ വാദം.(15)
ഇവിടെ ഒരു ഗൗരവമുള്ള ചോദ്യം ഉയരുന്നു. എല്ലാ ജീവജാലങ്ങൾക്കും ഒരേ ധാർമിക പദവിയാണെങ്കിൽ: ഒരു മനുഷ്യനെ കൊല്ലുന്നതും ഒരു പശുവിനെ കൊല്ലുന്നതും ഒരുപോലെ തെറ്റാണോ? ഒരു കുട്ടിയെയും ഒരു നായയെയും രക്ഷിക്കാൻ ഒരേസമയം അവസരം ലഭിച്ചാൽ ആരെയാണ് ആദ്യം രക്ഷിക്കേ ണ്ടത്? മനുഷ്യനെ അടിമയാക്കുന്നതു തെറ്റാണെങ്കിൽ മൃഗങ്ങളെ മനുഷ്യന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് എന്തുകൊണ്ട് ശരിയാണ്?
പ്രായോഗിക ജീവിതത്തിൽ ഭൂരിഭാഗം ആളുകളും മനുഷ്യജീവന് പ്രത്യേക മൂല്യമുണ്ടെന്ന് അംഗീകരിക്കുന്നു. ഒരു മനുഷ്യന്റെ മരണവും ഒരു മൃഗത്തിന്റെ മരണവും ഒരേ രീതിയിൽ കാണുന്നില്ല. നിയമവ്യവസ്ഥകളും അതുപോലെ തന്നെയാണ്. എന്നാൽ ചോദ്യം വീണ്ടും അവശേഷിക്കുന്നു: ‘മനുഷ്യനു ഈ പ്രത്യേക പദവി ലഭിച്ചത് എന്തുകൊണ്ടാണ്?’ ഇസ്ലാമിന്റെ മറുപടി വ്യക്തമാണ്. മനുഷ്യൻ അല്ലാഹുവിന്റെ സൃഷ്ടികളിൽ പ്രത്യേക സ്ഥാനമുള്ളവനാണ്. അതേസമയം മൃഗങ്ങളോടുള്ള കരുണയും ഉത്തരവാദി ത്തവും ഇസ്ലാം പഠിപ്പിക്കുന്നു. മനുഷ്യൻ മൃഗങ്ങളെ പീഡിപ്പിക്കാൻ അർഹനല്ല, എന്നാൽ മനുഷ്യനും മൃഗങ്ങളും ഒരേ ധാർമിക പദവിയിലുള്ളവരാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. അതുകൊണ്ട് മനുഷ്യാവകാശങ്ങളുടെ ആശയം നിലനിൽക്കണമെങ്കിൽ മനുഷ്യനു മറ്റു ജീവികളിൽനിന്ന് വ്യത്യസ്തമായ ഒരു പ്രത്യേക മൂല്യമുണ്ടെന്ന് ആദ്യം അംഗീകരിക്കേണ്ടി വരും.
റിച്ചാർഡ് ഡോക്കിൻസ്, സെൽഫിഷ് ജീൻ, സ്പീഷീസിസം
ആധുനിക നിരീശ്വരവാദത്തിന്റെ ഏറ്റവും സ്വാധീനമുള്ള ചിന്തകരിൽ ഒരാളാണ് റിച്ചാർഡ് ഡോക്കിൻസ്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പുസ്തകമായ ‘ദി സെൽഫിഷ് ജീൻ’ പരിണാമത്തെ ജീനുകളുടെ കാഴ്ചപ്പാടിൽ നിന്നു വിശദീകരിക്കുന്ന ഒരു പ്രധാന കൃതിയാണ്.
ഡോക്കിൻസിന്റെ അടിസ്ഥാന ആശയം, ജീവജാലങ്ങൾ ജീനുകൾക്ക് നിലനിൽക്കാനും സ്വയം പകർത്താനുമുള്ള വാഹനങ്ങൾ മാത്രമാണെന്നാണ്. മനുഷ്യനും ഈ ജൈവ പ്രക്രിയയുടെ ഭാഗമാണ്. ഈ കാഴ്ചപ്പാട് ശാസ്ത്രലോകത്ത് വലിയ സ്വാധീനം ചെലുത്തിയെങ്കിലും ചില ദാർശനിക ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു.(16)
മനുഷ്യൻ വെറും ജീനുകളുടെ വാഹനം മാത്രമാണെങ്കിൽ; മനുഷ്യന്റെ അന്തർലീനമായ മൂല്യം എന്താണ്? മനുഷ്യജീവന്റെ വിശുദ്ധി എവിടെനിന്നാണ് വരുന്നത്? മനുഷ്യാവകാശങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്? ഡോക്കിൻസ് ഉൾപ്പെടെയുള്ള ചില ചിന്തകർ മനുഷ്യന്റെ പ്രത്യേക പദവിയെ ചോദ്യം ചെയ്യുമ്പോൾ, ആധുനിക മനുഷ്യാവകാശഭാഷ മനുഷ്യന് ഒരു പ്രത്യേക ധാർമികപദവി നൽകുകയും ചെയ്യുന്നു.
ഇവിടെ ഒരു വൈരുധ്യം കാണാം. ഒരു വശത്തു മനുഷ്യൻ മറ്റു ജീവജാലങ്ങളിൽനിന്ന് അടിസ്ഥാനപരമായി വ്യത്യസ്തനല്ല എന്നു പറയപ്പെടുന്നു. മറുവശത്തു മനുഷ്യനു മാത്രം പ്രത്യേക അവകാശങ്ങളും നിയമപരമായ സംരക്ഷണങ്ങളും അനുവദിക്കപ്പെടുന്നു. ഇവിടെ കൃത്യമായ ധാർമിക അടിസ്ഥാനമുള്ള നമ്മൾ ചോദിക്കുന്നു: ‘മനുഷ്യാവകാശങ്ങളെ സംരക്ഷിക്കണമെങ്കിൽ ആദ്യം മനുഷ്യന്റെ പ്രത്യേകതയെ ന്യായീകരിക്കേണ്ടതില്ലേ?’
പരിണാമ സിദ്ധാന്തം (അത് ശരിയാണെന്ന് സങ്കൽപിച്ചാൽ തന്നെ) മനുഷ്യന്റെ ജൈവ ഉത്ഭവത്തെ വിശദീകരിച്ചേക്കാം, എന്നാൽ മനുഷ്യന്റെ ധാർമിക മൂല്യത്തെ വിശദീകരിക്കുന്നില്ല. ‘മനുഷ്യൻ എങ്ങനെ ഉണ്ടായി’ എന്ന ചോദ്യത്തിനും ‘മനുഷ്യന് എന്തുകൊണ്ടു മൂല്യമുണ്ട്?’ എന്ന ചോദ്യത്തിനും ഒരേ ഉത്തരമല്ല. ശാസ്ത്രം ആദ്യത്തെ ചോദ്യത്തിനു മറുപടി നൽകാം. എന്നാൽ രണ്ടാമത്തെ ചോദ്യം തത്ത്വചിന്തയുടെയും ധാർമികതയുടെയും മേഖലയിലാണ്. അതിനാൽ മനുഷ്യാവകാശങ്ങളുടെ ചർച്ചയിൽ ജീവശാസ്ത്രം മാത്രം മതിയാകില്ല; മനുഷ്യന്റെ അന്തസ്സിനെക്കുറിച്ചുള്ള ഒരു ദാർശനിക വിശദീകരണവും ആവശ്യമാണ്.
നിരീശ്വരവാദത്തിന്റെ അപകടങ്ങൾ
ഈ ലേഖനത്തിന്റെ ഉദ്ദേശ്യം എല്ലാ നിരീശ്വരവാദികളെയും മനുഷ്യാവകാശ വിരുദ്ധരായി ചിത്രീകരിക്കുകയല്ല. എന്നാൽ ഒരു ലോകവീക്ഷണത്തിന്റെ പ്രത്യാഘാതങ്ങൾ പരിശോധിക്കേണ്ടത് അനിവാര്യമാണ്. ചരിത്രത്തിൽ മനുഷ്യനെ കേവലം ജൈവപരമായ മാനദണ്ഡങ്ങളിൽ മാത്രം വിലയിരുത്താനുള്ള ശ്രമങ്ങൾ അപകടകരമായ ഫലങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിനുള്ള പ്രധാന ഉദാഹരണമാണ് യൂജനിക്സ് (Eugenics). പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ചില പാശ്ചാത്യ ചിന്തകർ മനുഷ്യസമൂഹത്തെ ‘മെച്ചപ്പെടുത്താൻ’ ശാസ്ത്രീയ പ്രജനന നിയന്ത്രണങ്ങൾ ഉപയോഗിക്കണമെന്ന് വാദിച്ചു. ഈ ആശയത്തിന്റെ പ്രധാന പ്രചാരകരിൽ ഒരാളായിരുന്നു ഫ്രാൻസിസ് ഗാൾട്ടൻ.(17)
യൂജനിക്സ് പ്രസ്ഥാനത്തിന്റെ വാദം നമുക്ക് ഇങ്ങനെ മനസ്സിലാക്കാം:
1. സമൂഹത്തിലെ ‘മികച്ച’ ആളുകൾ കൂടുതൽ സന്താനങ്ങൾ ഉണ്ടാക്കണം.
2. ‘അനഭിലഷണീയ’ വിഭാഗങ്ങളുടെ ജനനം കുറയ്ക്കണം.(18)
ഇത്തരം ആശയങ്ങൾ പിന്നീടു നിർബന്ധിത വന്ധ്യംകരണ പരിപാടികൾക്കും ഗുരുതര മനുഷ്യാവകാശലംഘനങ്ങൾക്കും കാരണമായി.(19) നാസി ജർമനി ഈ ആശയങ്ങളെ അതിരൂക്ഷമായ രൂപത്തിൽ സ്വീകരിച്ചു. വംശശുദ്ധീകരണത്തിന്റെയും ജനിതക മേൽക്കോയ്മയുടെയും പേരിൽ ലക്ഷക്കണക്കിന് ആളുകൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. (20)
മനുഷ്യന് അന്തർലീനമായ മൂല്യമില്ലെന്നും മനുഷ്യനെ ജൈവപരമായ കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താമെന്നും കരുതുമ്പോൾ എന്തു സംഭവിക്കും? ആരാണ് ജീവിക്കാൻ അർഹൻ? ആരാണ് സമൂഹത്തിന് ഉപകാരപ്രദൻ? ആരുടെ ജീവിതമാണ് കൂടുതൽ വിലപ്പെട്ടത്? ഈ ചോദ്യങ്ങൾക്ക് അപകടകരമായ ഉത്തരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. അതിന്റെ വ്യക്തമായ തെളിവാണ് നാമിവിടെ കണ്ടത്.
ഇരുപതാം നൂറ്റാണ്ടിലെ ചില രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ മനുഷ്യനെ ആത്മീയ മൂല്യമുള്ള വ്യക്തിയായി കാണാതെ സാമ്പത്തികമോ വംശീയമോ ജൈവമോ ആയ വിഭാഗങ്ങളുടെ ഭാഗമായി മാത്രം കണ്ടു. അതിന്റെ ഫലമായി വൻതോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ സംഭവിച്ചു.(21)
ഇസ്ലാം ഈ സമീപനത്തെ അടിസ്ഥാനപരമായി നിരാകരിക്കുന്നു. ഒരു മനുഷ്യന്റെ മൂല്യം അവന്റെ വംശത്തിലോ ശക്തിയിലോ ബുദ്ധിയിലോ ഉൽപാദനക്ഷമതയിലോ അല്ല; അവൻ അല്ലാഹുവിന്റെ സൃഷ്ടിയായതിലാണ്. അതുകൊണ്ടുതന്നെ ഏറ്റവും ദുർബലനായ മനുഷ്യനും അതേ അന്തസ്സിനും സംരക്ഷ ണത്തിനും അർഹനാണ്. മനുഷ്യാവകാശങ്ങളുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്ന ഒരു പ്രധാന പാഠം ഇതാണ്: മനുഷ്യന്റെ മൂല്യം സമൂഹത്തിന്റെ ഉപയോഗപ്രദതയിലോ ജൈവ മേൽക്കോയ്മയിലോ അടിസ്ഥാനപ്പെടുത്തിയാൽ, മനുഷ്യാവകാശങ്ങൾ ഒടുവിൽ അപകടത്തിലാകും. അവയ്ക്കു കൂടുതൽ ഉറച്ചതും മാറ്റമില്ലാത്തതുമായ ഒരു അടിത്തറ ആവശ്യമാണ്.
(അവസാനിച്ചില്ല)
References:
1. Quoted by former UN Secretary-General Kofi A. Annan, The Age of Human Rights? - UAB Institute for Human Rights Blog
https://sites.uab.edu/humanrights/2018/12/10/the-age-of-human-rights/
2. Universal Declaration of Human Rights | United Nations: https://www.un.org/en/about-us/universal-declaration-of-human-rights
3. Human Rights | United Nations https://www.un.org/en/global-issues/human-rights
4. Ibid
5. On the Origin of Species by Charles Darwin (1859)
6. The Selfish Gene by Richard Dawkins (1976)
7. Sapiens by Yuval Noah Harari (2014)
8. Two Treatises of Government by John Locke (1689)
9. Evolutionary Ethics by Michael Ruse & Robert J. Richards (1998)
10. Taking Darwin Seriously by Michael Ruse (1998)
11. The Gay Science by Friedrich Nietzsche (1882)
12. Sapiens by Yuval Noah Harari (2014)
13. The Arrogant Ape: The Myth of Human Exceptionalism and Why It Matters by Christine Webb (2025)
14. Animal Liberation by Peter Singer (1975)
15. Ibid
16. The Selfish Gene by Richard Dawkins (1976)
17. Essays in Eugenics by Francis Galton (1909) https://www.gutenberg.org/ebooks/73802
18. Ibid
19. War Against the Weak: Eugenics and America’s Campaign to Create a Master Race by Edwin Black (2003)
20. The Nazi Doctors: Medical Killing and the Psychology of Genocide by Robert Jay Lifton (1986)
21. In the Name of Eugenics: Genetics and the Uses of Human Heredity by Daniel J. Kevles (1985)

