സലഫി വിരുദ്ധരുടെ ലേബൽ രാഷ്ട്രീയം: ചരിത്രവും യാഥാർഥ്യവും
ഡോ. ഇ. യൂസുഫ് സാഹിബ് നദ്വി ഓച്ചിറ
2026 ആഗസ്റ്റ് 22, 1448 റബീഉൽ അവ്വൽ 09

ഈ പ്രപഞ്ചത്തിൽ അല്ലാഹു മനുഷ്യരാശിക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് ഹിദായത്ത് അഥവാ സന്മാർഗം. ആ സന്മാർഗത്തിന്റെ ശുദ്ധവും സ്പഷ്ടവുമായ ഉറവിടമാണ് ഇസ്ലാം. പ്രവാചകൻ മുഹമ്മദ് ﷺ കാട്ടിത്തന്ന, അവിടുത്തെ അനുയായികളും സച്ചരിതരായ മറ്റു മുൻഗാമികളും നടന്നുതീർത്ത ആ നേർവഴിയിൽ യാതൊരുവിധ കൂട്ടിച്ചേർക്കലുകൾക്കോ മാറ്റത്തിരുത്തലുകൾക്കോ സ്ഥാനമില്ല.
എന്നാൽ, കാലാന്തരങ്ങളിൽ മുസ്ലിം സമുദായത്തിൽ പ്രത്യക്ഷപ്പെട്ട വിഘടനവാദികളും ദുരാചാരങ്ങളുടെ വക്താക്കളും ഈ ശുദ്ധമായ ആദർശത്തെ തകർക്കാനും തങ്ങളുടെ രാഷ്ട്രീയ-സംഘടനാ താല്പര്യങ്ങൾക്ക് അനുകൂലമായി അതിനെ വളച്ചൊടിക്കാനും നിരന്തരം ശ്രമിച്ചിട്ടുണ്ട്, ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതിനായി അവർ സ്വീകരിക്കുന്ന ഏറ്റവും അപകടകരമായ ആയുധമാണ് ആക്ഷേപപ്പേരുകൾ ഉൾപ്പെടുന്ന ലേബലുകൾ ഒട്ടിക്കലും വിളിക്കലും.
ആദർശപരമായ സംവാദങ്ങളിൽ പരാജയപ്പെടുമ്പോൾ, തങ്ങളുടെ അന്ധമായ കക്ഷിത്വത്തിന്റെ പൊള്ളത്തരം ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടപ്പെടുമ്പോൾ, അഹ്ലുസ്സുന്നത്തി വൽജമാഅത്തിന്റെ പണ്ഡിതന്മാരെ ജനമധ്യത്തിൽ തരംതാഴ്ത്താനും അവരിൽനിന്ന് ജനങ്ങളെ അകറ്റാനുമായി ഈ പുത്തൻ വാദികൾ ഉപയോഗിക്കുന്ന ആസൂത്രിത തന്ത്രമാണ് ചില പണ്ഡിതന്മാരുടെ പേരുകളിലേക്ക് ചേർത്ത് ‘മദ്ഖലി’ എന്നും ‘റസ്ലാനി’ എന്നും മറ്റുമുള്ള ലേബലുകൾ ഒട്ടിക്കുന്നത്. എന്നാൽ, ഇതേ ആളുകൾ എന്തുകൊണ്ട് അഹ്ലുസ്സുന്നത്തിന്റെ മറ്റു മഹാന്മാരായ പണ്ഡിതന്മാരെ ചേർത്ത് ‘ഉസൈമീനി’ എന്നോ ‘ഫൗസാനി’ എന്നോ വിളിക്കുന്നില്ല എന്ന ചോദ്യം നമ്മെ എത്തിക്കുന്നത് കപടചിന്തകരുടെയും കക്ഷിത്വവാദികളുടെയും വലിയൊരു ഗൂഢാലോചനയിലേക്കാണ്.
യഥാർഥത്തിൽ ഇസ്ലാമിക ചരിത്രത്തിൽ പുത്തനാശയക്കാർ എന്നും സ്വീകരിച്ചുപോന്ന ഒരു പൊതുരീതിയാണിത്. സ്വഹാബത്തിന്റെ കാലംതൊട്ട് ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാൽ നമുക്കിത് വ്യക്തമാകും. ഖവാരിജുകളും മുഅ്തസിലുകളും ശിയാക്കളും ജഹ്മികളുമെല്ലാം അഹ്ലുൽ ഹദീസിനെയും സലഫീ പണ്ഡിതന്മാരെയും ‘ഹശവിയ്യ’ എന്നും ‘മുശബ്ബിഹ’ എന്നും ‘നാസിബിയ്യ’ എന്നുമൊക്കെ വിളിച്ച് ആക്ഷേപിച്ചിരുന്നു. ഇതേ ചരിത്രപരമായ അസഹിഷ്ണുതയുടെ ആധുനിക പതിപ്പുകളാണ് ഇഖ്വാനുൽ മുസ്ലിമൂൻ, സുറൂരികൾ തുടങ്ങിയ അഭിനവ ഖവാരിജുകളിൽനിന്നും വിഘടനവാദിക ളിൽനിന്നും നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.
തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്ക് തടസ്സമായി നിൽക്കുന്ന, സലഫീമൻഹജിനെ അണുവിട വ്യതിചലിക്കാതെ കാത്തുസൂക്ഷിക്കുന്ന പണ്ഡിതന്മാരെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നതാണ് ഇവരുടെ മുഖ്യ ലക്ഷ്യം. ശൈഖ് റബീഅ് ബിൻ ഹാദി അൽമദ്ഖലി, ശൈഖ് മുഹമ്മദ് സഈദ് റസ്ലാൻ, സൗദി അറേബ്യയിലെ വിവിധ പണ്ഡിത പ്രമുഖന്മാർ തുടങ്ങിയവരെ ഇവർ പ്രത്യേകം ലക്ഷ്യം വയ്ക്കുന്നതിന്റെ കാരണം, അവർ എന്നും ബിദ്അത്തിന്റെ വക്താക്കളുടെ മുഖംമൂടി വലിച്ചുകീറുന്നതിൽ കാണിച്ച അസാധാരണമായ ആർജവവും ധീരതയുമാണ്.
മതത്തിൽ പുതിയൊരു മൻഹജോ അക്വീദയോ ശൈഖ് റബീഅ്, ശൈഖ് റസ്ലാൻ എന്നിവർക്കില്ല എന്നതാണ് യാഥാർഥ്യം. അവർ പ്രബോധനം ചെയ്യുന്നത് പ്രവാചകനും സ്വഹാബത്തും നിലകൊണ്ട ശുദ്ധമായ ഇസ്ലാമിക മാർഗം തന്നെയാണ്. ഇമാമുമാരായ അഹ്മദ് ബിൻ ഹമ്പൽ(റഹി), ഇബ്നു തൈമിയ്യ(റഹി), ഇബ്നുൽ ക്വയ്യിം(റഹി), മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് (റഹി) തുടങ്ങിയ മഹത്തുക്കൾ പ്രമാണബദ്ധമായി വിശദീകരിച്ച അതേ മൻഹജ് തന്നെയാണ് ഇവരുടെതും. ശൈഖ് ഇബ്നു ബാസ്(റഹി), ശൈഖ് ഇബ്നു ഉസൈമീൻ (റഹി) എന്നിവർ പകർന്നുനൽകിയതും, ശൈഖ് സ്വാലിഹ് അൽഫൗസാൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതുമായ അതേ തൗഹീദും സുന്നത്തും തന്നെയാണ് ഇവരും ജനങ്ങളിലേക്ക് എത്തിക്കുന്നത്.
എന്നാൽ, സംഘടനകൾക്കും നേതാക്കൾക്കും അതീതമായി പ്രമാണങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന സലഫീ ദഅ്വത്തിന്റെ അന്തസ്സത്തയെ തകർക്കാൻ ആഗ്രഹിക്കുന്ന ഹിസ്ബികളും ഇഖ്വാനികളും ഈ മൻഹജിനെ വ്യക്തികളിലേക്ക് ചുരുക്കിക്കാണിക്കാൻ ശ്രമിക്കുന്നു. ഇത് കേൾക്കുന്ന സാധാരണക്കാർ വിചാരിക്കുന്നത് ‘മദ്ഖലിയ്യത്ത്’ എന്നാൽ ശൈഖ് റബീഅ് പുതുതായി നിർമിച്ച ഏതോ ഒരു കക്ഷിയാണെന്നാണ്. അഹ്ലുസ്സുന്നയുടെ പ്രമാണങ്ങളെയും ക്വുർആനും സുന്നത്തും അനുസരിച്ചുള്ള ജീവിതരീതിയെയും തമസ്കരിക്കാൻ വേണ്ടിയുള്ള ആസൂത്രിതമായ ഒരു പുകമറ മാത്രമാണിത്.
ശൈഖ് റബീഅ് ബിൻ ഹാദിയെ ‘ഇമാമുൽ ജർഹി വത്തഅ്ദീൽ’ (വ്യക്തികളെയും ആശയങ്ങളെയും പ്രമാണബദ്ധമായി വിമർശിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ശാസ്ത്രത്തിലെ ഈ നൂറ്റാണ്ടിലെ ഇമാം) എന്നാണ് മഹാന്മാരായ പണ്ഡിതന്മാർ വിശേഷിപ്പിച്ചിട്ടുള്ളത്. സലഫീ ആദർശത്തിനു നേരെ വരുന്ന ഏതൊരു പുത്തനാശയത്തെയും അതിന്റെ മുളയിലേ നുള്ളിക്കളയാൻ തയ്യാറായ പടയാളിയാണ് അദ്ദേഹം. സൗദി അറേബ്യയുടെ മുൻ മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്, ശൈഖ് മുഹമ്മദ് നാസ്വിറുദ്ദീൻ അൽഅൽബാനി, ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽഉസൈമീൻ തുടങ്ങിയ, അഹ്ലുസ്സുന്നത്തിന്റെ ഉന്നതരായ നിരവധി പണ്ഡിതന്മാർ ശൈഖ് റബീഇനെ പരസ്യമായി പ്രശംസിക്കുകയും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെയും ദഅ്വത്തിനെയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ശൈഖ് അൽബാനി(റഹി) ഒരിക്കൽ പറയുകയുണ്ടായി: ‘ഈ കാലഘട്ടത്തിൽ സുന്നത്തിനെ പ്രതി രോധിക്കുന്നതിലും അതിലേക്ക് ക്ഷണിക്കുന്നതിലും ബിദ്അത്തുകാരെ തിരിച്ചറിയുന്നതിലും ശൈഖ് റബീഇനെപ്പോലെ മറ്റാരുമില്ല.’ ശൈഖ് ഇബ്നു ഉസൈമീൻ (റഹി) അദ്ദേഹത്തിന്റെ ദീനിയായ ആവേശത്തെയും സുന്നത്തിനോടുള്ള പ്രതിബദ്ധതയെയും ഏറെ പ്രകീർത്തിച്ചിട്ടുണ്ട്.
ഈജിപ്തിന്റെ മണ്ണിൽ നിന്നുകൊണ്ട് ഇഖ്വാനികളുടെയും മറ്റു വിഘടനവാദികളുടെയും ഭരണാധി കാരികൾക്കെതിരെയുള്ള കലാപ ചിന്തകളുടെയും പൊള്ളത്തരങ്ങൾ പ്രമാണങ്ങളുടെ വെളിച്ചത്തിൽ തുറന്നുകാട്ടുന്ന പണ്ഡിതനാണ് ശൈഖ് മുഹമ്മദ് സഈദ് റസ്ലാൻ. ശൈഖ് സ്വാലിഹ് അൽസുഹൈമി, ശൈഖ് സുലൈമാൻ അൽറുഹൈലി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാർ അദ്ദേഹത്തിന്റെ ദഅ്വത്തിനെ പിന്തുണക്കുകയും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ ആദരിക്കുകയും ചെയ്യുന്നുണ്ട്.
എന്നിട്ടും എന്തുകൊണ്ടാണ് വിഘടനവാദികൾ ശൈഖ് ഫൗസാനെയും ശൈഖ് ഇബ്നു ഉസൈ മീനെയും പോലുള്ളവരെ വിട്ട്, ശൈഖ് റബീഇനെയും ശൈഖ് റസ്ലാനെയും മാത്രം വ്യക്തിപരമായി അധിക്ഷേപിക്കുന്നത്? ഇതിനു പിന്നിൽ കൃത്യമായ ഒരു മനഃശാസ്ത്രപരമായ തന്ത്രമുണ്ട്. ശൈഖ് ഇബ്നു ഉസൈമീനും ശൈഖ് ഫൗസാനും ലോകമെമ്പാടുമുള്ള മുസ്ലിംകൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള പണ്ഡിതന്മാരാണ്. അവരെ പരസ്യമായി തള്ളിപ്പറഞ്ഞാൽ തങ്ങളുടെ തനിനിറം പുറത്താകുമെന്നും ജന ങ്ങൾ തങ്ങളെ പൂർണമായും ബഹിഷ്കരിക്കുമെന്നും ഈ ഹിസ്ബി ബ്രദറന്മാർക്ക് നന്നായറിയാം. അതിനാൽ, അവർ ഈ പണ്ഡിതന്മാർക്കിടയിൽ ഒരു കൃത്രിമമായ വേർതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ശൈഖ് ഫൗസാനും ശൈഖ് ഉസൈമീനും മാന്യന്മാരായ പണ്ഡിതന്മാരാണെന്നും, എന്നാൽ ശൈഖ് റബീഉം ശൈഖ് റസ്ലാനും കഠിനമനസ്കരും ഉമ്മത്തിനെ ഭിന്നിപ്പിക്കുന്നവരുമാണെന്നുമുള്ള ഒരു തെറ്റായ ചിത്രം അവർ സമൂഹത്തിൽ പ്രചരിപ്പിക്കുന്നു. യഥാർഥത്തിൽ ഇവർ പറയുന്നതിൽ വല്ല സത്യവുമുണ്ടോ? ഒരിക്കലുമില്ല! ശൈഖ് സ്വാലിഹ് അൽഫൗസാന്റെ ഗ്രന്ഥങ്ങളും ഫത്വകളും പരിശോധിച്ചാൽ നമുക്കത് മനസ്സിലാകും.
‘ഇഖ്വാനുൽ മുസ്ലിമൂൻ’ എന്ന സംഘടനയെക്കുറിച്ചും അവരുടെ ദുർവ്യാഖ്യാനങ്ങളെക്കുറിച്ചും ഹസനുൽ ബന്ന, സയ്യിദ് ഖുതുബ് തുടങ്ങിയവരുടെ ആദർശപരമായ പിഴവുകളെക്കുറിച്ചും ഏറ്റവും ശക്തമായി എഴുതുകയും സംസാരിക്കുകയും ചെയ്ത പണ്ഡിതന്മാരിൽ ഒരാളാണ് ശൈഖ് സ്വാലിഹ് അൽഫൗസാൻ. ഇസ്ലാമിന്റെ പേരിൽ ജനാധിപത്യത്തിനും വിപ്ലവങ്ങൾക്കും വേണ്ടി വാദിക്കുന്നവരെ അദ്ദേഹം കഠിനമായി വിമർശിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് അവർ ശൈഖ് ഫൗസാനെ ആക്ഷേപിക്കുന്നില്ല? കാരണം, സലഫീ മൻഹജിന്റെ പ്രതിരോധനിരയിലെ ഏറ്റവും ശക്തരായ കാവൽ ക്കാരെ ആദ്യം തകർക്കുക, അതിലൂടെ ബാക്കിയുള്ളവരിലേക്ക് എളുപ്പത്തിൽ കടന്നുചെല്ലുക എന്ന കുടിലതന്ത്രമാണ് അവർ പയറ്റുന്നത്.

ഓരോ പണ്ഡിതന്റെയും ജീവിതസാഹചര്യങ്ങളും അവർ ജീവിക്കുന്ന സമൂഹത്തിന്റെ ആവശ്യങ്ങളും വ്യത്യസ്തമായിരിക്കാം. ശൈഖ് ഇബ്നു ഉസൈമീൻ ഫിക്വ്ഹിലും ഉസൂലുൽ ഫിക്വ്ഹിലും ക്വുർആൻ തഫ്സീറിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ശൈഖ് റബീഅ് അക്കാലഘട്ടത്തിൽ ഉമ്മത്തിലേക്ക് ഇരച്ചുകയറിയ ഇഖ്വാനി-സുറൂരി ചിന്താഗതികളെ പ്രതിരോധിക്കുന്നതിൽ കൂടുതൽ സമയം ചെലവഴിച്ചു. ഇത് മൻഹജിലെ വ്യത്യാസമല്ല, മറിച്ച് ദീനിന്റെ സേവനത്തിലുള്ള വൈവിധ്യം (തനവ്വുഅ്) മാത്രമാണ്.
അഹ്ുസ്സുന്ന വൽജമാഅയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്ന്, അവർ പ്രമാ ണങ്ങളെയാണ് സ്നേഹിക്കുന്നത്, വ്യക്തികളെയല്ല എന്നതാണ്. സലഫികൾ ഒരിക്കലും വ്യക്തിപൂജ നടത്തുന്ന വരല്ല. ഇബ്നു അബ്ബാസ്(റ) ഒരിക്കൽ പറയുകയുണ്ടായി: ‘പ്രവാചകൻﷺ പറഞ്ഞു എന്ന് ഞാൻ പറയുമ്പോൾ അബൂബക്റും ഉമറും അങ്ങനെ പറഞ്ഞു എന്നു പറഞ്ഞ് നിങ്ങൾ എന്നെ എതിർക്കുകയാണോ? നിങ്ങളുടെ മേൽ ആകാശത്തുനിന്ന് കല്ലുകൾ വർഷിക്കാറായിരിക്കുന്നു.’ ഇതാണ് സലഫീ നിലപാട്.
അബൂബക്ർ(റ), ഉമർ(റ) എന്നീ ഉത്തമ വ്യക്തിത്വങ്ങളുടെ വാക്കുകൾക്ക് പ്രവാചക വചനത്തിന് മുകളിൽ സ്ഥാനമില്ല എന്നിരിക്കെ, പിന്നെ എങ്ങനെയാണ് സമകാലികരായ പണ്ഡിതന്മാരുടെ വാക്കുകളെ അന്ധമായി പിൻപറ്റാൻ സലഫികൾക്ക് സാധിക്കുക? ശൈഖ് റബീഇന്റെയോ ശൈഖ് റസ്ലാന്റെയോ വാക്കുകൾ ക്വുർആനിനും സുന്നത്തിനും സലഫുസ്സ്വാലിഹുകളുടെ ഏകോപിത അഭിപ്രായത്തിനും യോജിച്ചതാണെങ്കിൽ മാത്രം നാം അത് സ്വീകരിക്കുന്നു. അവർ മനുഷ്യരാണ്, അവർക്ക് അബദ്ധങ്ങൾ സംഭവിക്കാം. സംഭവിച്ചാൽ അഹ്ലുസ്സുന്നത്തിന്റെ മറ്റു പണ്ഡിതന്മാർ അത് ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്യും.
എന്നാൽ ഹിസ്ബി-ബ്രദറുകളുടെ അവസ്ഥ അതല്ല. അവർ തങ്ങളുടെ സംഘടനാ നേതാക്കളെ അപ്രമാദിത്വമുള്ളവരായി കാണുന്നു. ഹസനുൽ ബന്നയുടെയോ സയ്യിദ് ഖുതുബിന്റെയോ പുസ്തകങ്ങളിലെ ഗുരുതരമായ വിശ്വാസപരമായ പിഴവുകളും സത്യനിഷേധവും ചൂണ്ടിക്കാണിച്ചാൽ പോലും അവർ അത് അംഗീകരിക്കാൻ തയ്യാറാകില്ല. മറിച്ച്, ആ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന പണ്ഡിതന്മാരെ ‘മദ്ഖലി’ എന്നു വിളിച്ച് ആക്ഷേപിക്കാനാണ് അവർ മുതിരുന്നത്.
മുസ്ലിം ഉമ്മത്തിന്റെ ഐക്യം എന്നത് കേവലം ഉത്സവപ്പറമ്പിലെ ജനങ്ങളുടെ എണ്ണം കൂട്ടലല്ല, മറിച്ച് ആദർശപരമായ ഐക്യമാണ്. അല്ലാഹുവിന്റെ പാശത്തിൻ ഒന്നിച്ച് മുറുകെ പിടിക്കുക എന്നാണ് ക്വുർആൻ കൽപിക്കുന്നത്. ആ പാശം ക്വുർആനും സുന്നത്തുമാണ്. അതിൽനിന്ന് വ്യതിചലിക്കുന്നവരെക്കുറിച്ച് മുന്നറിയിപ്പ് നൽകുക എന്നത് ദീനിന്റെ നിലനിൽപിന് എന്നും എപ്പോഴും അത്യാവശ്യമാണ്. ശൈഖ് റബീഉം ശൈഖ് റസ്ലാനും ചെയ്തത് ഈ വലിയൊരു ഉത്തരവാദിത്തമാണ്.
ഭരണാധികാരികൾക്കെതിരെ ജനങ്ങളെ ഇളക്കിവിടുന്ന ഖവാരിജുകളുടെ ചിന്താഗതികളെ അവർ തുറന്നുകാട്ടി. ഇസ്ലാമിക നാമങ്ങളിൽ അറിയപ്പെടുന്ന പ്രമുഖ സംഘടനകളുടെയുള്ളിലെ രാഷ്ട്രീയ മോഹങ്ങളെ അവർ ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി. ഈ നഗ്നസത്യങ്ങൾ സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് ഹിസ്ബികൾ ഈ പണ്ഡിതന്മാർക്കെതിരെ സൈബർ ഇടങ്ങളിലും പ്രസംഗവേദികളിലും കടുത്ത അപവാദപ്രചാരണങ്ങൾ നടത്തുന്നത്.
അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാരെല്ലാം ഒരേ ലക്ഷ്യത്തിലേക്ക് വിരൽ ചൂണ്ടുന്നവരാണ്. അവർ തമ്മിൽ സ്നേഹത്തിലും ബഹുമാനത്തിലുമാണ് കഴിഞ്ഞുകൂടിയത്. പരിഹാസപ്പേരുകൾ വിളിച്ച് പണ്ഡിതന്മാരെ തരംതിരിക്കുന്ന പുത്തൻവാദികളുടെ കെണിയിൽവീഴാതിരിക്കുവാൻ നാം ജാഗ്രത കാണിക്കണം. മുൻഗാമികളായ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലേക്കും അവലംബങ്ങളിലേക്കും മടങ്ങുക, പ്രമാണങ്ങളെ മുറുകെ പിടിക്കുക, പണ്ഡിതന്മാരെ ആദരിക്കുകയും അവരുടെ ദഅ്വത്തിനെ തുരങ്കം വെക്കാൻ ശ്രമിക്കുന്ന കപടൻമാരെ തിരിച്ചറിയുകയും ചെയ്യുക എന്നതാണ് ഒരു യഥാർഥ വിശ്വാസിയുടെ ലക്ഷണം.
വസ്തുതകൾ യഥാവിധി തിരിച്ചറിയാതെ, താനും സലഫിയാണെന്ന വാദത്തിൽ സലഫികളോടൊപ്പം കൂടിയിട്ടുള്ള അൽപജ്ഞാനികളായ ഒരുപറ്റം ആളുകളാണ് പുത്തൻവാദികളായ ഇത്തരം ഗ്രൂപ്പിസത്തിന്റെ വക്താക്കളുടെ ഈ ലേബലൊട്ടിക്കലുകൾ കണ്ട് പരിഭ്രമിച്ച് പിന്നോട്ട് മാറുന്നത്. കഴിഞ്ഞ 14 നൂറ്റാണ്ടുകാലം അഹ്ലുസ്സുന്നത്തി വൽജമാഅത്ത് പിന്നിട്ട ആദർശപരമായ പാതയെപ്പറ്റിയുള്ള ചരിത്രപരമായ അജ്ഞതയാണ് ഇവരുടെ മുഖ്യ പ്രതിസന്ധി. ശരിയായ ചരിത്രവിജ്ഞാനം നുകർന്ന് ഈ അജ്ഞതക്ക് പരിഹാരം കാണാൻ അത്തരക്കാരെ നാം ഗൗരവപൂർവം ഓർമപ്പെടുത്തേണ്ടതുണ്ട്.
ഇസ്ലാമിന്റെ ആദർശപരമായ അടിത്തറ തകർക്കാൻ ശ്രമിക്കുന്ന ബാഹ്യശക്തികളുടെയും ആഭ്യന്തര ശത്രുക്കളുടെയും ഗൂഢാലോചനകൾ ചരിത്രത്തിൽ പുതിയതല്ല. പണ്ഡിതന്മാർക്കെതിരെയുള്ള ഈ ആസൂത്രിത അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ ഇന്ന് ഇഖ്വാനി-സുറൂരി കക്ഷികൾ മാത്രമല്ല ഉള്ളത്, മറിച്ച് അവർക്ക് അണിയറയിൽ തണലൊരുക്കുന്ന വലിയൊരു
ശിയാ-സ്വൂഫി ലോബി കൂടിയുണ്ട്. സലഫീ മൻഹജിനെ ‘മദ്ഖലിസം’ എന്നും ‘റസ്ലാനിസം’ എന്നും വിളിച്ച് ആക്ഷേപിക്കുന്ന പുത്തൻവാദികളുടെ ഈ തന്ത്രത്തിന് ഏറ്റവും കൂടുതൽ പ്രചാരണവും സാമ്പത്തിക-മാധ്യമ പിന്തുണയും നൽകുന്നത് ഈ ശിയാ-സ്വൂഫി അച്ചുതണ്ടാണ്. കാരണം, തൗഹീദിന്റെ ശുദ്ധമായ പ്രബോധനവും ശിർക്കിനും ബിദ്അത്തിനുമെതിരെയുള്ള സന്ധിയില്ലാത്ത സമരവുമാണ് തങ്ങളുടെ നിലനിൽപിന് ഏറ്റവും വലിയ ഭീഷണിയെന്ന് ഈ ലോബികൾക്ക് നന്നായറിയാം.
ക്വബ്റാരാധനയും അന്ധവിശ്വാസങ്ങളും ദീനിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്ന സ്വൂഫികൾക്കും സ്വഹാബത്തിനെ ചീത്തവിളിക്കുകയും ഇസ്ലാമിക പ്രമാണങ്ങളെ വികലമാക്കുകയും ചെയ്യുന്ന റാഫിദികളായ ശിയാക്കൾക്കും ബ്രദറന്മാർക്കും സലഫീ പണ്ഡിതന്മാരുടെ സാന്നിധ്യം എപ്പോഴും വലിയൊരു തലവേദനയാണ്. സലഫീ മൻഹജിന്റെ പ്രതിരോധനിരയിലെ ഏറ്റവും ശക്തരായ കാവൽക്കാരായ ശൈഖ് റബീഇനെയും ശൈഖ് റസ്ലാനെയും ജനമധ്യത്തിൽ തരംതാഴ്ത്താൻ കഴിഞ്ഞാൽ, അത് അഹ്ലുസ്സുന്നയുടെ ആദർശക്കോട്ടയിൽ വിള്ളലുണ്ടാക്കാമെന്ന് ഈ ലോബികൾ കണക്കുകൂട്ടുന്നു. വിപ്ലവ ചിന്താഗതിക്കാരായ ഇഖ്വാനികളെ മുൻനിർത്തിക്കൊണ്ട്, തങ്ങളുടെ പാവകളായ ഏതാനും അൽപജ്ഞാനികളെ ഉപയോഗിച്ച് അവർ സുന്നത്തിന്റെ പണ്ഡിതന്മാർക്കെതിരെ സൈബർ യുദ്ധം നയിക്കുകയാണ്.
ഇസ്ലാമിക ചരിത്രത്തിന്റെ താളുകൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്, സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നാണ്. പ്രവാചകാനുയായികളുടെ കാലംതൊട്ട് തുടങ്ങി, താബിഉകളുടെയും ഉത്തമ നൂറ്റാണ്ടുകളിൽ ജീവിച്ച മറ്റു മുൻഗാമികളുടെയും കാലഘട്ടത്തിലൂടെ കടന്ന് 2026ൽ എത്തിനിൽക്കുമ്പോഴും അഹ്ലുസ്സുന്നയുടെ പണ്ഡി തന്മാർ നിരന്തരമായ പരീക്ഷണങ്ങളെയും ആക്ഷേപങ്ങളെയും അഭിമുഖീകരിച്ചിട്ടുണ്ട്. അമീറുൽ മുഅ്മിനീൻ ഉസ്മാൻ ബിൻ അഫ്ഫാൻ(റ)വിന്റെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച ഖവാരിജുകളുടെ ആവിർഭാവം മുതൽ ഇങ്ങോട്ട്, ആദർശത്തിൽ വികലത സംഭവിച്ച പുത്തൻവാദികളെല്ലാം അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർക്കെതിരെ പ്രയോഗിച്ച അതേ തന്ത്രംതന്നെയാണ് ഇന്നത്തെ ഹിസ്ബികളും ശിയാ- സ്വൂഫി കൂട്ടുകെട്ടും തുടരുന്നത്.
ഹിജ്റ രണ്ടാം നൂറ്റാണ്ടിൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ (റഹി) അല്ലാഹുവിന്റെ കലാംസൃഷ്ടിയല്ല എന്ന ആദർശത്തിൽ ഉറച്ചുനിന്നപ്പോൾ, ഭരണകൂടത്തിന്റെ ഒത്താശയോടെ മുഅ്തസിലികൾ അദ്ദേഹത്തെ വേട്ടയാടുകയും തടവിലിട്ട് പീഡിപ്പിക്കുകയും ചെയ്തു. അന്ന് അവർ അദ്ദേഹത്തിനെ നിരവധി ആക്ഷേപ നാമങ്ങൾ വിളിച്ച് അധിക്ഷേപിച്ചു.
പിൽക്കാലത്ത് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി)യും അദ്ദേഹത്തിന്റെ പ്രിയശിഷ്യൻ ഇബ്നുൽ ക്വയ്യിമും(റഹി) തൗഹീദിന്റെ വീണ്ടെടുപ്പിനായി രംഗത്തുവന്നപ്പോൾ അക്കാലത്തെ ബിദ്അ ത്തുകാർ അവരെ കാഫിറാക്കാനും ജയിലിലടയ്ക്കാനും മുന്നിൽ നിന്നു.
ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിൽ നജ്ദിന്റെ മണ്ണിൽ തൗഹീദിന്റെ പുനരുജ്ജീവനത്തിന് നേതൃത്വം നൽകിയ ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബിന്റെ ആദർശപ്രചാരണത്തെ തടയാൻ അന്ന് റാഫിദി കളും സ്വൂഫികളും ഇതര ശത്രുക്കളും ചേർന്ന് ഉണ്ടാക്കിയ പേരാണ് ‘വഹ്ഹാബികൾ’ എന്നത്.
ഗതകാലചരിത്രത്തിലുള്ള അജ്ഞതയാണ് പുത്തൻവാദികൾ ‘മദ്ഖലി’ എന്നോ ‘റസ്ലാനി’ എന്നോ വിളിക്കുമ്പോൾ ചില സലഫി പ്രവർത്തകർക്ക് പരിഭ്രമവും അപകർഷബോധവും ഉണ്ടാക്കുന്നത്. തങ്ങൾ പുതിയ ഏതോ ഒരു കക്ഷിയുടെ ഭാഗമാണോ എന്ന ഭയം അവരെ പിടികൂടുന്നു. എന്നാൽ, അഹ്ലുസ്സുന്നയുടെ ചരിത്രവും അസ്തിത്വവും ശരിയായി പഠിച്ച ഒരാൾക്കും ഈ ലേബലുകൾ കണ്ട് ഭയപ്പെടേണ്ടി വരില്ല.
ശൈഖ് റബീഉം ശൈഖ് റസ്ലാനും നജ്ദി പണ്ഡിതന്മാരും അഹ്ലുസ്സുന്നത്തിന്റെ പ്രതിരോധക്കോട്ടയിലെ ധീരരായ കാവൽക്കാർ മാത്രമാണ്. അവർ നിർമിച്ച പ്രത്യേക ആശയങ്ങളൊന്നുമില്ല. ശത്രുക്കൾ അവരെ വ്യക്തിപരമായി ആക്രമിക്കുന്നത്, അവരിലൂടെ സലഫീ ദഅ്വത്തിന്റെ വേരറുക്കാൻ വേണ്ടി മാത്രമാണ്. അതിനാൽ ഈ വഴിയിൽ പരിഭ്രമിച്ചു നിൽക്കുന്ന സഹോദരങ്ങളോട് പറയാനുള്ളത്; നിങ്ങളുടെ അജ്ഞത മാറ്റിവെച്ച് മുൻഗാമികളുടെ ചരിത്രം ആഴത്തിൽ പഠിക്കുക, സ്വൂഫി-ശിയാ ലോബികളുടെയും ഹിസ്ബികളുടെയും കപടമായ അജണ്ടകളെയും കുതന്ത്രങ്ങളെയും തിരിച്ചറിയുക, പ്രമാണബദ്ധമായ വിജ്ഞാനം നുകർന്ന് നെഞ്ചുറപ്പോടെ സത്യത്തിൽ നിലകൊള്ളുക എന്നാണ്. പുത്തൻവാദികളുടെ കുതന്ത്രങ്ങളെ പ്രതിരോധിക്കാനും ഇസ്ലാമിന്റെ യഥാർഥ മൻഹജിൽ ഉറച്ചുനിൽക്കാനും ചരിത്രവിജ്ഞാനവും വിശ്വാസത്തിലെദൃഢതയും ഏറെ അത്യന്താപേക്ഷിതമാണ്.

