വീണ്ടുവിചാരങ്ങളുണ്ടോ?
ഷമീറ സനാബിലിയ്യ തച്ചമ്പാറ
2025 മാർച്ച് 22, 1446 റമദാൻ 21

റമദാനിൽ പുണ്യങ്ങൾ നേടിയെന്നാൽ
റയ്യാനാം സ്വർഗ കവാടം കാണാം
റഹ്‌മത്താം സ്വർഗമതു നേടുവാൻ
റബ്ബിന്റെ തൃപ്തി നാം നേടീടേണം.
വീടും വിഭവമൊരുക്കിയേറെ
വീണ്ടുവിചാരങ്ങളുണ്ടോ ഏറെ?
വിള്ളലുണ്ടായ് പോയ ബന്ധങ്ങളെ
വീണ്ടും വിളക്കി നാം ചേർത്തിടേണം.
മക്കളും സമ്പത്തുമെല്ലാം പാരിൽ
മർത്യർക്ക് റബ്ബിൻ പരീക്ഷണങ്ങൾ.
മാതാപിതാക്കൾ തൻ തൃപ്തിയിലാം
മന്നാന്റെ തൃപ്തിയെന്നോർത്തിടേണം.
ക്വുർആൻ നിരന്തരം ഓതീടേണം,
ക്വൽബിലേക്കാശയം എത്തിടേണം.
കർമങ്ങൾ റബ്ബവൻ സ്വീകരിക്കാൻ
ക്വൽബിലെ നിയ്യത്ത് നന്നാക്കേണം
തെല്ലുമഹങ്കാരം പാടില്ലല്ലോ,
താഴ്മയാണെന്നും നമുക്കുയർച്ച.
ദുരമൂത്ത് മണ്ണിൽ നടന്നിടേണ്ടാ,
ദുനിയാവ് ശാശ്വതമല്ലെന്നോർക്കാം.

