ഇതോ പരിഷ്‌ക്കാരം?
ശാനിദ ബിൻത് അഹ്‌മദ് ഈങ്ങാപ്പുഴ
2025 മെയ് 31, 1446 ദുൽഖഅദ് 29

പുതുതലമുറക്കിടയിൽ;
അല്ല, എല്ലാ പ്രായക്കാർക്കുമിടയിൽ
അരുതായ്മകൾ അരങ്ങുവാഴുന്ന
കരളു തകർക്കും കാഴ്ചകൾ!
ഉപദേശം കലർന്ന വാക്കുകളെ
കൈപ്പേറിയതായി കാണുന്ന കൗമാരം!
‘പെണ്ണിന്നിണയായി പെണ്ണാകാം,
ആണിന്നിണയായി ആണുമാകാം’
എന്നൊക്കെ പറയുന്നതാണത്രെ
പരിഷ്‌ക്കാരത്തിന്റെ അടയാളം!
മഴവിൽ വർണ കൊടിക്കു കീഴിൽ
ആണ് പെണ്ണും പെണ്ണ് ആണുമായി
നാടകം കളിക്കുന്നു!
വൈവാഹിക ജീവിതം
ലിബറലുകളുടെ കണ്ണിൽ അപരിഷ്‌കൃതം.
ഒന്നിച്ചു ജീവിക്കുവാനെന്തിനീ
ചങ്ങലക്കെട്ടുകളെന്ന ചോദ്യം
പരിഷ്‌ക്കാരത്തിന്റെ അടയാളമത്രെ!
വകതിരിവൊട്ടുമേ തൊട്ടുതീണ്ടാത്തവർ
ചാടിവീഴുന്നുവാ ചൂണ്ടക്കൊളുത്തിൽ!
ലഹരി സേവിച്ചാലാണത്രെ
കാലത്തിനൊത്ത് ഉയർന്നവനാവുക!
കള്ള് കേരളത്തിന്റെ തനതു പാനീയമാണെന്നു
പറഞ്ഞ് മുക്കിനുമുക്കിനും ഷാപ്പ് തുറക്കാൻ
അനുമതി കൊടുക്കുന്നവർ
ലഹരിക്കെതിരിൽ കാമ്പയിൻ നടത്തുന്നു!
ഇപ്പറഞ്ഞതെല്ലാം തിന്മയാണെന്നു പറയുന്നവർ
അപരിഷ്‌കൃതരാണത്രെ!

