തൂലികയോട്!

നസീമ വാടാനപ്പള്ളി

2025 മെയ് 10, 1446 ദുൽഖഅദ് 12

തൂലികേ,
നീ അക്ഷരങ്ങൾകൊണ്ട്
എന്നുമെന്നും വിസ്മയം തീർക്കുന്നു.
നിന്നിലൂടെ എത്രയെത്ര
വിജ്ഞാന സാഗരങ്ങളൊഴുകി!
എത്രയെത്ര മഹാന്മാരുടെ ചിന്തകൾ
നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും
നീ കാരണത്താൽ
ലോകത്ത് നിലനിൽക്കുന്നു!
ഹിറയിൽവച്ച് ലോകഗുരുവിന്
ആദ്യമായി ലഭിച്ച ദിവ്യവചനങ്ങളിൽ
നിന്റെ പേര് പരാമർശിക്കപ്പെട്ടു!
തൂലികേ,
നീയൊരു ആയുധമാണ്;
അനീതിക്കും അക്രമത്തിനുമെതിരെ
പൊരുതാനുള്ള ആയുധം.
തൂലികകൊണ്ട് എഴുതാൻ
പഠിപ്പിച്ചത് പ്രപഞ്ച സ്രഷ്ടാവ്.
തൂലികേ,
നീ പരിവർത്തനത്തിന്റെ ഉപകരണമാണ്.
രാജ്യത്തും മനസ്സുകളിലും
പരിവർത്തനത്തിനു തിരികൊളുത്താൻ
നിന്നിലൂടെ കഴിയും,
തൂലികേ,
നിനക്ക് കഠാരയെക്കാൾ മൂർച്ചയുണ്ട്.
രണ്ടും സൂക്ഷിച്ച് കൈകാര്യം ചെയ്യണം,
അല്ലെങ്കിൽ അപകടമാണ്.
നിന്റെ മുനകൊണ്ട്
കണ്ണ് കുത്തിപ്പൊട്ടിക്കാം
അങ്ങനെ ചെയ്യരുതെന്ന്
എഴുതുകയും ചെയ്യാം!
തൂലികേ, നീ
നന്മയുടെ പ്രതീകമാവുക,
പ്രത്യാശയുടെ ജ്വാലയാകുക,
ധാർമികതയുടെ പടവാളാകുക.
നീ....
വിഷം പുരണ്ട അമ്പാകരുത്,
വെറുപ്പിന്റെ ദുർഗന്ധമാകരുത്,
വർഗീയതയുടെ കരിമ്പുകയാകരുത്.