ചോദ്യങ്ങൾ

തെസ്‌ന വീരാൻ

2025 ഡിസംബർ 13, 1447 ജമാദുൽ ആഖിർ 22

ബാല്യംതൊട്ടുള്ളിൽ
മുളച്ചതൊരുപാടു ചോദ്യങ്ങൾ.
പിറകിലേക്കോടും മരങ്ങളും
പറയാതെ പെയ്യും മഴയും
തൂണില്ലാത്ത മേലാപ്പു പന്തലും
അങ്ങനെയങ്ങനെ...
ചോദിക്കാൻ മടിച്ച ചോദ്യങ്ങൾ
ഉള്ളിൽ ചുട്ടുപഴുത്തപ്പോഴേക്കും
ചിന്തകൾക്കൊപ്പം
ഞാനും വളർന്നു.
വളർച്ചയുടെ ഇടയിൽ കുരുങ്ങുമ്പോൾ
കുമിഞ്ഞുകൂടിയ ചോദ്യങ്ങളെല്ലാം
ഉത്തരങ്ങളില്ലാതെ കൂമ്പാരമായി.
കൂട്ടിയും കിഴിച്ചും സമം
തീർക്കുമ്പോഴും,
ലോകയുദ്ധങ്ങൾ
പാഠപുസ്തകത്തിൽ
കഥകളി തുടങ്ങുമ്പോഴും,
പോസിറ്റീവും നെഗറ്റീവും
ചാർജിനായി കടിപിടി കൂടുമ്പോഴും,
ഹിറ്റ്‌ലറും മുസോളിനിയും
ഇടനെഞ്ചിനകത്ത്
വെടിവെച്ചു കളിക്കുമ്പോഴും,
ഉറക്കമില്ലാത്ത രാത്രികളിൽ
ചോദ്യങ്ങൾ മാത്രമായിരുന്നു കൂട്ട്.
ഉണരാൻ വൈകിയ
അരമണിക്കൂറിനെ പഴിച്ച്
ഉണ്ണാതെ തീർത്ത വീട്ടുവേലകളും
നാടുറങ്ങിയാലും ഞാനും ഇരുട്ടും
ഒറ്റയ്ക്കു പാടുന്ന താരാട്ടുകളും
ഉപ്പും മുളകും തീർക്കുന്ന
രാസമാറ്റങ്ങളും ഇന്ന്
പഴയ ചോദ്യങ്ങളെ കുഴിച്ചുമൂടുന്നു.
ഇപ്പോൾ എനിക്കു പറയാം;
ജീവിതത്തിന്റെ പിരിയോഡിക് ടേബിളും
കണക്കുകൂട്ടലിൽ പിഴച്ച
സമയങ്ങളിലെ ശിഷ്ടങ്ങളും
മാഞ്ഞുപോയ പലതിന്റെയും
രാസനാമങ്ങളും
ഞാനൊറ്റയ്ക്കമ്പയെതു ജയിച്ച
എന്റെ സ്വന്തം ലോകയുദ്ധവും...