റമദാനും സോഷ്യൽ മീഡിയയും

ഉസ്മാൻ പാലക്കാഴി

2025 മാർച്ച് 01, 1446 റമദാൻ 01

രീതി: ഹജ്ജിന്റെ രാവിൽ ഞാൻ...

സൗമിന്റെ നാളുകൾ നമ്മിൽ അണഞ്ഞുവല്ലോ
സ്വർഗം ലഭിക്കുവാൻ നമ്മൾ കൊതിക്കുന്നല്ലോ
നരകത്തിൻ വഴി കൊട്ടിയടക്കും റമദാൻ മാസം
നാക കവാടം തുറന്നിടും വിശുദ്ധ മാസം

തെറ്റിൽ മുഴുകിയാൽ ശരിയാകില്ലല്ലോ നോമ്പ്
തീറ്റ - കുടി നിർത്തൽ മാത്രം അതല്ല നോമ്പ്
തിന്മകൾ പാടെ വെടിഞ്ഞെങ്കിൽ ഖബൂലാം നോമ്പ്
തിരതല്ലീടും ഹവകൾക്കെതിരെ ജിഹാദാം നോമ്പ്

സാമൂഹ്യ മാധ്യമം അജബേറും ചെപ്പാണല്ലോ
സാകൂതം നമ്മെ പിടിച്ചങ്ങിരുത്തുമല്ലോ
സമയം കൊല്ലാൻ, തെറ്റുകൾ ചെയ്യാൻ അതിൽ വീഴല്ലേ
സാഇം ആണോ വാക്കും നോക്കും സൂക്ഷിക്കണമല്ലോ

നോമ്പിന്റെ രാപകൽ അസുലഭ സമയം തന്നെ
നോവെല്ലാം റബ്ബോട് പറയേണം നമ്മൾ തന്നെ
എഫ് ബി വാട്‌സപ്പെല്ലാം വഴി തിരിച്ചിടുമെ
ഏതിലും അതിരുകൾ പാലിച്ചില്ലേൽ ഖേദിച്ചിടുമെ

സൗമിന്റെ നാളുകൾ നമ്മിൽ അണഞ്ഞുവല്ലോ
സ്വർഗം ലഭിക്കുവാൻ നമ്മൾ കൊതിക്കുന്നല്ലോ