നഷ്ടക്കാർ

ഉസ്മാൻ പാലക്കാഴി

2025 ജൂൺ 28, 1447 മുഹറം 02

നെഞ്ചിൽ തറയ്ക്കുന്ന കൂരമ്പു പോലുള്ള
വാക്കുകൾ കെട്ടഴിഞ്ഞൂർന്നു വീഴ്‌കെ,
നാവിൻ കെട്ടഴിഞ്ഞോരോന്നുമൂർന്നു വീഴ്‌കെ...

നീയറിഞ്ഞീടണം നിണമൊട്ടും വീഴാത്ത
മുറിവുകൾക്കാ വാക്കു ഹേതുവെന്ന്
നല്ല നീറ്റലിൻ കാരണമാകുമെന്ന്

കൽപിത കഥകളുണ്ടാക്കി നീയന്യന്റെ
മാനം കളയാനാരുങ്ങിടുമ്പോൾ,
കള്ളക്കഥകൾ മെനഞ്ഞു പരത്തിടുമ്പോൾ...

നീയറിഞ്ഞീടണം നിന്റെയഭിമാനം
കാരിരുമ്പല്ലെന്ന കാര്യമെന്ന്,
പിച്ചിച്ചീന്തുവാൻ കഴിയാത്തതല്ലയെന്ന്.

തൊലി നിറം നോക്കിക്കറുപ്പിനെയേറെ
വെറുപ്പിൻ നിറമായി കണ്ടിടുമ്പോൾ,
കാക്ക പോലെയെന്നുപമ പറഞ്ഞിടുമ്പോൾ...

നീയറിഞ്ഞീടണം നിൻ മേനി വികൃതമാ-
യീടുവാൻ മതി നിമിഷമൽപമെന്ന്,
നിറഭേദത്തിലല്ല സൗന്ദര്യമെന്ന്.

ഉറ്റോരുടയോരെ തമ്മിൽ പിണക്കുവാൻ
ഏഷണിച്ചൂട്ടു നീ വീശിടമ്പോൾ,
നിന്റെയുള്ളിലെ തേറ്റ നീ കാട്ടിടുമ്പോൾ...

നീയറിഞ്ഞീടണം ബന്ധങ്ങളെത്രമേൽ
ഉത്തമമായുള്ള തണലതെന്ന്,
സ്‌നേഹ ബന്ധത്തിനെന്തു സൗന്ദര്യമെന്ന്.

പണവും പെരുമയും നേടുവാനായേറെ
നെറികേടു കാട്ടി നീ നീങ്ങിടുമ്പോൾ,
ദുഷ്ടലാക്കാൽ കുതന്ത്രം പയറ്റിടുമ്പോൾ...

നീയറിഞ്ഞീടണം നേരും നെറിയൊട്ടും
നോക്കാത്തവർക്കാണ് നാശമെന്ന്,
തിന്മ ചെയ്തവർക്കാണെന്നും നഷ്ടമെന്ന്.