ക്വബ്‌റിലേക്കുള്ള യാത്ര

നസീമ വാടാനപ്പള്ളി

2025 സെപ്തംബർ 27, 1447 റബീഉൽ ആഖിർ 05

എന്നെ കാത്തിരിക്കുന്ന
എന്റെ ക്വബ്‌റിനെ ഞാൻ
ഭയപ്പെടുന്നില്ലായിരുന്നെങ്കിൽ
ഇഹലോകത്തെ
നിമിഷങ്ങളൊക്കെയും
ഞാൻ ആസ്വദിച്ചേനെ.
എന്നിലെയെന്നിഷ്ടങ്ങളെ
ഞാൻ സ്വതന്ത്രമാക്കിയേനെ.
പറന്നുയരാൻ വെമ്പുമെൻ
അതിരില്ലാ മോഹങ്ങൾക്ക്
ചിറകുകൾ നൽകിയേനെ.
ദുനിയാവിന്റെ മാസ്മരികതയിൽ
ഞാനെന്നെ മറന്നേനെ.
മരണമില്ലാ ലോകത്തെ
ആദ്യഭവനം ക്വബ്‌റാണെന്ന
തിരിച്ചറിവിലാണെനിക്ക്
നഷ്ടങ്ങളിൽ വിജയത്തിന്റെ
വിത്തുവിതക്കാനായത്,
നിരാശകളിൽ പ്രതീക്ഷയുടെ
മയിൽപ്പീലി വിടർത്താനായത്;
പരിഹാസങ്ങളെ,
ഒറ്റപ്പെടുത്തലുകളെ
ഉത്തേജനങ്ങളാക്കാനായത്.
പ്രതികൂല സാഹചര്യങ്ങളിലും
പരിശ്രമിക്കുന്നത്
ക്വബ്‌റിന്റെ ഞെരുക്കത്തിൽനിന്നും
രക്ഷ ലഭിക്കണമെന്ന്
ആഗ്രഹിച്ചതുകൊണ്ടാണ്.
ഓട്ടത്തിനിടയിൽ പലപ്പോഴും
വീണുപോയിട്ടുണ്ട്.
എങ്കിലും വീണ്ടുമെഴുന്നേറ്റ്
നാഥനിലുള്ള പ്രതീക്ഷയും
പേറി നന്മയുടെ പാതയിൽ
ഓടിക്കൊണ്ടിരിക്കുകയാണ്,
ക്വബ്‌റിലെത്തുംവരെ
അത് തുടർന്നുകൊണ്ടിരിക്കും.