ചിന്തയ്ക്ക് തിരികൊളുത്തുക

നസീമ വാടാനപ്പള്ളി

2025 ഏപ്രിൽ 19, 1446 ശവ്വാൽ 20

ചിന്തകൾ രണ്ടല്ലോ ജീവിതസരണിയിൽ;
നേരായ ചിന്തയും നെറികെട്ട ചിന്തയും.
നേർചിന്ത സ്വർഗത്തിലേക്ക് നയിക്കുമ്പോൾ
നെറികെട്ട ചിന്തകൾ നരകത്തിൻ വഴിവെട്ടും.

ചിന്തിക്കാൻ ഒരുപാട് റബ്ബുണർത്തീടുമ്പോൾ
ചിന്തിക്കൂ മർത്യാ, നിന്നെക്കുറിച്ചു നീ!
നിന്റെ തലമുറ പിന്നോട്ട് പോകുമ്പോൾ
ആദ്യപിതാവാദമിൽ സംഗമിച്ചിടും.

മണ്ണാണു നീ, വെറും മണ്ണാണു സോദരാ,
മണ്ണിലേക്കല്ലയോ നിന്റെ മടക്കവും.
നിൻ തീരുമാനത്താലല്ല നീ വന്നത്
നിൻ തീരുമാനത്തിലല്ല നിൻ യാത്രയും.

ചിന്തിക്കാൻ ഒരുപാട് റബ്ബുണർത്തീടുമ്പോൾ
ചിന്തിക്കൂ മർത്യാ, നിന്നെക്കുറിച്ചു നീ!
ആണായ് പിറന്നതും പെണ്ണായ് പിറന്നതും
ആരുടെ ഹിതമനുസരിച്ചെന്നു നീ ഓർക്കുക.

കാണുവാൻ കണ്ണുകൾ, കേൾക്കുവാൻ കാതുകൾ
അങ്ങനെയങ്ങനെ എണ്ണിയാൽ തീരാത്ത
വിസ്മയച്ചെപ്പാം അനുഗ്രഹമെല്ലാതും
ആരിത്ര ഭംഗിയായ് സൃഷ്ടിച്ചു, ഓർക്കു നീ!

എല്ലാതുമാസ്വദിച്ചങ്ങനെ വാഴവേ
എന്തിന്നീ ജീവിതമെന്നതുമോർക്കുക.
മൃഗതുല്യമായങ്ങു ജീവിക്കുവാനല്ല
ഉൽകൃഷ്ട ജീവിത പാതയിൽ നീങ്ങുവാൻ.

ഏതു നിമിഷവും ഈ യാത്ര തീർന്നിടാം
ഹേതു അതിനൊന്നും നാം ചെയ്തിടേണ്ട!
മരണം സുനിശ്ചിതമാണെന്നതു പോലെ
പരലോകവും സത്യമെന്നറിഞ്ഞീടുക.